മൂന്നുഡസനിലധികം യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ജീവത്യാഗത്താൽ പടുത്തയർത്തപ്പെട്ട രക്തരൂഷിതമായ ജെൻ-സി പ്രക്ഷോഭം അഥവാ ഐതിഹാസികമായ ബാനേശ്വർ പ്രക്ഷോഭത്തിന്റെ ഫലമായി കെ.പി.ഓലിയുടെ നേതൃത്വത്തിലുള്ള മർദ്ദകഭരണം അവസാനിക്കുകയും പ്രക്ഷോഭകരുടെ ആവശ്യമനുസരിച്ച് മുൻ ചീഫ്‌ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിൽ സെപ്തംബർ 12ന് താൽക്കാലിക സർക്കാർ രൂപീകരിക്കുകയും ചെയ്തിരിക്കുന്നു.
അഴിമതിക്കെതിരെയും സൽഭരണമെന്ന ആവശ്യമുയർത്തിയും സെപ്തംബർ 8ന് ആരംഭിച്ച ജെൻ-സി യുവജനപ്രസ്ഥാനം, ഉള്ളടക്കത്തിൽ, നേപ്പാളിലെ മുതലാളിത്ത വ്യവസ്ഥയുടെ ആന്തരിക പ്രതിസന്ധിയുടെ ഫലമായുണ്ടായ ഒരു പൊട്ടിത്തെറി ആയിരുന്നു. ഈ പൊട്ടിത്തെറി നേപ്പാളിന്റെ രാഷ്ട്രീയത്തിൽ ചരിത്രപ്രധാനമായ ഒരു യുവജന-വിദ്യാർത്ഥി പ്രക്ഷോഭമായി അടയാളപ്പെടുത്തപ്പെട്ടു. ഓലി സർക്കാരിന്റെ ആക്രമണോത്സുകമായ അടിച്ചമർത്തൽ കാരണം അമ്പതിലധികം യുവജനങ്ങൾ രക്തസാക്ഷികളായതായും, നൂറുകണക്കിന് പ്രക്ഷോഭകർ ഇപ്പോഴും പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജീവൻ നഷ്ടപ്പെട്ട യുവജനങ്ങളെ ഉചിതമായ ബഹുമതികളോടെ ഉടൻ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നും പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ നൽകണമെന്നും ഞങ്ങൾ പുതിയ താൽക്കാലിക സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു. കൂടാതെ, എല്ലാ രക്തസാക്ഷികളോടും ഞങ്ങൾ ഹൃദയംഗമമായ ആദരവ് രേഖപ്പെടുത്തുകയും അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ജനങ്ങളുടെ ശബ്ദം കേൾക്കാൻ വിസമ്മതിച്ച അന്നത്തെ കെ.പി.ഓലിയുടെ നേതൃത്വത്തിലുള്ള അടിച്ചമർത്തൽ സ്വഭാവമുള്ള, അഹന്തയും അഴിമതിയും നിറഞ്ഞ സ്വേച്ഛാധിപത്യസർക്കാർ ഒടുവിൽ സ്വമേധയാ ഉയർന്നുവന്ന ഈ യുവജന – വിദ്യാർത്ഥി പ്രക്ഷോഭത്താൽ അധികാരഭ്രഷ്ടമാക്കപ്പെടുകയായിരുന്നു. മുതലാളിത്ത പാർലമെന്ററി ഭരണത്തിൽ, ചിലപ്പോൾ ഭരണകക്ഷിയായും മറ്റുചിലപ്പോൾ പ്രതിപക്ഷമായും പ്രവർത്തിച്ച്, അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച പ്രധാന കക്ഷികളുടെ ആധിപത്യവും അഹങ്കാരവും ഈ പ്രക്ഷോഭത്തിന്റെ കരുത്തിൽ തൽക്കാലം തകർന്നടിഞ്ഞിരിക്കുന്നു.
എങ്കിലും, ഒരു ഭരണാധികാരിയുടെ വീഴ്ചയോ അട്ടിമറിയോ അഴിമതി ഭരണത്തിന്റെ അന്ത്യംകുറിക്കുന്നില്ല. കാരണം, അഴിമതി, ക്രമക്കേടുകൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളുടെയെല്ലാം വേരുകൾ മുതലാളിത്ത വ്യവസ്ഥയിൽ ആഴത്തിൽ വേരോടിയിരിക്കുന്നതാണ്. 1962-63 മുതൽ മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പുകാരായി മാറിമാറി അധികാരത്തിൽവന്ന പ്രധാന കക്ഷികൾ കോൺഗ്രസ്, യുഎംഎൽ, മാവോയിസ്റ്റ് എന്നിവരാണ്. മാവോയിസ്റ്റ് സെന്റർ സമീപകാലത്ത് തങ്ങളുടെ പ്രസംഗങ്ങളിൽ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ ശക്തമായി ഉയർത്തുന്നുണ്ടെങ്കിലും, അധികാരത്തിൽ പങ്കുപറ്റാനായി, ജനങ്ങളോടുള്ള തങ്ങളുടെ മുൻകാല പ്രതിബദ്ധതയും വിപ്ലവകരമായ കൂറും ആദർശങ്ങളും ബലികഴിച്ചതുകൊണ്ട്അവർക്ക് ആശയപരവും ധാർമ്മികവുമായ അടിത്തറ നഷ്ടപ്പെട്ടിട്ട് കാലങ്ങളായി എന്നത് വ്യക്തമാണ്.
പഴയ ഭരണകക്ഷികളായ കോൺഗ്രസ്-യുഎംഎല്ലും, സമീപകാലത്തെ വമ്പിച്ച ജനകീയ മുന്നേറ്റത്തിലൂടെ (ജനകീയ യുദ്ധം) അധികാരത്തിലെത്തിയ മാവോയിസ്റ്റ് സെന്ററും, വികലമായ പാർലമെന്ററി രാഷ്ട്രീയക്കളികളിലും അഴിമതിയിലും പങ്കാളികളായി. അതുകൊണ്ടാണ് പൊതുജനങ്ങളും യുവജന-വിദ്യാർത്ഥി സമരക്കാരും ഈ മൂന്നുപാർട്ടികളുടെയും ഉന്നത നേതൃത്വത്തോട് കടുത്ത വെറുപ്പ് പ്രകടിപ്പിച്ചത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
സെപ്തംബർ 8ലെ യുവജന പ്രക്ഷോഭത്തെ ‘അധികാര കേന്ദ്രങ്ങളുടെ രൂപകൽപ്പന’യായോ ഒരു ‘ബാഹ്യ ഗൂഢാലോചന’യായോ അല്ലെങ്കിൽ ‘പ്രതിലോമകാരികളുടെ പദ്ധതികൾക്ക് വിധേയ’മെന്നോ ഒക്കെ വിലകുറച്ചു കാണുന്നത്, അഴിമതി നിറഞ്ഞ ഭരണത്തെയും അഴിമതിക്കാരായ ഭരണാധികാരികളെയും വളഞ്ഞ വഴിയിൽ ന്യായീകരിക്കുന്നതിന് തുല്യമാണ്. പ്രക്ഷോഭത്തിന് പിന്നിലെ വസ്തുനിഷ്ഠമായ കാരണങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ ആഗ്രഹിക്കാത്തവർ ജനങ്ങളുടെ ഓരോ മുന്നേറ്റത്തെയും ‘ഗൂഢാലോചന സിദ്ധാന്തത്തിന്റെ’ കണ്ണിലൂടെ വിശദീകരിക്കാൻ ശ്രമിക്കുന്നു.
തീർച്ചയായും, ഈ പ്രസ്ഥാനം സംഘടിതമായ ഒരു ശക്തിയുടെ ആഹ്വാനത്തോടെയോ ആശയപരമായ അടിത്തറയുള്ളതും നന്നായി ആസൂത്രണം ചെയ്യപ്പെട്ടതും കേന്ദ്രീകൃതവുമായ ഒരു നേതൃത്വത്തിന്റെ കീഴിലോ ആയിരുന്നില്ല ആരംഭിച്ചത് എന്നത് ശരിയാണ്. എന്നാൽ, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ഒന്നോ രണ്ടോ ഗ്രൂപ്പുകളുടെമാത്രം മുൻകൈയിലല്ല ഈ പ്രസ്ഥാനം തുടങ്ങിയത്. എന്നിരുന്നാലും, ലോകത്ത് നടന്നിട്ടുള്ള ഇത്തരം പല പ്രക്ഷോഭങ്ങൾക്കും ആശയപരവും സംഘടനാപരവും ലക്ഷ്യസംബന്ധവുമായ പരിമിതികൾ ഉണ്ടാകുമെന്നത് നമ്മുടെ അനുഭവമാണ്. വ്യക്തമായ രാഷ്ട്രീയ പരിപാടിയും ശക്തമായ ഒരു സംഘടനയുടെ മുൻകൈയും ഇല്ലാത്ത ഇത്തരം പ്രക്ഷോഭങ്ങൾ സർക്കാരിനെ വിജയകരമായി അട്ടിമറിച്ചിട്ടും ഒരു പുതിയ സർക്കാർ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നത് നാം പലതവണ കണ്ടിട്ടുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ ശക്തികേന്ദ്രങ്ങൾ ഇത്തരം ജനകീയ പ്രക്ഷോഭങ്ങളെ തങ്ങളുടെ തെറ്റായ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാനോ ഭിന്നിപ്പിക്കാനോ ശ്രമിച്ചിട്ടുണ്ട് എന്നതും സത്യമാണ്, അത് ഈ പ്രക്ഷോഭത്തിലും വ്യക്തമായി കണ്ടതാണ്.
എങ്കിലും, ബാനേശ്വർ പ്രക്ഷോഭത്തിൽ സുവ്യക്തമായ, അഴിമതിക്കാരായ ഭരണവർഗ്ഗത്തിനെതിരെ പതിറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ തിളച്ചുമറിയുന്ന രോഷത്തെ, നാം കുറച്ചുകാണരുത്. ജെൻ-സി യുവജന പ്രക്ഷോഭത്തിന്റെ വിജയത്തോടെ രാജ്യത്ത് ഒരു പുതിയ താൽക്കാലിക സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ, പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരമാവധി അംഗീകരിച്ചുകൊണ്ട് രാജ്യത്തെ കൂടുതൽ പുരോഗമനപരമായ ദിശയിലേക്ക് നയിക്കുമ്പോൾ, ജനാധിപത്യ അവകാശങ്ങളെയും ജനങ്ങളുടെ പരമാധികാരത്തെയും സർക്കാർ പൂർണ്ണമായി മാനിക്കേണ്ടതുണ്ട്.
കൂടാതെ, താൽക്കാലിക സർക്കാർ എത്രയും പെട്ടെന്ന് ചെയ്യേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ:
1. സെപ്തംബർ 8നും 9നും ജീവൻ നഷ്ടപ്പെട്ട പ്രക്ഷോഭകാരികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.
2. നിലവിലെ ഭരണഘടനയ്ക്ക് പരിമിതികളുണ്ടെങ്കിലും, അത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന റിപ്പബ്ലിക്കനിസം, മതേതരത്വം, ഫെഡറലിസം, ഉൾക്കൊള്ളൽ, മൗലികാവകാശങ്ങൾ എന്നിവയുടെ അടിസ്ഥാന സവിശേഷതകൾ ഉറപ്പുനൽകുന്ന പരമാവധി വ്യവസ്ഥകൾ നടപ്പിലാക്കണം.
3. രാജ്യത്ത് നിലനിൽക്കുന്ന അഴിമതി, സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, വിലക്കയറ്റം, സാമൂഹിക വിവേചനം തുടങ്ങിയ പ്രശ്‌നങ്ങൾക്കും അവ ഉണ്ടാക്കുന്ന നിലവിലെ പ്രതിസന്ധിക്കും ഒരു ദീർഘകാല പരിഹാരം കാണുന്നതിന് അടിസ്ഥാനപരമായ സാമ്പത്തിക-രാഷ്ട്രീയ പുനഃസംഘടന അനിവാര്യമാണ്. ഇതിനായി, വിശാലമായ രാഷ്ട്രീയ സമവായത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് പ്രസിഡന്റിന് വ്യവസ്ഥ ചെയ്യുന്ന ഒരു പുരോഗമനപരമായ ഭരണഘടനാ ഭേദഗതി കൈക്കൊള്ളാനും പ്രക്ഷോഭത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്ന സമഗ്രമായ സാമ്പത്തിക-രാഷ്ട്രീയ പുനഃസംഘടന നടത്താനും ഞങ്ങൾ ആവശ്യപ്പെടുന്നു.
4. അഴിമതി കർശനമായി നിയന്ത്രിക്കുന്നതിനായി, രാഷ്ട്രീയ നേതാക്കൾ, ജീവനക്കാർ, നേതാക്കളുടെ അടുത്ത ബന്ധുക്കൾ, വ്യാപാരികൾ മുതലായവരുടെ സ്വത്തുവിവരം അന്വേഷിക്കാൻ പൂർണ്ണ അധികാരങ്ങളോടുകൂടിയ ഒരു ഉന്നതതല കമ്മീഷൻ രൂപീകരിക്കണം.
5. സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അലംഭാവവും നിരീക്ഷിച്ച് ഇല്ലാതാക്കാനും, നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന കമ്പോള വിലകൾ നിയന്ത്രിക്കാനും, വിവിധ തലങ്ങളിലുള്ള ജനങ്ങളുടെ ദുരിതങ്ങൾ ഇല്ലാതാക്കാനും പ്രധാന ശ്രദ്ധ നൽകണം.
6. പണമൊഴുക്കിയും അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതും അധികാരത്തിലെത്തിയാൽ വിഭവങ്ങളും പൊതുമുതലും കൊള്ളയടിക്കുന്നതും അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് പ്രക്രിയ, സമ്പ്രദായം, രീതികൾ എന്നിവയിൽ പുരോഗമനപരമായ പരിഷ്കാരങ്ങൾ വരുത്തണം.
7. തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം തെറ്റുകൾ ചെയ്യുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഒരു നിയമവ്യവസ്ഥ ഉറപ്പാക്കണം. അങ്ങനെ ചെയ്താൽ അഴിമതിക്കാരായ അല്ലെങ്കിൽ സ്വേച്ഛാധിപതികളായ ഭരണാധികാരികളെ നിയമപരമായിത്തന്നെ, തെരുവിലെ പ്രക്ഷോഭത്തിലൂടെയല്ലാതെ, നീക്കം ചെയ്യാൻ സാധിക്കും. ഇത് യുവജന പ്രക്ഷോഭത്തെയും ചൊരിഞ്ഞ രക്തത്തെയും മാനിക്കുന്ന നടപടിയാകും.
8.ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ, ബാഹ്യശക്തികൾക്കും, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവും പ്രതിലോമകരവുമായ ഘടകങ്ങൾക്കെതിരെയും ജാഗ്രതപാലിച്ചുകൊണ്ട്, പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണം.
9. അതോടൊപ്പം, ജെൻ-സി പ്രക്ഷോഭത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ ഒന്നും ചെയ്യരുതെന്ന് താൽക്കാലിക സർക്കാരിന് മുന്നറിയിപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
കൂടാതെ, എല്ലാ പുരോഗമനശക്തികളോടും പ്രബുദ്ധരായ രാഷ്ട്രീയക്കാരോടും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് പരിവർത്തനോന്മുഖമായ നിലപാടുകളോടെ ഒന്നിച്ചുനിൽക്കണമെന്നും, രാജ്യത്തിന് ഒരു പുരോഗമനപരമായ ഭാവി പ്രദാനം ചെയ്യാൻ പരിശ്രമിക്കണമെന്നും ആത്മാർത്ഥമായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
