ഇക്കഴിഞ്ഞ മെയ് 25ന് ആലപ്പുഴയ്ക്ക് സമീപം തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെ എംഎൽസി എൽ സ -3 എന്ന കണ്ടെയ്നർ വാഹിനിക്കപ്പൽ മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ച കപ്പലിൽ കടൽ ജീവനുകൾക്കും മനുഷ്യജീവനും പരിസ്ഥിതിക്കും ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളായിരുന്നു ഉണ്ടായിരുന്നത്. ആകെയുണ്ടായിരുന്ന 643 കണ്ടയ്നറുകളിൽ 61 എണ്ണം കടലിലേക്ക് പതിച്ചു. 51 എണ്ണത്തിൽ ഉണ്ടായിരുന്ന കാർഗോ മുഴുവൻ കടലിൽ പരന്ന് തെക്കൻ കേരളതീരത്താകെ അടിയുകയും ചെയ്തു. മാരകമായ രാസവസ്തുക്കളുള്ള കണ്ടെയ്നറുകൾ മുങ്ങിയ കപ്പലിനോടൊപ്പം 50 മീറ്റർ താഴെ കടലിലുണ്ട്. എപ്പോൾ വേണമെങ്കിലുംചോർന്ന് അവ കടലിൽ പരക്കാം.
തൃശ്ശൂർ മുതൽ തെക്കോട്ടുള്ള ഭാഗത്തെ മത്സ്യബന്ധനത്തെയാകെ ഈ അപകടം ബാധിച്ചു. കടലിലൊഴുകി നടന്ന അവശിഷ്ടങ്ങളിടിച്ച് ബോട്ടുകൾ തകരാറിലായി. മാരകമായ വിഷവസ്തുക്കൾ കടലിൽ പരന്നിരിക്കുന്നു എന്ന സംശയത്തോടെ ജനങ്ങൾ മത്സ്യം ഭക്ഷിക്കുന്നത് ഒഴിവാക്കി. അതോടെ മത്സ്യബന്ധനവും മത്സ്യവിപണനവും ഏതാണ്ട് നിലച്ചു. പതിനായിരക്കണക്കിനാളുകളുടെ വരുമാനത്തെയും അതു ബാധിച്ചു. കടലിനും കടലോര പരിസ്ഥിതിക്കുമുണ്ടായ നഷ്ടമാവട്ടെ വമ്പിച്ചതും.
ഇത്തരത്തിൽ കേരളത്തെ ഗുരുതരമായി ബാധിച്ച ഒരു വിഷയത്തെ കേരള സർക്കാർ കൈകാര്യം ചെയ്തത് ജനതാത്പര്യത്തിനുവിരുദ്ധമായാണ്. ഏതൊരു കപ്പൽ അപകടത്തിലും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ പോലും അധികാരികൾ ചെയ്തില്ല. പ്രഥമദൃഷ്ട്യാ തന്നെ ദുരൂഹതകൾ നിറഞ്ഞ ഈ അപകടത്തിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യേണ്ടിയിരുന്നതാണ്. പക്ഷേ കുറ്റകരമായ അനാസ്ഥയെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലാണ് സർക്കാർ പെരുമാറിയത്. കമ്പനിക്കെതിരെ കേസെടുക്കേണ്ടതില്ല എന്നാണ് പിണറായി സർക്കാർ തീരുമാനിച്ചത്. മെയ് 29ന് സർക്കാർ തീരുമാനം ചീഫ് സെക്രട്ടറിയുടെ കുറിപ്പായി പുറത്തുവന്നു. എംഎസ്‍സി എന്നത് കേരളത്തിൽ ഇടപാടു നടത്തുന്ന പ്രശസ്തിയാർജ്ജിച്ച ഒരു കപ്പൽക്കമ്പനിയാണെന്നും അവരുടെ സഹകരണം വിഴിഞ്ഞം തുറമുഖപദ്ധതിക്ക് അനിവാര്യമാണെന്നും അതിനാൽ അവർക്കെതിരെ കേസെടുക്കേണ്ടതില്ല എന്നുമായിരുന്നു സർക്കാർ തീരുമാനം. കുറ്റവാളിക്ക് ഔദ്യോഗികസംരക്ഷണം നൽകുന്ന നടപടിയായിരുന്നു അത്. എംഎസ്‌സി എന്ന ആഗോളതലത്തിൽ കുപ്രസിദ്ധിയാർജിച്ച, നിരവധി രാജ്യങ്ങളിൽ ക്രിമിനൽ കേസുകൾ നേരിടുന്ന കുത്തകഭീമൻ കമ്പനിക്ക് പ്രശസ്തിപത്രം സമ്മാനിച്ചിരിക്കുകയാണ് പിണറായി സർക്കാർ.
കണ്ടെയ്നർ കപ്പലുകളുടെ ശരാശരി സർവീസ്‍കാലം 25 വർഷമായിരിക്കെ ഈ മുങ്ങിയ കപ്പലിന് 28 വർഷം പഴക്കമുണ്ട്. കൂടാതെ, കപ്പൽ സഞ്ചരിച്ച 14.6 നോട്ടിക്കൽ മൈൽ എന്നത് ചരക്കുകപ്പൽ പാതയും അല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. കപ്പലിന് കാര്യമായ തകാരാറുണ്ടായിരുന്ന കാര്യം കമ്പനിക്ക് ബോധ്യമുണ്ടായിരുന്നു എന്നതുകൊണ്ട് ഈ യാത്രയോടെ കപ്പൽ പൊളിക്കാൻ അവർ തീരുമാനിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇക്കാര്യമെല്ലാം ഉറപ്പു വരുത്തേണ്ട ചുമതല വിഴിഞ്ഞം തുറമുഖത്തിന് ഉണ്ടായിരുന്നുതാനും. കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ വിവരവും അതു സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെന്താണെന്നും പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടും ഇതേവരെ സർക്കാർ ചെയ്തിട്ടില്ല. അതിൽനിന്ന് എന്താണ് ധരിക്കേണ്ടത്? ഈ വിവരമെല്ലാം തുറമുഖ കസ്റ്റംസിന്റെ വിരൽത്തുമ്പിൽ ലഭ്യമാകേണ്ടതാണ്. അവരിൽനിന്ന് അതു ലഭ്യമല്ലെങ്കിൽ ആശങ്കാജനകമായ ഒരു സാഹചര്യമാണ് വെളിപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് സംവിധാനത്തെപ്പറ്റി വിശദമായ വെളിപ്പെടുത്തലുകൾ ആവശ്യമാണ് എന്നതാണ് ഇതെല്ലാം കാണിക്കുന്നത്.
അദാനിയുടെ തുറമുഖങ്ങളിൽ 49% വരെ നിക്ഷേപമുള്ള കൂട്ടു കമ്പനിയാണ് എംഎസ്‍സി.അദാനിയെ സ്വന്തം പാർട്ണർ എന്നു വിശേഷിപ്പിച്ച പിണറായി സർക്കാർ കൈക്കൊണ്ട നിലപാട് ‘സ്വാഭാവികം’, ‘പ്രതിജ്ഞാബദ്ധം’ എന്നൊക്കെയെ വിശേഷിപ്പിക്കാനാവു. കേസെടുക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നാണ് സർക്കാരിന്റെ ഈ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നപ്പോൾ സംസ്ഥാന തുറമുഖമന്ത്രി പറഞ്ഞത്. കേന്ദ്ര ഷിപ്പിങ്‍കാര്യ ഡയറക്ടറുമായി നടന്ന ചർച്ചക്ക് ശേഷമാണ് കേസെടുക്കേണ്ടെന്ന തീരുമാനം സംസ്ഥാനസർക്കാർ എടുത്തത് എന്ന കാര്യം മന്ത്രി ഓർക്കാതെ പറഞ്ഞതാണെന്ന് കരുതണോ? 200 നോട്ടിക്കൽ മൈലിനുള്ളിലുണ്ടാവുന്ന ഏതൊരു കുറ്റകൃത്യത്തിന്റെയും പേരിൽ കേസെടുക്കാനുള്ള സമ്പൂർണ അധികാരവും ഉത്തരവാദിത്തവും കേരളസർക്കാരിനാണ്.
പ്രതിഷേധങ്ങളെ അവഗണിച്ച് ഇനിയും മുന്നോട്ട് പോയാൽ ക്രിമിനൽ മൂലധനശക്തികളുമായുള്ള കൂട്ടുകെട്ട് കൂടുതൽ വെളിപ്പെടും എന്നുവന്ന സാഹചര്യത്തിൽ മാത്രമാണ് ഒടുവിൽ കേസെടുക്കാൻ സർക്കാർ നിർബന്ധിതമായത്. അപകടം നടന്ന് രണ്ടാഴ്ച്ചക്കുശേഷം പൊടുന്നനവെ അഡ്വക്കേറ്റ് ജനറലിന്റെ ഒരു നിയമോപദേശം വാങ്ങി സിപിഐ(എം) ആലപ്പുഴ ഏരിയക്കമ്മിറ്റി അംഗത്തിന്റെ പരാതി എഴുതി വാങ്ങി തിടുക്കത്തിൽ ഒരു എഫ്‌ഐആർ ഇടുകയാണുണ്ടായത്. എത്രമാത്രം ഗുരുതരമായ കുറ്റങ്ങളിൽ നിന്നാണ് കമ്പനിയെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചത് എന്ന് എഫ്ഐആറിൽ പറയുന്ന കാര്യങ്ങളിൽനിന്ന് വായിച്ചെടുക്കാം. കമ്പനിക്കെതിരെ കേസെടുക്കേണ്ടതില്ല എന്ന പ്രഖ്യാപിത നിലപാടുള്ള സർക്കാർ ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യും എന്നത് ചിന്തനീയമാണ്. കേസെടുക്കാനുണ്ടായ ഈ കാലതാമസം വിലപ്പെട്ട തെളിവുകൾ നശിക്കാനും ദുർബലമാവാനും പ്രതികൾ രക്ഷപ്പെടാനും മതിയായ നഷ്ടപരിഹാരം സംസ്ഥാനത്തിന് ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാവാനും ഇടയാക്കും.
വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങളെ പറ്റി ഞങ്ങൾ വിശദമായി മുൻ ലക്കങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയൊരു തീരമേഖല കടലെടുക്കുകയും പതിനായിരക്കണക്കിനു തീരവാസികളുടെ നിത്യവൃത്തിക്കുള്ള മാർഗമില്ലാതാക്കുകയും നൂറുകണക്കിന് വീടുകൾ കടലെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരത്തിലൊരു അപകടത്തെ വളരെ ഗൗരവത്തിലെടുക്കേണ്ട സർക്കാർ തന്നെ, ജനതാല്പര്യത്തിനെതിരെ നിലകൊള്ളുകയാണ്.
