ഏകീകൃത പെൻഷൻ പദ്ധതി എന്ന പുതിയ തട്ടിപ്പ് 

Hero-Image-2024-08-28T105850.622.avif
Share

ഇന്ത്യയിൽ, പ്രോവിഡന്റ് ഫണ്ടും പെൻഷനും അല്ലാതെ മറ്റൊരു സാമൂഹിക സുരക്ഷാ പദ്ധതിയും ഇല്ല. രാജ്യത്തെ തൊഴിലാളികളുടെ 7% മാത്രം വരുന്ന സംഘടിതമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും മാത്രമേ ഈ സൗകര്യങ്ങൾ ലഭ്യമാകുന്നുമുള്ളൂ. ഫാക്ടറി തൊഴിലാളികളെയും പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. സംഘടിത മേഖലയിലെ വ്യാവസായിക തൊഴിലാളികൾക്ക് പ്രോവിഡന്റ് ഫണ്ട് നൽകുന്ന കാര്യത്തിൽ, വ്യവസായ ഉടമകൾ ധാരാളം ക്രമക്കേടുകൾ, വീഴ്ചകൾ, ഫണ്ട് തട്ടിപ്പ് എന്നിവ നടത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

രണവർഗം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് മുതലക്കണ്ണീർ പൊഴിക്കുകയും പലപ്പോഴും ലാഭകരമെന്ന് തോന്നുന്ന ചില നിർദ്ദേശങ്ങൾ അവരുടെ ആനുകൂല്യങ്ങൾക്കായി മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്നുവെങ്കിലും, അവ കൂടുതലും കടലാസിൽ മാത്രം അവശേഷിക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളെല്ലാം താൽക്കാലിക തൊഴിലാളികളാണ്, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. അവർക്ക് നൽകേണ്ട തുച്ഛമായ വേതനംപോലും കൃത്യസമയത്ത് വിതരണം ചെയ്യുന്നില്ല. കരാറുകാരുടെ കമ്മീഷൻ കുറച്ചതിനുശേഷം മാത്രം ശമ്പളം നൽകുന്നു. സ്ത്രീകൾക്ക് പലപ്പോഴും പുരുഷ തൊഴിലാളികളേക്കാൾ കുറഞ്ഞ വേതനം മാത്രമേ ലഭിക്കുന്നുള്ളൂ. തൊഴിലാളികളുടെ പേരുകളും മറ്റ് വിശദാംശങ്ങളുമുള്ള ഒരു രജിസ്റ്റർപോലും പലയിടത്തും ഇല്ല. അവരിൽ പലരും കുടിയേറ്റ തൊഴിലാളികളാണ്, അവർ ജോലി തേടി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുന്നു. അതിനാൽ, രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ ഭൂരിഭാഗത്തെയും കുറിച്ച് ഇവിടത്തെ അധികാരിവർഗത്തിന് ഒരു ആശങ്കയുമില്ലെന്ന് വ്യക്തമാണ്.

തൊഴിൽ ഇടിവും പുറംപണികരാറുകളിലെ വർധനവും, വ്യാപക കരാർവൽക്കരണവും

മറുവശത്ത്, സംഘടിതമേഖലയിലെ തൊഴിലാളികളുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. കാരണം പുതിയ നിയമനങ്ങൾ ഇല്ലാതാവുകയും വിരമിക്കൽ നികത്താത്തതിനാൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. കൂടാതെ, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ജോലികൾ ഓട്ടോമേറ്റ് ചെയ്യുകയും അതുവഴി മനുഷ്യശക്തി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ നിരവധി സ്ഥിരം ജോലികൾ പുറംതൊഴിൽ കരാറിന് നൽകുകയും ചെയ്യുന്നു. കൂടാതെ, റെയിൽവേ, ടെലികോം, മൈനിംഗ്, ബാങ്കിംഗ്, മറ്റു മേഖലകൾ തുടങ്ങിയവയിലെ നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറുന്നു. ഇതിനെത്തുടർന്ന്, ജീവനക്കാർക്കും തൊഴിലാളികൾക്കും സാമൂഹികസുരക്ഷ നൽകുന്നതിന് നിയമപരമായി ചെറിയ ബാധ്യതകൾ മാത്രമേ സർക്കാരിന് അവശേഷിക്കുന്നുള്ളൂ. 2023 മാർച്ച് 31 വരെ കേന്ദ്രസർക്കാരിൽ, അനുവദിച്ച 40 ലക്ഷത്തിലധികം തസ്തികകളിൽ 9.7 ലക്ഷത്തിലധികം, അതായത് ഏകദേശം 24% ഒഴിവുണ്ടായിരുന്നു. 2023ലെ മഴക്കാല സമ്മേളനത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും നൽകിയ വിവരങ്ങൾ പ്രകാരമാണിത്. പ്രതിരോധമേഖലയിൽ മാത്രം 3 ലക്ഷത്തിലധികം സിവിലിയൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ ലംഘിച്ചുകൊണ്ട് ഈ ജോലികളെല്ലാം കരാർ, കാഷ്വൽ തൊഴിൽ മുതലായവയിലൂടെ ഔട്ട്സോഴ്സ് ചെയ്യുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യുന്നു. രാജ്യത്തുടനീളമുള്ള സർവകലാശാലകളിൽ ഏകദേശം 5,400 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. നാലുവർഷത്തെ ഹ്രസ്വസേവനത്തിനുശേഷം വിരമിക്കുന്നവർക്ക് പെൻഷൻ നിഷേധിക്കുന്നതിനായി കൊണ്ടുവന്ന അത്തരം പദ്ധതികളിൽ ഒന്നാണ് അഗ്നിവീർ.

ഇതാണ് ഇന്നത്തെ മുതലാളിത്ത ഇന്ത്യയുടെ പ്രവർത്തന സാഹചര്യം. ഇവിടെ ഏതാനും അതിസമ്പന്നർ അമ്പരപ്പിക്കുന്ന വേഗതയിൽ അഭിവൃദ്ധി പ്രാപിക്കുകയും, അധ്വാനിക്കുന്ന തൊഴിലാളികൾ വേഗത്തിൽ നാശത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

പെൻഷൻ കരിനിഴലിൽ

2025 മാർച്ച് 19ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ, 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ പ്രഖ്യാപിച്ചു. നിലവിൽ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ഉൾപ്പെട്ടിരിക്കുന്ന എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും ഈ പുതിയ പദ്ധതിയിൽ ചേരാനുള്ള അവസരം ഇത് നൽകുന്നു. എൻപിഎസിന് കീഴിൽ വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഇന്ത്യാ ഗവൺമെന്റ് 2025 ജനുവരി 24 ന് പുറത്തിറക്കിയ യുപിഎസ് വിജ്ഞാപനത്തെ തുടർന്നാണിത്. ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) ഏകദേശം 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരെ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാരുകളും യുപിഎസ് സ്വീകരിച്ചാൽ, യുപിഎസ് ഗുണഭോക്താക്കളുടെ പട്ടിക 90 ലക്ഷം ജീവനക്കാരായി ഉയരും.

2004 ജനുവരി 1ന് അവതരിപ്പിച്ച എൻപിഎസിന് പകരം പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപി ക്കണമെന്ന് രാജ്യത്തുടനീളമുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ വളരെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ‘വിപ്ലവകരമായ’ ഒന്നായി ചിത്രീകരിക്കുന്ന യുപിഎസുമായി കേന്ദ്രസർക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. കേന്ദ്രസർക്കാർ പറഞ്ഞതനുസരിച്ച്, യുപിഎസിന് കീഴിൽ, വിരമിക്കുന്ന ജീവനക്കാർക്ക് കുറഞ്ഞത് 25 വർഷമെങ്കിലും സേവനകാലാവധിയുണ്ടെങ്കിൽ അവസാന 12 മാസത്തെ സേവനത്തിലെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50%  അവർക്ക് പ്രതിമാസ പെൻഷൻ ഉറപ്പായും ലഭിക്കും. 25 വർഷത്തിൽ താഴെ സേവനമുള്ള വിരമിക്കുന്ന ജീവനക്കാർക്ക് അവരുടെ സേവന കാലയളവിനെ അടിസ്ഥാനമാക്കി ആനുപാതിക പെൻഷൻ ലഭിക്കും. കുറഞ്ഞത് 10 വർഷമെങ്കിലും ജോലി ചെയ്തവർക്ക് കുറഞ്ഞത് 10,000 രൂപ പെൻഷൻ ലഭ്യമാകും. യുപിഎസിന് കീഴിൽ വിരമിക്കുന്ന ജീവനക്കാർക്ക് ഓരോ ആറ് മാസത്തെയും സേവനത്തിന്, പ്രതിമാസ ശമ്പളത്തിന്റെ പത്തിലൊന്ന് തുകയ്ക്ക് തുല്യമായ തുക ലഭിക്കാൻ അർഹതയുണ്ടെന്നും പറയുന്നു. പെൻഷൻകാരന്റെ മരണശേഷം കുടുംബത്തിന് പെൻഷന്റെ 60% തുടർന്നും ലഭിക്കാൻ യുപിഎസിൽ വ്യവസ്ഥയുണ്ടത്രേ. പക്ഷേ, നിർഭാഗ്യവശാൽ, യാഥാർത്ഥ്യം മറ്റൊന്നാണ്!

ഏകീകൃത പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ

യുപിഎസ് അടിസ്ഥാനപരമായി ഒരു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്, ഇതിനായി ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 10% സംഭാവന ചെയ്യണം, അഥവാ അത്രയും തുക അവരുടെ ശമ്പളത്തിൽനിന്നും സർക്കാർ പിടിച്ചെടുക്കുന്നു. എൻപിഎസിൽ നൽകുന്ന 14 ശതമാനത്തിന് പകരം 18.5% സർക്കാർ യുപിഎസിൽ സംഭാവന ചെയ്യും. പഴയ പെൻഷൻ പദ്ധതിയേക്കാൾ മികച്ചതാണ് യുപിഎസ് എന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ വസ്തുതകൾ മറിച്ചാണ്. ഒപിഎസ് പ്രകാരം, ജീവനക്കാരിൽ നിന്ന് ഒരു സംഭാവനയും ആവശ്യമില്ലായിരുന്നു. വിരമിക്കുന്ന ജീവനക്കാർക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പെൻഷൻ ലഭിച്ചു. വിരമിച്ചയാളുടെ മരണശേഷം നൽകേണ്ട കുടുംബ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന പെൻഷന്റെ പകുതിക്ക് തുല്യമാണ്. 80 വയസ്സിനു ശേഷം പെൻഷൻ പരിഷ്കരിക്കുന്നു. 

എൻപിഎസോ യുപിഎസോ ഒപിഎസിന് പകരമാവില്ല

യുപിഎസിലെ മറ്റു ചില വശങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം. ഇവിടെ എൻപിഎസുമായി താരതമ്യം ചെയ്ത്, എൻപിഎസിൽ ഇല്ലാത്ത ഉറപ്പുള്ള പെൻഷൻ പഴയ പെൻഷൻ പദ്ധതി പോലെ ഇനി യുപിഎസിലൂടെ ലഭിക്കും എന്നാണ് അവകാശവാദം. അതുകൊണ്ട് നമുക്ക് പഴയ പെൻഷൻ പദ്ധതിയുമായിത്തന്നെ യുപിഎസിനെ താരതമ്യം ചെയ്യേണ്ടതുണ്ട്. പഴയ പെൻഷൻ പദ്ധതി പ്രകാരം, വിരമിക്കുമ്പോൾ 10 വർഷത്തെ സേവനമോ, സ്വമേധയാ വിരമിക്കുമ്പോൾ 20 വർഷത്തെ സേവനമോ ഉള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ അവസാന മാസത്തെ ശമ്പളത്തിന്റെ 50% പെൻഷനായി ലഭിക്കാൻ അർഹതയുണ്ടായിരുന്നു. എന്നാൽ, യുപിഎസ് പ്രകാരം, വിരമിച്ചവർക്ക് അവസാന 12 മാസത്തെ സേവനത്തിന്റെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷൻ ലഭിക്കുന്നതിന് 25 വർഷത്തെ സേവനമുണ്ടായിരിക്കണം. അതായത്, യോഗ്യത 20ൽ നിന്ന് 25 വർഷത്തെ സേവനമായി ഉയർത്തിയിരിക്കുന്നു. പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിന് ഒരാൾക്ക് അഞ്ച് വർഷം കൂടി അധികമായി സേവനം നൽകേണ്ടതുണ്ട്. അതായത്, വിരമിക്കുമ്പോൾ 20 വർഷത്തെ സേവനമുള്ള ഒരു ജീവനക്കാരന് ഒപിഎസിനു കീഴിലുള്ള ശമ്പളത്തിന്റെ 50 ശതമാനത്തിന് പകരം യുപിഎസിനു കീഴിൽ ആനുപാതികമായ കുറഞ്ഞ പെൻഷൻ മാത്രമേ ലഭിക്കൂ. യുപിഎസിനു കീഴിലുള്ള കുടുംബ പെൻഷൻ ജീവിതപങ്കാളിക്ക് മാത്രമേ അനുവദനീയമാകൂ. മാതാപിതാക്കൾ (അവിവാഹിതരായ ജീവനക്കാരുടെ കാര്യത്തിൽ), 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, ജോലിയില്ലാത്ത അവിവാഹിതരായ പെൺമക്കൾ, ജോലിയില്ലാത്ത വിധവകളായ പെൺമക്കൾ, വികലാംഗരായ ആൺമക്കൾ, പെൺമക്കൾ എന്നിങ്ങനെ പഴയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റ് പ്രസക്തരായ ബന്ധുക്കൾക്ക് ഇത് ബാധകമല്ല.

25 വർഷത്തെ യോഗ്യതാ സേവനകാലാവധിക്കുശേഷം സ്വമേധയാ വിരമിക്കുന്ന കേസുകളിൽ, ജീവനക്കാരൻ യഥാർത്ഥത്തിൽ വിരമിക്കേണ്ടിയിരുന്ന തീയതി മുതൽ മാത്രമേ ഉറപ്പായ പെൻഷൻ ആരംഭിക്കൂ. അതായത്, വിരമിച്ചയാൾക്ക് 60 വയസ്സ് തികയുമ്പോൾ മാത്രമേ പെൻഷൻ ലഭിക്കൂ. ഉദാഹരണത്തിന്, 25 വയസ്സിൽ സർവീസിൽ ചേരുകയും 50 വയസ്സിൽ സ്വമേധയാ വിരമിക്കുകയും ചെയ്യുന്ന ഒരു ജീവനക്കാരന് (25 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം), പെൻഷൻ ലഭിക്കാൻ 60 വയസ്സ് തികയുന്നതു(10 വർഷത്തിനുശേഷം) വരെ കാത്തിരിക്കേണ്ടിവരും. ഇത് ജീവനക്കാരന് എന്തെങ്കിലും ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ? വിരമിച്ച ജീവനക്കാരൻ അടുത്ത 10 വർഷത്തേക്ക് പെൻഷൻ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്? ഇത് വ്യക്തമായ അനീതിയല്ലേ? അതേസമയം, പഴയ പെൻഷൻ പദ്ധതി പ്രകാരം, സ്വമേധയാ വിരമിക്കുന്ന തീയതി മുതൽ പെൻഷൻ ആരംഭിക്കുന്നു.

പെൻഷനിൽ വർദ്ധനവുണ്ടാകില്ല

മാത്രമല്ല, ഒപിഎസിൽനിന്ന് വ്യത്യസ്തമായി, തുടർന്നുള്ള ശമ്പള കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കിയതിനുശേഷം പെൻഷൻ പുതുക്കുന്നതിനുള്ള വ്യവസ്ഥ യുപിഎസിലില്ല. നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റം, വാർദ്ധക്യകാലത്തെ പാർപ്പിടത്തിന്റെയും ചികിത്സകളുടെയും ചെലവിലുണ്ടാകുന്ന വർദ്ധന തുടങ്ങിയവ കണക്കിലെടുത്ത്, അസാധാരണമായി കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ ഈ കാലഘട്ടത്തിൽ ഇത് വളരെ വിവേചനപരമാണ്. യുപിഎസിൽ, വിരമിച്ച ജീവനക്കാർക്ക് മറ്റ് നയപരമായ മാറ്റങ്ങളോ ഇളവുകളോ, സാമ്പത്തിക ആനുകൂല്യങ്ങളോ, ശേഷം വിരമിച്ചവരുമായുള്ള ഏതെങ്കിലും തുല്യതയോ, അവകാശപ്പെടാൻ കഴിയില്ല. എന്നാൽ, ഒപിഎസിൽ അത്തരം വ്യവസ്ഥകൾ ലഭ്യമാണ്. ഒപിഎസിൽ ലഭ്യമായ കമ്മ്യൂട്ടേഷൻ ആനുകൂല്യം, പുതിയ ശമ്പള കമ്മീഷനുകൾക്ക് ശേഷമുള്ള പെൻഷൻ പരിഷ്കരണം, ഡെത്ത് ഗ്രാറ്റുവിറ്റി എന്നിവ യുപിഎസ് നിഷേധിക്കുന്നു.

യുപിഎസ് പദ്ധതി പ്രകാരം, ജീവനക്കാർ അവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% സംഭാവന ചെയ്യും, അഥവാ അവരുടെ ശമ്പളത്തിൽനിന്ന് പിടിച്ചെടുക്കും. ഗവൺമെന്റും അതിന് തുല്യമായ സംഭാവന നൽകും. ഈ മൊത്തം തുക യുപിഎസിലെ ‘വ്യക്തിഗത കോർപ്പസ് തുക’യിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും, ഈ തുക ‘പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി’യിൽ (പിഎഫ്ആർഡിഎ) രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഓപ്ഷനുകൾ ഉണ്ട്. ഇത് 100 ശതമാനവും ഗവൺമെന്റ് സെക്യൂരിറ്റികളിലോ (സ്കീം ജി) അതല്ലെങ്കിൽ മറ്റ് സംശയകരമായ ലൈഫ് സൈക്കിൾ അധിഷ്ഠിത സ്കീമുകളിലോ ആകാം. അത്തരം പദ്ധതികളിൽ, ഉയർന്ന അസ്ഥിരതയുള്ള ഇക്വിറ്റി ഷെയറുകളിലേക്ക് പരമാവധി 25% എക്സ്പോഷർ അനുവദനീയമാണ്. അല്ലെങ്കിൽ പരമാവധി എക്സ്പോഷർ 50% ആയി പരിമിതപ്പെടുത്തിയിരിക്കുന്ന മോഡറേറ്റ് ലൈഫ് സൈക്കിൾ ഫണ്ടുകളിൽ. അതായത്, നിക്ഷേപിച്ച ‘വ്യക്തിഗത കോർപ്പസി’ൽ നിന്നുള്ള വരുമാനം, നടത്തിയ നിക്ഷേപ തരങ്ങളെ ആശ്രയിച്ചിരിക്കും. അതിനാൽ, ഒരു ഡാമോക്ലിസ് വാൾ എപ്പോഴും മേലേ തൂങ്ങിക്കിടക്കുന്നു. കാരണം, ഊഹക്കച്ചവടത്തിൽ അധിഷ്ഠിതമായ ഓഹരി വിപണി തകർന്നാൽ അത് മുഴുവൻ നിക്ഷേപവും ഇല്ലാതാക്കാൻ സാധ്യതയുണ്ട്. വിരമിക്കുന്ന സമയത്ത് വ്യക്തിഗത കോർപ്പസിലെ നിക്ഷേപത്തിന്റെ മൂല്യം അനുസരിച്ചാണ് യുപിഎസിലും പെൻഷൻ നിശ്ചയിക്കപ്പെടുക. ഇനി, ഒരു ജീവനക്കാരൻ സർവ്വീസിൽനിന്നും രാജിവെച്ചാലോ, അയാളെ പിരിച്ചുവിട്ടാലോ, പെൻഷനോ ആനുകൂല്യങ്ങളോ നൽകുന്നതു പോയിട്ട് അതുവരെ അയാളുടെ ശമ്പളത്തിൽനിന്നും പിടിച്ചെടുത്ത തുക പോലും അയാൾക്കു തിരികെ നൽകാൻ യുപിഎസിൽ വ്യവസ്ഥയില്ല.

പൂൾ ഫണ്ട് എന്ന ദുരൂഹത

ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് പൊതുവായ പൂൾ ഫണ്ട് എന്നത്. പൂൾ ഫണ്ടുകളുടെ മറ്റൊരു സവിശേഷത കൂടിയുണ്ട്, അൽപ്പം സാങ്കേതികമാണെങ്കിലും അത് ശ്രദ്ധിക്കേ ണ്ടതാണ്. യുപിഎസ് തിരഞ്ഞെടുക്കുന്ന എല്ലാ ജീവനക്കാരുടെയും അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടേയും ആകെത്തുകയുടെ 8.5% എന്ന കണക്കിൽ, കേന്ദ്രസർക്കാർ നൽകേണ്ട ഒരു അധിക സംഭാവനയാണിത്. ഇത് പെൻഷൻ നൽകുന്നതിനുള്ള പ്രത്യേക പൊതുഫണ്ടായാണ് നിലനിർത്തുന്നത്. ഒരു ജീവനക്കാരന്റെ വിരമിക്കൽ അല്ലെങ്കിൽ സ്വമേധയാ വിരമിക്കൽ സമയങ്ങളിൽ വ്യക്തിഗത കോർപ്പസിൽ നിന്നുള്ള തുക ഈ പൂൾ കോർപ്പസിലേക്ക് മാറ്റണം. ഉറപ്പായ പൂർണപെൻഷന് യോഗ്യത നേടുന്നതിന്, വിരമിച്ചയാളുടെ ‘വ്യക്തിഗത കോർപ്പസ്’ പിഎഫ്ആർഡിഎ നിശ്ചയിച്ചിട്ടുള്ള ബെഞ്ച് മാർക്ക് കോർപ്പസിന് തുല്യമായിരിക്കണം. ‘വ്യക്തിഗത കോർപ്പസിന്റെ’ മൂല്യം ആ സമയത്ത് ബെഞ്ച്മാർക്ക് കോർപ്പസിന്റെ മൂല്യത്തേക്കാൾ കുറവാണെങ്കിൽ, സൂപ്പർആനുവേഷൻ അല്ലെങ്കിൽ വിരമിക്കൽ സമയത്ത് അവരുടെ ഉറപ്പായ പെൻഷൻ ആനുപാതികമായി കുറയ്ക്കും. അല്ലെങ്കിൽ കുറവുള്ള തുക സബ്സ്ക്രൈബർ നികത്തണം. വ്യക്തമായും, ഇവിടെ ബെഞ്ച്മാർക്ക് കോർപ്പസിന്റെ നിർണ്ണയത്തിൽ യുപിഎസ് വരിക്കാർക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. വാസ്തവത്തിൽ, ‘വ്യക്തിഗത കോർപ്പസുമായി’ താരതമ്യപ്പെടുത്തുന്നതിനുള്ള ബെഞ്ച്മാർക്ക് കോർപ്പസ് പിഎഫ്ആർഡിഎ നിർണ്ണയിക്കും. യോഗ്യതാ സേവനത്തിന്റെ കാലാവധിയിലെ ഓരോ മാസത്തേക്കും തൊഴിലുടമയുടെയും ജീവനക്കാരന്റെയും ബാധകമായ സംഭാവനകൾ പതിവായി സമയബന്ധിതമായി സ്വീകരിക്കുന്നതിന്റെയും, ഡിഫോൾട്ട് പാറ്റേണിൽ നിക്ഷേപിക്കുന്നതിന്റെയും  അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. ബെഞ്ച്മാർക്ക് കോർപ്പസിന്റെ കണക്കുകൂട്ടൽ ഏകപക്ഷീയവും ജീവനക്കാരുടെ താൽപ്പര്യത്തിന് വിരുദ്ധവുമാണ്. ഒരു ഉദാഹരണത്തിലൂടെ നമുക്കിത് എളുപ്പത്തിൽ മനസ്സിലാക്കാം. 

ഒരു ജീവനക്കാരന് വിരമിക്കുന്നതിന് മുമ്പുള്ള അവസാന 12 മാസത്തെ ശരാശരി പ്രതിമാസ അടിസ്ഥാന ശമ്പളം 1,50,000 രൂപയാണെന്ന് കരുതുക. ജീവനക്കാരന്റെ ബെഞ്ച്മാർക്ക് കോർപ്പസ് നിശ്ചയിച്ചിരിക്കുന്നത് 1 കോടി രൂപയെന്ന് കരുതുക. വ്യക്തിഗത കോർപ്പസും 1 കോടി രൂപയാണെങ്കിൽ, പ്രതിമാസ പെൻഷൻ  75,000 രൂപയും ഒപ്പം ആനുപാതിക ഡിയർനെസ് റിലീഫും ആയിരിക്കും. പക്ഷേ, വ്യക്തിഗത കോർപ്പസ് ബെഞ്ച്മാർക്ക് കോർപ്പസിന്റെ 80% മാത്രമാണെങ്കിൽ (അതായത് 80 ലക്ഷം രൂപ), ജീവനക്കാരൻ സ്വന്തം കൈയ്യിൽ നിന്ന് 20 ലക്ഷം രൂപ പൂൾ കോർപ്പസിലേക്ക് നൽകി ഈ വിടവു നികത്തുന്നില്ലെങ്കിൽ, പ്രതിമാസ പെൻഷൻ 60,000 രൂപയും ആനുപാതിക ഡിയർനെസ് റിലീഫും ആയി കുറയ്ക്കും. ഒരു ജീവനക്കാരൻ തന്റെ സർവീസ് കാലാവധിയുടെ  അവസാന ഘട്ടത്തിൽ, ഈ ബെഞ്ച്മാർക്ക് കോർപ്പസ് പരിധി പാലിക്കുന്നതിനായി എങ്ങനെ പണം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്?

മാത്രമല്ല, ഈ മാനദണ്ഡം നിശ്ചയിക്കുന്നത് ജീവനക്കാരുടെ കൈകളിലല്ല. ബെഞ്ച്മാർക്ക് ആവശ്യകത നിറവേറ്റുന്നതിനുള്ള വ്യക്തിഗത കോർപ്പസിന്റെ കുറവ് അവരുടെ വിരമിക്കലാനന്തര പെൻഷനെ പ്രതികൂലമായി ബാധിക്കും. പഴയ പെൻഷൻ പദ്ധതിയിൽ, യോഗ്യതയുള്ള സേവനം പൂർത്തിയാക്കിയ ശേഷം പൂർണ്ണ പെൻഷൻ ലഭിക്കുന്നതിൽ ഇത്തരത്തിൽ യാതൊരു മാനദണ്ഡങ്ങളും അടിച്ചേൽപ്പിച്ചിരുന്നില്ല. 2004 ജനുവരി 01ന് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബിജെപി സർക്കാരാണ് ദേശീയ പെൻഷൻ പദ്ധതി അല്ലെങ്കിൽ എൻപിഎസ് അവതരിപ്പിച്ചതെന്നതും നമുക്ക് ഓർമ്മിക്കാം. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും നിർദ്ദേശപ്രകാരം പെൻഷൻ ബിൽ വെട്ടിക്കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, എൻപിഎസിൽ വിരമിക്കുന്ന ജീവനക്കാർക്ക് ഒപിഎസ് പ്രകാരം ലഭിക്കുമായിരുന്നതിനേക്കാൾ എത്രയോ കുറഞ്ഞ പെൻഷനാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് ഡാറ്റ കാണിക്കുന്നു. അതേ വാദഗതികളൊക്കെത്തന്നെ വീണ്ടുമുയർത്തി, നിലവിലെ ബിജെപി സർക്കാർ ഇപ്പോൾ യുപിഎസ് നടപ്പിലാക്കാൻ പോകുന്നു.

ഉപസംഹാരം

1972 (2021)ലെ സിസിഎസ് (പെൻഷൻ) നിയമങ്ങൾ പ്രകാരം ഉറപ്പുനൽകുന്ന പെൻഷൻ, ജീവനക്കാരുടെ മൗലികാവകാശമാണ്. വിലക്കയറ്റവും മെഡിക്കൽ, ഭവന ചെലവുകളും വർദ്ധിക്കുന്നതും ജീവിതത്തിൽ നാശം വിതയ്ക്കുമ്പോൾ,  പെൻഷൻ വാർദ്ധക്യത്തിൽ ഒരുതരം സാമ്പത്തിക സുരക്ഷ അവർക്ക് നൽകുന്നു. ഇന്ത്യയിലെ സുപ്രീംകോടതി പോലും പെൻഷൻ ഒരു സാമൂഹികക്ഷേമ നടപടിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ പ്രതാപകാലത്ത് തൊഴിലുടമയ്ക്ക് വേണ്ടി നിരന്തരം അധ്വാനിച്ചവർക്ക്, വാർദ്ധക്യത്തിൽ അവർ പട്ടിണിയിലാകില്ലെന്ന് ഉറപ്പ് നൽകുന്നതാണ് പെൻഷൻ. വലിയ ലാഭം ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾക്കും അതിശയകരമാംവിധം ഉയർന്ന വരുമാനമുള്ള, ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും ഉയർന്ന നിരക്കിലുള്ള നികുതി ചുമത്തി വരുമാനം വർദ്ധിപ്പിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ കോർപ്പറേറ്റുകളുടെ ലാഭം 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. നിഫ്റ്റി 500 കമ്പനികളുടെ ലാഭ-ജിഡിപി അനുപാതം 4.8 ആയി. 2008 സാമ്പത്തികവർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നിരുന്നാലും, ലാഭത്തിലുണ്ടായ ഈ അസാധാരണ കുതിച്ചുചാട്ടം ആനുപാതികമായ വേതന വളർച്ചയിലേക്ക് നയിച്ചില്ല. തൊഴിലവസരങ്ങൾ 1.5% മാത്രം വർദ്ധിച്ചപ്പോൾ ലാഭം 22.3% വർദ്ധിച്ചു.

എന്നാൽ എൻപിഎസ് അല്ലെങ്കിൽ യുപിഎസ് പോലുള്ള പങ്കാളിത്ത പെൻഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് ജീവനക്കാരുടെയും തൊഴിലാളികളുടെയും മേൽ ഭാരം അടിച്ചേൽപ്പിക്കുന്നത് അവരോട് അനീതി കാണിക്കുന്നതിന് തുല്യമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2023-24ൽ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പെൻഷനുള്ള മൊത്തം ബജറ്റ് എസ്റ്റിമേറ്റ് 5,22,105.4 കോടി രൂപയായിരുന്നു, ഇത് അവരുടെ മൊത്തം വരുമാനത്തിന്റെ 6% മുതൽ 21% വരെയാണ്. കോർപ്പറേറ്റ് കമ്പനികളും സ്വകാര്യ വ്യവസായങ്ങളും പൊതുമേഖലാ ബാങ്കുകളിൽ നടത്തുന്ന ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ എല്ലാ ദിവസവും നാം പത്രങ്ങളിൽ കാണുന്നു. ബാങ്കുകൾക്ക് ഇത് തിരിച്ചുപിടിക്കാൻ കഴിയുന്നില്ല. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ കോർപ്പറേറ്റുകളുടെയും ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെയും 16 ലക്ഷം കോടിയിലധികം രൂപയിലധികം കുടിശ്ശിക വായ്പകൾ എഴുതിത്തള്ളി. മാത്രമല്ല. പൊതുമേഖലാ ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ പൊതു ഖജനാവിൽനിന്ന് റീകാപ്പിറ്റലൈസേഷൻ (മൂലധനം നൽകൽ) എന്ന രൂപത്തിൽ ഭാഗികമായി നികത്തുന്നു. 

2017നും 2023നും ഇടയിൽ, റീകാപ്പിറ്റലൈസേഷൻ ഇനത്തിലെ ചെലവിന്റെ കണക്ക് 3.31 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം, അത് 1.3 ലക്ഷം കോടി രൂപയായിരുന്നു. അതിനാൽ, സർക്കാർ മേഖലയിലെ ജീവനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഇരുവശത്തുനിന്നും നഷ്ടം സംഭവിക്കുന്നു. അതായത്,  കോർപ്പറേറ്റ് സ്രാവുകളുടെയും അതിസമ്പന്നരുടെയും വായ്പകൾ തിരിച്ചടയ്ക്കാത്തതിനാൽ ബുദ്ധിമുട്ടുന്ന ബാങ്കുകളെ രക്ഷിക്കാൻ പണം കണ്ടെത്തുന്നതിനായി അവരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുകയും, അതുപോലെ അവർ അടച്ച നികുതി പുനരുപയോഗം ചെയ്യുകയും ചെയ്യുന്നു. അതിനാൽ, എൻപിഎസ്, യുപിഎസ് എന്നിവ പൂർണ്ണമായും പിൻവലിക്കുകയും പഴയ പെൻഷൻ പദ്ധതി ഉടൻ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആവശ്യം. ശരിയായ, വിപ്ലവകരമായ നേതൃത്വത്തിനു കീഴിൽ ജീവനക്കാരുടെ ഉറച്ച ഐക്യവും അവരുടെ സംഘടിതമായ, സമരോത്സുകമായ ബഹുജനപ്രസ്ഥാനവും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ അവരുടെ ന്യായമായ ആവശ്യത്തിന് വഴങ്ങാൻ കേന്ദ്രസർക്കാർ നിർബന്ധിതമാകൂ.

Share this post

scroll to top