നാസി യുദ്ധയന്ത്രത്തിനെതിരായ വിജയകരമായ മുന്നേറ്റത്തിന്റെ ഭാഗമായി, സോവിയറ്റ് യൂണിയന്റെ റെഡ് ആർമി, ജർമ്മനിയുടെ അന്നത്തെ തലസ്ഥാനമായ ബർലിനെ നാസികളുടെ പിടിയിൽനിന്ന് മോചിപ്പിച്ചത് 1945 മെയ് 2നാണ്. ജർമ്മനി-ഇറ്റലി ജപ്പാൻ അച്ചുതണ്ട് ശക്തികളുടെ പരാജയം അതു ഫലത്തിൽ ഉറപ്പിച്ചു. പിന്മാറിക്കൊണ്ടിരിക്കുന്ന ജർമ്മൻ സൈന്യത്തെ പിന്തുടരവേ റെഡ് ആർമി നഗരത്തിലേക്ക് ഇരച്ചുകയറി, ജർമ്മൻ പാർലമെന്റായ റീച്ച്സ്റ്റാഗ് പിടിച്ചെടുക്കുകയും അതിന്റെ മേൽക്കൂരയിൽ ചെങ്കൊടി സ്ഥാപിക്കുകയും ചെയ്തു. 1945 മെയ് 8ന് ബെർലിനിൽ ജർമ്മൻ ഹൈക്കമാൻഡിന്റെ പ്രതിനിധികൾ റെഡ് ആർമിക്ക് നിരുപാധികമായി കീഴടങ്ങുന്ന ഉടമ്പടിയിൽ ഒപ്പുവച്ചു. അങ്ങനെ, ഫാസിസ്റ്റ് അച്ചുതണ്ടുശക്തികൾക്കെതിരെ സോവിയറ്റ് സൈന്യത്തെ സമർത്ഥമായി അണിനിരത്തി, ഹിറ്റ്ലറുടെ ഫാസിസ്റ്റ് ആക്രമണത്തിൽനിന്നു മനുഷ്യരാശിയെ രക്ഷിച്ച മഹാനായ സ്റ്റാലിന്റെ ഭാഷയിൽ: “ജർമ്മൻ ഫാസിസ്റ്റ് ആക്രമണകാരികൾക്കെതിരെ സോവിയറ്റ് ജനത നടത്തിയ മഹത്തായ ദേശാഭിമാനയുദ്ധം വിജയകരമായ ഒരു പരിസമാപ്തിയിൽ എത്തിയിരിക്കുന്നു; ജർമ്മനി പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു”. ഇക്കഴിഞ്ഞ 2025 മെയ് 8 ആ മഹത്തായ വിജയത്തിന്റെ 80-ാം വാർഷികമായിരുന്നു.
ജർമ്മനിയിൽ ഹിറ്റ്‌ലറുടെഉദയത്തിന്റെ പശ്ചാത്തലം
തോക്കിൻമുനയിൽ ലോകം കീഴടക്കാമെന്നു സ്വപ്നംകണ്ട ഹിറ്റ്‌ലറും സഖ്യകക്ഷികളും ചേർന്ന് സോവിയറ്റ് യൂണിയനുമേൽ അടിച്ചേൽപ്പിച്ചതാണീ യുദ്ധം. ഓസ്ട്രിയ, ഹംഗറി, തുർക്കി എന്നിവ ഉൾപ്പെടുന്ന, ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയപ്പെട്ട കേന്ദ്രശക്തികളിൽ ഒന്നായ ജർമ്മനിയും ഫ്രാൻസ്, ഗ്രേറ്റ് ബ്രിട്ടൻ, റഷ്യ, ഇറ്റലി, ജപ്പാൻ, പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന സഖ്യശക്തികളും തമ്മിൽ 1919 ജൂൺ 28ന് ഒപ്പുവച്ച വെർസെയ്ൽസ് ഉടമ്പടി ആ യുദ്ധമവസാനി പ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്തു എന്നത് ഓർക്കുക. ജർമ്മനിയിൽ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസ്വസ്ഥതകളുടെ കാലമായിരുന്നു 1920കളുടെ തുടക്കം. ഒന്നാം ലോകമഹായുദ്ധത്തിന്റെ (1914-1918) പ്രത്യക്ഷഫലമായിരുന്നു ഈ അസ്വസ്ഥത. യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടു. തൽഫലമായി, ജർമ്മൻ സാമ്രാജ്യം തകർന്നു. വെയ്മർ റിപ്പബ്ലിക് എന്ന പുതിയ ജനാധിപത്യ റിപ്പബ്ലിക് ഇതിനുപകരമായി നിലവിൽവന്നു. 1919 ജൂണിൽ, വെയ്മർ റിപ്പബ്ലിക്കിന്റെ ജർമ്മൻ നേതാക്കൾ വെർസെയ്ൽസ് ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതരായി. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടത് ഈ ഉടമ്പടിപ്രകാരം ജർമ്മനിയുടെ ചുമതലയിൽ വന്നു. പ്രദേശനഷ്ടങ്ങൾ, നിരായുധീകരണം എന്നിവയുൾപ്പെടെ ജർമ്മനിയുടെമേൽ കനത്ത ഭാരങ്ങൾ ഈ ഉടമ്പടി ചുമത്തി. യുദ്ധക്കടങ്ങളും നഷ്ടപരിഹാരം നൽകലും അമിത പണപ്പെരുപ്പത്തിനും ജർമ്മൻ കറൻസിയായ ഡ്യൂഷ്‌മാർക്കിന്റെ മൂല്യത്തകർച്ചയ്ക്കും കാരണമായി. ഒരു റൊട്ടിക്ക് 460 ബില്യൺ മാർക്ക് വരെ വിലയായി. പെട്ടെന്ന് തങ്ങളുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതായി ജർമ്മൻ ജനതയ്ക്ക് അനുഭവപ്പെട്ടപ്പോൾ വ്യവസായികൾ അവരുടെ ഭൗതിക സ്വത്തുക്കളും വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്താനുള്ള കഴിവും മൂലം കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൽനിന്ന് രക്ഷപ്പെട്ടു. യുദ്ധാനന്തരവർഷങ്ങളിൽ തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവും അനുഭവിച്ച ജർമ്മൻജനതയിൽ ഇതെല്ലാം അമർഷത്തിനും അസ്ഥിരതയ്ക്കും കാരണമായി.
സോവിയറ്റ് യൂണിയന്റെ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ ധീരമായ മുന്നേറ്റങ്ങൾ നടത്തുകയായിരുന്നു അപ്പോൾ. ലോകമെമ്പാടുമുള്ള ആളുകൾ അങ്ങനെ സോഷ്യലിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, ദേശീയഭ്രാന്തും പുറമേയ്ക്ക് സോഷ്യലിസ്റ്റ് എന്നു തോന്നിക്കുന്ന സമീപനങ്ങളും സംയോജിപ്പിച്ച മുദ്രാവാക്യങ്ങളുമായി ഹിറ്റ്‌ലർ തന്റെ നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി (നാസി) സ്ഥാപിച്ചു. വെർസെയ്ൽസ് ഉടമ്പടി സൃഷ്ടിച്ച കഠിനമായ സാമ്പത്തിക സാഹചര്യങ്ങളെയും ദേശീയ അപമാനത്തെയും കുറിച്ചുള്ള ജനങ്ങളുടെ പരാതികളെ ഉപയോഗപ്പെടുത്തി, ലോകം ജർമ്മൻ ജനതയോട് തെറ്റായി പെരുമാറിയെന്നും ലോകാധിപത്യത്തിനു കഴിവുള്ള ഒരു ഉയർന്ന വംശമാണു തങ്ങളുടേതെന്നും സ്ഥാപിക്കാനായി അവരുടെ മനസ്സിൽ അതു നിരന്തരം അടിച്ചേൽപ്പിക്കുക എന്നത് ഹിറ്റ്‌ലർ തന്റെ ലക്ഷ്യമാക്കി. ഒന്നാം ലോകയുദ്ധത്തിലെ വിജയികളിൽനിന്ന് ഇത്രയും നിഷ്ഠുരമായ അനീതി അവർ അർഹിക്കുന്നില്ല എന്നും അതിനാൽ, വെർസെയ്ൽസ് ഉടമ്പടി റദ്ദാക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെതിരെ ജനങ്ങളുടെ രോഷമുണർത്താൻ, ജർമ്മനി യുദ്ധത്തിൽ പരാജയപ്പെട്ടില്ല, മറിച്ച് റിപ്പബ്ലിക്ക് രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നുമുള്ള കഥ അദ്ദേഹം പ്രചരിപ്പിച്ചു. ‘‘ഇന്നുവരെ, പാതി മനസ്സുള്ളവരും മടിയന്മാരും ജർമ്മനിയുടെ ശാപമായി തുടരുന്നു… വിമോചനത്തിന് സാമ്പത്തികനയത്തിനപ്പുറം ചിലതാവശ്യമാണ്, വ്യവസായത്തിനുമപ്പുറം ചിലത്; ജനങ്ങൾ സ്വതന്ത്രരാകണമെങ്കിൽ, അവർക്ക് അഭിമാനവും ഇച്ഛാശക്തിയും ശക്തിയും പ്രതിരോധവും വെറുപ്പും ആവശ്യമാണ്, വീണ്ടും വീണ്ടും വെറുപ്പ്.’’ അതേസമയംതന്നെ ജൂതന്മാർക്കെതിരെ ഒരു വിദ്വേഷപ്രചാരണവും ആരംഭിച്ചു.
മ്യൂണിക്ക് നഗരത്തെ അടിസ്ഥാനമാക്കിയാണ് നാസി പാർട്ടി നിലനിന്നിരുന്നതെങ്കിലും 1923 നവംബറിൽ അത് ദേശീയശ്രദ്ധ നേടി. ആ മാസം, അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസികൾ അക്രമം ഉപയോഗിച്ചു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അത് ഹിറ്റ്‌ലറുടെ അറസ്റ്റിലും നാസി പാർട്ടിയുടെ താൽക്കാലിക നിരോധനത്തിലും കലാശിച്ചു. എന്നാൽ അത് ഹ്രസ്വകാലത്തേക്കായിരുന്നു. സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടപ്പോഴേയ്ക്കും മുഴുവൻ സാമ്രാജ്യത്വ-മുതലാളിത്ത ലോകവും 1929ലെ മഹാമാന്ദ്യത്തിലേക്ക് ആഴ്ന്നിരുന്നു. ഒരു മുതലാളിത്തരാജ്യമെന്ന നിലയിൽ ജർമ്മനി പ്രത്യേകിച്ച് ആ പ്രതിസന്ധിയിൽ അകപ്പെട്ടു. ദശലക്ഷക്കണക്കിന് ജർമ്മൻകാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 1930കളുടെ തുടക്കത്തിൽ ജർമ്മനിയിൽ തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം, വീടില്ലായ്മ എന്നിവ ഗുരുതരമായ പ്രശ്‌നങ്ങളായി. ഇത് അന്നത്തെ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലുള്ള ജനങ്ങളുടെ വിശ്വാസം തകർത്തു. അരക്ഷിതവും കീഴ്മേൽമറിഞ്ഞതുമായ അത്തരമൊരു സാഹചര്യം, അതിമോഹങ്ങളുള്ള ഒരു ഫാസിസ്റ്റ് നേതാവായി ഹിറ്റ്‌ലർ ഉയർന്നുവരുന്നതിനു വഴിയൊരുക്കി.
ഹിറ്റ്‌ലർ അധികാരത്തിലെത്തുന്നു
അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹിറ്റ്‌ലറും നാസികളും തന്ത്രങ്ങൾ മാറ്റി. 1920 കളുടെ പകുതി മുതൽ അവർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭരിക്കാനുള്ള തങ്ങളുടെ നേതാക്കളുടെ കഴിവിൽ പല ജർമ്മൻകാർക്കും വിശ്വാസം നഷ്ടപ്പെട്ടു. മറുവശത്ത്, നാസി പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ജനപ്രീതിയിൽ വളർന്നു. അവർ പത്രങ്ങളിലും തെരുവുകളിലും കൂടുതൽ കൂടുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉയർച്ചയിൽ ഹിറ്റ്‌ലർ അസ്വസ്ഥനായിരുന്നു. തുടർന്ന് അദ്ദേഹം ഒരു ഗൂഢാലോചന നടത്തി. ജർമ്മനിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദികൾ ജൂതന്മാരും കമ്മ്യൂണിസ്റ്റുകളുമാണെന്നും അതേസമയം ജർമ്മൻകാരെ വംശീയമായും ഗോത്രപരമായും ഒന്നിപ്പിക്കുന്നത് നാസികകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
1930ലെ തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ അദ്ദേഹം ജനങ്ങളോടു പറഞ്ഞു: ‘‘ജർമ്മനിയെ വീണ്ടും ഉയർത്താൻ, ശക്തവും ഭയജനകവുമാക്കാൻ, ജർമ്മൻകാരുടെ ജന്മാവകാശമായിരുന്ന അന്തസ്സ്, സുരക്ഷ, സമൃദ്ധി എന്നിവ പുനഃസ്ഥാപിക്കാൻ, പഴയ ജർമ്മൻ ഗുണങ്ങളായ അച്ചടക്കം, കഠിനാദ്ധ്വാനം, സ്വാശ്രയത്വം, സ്വാഭിമാനം എന്നിവ വീണ്ടെടുക്കാൻ ഒരു പുതിയ മനുഷ്യനെ, ഒരു പുതിയ പ്രസ്ഥാനത്തെ കണ്ടെത്തണം… ജർമ്മൻകാരാണ് ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠരായ ജനത. യുദ്ധത്തിൽ നിങ്ങൾ പരാജയപ്പെട്ടതും അതിനുശേഷം വളരെയധികം കഷ്ടപ്പെട്ടതും നിങ്ങളുടെ തെറ്റല്ല. 1918ൽ നിങ്ങളോട് അസൂയയും ദേഷ്യവുമുള്ളവരാൽ നിങ്ങൾ വഞ്ചിക്കപ്പെടുകയും പിന്നീട് ചൂഷണം ചെയ്യപ്പെടുകയും ചെയ്തതുകൊണ്ടാണത് സംഭവിച്ചത്. ജർമ്മനി ഉയിർത്തെഴുന്നേൽക്കുകയും ശക്തി പുനഃസ്ഥാപിക്കുകയും ചെയ്യട്ടെ, സ്വന്തം പ്രതാപം ഓർക്കുകയും അതിന്റെ പഴയകാലസ്ഥാനം വീണ്ടെടുക്കകയും ചെയ്യട്ടെ. പുതിയൊരു തുടക്കത്തിനായി ബെർലിനിലെ പഴയ സംഘത്തെ നമുക്കു തുരത്താം.’’ (അലൻ ബുള്ളോക്കിന്റെ ‘ഹിറ്റ്‌ലർ’എന്ന കൃതിയിൽ നിന്ന് ഉദ്ധരിച്ചത്) അങ്ങനെ, ജർമ്മനിയെ ഒരു മഹത്തായ യൂറോപ്യൻശക്തി എന്ന നിലയിലേക്കു മാത്രമല്ല ഒരു ലോകശക്തി എന്ന പദവിയിലേക്കും തിരികെ കൊണ്ടുവരുമെന്നു വാഗ്ദാനം ചെയ്തതിനൊപ്പം, ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്നും ശക്തമായ ഒരു സ്വേച്ഛാധിപത്യ ജർമ്മൻ സർക്കാർ സ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദേശീയ പാർലമെന്റിലേക്കുള്ള ആ തെരഞ്ഞെടുപ്പിൽ, നാസികൾ 18 ശതമാനം വോട്ട് നേടി. ആ വർഷം സംസ്ഥാന, തദ്ദേശ തെരഞ്ഞെടുപ്പുകളിലും അവർ മികച്ച പ്രകടനം കാഴ്ചവച്ചു. അന്നുമുതൽ, 1930 കളുടെ തുടക്കത്തിൽ നാസികൾ വോട്ടർമാരെ കീഴടക്കിക്കൊണ്ടിരുന്നു. 1932 ജൂലൈയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 37 ശതമാനം വോട്ട് നേടി. ഇത് മറ്റേതൊരു പാർട്ടിക്കും ലഭിച്ചതിനേക്കാൾ കൂടുതലായിരുന്നു. 1932 നവംബറിൽ, നാസിവോട്ടുകളുടെ വിഹിതം വീണ്ടും വർദ്ധിച്ചു. നാസി പാർട്ടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട്, അന്നത്തെ ജർമ്മൻ പ്രസിഡന്റ് പോൾ വോൺ ഹിൻഡൻബർഗ് 1933 ജനുവരി 30ന് ഹിറ്റ്ലറെ ജർമ്മനിയുടെ ചാൻസലറായി നിയമിച്ചു. ഒരു ഫാസിസ്റ്റ്, യുദ്ധവെറിയൻ നാസി ഭരണകൂടം സ്ഥാപിക്കപ്പെടുന്നതിനുള്ള നിമിത്തമെന്ന നിലയിൽ ഈ സംഭവം ജർമ്മൻ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.
പിന്നീട് ഹിറ്റ്‌ലർ മറ്റൊരു തന്ത്രം പയറ്റി. 1933 ഫെബ്രുവരി 27ന് പൊടുന്നനെ ജർമ്മൻ പാർലമെന്റ് മന്ദിരമായ റൈക്‌സ്റ്റാഗ് കത്തിച്ചതായി കണ്ടെത്തി. തീപിടുത്തത്തിന് കമ്മ്യൂണിസ്റ്റുകളെ കുറ്റപ്പെടുത്തുന്നതിലും പിന്നീട് സമ്പൂർണ്ണ അധികാരം പിടിച്ചെടുക്കുന്നതിനുള്ള ഒരു മറയായി അതിനെ ഉപയോഗിക്കുന്നതിലും ഹിറ്റ്‌ലർ ഒട്ടും സമയം പാഴാക്കിയില്ല. റൈക്‌സ്റ്റാഗിലെ കമ്മ്യൂണിസ്റ്റ് ഡെപ്യൂട്ടികളെയും മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളെയും അറസ്റ്റ് ചെയ്യാനും പൗരസ്വാതന്ത്ര്യം താൽക്കാലികമായി റദ്ദുചെയ്യാനും നാസി നിയന്ത്രണത്തിലുള്ള പോലീസിന് അധികാരം നൽകുന്ന ഒരു റൈക്‌സ്റ്റാഗ് വെടിവയ്പ്പ് ഉത്തരവ് പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റുകളെയും സോഷ്യലിസ്റ്റുകളെയും ജർമ്മൻ പാർലമെന്റിൽ നിന്ന് പുറത്താക്കുകയും കമ്മ്യൂണിസ്റ്റ് ഡെപ്യൂട്ടികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കമ്മ്യൂണിസ്റ്റുകളിൽ നിന്ന് ജനങ്ങളെ അകറ്റുന്നതിലും തന്റെ അധികാരം കൂടുതൽ ഉറപ്പിക്കുന്നതിലും ഒരു ഫാസിസ്റ്റ് ഏകാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലേക്കു മുന്നേറുന്നതിലും ഹിറ്റ്‌ലർ വിജയിച്ചു. എന്നിരുന്നാലും, ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത്, സ്വന്തം അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനായി നാസികൾതന്നെ റൈക്‌സ്റ്റാഗിന് തീ വച്ചതാണെന്നാണ്. പിന്നീട് ഹിറ്റ്‌ലർ ജർമ്മനിയെ ജനാധിപത്യത്തിൽനിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റാൻ തുടങ്ങി. 1934 ആഗസ്റ്റിൽ പ്രസിഡന്റ് ഹിൻഡൻബർഗ് മരിച്ചപ്പോൾ, ഹിറ്റ്‌ലർ സ്വയം ഫ്യൂറർ (‘‘നേതാവ്’’ എന്നർത്ഥം) ആയി പ്രഖ്യാപിച്ചു. അന്നുതൊട്ട് ഹിറ്റ്ലർ ജർമ്മനിയുടെ സ്വേച്ഛാധിപതിയായി.
പക്ഷേ ഹിറ്റ്ലർ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയോ അധികാരത്തിലേക്ക് നേരിട്ടു തെരഞ്ഞെടുക്കപ്പെടുകയോ ചെയ്തില്ല. 1936ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോൾ സാധാരണ വോട്ടെടുപ്പിനു പകരം നാസിജർമ്മൻ ഭരണവൃന്ദം ഒരു റഫറണ്ടമാണു (ഒരു പ്രത്യേക നയത്തെക്കുറിച്ചുള്ള നേരിട്ടുള്ള വോട്ട്) നടത്തിയത്. ചാൻസലർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ സംയോജിപ്പിക്കുന്നതിന് അംഗീകാരം നൽകുന്നോ എന്ന് വോട്ടർമാരോടു ചോദിച്ചു. ഫ്യൂറർ, റൈക്ചാൻസലർ എന്നീ നിലകളിൽ അഡോൾഫ് ഹിറ്റ്‌ലർക്ക് പ്രസിഡന്റിന്റെ അധികാരം നൽകുന്നത് അംഗീകരിക്കുന്നുണ്ടോ എന്നും അവരോടു ചോദിച്ചു. അതിനുമുമ്പ്, 1936 മാർച്ച് 7ന് ജൂതന്മാരുടെയും റൊമാനികളുടെയും വോട്ടവകാശം അസാധുവാക്കിയിരുന്നു. 1934ലേതിനു സമാനമായ എണ്ണം വോട്ടർമാരെ ഉറപ്പാക്കുന്നതിനും യുവജർമ്മൻകാർക്ക് നാസി ഭരണവൃന്ദത്തോടുള്ള താരതമ്യേന ആവേശകരമായ പിന്തുണ ചൂഷണം ചെയ്യുന്നതിനുമായി നാസികൾ വോട്ടിംഗ് പ്രായം കുറയ്ക്കുകയും ചെയ്തു.
അതിനാൽ, റഫറണ്ടം സ്വതന്ത്രമോ നീതിയുക്തമോ ആയിരുന്നില്ല. എന്നാൽ പല ജർമ്മൻകാരും ഹിറ്റ്‌ലറെയും നാസിഭരണകൂടത്തെയും ആത്മാർത്ഥമായും ആവേശത്തോടെയും പിന്തുണച്ചു. 90 ശതമാനം വോട്ടർമാരും ഹിറ്റ്‌ലറുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചതായി ഫലങ്ങൾ കാണിച്ചു. ഇതോടെ, അദ്ദേഹത്തിന്റെ അധികാരത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ പരിധികളൊന്നും പിന്നീടുണ്ടായില്ല.
സെമറ്റിക് വിരുദ്ധതയും തീവ്രദേശീയഭ്രാന്തും വളർത്തുക എന്ന
ഹിറ്റ്‌ലറുടെ ഇരട്ടതന്ത്രം
ഹിറ്റ്‌ലറുടെ ദേശീയതയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ സെമിറ്റിക് വിരുദ്ധത. തങ്ങളുടെ എല്ലാ കഷ്ടപ്പാടുകൾക്കും ഉത്തരവാദിയാക്കി കാണിക്കാവുന്ന ഒരു ശത്രുവിനെതിരെ ജനങ്ങളുടെ എല്ലാ രോഷവും തിരിച്ചുവിടുന്നതിലൂടെയാണ് അവരുടെ ഏകീകരണം ഏറ്റവും നന്നായി നടക്കുക എന്ന് അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു. അതനുസരിച്ച്, സമൂഹത്തെ ബാധിക്കുന്ന എല്ലാ ദോഷങ്ങൾക്കും ഉത്തരവാദികളായ ഒരു ബലിയാടിനെ അദ്ദേഹം ജൂതന്മാരിൽ കണ്ടെത്തി. ദേശീയഭ്രാന്ത് വളർത്തുന്നതോടൊപ്പം താഴ്ന്ന മധ്യവർഗത്തെയും തൊഴിലാളിവർഗത്തെയും ആകർഷിക്കുന്നതിനായി ഹിറ്റ്‌ലർ, റാഡിക്കൽ സോഷ്യലിസത്തിന്റെ മട്ടിലുള്ള ഒരു പരിപാടി ആവിഷ്കരിച്ചു. ശരിയായ രാഷ്ട്രീയബോധം ഇല്ലാതിരുന്ന സാധാരണ ജർമ്മൻകാർക്ക് കുഴപ്പങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന കാരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു, അതിനാൽ അവരുടെ ദുരിതത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. തൽഫലമായി, അവർ ഹിറ്റ്‌ലറുടെ അത്തരം ആകർഷകമായ പ്രചാരണത്തിൽ എളുപ്പം വീണുപോകുകയും സമ്പന്നവും ശക്തവുമായി ഉയിർത്തെഴുന്നേൽക്കുന്ന ജർമ്മനിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തിളങ്ങുന്ന വാഗ്ദാനങ്ങളാൽ ആകർഷിക്കപ്പെടുകയും ചെയ്തു. ആ സമയത്ത്, ജർമ്മനിയുടെ വസ്തുനിഷ്ഠസാഹചര്യം മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന് പാകമായിരുന്നു.
ഭരിക്കുന്ന ജർമ്മൻബൂർഷ്വാസിയുടെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയകാര്യകർത്താവ് എന്ന നിലയിൽ, ഇതു മനസ്സിലാക്കാൻ ഹിറ്റ്‌ലർക്കു കഴിഞ്ഞു, അതിനാൽ അത്തരമൊരു സാധ്യത യാഥാർത്ഥ്യമാകുന്നത് തടയാൻ അദ്ദേഹം ശ്രമിച്ചു.
ജർമ്മൻമുതലാളിമാരുടെ ആകമാനതാൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഹിറ്റ്‌ലറുടെ ശ്രമം
കപടസോഷ്യലിസത്തെക്കുറിച്ചുള്ള തന്റെ സ്തുതിവചനങ്ങളാൽ ജനങ്ങളെ വഞ്ചിച്ചുകൊണ്ട്, കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ഭീഷണിയിൽനിന്ന് തങ്ങളുടെ സമഗ്ര വർഗതാൽപ്പര്യം രക്ഷിച്ചെടുക്കാൻ കഴിയുന്ന ഒരേയൊരു രാഷ്ട്രീയശക്തിയായി അദ്ദേഹത്തെ, ഭരിക്കുന്ന ജർമ്മൻബൂർഷ്വാസി കണ്ടു. ജർമ്മൻ മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യം സംരക്ഷിക്കുന്നതിനായി, ഹിറ്റ്‌ലർ എല്ലാ ചെറുകിടമൂലധനസംരംഭങ്ങളും പിരിച്ചുവിടുകയും കുത്തകമൂലധന ത്തിന്റെ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. തൽഫലമായി, ദേശീയതലത്തിൽ കുത്തകകളുടെ ലാഭം 1932ലെ 175 ദശലക്ഷം ഡ്യൂഷ്‌മാർക്കിൽനിന്ന് 1938 ആയപ്പോഴേയ്ക്കും 500 കോടി ഡ്യൂഷ്‌മാർക്കായി ഉയർന്നു. അതേസമയം, ജീവിതച്ചെലവ് വർദ്ധിച്ചിട്ടും തൊഴിലാളികളുടെ വേതനം കുറഞ്ഞുകൊണ്ടുമിരുന്നു. ഹിറ്റ്‌ലറുടെ സോഷ്യലിസത്തിന്റെ കപടതന്ത്രമായിരുന്നു അത്. തെറ്റുപറ്റാത്ത, വർഗ്ഗത്തിനും വിമർശനത്തിനും അതീതനായ പരമോന്നതനേതാവാണു താനെന്ന്, പാർട്ടി അനുയായികളെയും ജർമ്മൻജനതയെയും ബോധ്യപ്പെടുത്തുന്നതിൽ ഹിറ്റ്‌ലർ വിജയിച്ചു. രാജ്യത്തിന്റെ രക്ഷകനായ, ദൈവേച്ഛയെ പ്രതിനിധീകരിക്കുന്ന അദ്ദേഹം സ്വാതന്ത്ര്യം, അവകാശം, നീതി, ധാർമ്മികത എന്നീ മാനുഷികസങ്കൽപ്പങ്ങളാൽ നിയന്ത്രിക്കപ്പെടാൻ പാടില്ല. മറിച്ച് അദ്ദേഹത്തെ അന്ധമായി പിന്തുടരുകയും അനുസരിക്കുകയും ചെയ്യേണ്ടതാകുന്നു. അടിച്ചമർത്തലിന്റെയും പ്രേരണയുടെയും നയത്തോടൊപ്പം, അതിമാനുഷനും പരമോന്നതനിയന്താവും എന്ന നിലയിലുള്ള ഈ നേതൃപൂജയും ഫാസിസത്തിന്റെ ഒരു സവിശേഷതയാണ്.
അന്നുമുതൽ, ആസന്നമായ ഒരു യുദ്ധത്തിന്റെ മുറവിളി കേൾക്കാൻ തുടങ്ങി. എന്നാൽ ഹിറ്റ്‌ലറുടെ ഉദ്ദേശ്യത്തിന്റെ യഥാർത്ഥ വ്യാപ്തി അളക്കാൻ കഴിയാതെ, ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും 1938ൽ മ്യൂണിക്കിൽ ഒരു കരാറിൽ ഒപ്പുവച്ചു, അതായത് ചെക്കോസ്ലോവാക്യയിലെ, ജർമ്മൻ സംസാരിക്കുന്ന വലിയൊരു ജനവിഭാഗം അടങ്ങുന്ന സുഡെറ്റെൻലാൻഡ് മേഖലയെ നാസിജർമ്മനിയോടു കൂട്ടിച്ചേർക്കാൻ അനുവദിച്ചു. വലിയ തോതിലുള്ള യുദ്ധം തടയുക എന്ന ലക്ഷ്യത്തോടെയുള്ള, പ്രീണനത്തിന്റേതായ നയത്താൽ നയിക്കപ്പെട്ട ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഈ തീരുമാനം, ഹിറ്റ്‌ലർ തന്റെ പ്രദേശിക അധിനിവേശ പദ്ധതി തുടർന്നതിനാൽ പരാജയപ്പെട്ടു.
ഇറ്റലിയും ജപ്പാനും ഹിറ്റ്‌ലറുമായി ചേരുന്നു
മറുവശത്ത്, ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടി രൂപീകരിച്ച ബെനിറ്റോ മുസോളിനി, 1922ൽ ഇറ്റലിയിൽ അധികാരം പിടിച്ചെടുക്കുകയും ‘‘ഭരണകൂടവും അതിന്റെ എല്ലാ രൂപങ്ങളും തുലയട്ടെ’’ എന്ന മുദ്രാവാക്യം ഉയർത്തുകയും ചെയ്തു. അതനുസരിച്ച്, അദ്ദേഹം ജനാധിപത്യ ഗവൺമെന്റിന്റെ സ്ഥാപനങ്ങളെ പൊളിച്ചുമാറ്റുകയും 1925ൽ സ്വയം സ്വേച്ഛാധിപതിയായി പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതിനായി ‘കറുത്ത ഷർട്ടുകാർ’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ സായുധസംഘങ്ങൾ രൂപീകരിക്കപ്പെട്ടു. 1935ൽ അബിസീനിയ (ഇപ്പോഴത്തെ എത്യോപ്യ) ആക്രമിക്കുകയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ഫ്രാങ്കോയ്ക്ക് സൈനികപിന്തുണ നൽകുകയും ചെയ്തശേഷം 1939ൽ അദ്ദേഹം ഹിറ്റ്ലറുമായി കൈകോർത്തു. 1940 സെപ്റ്റംബർ 27ന് ജർമ്മനിയുമായും ഇറ്റലിയുമായും ത്രികക്ഷികരാറിൽ ഒപ്പുവച്ചുകൊണ്ട് ജപ്പാൻ, ഔദ്യോഗികമായി ഫാസിസ്റ്റ് അച്ചുതണ്ടുശക്തികളോടൊപ്പം ചേർന്നു.
യുദ്ധം അടുത്തെത്തിയെന്ന് മഹാനായ സ്റ്റാലിനു മനസ്സിലായി
സാമ്രാജ്യത്വശക്തികളാൽ ഏതു സമയത്തും ആക്രമിക്കപ്പെടാമെന്ന ഭീഷണി നേരിടുന്ന ഏക സോഷ്യലിസ്റ്റ് രാജ്യമായിരുന്നു മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ അന്ന്. അതിനാൽ, പുറമേനിന്നുള്ള ആക്രമണവും യുദ്ധത്തിൽ പെട്ടുപോകുന്നതും കാരണം സോഷ്യലിസത്തിന്റെ മുന്നോട്ടുള്ള മുന്നേറ്റത്തിന് തടസ്സമുണ്ടാകാതെ നോക്കേണ്ടത് സ്റ്റാലിന്റെ കടമയായി. ഹിറ്റ്ലറെ ചെറുക്കുന്നതിന് ബ്രിട്ടനും ഫ്രാൻസുമായി
ശക്തമായ ഒരു സൈനികസഖ്യത്തിന് അദ്ദേഹം ശ്രമിച്ചു. എന്നാൽ ഹിറ്റ്‌ലർ, സോവിയറ്റ് സോഷ്യലിസത്തെ തകർക്കണമെന്ന് ആഗ്രഹിച്ച പാശ്ചാത്യസാമ്രാജ്യത്വശക്തികൾ അതിനു വിസമ്മതിച്ചു. ആ സമയത്ത് സോവിയറ്റ് യൂണിയനുമായി ഒരു കരാറിൽ ഏർപ്പെടാൻ അവർ വിസമ്മതിച്ചത്, ആത്യന്തികമായി മനുഷ്യരാശിക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചതായി, യുദ്ധം പൊട്ടിപ്പുറപ്പെടാനിടയാക്കിയ സംഭവങ്ങളിൽനിന്നു വെളിപ്പെട്ടു.
ഇക്കാര്യത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ മുഖവും അതിന്റെ ആദരണീയനായ നേതാവുമായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നിരീക്ഷണം ശ്രദ്ധാർഹമാണ്. സോവിയറ്റ് യൂണിയനെ നശിപ്പിക്കാനുള്ള സാമ്രാജ്യത്വക്കൂട്ടായ്മയുടെ ഗൂഢാലോചനയെക്കുറിച്ച് 1939ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്രിപുരി സമ്മേളനത്തിൽ, കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം തന്റെ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ‘‘ജനാധിപത്യ ശക്തികളെന്നു പറയപ്പെടുന്ന ഫ്രാൻസും ഗ്രേറ്റ് ബ്രിട്ടനും, ഇറ്റലിയും ജർമ്മനിയുമായിച്ചേർന്ന് യൂറോപ്യൻ രാഷ്ട്രീയത്തിൽനിന്നു സോവിയറ്റ് റഷ്യയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി… ഹിറ്റ്ലറിസത്തിന്റെ പരാജയമെന്നാൽ കമ്മ്യൂണിസത്തിന്റെ സ്ഥാപനം എന്നാണർത്ഥം.’’ (ക്രോസ് റോഡ്‌സ്)
ചരിത്രപരമായ മോസ്കോ വിചാരണ
എന്നാൽ യുദ്ധത്തിനു മുമ്പുള്ള സോവിയറ്റ് യൂണിയന്റെയും സ്റ്റാലിന്റെയും യാത്ര സുഗമവും സമാധാനപരവുമായിരുന്നില്ല.
മുൻനിര കമ്മിറ്റികളിൽ ഉണ്ടായിരുന്ന ട്രോട്സ്കി, ബുഖാരിൻ, കാമനേവ്, സിനോവീവ് തുടങ്ങിയ വിപ്ലവവിരുദ്ധർ അവരുടെ സ്ഥാനം ഉപയോഗിച്ച് പാർട്ടിയിലും ഭരണകൂടത്തിലും റെഡ് ആർമിയിലും രഹസ്യഗ്രൂപ്പുകൾ രൂപീകരിക്കുകയും അവരുടെ പാർട്ടി വിരുദ്ധ, ഭരണകൂടവിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്തു. ഈ ഗൂഢാലോചനക്കാർ രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പ് നാസിജർമ്മനിയുമായി ഒരു രഹസ്യ കരാർ ഉണ്ടാക്കി. സോവിയറ്റ് യൂണിയനെതിരായ ഹിറ്റ്ലറുടെ ആക്രമണം മുതലെടുത്ത്, പാർട്ടിയുടെയും ഭരണകൂടത്തിന്റെയും നേതാക്കളെ കൊല്ലുക, ഒരു സൈനിക അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കുക എന്ന പദ്ധതിയുടെ ഒരു രൂപരേഖ തയ്യാറാക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, പാർട്ടിയുടെയും ഭരണകൂടത്തിന്റെയും ഏറ്റവും പ്രമുഖ നേതാക്കളിലൊരാളും നയരൂപീകരണ സംഘത്തിലെ അംഗവുമായ, സ്റ്റാലിന്റെ വിശ്വസ്ത കൂട്ടാളി സെർഗെയ് കിറോവ് ലെനിൻഗ്രാഡിലെ ഒരു സംരക്ഷിതസ്ഥലത്തുവച്ച് കൊല്ലപ്പെട്ടപ്പോൾ ഈ ഗൂഢാലോചന പുറത്തുവന്നു.
പാർട്ടി, ഭരണകൂടം, റെഡ് ആർമി എന്നിവയുടെ വിവിധ തലങ്ങളിൽ, പ്രതിവിപ്ല വരഹസ്യസംഘങ്ങൾ സജീവമായിരുന്നെന്നും വരാനിരിക്കുന്ന യുദ്ധം മുതലെടുത്ത് പ്രതിവിപ്ലവത്തിന് പ്രേരിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ, സ്റ്റാലിന് കർശന നടപടികൾ സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. 1933നും 1938നും ഇടയിൽ നടന്ന വിവിധ കേസുകളുടെ വിചാരണയ്ക്കിടെ ഗൂഢാലോചനയുടെ ഭീകരതയെക്കുറിച്ച് ലോകം മുഴുവൻ മനസ്സിലാക്കി. 1933 മുതൽ, ഈ രാജ്യദ്രോഹികളുടെ വിചാരണകൾ പരസ്യമായും പൂർണ്ണമായി പൊതുജനങ്ങളുടെ മുന്നിലുമായിരുന്നു. സ്റ്റാലിന്റെയോ മറ്റുള്ളവരുടെയോ ഇടപെടലില്ലാതെയും കുറ്റാരോപിതർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പൂർണ്ണസ്വാതന്ത്ര്യം നൽകിയും ഇത്തരമൊരു വിചാരണ ലോകത്ത് അഭൂതപൂർവമായിരുന്നു. മറ്റു രാജ്യങ്ങളിൽനിന്നുള്ള പത്രപ്രവർത്തകർ, അഭിഭാഷകർ, നയതന്ത്രജ്ഞർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ വിചാരണ മുറികളിൽ സന്നിഹിതരാകാൻ ക്ഷണിച്ചു, നിരവധി പേർ പങ്കെടുത്തു. രാജ്യത്തിനെതിരെ പ്രവർത്തിച്ച രാജ്യദ്രോഹികളുടെ ഒരു തുറന്ന വിചാരണ, അതും വിദേശപൗരന്മാരുടെ സാന്നിധ്യത്തിൽ, ലോകത്തിലെ ഒരു രാജ്യത്തും മുമ്പ് നടന്നിട്ടില്ല. വിചാരണ വേളയിൽ സന്നിഹിതരായിരുന്ന എല്ലാ വിദേശ പ്രമുഖരും ഒരേസ്വരത്തിൽ പറഞ്ഞത്, ലോകം ഇതിനുമുമ്പ് ഒരിക്കലും ഇത്രയും ജനാധിപത്യപരമായ രീതിയിൽ വിധി പ്രസ്താവിച്ചതു കണ്ടിട്ടില്ല എന്നാണ്. വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിൽ സംശയമില്ല എന്നും അവർ പറഞ്ഞു.
സോവിയറ്റ് യൂണിയനിലെ അന്നത്തെ അമേരിക്കൻ അംബാസഡറും വിചാരണകളുടെ ദൃക്‌സാക്ഷിയുമായ ജോസഫ് ഡേവിസ് ‘‘മിഷൻ ടു മോസ്കോ’’ എന്ന തന്റെ പ്രസിദ്ധപുസ്തകത്തിൽ എഴുതിയത്, നടപടിക്രമങ്ങൾ നിരീക്ഷിച്ചശേഷം കുറ്റം സമ്മതിക്കാൻ പ്രതികളിൽ ഒരു നിർബന്ധവും ചെലുത്തിയിട്ടില്ലെന്നും പ്രതികളുടെ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കാൻ സോവിയറ്റ് ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെന്നുമാണ്.
വിചാരണയ്ക്കുശേഷം ബോൾഷെവിക് പാർട്ടിയെ രാജ്യദ്രോഹികളിൽനിന്നും ഗൂഢാലോചനക്കാരിൽനിന്നും മോചിപ്പിക്കുന്നതിനുള്ള ഒരു വലിയ ശുദ്ധീകരണം നടന്നു. ഈ ശുദ്ധീകരണത്തെ പലരും സ്റ്റാലിന്റെ ക്രൂരതയും ധിക്കാരവും ആയി വിമർശിച്ചു. എന്നാൽ ഈ കടുത്ത നടപടി സ്വീകരിച്ചിരുന്നില്ലെങ്കിൽ സോവിയറ്റ് സോഷ്യലിസം അപകടത്തിലാകുമായിരുന്നുവെന്നും ഹിറ്റ്ലറുടെ ഫാസിസത്തിനെതിരെ വീരോചിതമായി വിജയിച്ച പോരാട്ടം നടത്താൻ കഴിയുമായിരുന്നില്ലെന്നും ചരിത്രം തെളിയിച്ചിട്ടുണ്ട്. തെറ്റുകളിൽനിന്ന് മുക്തമായിരുന്നില്ല എല്ലാ പ്രവർത്തനങ്ങളും എന്ന് സമ്മതിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു: ‘‘ശുദ്ധീകരണത്തോടൊപ്പം ഗുരുതരമായ തെറ്റുകളൊന്നും ഉണ്ടായില്ല എന്ന് പറയാനാവില്ല. നിർഭാഗ്യവശാൽ പ്രതീക്ഷിച്ചതിലും കൂടുതൽ തെറ്റുകൾ സംഭവിച്ചു… എന്നിരുന്നാലും, 1933-36ലെ ശുദ്ധീകരണം ഒഴിവാക്കാനാവാത്തതായിരുന്നു, മൊത്തത്തിൽ അതിന്റെ ഫലങ്ങൾ പ്രയോജനകരമായിരുന്നു.’’(ലെനിനിസത്തിന്റെ പ്രശ്നങ്ങൾ)
1942 ഫെബ്രുവരി 16ന് നടത്തിയ റേഡിയോ പ്രസംഗത്തിൽ, കടുത്ത സാമ്രാജ്യത്വവാദിയും കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായ ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലിനുപോലും, റഷ്യയിൽ ഹിറ്റ്‌ലർക്ക് ഒരു അഞ്ചാംപത്തിയെ(നാസി ചാരന്മാരെ) പോലും ലഭിച്ചില്ലെന്ന് പറയേണ്ടിവന്നു. 1943 മെയ് 8ന് ഹിറ്റ്‌ലറുടെ മുഖ്യസഹായികളിൽ ഒരാളായ ഗോറിംഗ് പോലും തന്റെ ഡയറിയിൽ, ‘റെഡ് ആർമിയിൽ ഞാൻ പ്രതീക്ഷിച്ച തകർച്ച സംഭവിച്ചില്ല’ എന്ന് ഹിറ്റ്‌ലർ ഖേദപൂർവ്വം അറിയിച്ചുവെന്ന് എഴുതിയിരുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? കാരണം, അഞ്ചാംപത്തികളെ സംഘടിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളയെും തന്റെ വിപ്ലവകരമായ ശേഷി ഉപയോഗിച്ച് സ്റ്റാലിൻ തുടച്ചുനീക്കി.
ആൽബർട്ട് ഐൻസ്റ്റീൻ പോലും പറഞ്ഞു: ‘‘റഷ്യൻ വിചാരണകൾ വ്യാജമല്ല എന്നും, വിപ്ലവത്തിന്റെ ആശയങ്ങളെ വഞ്ചിച്ച ഒരു പിന്തിരിപ്പൻ വിഡ്ഢിയായി, സ്റ്റാലിനെ കാണുന്നവരിൽ, ഒരു ഗൂഢാലോചനയുണ്ട് എന്നുമുള്ളതിന്റെ സൂചനകൾ വർദ്ധിച്ചുവരികയാണ്… നുണകളും വഞ്ചനയും അടിസ്ഥാനമാക്കിയുള്ള ഏകാധിപതിയുടെ സ്വേച്ഛാധിപത്യപരമായ പ്രവൃത്തികളുടെ ഉദാഹരണമായിരുന്നു ഇതെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു, പക്ഷേ അതൊരു മിഥ്യയായിരുന്നു.’’(ശാസ്ത്രം ദൈവത്തെ കണ്ടെത്തിയോ – എ.കെ.കോട്ടൺ)
ഒരു അഭിമുഖത്തിൽ സ്റ്റാലിനെ കണ്ടതിനുശേഷം അദ്ദേഹത്തെക്കുറിച്ചു തനിക്കുണ്ടായ അഭിപ്രായം വിവരിക്കുമ്പോൾ, റൊമെയ്ൻ റോളണ്ട് തന്റെ മോസ്കോ ഡയറിയിൽ ഇങ്ങനെ കുറിച്ചു, ‘‘അദ്ദേഹം സ്വന്തം അഭിപ്രായം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നില്ല. സ്വന്തം തീരുമാനങ്ങൾ പുനഃപരിശോധിക്കാനും അവയിൽ ഭേദഗതികൾ വരുത്താനും അദ്ദേഹം എപ്പോഴും തയ്യാറാണെന്ന് എനിക്ക് തോന്നി.’’
ജർമ്മനിയുമായി ഒരു അനാക്രമണ സന്ധിയിൽ ഏർപ്പെടുക എന്ന സ്റ്റാലിന്റെ ബുദ്ധിപരമായ തന്ത്രം
ഹിറ്റ്‌ലർ സോവിയറ്റ് യൂണിയന്റെ ശക്തിയെ കുറച്ചുകാണുകയായിരുന്നുവെന്നും തുടക്കത്തിൽ, തന്റെ ശക്തരായ പാശ്ചാത്യശത്രുക്കളെ കീഴടക്കാനാണ് അദ്ദേഹം കൂടുതൽ ആഗ്രഹിച്ചിരുന്നതെന്നും സ്റ്റാലിന് മനസ്സിലായി. എന്നാൽ ഹിറ്റ്‌ലർ തോക്ക് സോവിയറ്റ്നാടിനുനേരേ തിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. കാരണം, സോഷ്യലിസം നിലനിന്നുപോകുന്നത് ഫാസിസ്റ്റുകൾക്ക് അനുവദിക്കാനാവില്ല. അതിനാൽ, വളരെ ദീർഘവീക്ഷണത്തോടെ, സ്റ്റാലിൻ നാസിജർമ്മനിയുമായി ഒരു ആക്രമണരഹിത ഉടമ്പടിയിൽ ഏർപ്പെട്ടു. ഹിറ്റ്‌ലറുടെ ശ്രദ്ധ പടിഞ്ഞാറൻ മുന്നണിയിലായിരുന്നതിനാൽ അദ്ദേഹത്തിനതു സൗകര്യപ്രദമായും തോന്നി. അതനുസരിച്ച്, 1939 ഓഗസ്റ്റ് 23ന് നാസി ജർമ്മനിയും സോവിയറ്റ് യൂണിയനും തമ്മിൽ മൊളോടോവ്-റിബൻട്രോപ്പ് അനാക്രമണ ഉടമ്പടി ഒപ്പുവച്ചു, ഇത് 10 വർഷത്തെ നിഷ്പക്ഷതയ്ക്കു രൂപം നൽകുകയും ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് തടയുകയും ചെയ്തു.
കുറഞ്ഞ കാലത്തിനുള്ളിൽത്തന്നെ, 1939 സെപ്റ്റംബർ 1ന് ജർമ്മനി പോളണ്ടിനെ ആക്രമിച്ചു. അതേത്തുടർന്ന്, 1939 സെപ്റ്റംബർ 3ന് ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു അങ്ങനെ, രണ്ടാം ലോകമഹായുദ്ധം ഔദ്യോഗികമായി പൊട്ടിപ്പുറപ്പെട്ടു.
ജർമ്മനിയുമായി ഒരു അനാക്രമണ ഉടമ്പടിയിൽ ഏർപ്പെടാനുള്ള സ്റ്റാലിന്റെ തന്ത്രത്തെ ദുരുദ്ദേശ്യപൂർവ്വം അപലപിക്കുകയും ഇപ്പോഴും അതു തുടരുകയും ചെയ്യുന്നവർക്ക് ഉചിതമായ മറുപടി നൽകാൻ സ്റ്റാലിൻ പറഞ്ഞു, ‘‘ഹിറ്റ്‌ലറെയും റിബൻട്രോപ്പിനെയും പോലെ വഞ്ചകരും പൈശാചികചിത്തന്മാരുമായ ആളുകളുമായി ഒരു അനാക്രമണസന്ധിയിൽ ഏർപ്പെടുന്നതു സമ്മതിക്കാൻ സോവിയറ്റ് ഗവൺമെന്റിന് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ഉയരാം. സോവിയറ്റ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഒരു തെറ്റായിരുന്നില്ലേ ഇത്? തീർച്ചയായും അല്ല! ഒരു അനാക്രമണസന്ധി എന്നത് രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാന ഉടമ്പടിയാണ്. 1939ൽ ജർമ്മനി നമ്മളോടു നിർദ്ദേശിച്ചത് അത്തരമൊരു കരാറായിരുന്നു. സോവിയറ്റ് ഗവൺമെന്റിന് അത്തരമൊരു നിർദ്ദേശം നിരസിക്കാൻ കഴിയുമോ?
സമാധാനസ്നേഹിയായ ഒരു രാജ്യത്തിനും അതിന്റെ അയൽരാജ്യത്തു നിന്നുള്ള സമാധാന അഭ്യർത്ഥന, അത് രാക്ഷസന്മാരും നരഭോജികളുമായ ഹിറ്റ്‌ലർ, റിബൻട്രോപ്പ് തുടങ്ങിയവർ നയിക്കുന്ന രാജ്യമായാൽക്കൂടി, നിരസിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ, തീർച്ചയായും, ഈ സമാധാന ഉടമ്പടി നേരിട്ടോ അല്ലാതെയോ സമാധാനം കാംക്ഷിക്കുന്ന രാജ്യത്തിന്റെ പ്രാദേശികസമഗ്രതയെയും സ്വാതന്ത്ര്യത്തെയും സ്വാഭിമാനത്തെയും അപകടത്തിലാക്കരുത് എന്ന അനിവാര്യമായ ഒരു വ്യവസ്ഥയിൽ മാത്രം… ജർമ്മനിയുമായി ഒരു അനാക്രമണസന്ധി സാധിച്ചെടുത്തതിലൂടെ നമുക്ക് എന്താണ് ലഭിച്ചത്? കരാർ നിലനിൽക്കെത്തന്നെ നമ്മുടെ രാജ്യത്തിനെതിരെ ഫാസിസ്റ്റ് ജർമ്മനി ആക്രമണം നടത്തിയാൽ, തിരിച്ചടിക്കുന്നതിന് നമ്മുടെ സൈന്യത്തെ തയ്യാറാക്കാനുള്ള ഒരു ഒന്നര വർഷത്തെ സമാധാനകാലയളവ് നാം നമ്മുടെ രാജ്യത്തിന് ഉറപ്പാക്കി. ഇത് നമുക്ക് ഉറപ്പായ ഒരു മുൻകൈയും ഫാസിസ്റ്റ് ജർമ്മനിക്ക് ഒരു ദോഷവുമായിരുന്നു.
ജർമ്മനിക്ക് ഈ ഹ്രസ്വകാല സൈനികനേട്ടം ഒരു സംഭവം മാത്രമായിരിക്കെ സോവിയറ്റ് യൂണിയന്റെ വമ്പിച്ച രാഷ്ട്രീയനേട്ടം എന്നത്, ഫാസിസ്റ്റ് ജർമ്മനിയുമായുള്ള യുദ്ധത്തിൽ റെഡ് ആർമിയുടെ നിർണ്ണായക സൈനികവിജയം ഉറപ്പാക്കുന്നതിന്റെ അടിസ്ഥാനം സൃഷ്ടിക്കുന്ന ഗൗരവാവഹവും നീണ്ടുനിൽക്കുന്നതുമായ ഒരു ഘടകമാണ്.’’ (മഹത്തായ ദേശാഭിമാനയുദ്ധത്തെക്കുറിച്ച്, സമാഹൃത കൃതികൾ, വാല്യം XIV)
ബ്രിട്ടണും ഫ്രാൻസിനുമെതിരെ ജർമ്മനി യുദ്ധമുന്നണി തുറന്നപ്പോൾ, സോവിയറ്റ് യൂണിയൻ അതിന്റെ സൈനിക ശക്തി മെച്ചപ്പെടുത്തി
വെറും രണ്ടു വർഷത്തിനുള്ളിൽ, യൂറോപ്പിന്റെ കിഴക്കും മധ്യഭാഗത്തുമുള്ള മിക്ക രാജ്യങ്ങളും നാസി ഇരച്ചുകയറ്റത്തിനുമുന്നിൽ കീഴടങ്ങി. 1940 ജൂൺ 10ന് ബ്രിട്ടനും ഫ്രാൻസിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ മുസ്സോളിനിയുടെ നേതൃത്വത്തിലുള്ള ഇറ്റലി രണ്ടാം ലോകമഹായുദ്ധത്തിൽ ഔദ്യോഗികമായി ജർമ്മനിയുമായി ചേർന്നു. പ്രധാന സാമ്രാജ്യത്വ, സൈനികശക്തികളിൽ ഒന്നായ ഫ്രാൻസിനുപോലും രണ്ടാഴ്ചയിൽ കൂടുതൽ ഫാസിസ്റ്റ് ജർമ്മനിയെ ചെറുക്കാൻ കഴിഞ്ഞില്ല. ഭീരുത്വം നിറഞ്ഞ ഈ കീഴടങ്ങൽ മനോഹരമായ പാരീസിനെ രക്ഷിക്കുമെന്ന വാദത്തോടെ ഫ്രാൻസിലെ അന്നത്തെ മുതലാളിത്ത ഭരണാധികാരികൾ നാസികൾക്ക് അധികാരം കൈമാറി. പ്രാദേശികകൊള്ള നടത്താമെന്ന പ്രതീക്ഷയിൽ ഇറ്റലി തെക്കൻയൂറോപ്പിലും വടക്കൻആഫ്രിക്കയിലും യുദ്ധം ആരംഭിച്ചു. 1940 സെപ്റ്റംബർ 27ന് ജപ്പാനും ഫാസിസ്റ്റ് അച്ചുതണ്ടുസഖ്യത്തിൽ ചേർന്നു.
ഫാസിസ്റ്റ് സൈനികശക്തിയുടെ കാൽക്കീഴിലമർന്നുപോയ രാജ്യങ്ങളുടെ ഇടയിൽ, മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ 24 വയസ്സുള്ള യുവ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ, അതിന്റെ സൈനികശക്തി ശക്തിപ്പെടുത്തുന്നതിൽ പൂർണ്ണമായും ഏർപ്പെട്ടിരുന്നു. ഉൽപാദനം തടസ്സപ്പെടാതിരിക്കാൻ എല്ലാ പ്രധാന വ്യവസായങ്ങളും സൈബീരിയയിലേക്കു മാറ്റി. റെഡ് ആർമിക്ക് ആക്രമണ, പ്രതിരോധതന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സ്വന്തം ആകാശത്തെ സ്വാധീനം മെച്ചപ്പെടുത്തുന്നതിനും പൂർണ്ണമനസ്സോടെ ഏർപ്പെടാൻ കഴിഞ്ഞു. 1940 മെയ് മാസത്തിൽ ഫ്രാൻസിന്റെ പതനത്തിനും, ഫ്രഞ്ച് ഗവൺമെന്റിന്റെ തകർച്ചയ്ക്കും ശേഷം 1940 ജൂൺ 22ന് ഒരു യുദ്ധവിരാമക്കരാർ ഒപ്പുവയ്ക്കുകയും പ്രതീക്ഷിച്ചതുപോലെ അറ്റ്ലാന്റിക് തീരപ്രദേശം ഉൾപ്പെടെ ഫ്രാൻസിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളുടെ നിയന്ത്രണം നാസികൾ ഏറ്റെടുക്കുകയും ചെയ്തു.
പക്ഷേ അപ്പോഴേക്കും സോവിയറ്റ് യൂണിയൻ അവരുടെ തന്ത്രങ്ങളും സൈനികശക്തിയുംകൊണ്ടു സജ്ജമായിരുന്നു. ഫാസിസ്റ്റ് ആക്രമണത്തെ ചെറുക്കാൻ സ്റ്റാലിൻ മുഴുവൻ സോവിയറ്റ്ജനതയെയും ഉണർത്തി. സ്റ്റാലിനെ റെഡ് ആർമിയുടെ സുപ്രീം കമാൻഡറായി നിയമിച്ചപ്പോൾ, സോവിയറ്റ് യൂണിയനെ വിജയത്തിലേക്കു നയിക്കാൻ അദ്ദേഹം യുദ്ധതന്ത്രങ്ങൾ കൃത്യതയോടെ പഠിക്കാൻ തുടങ്ങി. തുടക്കത്തിൽ, ജർമ്മൻ പട്ടാളക്കാർക്ക് അവരുടെ പെട്ടെന്നുള്ള അപ്രതീക്ഷിത ആക്രമണത്തിൽ സോവിയറ്റ് യൂണിയന്റെ ഉൾപ്രദേശത്തേക്കു കടക്കാൻ കഴിഞ്ഞു. ഒന്നര അല്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ സോവിയറ്റ് യൂണിയനെ ‘അവസാനിപ്പിക്കാൻ’ കഴിയുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ തങ്ങൾക്ക് എത്രമാത്രം തെറ്റിപ്പോയി എന്നവർക്ക് താമസിയാതെ മനസ്സിലായി.
പ്രതിരോധത്തിലേക്കു മാത്രമല്ല, വിജയത്തിലേക്കു മുന്നേറാനും എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘‘ഇത് മുഴുവൻ ജനങ്ങളുടെയും യുദ്ധമാണ്…. അജയ്യമായ സൈന്യങ്ങളില്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല. അപ്രതീക്ഷിത ആക്രമണങ്ങളിലൂടെ ജർമ്മനി പ്രധാനപ്പെട്ട സൈനികനേട്ടം നേടിയിരുന്നു, പക്ഷേ രക്തദാഹിയായ ആക്രമണകാരിയായി സ്വയം വെളിപ്പെടുത്തി അവർക്ക് രാഷ്ട്രീയനഷ്ടം ഉണ്ടായിട്ടുണ്ട്. റെഡ് ആർമി സോവിയറ്റ് മണ്ണിന്റെ ഓരോ ഇഞ്ചിനും വേണ്ടി പോരാടണം, പക്ഷേ പിൻവാങ്ങാൻ നിർബന്ധിതമായാൽ വിലപ്പെട്ടതൊന്നും ശത്രുവിന് കിട്ടാത്തവണ്ണം നശിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ യുദ്ധം ജനാധിപത്യസ്വാതന്ത്ര്യത്തിനായുള്ള യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങളുടെ പോരാട്ടങ്ങളുമായി ഒന്നുചേരും.’’ (അന്ന ലൂയിസ് സ്ട്രോങ്ങിന്റെ ‘സ്റ്റാലിൻ യുഗം’) അതനുസരിച്ച്, സോവിയറ്റ് ആർമിയും ജനങ്ങളും തുടക്കത്തിൽത്തന്നെ പ്രദേശങ്ങൾ ഒഴിപ്പിച്ചിരുന്നു. അവരുടെ വീടും സൗകര്യങ്ങളും ഉപേക്ഷിച്ചു പിൻവാങ്ങുമ്പോൾ, ജർമ്മൻ സൈന്യത്തിന് ഭക്ഷണം ലഭിക്കുന്നതു തടയാൻ എല്ലാ വിളകളും കത്തിക്കുകയും കുളങ്ങളിൽ വിഷം കലർത്തുകയും ചെയ്തു. ജർമ്മൻ സൈന്യത്തിന്റെ കടന്നുവരവ് താമസിപ്പിക്കാൻ പാലങ്ങൾ, റെയിൽവേ ലൈനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയുംചെയ്തു. തുടർന്ന് റെഡ് ആർമി അവരെ പിന്നിൽനിന്ന് വളഞ്ഞു. അത് സ്റ്റാലിന്റെ ഒരു സമർത്ഥമായ തന്ത്രമായിരുന്നു.
മറുവശത്ത്, സോവിയറ്റ് യൂണിയന്റെ ചെറുത്തുനിൽപ്പ് ഒരു മാസത്തെ മിന്നലാക്രമണത്തിൽ തകർക്കപ്പെടുമെന്നാണ് ബ്രിട്ടനും അമേരിക്കയും കരുതിയത്. എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷം യുഎസ്എ സമ്മതിച്ചു: ‘‘ജർമ്മനി ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പ് റഷ്യക്കാർ നടത്തിയിട്ടുണ്ട്.’’ ആറ് ആഴ്ചകൾക്കുള്ളിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിൽ റെഡ് ആർമിയുടെ ‘മഹത്തായ സമർപ്പണത്തെ’പ്രശംസിക്കുകയും അവരുടെ സൈനികനടപടിയുടെ കാര്യക്ഷമതയെ പ്രകീർത്തിക്കുകയും ചെയ്തു. സോവിയറ്റ് ഭൂമിയിലെ ജർമ്മൻ അധിനിവേശത്തിനും പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ബോംബാക്രമണത്തിനും ശേഷമാണ് ബ്രിട്ടനും യുഎസ്എയും യുഎസ്എസ്ആറുമായി കൈകോർത്തത് എന്നത് ശ്രദ്ധേയമാണ്.
കിഴക്കൻഭാഗത്തേക്കുള്ള ജർമ്മനിയുടെ പൂർണ്ണശ്രദ്ധയെ തടയുന്നതിനായി പടിഞ്ഞാറൻമേഖലയിൽ ഒരു രണ്ടാംമുന്നണി തുറക്കണമെന്ന് സ്റ്റാലിൻ സഖ്യകക്ഷികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ നാസികൾ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച ‘സഖ്യകക്ഷികൾ’, യൂറോപ്പിൽ രണ്ടാംമുന്നണി തുറക്കുന്നത് യുദ്ധത്തിന്റെ അവസാന നാളുകൾവരെ മാറ്റിവച്ചു, യുദ്ധത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ എല്ലാത്തരം തന്ത്രങ്ങളും പയറ്റി. അങ്ങനെ, സോവിയറ്റ് യൂണിയൻ ഫാസിസ്റ്റുകളുടെ (ജർമ്മനി-ഇറ്റലി-ജപ്പാൻ) സംയുക്തസൈനികശക്തിക്കെതിരെ ഒറ്റയ്ക്ക് പോരാടുകയായിരുന്നു. പിന്നീട്, ആദ്യഘട്ടത്തിൽ റെഡ് ആർമിയുടെ താൽക്കാലിക തിരിച്ചടിക്കുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റാലിൻ ഇങ്ങനെ നിരീക്ഷിച്ചു: ‘‘ജർമ്മൻ ഫാസിസ്റ്റ് സൈന്യത്തിനെതിരെ യൂറോപ്പിൽ ഒരു രണ്ടാംമുന്നണിയുടെ അഭാവമാണ് റെഡ് ആർമിയുടെ തിരിച്ചടികൾക്ക് ഒരു കാരണം. നിലവിൽ യൂറോപ്യൻ ഭൂഖണ്ഡത്തിൽ ജർമ്മൻ ഫാസിസ്റ്റ് സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗ്രേറ്റ് ബ്രിട്ടന്റെയോ അമേരിക്കയുടെയോ സൈന്യങ്ങളൊന്നുമില്ല എന്നതാണ് വസ്തുത, അതിന്റെ ഫലമായി ജർമ്മനി തങ്ങളുടെ സൈന്യത്തെ വിഭജിക്കാനും പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ ഒരേസമയം രണ്ടു മുന്നണികളിൽ യുദ്ധം ചെയ്യാനും നിർബന്ധിതരല്ല.’’ (നമ്മുടെ മഹത്തായ ദേശാഭിമാനയുദ്ധം)
സ്റ്റാലിൻഗ്രാഡ് യുദ്ധവും നാസിജർമ്മനിയുടെ അവസാന പരാജയവും
ലോകം കണ്ടതിൽവച്ച് ഏറ്റവും തീക്ഷ്ണമായ യുദ്ധമായ സ്റ്റാലിൻഗ്രാഡ് യുദ്ധം പിന്നീടാരംഭിച്ചു. സ്റ്റാലിൻ ഇത് ഇങ്ങനെ വിവരിച്ചു: ‘‘റെഡ് ആർമി കമാൻഡിന്റെ ശരിയായ തന്ത്രവും മുന്നണിയിലെ നമ്മുടെ കമാൻഡർമാരുടെ വഴക്കമുള്ള അടവുകളുംകൊണ്ടു മാത്രമാണ് സ്റ്റാലിൻഗ്രാഡിനു സമീപം 3,30,000 പേരടങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ജർമ്മൻസൈനികരുടെ വലിയ സംഘത്തെ വളയുകയും പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ സാധിച്ചത്… ഖാർകോവ് മേഖലയിലെ സോവിയറ്റ് സൈനികരെ വളയാനും തങ്ങൾക്കായി ഒരു ‘ജർമ്മൻ സ്റ്റാലിൻഗ്രാഡ് ’ ക്രമീകരിക്കാനും കഴിയുമെന്ന് ജർമ്മൻകാർ പ്രതീക്ഷിച്ചു. സ്റ്റാലിൻഗ്രാഡ് യുദ്ധത്തിനു പകരംവീട്ടാനുള്ള ഹിറ്റ്ലറുടെ കമാൻഡിന്റെ ശ്രമം പരാജയപ്പെട്ടു. സ്റ്റാലിൻഗ്രാഡ് യുദ്ധം ജർമ്മൻ ഫാസിസ്റ്റ് സൈന്യത്തിന്റെ തകർച്ചയെ മുൻകൂട്ടി കണ്ടിരുന്നെങ്കിൽ, കുർസ്ക് യുദ്ധം അതിനെ ദുരന്തത്തിന്റെ വക്കിലെത്തിച്ചു… നമ്മുടെ സൈന്യം വിദേശകൊള്ളക്കാരുടെ കൂട്ടത്തെ തടഞ്ഞു. സ്റ്റാലിൻഗ്രാഡിൽ അവരെ പരാജയപ്പെടുത്തിയശേഷം പടിഞ്ഞാറോട്ട് അവരെ മുൻപിൻനോക്കാതെ ഓടിച്ചു… അത്ഭുതങ്ങൾ കാണിക്കാനും ഏറ്റവും കഠിനമായ പരീക്ഷണങ്ങളിൽനിന്നു വിജയകരമായി പുറത്തുവരാനും കഴിവുള്ളവരാണ് സോവിയറ്റ് ജനത എന്നു നമ്മുടെ ദേശാഭിമാനയുദ്ധം തെളിയിച്ചിട്ടുണ്ട്. ശത്രുവിന്റെ പരാജയം വേഗത്തിലാക്കാനും ഫാസിസ്റ്റുകൾ നശിപ്പിച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിനും നമ്മുടെ രാജ്യത്തെ എന്നത്തേക്കാളും ശക്തവും സമ്പന്നവുമാക്കുന്നതിനുമുള്ള നിശ്ചയദാർഢ്യം തൊഴിലാളികളിലും കൂട്ടു കൃഷിക്കളങ്ങളിലെ കർഷകരിലും സോവിയറ്റ് ബുദ്ധിജീവികളിലും മുഴുവൻ സോവിയറ്റ്ജനങ്ങളിലും നിറഞ്ഞിരിക്കുകയാണ്. ചുവപ്പുസൈന്യത്തിന്റെ പ്രഹരത്തിൽ ഫാസിസ്റ്റ് രാഷ്ട്രങ്ങളുടെ സംഘം പിളരുകയും തകർന്നടിയുകയും ചെയ്യുന്നു… സ്വന്തം രാജ്യം ജർമ്മൻകാർ കൈവശപ്പെടുത്തിയതോ കൈവശം വച്ചിരിക്കുന്നതോ ആയ ഹിറ്റ്‌ലറുടെ ആശ്രിതർക്ക് ജർമ്മനി യുദ്ധം തോറ്റിരിക്കുന്നു എന്നിപ്പോൾ കാണാതിരിക്കാനാവില്ല.’’ (അതേ കൃതി)
ഫാസിസ്റ്റ് അച്ചുതണ്ടിനെതിരായ സോവിയറ്റ് വിജയത്തിനു കാരണം സ്റ്റാലിന്റെ ഉജ്ജ്വലമായ നേതൃത്വം
ഫാസിസ്റ്റ് ജർമ്മനിയുടെയും ഇറ്റലിയുടെയും പരാജയവും തുടർന്ന് ജപ്പാന്റെ കീഴടങ്ങലും സാധ്യമാക്കിയത് രണ്ട് കോടിയോളം പേരുടെ വിലയേറിയ ജീവൻ ത്യജിച്ച് സോവിയറ്റ് ജനത നടത്തിയ ധീരവും ദൃഢനിശ്ചയത്തോടെയുമുള്ള പോരാട്ടമാണ്. വീണ്ടും, സ്റ്റാലിന്റെ വാക്കുകളിൽ: ‘‘ലോകഫാസിസത്തിന്റെ രണ്ട് പ്രഭവകേന്ദ്രങ്ങൾ…പടിഞ്ഞാറു ജർമ്മനിയും കിഴക്കു ജപ്പാനും … ആണ് രണ്ടാം ലോകമഹായുദ്ധം അഴിച്ചുവിട്ടത്. മനുഷ്യരാശിയെയും നാഗരികതയെയും നാശത്തിന്റെ വക്കിലെത്തിച്ചത് അവരാണ്… ഈ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു… അതിന്റെ ഫലമായി ജർമ്മനി കീഴടങ്ങാൻ നിർബന്ധിതരായി. ജർമ്മനിയുടെ പ്രധാന സഖ്യകക്ഷിയായ ജപ്പാനും കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിടാൻ നിർബന്ധിതരായി. ഇത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തെ സൂചിപ്പിക്കു ന്നു… റെഡ് ആർമിക്ക് നമ്മുടെ രാജ്യത്തോടുള്ള കടമ വിജയകരമായി നിർവഹിക്കാനും നമ്മുടെ സോവിയറ്റ് പ്രദേശത്തിന്റെ അതിർത്തികളിൽനിന്ന് ജർമ്മനിയെ പുറത്താക്കാനും കഴിഞ്ഞത് പിന്നണിയിൽനിന്ന്, നമ്മുടെ രാജ്യത്തെ എല്ലാ ജനങ്ങളിൽ നിന്നും ലഭിച്ച അർപ്പിതമായ പിന്തുണ മൂലമാണ്. കഴിഞ്ഞ വർഷം എല്ലാ സോവിയറ്റ് ജനതയുടെയും – തൊഴിലാളികളുടെയും, കർഷകരുടെയും, ബുദ്ധിജീവികളുടെ യും – ആത്മത്യാഗപരമായ അധ്വാനത്തിന്റെയും നമ്മുടെ ഗവൺമെന്റിന്റെയും പാർട്ടി സംഘടനകളുടെയും നേതൃത്വപരമായ പ്രവർത്തനങ്ങളുടെയും മുദ്രാവാക്യമിതാ യിരുന്നു, ‘എല്ലാം മുന്നണിക്ക് വേണ്ടി!’ ’’ (അതേ കൃതി)
1941 ഒക്ടോബറിൽ മോസ്കോ നാസി സൈന്യത്തിന്റെ ഉപരോധത്തിലായിരുന്നപ്പോൾ, ഭീകരമായ നാസിയുദ്ധസന്നാഹങ്ങളാൽ അമർച്ച ചെയ്യപ്പെട്ട റെഡ് ആർമിയെയും സോവിയറ്റ് ജനതയെയും ഉത്തേജിപ്പിക്കാൻ സ്റ്റാലിൻ ബോൾഷെവിക് പാർട്ടി കേഡർമാരെ പ്രേരിപ്പിച്ചു. സോവിയറ്റ് ജനത സ്റ്റാലിന്റെ നേതൃത്വത്തിൽ ഉറച്ച ബോദ്ധ്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ആത്മവിശ്വാസവും നേടി. അതിനെ ആദരിച്ചുകൊണ്ട്, സ്റ്റാലിൻ തന്റെ സഖാക്കളുടെ ഉപദേശത്തെ നിരാകരിച്ചുകൊണ്ട് റെഡ് ആർമിയെയും സാധാരണ സോവിയറ്റ് ജനതയെയും പ്രചോദിപ്പിക്കുന്നതിനായി മോസ്കോയിൽത്തന്നെ തുടർന്നു.
മറ്റൊരുസംഭവം സൂചിപ്പിക്കേണ്ടതാണ്. 1941ൽ ജർമ്മൻസൈന്യം ലെനിൻഗ്രാഡിനെ എല്ലാ വശങ്ങളിൽനിന്നും വളഞ്ഞപ്പോൾ, പ്രധാന ഭൂപ്രദേശവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ലെനിൻഗ്രാഡിൽ കരമാർഗ്ഗം പ്രവേശിക്കാൻ കഴിയാത്തതിനാൽ, നഗരത്തെ രക്ഷിക്കാൻ സ്റ്റാലിൻ മാർഷൽ ഷുക്കോവിനെ വിമാനമാർഗം അയച്ചു. സ്റ്റാലിന്റെ അഭ്യർത്ഥനയോടു പ്രതികരിച്ചുകൊണ്ട്, റെഡ് ആർമി മാത്രമല്ല, എല്ലാ സ്ത്രീപുരു ഷന്മാരും ചെറുപ്പക്കാരും പ്രായമായവരും, കുട്ടികളും, ആശുപത്രിക്കിടക്കകളിൽ നിന്നുള്ള രോഗികൾപോലും ലെനിൻഗ്രാഡിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്കുചേരാനെത്തി. അർദ്ധരാത്രിയോടെ മാർഷൽ ഷുക്കോവിന് സ്റ്റാലിനിൽനിന്ന് ഒരു ഫോൺകോൾ ലഭിച്ചു. സ്റ്റാലിൻ ചോദിച്ചു: “നിങ്ങൾക്ക് ലെനിൻഗ്രാഡിനെ രക്ഷിക്കാൻ കഴിയുമോ?” ഷുക്കോവ് അനുകൂലമായി ഉത്തരം നൽകി. സ്റ്റാലിൻ പറഞ്ഞു:
“ഒരു കമ്മ്യൂണിസ്റ്റിനെപ്പോലെ എനിക്ക് ഉത്തരം നൽകുക”. “അതെ”, ഫാസിസ്റ്റ് ശക്തികളെ ചെറുക്കുന്നതിലൂടെ ധീരരായ റെഡ് ആർമിയും ജനങ്ങളുമാണ് ആ ഉത്തരം നൽകിയത്. ‘ലെനിൻഗ്രാഡ് ’—ഈ പേര് സോവിയറ്റ് ജനതയുടെയും, ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളുടെയും, തൊഴിലാളിവർഗ്ഗത്തിന്റെയും മനസ്സിൽ എത്ര വൈകാരികമായ തന്ത്രികളെയാണ് മീട്ടുന്നത്.
സ്റ്റാലിൻ എപ്പോഴാണ് ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു എന്നാണ് യുദ്ധസമയത്തെ സ്റ്റാലിന്റെ പങ്കിനെപ്പറ്റി അനുസ്മരിക്കുമ്പോൾ ഷുക്കോവ്പറഞ്ഞത്. അദ്ദേഹം രണ്ടോ മൂന്നോ മണിക്കൂർപോലും ഉറങ്ങിയില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്ന വിധത്തിൽ, സ്റ്റാലിൻ ഒരിക്കലും ഒരു തീരുമാനവും ഒറ്റയ്ക്ക് എടുത്തില്ല. അദ്ദേഹം എല്ലാവരുമായും, ചിലപ്പോൾ മുന്നണിയിലുള്ള സൈനികോദ്യോഗസ്ഥരുമായി നേരിട്ടുപോലും സംസാരിച്ച്, സമവായത്തിലൂടെ തീരുമാനങ്ങൾ എടുക്കുമായിരുന്നു. “അദ്ദേഹം ഉപദേശങ്ങൾ കൂടുതൽ ശ്രദ്ധയോടെ കേട്ടു. ഉപദേശം കേൾക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും സൈനികസാഹചര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും തമ്മിൽ ഒരു ബന്ധം ഉണ്ടായിരുന്നു. ആദ്യത്തേത് രണ്ടാമത്തേതിന് കാരണമായി, രണ്ടാമത്തേത് ആദ്യത്തേതിനെ ശക്തിപ്പെടുത്തി… സൈനികവും തന്ത്രപരവുമായ സ്വഭാവമുള്ള വിഷയങ്ങളിൽ അദ്ദേഹം മാത്രമാണു തീരുമാനങ്ങൾ എടുത്തത് എന്ന ധാരണ സ്റ്റാലിന്റെ മരണശേഷം നിലവിൽ വന്നു. ഇതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ നല്ല അറിവുള്ള ഒരാൾ അദ്ദേഹത്തിനു റിപ്പോർട്ട് നൽകുമ്പോൾ, അദ്ദേഹം അത് ശ്രദ്ധിക്കുമെന്ന് ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്. മുമ്പു തീരുമാനങ്ങളെടുത്ത വിഷയങ്ങളിൽപ്പോലും അദ്ദേഹം മനസ്സുമാറ്റിയ സംഭവങ്ങളെക്കുറിച്ച് എനിക്കറിയാം” ഷുക്കോവ് പറഞ്ഞു. അദ്ദേഹം വീണ്ടും കൂട്ടിച്ചേർക്കുന്നു. “മൂർച്ചയുള്ള ചോദ്യങ്ങളോടോ തന്നോടു തർക്കിക്കുന്നവരോടോ എതിർപ്പ് പ്രകടിപ്പിക്കുന്ന ആളല്ല സ്റ്റാലിനെന്ന് യുദ്ധകാലത്ത് എനിക്ക് മനസ്സിലായിട്ടുണ്ട്. ആരെങ്കിലും തിരിച്ചു പറയുന്നുണ്ടെങ്കിൽ അയാൾ ഒരു നുണയനാണ്.” (ഓർമ്മപ്പെടുത്തലുകളും ചിന്തകളും, മാർഷൽ ഷുക്കോവ്, വാല്യം 1)
കിഴക്കൻയൂറോപ്യൻ രാജ്യങ്ങളെ സോഷ്യലിസ്റ്റ് രാജ്യങ്ങളാകാൻ സഹായിക്കുകയും അപ്പോൾ ഗണ്യമായി ദുർബലപ്പെട്ടി രുന്ന ജപ്പാനെതിരെ പ്രത്യാക്രമണം നടത്താൻ ഒരുങ്ങുകയും ചെയ്ത റെഡ് ആർമി, ബെർലിൻ പിടിച്ചെടുക്കാൻ ഒരുങ്ങുമ്പോഴാണ്, ഫാസിസ്റ്റ് അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തിയതിന്റെ ഖ്യാതി കരസ്ഥമാക്കാൻ അമേരിക്ക 1945 ആഗസ്റ്റ് 6, 9 തീയതികളിൽ യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വർഷിച്ച് രണ്ടുലക്ഷത്തിലധികം നിരപരാധികളായ ജപ്പാൻ പൗരന്മാരെ കൊന്നൊടുക്കിയത്. എന്നാൽ സ്റ്റാലിന്റെ നേതൃത്വത്തിൽ, ഹിറ്റ്ലറുടെ ഫാസിസത്തെ തകർത്ത റെഡ് ആർമിയുടെ മഹത്വത്തിന് മങ്ങലേൽപ്പിക്കാൻ അതിന് കഴിഞ്ഞില്ല.
ലോകം പ്രശംസ ചൊരിയുന്നു
ഫാസിസ്റ്റ് അച്ചുതണ്ടിനെതിരെ സോവിയറ്റ് യൂണിയന്റെ ഈ അഭിമാനകരമായ വിജയം ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ് മേധാവിത്വത്തിന്റെ അന്തസ്സും സ്വീകാര്യതയും വർദ്ധിപ്പിച്ചു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രാേത്സാഹനം നൽകി. എല്ലാ പ്രമുഖവ്യക്തികളും സ്റ്റാലിനെയും സോവിയറ്റ് ജനങ്ങളെയും പ്രശംസിച്ചു . റൊമെയ്ൻ റോളണ്ട് എഴുതി, “അൽപ്പം ഗൗരവമുള്ളതാണെങ്കിലും പതറാത്ത, നേരാ യ, എല്ലായ്‌പ്പോഴും ശരിയായ അദ്ദേഹത്തിന്റെ ധിഷണ എപ്പോഴും ജാഗ്രത പുലർത്തുന്നു. ഏതു തീരുമാനവും എടുക്കുന്നതിനുമുമ്പ് ഈ ബുദ്ധി പതറുന്നില്ല. വളച്ചുകെട്ടി എന്തെങ്കിലും പറയുന്ന ശീലം അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ നയതന്ത്രത്തിൽ ഒരു വക്രതയും ഉൾപ്പെടുന്നില്ല,സ്തുതിഗീതത്തിനും പ്രശംസയ്ക്കും സ്ഥാനമില്ല… അദ്ദേഹത്തിന്റെ സഹജപ്രകൃതമെന്ന എടുപ്പിന്റെ മൂലക്കല്ല് മൂർച്ചയുള്ള യുക്തിബോധം, അതിരുകളില്ലാത്ത ക്ഷമ, മനഃശക്തി, അജയ്യമായ ചൈതന്യം, അറിവ് എന്നിവയിലാണെന്ന് എനിക്കു തോന്നുന്നു… മനുഷ്യവികാരങ്ങളെ ബഹുമാനിച്ചുകൊണ്ടും തൊഴിലാളിവർഗ്ഗ ജനാധിപത്യത്തെക്കുറിച്ചുള്ള യഥാർത്ഥ ധാരണ വികസിപ്പിക്കുന്നതിനായി സോവിയറ്റ് യൂണിയനെ കമ്മ്യൂണിസ്റ്റ് സാർവ്വദേശീയതയിലേക്ക് നയിച്ചുകൊണ്ടും, സ്റ്റാലിൻ റഷ്യയുടെയും ലോകജനതയുടെയും ചരിത്രത്തിൽ ക്ലാസിക്കൽ യുഗത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുന്നു.” (മോസ്കോ ഡയറി) അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “സോവിയറ്റ് യൂണിയന്റെ പ്രവർത്തനങ്ങ ളിൽ ഞാൻ വിശ്വസിക്കുന്നു. എന്റെ ശരീരത്തിൽ ശ്വാസം ഉള്ളിടത്തോളംകാലം ഞാൻ അതിനെ സംരക്ഷിക്കും.” (ഞാൻ വിശ്രമിക്കില്ല)
20-ാം നൂറ്റാണ്ടിലെ മറ്റൊരു പ്രമുഖ മാനവവാദിയും ബുദ്ധിജീവിയും നാടകകൃത്തുമായ ജോർജ്ജ് ബെർണാഡ് ഷാ സ്റ്റാലിനെയും സാമ്രാജ്യത്വലോകത്തെ അന്നത്തെ രാഷ്ട്രതന്ത്രജ്ഞരെയും താരതമ്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു, “സ്റ്റാലിൻ സവിശേഷ അനുഭവപരിചയമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനാണ്, അദ്ദേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ, പൊള്ളവാക്കുകളും സാങ്കൽപ്പികചരിത്രങ്ങളും കാലഹരണപ്പെട്ട ചടങ്ങുകളും കൊണ്ട്, സ്വയംപ്രേരിതവും ദുഷ്ടവുമായ ഒരു വ്യവസ്ഥയിൽ തൂങ്ങിക്കിടക്കുന്ന, പാശ്ചാത്യശക്തികളുടെ ഭരണാധികാരികൾ പഴകിയ മെഴുകുശില്പങ്ങളിലെ ദുർബ്ബലരൂപങ്ങളുടെ നിരപോലെ തോന്നുന്നു.”(ജിബി ഷാ, എച്ച് പിയേഴ്സൺ—എ പോസ്റ്റ്‌സ്ക്രിപ്റ്റ്, കോളിനിസ്, 1951). “പത്തുവർഷം മുമ്പ് ഒരു പരിധിവരെ അസാധ്യമെന്ന് തോന്നിയ കാര്യങ്ങൾ സ്റ്റാലിൻ സാധിച്ചെടുത്തു; അദ്ദേഹത്തിനു മുന്നിൽ ഞാൻ വണങ്ങുന്നു.” (രാഷ്ട്രീയ സംരക്ഷണവും ക്ലാസിക്കൽ ലിബറലിസവും- ബർണാർഡ് ഷാ)
ജീവിതത്തിന്റെ അവസാനനാളുകളിൽ, ഗുരുതരരോഗബാധിതനായി കിടപ്പിലായ രവീന്ദ്രനാഥ ടാഗോർ പറഞ്ഞു – “റഷ്യ വിജയിച്ചാൽ ഞാൻ ഏറ്റവും സന്തോഷവാനായായിരിക്കും.” “എല്ലാ ദിവസവും രാവിലെ, യുദ്ധത്തിന്റെ ദൈനംദിന വാർത്തകൾ അറിയാൻ അദ്ദേഹം കാത്തിരിക്കുമായിരുന്നു. റഷ്യയുടെ അവസ്ഥ മോശമായാൽ, അദ്ദേഹത്തിന്റെ മുഖം വിളറി, പത്രം വലിച്ചെറിയുമായിരുന്നു. ഓപ്പറേഷൻ ദിവസം, രാവിലെ ഓപ്പറേഷന് അര മണിക്കൂർ മുമ്പ്, ഞാൻ അദ്ദേഹവുമായി അവസാനമായി സംസാരിച്ചപ്പോൾ, അദ്ദേഹം ചോദിച്ചു – ‘റഷ്യയുടെ വാർത്ത പറയൂ’ അത് അൽപ്പം മെച്ചപ്പെട്ടതായി തോന്നുന്നു എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു, അവർക്കു ജർമ്മൻകാരെ അകറ്റിനിർത്താൻ കഴിഞ്ഞിരിക്കാം. അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു, അദ്ദേഹം പറഞ്ഞു: ‘അതു സംഭവിക്കുമെന്ന് ഉറപ്പായിരുന്നു, അവർക്കു മാത്രമേ അതു ചെയ്യാൻ കഴിയൂ, അവർ വിജയിക്കും’.” (കവികഥ—പ്രശാന്തചന്ദ്ര മഹലനോബിസ്, വിശ്വഭാരതി പത്രിക, ബംഗാളി വർഷം 1350)
മഹാനായ മാനവവാദചലച്ചിത്രപ്രതിഭ ചാർളി ചാപ്ലിൻ രണ്ടാം ലോകയുദ്ധത്തിന്റെ സമയത്തു പറഞ്ഞു: “സഖാക്കളേ! ഞാൻ സഖാക്കളേ എന്നു തന്നെയാണു പറയുന്നത്. ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ല, ഞാൻ ഒരു മനുഷ്യനാണ്, മനുഷ്യരുടെ പ്രതികരണങ്ങൾ എനിക്കറിയാമെന്ന് ഞാൻ കരുതുന്നു. കമ്മ്യൂണിസ്റ്റുകാർ മറ്റാെരാളിൽനിന്നും വ്യത്യസ്തരല്ല; അവർക്ക് ഏതെങ്കിലും കൈയോ കാലോ നഷ്ടപ്പെട്ടാലും, അവർ നമ്മളെല്ലാവരും അനുഭവിക്കുന്നതുപോലെ കഷ്ടപ്പെടുകയും നമ്മളെല്ലാവരും മരിക്കുന്നതുപോലെ മരിക്കുകയും ചെയ്യും.ഒരു കമ്മ്യൂണിസ്റ്റ് അമ്മ മറ്റേതൊരു അമ്മയെയും പോലെയാണ്. തന്റെ മക്കൾ തിരിച്ചുവരില്ല എന്ന ദാരുണമായ വാർത്ത ലഭിക്കുമ്പോൾ, മറ്റ് അമ്മമാർ കരയുന്നതുപോലെ അവൾ കരയുന്നു. അത് അറിയാൻ ഞാൻ ഒരു കമ്മ്യൂണിസ്റ്റാകേണ്ടതില്ല. അത് അറിയാൻ ഞാൻ ഒരു മനുഷ്യനായിരുന്നാൽ മതി. ഈ നിമിഷം റഷ്യൻ അമ്മമാർ ധാരാളം കരയുന്നു, അവരുടെ മക്കളിൽ അനേകംപേർ മരിക്കുന്നു. റഷ്യയിലെ യുദ്ധക്കളങ്ങളിൽ, ജനാധിപത്യം ജീവിക്കും അല്ലെങ്കിൽ മരിക്കും..!”(എന്റെ ആത്മകഥ)
സ്റ്റാലിനുമായുള്ള സംഭാഷണത്തിൽ വളരെ മതിപ്പു തോന്നിയ, യുഎസ് അംബാസഡർ ജോസഫ് ഡേവിസ് തന്റെ മകൾക്ക് എഴുതിയ ഒരു കത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു, “പതറാത്തതും വിവേകമുള്ളതുമായ ശക്തമായ ഒരു മനസ്സിന്റെ ഒരു പ്രതീതി അദ്ദേഹം(സ്റ്റാലിൻ) നൽകുന്നു, തവിട്ടുനിറമുള്ള അദ്ദേഹത്തിന്റെ കണ്ണ് കരുണാർദ്രവും സൗമ്യവുമാണ്. അദ്ദേഹത്തിന്റെ മടിയിൽ ഇരിക്കാൻ കുട്ടികൾ ഇഷ്ടപ്പെടും… ഒരു കുസൃതിയുള്ള നർമ്മബോധമുണ്ട് അദ്ദേഹത്തിന്… അദ്ദേഹത്തിന് മഹത്വമേറിയ ഒരു മാനസികാവസ്ഥയുണ്ട്. അത് മൂർച്ചയുള്ളതും, കൗശലമുള്ളതും, എല്ലാറ്റിനുമുപരി വിവേകമുള്ളതുമാണ്…തീവ്ര സ്റ്റാലിനിസ്റ്റ് വിരുദ്ധർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനു നേർവിപരീതമായ ഒരു വ്യക്തിത്വത്തെ സങ്കൽപ്പിക്കാമെങ്കിൽ, ഈ മനുഷ്യനെ നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയും.” (മിഷൻ ടു മോസ്കോ)
“മെയ് 9, ഫാസിസ്റ്റ് വിരുദ്ധ വിജയദിനത്തെ, ഉചിതമായ രീതിയിൽ ഓർക്കുക! സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ഏതൊരാളും റെഡ് ആർമിയോട് കടപ്പെട്ടിരിക്കുന്നു, അത് ഒരിക്കലും തിരിച്ചുകൊടുക്കാൻ കഴിയില്ല”, പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ഈ വാക്കുകൾ, ഫാസിസത്തിനെതിരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് റെഡ് ആർമിയുടെ മഹത്തായ വിജയദിനത്തിന്റെ; 1945 മെയ് 9ന്റെ മുഴുവൻ പ്രാധാന്യവും ഉൾക്കൊള്ളുന്നു.
1945 ജൂൺ 22ന് മോസ്കോയിൽ സംഘടിപ്പിച്ച വിജയദിന പരേഡിൽ സ്റ്റാലിൻ സല്യൂട്ട് സ്വീകരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നപ്പോൾ, പകരം ഷുക്കോവിനോട് അതുചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. വിജയപരേഡിന്റെ തലേദിവസം സ്റ്റാലിനുമായി നടന്ന സംഭാഷണം ഷക്കോവ് തന്റെ റിമിനിസെൻസസ് ആൻഡ് റിഫ്ലക്ഷൻസ് എന്ന പുസ്തകത്തിൽ വിവരിക്കുന്നു—“കുതിരസവാരി ചെയ്യാൻ ഞാൻ മറന്നോ എന്നദ്ദേഹം എന്നോടു ചോദിച്ചു. ‘ഇല്ല, ഞാൻ മറന്നിട്ടില്ല’, ഞാൻ മറുപടി നൽകി. ‘ശരി’, സ്റ്റാലിൻ പറഞ്ഞു, ‘വിജയദിന പരേഡിൽ നിങ്ങൾ സല്യൂട്ട് സ്വീകരിക്കേണ്ടിവരും, റോക്കോസോവ്സ്കി കമാന്റ് ചെയ്യും’. ഞാൻ മറുപടി പറഞ്ഞു, ‘മഹത്തായ ബഹുമതിക്ക് നന്ദി, പക്ഷേ താങ്കൾ സല്യൂട്ട് സ്വീകരിക്കുന്നതല്ലേ നല്ലതായിരിക്കുക? താങ്കൾ കമാൻഡർ-ഇൻ-ചീഫാണ്, അവകാശവും കടമയും അനുസരിച്ച് അങ്ങു സല്യൂട്ട് സ്വീകരിക്കണം’. സ്റ്റാലിൻ പറഞ്ഞു— ‘പരേഡുകൾ പരിശോധിക്കാനുള്ള പ്രായമല്ല എനിക്ക്. താങ്കൾ അതു ചെയ്യൂ, താങ്കൾ ചെറുപ്പമാണ്’.”
വിജയ പരേഡ് ദിനത്തിൽ, രാവിലെ 10 മണിക്ക്, സോവിയറ്റ് യൂണിയന്റെ മാർഷൽമാരായ ഷുക്കോവും കെ.റോക്കോസോവ്സ്കിയും ഒരു വെളുത്തതും കറുത്തതുമായ രണ്ടു കുതിരകളുടെ പുറത്ത് റെഡ് സ്ക്വയറിൽ പ്രത്യക്ഷപ്പെട്ടു. ‘പരേഡ്, നിശ്ശബ്ദം!’ എന്ന കമാൻഡിന് ശേഷം, സ്ക്വയർ കരഘോഷത്താൽ നിറഞ്ഞു.
ഹിറ്റ്ലറുടെ ഫാസിസ്റ്റ് അച്ചുതണ്ടുസഖ്യത്തിനെതിരെ, ഉന്നതനായ മാർക്സിസ്റ്റ് നേതാവും ആചാര്യനും മഹാനായ ലെനിന്റെ യോഗ്യനായ വിദ്യാർത്ഥിയുമായ മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് റെഡ് ആർമി നേടിയ ചരിത്രവിജയത്തിന്റെ കഥയാണിത്.
ഹിറ്റ്‌ലർ-മുസോളിനി പരാജയപ്പെട്ടു പക്ഷേ ഫാസിസം നിലനിൽക്കുന്നു
ഹിറ്റ്‌ലർ-മുസോളിനി-ടോജോ അച്ചുതണ്ട് പരാജയപ്പെട്ടു, അവരുടെ ഫാസിസ്റ്റ് യുദ്ധസന്നാഹങ്ങൾ തകർക്കപ്പെടുകയും ചെയ്തു, എന്നിട്ടും ഫാസിസം പരാജയപ്പെട്ടിട്ടില്ല. 1923 ജൂലൈയിൽ നടന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ വിപുലീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഇങ്ങനെ വിശദീകരിക്കപ്പെട്ടു “ബൂർഷ്വാഭരണകൂടത്തിന്റെ പഴയ അരാഷ്ട്രീയ ഉപകരണങ്ങളായി (non-political apparatus) കരുതപ്പെടുന്ന സംവിധാനങ്ങൾ ബൂർഷ്വാസിക്ക് പര്യാപ്തമായ സംരക്ഷണം നൽകുന്നില്ല എന്നതിനാൽ ഫാസിസമെന്നത് ബൂർഷ്വാഭരണകൂടത്തിന്റെ അപചയത്തിന്റെ ഒരു സവിശേഷപ്രതിഭാസമാണ്. തൊഴിലാളിവർഗ്ഗത്തിനെതിരെ അവർ പ്രത്യേക വർഗ്ഗസമരസൈന്യങ്ങളെ സൃഷ്ടിക്കാൻ ആരംഭിച്ചു. ഫാസിസമാണ് ഈ സേനയെ നൽകുന്നത്.” (ആർ.പി.ദത്ത് എഴുതിയ ‘ദി ഇന്റർനാഷണലി’ൽ നിന്ന് ഉദ്ധരിച്ചത്.) അതേ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ജർമ്മനിയിലെ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവ് ക്ലാര സെറ്റ്കിൻ പറഞ്ഞു, “…റഷ്യയിൽ ആരംഭിച്ച വിപ്ലവം മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടതിന് പടിഞ്ഞാറൻ, മധ്യ യൂറോപ്പിലെ തൊഴിലാളിവർഗ്ഗത്തിനുള്ള ചരിത്രപരമായ ശിക്ഷയാണ് ഫാസിസം.”(മേൽ കൃതി)
1928ൽ കോമിന്റേണിന്റെ ആറാം കോൺഗ്രസിൽ ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ജോർജി ദിമിത്രോവ് ഫാസിസത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “ധനമൂലധനത്തിന്റെ ശക്തി തന്നെയാണത്. തൊഴിലാളിവർഗ്ഗത്തിനും കർഷകരുടെയും ബുദ്ധിജീവികളുടെയും വിപ്ലവകരമായ വിഭാഗത്തിനും എതിരായ തീവ്രവാദപ്രതികാരത്തിന്റെ സംഘടനയാണിത്. വിദേശനയത്തിൽ, ഫാസിസം അതിന്റെ ഏറ്റവും ക്രൂരമായ രൂപത്തിലുള്ള, മൃഗീയവിദ്വേഷം വളർത്തുന്ന ദേശീയഭ്രാന്താണ്… ഓരോ രാജ്യത്തിന്റെയും, ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളും, ദേശീയവും അന്തർദ്ദേശീയവുമായ സവിശേഷതകളും അനുസരിച്ച് വിവിധരാജ്യങ്ങളിൽ ഫാസിസത്തിന്റെയും ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെതന്നെയും വളർച്ച ഭിന്നരൂപങ്ങൾ കൈക്കൊള്ളും… അന്താരാഷ്ട്രപ്രതിവിപ്ലവത്തിന്റെ കുന്തമുനയായി, സാമ്രാജ്യത്വയുദ്ധത്തിന്റെ പ്രധാന കാരണക്കാരായി, ലോകത്തിലെ മുഴുവൻ അധ്വാനിക്കുന്ന ജനങ്ങളുടെയും മഹത്തായ പിതൃഭൂമിയായ സോവിയറ്റ് യൂണിയനെതിരായ കുരിശുയുദ്ധത്തിന്റെ തുടക്കക്കാരായി ജർമ്മൻ ഫാസിസം പ്രവർത്തിക്കുന്നു.” (ജോർജി ദിമിത്രോവ്, തിരഞ്ഞെടുത്ത കൃതികൾ, വാല്യം 2) മഹാനായ സ്റ്റാലിൻ ഫാസിസത്തെ നിർവചിച്ചത്, “സാമ്രാജ്യത്വത്തിന്റെ യുദ്ധാനന്തര പ്രതിസന്ധിയുടെ സാഹചര്യങ്ങളിൽ… തൊഴിലാളിവർഗ്ഗവിപ്ലവത്തെ നേരിടാൻ ഉദ്ദേശിച്ചുള്ള ബൂർഷ്വാസിയുടെ പോരാട്ടസംഘടന” എന്നാണ്. (അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ച്, തിരഞ്ഞെടുത്ത കൃതികൾ, വാല്യം 6)
എന്നാൽ, എസ്‌യുസിഐ(സി) സ്ഥാപകനും ഈ കാലഘട്ടത്തിലെ ഉന്നതനായ മാർക്സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്‌ദാസ് ഘോഷ്, പിന്തിരിപ്പൻ ബൂർഷ്വാസിയുടെ പുതിയ വർഗ്ഗ ആക്രമണമായി ഫാസിസത്തെ തിരിച്ചറിയുന്ന ഈ വിശദീകരണങ്ങളെ മറികടന്ന് ഇങ്ങനെ വിശദീകരിച്ചു, “…ഒരു മുൻകൂർനീക്കത്തിലൂടെ വിപ്ലവത്തെ തടയാൻ മുതലാളിത്തം ശ്രമിക്കുന്ന, ചരിത്രപരമായി പരുവപ്പെടുത്തപ്പെട്ട പ്രതിവിപ്ലവത്തിന്റെ ഒരു രൂപമാണ് ഫാസിസം. നിലവിലുള്ള വ്യവസ്ഥയ്‌ക്കെതിരായ ജനങ്ങളുടെ അസംതൃപ്തിയുടെ ഘട്ടത്തിൽ പ്രതിസന്ധി നിറഞ്ഞ, അരാജകത്വത്താൽ മുഖം നഷ്ടപ്പെട്ട മുതലാളിത്തക്രമത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുന്നതിനാണിതു രൂപകൽപ്പന ചെയ്തിരിക്കുന്നത്.” (കാലഘട്ടത്തിന്റെ ആഹ്വാനം, തിരഞ്ഞെടുത്ത കൃതികൾ വാല്യം II) അതിന്റെ ലക്ഷ്യം “ജനങ്ങളുടെ മാനസികപ്രക്രിയയെ ശാസ്ത്രീയമായ കാര്യകാരണബന്ധത്തിന്റെ പാതയിൽനിന്ന് അന്ധവിശ്വാസത്തിന്റെയും മുൻവിധിയുടെയും വിജ്ഞാനവിരുദ്ധതയുടെയും നിഗൂഢവഴിയിലേക്ക് മാറ്റുക, അന്തിമമായി സാമൂഹികപ്രവർത്തനത്തോടുള്ള വെറുപ്പു സൃഷ്ടിക്കുക…”എന്നതാണ്. (സോഷ്യലിസ്റ്റ് യൂണിറ്റി വാല്യം 1(പുതിയ പരമ്പര) ജൂലൈ 1, 1962)
തുടർന്നദ്ദേഹം ഫാസിസത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുന്നു, “…പ്രധാനമായും സാമ്പത്തികകേന്ദ്രീകരണം, ഭരണകൂടത്തിൽ രാഷ്ട്രീയാധികാരത്തിന്റെ പരമാവധി കേന്ദ്രീകരണം, ഭരണത്തിൽ കാർക്കശ്യം – ഇതെല്ലാം കൂടുതൽ കൂടുതൽ കുത്തകകളുടെ താൽപ്പര്യത്തെ ഭരണകൂടത്തിന്റെ താല്പര്യവുമായി താദാത്മ്യപ്പെടുത്തുന്നതിലേക്കും രാഷ്ട്രീയ – സാംസ്കാരിക ചിട്ടപ്പെടുത്തലിലേക്കും നയിക്കുന്നു.” (കാലഘട്ടത്തിന്റെ ആഹ്വാനം, തിരഞ്ഞെടുത്ത കൃതികൾ വാല്യം II) സാംസ്കാരികമായി ഫാസിസം “ആത്മീയത, വിജ്ഞാനവിരുദ്ധത, യുക്തിരഹിതമായ മനോഭാവം എന്നിവയും ശാസ്ത്രത്തിന്റെ സാങ്കേതികവശങ്ങളുമായുള്ള ഒരു സവിശേഷ ലയനമാണ് ” എന്ന് അദ്ദേഹം വിശദീകരിച്ചു.(സോഷ്യലിസ്റ്റ് ഐക്യം വാല്യം 1, നമ്പർ 9, സെപ്റ്റംബർ 1, 1951)
എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളുടെയും ഒരു പൊതുസവിശേഷതയായി ഫാസിസം മാറിയിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം വിശദീകരിച്ചു, “…ഫാസിസം ഒരു വാർപ്പുമാതൃകയും അവതരിപ്പിക്കുന്നില്ല. വ്യത്യസ്തരാജ്യങ്ങളിൽ പ്രാദേശികസാഹചര്യങ്ങളോടുചേരുന്ന രീതിയിൽ വ്യത്യസ്ത രൂപങ്ങൾ അതു സ്വീകരിച്ചിട്ടുണ്ട്. ചിലയിടത്തത് വ്യക്തിഗതസ്വേച്ഛാധിപത്യത്തിന്റെ രൂപം സ്വീകരിച്ചിട്ടുണ്ട്, ചിലയിടത്തത് ഒരു സൈനികഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യഭരണരൂപം സ്വീകരിച്ചിട്ടുണ്ട്, എന്നാൽ മറ്റു ചില രാജ്യങ്ങളിൽ പാർലമെന്റിനെസജീവമായി നിലനിർത്തിക്കൊണ്ട് അത് ജനാധിപത്യ വേഷം ധരിച്ചിട്ടുമുണ്ട്…” (കാലഘട്ടത്തിന്റെ ആഹ്വാനം, തിരഞ്ഞെടുത്ത കൃതികൾ, വാല്യം II)
വ്യക്തമായ ഈ വിശദീകരണത്തോടെ, ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകൾക്ക് ഫാസിസത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കുന്നു. ഇന്നു ലോകത്തിലെ നിരവധി യുദ്ധങ്ങൾ സ്ഥിരീകരിക്കുന്ന, “സാമ്രാജ്യത്വം യുദ്ധത്തിന് കാരണമാകുന്നു” എന്ന മഹാനായ ലെനിന്റെ പാഠംപോലെ, സഖാവ് ശിബ്‌ദാസ് ഘോഷ് നിരീക്ഷിച്ചത് ഇങ്ങനെയാണ്: “ഒരുവശത്ത് ദേശീയഭ്രാന്തിന്റെ വിഷം ഉപയോഗിച്ച് മനുഷ്യരെ ഉന്മത്തരാക്കുക, മറുവശത്ത് സോഷ്യലിസം, വിപ്ലവം, പുരോഗതി എന്നിവയെക്കുറിച്ചുള്ള അവ്യക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തുമ്പോൾത്തന്നെ കാലഹരണപ്പെട്ട പാരമ്പര്യവാദത്തെ വളർത്തുക – ഇവ മൂന്നും സംയോജിപ്പിക്കാൻ കഴിയുമെങ്കിൽ, യുക്തിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിൽ പരസ്പരചർച്ചകൾ നടത്താനുള്ള മനോഭാവം സമൂഹത്തിൽ ഇല്ലാതാകുമ്പോൾ ഒരു രാജ്യത്ത് ഫാസിസത്തിന്റെ ഉയർച്ചയ്ക്ക് അടിസ്ഥാനം ഒരുങ്ങും… ഫാസിസം ഉയർന്നുവരാനുള്ള സുവർണ്ണാവസരം ഇതുനൽകും… ഫാസിസം വേരൂന്നിയാൽ, മനുഷ്യൻ എന്ന് വിളിക്കപ്പെടാൻ യോഗ്യരായ വളരെക്കുറച്ചുപേർ മാത്രമേ രാജ്യത്ത് അവശേഷിക്കൂ. കാരണം മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയിൽ ഫാസിസം തടസ്സം സൃഷ്ടിക്കുന്നു.” (ഫാസിസവും ഇടതുജനാധിപത്യപ്രസ്ഥാനത്തിലെ ധാർമ്മിക നൈ തിക പ്രതിസന്ധിയും, തിരഞ്ഞെടുത്ത കൃതികൾ, വാല്യം IV)
1956ൽ സിപിഎസ്‌യുവിന്റെ 20-ാം കോൺഗ്രസിൽ, സ്റ്റാലിനോടുള്ള വ്യക്തിപൂജയ്‌ക്കെതിരെ പോരാടുന്നതിന്റെ പേരിൽ ക്രൂഷ്‌ചേവും സഹയാത്രികരും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ തുടങ്ങിയപ്പോൾ, അവർക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് സഖാവ് ശിബ്‌ദാസ് ഘോഷായിരുന്നു. പിന്നീട്, 22-ാം കോൺഗ്രസിൽ നടത്തിയ ഡീ-സ്റ്റാലിനൈസേഷൻ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രതിഭാസത്തെ വിശദമായി വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “…അദ്ദേഹത്തിന്റെ മുൻഗാമികളായ മാർക്‌സ്, ഏംഗൽസ്, ലെനിൻ എന്നിവരെപ്പോലെ, സ്റ്റാലിനും മാർക്‌സിസം-ലെനിനിസത്തിന്റെ ഒരു ആചാര്യനാണ്. സ്റ്റാലിനെ നിഷേധിക്കുക എന്നതിന്, അദ്ദേഹത്തിന്റെ ആധികാരികതയെയും തൽഫലമായി, മാർക്‌സിസം – ലെനിനിസത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണയായ ലെനിനിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനത്തെയും നിരസിക്കുക എന്ന അനിവാര്യഫലമായിരിക്കും ഉണ്ടാകുക. മാർക്സിസം-ലെനിനിസത്തിന്റെ വിപ്ലവാത്മകമായ ചൈതന്യത്തെ സംരക്ഷിക്കാൻ ട്രോട്‌സ്‌കി-ബുഖാറിൻ സംഘങ്ങൾക്കെതിരെ സ്റ്റാലിൻ നടത്തിയ നിരന്തര പോരാട്ടത്തിന്റെ അധ്യായം ഭാവി തലമുറകൾക്കു മുന്നിൽ ഇരുളിലാണ്ടുപോകും, പ്രത്യയശാസ്ത്രപരമായി ഉരുക്കുപോലെ ഉറച്ചതാകാനുള്ള അവസരം അവർക്കു നിഷേധിക്കപ്പെടും. മാർക്സിസം-ലെനിനിസത്തിന്റെ സ്ഥാനത്തേക്ക് എല്ലാത്തരം പ്രതിവിപ്ലവ ആശയങ്ങളെയും കടത്തിവിടാനുള്ള ക്ഷണമായതു മാറുകയും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ തിരിച്ചടി നേരിടുകയും ചെയ്യും. ചുരുക്കത്തിൽ, അത് ലെനിനെത്തന്നെ ഫലത്തിൽ നിരാകരിക്കും.”(തിരഞ്ഞെടുത്ത കൃതികൾ, വാല്യം 1)
അതിനാൽ, ഹിറ്റ്‌ലറുടെ ഫാസിസത്തിനെതിരെയുള്ള വിജയത്തിന്റെ 80-ാം വാർഷികം ആചരിക്കുമ്പോൾ, ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കേണ്ടതുണ്ട്. മാർക്സിസ്റ്റ് ആചാര്യന്മാരുടെ മുകളിൽപ്പറഞ്ഞ വിലമതിക്കാനാവാത്ത പാഠങ്ങൾ ഉൾക്കൊള്ളുകയും സാമ്രാജ്യത്വ-മുതലാളിത്തത്തെ അട്ടിമറിക്കാനും ഫാസിസത്തെ പരാജയപ്പെടുത്താനും സോഷ്യലിസത്തിലേക്കു വഴിയൊരുക്കാനും ശരിയായ വിപ്ലവനേതൃത്വത്തിനു കീഴിൽ വർഗ്ഗ-ബഹുജന പോരാട്ടങ്ങൾ തീവ്രമാക്കുകയും ചെയ്യേണ്ടതുണ്ട്.
