ഇസ്രയേലും ഈജിപ്തും അതിർത്തി പങ്കിടുന്ന മെഡിറ്ററേനിയൻ കടലിലെ മുനമ്പായ ഗാസയിൽ, ഇന്ന് മനുഷ്യവാസയോഗ്യമായ സ്ഥലങ്ങൾ നന്നേ കുറവായിരിക്കുന്നു. 45 കിലോമീറ്റർ നീളവും ശരാശരി 10 കിലോമീറ്റർ വീതിയുമുള്ള ഈ തുണ്ടു ഭൂമിയിലേക്ക് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ കഴിഞ്ഞ 21 മാസമായി ഭീകരമായ സൈനികാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. നല്ല പച്ചപ്പുള്ള കൃഷിത്തോപ്പുകൾ വെറും മണൽ കൂമ്പാരങ്ങളായിരിക്കുന്നു ഗാസ, റഫാ, ഖാൻ യുനിസ്, ദൈർ അൽ-ബാഷ തുടങ്ങിയ നഗരികൾ കോൺക്രീറ്റ് അവശിഷ്ടമായി മാറി. ആശുപത്രികൾ, സ്കൂളുകൾ ഇവപോലും ബാക്കിയില്ല. ഗതാഗത സൗകര്യങ്ങൾ താറുമാറായി. വൈദ്യുതി വിതരണം നിലവിലുണ്ടായിരുന്നതിന്റെ അഞ്ചു ശതമാനംപോലും ബാക്കിയില്ല. ഇന്ധനം ലഭ്യമല്ലാതായിരിക്കുന്നു. തലങ്ങും വിലങ്ങും സംഹാര ഭാവത്തോടെ പായുന്ന ഇസ്രയേൽ യുദ്ധടാങ്കുകളും വാഹനങ്ങളും വെടിയൊച്ചകളും മാത്രം ബാക്കിയാവുന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി യാചിക്കുന്ന മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ലോക മനഃസാക്ഷിക്ക് കനത്ത നോവ് ഏൽപ്പിച്ചുകൊണ്ട് അവശേഷിക്കുന്നു.
ബിബിസി റിപ്പോർട്ട് പ്രകാരം ടെന്റുകൾ മാത്രമുള്ള ഒരു വിശാലമായ നഗരം ഗാസാ മുനമ്പിൽ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിനാളുകൾ യുഎൻ അഭയകേന്ദ്രങ്ങളിലുണ്ട്. മുനമ്പിലെ ജനസംഖ്യ 2.2 ദശലക്ഷമായിരുന്നു. അതിൽ 1.9 ദശലക്ഷം പേർക്കും സ്വന്തം വാസസ്ഥലങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. മൊത്തം ജനസംഖ്യയുടെ 10% മാത്രമാണ് പരിതാപകരമായ അവസ്ഥയിൽ അവരവരുടെ വീടുകളിൽ നരകയാതനകളുമായി ജീവിക്കുന്നത്.
തങ്ങുവാൻ ഇടമില്ലാതെ ക്രൂദ്ധന്മാരായ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് കോൺക്രീറ്റ് ശേഷിപ്പുകൾക്കിടയിൽ ഒളിജീവിതം നടത്തുന്ന ധാരാളം സ്ത്രീകളെയും കുട്ടികളെയും മാദ്ധ്യമ പ്രവർത്തകർ കണ്ടെത്തി. ഈജിപ്ഷ്യൻ അതിർത്തിക്കടുത്ത് മെഡിറ്ററേനിയൻ തീരത്ത് അൽ-മവാസി എന്ന കാർഷിക ഭൂമിയിൽ ആയിരക്കണക്കിനാളുകൾ അഭയാർത്ഥികളായി ടെന്റിൽ കഴിയുന്നു.
അതിനെ ജനങ്ങളെ തടവിലാക്കുന്ന ഒരു ക്യാമ്പാക്കി ഇസ്രയേൽ മാറ്റിയിരിക്കുകയാണ്. ആദ്യം 72 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുണ്ടായിരുന്ന ഈ തുറന്ന ജയിലിന്റെ വ്യാപ്തി 7 ചതുരശ്ര കിലോമീറ്ററായി ഇസ്രയേൽ കുറച്ചു. ജീവൻ രക്ഷിക്കാനായി പരക്കം പായുന്നവർക്ക് ഇവിടെ കടന്നുകൂടുകയല്ലാതെ മറ്റെന്ത് ഗതിയാണുള്ളത്?
1.8 ദശലക്ഷം ജനങ്ങൾ ഭക്ഷണമില്ലാതെ ഉഴലുകയാണ്. യുദ്ധം ആരംഭിക്കുന്നതിനു മുൻപുതന്നെ ഉപരോധം വഴി ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന രാജ്യമാണ് പലസ്തീൻ. അന്നത്തേക്കാൾ പോഷകാഹാരക്കുറവ് പത്തിരട്ടി വർദ്ധിച്ചിട്ടുണ്ടെന്ന് അന്തർദേശീയ തലത്തിൽ പട്ടിണിയുടെ സ്ഥിതിവിവരക്കണക്ക് രേഖപ്പെടുത്തുന്ന സംവിധാനമായ ഇന്റട്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപി സി) പറയുന്നു. ഭക്ഷണ സാധനങ്ങളുടെ സഹായവുമായി എത്തുന്ന ലോറികളെ ഈജിപ്ത് തടയുകയാണ്. ഒരു സമയത്ത് 226 ലോറികൾ പ്രതിദിനം കടന്നു വന്നിടത്ത് കഴിഞ്ഞ ജനുവരി മുതൽ 50 എണ്ണമായി കുറഞ്ഞിരിക്കുന്നു. ലോക ഭക്ഷണ പദ്ധതി (World Food Programme) പ്രകാരം 300 ലോറികൾ എങ്കിലും ഗാസയിൽ എത്തി ഭക്ഷണം വിതരണം നടത്തണം എന്നാണ് ധാരണ. അതിനെ ഇസ്രയേൽ തകിടം മറിക്കുകയാണ്.
ഉള്ളിക്ക് 4010%വും മുട്ടക്ക് 402%വും പഞ്ചസാരക്ക് 2598% വുമാണ് വിലവർദ്ധനവ്. ഈ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സാധാരണക്കാരന് പണിയും കൂലിയുമില്ല. കൃഷിഭൂമിയും വ്യവസായവും ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. കേടുപാടുകൾ അല്ലെങ്കിൽ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും അഭാവംമൂലം നിരവധി ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് പ്രവർത്തിക്കാനേ കഴിയുന്നില്ല. നിരവധി ആശുപത്രികൾ ഇസ്രയേൽ സൈന്യം റെയ്ഡ് ചെയ്തിട്ടുണ്ട്, ഹമാസ് അവ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ട്. ഹമാസും ആശുപത്രി അധികൃതരും ആ ആരോപണം നിഷേധിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായിരുന്ന ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രി തകർന്നുകിടക്കുകയാണ്.
പലസ്തീൻ ഒരു കോൺക്രീറ്റ് കൂമ്പാരമാക്കപ്പെട്ടത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. യുണൈറ്റഡ് നേഷൻസിന്റെ ട്രേഡ് ആന്റ് ഡവലപ്മെന്റ് വിഭാഗം (UNCTAD) വെളിപ്പെടുത്തുന്നതു പ്രകാരം യുദ്ധംമൂലമുണ്ടായ നാശനഷ്ടത്തിന്റെ ചെലവ് ഏകദേശം 18.5 ബില്യൺ ഡോളറാണ്- 2022ൽ ഗാസയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ(ജിഡിപി) ഏകദേശം ഏഴിരട്ടി. ഒക്ടോബറിൽ, ഒരു വെടിനിർത്തൽ നിലവിൽ വന്നിരുന്നെങ്കിൽപോലും, സമ്പദ്‌വ്യവസ്ഥ 2022ലെ നിലവാരത്തിലേക്ക് പുനർനിർമ്മിക്കാൻ 350 വർഷമെടുക്കുമെന്നതാണ് അവസ്ഥ.
മനുഷ്യരുടെ മരണത്തിനു പുറമേ, ഗാസയിലെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വളരെ സമയമെടുക്കുമെന്ന് യുഎൻ പരിസ്ഥിതി വിഭാഗം(യുഎൻഇപി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജല, ശുചിത്വ സംവിധാനങ്ങളെ ‘‘ഏതാണ്ട് പൂർണ്ണമായും പ്രവർത്തനരഹിതം’’ എന്ന് വിശേഷിപ്പിക്കുകയും ക്യാമ്പുകളിലും ഷെൽട്ടറുകളിലും മാലിന്യങ്ങൾ കുന്നുകൂടുന്നതിനെക്കു റിച്ചും നശിപ്പിക്കപ്പെട്ട സോളാർ പാനലുകളിൽനിന്നും യുദ്ധോപകരണങ്ങളിൽ നിന്നുമുള്ള രാസവസ്തുക്കൾ മണ്ണിനെയും ജലവിതരണത്തെയും മലിനമാക്കാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. യുദ്ധം വഴി 50 ദശലക്ഷം ടണ്ണിലധികം അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതായി കണക്കാക്കുന്നു. യുദ്ധത്തിന്റെ അവശിഷ്ടങ്ങളും സ്ഫോടകവസ്തുക്കളുടെയും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ 21 വർഷമെടുക്കുമെന്ന് യുഎൻഇപി പറയുന്നു. ‘‘ഗാസയിലെ ഗണ്യമായതും വർദ്ധിച്ചുവരുന്നതുമായ പാരിസ്ഥിതിക നാശനഷ്ടങ്ങൾ അവിടത്തെ ജനങ്ങളെ വേദനാകരവും നീണ്ടുനിൽക്കുന്നതുമായ ദയനീയതകളിലേക്ക് തള്ളിവിടും’’, എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൺ പറഞ്ഞു.
എന്നാൽ വെടിനിർത്തൽ ഒരു പ്രഹസനമായി. യുദ്ധം വീണ്ടും തുടരുകയാണ്; ഇനിയും നാശം വിതച്ചുകൊണ്ട്. 2025 ജൂൺ 11 ലെ കണക്കനുസരിച്ച്, ഗാസ യുദ്ധത്തിൽ 57,000ത്തിലധികം ആളുകൾ (55,720 പലസ്തീനികളും 1,706 ഇസ്രയേലികളും) കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 180 മാധ്യമപ്രവർത്തകരും, 120 അക്കാദമിക് വിദഗ്ധരും, 224 ജീവകാരുണ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ യുണൈറ്റഡ് നേഷൻസ് റിലീഫ് ആന്റ് വർക്ക്സ് ഏജൻസി(UNRWA)യുടെ 179 ജീവനക്കാരും ഉൾപ്പെടുന്നു.
അമേരിക്കയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ അവരുടെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ യുദ്ധം സൃഷ്ടിക്കുകയാണ്. അതേ കാരണത്താൽ, ഇന്ന് പലസ്തീൻ കൊടിയ ആക്രമണത്തിന് വിധേയമായിരിക്കുന്നു. പലസ്തീനിനെതിരായ യുദ്ധം യുഎസ് സാമ്രാജ്യത്വത്തിന് ആവശ്യമാണ്. കാരണം യുദ്ധത്തിന് ആയുധങ്ങൾ ആവശ്യമാണ്. അമേരിക്ക പലസ്തീനിന് ആയുധങ്ങൾ വിൽക്കും. വളർന്നുവരുന്ന പരിഹരിക്കാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിപ്പോയ യുഎസ് സാമ്രാജ്യത്വത്തിന് സൈനികവൽക്കരണത്തിലൂടെ സമ്പദ്‌വ്യവസ്ഥയെ കൃത്രിമമായി ഉത്തേജിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. കാരണം ആയുധങ്ങൾ ഒഴികെയുള്ള ഒരു വിപണിയും അവർക്ക് ഇന്നില്ല. ഇസ്രയേലിന്റെ സഹായത്തോടെ, യുഎസ് സാമ്രാജ്യത്വം വിശാലമായ ഭൂപ്രദേശം കൈവശപ്പെടുത്താനും, അതിൽ ആധിപത്യം സ്ഥാപിക്കാനും, പ്രധാനപ്പെട്ട വ്യാപാര പാതകളിൽ നിയന്ത്രണം സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. ഇതിനായി, പലസ്തീൻ ജനതയെ ആട്ടിപ്പായിച്ച് ഗാസ മുനമ്പ് മനുഷ്യരില്ലാത്ത ഇടമാക്കി മാറ്റാൻ ശ്രമിക്കുന്നു. യുഎസ് ഭരണാധികാരികൾ ഗാസയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വൻതോതിലുള്ള വംശഹത്യക്കുശേഷവും ജീവിച്ചിരിക്കുന്ന പലസ്തീൻ ജനതയെ പുറത്താക്കുകയും അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യും. അവർ ഇത് പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ, കഷ്ടം! ഇത്രയും ഭീകരമായ യുദ്ധകുറ്റകൃത്യങ്ങൾക്കെ തിരെ ഒരു രാജ്യവും പ്രതിഷേധിക്കുന്നില്ല.
ഇന്ത്യയിലെ മുതലാളിത്ത ഭരണകൂടമാകട്ടെ നാടിന്റെ സാമ്ര്യാജ്യത്വവിരുദ്ധ സമരപാരമ്പര്യം പാടെ വെടിഞ്ഞ് സാമ്രാജ്യത്വശക്തികളുമായി കൈകോർക്കുകയാണ്. ആഗോള ഭീകരതയെ നേരിടാനെന്ന കപടന്യായമുന്നയിച്ച് അമേരിക്കയും ഇസ്രയേലുമായി സഖ്യം സ്ഥാപിച്ചിരിക്കുകയാണ്. അവരുടെ പൈശാചിക ചെയ്തികൾക്കെല്ലാം പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണ നൽകുകയാണ്. സാമ്രാജ്യത്വ വിരുദ്ധ ശക്തികളുടെയും സമാധാന പ്രേമികളുടെയും ഐക്യം സ്ഥാപിച്ചെടുക്കുക എന്നതുമാത്രമാണ് ഈ സന്ദർഭത്തിൽ അഭിലഷണീയം.
