കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി നടത്തി വരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ നാലാം വാർഷിക സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യ കമ്പനികളുടെ കരിമണൽ കൊള്ളയ്ക്ക് ഇടതെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാർ ഒത്താശ ചെയ്യുകയാണ്. ഖനനംമൂലം ഓരുവെള്ളം കയറി കുട്ടനാട്ടിലെ കൃഷി നശിക്കുന്നു. അതോടൊപ്പം തീരം തകർത്ത് തീരവാസികളെ ദുരിതത്തിലാ ക്കുകയും ചെയ്യുന്നു. ഇതിനെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്.
കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി എസ്.സീതിലാൽ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി എം.എച്ച്.ഉവൈസ്, കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി അഡ്വ.ബി.സനൽ കുമാർ, നാഷണൽ ജനതാദൾ നേതാവ് മേടയിൽ അനിൽ കുമാർ, ബി.ഭദ്രൻ, നാസർ ആറാട്ടുപുഴ, ആലപ്പാട് സമരസമിതി നേതാവ് കെ.സി.ശ്രീകുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴ, കെ.ജെ.ഷീല, ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ അംഗം എ.ആർ.കണ്ണൻ, പുറക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എച്ച്.വിജയൻ, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ജനറൽ കൺവീനർ ആർ.അർജ്ജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ നടന്ന ശാസ്ത്രസെമിനാർ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൂടംകുളം സമരനേതാവ് എസ്.പി.ഉദയകുമാർ, ഡോ.സി.ജയരാമൻ, സി.ആർ.നീലകണ്ഠൻ, പ്രകൃതി വാണി തുടങ്ങിയവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു.
കേരളത്തിലെ ജനകീയ സമരങ്ങൾക്കു് ഒരു പൊതുവേദി സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ നടന്ന ചർച്ചയിൽ നെൽകർഷക സംരക്ഷണ സമിതി, കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ, കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി, കരിമണൽ ഖനനവിരുദ്ധ സമരസമിതി എന്നിവയുടെ നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, ടി.ആർ.രാജിമോൾ, തത്ത ഗോപിനാഥ്, ബി. ഭദ്രൻ എന്നിവർ പങ്കെടുത്തു. ഏകതാ പരിഷത്ത് കോർഡിനേറ്റർ ആർ.അജിത് ചർച്ചയ്ക്ക് നേതൃത്വം നല്കി.
