സൈദ്ധാന്തിക പാഠങ്ങൾ : പദാർത്ഥത്തെ സംബന്ധിച്ച് വൈരുദ്ധ്യാത്മക ഭൗതികവാദം പകർന്ന വികസിത ധാരണകൾ 

Saidhanthika-Padangal-Logo-copy-e1762197843325.webp
Share

സൈദ്ധാന്തിക പാഠങ്ങൾ എന്ന പംക്തിയിൽ യൂണിറ്റി,  വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് ആചാര്യന്മാരുടെ തീസീസുകളിൽ നിന്നുള്ള ചില ഭാഗങ്ങൾ അവതരിപ്പിച്ചു തുടങ്ങുകയാണ്. എതിരഭിപ്രായങ്ങൾ കൃത്യമായി അവതരിപ്പിച്ച് ദീർഘമായ വാദങ്ങളിലൂടെ അവയെ ധൈഷണികമായി തുറന്നുകാട്ടുന്ന ഗംഭീരമായ ശൈലിയാണ് മാർക്സിസ്റ്റ് പ്രാമാണികർ അവലംബിച്ചത്. അങ്ങനെ അവർ മാർക്സിസ്റ്റ് തത്വചിന്തയ്ക്ക് അടിത്തറ പാകി. അവയിൽനിന്നുള്ള ഹ്രസ്വമായ ഭാഗങ്ങൾ ചിലപ്പോൾ പൂർണ്ണമായ അർത്ഥപ്രകാശനത്തിനുതകുന്നതല്ല എന്നതിനാൽ ദീർഘപ്രതിപാദനത്തിന്റെ സ്വഭാവമുള്ള ഭാഗങ്ങളും ഈ പംക്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്സിസ്റ്റ് പ്രാമാണികരുടെ മൗലികകൃതികൾ വായിക്കാനുള്ള പ്രേരണ നൽകുക എന്നതുകൂടി ഈ പരമ്പരയുടെ ലക്ഷ്യമാണ്.

മനുഷ്യസമൂഹം നേരിടുന്ന സർവ്വമാനപ്രശ്നങ്ങളെയും നേരിടാനുള്ള ശാസ്ത്രീയസമീപനം പ്രദാനം ചെയ്യുന്ന തത്വചിന്താപദ്ധതി  മാർക്സിസം മാത്രമാണ്. മാർക്സിസത്തിന്റെ അടിസ്ഥാന തത്വശാസ്ത്രമായ വൈരുദ്ധ്യാധിഷ്ഠിതവും ചരിത്രപരവുമായ ഭൗതികവാദം മുതലാളിത്തപ്രതിസന്ധി സൃഷ്ടിക്കുന്ന ഇരുട്ടിനെ മറികടക്കാൻ വെളിച്ചം വീശുന്നു.


പദാർത്ഥവും ചിന്തയും തമ്മിലുള്ള ബന്ധത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് തത്വചിന്തയെ മുഖ്യമായും ആശയവാദം, ഭൗതികവാദം എന്നിങ്ങനെ രണ്ട് ചേരിയായി തിരിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽ തത്വചിന്താമണ്ഡലത്തിലെ ഏറ്റവും തീക്ഷ്ണമായ ധൈഷണികസമരം പദാർത്ഥവും ആശയവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതായിരുന്നു.
ആശയമാണ് പ്രഥമം, ആശയത്തിന്റെ പ്രതിഫലനമാണ്  ഈ പദാർത്ഥലോകം എന്ന വീക്ഷണമാണ് ആശയവാദം അവതരിപ്പിക്കുന്നത്. എന്നാൽ ഭൗതികവാദമാകട്ടെ, പദാർത്ഥമാണ് പ്രഥമം, ആശയമെന്നത് പദാർത്ഥത്തിന്റെ ഉൽപ്പന്നം മാത്രമാണെന്ന നിലപാട് മുന്നോട്ടുവയ്ക്കുന്നു.


ആധുനികശാസ്ത്രം പകർന്നുനൽകിയ പദാർത്ഥത്തെ സംബന്ധിച്ചുള്ള വികസിതമായ ധാരണ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ നിലപാടുതറയെ നാൾക്കുനാൾ ബലപ്പെടുത്തുകയാണ് ചെയ്തത്. ഭൗതികവാദ തത്വചിന്തയുടെ വികാസമാകട്ടെ തിരിച്ച് ആധുനികശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് കളമൊരുക്കുകയും ചെയ്തു. പദാർത്ഥത്തെ സംബന്ധിച്ച ആധുനിക ധാരണകളുടെ വെളിച്ചത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കൂടുതൽ സമ്പന്നമാക്കിക്കൊണ്ടുള്ള മാർക്സിസ്റ്റ് പ്രാമാണികരുടെ മഹത്തായ സംഭാവനകൾ അവരുടെ കൃതികളിൽ നമുക്ക് ദർശിക്കാം.

കാൾ മാർക്സ്
[മൂലധനത്തിന്റെ ഒന്നാം വോള്യത്തിന്റെ രണ്ടാമത്തെ ജർമ്മൻ പതിപ്പിനുള്ള അനന്തരക്കുറിപ്പിൽനിന്ന്]


“എന്റെ വൈരുദ്ധ്യാത്മകരീതി ഹെഗലിന്റേതിൽനിന്നു വ്യത്യസ്തമാണെന്നു മാത്രമല്ല, അതിനു നേരേ വിപരീതമായിട്ടുള്ളതുകൂടിയാണ്. ഹെഗലിനെ സംബന്ധിച്ചിടത്തോളം, മനുഷ്യമസ്തിഷ്കത്തിന്റെ സചേതനപ്രക്രിയ അതായത് ആശയം എന്നറിയപ്പെടുന്ന ചിന്തയുടെ പ്രക്രിയ, ആണ് വാസ്തവലോകത്തെ സൃഷ്ടിക്കുന്നത്.  ആശയത്തെ അദ്ദേഹം നിരപേക്ഷവും സ്വതന്ത്രവുമായ ഒരു വസ്തുവായിപ്പോലും പരിവർത്തനപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വാസ്തവലോകം ആശയത്തിന്റെ ബാഹ്യപ്രതിഭാസാത്മകമായ രൂപം മാത്രമാണ്. നേരെമറിച്ച് എന്നെ സംബന്ധിച്ചാണെങ്കിൽ, ആശയം, ഭൗതികലോകത്തിന്റെ മനുഷ്യമനസ്സിലൂടെയുള്ള പ്രതിഫലനം മാത്രമാണ്. ചിന്താരൂപങ്ങളായി  പരിഭാഷ ചെയ്യപ്പെട്ട പ്രതിഫലനങ്ങൾ”
മനുഷ്യചിന്തയുടെ ആവിർഭാവത്തെ സംബന്ധിച്ച് പിന്നീട് ഉയർന്നുവന്ന ആധുനിക ധാരണകൾ, മഹാനായ കാൾ മാർക്സ് 1867ൽ നടത്തിയ ഈ വിശകലനത്തെ ശക്തമായി അടിവരയിട്ടു. “മനുഷ്യചിന്തയിലെ പ്രതിഫലനത്തിന്റെ സ്വഭാവത്തെ ജീവനില്ലാത്ത, ചലനമില്ലാത്ത, വൈരുദ്ധ്യങ്ങളില്ലാത്ത ഒന്നായിട്ടല്ല, മറിച്ച് ചലനത്തിന്റെയും, പ്രത്യക്ഷമാവുന്ന വൈരുദ്ധ്യങ്ങളുടെയും പരിഹാരങ്ങളുടെയും പ്രക്രിയായി കാണണം.”(തത്വചിന്താപരമായ കുറിപ്പുകൾ, സമാഹൃത കൃതികൾ, വോള്യം 38) ലെനിൻ നൽകിയ ഈ ധാരണ മനുഷ്യചിന്തയുടെ ഉദയത്തിന്റെ പ്രക്രിയയെ മാത്രമല്ല, അതിൽ ഭൗതികലോകത്തിന്റെ പങ്കും കൃത്യമായി വരച്ചുകാട്ടുന്നു.  
അതിസങ്കീർണ്ണമെങ്കിലും പദാർത്ഥം തന്നെയായ മനുഷ്യമസ്തിഷ്കവും ബാഹ്യലോകവും തമ്മിൽ നടക്കുന്ന നിരന്തരമായ പരസ്പര പ്രവർത്തനത്തിലൂടെ സൃഷ്ടിക്കപ്പെ ടുന്നതാണ് ആശയമെന്ന് ആവർത്തിച്ചുറപ്പിക്കപ്പെട്ടു. പദാർത്ഥത്തിന്റെ പ്രാഥമികത്വം സ്ഥിരീകരിക്കപ്പെട്ടു. അങ്ങനെ ഭൗതികവാദത്തിന്റെ അടിസ്ഥാന വിശകലനമാണ് ശരിയെന്ന് അസന്നിഗ്ദ്ധമായി ഉറപ്പിക്കപ്പെട്ടു.

ഫ്രെഡറിക് ഏംഗൽസ്
[ഡ്യൂറിംഗിനെതിരെ എന്ന കൃതിയുടെ (1878) ഒന്നാം ഭാഗം ആറാം അധ്യായത്തിൽ നിന്ന്]


“… ഡ്യൂറിംഗിനു മുമ്പുള്ള ഭൗതികവാദികൾ പദാർത്ഥത്തെയും ചലനത്തെയും കുറിച്ചു സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ചലനത്തെ അതിന്റെ അടിസ്ഥാനരൂപമെന്നു കരുതപ്പെടുന്ന നിലയിൽ യാന്ത്രികബലമായി ന്യൂനീകരിക്കുകയും അതുവഴി പദാർത്ഥവും ചലനവും തമ്മിലുള്ള യഥാർത്ഥബന്ധം തങ്ങൾക്കുതന്നെ മനസ്സിലാക്കാൻ പറ്റാത്ത വിധത്തിലാക്കുകയും ചെയ്യുന്നു. മുമ്പുള്ള എല്ലാ ഭൗതികവാദികൾക്കും ഏറെക്കുറെ വ്യക്തമാകാതെ പോയതും ഇതാണ്. പദാർത്ഥത്തിന്റെ നിലനില്പിന്റെ  രീതിയാണ് ചലനം. ചലനത്തിലല്ലാതെ  പദാർത്ഥം എവിടെയുമില്ല, അങ്ങനെ ഉണ്ടാകാനും കഴിയില്ല. ബഹിരാകാശങ്ങളിലെ ചലനം, വിവിധ ആകാശഗോളങ്ങളിലെ ചെറിയ പിണ്ഡങ്ങളുടെ യാന്ത്രികചലനങ്ങൾ, ചൂടോ വൈദ്യുത-കാന്തിക പ്രവാഹങ്ങളോ ആയ തന്മാത്രാകമ്പനങ്ങൾ, രാസവിഭജനങ്ങളും സംയോജനങ്ങളും,  ജീവരൂപങ്ങൾ – ഓരോ നിശ്ചിതവേളയിലും പ്രപഞ്ചത്തിലെ പദാർത്ഥത്തിന്റെ ഓരോ തന്മാത്രയും ഇവയിലേതെങ്കിലുമൊരു തരം അല്ലെങ്കിൽ പലതരം ചലനത്തിലായിരിക്കും. സർവ്വനിശ്ചലത, ആകമാനസംതുലനം ഇവയെല്ലാം ആപേക്ഷികമാണ്, ഏതെങ്കിലുമൊരു നിശ്ചിത ചലനരൂപവുമായി ബന്ധപ്പെട്ടല്ലാതെ അർത്ഥമുള്ളതുമല്ല. ഉദാഹരണത്തിന് ഭൂമിയിലുള്ള ഒരു വസ്തു യാന്ത്രികമായ സംതുലനാവസ്ഥയിലായിരിക്കാം, യാന്ത്രികമായി നിശ്ചലാവസ്ഥയിലായിരിക്കാം; എന്നാലിത് ഭൂമിയുടെയോ സൗരയൂഥത്തിന്റെയോ ചലനത്തിൽ ഉൾപ്പെടുന്നില്ല എന്ന് അർത്ഥമാക്കുന്നില്ല, അതിന്റെ സൂക്ഷ്മകണികകൾ ചൂടുമൂലമുള്ള കമ്പനത്തിലാകുന്നില്ല എന്നോ അതിന്റെ ആറ്റങ്ങൾ രാസമാറ്റത്തിലൂടെ കടന്നു പോകുന്നില്ല എന്നോ അർത്ഥമാക്കുന്നില്ല. ചലനമില്ലാത്ത പദാർത്ഥം എന്നതുപോലെതന്നെ പദാർത്ഥമില്ലാതെയുള്ള ചലനവും സങ്കല്പിക്കാൻ കഴിയില്ല. അതിനാൽ, പദാർത്ഥത്തെപ്പോലെ തന്നെ സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിയാത്തതാണ് ചലനവും; ദെക്കാർത്തെയുടെ പഴയ തത്വശാസ്ത്രം വെളിവാക്കിയതുപോലെ, ലോകത്തു നിലനില്ക്കുന്ന ചലനത്തിന്റെ അളവ് എല്ലായ്പ്പോഴും ഒരുപോലെയായിരിക്കും. ചലനം അതിനാൽ, സൃഷ്ടിക്കാൻ കഴിയാത്തതാണ്; അതിനെ കൈമാറ്റം ചെയ്യാനേ കഴിയൂ. ഒരു വസ്തുവിൽനിന്ന് മറ്റൊന്നിലേക്ക് ചലനം കൈമാറ്റം ചെയ്യപ്പെടുമ്പോൾ ആദ്യത്തേത്, സ്വയം കൈമാറ്റം ചെയ്യുന്ന അളവിൽ, ചലനത്തിന്റെ കാരണമെന്ന നിലയിൽ   സജീവവും  രണ്ടാമത്തേത് ചലനം കൈമാറിക്കിട്ടിയതെന്ന നിലയിൽ നിഷ്ക്രിയവുമാണെന്നും കരുതാം. ഈ സജീവ ചലനത്തെ നാം ബലം എന്നു വിളിക്കുന്നു നിഷ്ക്രിയമായതിനെ ബലത്തിന്റെ  പ്രകാശനമെന്നും. അതിനാൽ, ഒരു ബലം അതിന്റെ പ്രകാശനമെന്നതുപോലെ മഹത്തരമാണെന്ന് പകൽവെളിച്ചം പോലെ വ്യക്തമാണ് കാരണം, രണ്ടിലും യഥാർത്ഥത്തിൽ ഒരേ ചലനം തന്നെയാണ് ഉൾപ്പെട്ടിട്ടുള്ളത്.
പദാർത്ഥത്തിന്റെ ചലനമില്ലാത്ത അവസ്ഥ അതിനാൽ അങ്ങേയറ്റം പൊള്ളയായതും അർത്ഥശൂന്യവുമായ ആശയങ്ങളിലൊന്നാണ് –  “ഉന്മത്തമായ ഭാവന” മാത്രം. അത്തരമൊരു ആശയത്തിലേക്കെത്തണമെങ്കിൽ ഭൂമിയിലുളള ഒരു വസ്തു, പരമമായ നിശ്ചലാവസ്ഥയിലാകുന്ന ആപേക്ഷികമായ യാന്ത്രികസംതുലനത്തെക്കുറിച്ചു സങ്കല്പിക്കുകയും പിന്നീട് ഈ സംതുലനത്തെ മുഴുവൻ പ്രപഞ്ചത്തിലേക്ക് വ്യാപിപ്പിക്കുകയും വേണം. പ്രാപഞ്ചികചലനത്തെ  യാന്ത്രികബലം  മാത്രമായി ചുരുക്കിയാൽ ഇത് വളരെയെളുപ്പമാകും. ചലനത്തെ  യാന്ത്രികബലം  മാത്രമായി പരിമിതപ്പെടുത്തിയാൽ, ഒരു ബലം നിശ്ചലാവസ്ഥയിലാണെന്നോ ബന്ധിതമാണെന്നോ അതിനാൽ തത്സമയം പ്രവർത്തന രഹിതമാണെന്നോ സങ്കല്പിക്കാമെന്നുള്ള നേട്ടവുമുണ്ട്. എല്ലായ്പ്പോഴുമെന്നപോലെ ഒരുപാട് കണ്ണികളിലൂടെയുള്ള ഒരു സങ്കീർണ്ണപ്രക്രിയയാണ് ചലനത്തിന്റെ കൈമാറ്റമെങ്കിൽ, വേണ്ട സമയത്ത് അവസാന കണ്ണി ഒഴിവാക്കിക്കൊണ്ട് ചലനത്തിന്റെ യഥാർത്ഥ കൈമാറ്റം നീട്ടിവയ്പ്പിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഇത്, തിരനിറച്ച ഒരു തോക്ക്, കാഞ്ചി വലിച്ചാൽ വെടിമരുന്നു കത്തി ചലനക്കൈമാറ്റം നടക്കുമെന്നിരിക്കെ കാഞ്ചി വലിക്കുന്നത് ഒരാൾ നീട്ടിവക്കുന്നതു പോലെയാണ്. അതിന്റെ ചലനരഹിതമായ, സ്വയംസംതുലിത  അവസ്ഥയിൽ പദാർത്ഥത്തിൽ ബലം തിങ്ങിനില്ക്കുകയാണെന്നു ചിന്തിക്കാൻ സാധ്യമാണ്, പദാർത്ഥത്തിന്റെയും യാന്ത്രികബലത്തിന്റെയും ഐക്യം എന്നതുകൊണ്ട്  ശ്രീമാൻ ഡ്യൂറിംഗ്  മനസ്സിലാക്കുന്നത് ഇതായിരിക്കാമെന്നു തോന്നുന്നു. ഇത് അബദ്ധധാരണയാണ് കാരണം, യഥാർത്ഥത്തിൽ ആപേക്ഷികവും അതുകൊണ്ടുതന്നെ ഒരു നിശ്ചിത സമയം പദാർത്ഥത്തിന്റെ ഒരു ഭാഗത്തെ മാത്രം സ്വാധീനിക്കുന്നതുമായ അവസ്ഥയെ മുഴുവൻ പ്രപഞ്ചത്തിനും ബാധകമായ കേവലാവസ്ഥയായി അതുമാറ്റുന്നു. ഈ വസ്തുത അവഗണിച്ചാൽത്തന്നെ പ്രശ്നങ്ങൾ തീരുന്നില്ല; ഒന്നാമത്,  തോക്കുകളിൽ തനിയെ തിര നിറയുന്നില്ല എന്നതിനാൽ ലോകത്തിൽ എങ്ങനെയാണ് ബലം നിറഞ്ഞത്; രണ്ടാമത് ആരുടെ വിരലുകളാണ് കാഞ്ചിവലിക്കുന്നത്? ഇഷ്ടമുളളിടത്തോളം തിരിഞ്ഞും മറിഞ്ഞും നില്ക്കാമെങ്കിലും ശ്രീമാൻ ഡ്യൂറിംഗിന്റെ വഴിയേ പോയാൽ നമ്മൾ വീണ്ടുമെത്തുന്ന ഉത്തരമിതായിരിക്കും – ദൈവത്തിന്റെ വിരലുകളിൽ.”
മുകളിൽ കൊടുത്തിട്ടുള്ള, എംഗൽസിൽ നിന്നും എടുത്തിട്ടുള്ള ഉദ്ധരണി തികഞ്ഞ കൃത്യതയോടെ പദാർത്ഥത്തിന്റെ അടിസ്ഥാന സ്വഭാവത്തെ വ്യക്തമാക്കുന്നു. പദാർത്ഥത്തിന്റെ നിലനിൽപ്പിന്റെ രീതിയാണ് ചലനം. ചലനമില്ലാത്ത പദാർത്ഥമില്ല. പദാർത്ഥമില്ലാത്ത ചലനവുമില്ല. ചലനത്തിന്റെ കാരണം ബാഹ്യമല്ല. ആന്തരികമാണ്. നിശ്ചലാവസ്ഥ ആപേക്ഷികം മാത്രമാണ്.  

വി.ഐ.ലെനിൻ
[ഭൗതികവാദവും ഇന്ദ്രിയാനുഭവ വിമർശനവാദവും എന്ന ഗ്രന്ഥത്തിൽ നിന്ന്]


“പദാർത്ഥം എന്നാൽ എന്താണ്? അനുഭവം എന്നാൽ എന്താണ്?
മാഹിസ്റ്റുകൾ ഉൾപ്പെടെയുള്ള അജ്ഞേയവാദികളും ആശയവാദികളും ഭൗതികവാദികൾക്കെതിരായി സ്ഥിരമായി തൊടുത്തുവിടുന്നതാണ് ഇതിൽ ആദ്യത്തെ ചോദ്യം; രണ്ടാമത്തേത് ഭൗതികവാദികൾ മാഹിസ്റ്റുകൾക്കെതിരായി തൊടുത്തുവിടുന്ന ചോദ്യമാണ്. നമുക്ക് തർക്കവിഷയം വ്യക്തമാക്കാൻ നോക്കാം.
പദാർത്ഥത്തിന്റെ വിഷയത്തെക്കുറിച്ച് അവെനാറിയൂസ് പറയുന്നു:
“തത്വികസമന്വയത്തിൽ, അതായത്, ‘സമ്പൂർണ്ണമായ അനുഭവ’ത്തിൽ… അതിഭൗതികവാദപരമായ കേവല അർത്ഥത്തിൽ പദാർത്ഥം എന്നത് വെറുമൊരു മനോരഥസൃഷ്ടിയാണ്.” (മനഃശാസ്ത്രത്തിന്റെ വിഷയവസ്തുവിനെപറ്റിയുള്ള കുറിപ്പുകൾ)


ഈ ജല്പനത്തിൽനിന്ന് ഒരു കാര്യം സ്പഷ്ടമാണ്. അതായത്, ഭൗതികമായതിനെ അഥവാ പദാർത്ഥത്തെ കേവലവും അതിഭൗതികവും എന്നാണ് അവെനാറിയൂസ് പറയുന്നത്… മുഖംമൂടി ധരിപ്പിക്കപ്പെട്ട ആത്മനിഷ്ഠ ആശയവാദമാണ് ഈ സിദ്ധാന്തമെന്ന കാര്യം നാം തെളിയിച്ചുകഴിഞ്ഞിട്ടുള്ളതാണല്ലോ; ‘പദാർത്ഥ’ത്തിന്മേലുള്ള അവെനാറിയൂസിന്റെ ആക്രമണത്തിന്റെ സ്വഭാവവും വളരെ സ്പഷ്ടമാണ്: മനസ്സിൽനിന്ന് സ്വതന്ത്രമായുള്ള ഭൗതികാസ്തിത്വത്തെ ആശയവാദി നിഷേധിക്കുന്നു; അതുകൊണ്ട് അത്തരം അസ്തിത്വത്തിന് തത്വശാസ്ത്രത്തിൽ ആവിഷ്കരിച്ചിട്ടുള്ള ധാരണയെയും അയാൾ തിരസ്കരിക്കുന്നു. പദാർത്ഥം ‘ഭൗതിക’മാണെന്നുള്ള കാര്യം (അതായത്, ഏറ്റവും ചിരപരിചയമുള്ളതും മനുഷ്യന് തൊട്ടുമുമ്പിൽ കാണാവുന്നതും ഭ്രാന്താലയത്തിൽ കഴിയുന്ന ഒരുവൻ അല്ലാതെ മറ്റാർക്കും നിഷേധിക്കാനാവാത്ത നിലനിൽപ്പുള്ളതുമായതിനെ) അവെനാറിയൂസ് നിഷേധിക്കുന്നില്ല. പരിസരവും അഹവും തമ്മിലുള്ള അഭേദ്യമായ അന്വയത്തെ സംബന്ധിച്ച തന്റെ സിദ്ധാന്തം അംഗീകരിക്കണമെന്നു മാത്രമേ അദ്ദേഹം ശഠിക്കുന്നുള്ളൂ.
തത്വശാസ്ത്രപരമായ വച്ചുകെട്ടുകളൊന്നും കൂടാതെ ഇതേ ആശയം തന്നെ മാഹ് കുറെക്കൂടി ലളിതമായി പ്രകടിപ്പിക്കുന്നുണ്ട്: “നാം പദാർത്ഥം എന്നു പറയുന്നത് മൂലകങ്ങളുടെ (സംവേദനങ്ങളുടെ) ചിട്ടയായ ഒരു സംയോജനമാണ്.” (“സംവേദനങ്ങളുടെ അപഗ്രഥനം”) തറപ്പിച്ചുള്ള ഈ പ്രസ്താവനയിലൂടെ, സാധാരണയായുള്ള ലോകവീക്ഷണത്തിൽ താൻ ഒരു ‘സമൂലപരിവർത്തനം’ വരുത്തുകയാണെന്നാണ് മാഹ് കരുതുന്നത്. യഥാർത്ഥത്തിൽ, ഇത് പഴകിദ്രവിച്ച ആ പഴയ ആത്മനിഷ്ഠ ആശയവാദം തന്നെയാണ്; ‘മൂലകം’ എന്ന വാക്കുകൊണ്ട് അതിന്റെ നഗ്നത മറച്ചിട്ടുണ്ടെന്നേയുള്ളൂ.


അവസാനമായി, ഭൗതികവാദത്തിന്റെ ഒരു കറകളഞ്ഞ ശത്രുവായ ഇംഗ്ലീഷ് മാഹിസ്റ്റ്, പിയേഴ്സൺ പറയുന്നത് എന്താണെന്ന് നോക്കാം: “ഇനിയിപ്പോൾ ഏതാണ്ട് സ്ഥിരമായിട്ടുള്ള ഇന്ദ്രിയാനുഭൂതികളുടെ കൂട്ടങ്ങളെ ഒന്നായി ചേർത്ത് തരംതിരിച്ച് അതിന് ഒരു പദാർത്ഥം എന്ന പേരു നൽകുന്നതിനോട് ശാസ്ത്രീയമായ എതിർപ്പുകൾ ഒന്നും ഉണ്ടാകാൻ വഴിയില്ല– അപ്രകാരം ചെയ്യുമ്പോൾ, ‘സംവേദനത്തിന്റെ സ്ഥിരം സാധ്യത’യെന്ന ജോൺ സ്റ്റുവർട്ട് മില്ലിന്റെ പദാർത്ഥനിർവ്വചനത്തോട് വാസ്തവത്തിൽ നാം വളരെ അടുക്കുകയാണു ചെയ്യുന്നത്. പക്ഷേ, ഈ പദാർത്ഥനിർവ്വചനം ചലിക്കുന്ന  വസ്തുവെന്ന നിലയിലുള്ള പദാർത്ഥത്തിൽ നിന്ന് നമ്മെ പാടേ അകറ്റുന്നു” (ശാസ്ത്രത്തിന്റെ വ്യാകരണം, രണ്ടാം പതിപ്പ് 1900). ഇവിടെ ‘മൂലകങ്ങൾ’ എന്ന കൗപീനമറപോലുമില്ലാതെ ആശയവാദി പരസ്യമായിത്തന്നെ അജ്ഞേയവാദിയുടെ നേർക്ക് സൗഹാർദ്ദഹസ്തം നീട്ടുകയാണ് ചെയ്യുന്നത്.
ഇന്ദ്രിയാനുഭവ-വിമർശനവാദികളുടേതായ ഈവക വാദങ്ങളെല്ലാം ചിന്തയും അസ്തിത്വവും തമ്മിലുള്ള, സംവേദനവും ഭൗതികമായതും തമ്മിലുള്ള പഴയ ജ്ഞാനമീമാംസാപ്രശ്നത്തിനു ചുറ്റും മാത്രം വട്ടം കറങ്ങുന്നതാണെന്ന് വായനക്കാര്‍ക്ക് കാണാൻ കഴിയുന്നുണ്ടാകുമല്ലോ. ‘സമീപകാലശാസ്ത്ര’വുമായോ ‘സമീപകാല പ്രത്യക്ഷവാദ’വുമായോ (positivism) പുലബന്ധമെങ്കിലുമുള്ള എന്തെങ്കിലും ഇവിടെ കണ്ടെത്തുന്നതിന് റഷ്യൻ മാഹിസ്റ്റുകളുടെ അങ്ങേയറ്റത്തെ ശുദ്ധഗതിക്കുമാത്രമേ കഴിയുമായിരുന്നുള്ളൂ. ഇവിടെ നാം പരാമർശിച്ചിട്ടുള്ള തത്വശാസ്ത്രജ്ഞരെല്ലാം,  ചിലർ പരസ്യമായും മറ്റുചിലർ രഹസ്യമായും, ഭൗതികവാദത്തിന്റെ അടിസ്ഥാനപരമായ തത്വശാസ്ത്രചിന്താഗതിയുടെ (അസ്തിത്വത്തിൽനിന്ന് ചിന്തയിലേക്ക്, പദാർത്ഥത്തിൽനിന്ന് സംവേദനത്തിലേക്ക്) സ്ഥാനത്ത് ആശയവാദ ചിന്താഗതിയുടെ മറുവശത്തെയാണ് പ്രതിഷ്ഠിക്കുന്നത്. ജ്ഞാനമീമാംസാപ്രശ്നങ്ങൾക്കുള്ള പഴയ സുപരിചിതമായ മറുപടി തന്നെയാണ് അവരുടെ പദാർത്ഥനിഷേധം. നമ്മുടെ സംവേദനങ്ങൾക്കു ബാഹ്യമായ വസ്തുനിഷ്ഠമായ ഒരു ഉറവിടം ഉണ്ടെന്നതിനെ, നമ്മുടെ സംവേദനങ്ങൾക്ക് തത്തുല്യമായ ഒരു വസ്തുനിഷ്ഠ യാഥാർത്ഥ്യം ഉണ്ടെന്നതിനെ നിഷേധിക്കുന്ന ഒന്നാണ് ഈ മറുപടി. ഒരു വശത്ത് നമ്മുടെ ബോധേന്ദ്രിയങ്ങളിൽ കരണം നടത്തിക്കൊണ്ട് സംവേദനങ്ങൾ സൃഷ്ടിക്കുന്നതെന്തോ അതാണു പദാർത്ഥം, സംവേദനത്തിലൂടെ നമുക്ക് ലഭിക്കുന്ന വസ്തുനിഷ്ഠയാഥാർത്ഥ്യമാണ് പദാർത്ഥം, ആദിയായ നിർവ്വചനങ്ങളിൽ ആശയവാദികളും അജ്ഞേയവാദികളും നിഷേധിക്കുന്ന ആ തത്വശാസ്ത്രചിന്താഗതിയുടെ അംഗീകാരം പ്രകടിപ്പിക്കപ്പെടുന്നുണ്ട്.”
ചിന്തയിൽനിന്ന് സ്വതന്ത്രമായ പദാർത്ഥലോകത്തെ ആശയവാദികളും അജ്ഞേയവാദികളും നിഷേധിക്കുന്നു. മനുഷ്യബോധത്തെ ആശ്രയിക്കാതെ നിലനിൽക്കുന്ന ഒന്നായി പദാർത്ഥത്തെ അവർ കാണുന്നില്ല. ‘ഇന്ദ്രിയാനുഭൂതികളുടെ കൂട്ടങ്ങളെ ഒന്നായി ചേർത്ത് തരം തിരിച്ച് അതിന് ഒരു പദാർത്ഥം എന്ന പേരു നൽകുന്നത് ശാസ്ത്രീയമാണെ’ന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. വ്യത്യസ്ത ഭാഷയിലാണെങ്കിലും അവെനാറിയൂസും മാഹിസ്റ്റുകളുമെല്ലാം പറയുന്നത് അനുഭവമെന്നത് വസ്തുവും(Object) കാണുന്ന ആളും (Subject) അനുഭവമെന്ന പ്രക്രിയയും ചേർന്നതാണ്. അവയെ വേർതിരിക്കാൻ സാധ്യമല്ല. ഈ അനുഭവത്തിന്, ചിന്തയ്ക്ക് പുറത്തൊരു വസ്തു ഇല്ല. അതിനാൽ, “പദാർത്ഥം” എന്നത് യഥാർത്ഥമായ ഒന്നല്ല; അനുഭവത്തെക്കുറിച്ച് തത്വചിന്തകർ  ചിന്തിക്കുമ്പോൾ അവർ സൃഷ്ടിച്ച ഒരു മാനസിക നിർമ്മിതി മാത്രമാണത്.
പദാർത്ഥത്തെക്കുറിച്ചുള്ള ഈ തലതിരിഞ്ഞ സങ്കല്പനത്തെയാണ് ലെനിൻ നേരായി അവതരിപ്പിക്കുന്നത്. നമ്മുടെ ബോധേന്ദ്രിയങ്ങൾ ചുറ്റുപാടുകളാൽ സ്വാധീനിക്കപ്പെടുന്നെങ്കിലും സ്വതന്ത്രമായ അസ്തിത്വമുള്ളവയാണ്. ആ ബോധേന്ദ്രിയങ്ങളിൽ  സംവേദനം സൃഷ്ടിക്കുന്ന സ്വതന്ത്രാസ്തിത്വമുള്ളതെന്തോ അതാണു പദാർത്ഥം. നമ്മുടെ ഇന്ദ്രിയാനുഭവങ്ങൾക്ക് ബാഹ്യമായ വസ്തുനിഷ്ഠമായ യാഥാർത്ഥ്യമാണ് പദാർത്ഥം.

(ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിൽ  മാർക്സിസ്റ്റ് വൈരുദ്ധ്യാത്മകത പ്രയോഗിച്ചു കൊണ്ട്, തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബദാസ് ഘോഷ് പദാർത്ഥത്തിന്റെ അടിസ്ഥാന സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ വികസിതമായ ധാരണ പ്രദാനം ചെയ്യുകയുണ്ടായി. അടുത്ത ലക്കത്തിൽ അത് പ്രതിപാദിക്കും)

Share this post

scroll to top