സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയും  അധ്യാപകരുടെ തലയിലേക്ക്

Share

പൊതുവിദ്യാഭ്യാസ സംരക്ഷകർ എന്ന വേഷംകെട്ടി ബഹുജനങ്ങളെ കബളിപ്പിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ, പ്രാഥമിക ക്ലാസുകളിലെ കുട്ടികൾക്ക് നൽകിവരുന്ന ഉച്ചഭക്ഷണത്തിന്റെ സാമ്പത്തിക ചുമതല പോലും ഇപ്പോൾ സ്കൂൾ അധ്യാപകരുടെ ശിരസ്സിലേക്ക് കൈമാറുകയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പോഷകാഹാരം നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ മെനു അനുസരിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ ആവശ്യമായ തുക അനുവദിക്കാതെ അതിന് പ്രഥമാധ്യാപകർ മുൻകൈയെടുത്ത് പണം പിരിക്കണമെന്ന ഉപദേശമാണ് മന്ത്രി നൽകിയത്.

പ്പോൾ നൽകി വരുന്ന ഉച്ചഭക്ഷണത്തിന് എൽപി ക്ലാസ്സിൽ ഒരു കുട്ടിക്ക് 6.78 രൂപയും യുപി, ഹൈ സ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് 10.17 രൂപയും മാത്രമാണ് സർക്കാർ നൽകുന്ന തുക. അതുപയോഗിച്ച്, കഞ്ഞിയും പയറും പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് അധ്യാപകർ നെട്ടോട്ടമോടുന്നത്. ഇപ്പോൾ തന്നെ ചെലവിന്റെ വലിയൊരു ഭാഗം അധ്യാപകർ ചേർന്നു വഹിക്കുയാണ് ചെയ്യുന്നത്. സർക്കാർ നൽകുന്ന തുച്ഛമായ തുക പോലും  സമയത്ത് നൽകാതെ വരുമ്പോൾ പലിശയ്ക്ക് പണം കടമെടുത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന അനേകം അധ്യാപകർ സംസ്ഥാനത്തുണ്ട്. ഉച്ചഭക്ഷണത്തിന് കൊടുത്ത കുടിശ്ശിക തുക തിരികെ കിട്ടാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ട സാഹചര്യം പോലുമുണ്ട് എന്ന് പറയുമ്പോൾ എത്ര ദയനീയമാണ് നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പല സ്കൂളിലും ഒരു പാചക തൊഴിലാളി മാത്രമാണുള്ളത്. അവർക്ക് നൽകേണ്ടിവരുന്ന കൂലി പ്രഥമ അധ്യാപകർ സ്വന്തം കീശയിൽനിന്ന് പലപ്പോഴും നൽകേണ്ടി വരുന്നുണ്ട്. പണമില്ലാത്തതിനാൽ ചിലയിടത്തു അധ്യാപകർ തന്നെ പാചകം ചെയ്ത് വിളമ്പേണ്ടിയും വരുന്നു. അതുമൂലം മിക്ക സ്കൂളിലെയും പ്രഥമാധ്യാപകർ നേരിടുന്ന സമ്മർദ്ദം വർണ്ണിക്കാവുന്നതല്ല. വാസ്തവത്തിൽ, 50 കുട്ടികൾക്ക് മുകളിലുള്ള സ്കൂളുകളിൽ രണ്ട് പാചക ജീവനക്കാരെ നിയോഗിക്കണം. 250ന് മുകളിലുള്ള സ്കൂളുകളിൽ ഒരു സഹായിയെയും നിയമിക്കണം. പുതുക്കിയ മെനു പ്രകാരം എൽപി സ്കൂളിൽ ഒരു കുട്ടിക്ക് ചുരുങ്ങിയത് 15 രൂപയും യുപി ഹൈസ്കൂളുകളിൽ ചുരുങ്ങിയത് 18 രൂപയുമെങ്കിലും നിശ്ചയിക്കണം.

നമ്മുടെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ടത് പൂർണമായും സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതലയാണ്. ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താൻ പ്രഥമാധ്യാപകർ പൂർവ്വ വിദ്യാർത്ഥികളിൽനിന്നും നാട്ടുകാരിൽനിന്നും പിരിക്കണം എന്ന സർക്കാരിന്റെ ഉപദേശം അങ്ങേയറ്റം പ്രതിഷേധാർഹമായതാണ്. അധ്യാപകരുടെ ജോലി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ്. പഠിപ്പിക്കാനുള്ള ചുമതല നിർവഹിക്കുന്നതിന്റെ സ്ഥാനത്ത് അക്കാദമികേതരമായ പ്രവർത്തനങ്ങൾ അധ്യാപകരുടെമേൽ കെട്ടിവയ്ക്കുന്ന പ്രവണത ഏറെക്കാലമായി വർദ്ധിച്ചുവരികയാണ്. ആവശ്യത്തിന് ക്ലീനിങ് സ്റ്റാഫിനെ നിയോഗിക്കാത്തതിനാൽ  തൂപ്പുജോലി ഉൾപ്പടെയുള്ളവ ചില സ്കൂളുകളിൽ അധ്യാപകർ ചെയ്യാൻ നിർബന്ധിതരാണ്.

അധ്യാപനം എന്ന ജോലിയുടെ മഹത്വത്തെയും അധ്യാപകരുടെ സ്ഥാനത്തെയും ഇടിച്ചുതാഴ്ത്തുന്ന പാഠ്യപദ്ധതിയും പഠന സമ്പ്രദായങ്ങളും പിന്തുടരുന്ന ഒരു സംസ്ഥാനത്ത് മറ്റെന്ത് പ്രതീക്ഷിക്കാൻ എന്ന നിരാശയിലാണ് അധ്യാപകർ. പഠിപ്പിക്കുക എന്ന പണിതന്നെ എത്രയോ കഠിനമായ പ്രയത്നം ആവശ്യമായ ഒന്നാണ്. അതിനുള്ള മുന്നൊരുക്കങ്ങൾക്കുപോലും അധ്യാപകർക്ക് തീരെ സമയം ലഭിക്കുന്നില്ല എന്നതാണ് നമ്മുടെ രാജ്യത്തെ അധ്യാപകർ പൊതുവിലും  കേരളത്തിലെ അധ്യാപകർ വിശേഷിച്ചും നേരിടുന്ന ഒരു പ്രതിസന്ധി. അതിനിടയിലാണ് അവർക്ക് ക്ലാസ് റൂമിന് പുറത്ത് പലതരം പണികൾ കൊടുക്കുന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തിട്ടൂരങ്ങൾ.

സ്കൂൾ കുട്ടികൾക്ക് സർക്കാർ നിർദ്ദേശിക്കുന്ന പുതിയതരം  മെനു നടപ്പാക്കാൻ ആവശ്യമായി വരുന്ന വൻതുക അധ്യാപകർ പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തണം എന്ന അങ്ങേയറ്റം വിദ്യാഭ്യാസ വിരുദ്ധമായ നിലപാട് സർക്കാർ തിരുത്തിയേ മതിയാവൂ.

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചെലവുകൾ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുകതന്നെ വേണം. കേന്ദ്രസർക്കാരിൽനിന്ന് കിട്ടേണ്ട തുകയും വാങ്ങിയെടുക്കണം. അതും സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. സ്കൂൾ നടത്തിപ്പിന്റെ യാതൊരുവിധ സാമ്പത്തിക ബാധ്യതയും അധ്യാപകരുടെ ശിരസ്സിൽ കെട്ടിവെയ്ക്കരുത്. അങ്ങനെ വരുന്നത് അധ്യാപകരുടെമേൽ അനാവശ്യമായി സർക്കാർ ചെലുത്തുന്ന സമ്മർദ്ദവും ശിക്ഷയുമായി  മാറും. സ്കൂൾ നടത്തിപ്പിന്റെ ദൈനംദിന ആവശ്യകതകളുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സംസ്ഥാന സർക്കാർ ബജറ്റിൽതന്നെ തുക നീക്കിവെക്കുകയും അവ യഥാസമയം എല്ലാ സ്കൂളുകൾക്കും ലഭ്യമാകും എന്ന് ഉറപ്പുവരുത്തുകയും വേണം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് പെരുമ്പറ മുഴക്കുകയും സ്കൂൾ വിദ്യാഭ്യാസം മികച്ചതാണെന്ന് വീമ്പിളക്കുകയും ചെയ്താൽ പോര. ആവശ്യത്തിനു ഫണ്ട് ഇല്ലാതെ തകർന്നുകൊണ്ടിരിക്കുന്ന നമ്മുടെ പൊതുവിദ്യാലയങ്ങളെ രക്ഷിക്കുവാൻ സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണം. ഉച്ചഭക്ഷണത്തിനും സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ ഫണ്ട് നൽകുന്നതിനും എല്ലാ സ്കൂളിലും ആവശ്യമായ ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ താമസംവിനാ നടപടികൾ സ്വീകരിച്ചേ മതിയാകൂ.

Share this post

scroll to top