കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം: ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കുക

IMG-20250704-WA0165-scaled.jpg
Share

കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡിനോടു ചേർന്നുള്ള ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് ആവശ്യപ്പെട്ടു.

വസ്തുനിഷ്ഠമായി സ്ഥിതിഗതികൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാതെ, സ്വയം ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നടത്തിയ തെറ്റായ പ്രസ്താവനയാണ് രക്ഷാപ്രവർത്തനത്തിന് കാലതാമസം വരുത്തിയത്. അപകടസ്ഥലത്ത് എത്തിയ മന്ത്രി തകർന്ന കെട്ടിടത്തിനടിയിൽ ആരെങ്കിലും പെട്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിക്കുവാൻ ഉത്തരവിടുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അതിനു പകരം അവശിഷ്ടങ്ങൾക്കിടയിൽ ആരുമുണ്ടാകില്ലെന്ന സൂചന നൽകത്തക്കവിധം കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നതാണെന്ന അവാസ്തവം മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, പുതിയ കെട്ടിടം പണി പൂർത്തിയായി എന്നു പറഞ്ഞ് മുഖം രക്ഷിക്കാനും സ്വയം ന്യായീകരിക്കാനുമാണ് വ്യഗ്രത കാട്ടിയത്. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ആവർത്തിച്ച് പറഞ്ഞതിനു ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. അപ്പോഴേക്കും വിലപ്പെട്ട രണ്ടുമണിക്കൂറോളം പാഴായികഴിഞ്ഞിരുന്നു. മന്ത്രി വീണാ ജോർജ്ജിന്റെ നിരുത്തരവാദപരമായ സമീപനമാണ്  ഒരു ജീവൻ നഷ്ടപ്പെടാനിടയാക്കിയത്.

പതിനാലാം വാർഡ് ഓർത്തോ, സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചു പോരുന്ന വാർഡാണ്. നിരവധി രോഗികൾ നിലവിൽ ഇവിടെ അഡ്മിറ്റാണ്,  പ്രവേശന വിലക്കുണ്ടായിരുന്നു എന്നു പറയുന്നത് വസ്തുതാവിരുദ്ധമാണ്. ആരോഗ്യ വകുപ്പ് മന്ത്രിയും മന്ത്രി വി.എൻ.വാസവനും നടത്തിയ പ്രസ്താവനകൾ സംഭവം ലഘൂകരിക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്. എട്ടു മാസത്തിലേറെയായി പണി തീർന്നു കിടന്നിട്ടും പുതിയ കെട്ടിടം തുറന്നു കൊടുക്കാത്തതും ദുരൂഹമാണ്. 

നാലുദിവസം മുമ്പുമാത്രമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഡോ.ഹാരിസ് ചിറക്കൽ ഉപകരണക്ഷാമംമൂലം തുടർച്ചയായി സർജറി മാറ്റിവയ്ക്കേണ്ടിവരുന്ന ദു:സ്ഥിതി കേരളത്തോട് വിളിച്ചുപറഞ്ഞത്. അതിപരിതാപകരമായ ഈ സാഹചര്യം തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളും നേരിടുന്നുണ്ടെന്നത് ആർക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. യാഥാർത്ഥ്യം വിളിച്ചുപറഞ്ഞ ഡോക്ടറെ ശിക്ഷിക്കുന്നതിനായി ആരോഗ്യവകുപ്പ് കോപ്പുകൂട്ടുമ്പോഴാണ് ആരോഗ്യമേഖലയുടെ ദയനീയസ്ഥിതി വെളിവാക്കുന്ന അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.

ഈ മേഖലയിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ മുഖ്യകാരണം സർക്കാരിന്റെ നയങ്ങൾ തന്നെയാണ്. അതോടൊപ്പം മന്ത്രിയുടെ പിടിപ്പുകേടും പക്വതയില്ലായ്മയും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയാണെന്നും തൽസ്ഥാനത്ത് തുടരാൻ ആരോഗ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ലെന്നും ജയ്സൺ ജോസഫ് അഭിപ്രായപ്പെട്ടു.

Share this post

scroll to top