ശക്തിപ്രാപിക്കുന്ന ഫാസിസ്റ്റ് പ്രവണതകളും അടിയന്തര രാഷ്ട്രീയ കടമകളും

Guernica-War.webp
Share

കുഞ്ഞുങ്ങളുടെ കൂട്ടക്കരുതിയെ ന്യായീകരിക്കത്തക്കവിധം വംശീയവെറുപ്പ്  പടരുന്നതെന്തുകൊണ്ട്? ലോകം വീണ്ടും ഫാസിസത്തിന്റെ തേരുരുളുകൾക്കടിയിലേക്കു പോകുന്നതായി സാമൂഹിക വിമർശകർ ആശങ്കപ്പെടുന്നു. അടിമുടി മനുഷ്യവിരുദ്ധമായ ഈ സാമൂഹ്യാവസ്ഥ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ക്യാമ്പിന്റെയും പതനത്തിനുശേഷം ഉയർന്നുവന്നതാണെന്ന് മനുഷ്യസ്നേഹികൾ ശരിയായി വിലയിരുത്തുന്നു. നമ്മുടെ രാജ്യത്തെ ഫാസിസ്റ്റ് അന്തരീക്ഷവും ഈ ലോകസാഹചര്യത്തിന്റെ സന്തതിയാണ്.
ഫാസിസത്തെ സംബന്ധിച്ച കൃത്യവും വസ്തുനിഷ്ഠവുമായ ചരിത്രവിശകലനമെന്താണ്? ഫാസിസ്റ്റ് പ്രവണതകളുടെ ഇരുൾ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിൽ നിർവ്വഹിക്കപ്പെടേണ്ട അടിയന്തര രാഷ്ട്രീയകടമകൾ എന്തൊക്കെയാണ്? അധികാരത്തിന്റെ അമിതപ്രയോഗമാണോ ഫാസിസം? എന്തൊക്കെ സാഹചര്യങ്ങൾ ഒരുങ്ങുമ്പോഴാണ് സമ്പൂർണ്ണ ഫാസിസം വന്നെത്തിയിരിക്കുന്നു എന്നു  വിലയിരുത്തുക? ഈ പരിഗണനയിൽ നമ്മുടെ രാജ്യം  ഏതവസ്ഥയിലാണെത്തിനില്ക്കുന്നത്? ഈ ചോദ്യങ്ങൾക്ക് നമ്മുടെ സമകാലീന രാഷ്ട്രീയാവസ്ഥയിലുള്ള ഉത്തരം കണ്ടെത്തേണ്ടതുണ്ട്.


2014ൽ എൻഡിഎ മുന്നണിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട്, നരേന്ദ്ര മോദി  അധികാരമേറിയത് പാർലമെന്റ് മന്ദിരത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അടിയന്തരാവസ്ഥയ്ക്കു ശേഷം പാർലമെന്റ് ഏറ്റവുമധികം അപ്രസക്തമായത് അതിനെത്തുടര്‍ന്നായിരുന്നു. കോടിക്കണക്കിനു വരുന്ന സാധാരണജനങ്ങളുടെ നിത്യജീവിതം താറുമാറാക്കിയ നോട്ടുനിരോധനം 2018 നവംബറിൽ പ്രഖ്യാപിച്ചത് പാർലമെന്റ് അറിയാതെയാണ്.  പ്രധാനമന്ത്രി ടെലിവിഷനിലൂടെയാണത് രാജ്യത്തോടു പറഞ്ഞത്.


2019ൽ രണ്ടാംതവണ മോദി അധികാരത്തിലേറിയതാകട്ടെ   പാർലമെന്റിൽ ഒരു പീഠത്തിൽ വച്ചിരുന്ന ഭരണഘടനയിൽ നെറ്റി മുട്ടിച്ചു വണങ്ങിയുമാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ചോർത്തിക്കളയുന്ന നടപടികളാണ് പിന്നീട് നാം കാണുന്നത്. സ്വാതന്ത്ര്യത്തിനുമുമ്പ് ഒരു വ്യത്യസ്തരാജ്യമായി നിലനിന്നിരുന്ന കാശ്മീർ ഇന്ത്യയോടു ചേരാൻ തീരുമാനിച്ചത് 1947 ഒക്ടോബറിലെ Instrument of accession എന്ന കരാറിലൂടെയായിരുന്നു. 1950ൽ ഭരണഘടന നിലവിൽ വന്നപ്പോൾ അതിലെ 370-ാം വകുപ്പ് ഈ കരാറിന്റെ ഭരണഘടനാരൂപമായി മാറി. ജമ്മുകാശ്മീരിന്റെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ അംഗീകാരത്തോടെ മാത്രമേ ഇന്ത്യൻ പ്രസിഡന്റിന് 370-ാം വകുപ്പ് ഭേദഗതി ചെയ്യാനാകൂ എന്നതായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥകളെ അട്ടിമറിച്ച് ഭരണഘടനയെ അപ്രസക്തമാക്കിക്കൊണ്ട് 2019 ആഗസ്റ്റ് 5നും 6നും ഇറക്കിയ രണ്ടു ഉത്തരവുകളുടെ ഫലമായി 370-ാം വകുപ്പ് റദ്ദായി.
പാർലമെന്റും ഭരണഘടനയും ക്രമേണ അപ്രസക്തമാകുന്ന രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയിൽ വേരുറയ്ക്കുകയാണ്. 2014 മുതൽ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണവൃന്ദം ഏറ്റവുമൊടുവിൽ കൊണ്ടുവന്ന ചില നടപടികൾ ഈ ആശങ്ക ഉറപ്പിക്കുന്നു. 2025 ആഗസ്റ്റ് 20ന് യൂണിയൻ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലവതരിപ്പിച്ച ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ, മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്കെതിരെ, ഒരു ഇന്റർവ്യൂവിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം സർക്കാർ ഇട്ട എഫ്ഐആർ ഇവയെല്ലാം രാജ്യം അകപ്പെട്ടിട്ടുള്ള ഭരണതലത്തിലുള്ള ഫാസിസ്റ്റ്  പ്രവണതകളുടെ ശക്തമായ സൂചനകളായി വിലയിരുത്തപ്പെടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239 AA എന്നിവയിലും 1963ലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവൺമെന്റ് ആക്ടിലും 2019ലെ ജമ്മു-കാശ്മീർ പുനഃസംഘടനാ നിയമത്തിലും പ്രസക്തമായ ഭേദഗതികൾ വരുത്തിയാണ് 130-ാം ഭരണഘടനാ ഭേദഗതി  നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പാർലമെന്റിന്റെ വർഷകാലസമ്മേളനം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പുമാത്രം ലോക്‌സഭയിൽ അവതരിപ്പിച്ച് ചർച്ചയ്ക്കു് ഇടനൽകാതെ ഇത് സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടത് ഗൂഢ ലക്ഷ്യത്തോടെയെന്നു വ്യക്തം. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മറ്റു മന്ത്രിമാർ തുടങ്ങിയവർ 5 വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ട് 30 ദിവസം തടവിൽ കിടന്നാൽ അവരെ തൽസ്ഥാനങ്ങളിൽനിന്നു പുറത്താക്കാൻ പ്രസിഡന്റ്, ഗവർണർ, ലഫ്റ്റനന്റ് ഗവർണർ എന്നിവർക്ക് അധികാരം നൽകുന്നതാണ് പ്രസ്തുത ബിൽ. 1951ലെ ജനപ്രാതിനിധ്യ നിയമവും (തുടർന്നുള്ള ഭേദഗതികളും) 2013ലെ സുപ്രീംകോടതി വിധിയും അനുസരിച്ച്, വ്യക്തമായി നിർവചിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ രണ്ടുവർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ നിലവിൽ എംപിയെയും എംഎൽഎയെയും അയോഗ്യരാക്കാൻ കഴിയൂ.
കുറ്റവാളികൾ ഭരണരംഗത്തു തുടരുന്നതു തടയാനാണീ പുതിയ ഭേദഗതിയെന്ന ഔദ്യോഗിക ഭാഷ്യം കാപട്യമാണ്.  കാരണം നിലവിലുള്ള നിയമങ്ങൾതന്നെ അതിനു പര്യാപ്തമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷകക്ഷികളിലെ നേതാക്കളെ വേട്ടയാടുന്നത് 2014 മുതൽ തുടർച്ചയായി നടക്കുന്നുണ്ട്. കേസ് ചാർത്തപ്പെട്ടവർ ബിജെപി പാളയത്തിലേക്കെത്തിയാൽ കേസ് ഇല്ലാതാകുന്നതിനും ഭരണരംഗത്തെ ഉന്നതസ്ഥാനത്തെത്തുന്നതിനും അജിത് പവാറിനെപ്പോലുള്ള രാഷ്ട്രീയഭിക്ഷാംദേഹികളുടെ ഉദാഹരണങ്ങളും വേണ്ടുവോളമുണ്ട്. അപ്പോൾ,  ഏതെങ്കിലുമൊരു അന്വേഷണ ഏജൻസിയുടെ  താഴെത്തലത്തിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട്  ഒരു ജനപ്രതിനിധിയുടെ സ്ഥാനം തെറിപ്പിക്കാമെന്ന സാധ്യതയും അധികാരവും കേന്ദ്രസർക്കാരിനു കൈവരികയാണ്. യുഎപിഎ, പിഎംഎൽഎ തുടങ്ങിയ കേസുകളിൽ ജാമ്യം ഏറെക്കുറെ അപൂർവ്വമായതിനാൽ 30 ദിവസം ഒരാളെ ജയിലിലടയ്ക്കുക എന്നത് അനായാസമായ കാര്യവുമാണ്. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഏതൊരു ഭരണസംവിധാനവും കേന്ദ്രസർക്കാരിനെ നയിക്കുന്നവരുടെ ദയാദാക്ഷിണ്യത്തിൽ മാത്രമേ തുടരാനാകൂ എന്ന അവസ്ഥയാണ്  ഇതിലൂടെ സംജാതമാകുക.
സമാനമായ ആശങ്കയുണർത്തുന്നതാണ് ഇന്ത്യയുടെ പരമാധികാരത്തെ അപകടപ്പെടുത്തിയെന്ന ആരോപണവുമായി, ദി വയർ എന്ന മാധ്യമത്തിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെയും കൺസൾട്ടിംഗ് എഡിറ്റർ കരൺ ഥാപ്പറിനെയും അസം പോലീസ് ഗുവാഹത്തിയിലേക്ക് വിളിപ്പിച്ച സംഭവം. 2025 ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ പാൻബസാർ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ്  ഇവരോടാവശ്യപ്പെട്ടത്. ദി വയർ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ട മറ്റൊരു എഫ്‌ഐആറിൽ അസം പോലീസിന്റെ “നിർബന്ധിത നടപടികൾക്ക്” എതിരെ സുപ്രീംകോടതി വരദരാജനും മറ്റുള്ളവർക്കും സംരക്ഷണം അനുവദിച്ച് ദിവസങ്ങൾക്കുശേഷമാണ് വീണ്ടും ഈ സമൻസ്. പുതിയ എഫ്ഐആർ, ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് സർക്കാരിനെ വിമർശിച്ച ലേഖനവുമായി ബന്ധപ്പെട്ടതാണോ എന്ന് ഇനിയും വ്യക്തമല്ല.
മോറിഗാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മുൻ എഫ്ഐആറിനെപ്പോലെ, ഈ പുതിയ കേസും ഭാരതീയ ന്യായ സംഹിതയുടെ (BNS) 152-ാം വകുപ്പ് ഉപയോഗിക്കുന്നു, ഇത് ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ്. ബലപ്രയോഗത്തിലൂടെ ഒരു നടപടിയും കൈക്കൊള്ളരുതെന്ന് സുപ്രീം കോടതി അസം പോലീസിനോട് നിർദ്ദേശിച്ചതിനാൽ ഇരുവരും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
1930കളിൽ യൂറോപ്പിൽ പ്രത്യേകിച്ച് ജർമ്മനിയിൽ ഫാസിസ്റ്റ് വാഴ്ച്ച ഉറപ്പിക്കുന്നത് ഏറെക്കുറെ സമാനമായ രീതിയിലായിരുന്നു എന്ന ചരിത്രം ഭീതിജനകമായി നമ്മുടെ മുന്നിലുണ്ട്. ജർമ്മനിയിൽ 1933 വരെ അധികാരത്തിലിരുന്ന വെയ്മർ റിപ്പബ്ലിക്കിലെ പരിമിതമായെങ്കിലും നില നിന്നിരുന്ന ലിബറൽ ജനാധിപത്യക്രമങ്ങൾ പൊളിച്ചെടുത്താണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസികൾ ആധിപത്യമുറപ്പിച്ചത്. ‘ഗ്ലൈഷാൽതുംഗ്’ (Gleichschaltung) എന്നാണീ പ്രക്രിയ അറിയപ്പെടുന്നത്. ‘വരുതിയിലാക്കൽ’, ‘മാനകീകരിക്കൽ’ എന്നൊക്കെയാണ് ഈ വാക്കിന്റെ ഏകദേശ അർത്ഥം. പാർലമെന്റ്, ജുഡീഷ്യറി, ഭരണസംവിധാനം, സൈന്യം, പ്രാദേശികഭരണരൂപങ്ങൾ തുടങ്ങിയ ഭരണകൂടസംവിധാനങ്ങളെ രാഷ്ട്രീയമായി ഉദ്ഗ്രഥിക്കുകയും സിവിൽസമൂഹത്തിലെ ഭരണകൂട രാഷ്ട്രീയ ഉപകരണങ്ങളിലേക്കും (State political apparatus) വിദ്യാഭ്യാസരംഗത്തേക്കും മാധ്യമരംഗത്തേക്കും തൊഴിൽസംഘടനകളിലേക്കുമെല്ലാം അതിനെ വ്യാപിപ്പിക്കുന്നതുമായ പ്രക്രിയയാണിത്. പ്രത്യയശാസ്ത്രം, ഭയപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ നേടിയെടുക്കുന്ന സഹകരണം ഇവയെല്ലാം ഈ പ്രക്രിയയിലെ മാർഗ്ഗങ്ങളാണ്. വെയ്മർ റിപ്പബ്ലിക്കിന്റെ ഭരണഘടന റദ്ദാക്കിക്കൊണ്ടല്ല മറിച്ച്, ഭരണഘടനാനുസൃതമായ നടപടികളിലൂടെ അതിന്റെ അന്തസ്സത്ത ചോർത്തിക്കളയുകയും നശിപ്പിക്കുകയും ചെയ്താണ് ഹിറ്റ്ലർ പരമാധികാരം കൈക്കലാക്കിയത് എന്നാണ് ചരിത്രകാരനായ കാൾ ബ്രാക്കർ (Karl Bracher) അഭിപ്രായപ്പെടുന്നത്.
ഇറ്റലിയിൽ 1919ൽ നടന്ന തിരഞ്ഞെടുപ്പിൽ മുസ്സോളിനിയുടെ പാർട്ടിക്ക് ഒരു സീറ്റും കിട്ടിയിരുന്നില്ല. സോഷ്യലിസ്റ്റുകൾക്കാണ് കൂടുതൽ സീറ്റുകൾ കിട്ടിയത്. എന്നാൽ മൂന്നര വർഷത്തിനുള്ളിൽ മുസ്സോളിനി റോമിൽ അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ നയങ്ങളുടെ വിജയമായിരുന്നില്ല അത്. മറിച്ച് ഹിംസയും അക്രമത്തെക്കറിച്ചുള്ള ഭയവും ഉപയോഗിച്ചാണ് അദ്ദേഹം ആധിപത്യം നേടിയത്. ഭരണഘടനാമാർഗ്ഗങ്ങൾ വേണ്ടുവോളം ഉപയോഗിച്ചെങ്കിലും അക്രമം തന്നെയായിരുന്നു ഹിറ്റ്ലർക്കും ജനങ്ങൾക്കുമുന്നിൽ കാണിക്കാനുണ്ടായിരുന്നത്. ബ്ലാക് ഷർട്ട് സംഘങ്ങളും  ബ്രൗൺഷർട്ട് സംഘങ്ങളും ഇറ്റലിയിലും ജർമ്മനിയിലും ഹിംസ വിതച്ച് ജനങ്ങളെ ഭയത്താൽ കീഴടക്കി. നമ്മുടെ നാട്ടിലെ ഫാസിസ്റ്റുകൾ ഈ രണ്ടു മാർഗ്ഗങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നത് ഫാസിസ്റ്റു പ്രയോഗത്തിലെ ചില സമാനതകളാണ്.


ഭരണപരമായ നിഷ്പക്ഷത അപ്രത്യക്ഷമായി. ജനാധിപത്യവിരുദ്ധമായ പ്രവർത്തികളാണ് നിലവിലിരിക്കുന്നത്. ജുഡീഷ്യൽ നിഷ്പക്ഷതയുടെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാക്കിക്കൊണ്ട് അത് എക്സിക്യൂട്ടീവിന് അടിയറവ് പറഞ്ഞിരിക്കുന്നു. ഭരണസംവിധാനം കൂടുതൽ കൂടുതൽ കോർപ്പറേറ്റുകളുടെ ദാസ്യത്തിലേക്ക് മാറുന്നത്, പൗരാവകാശങ്ങൾ വെട്ടിച്ചുരുക്കപ്പെടുന്നത്, പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ നിയന്ത്രിക്കുകയോ, നിരോധിക്കുകയോ ചെയ്യുന്നത്, തിരഞ്ഞെടുപ്പുകൾ കൂടുതൽ കൂടുതൽ പ്രഹസനമാകുന്നത്, പാർലമെന്റിൽ നടക്കുന്ന ചർച്ചകളുടെയും സംവാദങ്ങളുടെയും നിശ്ചിതപ്രക്രിയയിലൂടെ രൂപം കൊള്ളുന്നതിനുപകരം നയപരമായ സുപ്രധാന വിഷയങ്ങൾ ഭരണസംവിധാനത്തിലൂടെ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് തുടങ്ങിയ ലക്ഷണങ്ങൾ ഇന്ന് ഏവരുടെയും മുന്നിൽ നടക്കുന്ന കാര്യങ്ങളാണ്. ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്നിങ്ങനെ ഒരിക്കൽ പ്രഘോഷിച്ച ബൂർഷ്വാസിതന്നെ ഇന്ന് അവ കാൽക്കീഴിൽ ചവിട്ടി അരയ്ക്കുകയാണ്. കാരണം, അവ അനുവദിച്ചാൽ മരണമടുത്ത മുതലാളിത്തത്തിന്റെ അന്ത്യം ഉറപ്പാകുന്ന തരത്തിൽ സോഷ്യലിസ്റ്റ് വിപ്ലവപ്രക്രിയ ത്വരിതപ്പെടുമെന്ന് ബൂർഷ്വാസിക്ക് നന്നായി അറിയാം.
പുതുതായി കൊണ്ടുവന്ന, മതപരിവർത്തനം തടയുന്ന നിയമങ്ങൾ ഉപയോഗിച്ച് ഹിന്ദു ഇതര മതവിഭാഗങ്ങളിലെ ആളുകളെ അറസ്റ്റ് ചെയ്യുന്നതും ലവ് ജിഹാദ് ആരോപിച്ച് മുസ്ലീം യുവാക്കളെ ജയിലിലടയ്ക്കുന്നതും ജനാധിപത്യ മതേതര വിശ്വാസികളിൽ വലിയ പ്രതിഷേധത്തിനു കാരണമായപ്പോൾ  തങ്ങൾ  നിയമങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകളുടെ വാദം. മതപരിവർത്തനം ആരോപിച്ച് കേരളത്തിൽനിന്നുള്ള കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തത് കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കുകയും  കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും കണ്ടപ്പോൾ തന്നെ കാണാൻ വന്നവരോട്  അമിത്ഷാ പറഞ്ഞത് കോടതിയിൽ തുടർ നടപടികളുണ്ടാകില്ല എന്നാണ്. കോടതിയേയും നിയന്ത്രിക്കുന്ന അധികാരകേന്ദ്രമായി തങ്ങൾ മാറിയിരിക്കുന്നു എന്ന ഫാസിസ്റ്റ് പ്രഖ്യാപനമായിരുന്നു അതെന്ന് പലരും മനസ്സിലാക്കിയില്ല.


ഈ നടപടികളെല്ലാം പാർലമെന്റ് എന്ന ഒരു മുഖംമൂടി നിലനിർത്തിക്കൊണ്ടും പക്ഷേ അതിനെ മറികടന്നുകൊണ്ടും തന്നെയാണ് നടത്തിയിട്ടുള്ളത്. അധികാരഘടനയിൽ തുല്യ പദവിയോടും പരസ്പരപൂരകവും പരസ്പര നിയന്ത്രണ സംവിധാനങ്ങളോടെയും വർത്തിക്കുന്ന നിയമനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയിൽ ഭരണപരമായ ഫാസിസത്തിന്റെ പ്രതിഫലനമായി ഈ ഘട്ടത്തിൽ എക്സിക്യൂട്ടീവ് എല്ലാ അധികാരവും കൈയടക്കുന്നതിലേക്ക് മാറിയിരിക്കുന്നു. എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നത് ഇന്ന് കോർപ്പറേറ്റ് മാനേജ്മെന്റാണ്. സകല അധികാരങ്ങളും പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുന്നു.
എക്സിക്യൂട്ടീവിന് സമ്പൂർണ്ണമായും വിധേയപ്പെട്ട ജുഡീഷ്യറിയെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജഡ്ജിമാരുടെ നിയമനം എക്സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലാക്കാനുള്ള പരിശ്രമം ഇതിന്റെ ഭാഗമാണ്. പ്രലോഭനങ്ങൾകൊണ്ടും ഭീഷണികൊണ്ടും ജുഡീഷ്യറിയെ  വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. നിയമമന്ത്രിതന്നെ നേരിട്ട് ഭീഷണിസ്വരം ഉയർത്തുന്നത് നാം കണ്ടു. സർക്കാരിന്റെ ഇംഗിതമറിഞ്ഞു വിധി പ്രസ്താവിക്കുന്ന ലജ്ജാകരമായ സംഭവങ്ങൾ നാം കാണുന്നു. കോർപ്പറേറ്റുകൾക്ക് അനുകൂലമായും അയോധ്യ, ബിൽകിസ് ബാനു, ഗുജറാത്ത് കലാപം തുടങ്ങിയ കേസുകളിലുള്ള വിധികൾ നമ്മുടെ മുന്നിലുണ്ട്. എങ്കിലും സമ്പൂർണ്ണമായും ഫാസിസ്റ്റ് വിധേയത്വത്തിലേക്ക് ഇന്ത്യൻ ജുഡീഷ്യറി പോയിട്ടില്ല എന്നത് ആശ്വാസകരമാണ്.
തൊഴിൽനിയമത്തിലെയും  പൗരത്വനിയമത്തിലെയും യുഎപിഎ യിലെയും വിവരാവകാശനിയമത്തിലെയും ഭേദഗതികൾ ഉൾപ്പെടെ 30 ഓളം കരിനിയമങ്ങൾ പാർലമെന്റിലെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെയും മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് കഴിഞ്ഞ 11 വർഷത്തിനുള്ളിൽ സ്ഥാപിച്ചെടുത്തിട്ടുണ്ടെന്ന് ഈയവസരത്തിൽ ഓർക്കണം. ജനാധിപത്യപ്പോരാട്ടങ്ങളിലൂടെ ജനങ്ങൾ നേടിയെടുത്ത അവകാശങ്ങൾ ഓരോന്നായി നിഷേധിക്കുന്നവയായിരുന്നു ഈ നിയമങ്ങളത്രയും. അതായത് ഭരണഘടനാപരമായി സാധുവായ, വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെയുള്ള, അകമേ നിന്നുള്ള ജനാധിപത്യ അട്ടിമറികളായിരുന്നു അവ.
ഭരണതലത്തിലെ ഇടപെടലിലൂടെ മഹാരാഷ്ട്രയിലെയും കർണ്ണാടകയിലെയും തിരഞ്ഞെടുപ്പുഫലങ്ങൾ അട്ടിമറിച്ചതായുള്ള ഏറെക്കുറെ വിശ്വസനീയമായ ആരോപണങ്ങൾ, ബീഹാറിലെ മുസ്ലീം ജനതയ്ക്കു വോട്ടു നിഷേധിക്കാനുള്ള കുത്സിതപദ്ധതിയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്ന പേരിലുള്ള പൗരത്വനിഷേധപദ്ധതി, അതിന്റെ രാജ്യവ്യാപകമായ നടപ്പാക്കലിനുള്ള ശ്രമങ്ങൾ, യുപിയിലും ഡൽഹിയിലുമെല്ലാം കുറ്റവാളികളെന്നു മുദ്രകുത്തി മുസ്ലീങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും പാർപ്പിടങ്ങൾ ജെസിബി ഉപയോഗിച്ചു തകർക്കുന്നത്, അസമിൽ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെന്ന ആരോപണമുന്നയിച്ച് ആയിരക്കണക്കിനു മുസ്ലീങ്ങളുടെ കിടപ്പാടം നിലംപരിശാക്കിയത് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അതിക്രമങ്ങൾ ബിജെപി നേതൃത്വത്തിൽ നടന്നുവരികയാണ്.


മഹത്തായ രാഷ്ട്രത്തിന്റെ യഥാർത്ഥ അവകാശികളായ ഭൂരിപക്ഷത്തിന്റെ വംശശുദ്ധി കെടുത്താനും രാഷ്ട്രത്തിന്റെ ശോഭ മങ്ങിപ്പിക്കാനും കടന്നുവന്ന ഒരു അപരജനതയെക്കുറിച്ചുള്ള ആഖ്യാനം ഫാസിസ്റ്റുകളുടെ ആയുധമാണ്. ജർമ്മനിയിൽ അത് ജൂതരാണെങ്കിൽ അമേരിക്കയിൽ ആഫ്രിക്കൻ വംശജരും നമ്മുടെ നാട്ടിലത് മുസ്ലീങ്ങളുമാകും. മുതലാളിത്ത പ്രതിസന്ധി എല്ലാവരുടെയുംപോലെ ഭൂരിപക്ഷ വിഭാഗത്തിന്റെയും  ജീവിതം വഴിമുട്ടിക്കുന്നു. എന്നാൽ  ജീവിതപ്രതിസന്ധിക്കു കാരണമായി   ഒരു അപരജനതയെ ചൂണ്ടിക്കാണിക്കുകയും അവർക്കെതിരെ ഭൂരിപക്ഷവിഭാഗത്തിൽ വിദ്വേഷം വളർത്തിയെടുക്കുകയുമാണ്   ഫാസിസ്റ്റ് ആഖ്യാനം ചെയ്യുന്നത്. ഫലത്തിൽ മുതലാളിത്ത വ്യവസ്ഥക്കെതിരെ ചൂഷിതരായ എല്ലാ ജനവിഭാഗങ്ങളുടെയും സമരത്തെയും ഒരു വിപ്ലവത്തെയും അതു തടയുന്നു. അതുകൊണ്ടാണ് സഖാവ് ശിബ്‌ദാസ് ഘോഷ് ഫാസിസം മുതലാളിത്തത്തിന്റെ പ്രതിവിപ്ലവ പരിപാടിയാണെന്നു പറഞ്ഞത്.
‘നമ്മളും’ ‘മറ്റുള്ളവരും’ എന്ന വിഭജനം ഉറപ്പാക്കുന്ന പ്രചാരണം  യാഥാർത്ഥ്യത്തെ, സത്യത്തെ പുകപടലത്തിലാക്കി അവതരിപ്പിക്കുന്ന രീതി കൈക്കൊള്ളും. തങ്ങൾ ലക്ഷ്യം വക്കുന്നവരെയും ഇതര ആശയസംഹിതകളെയും പറ്റി അവിശ്വാസവും സംശയവും ജനിപ്പിക്കുന്ന തരത്തിലുള്ള ഗൂഢാലോചനാസിദ്ധാന്തങ്ങൾ രംഗത്തു വരും. യുക്തിപൂർവ്വമായ പരസ്പരസംവാദങ്ങൾക്കു പകരം ഭയവും ക്രോധവും പൊതുമണ്ഡലത്തിൽ നിറയ്ക്കും.
ഈ വിദ്വേഷസൃഷ്ടിക്ക് അതിവിപുലമായ ഒരു പ്രചരണസംവിധാനം ഫാസിസ്റ്റുകൾ ഒരുക്കും. ക്രമസമാധാനത്തകർച്ച യെക്കുറിച്ചും നുഴഞ്ഞുകയറ്റത്തെപ്പറ്റിയും ചിലപ്പോൾ ഗോഹത്യയെക്കുറിച്ചുമുള്ള ആഖ്യാനങ്ങൾ അപരജനതക്കെതിരെ നിരന്തരമായി പ്രചരിപ്പിക്കും. ഹിറ്റ്ലറുടെ കാലത്ത് റേഡിയോയും സിനിമയും പത്രങ്ങളും ഈ കടമ നിർവ്വഹിക്കാൻ ഉപയോഗിച്ചെങ്കിൽ ഇന്ന് ലക്ഷ്യവേധിയായ അൽഗൊരിതങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാമൂഹികമാധ്യമങ്ങൾ അതിന്റെ മുഖ്യ ഉപാധിയായി മാറുന്നു.


“മുതലാളിത്തത്തിനകത്തെ വ്യവസ്ഥാത്തകർച്ചയുടെ ആവർത്തിക്കപ്പെടുന്ന ലക്ഷണമാണ് ഫാസിസം” എന്ന് 2021ൽ പോൾ മേസൺ എന്ന എഴുത്തുകാരൻ നിർവ്വചിക്കുന്നു. ചരിത്രപരമായ സാഹചര്യങ്ങളുടെ സൃഷ്ടി എന്ന നിലയിലും പ്രതിസന്ധിഗ്രസ്തമായ ആധുനിക  സാമ്പത്തികവ്യവസ്ഥിതിയിൽ മുതലാളിത്തത്തിന്റെ അനിവാര്യത എന്ന നിലയിലും ഫാസിസത്തെ അവതരിപ്പിച്ചത് സഖാവ് ശിബ്‌ദാസ് ഘോഷാണ്. “വരാനിരിക്കുന്ന തൊഴിലാളിവർഗ്ഗവിപ്ലവത്തെ ഒരു മുൻകൂർനീക്കത്തിലൂടെ തടയുവാൻ മുതലാളിത്തം ശ്രമിക്കുന്ന, ചരിത്രപരമായി പരുവപ്പെടുത്തപ്പെട്ട ഒരു പ്രതിവിപ്ലവമാണ് ഫാസിസം” എന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് പറഞ്ഞു. 1920 കളിൽ ഇറ്റലിയിലെയും ജർമ്മനിയിലെയും സാഹചര്യങ്ങൾ ഈ നിർവ്വചനത്തെ പൂർണ്ണമായും സാധൂകരിക്കുന്നതാണ്. 1917ലെ റഷ്യയിലെ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം യൂറോപ്പ് വിപ്ലവമുന്നേറ്റങ്ങളാൽ മുഖരിതമായിരുന്നു. തൊഴിലാളിസമരങ്ങളും  സോഷ്യലിസ്റ്റ്, ട്രേഡ് യൂണിയൻ മുന്നേറ്റങ്ങളും കൊണ്ട് ഇളകിമറിഞ്ഞിരുന്നു യൂറോപ്പ്. എന്നാൽ വിപ്ലവം വന്നില്ല. പകരം വന്നതോ ആദ്യം ഇറ്റലിയിൽ ഫാസിസവും പിന്നീട് ജർമ്മനിയിൽ നാസിസവും. കാരണം, അദ്ധ്വാനത്തിനും മൂലധനത്തിനുമിടയിൽ സന്ധി ചെയ്യുന്ന സോഷ്യൽ ഡമോക്രസിയുടെ പിടിയിൽപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടികൾ നിർണ്ണായക നിമിഷത്തിൽ വിപ്ലവത്തിനുമുന്നിൽ അറച്ചുനിന്നു. അണിയറയിലൊരുങ്ങുന്ന ഫാസിസത്തെ അവർ വേണ്ടവിധം മനസ്സിലാക്കിയില്ല, അല്ലെങ്കിൽ വകവച്ചില്ല. ചരിത്രം പിന്നോട്ടടിക്കപ്പെട്ടു. രണ്ടുകോടിയിലധികം ജനങ്ങളെ ബലികൊടുത്ത് സോവിയറ്റ് യൂണിയൻ ജർമ്മനിയെ 1945ൽ പരാജയപ്പെടുത്തി കിഴക്കൻ യൂറോപ്പിനെ മോചിപ്പിക്കുന്നതുവരെ മനുഷ്യത്വം അന്ധകാരത്തിലമർന്ന ഫാസിസ്റ്റ് വാഴ്ച്ച നിലനിന്നു. സോവിയറ്റ് ചെമ്പട ബെർലിൻ കീഴടക്കുമെന്ന് ഉറപ്പായത്തോടെ ഹിറ്റ്ലർ 1945 ഏപ്രിൽ 30ന് ഫ്യൂറർ ബങ്കറിൽവച്ച്  ആത്മഹത്യ ചെയ്തതോടെയും, അതിന് രണ്ട് ദിവസം മുൻപ്, രക്ഷപ്പെടാനുള്ള ഒളിച്ചോട്ടത്തിനിടെ മുസോളിനിയെ നാട്ടുകാർ പിടികൂടി വധിച്ചതോടെയും ഫാസിസ്റ്റ് ഭീഷണി ലോകത്തെ വിട്ടൊഴിഞ്ഞു എന്ന വിശ്വാസം പൊതുവിൽ നിലവിൽ വന്നു. 1960 കളോടെ ലോകത്തെ പ്രമുഖ സാമൂഹികശാസ്ത്രജ്ഞരിൽ പലരും ‘ഫാസിസം, അതു മരിച്ചിരിക്കുന്നു’ എന്ന അഭിപ്രായത്തിലേക്കെത്തിയിരുന്നു.

എന്നാൽ, കമ്മ്യൂണിസ്റ്റുകാരെയും യഹൂദന്മാരെയും ഉന്മൂലനം ചെയ്യാനായി നടത്തിയ ‘ഹോളോകാസ്റ്റ്’ എന്നറിയപ്പെടുന്ന പൈശാചികമായ പാതകങ്ങളോ സോവിയറ്റ് യൂണിയൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് നടത്തിയ സൈനിക ആക്രമണങ്ങളോ അവിടെ കാട്ടിക്കൂട്ടിയ കൊടുംക്രൂരതകളോ  മാത്രമാണ് ഫാസിസമെന്നത് ചരിത്രപരമായി ശരിയല്ല എന്നാണു നാം മനസ്സിലാക്കേണ്ടത്.  ഫാസിസത്തെ അതിന്റെ ഉള്ളടക്കത്തിൽ അല്ലാതെ രൂപത്തിൽ മാത്രം തിരയുകയാണെങ്കിൽ തെറ്റു പറ്റും. കാരണം ഫാസിസം പല രൂപങ്ങൾ കൈക്കൊള്ളും. ഏകകക്ഷി ഭരണമായും  ദ്വികക്ഷി സമ്പ്രദായമായും ഏകാധിപത്യമായും പാർലമെന്ററി ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞും അത് പ്രത്യക്ഷപ്പെടാം. സ്പെയിനിൽ  നാസി പിന്തുടർച്ച അവകാശപ്പെടുന്ന പാർട്ടികളെ അടിച്ചമർത്തി ഫ്രാങ്കോയെപ്പോലുള്ള ഏകാധിപതികളും ഹംഗറിയിലും പോർച്ചുഗലിലുമൊക്കെ വിക്ടർ ഓർബനെപ്പോലുള്ള പുത്തൻ സർവ്വാധിപതികളും അധികാരത്തിലെത്തിയപ്പോൾ  ഭരണരൂപത്തിൽ മാത്രം ഫാസിസം കണ്ടെത്താൻ ശ്രമിച്ച പലരും  ഫാസിസം അവസാനിച്ചുവോ എന്ന കാര്യത്തിൽ  ആശയക്കുഴപ്പത്തിലായി. 1970കളിൽ  നഗ്നശിരസ്സുകളുമായി തെരുവിൽ കൂത്താടുന്ന നവനാസിസംഘങ്ങൾ പലയിടത്തും പ്രത്യക്ഷപ്പെട്ടു. 1991ൽ സോഷ്യലിസം തകർന്ന് സോവിയറ്റ് യൂണിയൻ ശിഥിലമായതോടെ ലോകം തീവ്രവലതുപക്ഷത്തിലേക്കു ചായാൻ തുടങ്ങി. 21-ാം നൂറ്റാണ്ടോടെ ഫാസിസ്റ്റ് ഉള്ളടക്കവും രീതികളുമുള്ള പാർട്ടികൾ പല രാജ്യങ്ങളിലും അധികാരത്തിൽ വന്നു. വിഭിന്നങ്ങളായ ഭരണരൂപങ്ങളാണെങ്കിലും അവയുടെ ആവിർഭാവത്തിനു പിന്നിൽ ചില പൊതുപ്രവണതകൾ ദൃശ്യമായിരുന്നു. യേൽ യൂണിവേഴ്സിറ്റി പ്രൊഫ.ജാസൺ സ്റ്റാൻലി ‘ഹൗ ഫാസിസം വർക്ക്സ് ’ എന്ന കൃതിയിൽ ഈ പ്രവണതകളെ വിശദീകരിക്കുന്നുണ്ട്.
തങ്ങളുടെ  വഴിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി ഫാസിസ്റ്റ് ഏകാധിപതികൾ ഒരുക്കുന്ന ആശയാവലികളിൽ പ്രധാനമായ ഒന്നാണ് മഹത്തായ തങ്ങളുടെ ദേശത്തിന്റെ മഹിമയാർന്ന ഭൂതകാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വത്തോ ടെയുള്ള ആഖ്യാനം. ഭൂരിപക്ഷമേധാവിത്വം, ശ്രേണീകൃതഘടന, വംശശുദ്ധി, അതു നിലനിർത്താനുള്ള പോരാട്ടം ഇവയൊക്കെ ഈ ആശയാവലിയിൽ നിഹിതമാണ്. പിതൃമേധാവിത്വപരമായ കുടുംബഘടനയിലാണ് രാഷ്ട്രത്തേയും ഇവർ സങ്കല്പിക്കുന്നത്. കുടുംബനാഥനെപ്പോലെ രക്ഷകനായ ഒരു പുരുഷനേതാവ് രാഷ്ട്രത്തെ നയിക്കുകയും രക്ഷിക്കുകയും ചെയ്യും എന്നതാണ് ഫാസിസ്റ്റ് ആഖ്യാനം.


രാജ്യത്തെ വിജ്ഞാനനിർമ്മാണസ്ഥാപനങ്ങൾക്കും ബുദ്ധിജീവികൾക്കുമെതി രെയുള്ള സംഘടിതമായ പ്രചാരണവും ഫാസിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിദ്യാഭ്യാസത്തിന്റെ കടമ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിൽ അഭിമാനം സൃഷ്ടിക്കുകയും ശ്രേണീകൃത(hierarchical) ഘടനയും ദേശീയപാരമ്പര്യവും ശക്തിപ്പെടുത്തുക എന്നതുമാണ്.
നിരുപാധികമായ ജ്ഞാ നനിർമ്മാണമാണ് യൂണിവേഴ്സിറ്റികളും പ്രൊഫസർമാരും ചെയ്യുന്നത് എന്നതിനാൽ അവർ ഈ പദ്ധതിയുടെ ഭാഗമാകുന്നില്ല. അതിനാൽ അവർ വിദ്വേഷപ്രചാരണത്തിനിരയാകും. നാടിന്റെ സാംസ്കാരികത്തനിമയെ തകർക്കുന്ന വൈദേശികസംസ്കൃതിയുടെ വക്താക്കളായി അവർ ചിത്രീകരിക്കപ്പെടും. പ്രക്ഷോഭണം നടത്തുന്ന വിദ്യാർത്ഥികളെ തെമ്മാടികളായി ചിത്രീകരിക്കും. മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവരെ അർബൻ നക്സലുകളായി ചിത്രീകരിക്കും. ‘അനുസരണയുള്ള പൗരരെ സൃഷ്ടിക്കുന്ന’ വിദ്യാഭ്യാസനയവും ആവിഷ്ക്കരിക്കും. വിക്ടർ ഓർബൻ ഹംഗറിയിലും ഗവർണർ ലോയ്ഡ് മക്റോയ് യുഎസിലെ നോർത്ത് കരോലിന സംസ്ഥാനത്തുമാെക്കെ കൊണ്ടു വന്ന വിദ്യാഭ്യാസപരിഷ്ക്കാരങ്ങളും നമ്മുടെ NEP 2020യുമായുള്ള സാദൃശ്യം അമ്പരപ്പിക്കുന്നതാണ്.


വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിലൊതുക്കുക എന്നത് ഫാസിസത്തിന്റെ അടിസ്ഥാനപ്രത്യേകതകളിലൊന്നാണ്. തന്റെ സങ്കല്പത്തിലുളള ‘പുതിയ മനുഷ്യർ’ പുറത്തുവരുന്ന പരീക്ഷണശാലകളായാണ് ഹിറ്റ്ലർ വിദ്യാലയങ്ങളെ കണ്ടത്. എല്ലാ ഏകാധിപതികളും എതിർപ്പുകളെ അടിച്ചമർത്താനാണു ശ്രമിക്കുന്നതെങ്കിൽ ഹിറ്റ്ലർ എതിർക്കാനുള്ള മാനസികശേഷിയത്തന്നെയാണ് തകർത്തത്. പഠിപ്പിക്കേണ്ട വിഷയങ്ങൾ ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന വിധത്തിലും ഹിറ്റ്ലറുടെ വീക്ഷണങ്ങൾക്കനുസരിച്ചും മാറ്റി മറിക്കപ്പെട്ടു. ആര്യവംശശുദ്ധിയും മേധാവിത്വവും ശാസ്ത്രീയമെന്ന മട്ടിൽ അവതരിക്കപ്പെട്ടു. ഇന്ത്യയിൽ അധികാരത്തിലെത്തുന്നതിനു മുമ്പുതന്നെ സംഘപരിവാർ ശക്തികൾ വിദ്യാഭ്യാസത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. 2014നുശേഷം പരിണാമസിദ്ധാന്തവും ആവർത്തനപ്പട്ടികയുമടക്കമുള്ള അടിസ്ഥാനശാസ്ത്രവിഷയങ്ങളും ചരിത്രപാഠങ്ങളും സാമൂഹികശാസ്ത്രസിദ്ധാന്തങ്ങളുമെല്ലാം പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കുകയും  ഭൂതകാലമഹിമയുടെ പേരിൽ ഭാരതീയജ്ഞാനവ്യവസ്ഥ എന്ന അയഥാർത്ഥ വ്യവഹാരം ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് വിജ്ഞാനാർജ്ജന പ്രക്രിയയെത്തന്നെ  തകർക്കുന്ന വിദ്യാഭ്യാസനയം ആവിഷ്ക്കരിക്കുന്നു. സ്വതന്ത്രചിന്തയ്ക്കും വിമർശനത്തിനുമുള്ള ശേഷി ആർജ്ജിക്കുന്നതിനുപകരം മുതലാളിത്ത ഉല്പ്പാദനയന്ത്രത്തിലെ ഒരു ഭാഗമാകാൻ വിദ്യാർത്ഥികളെ പരുവപ്പെടുത്തുന്ന  ദേശീയ വിദ്യാഭ്യാസ നയം 2020 ഈ പാരമ്പര്യമാണ് പിന്തുടരുന്നത്.
പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഭരണവർഗ്ഗം ലക്ഷ്യം വയ്ക്കുന്നത് സമൂഹത്തിന്റെ ഫാസിസവൽക്കൽണം തന്നെയാണ്. ചരിത്രത്തെ അപനിർമ്മിക്കുന്നതിലൂടെ മനുഷ്യരാശിയുടെ കൂട്ടായ ഓർമ്മകളെ അറുത്തുമാറ്റുകയാണ്. സമൂഹത്തിന്റെ ക്രമാനുഗതമായ വളർച്ചയെ സംബന്ധിച്ച ബോധം നശിപ്പിക്കുകയാണെങ്കിൽ നിലവിലുള്ള മുതലാളിത്ത വ്യവസ്ഥിതി ചിരന്തനമാണെന്ന് വരും. പുതിയൊരു ലോകത്തെപ്പറ്റിയുള്ള ധാരണയും പ്രതീക്ഷയും നഷ്ടപ്പെടുന്ന ജനതയെ നിഷ്ഠുരമായി ചൂഷണം ചെയ്യാം. ശാസ്ത്രത്തെ നിഷേധിക്കുകയും ശാസ്ത്രത്തിന്റെ സാങ്കേതികവശത്തെ മാത്രം പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് പദ്ധതിയും ഈ നയത്തിലുണ്ട്. അതോടൊപ്പം സകല പിന്തിരിപ്പനാശയങ്ങളെയും യുവതലമുറയിൽ കുത്തിനിറച്ച് യുക്തിചിന്തയും അന്വേഷണത്വരയുമില്ലാത്ത ജന്തുസമാനരായ ഫാസിസ്റ്റ് മനുഷ്യരെ സൃഷ്ടിക്കാനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
അച്ചടി-ദൃശ്യ-സാമൂഹ്യമാദ്ധ്യമങ്ങളെയും സാങ്കേതികവിദ്യകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഗീബൽസിയൻ മാതൃകയിലുള്ള പ്രചരണങ്ങളിലൂടെ സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവതലമുറയുടെ മസ്തിഷ്കപ്രക്ഷാളനത്തെ ഭരണവർഗ്ഗം ലക്ഷ്യം വയ്ക്കുന്നു. എത്ര കടുത്ത ചൂഷണത്തെയും, യഥാർത്ഥ ശത്രുവിനെയും, തങ്ങൾ അനുഭവിക്കുന്ന വ്യാധികളുടെ കാരണത്തെയും മനസ്സിലാവാതിരിക്കാനും, ഭരണവർഗ്ഗം ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരെ ശത്രുവായി കാണാനും,തങ്ങളുടെ ദൗർഭാഗ്യങ്ങളോടുള്ള രോഷം അവരിലേക്ക് തിരിച്ചു വിടാനുമാണ് ഫാസിസം ശ്രമിക്കുന്നത്.
സിറ്റുവേഷനിസ്റ്റ് പ്രസ്ഥാനത്തിന്റെ വക്താക്കളിലൊരാളായ  ഫ്രഞ്ച് മാർക്സിസ്റ്റ് നേതാവ് ഗയ് ഡിബോർഡ് വിശദീകരിച്ചു. “ഫാസിസമെന്നത് ആധുനിക സാങ്കേതികവിദ്യകളാൽ രൂപം കൊടുത്ത പ്രാകൃതസംസ്കാരമാണ്.” വളരെ പഴയതിന്റെയും ഏറ്റവും പുതിയതിന്റെയും വിചിത്ര സങ്കരമാണത്. സഖാവ് ശിബ്‌ദാസ് ഘോഷ് ഫാസിസത്തെ ഉജ്ജ്വലമായ നിർവചിക്കുന്നു. “ആത്മീയ വാദം, വിജ്ഞാന വിരോധം, യുക്തിരഹിതമായ ചിന്താരീതികൾ എന്നിവയും ശാസ്ത്രത്തിന്റെ സാങ്കേതികവശങ്ങളുമായുള്ള സവിശേഷമായ ലയനമാണ് ഫാസിസം.” …“കാര്യകാരണ ബന്ധത്തിന്റെ ശാസ്ത്രീയപാതയിൽ നിന്ന് ജനങ്ങളുടെ ചിന്താപ്രക്രിയയെ അന്ധമായ വിശ്വാസങ്ങളുടെയും, മുൻവിധികളുടെയും, വിജ്ഞാനവിരോധത്തിന്റെയും നിഗൂഢമായ ഊടുവഴികളിലൂടെ ചാലുതിരിച്ചുവിടുകയും അന്തിമമായി സാമൂഹ്യപ്രവർത്തനങ്ങളോടു വെറുപ്പ് സൃഷ്ടിക്കുകയുമാണ് ഫാസിസത്തിന്റെ ലക്ഷ്യം.” ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന്  തീർത്തും അന്യമായ ഘടകങ്ങൾ നിലനിർത്തവെ തന്നെ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിൽ മുതലാളിത്തത്തിന്റെ ലാഭം വർദ്ധിപ്പിക്കാനുതകുന്ന, അവരുടെ ആധിപത്യം കാത്തുസൂക്ഷിക്കാൻ ഉതകുന്ന, നശീകരണ സ്വഭാവത്തിലുള്ള സൈനികപ്രയോജനമുള്ള സാങ്കേതികവിദ്യകൾ മാത്രം സ്വീകരിക്കുന്നു. ശാസ്ത്രത്തിന്റെ ചിന്താപദ്ധതിയെയും സമീപനത്തെയും യുക്തിചിന്തയെയും അടിച്ചമർത്തുന്നു.


യുക്തിചിന്തയും ചോദ്യം ചെയ്യലും ഇല്ലാതാക്കി അനുസരണയും വിധേയത്വവും വർദ്ധിപ്പിക്കാനുള്ള ഉപാധി എന്ന നിലയിൽ മതവിശ്വാസം ഫാസിസ്റ്റുകൾക്ക് പ്രിയപ്പെട്ട ഉപാധിയാണ്. മതവിദ്വേഷമാകട്ടെ അധ്വാനിക്കുന്നവന്റെ ഐക്യം നശിപ്പിച്ച്, ഒറ്റക്കെട്ടായി തങ്ങളുടെ ചൂഷകർക്കെതിരെ തിരിയാതെ പരസ്പരം ഏറ്റുമുട്ടി നശിക്കാനുള്ള ഉപാധിയും. ഫാസിസ്റ്റ് കാലത്തെ മതം പുനസംഘടിപ്പിക്കപ്പെട്ട മതമാണ്. മുതലാളിത്തത്തിന്റെ ജീർണ്ണകാലത്ത് ബൂർഷ്വാസിയുടെ ആവശ്യങ്ങൾക്കൊത്ത് പരുവപ്പെടുത്തപ്പെട്ട മതം. മുതലാളിത്തത്തിന്റെ കച്ചവട, ചൂഷണ താൽപര്യങ്ങൾക്കൊത്ത് ഇണങ്ങിപ്പോകുന്ന മതം. വിധിയിലും സ്വർഗ്ഗ- നരകങ്ങളിലുമുള്ള വിശ്വാസം മാത്രമല്ല, എല്ലാതരത്തിലും കുഴിച്ചുമൂടപ്പെട്ട പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും മിഥ്യാ സങ്കല്പങ്ങളെയും പുനരവതരിപ്പിക്കുകയാണ് അത് ചെയ്യുന്നത്. പുരാതന ഐതിഹ്യങ്ങളെ ചരിത്രമായും അതിനെ കഥാപാത്രങ്ങളെ ചരിത്രപുരുഷന്മാരുമായി അവതരിപ്പിക്കുകയാണ്. ഈ കഥാപാത്രങ്ങളുടെ പേരിൽ കലാപം സൃഷ്ടിക്കാനും കൂട്ടക്കുരുതി നടത്താനും ഇടയാക്കുന്ന വിചിത്രമായ അസംബന്ധപൂർണമായ കാലം.
ഈ സമീപകാലമാറ്റങ്ങളെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ രാജ്യത്ത് ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെടുന്നു എന്നു തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രണ്ടോ മൂന്നോ വികസിത രാജ്യങ്ങളിലാണ് ഫാസിസം പ്രത്യക്ഷപ്പെട്ടതെ ങ്കിൽ, ഇന്ന് വികസിതമോ അവികസിതമോ ആയ എല്ലാ മുതലാളിത്ത രാജ്യങ്ങളിലെയും പൊതുസ്വഭാവമായി അത് മാറിയിരിക്കുന്നു എന്ന് സഖാവ് ഘോഷ് ചൂണ്ടിക്കാണിച്ചു. ഓരോദിനവും കടന്നുപോകുംതോറും അതിന്റെ ദംഷ്ട്രകൾ കൂടുതൽ ക്രൗര്യത്തോടെ പ്രത്യക്ഷപ്പെടുന്നു. അതിനാൽ ഫാസിസത്തിന്റെ ആവിർഭാവത്തിന്റെ കാരണവും നിശ്ചിതമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ഗ്രഹിക്കേണ്ടതുണ്ട്. അതിന്റെ വിഭിന്നങ്ങളായ ആവിഷ്കാരങ്ങളും പ്രത്യയശാസ്ത്ര, സാംസ്കാരിക അടിസ്ഥാനങ്ങളും ശാസ്ത്രീയമായ വിശകലനത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. അല്ലായെങ്കിൽ മനുഷ്യരാശിയുടെ ഈ കൊടിയ ശത്രുവിനെ പ്രത്യശാസ്ത്രപരമായും സംഘടനാപരമായും നമുക്ക് പരാജയപ്പെടുത്താൻ കഴിയാതെ വരും. സഖാവ് ഘോഷ് പറഞ്ഞു, “ചരിത്ര സാഹചര്യങ്ങൾ ഫാസിസത്തിന് വ്യതിരിക്തലക്ഷണങ്ങളോടെ ചില പൊതുസവിശേഷതകൾ പകർന്നു കൊടുക്കുന്നുണ്ട്. സാമ്പത്തികകേന്ദ്രീകരണം, ഭരണകൂടത്തിൽ പരമാവധി രാഷ്ട്രീയാധികാരകേന്ദ്രീകരണം, ഭരണസംവിധാനത്തിലെ കർക്കശമായ ദാർഢ്യം. ഇവയെല്ലാം കുത്തകകളുടെ താൽപര്യങ്ങളും ഭരണകൂടത്തിന്റെ താൽപര്യങ്ങളും തമ്മിൽ കൂടുതൽ കൂടുതൽ താദാത്മ്യപ്പെടലിലേക്ക് നയിക്കുന്നു- കൂടാതെ സാംസ്കാരികമായ ചിട്ടപ്പെടുത്തൽ, എന്നിവയൊക്കെയാണത്.” ഈ സ്വഭാവ സവിശേഷതകൾ എല്ലാ രാജ്യങ്ങളിലും ഒരേ വിധത്തിൽ ആവില്ല എന്നും സഖാവ് ഘോഷ് ചൂണ്ടിക്കാട്ടി.


ഒരു ആഗോളവ്യവസ്ഥ എന്ന നിലയിൽ മുതലാളിത്തം ജീർണിക്കുകയും മരണം കാത്തു കിടക്കുകയും ലോകമെങ്ങും തൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങൾ വിജയം വരിക്കുകയും ചെയ്ത കാലത്താണ് ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിലൂടെ പുതിയൊരു മുതലാളിത്ത ഭരണകൂടം സ്ഥാപിതമാകുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പ്രാമുഖ്യം നേടിയ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള മുതലാളിവർ ഗ്ഗത്തിന്റെ അനുരഞ്ജനധാര തൊഴിലാളിവർഗ്ഗ വിപ്ലവസാധ്യതയെ പറ്റിയുള്ള ഭയംമൂലം സമൂഹത്തിന്റെ പൂർണമായ ജനാധിപത്യവൽക്കരണ പ്രക്രിയയ്ക്ക് ശ്രമിച്ചില്ല. അതിനാൽ ജന്മിത്തത്തിന്റെ നീക്കിയിരിപ്പുകളായി സമൂഹത്തിൽ മതത്തിന്റെ സ്വാധീനം നിലനിന്നു. അവിടെ തീവ്രമായ മതഭ്രാന്ത് പേറുന്നവർ മുതൽ മതേതരത്വത്തിന്റെ അന്തസത്ത ഉപേക്ഷിച്ച് സർവ്വമത പ്രീണനം നടത്തുന്നവർ വരെയുള്ള പ്രസ്ഥാനങ്ങൾ രാഷ്ട്രീയ മുഖ്യധാരയിൽ പ്രവർത്തിച്ചു. മുതലാളിത്തത്തിന്റെ ജീർണഘട്ടത്തിലെ ബൂർഷ്വാമാനവാദമാണ് അടിസ്ഥാനസമീപനമായി ഇതിലൂടെ വന്നുഭവിച്ചത്. അത് ശാസ്ത്രവും ആത്മീയവാദവും തമ്മിലുള്ള ലയനം സൃഷ്ടിച്ചുകൊണ്ടും മറുവശത്ത് മാനവവാദ ആദർശങ്ങളെയും മൂല്യങ്ങളെയും മതമൂല്യങ്ങളുമായും ദേശീയ പാരമ്പര്യവാദവുമായും അനുരഞ്ജിപ്പിച്ചുകൊണ്ടും ഫാസിസത്തിന്റെ വളർച്ചയെ സഹായിച്ചുകൊണ്ടിരിക്കുന്നു.


ഇന്ത്യൻ മുതലാളിത്തം ജന്മനാലേ പ്രതിസന്ധിഗ്രസ്തമായിരുന്നു. അതുകൊണ്ടുതന്നെ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി ആയിരുന്ന കാലത്തേ ജനാധിപത്യ അവകാശങ്ങൾ വെട്ടിച്ചുരുക്കി ക്കൊണ്ടിരുന്നു. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് നടപ്പിലാക്കിയ പല മനുഷ്യാവകാശവിരുദ്ധ നിയമങ്ങളും തുടർന്നു.
ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന അടിയന്തരാവസ്ഥ കറുത്ത ഫാസിസ്റ്റ് ഭരണക്രമം ആയിരുന്നു. ശ്രീമതി ഗാന്ധിയുടെ വധത്തെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ ആസൂത്രണത്തിൽ ഡൽഹിയിലും മറ്റും അരങ്ങേറിയ പൈശാചികമായ സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനുമായുണ്ടായ കാർഗിൽ യുദ്ധത്തെ ചുറ്റിപ്പറ്റി യുദ്ധജ്വരവും ദേശഭ്രാന്തും സൃഷ്ടിക്കാൻ വാജ്പേയ് സർക്കാരിന് കഴിഞ്ഞു. ഗോധ്ര ട്രെയിൻ സംഭവത്തെ തുടർന്ന് ഗുജറാത്തിൽ മോദി സർക്കാരിന്റെ ഒത്താശയോടെ മുസ്ലിംവിരുദ്ധ കൂട്ടക്കൊല സംഘടിപ്പിച്ചു. ഒരു ചുരുങ്ങിയ കാലയളവിലേക്കാണെങ്കിൽപ്പോലും ഇതെല്ലാം ഇന്ത്യയിൽ ഫാസിസത്തിന്റെ ഉയർച്ചയുടെ ലക്ഷണങ്ങൾ ആയിരുന്നു. വ്യത്യസ്ത നിറങ്ങളിലുള്ള കൊടി പിടിക്കുന്ന വിവിധ രാഷ്ട്രീയകക്ഷികൾ ഭരിക്കുന്ന സർക്കാരുകൾ ജനാധിപത്യ, ട്രേഡ് യൂണിയൻ അവകാശങ്ങൾ ഹനിക്കുന്ന നിരവധി കരിനിയമങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ദീർഘകാലമായി ഇന്ത്യ  ഭരണതലത്തിലുള്ള ഫാസിസത്തിന്റെ ശക്തമായ ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇന്ത്യൻ മുതലാളിത്തം രൂക്ഷമായ, അനിതരസാധാരണമായ പ്രതിസന്ധിയാണ് നേരിടുന്നത്. ജനസമരങ്ങളുടെ വേലിയേറ്റങ്ങൾ ഇവിടെയും ഉണ്ടാകുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ വർഗ്ഗ താൽപര്യങ്ങൾ ഉരുക്കുമുഷ്ടിയോടെ നടപ്പിലാക്കുന്ന ഒരാളെ ബൂർഷ്വാസിക്ക് വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കടന്നുവരവിനെ കാണേണ്ടത്. കോർപ്പറേറ്റ് ശക്തികളുടെയും മാധ്യമങ്ങളുടെയും കൊണ്ടുപിടിച്ച ശ്രമത്തിലൂടെയാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയത്. തീർച്ചയായും തങ്ങളുടെ കമ്പോള താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് കുത്തകമുതലാളിമാർ മോദിയെ അധികാരത്തിലെത്തിച്ചത്. കോൺഗ്രസ് ഭരണം അടിത്തറയിട്ട ആഗോളവൽക്കരണത്തിന്റെ നയങ്ങൾ കൂടുതൽ അക്രമാസക്തമായ രീതിയിൽ മോദി ഉടനടി നടപ്പിലാക്കിക്കൊണ്ട് കോർപ്പറേറ്റുകളോട് നന്ദി കാട്ടുന്നു. മോദിയുടെ ആദ്യ ബജറ്റ് തന്നെ സമ്പൂർണ്ണമായ കോർപ്പറേറ്റുവൽ ക്കരണത്തിന്റെ രൂപരേഖയായിരുന്നു. പിൽക്കാലനടപടികളെല്ലാം അതിന്റെ തുടർച്ചയും വളർച്ചയുമായിരുന്നു. ലോകകമ്പോളത്തിലെ മത്സരക്കാർ എന്ന നിലയിൽ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് മതിയായ ധനശേഷി ഉണ്ടാക്കാനായി നാടിന്റെ സമ്പത്താകെ അവരിലേക്ക് കുത്തിയൊഴുക്കി. അതിനായി പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതുകയും ബാങ്ക് നിക്ഷേപവും ഖജനാവിലെ പൊതുഫണ്ടും ധാരാളമായി ഉപയോഗപ്പെടുത്തുകയും നോട്ടുനിരോധനവും കോവിഡ്‌കാല നടപടികളും, ഇന്ധനവിലവർദ്ധനവുകളും, ജിഎസ്‌ടിയുമെല്ലാം കുത്തകളുടെ ഖജനാവ് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ വർദ്ധിപ്പിച്ചു. ഒപ്പത്തിനൊപ്പം ഇതിന്റെയെല്ലാം ഫലമായി അസമത്വം അതിഭീതിതമായി വർദ്ധിച്ചു. തൊഴിലില്ലായ്മ ഞെട്ടിപ്പിക്കുന്ന വിധത്തിൽ കുതിച്ചുയർന്നു. കാർഷിക മേഖലയാകെ കുത്തകകളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുവാനായി പുതിയ കാർഷികനിയമങ്ങൾ കൊണ്ടുവന്നു. കർഷകർ നടത്തിയ ധീരോദാത്തമായ  പ്രക്ഷോഭണത്താൽ അത് തടയാനായി. തൊഴിലാളികളെ മൂലധനശക്തികളുടെ അടിമകളാക്കി മാറ്റാൻ ഉദ്ദേശിച്ചുകൊണ്ട്, നീണ്ടകാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത സകല തൊഴിൽ അവകാശങ്ങളെയും റദ്ദുചെയ്തുകൊണ്ട് തൊഴിൽ കോഡുകൾ കൊണ്ടുവന്നു. രാജ്യത്തെ ധാതുസമ്പത്താകെ കുത്തകകളുടെ കൈയിലെത്തിക്കാൻ നടപടിയെടുത്തു. കോർപ്പറേറ്റ് താല്പര്യങ്ങൾക്കായി ആദിവാസികൾക്ക് വനത്തിലുള്ള അവകാശവും മത്സ്യത്തൊഴിലാളികൾക്ക് കടൽ അവകാശവും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നു. അങ്ങനെ നാടിന്റെ സമ്പത്താകെ അതിവേഗം ഒരു പിടി വരുന്ന കോർപ്പറേറ്റ് ശക്തികളുടെ കൈകളിൽ എത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഇതെല്ലാംതന്നെ മുതലാളിത്തത്തിന്റെ ജീർണ്ണകാലത്ത് മൂലധനകേന്ദ്രീകരണത്തിന് ഉതകുന്ന ഫാസിസ്റ്റ് സാമ്പത്തിക നീക്കങ്ങൾ തന്നെയാണ്.
ഇന്ത്യൻ സമൂഹത്തിന്റെ  ജനാധിപത്യവൽക്കരണ പ്രക്രിയ പൂർത്തിയാവാത്തതി നാൽ മതത്തെയും അതുവഴി സൃഷ്ടിച്ചെടുക്കുന്ന മതവിദ്വേഷത്തിന്റെയും കൈപിടിച്ചാണ് ഇന്ത്യയിൽ ഫാസിസം മുന്നേറുന്നത്. മതവിദ്വേഷവും ദേശഭ്രാന്തും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഹിന്ദുത്വ സാംസ്കാരിക ദേശീയത എന്ന പ്രത്യയശാസ്ത്രം കൈമുതലാക്കിയ സംഘപരിവാർ ശക്തികളാണ് ഇന്ത്യൻ കുത്തക മുതലാളി വർഗ്ഗത്തിന്റെ ജീർണ്ണഘട്ടത്തിലെ ആശ്രയ കേന്ദ്രം. നാസി സൈനികസംഘടനയുടെ മാതൃകയിൽ വാർത്തെടുക്കപ്പെട്ടിട്ടുള്ള അവർ രാജ്യത്തിന്റെ സകല ഭരണഘടനാസ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു. മുതലാളി വർഗ്ഗത്തിന്റെ കിരാതമായ ചൂഷണത്തിനും അക്രമങ്ങൾക്കുമെതിരെ തൊഴിലാളികളും കർഷകരും ബഹുജനങ്ങളും ഒത്തൊരുമിച്ചുള്ള പോരാട്ടം തടയാൻ മാരകമായ വിഘടന ശേഷിയുള്ള ഇത്തരം ശക്തികളെ ബൂർഷ്വാസി നിരന്തരം ഉപയോഗപ്പെടുത്തുന്നുണ്ട്.


“ഓരോ കാലഘട്ടത്തിനും അതിന്റേതായ ഫാസിസമുണ്ട്.”ഫാസിസ്റ്റ്കൂട്ടക്കൊല(holocaust) അതിജീവിച്ച ഇറ്റാലിയൻ രസതന്ത്രജ്ഞനും എഴുത്തുകാരനമായ പ്രിമോ ലെവി  ആണിതു പറഞ്ഞത്. ഫാസിസത്തിനു വാർപ്പ് മാതൃകകളില്ലെന്ന് സഖാവ് ഘോഷ് നമ്മെ പഠിപ്പിച്ചു. അതുകൊണ്ട് ഓരോ രാജ്യത്തെ സമൂർത്ത സാഹചര്യത്തെ, മുതലാളിത്തത്തിന്റെ ജീർണ്ണതയുടെ ഘട്ടത്തെ ആശ്രയിച്ചാണ് അവിടെ ഫാസിസത്തിന്റെ രൂപം പ്രത്യക്ഷമാവുന്നത്. ഫാസിസത്തിന്റെ ഇന്ത്യൻ അവസ്ഥ പരിശോധിക്കുമ്പോൾ തീർച്ചയായും ഫാസിസ്റ്റ് സ്വഭാവത്തോടെയുള്ള ചിട്ടയായ നീക്കങ്ങളാണ് സർവ്വരംഗത്തും ഭരണവർഗ്ഗം നടത്തുന്നതെന്ന് നമുക്കറിയാം. പക്ഷേ, തുറന്നതും സമ്പൂർണ്ണവുമായ ഫാസിസം നടപ്പിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എങ്കിൽപ്പോലും ഭരണതലത്തിൽ ഫാസിസം പിടിമുറുക്കുകയണ്.


ഫാസിസത്തെ വർഗ്ഗപരമായ ഒരു പ്രതിഭാസമെന്ന നിലയിലാണ് നാം മനസ്സിലാക്കേണ്ടത്. വികസിതമോ അവികസിതമോ ആയ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ഇന്ന് ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെടുകയാണ്. ഒരു സാമൂഹ്യവ്യവസ്ഥയെന്ന നിലയിൽ വളർച്ചയുടെ അന്തിമഘട്ടത്തിൽത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്ന, അടിമുടി പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തവ്യവസ്ഥയ്ക്ക് അന്തിമാശ്രയമെന്ന നിലയിൽ ഫാസിസത്തിൽ അഭയം പ്രാപിക്കുകയേ വഴിയുള്ളൂ.
ഇന്ന് മൂലധനത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന വളരെ ചെറിയൊരു ന്യൂനപക്ഷം വരുന്ന കുത്തകകളായ മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണ് ഫാസിസം. അത് ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയുടെയോ വ്യക്തിയുടെയോ പദ്ധതിയല്ല. മുതലാളിവർഗ്ഗ താൽപ്പര്യത്തിനായി പണിയെടുക്കുന്ന ഏതൊരു പാർട്ടിയും ഫാസിസ്റ്റ് പദ്ധതിയുടെ നടത്തിപ്പുകാരായി മാറാം. ഇൻഡോ ചൈന യുദ്ധത്തിന്റെ സന്ദർഭത്തിൽ കത്തിയാളിക്കപ്പെട്ട അന്ധമായ ദേശഭ്രാന്തിലൂടെ രാജ്യമെമ്പാടും ഒരു ഫാസിസ്റ്റ് അന്തരീക്ഷം സൃഷ്ടിച്ചത് നമ്മുടെ മുമ്പിലുണ്ട്. ഏതാണ്ട് മൂവായിരത്തോളം സാധാരണക്കാരെ കൊന്നൊടുക്കിയ സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ പ്രതിഫലിച്ചതും ഫാസിസ്റ്റ് മനോഘടനയായിരുന്നു. ലോകമെമ്പാടും പിന്തിരിപ്പൻ ആശയഗതികളുടെ കൊടുങ്കാറ്റ് വീശിയടിക്കുന്ന ഈ സാഹചര്യത്തിൽ, ഫാസിസ്റ്റ് പദ്ധതി നടപ്പാക്കാൻ പുരോഗമനത്തിന്റേതായ മുഖംമൂടിയുടെ ആവശ്യമില്ല. മറിച്ച് അടിമുടി പിന്തിരിപ്പനായ ഒരു പ്രസ്ഥാനത്തിനായിരിക്കും കൂടുതൽ കാര്യക്ഷമതയോടെ രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കാനാവുക. ആയതിനാൽ രാജ്യത്തെ ജനങ്ങളിലെ ഭൂരിപക്ഷത്തെയും സങ്കുചിത ദേശഭ്രാന്തിന്റെ വികാരത്താൽ ഉന്മത്തരാക്കാൻ ശേഷിയുള്ള, അപരവിദ്വേഷത്തെ ആളിക്കത്തിക്കാൻ കെൽപ്പുള്ള ഒരു പാർട്ടിക്ക് ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ ഫാസിസത്തിലേക്ക് ആനയിക്കാൻ കൂടുതൽ എളുപ്പകരമായിരിക്കും. നരേന്ദരമോദിയും ബിജെപിയും  അങ്ങേയറ്റം ആപൽക്കരമാകുന്നത് ഇക്കാരണത്താലാണ്. എന്നാൽ രാഷ്ട്രീയചിത്രം മാറിമറിഞ്ഞ് മറ്റേതെങ്കിലും പാർട്ടിയോ മുന്നണിയോ നാളെ അധികാരത്തിലെത്തിയാൽ ഫാസിസ്റ്റ് വിപത്ത് ഒഴിഞ്ഞുപോയി ഒരു കാരണവശാലും കരുതാനാവില്ല. ഭരണയന്ത്രം തിരിക്കുന്നത് ആരുതന്നെയായാലും മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യത്തെ മുൻനിർത്തി  അനിവാര്യമായും അവരും ഫാസിസത്തിൽ ശരണം പ്രാപിക്കുകതന്നെ ചെയ്യും. മുതലാളിത്ത രാജ്യങ്ങളിൽ ജനങ്ങളുടെ ക്ലേശങ്ങൾ അന്തമില്ലാതെ പെരുകി ജീവിതം ദുരിതപൂർണ്ണമാകും. ജനങ്ങൾ പ്രക്ഷോഭത്തിന്റെ മാർഗ്ഗത്തിലേക്ക് വരികതന്നെ ചെയ്യും. പ്രസ്തുത പ്രക്ഷോഭങ്ങൾ ഈ വ്യവസ്ഥിതിക്കെതിരായ വിപ്ലവമായി മാറാനും സാധ്യതയുണ്ട്.  മുതലാളിവർഗ്ഗം ഭയാശങ്കകളോടെയാണ് ഇതിനെ കാണുന്നത്. ഈ തൊഴിലാളിവിപ്ലവത്തെ പ്രതിരോധിക്കാനുള്ള മുൻകൂർകലാപമാണ് ഫാസിസം. എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെട്ടുവരുന്നത് ഇക്കാരണത്താലാണ്. വർഗ്ഗപരമായ ഈ വിവക്ഷ മനസ്സിലാക്കാതെ, ഫാസിസത്തെ ഭരണകൂട അടിച്ചമർത്തലോ അന്യമതവിദ്വേഷമോ മാത്രമായി മനസ്സിലാക്കിയാൽ അതിനെതിരായ പോരാട്ടം ലക്ഷ്യവേധിയായി പടുത്തുയർത്താനാവില്ല.


കരിമേഘങ്ങൾ അന്തരീക്ഷത്തിലുണ്ടെങ്കിലും പ്രകാശത്തിന്റെ സ്ഫുലിംഗങ്ങളും പ്രത്യക്ഷത്തിലുണ്ട്. സമ്പൂർണ്ണ ഫാസിസം ആവിഷ്കരിക്കാനുള്ള ആവശ്യഘടകമായ സാമ്പത്തികരാഷ്ട്രീയകേന്ദ്രീകരണം പൂർണമായി കൊണ്ടുവരാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട മൂലധനത്തിന്റെ പ്രഭാവം ഇന്ത്യയിലുള്ളതിനാൽ അതൊരു അനുഗ്രഹമാണെന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാട്ടി. ഒരു വിപ്ലവസാഹചര്യം മുന്നിലുണ്ടാകുമ്പോഴാണ് ഫാസിസം സമ്പൂർണ്ണമായി പ്രത്യക്ഷപ്പെടുക എന്നാണ് ചരിത്രാനുഭവം. വിപ്ലവമുന്നേറ്റങ്ങൾ വഴിതെറ്റി അലയുന്ന ഘട്ടങ്ങളിൽ ഫാസിസം ഇരപിടിയൻ മൃഗത്തെപ്പോലെ പതുങ്ങിക്കിടക്കും. പല്ലും നഖങ്ങളും മൂർച്ച കൂട്ടിക്കൊണ്ട് . അതിന്റെ മുരളലുകളാണ് നാമിന്നു കേട്ടുകൊണ്ടിരിക്കുന്നത്.


സർക്കാർ പിന്തുടരുന്ന ജനവിരുദ്ധനയങ്ങൾ ജനങ്ങളിൽ രോഷം സൃഷ്ടിക്കുന്നുണ്ട്. ഒരു ഫാസിസ്റ്റ് നീക്കമായ  കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആയിരങ്ങളായി ദേശീയതലസ്ഥാനത്ത്  അണിനിരന്ന് നൂറുകണക്കിന് പേർജീവൻ നൽകി വിജയം പിടിച്ചെടുത്തത് ഉജ്ജ്വലമായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് മാതൃക കാട്ടുന്നതായിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളും വൈദ്യുതിനിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭണങ്ങളും അതുപോലെ പ്രതീക്ഷ നൽകുന്നതാണ്. ഈ പ്രക്ഷോഭണങ്ങളെല്ലാം സൂചിപ്പിക്കുന്നത് മുതലാളിവർഗ്ഗം ഫാസിസത്തിലൂടെ ജനങ്ങളെ വിഭജിക്കാനും അവരെ അന്ധകാരത്തിലാഴ്ത്താനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താൻ ജനങ്ങൾക്കു ശേഷി കൈവരുന്നത് അവർ സമരരംഗത്ത് അണിനിരക്കുമ്പോഴാണ് എന്നാണ്. ജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഒരു സമരക്കമ്മിറ്റിയിൽ അണിനിരക്കുന്ന ഓരോ വ്യക്തിയും ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളി കൂടിയാകുകയാണ്. ഈ സമരങ്ങൾ സുഘടിതമാകുകയും ഭിന്നജനവിഭാഗങ്ങൾ ഒന്നിക്കുന്ന വിശാലമായ സമരമായി വളരുകയും ചെയ്യുമ്പോഴാണ്, അപ്പോൾ മാത്രമാണ് ഫാസിസത്തെ ചെറുത്തുനിർത്താനും അടിയറവുപറയിക്കാനും കഴിയുക. ഫാസിസം പടിവാതില്ക്കലാണെങ്കിലും അതൊരനിവാര്യത അല്ല.
തീർച്ചയായും, രാജ്യത്തിന്റെ രാഷ്ട്രീയ രംഗത്ത് ഒരു ശൂന്യത നിലവിലുണ്ട്. അത് നികത്താൻ ഇടതു ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ സാധിക്കു. എല്ലാ ഇടതുജനാധിപത്യ പാർട്ടികളുടെയും ശക്തികളുടെയും ഐക്യമാണ് അടിയന്തരാവശ്യകത. പക്ഷേ ദൗർഭാഗ്യവശാൽ ജനകീയസമരവേദികളിൽ പ്രതീക്ഷിക്കപ്പെടുന്ന അത്തരം ശക്തികൾ, ഇടതെന്നവർ അറിയപ്പെടുന്നവർപോലും ഒന്നുകിൽ വിശാലമായ ഫാസിസ്റ്റ് പദ്ധതിയുടെ ഭാഗം ചേർന്ന് കോർപ്പറേറ്റുകളെ ശക്തിപ്പെടുത്തുന്നതിലോ പ്രക്ഷോഭരംഗത്തിറങ്ങാൻ ശേഷി നഷ്ടപ്പെട്ടവരോ ആയിരിക്കുന്നു. എതിർപ്പിന്റെ ശബ്ദം ഉയർത്തുന്നവരെ ഭരണകൂടത്തിന്റെ ഉപകരണങ്ങൾ വച്ച് ഭയപ്പെടുത്തി നിശ്ശബ്ദരാക്കുന്നതും ഒരു കാരണമാണ്. പക്ഷേ എതിർപ്പിന്റെ, ചെറുത്തുനിൽപ്പിന്റെ ശക്തികൾ ഇന്നും രാജ്യത്തുണ്ട്. പ്രസ്ഥാനങ്ങളും വ്യക്തികളുമുണ്ട്. ഭരണകൂടത്തിൽനിന്ന് തങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രയാസങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയം നോക്കാതെ സമരരംഗത്ത് അണിനിരക്കുന്ന ബഹുജനങ്ങളുണ്ട്. നിർഭയമായി പൊരുതുന്ന ബുദ്ധിജീവികളും കലാകാരന്മാരും ന്യായാധിപന്മാരും അധ്യാപകരും തൊഴിലാളികളും കർഷകരുമുണ്ട്. അവരെ കൂട്ടിയിണക്കി ഫാസിസത്തെപ്പറ്റി സഖാവ് ശിബ്‌ദാസ് ഘോഷ് നൽകിയ പാഠങ്ങളുടെ വെളിച്ചത്തിൽ വർഗ്ഗ ബഹുജന സമരങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇടതു ജനാധിപത്യപാർട്ടികളെയും ശക്തികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് രാജ്യവ്യാപകമായി പ്രക്ഷോഭം കെട്ടിപ്പടുക്കാനാവണം ശ്രമം. എല്ലാ ജാതി, മതവിഭാഗങ്ങളിലും പെട്ട, അധ്വാനിക്കുന്ന ബഹുജനങ്ങളെ ബാധിക്കുന്ന ഭരണവർഗത്തിന്റെ സാമ്പത്തിക ആക്രമണങ്ങൾക്കെതിരെ പ്രത്യേകിച്ചും പ്രക്ഷോഭം വളർത്തിയെടുക്കേണ്ടതുണ്ട്. അത്തരം ഒരു പ്രക്ഷോഭണത്തിനുമാത്രമേ ഭരണകൂടം കൃത്രിമമായി സൃഷ്ടിച്ചെടുത്ത മതവിദ്വേഷത്തെ ഇല്ലായ്മ ചെയ്യാനാവു. ജനകീയ സമര കമ്മിറ്റികളിൽ സംഘടിതരായി ഭരണകൂട അടിച്ചമർത്തലുകളെ നേരിട്ടുകൊണ്ട് മുന്നേറണം. അപ്പോൾ രൂപം കൊള്ളുന്ന സമര സാഹോദര്യത്തിൽ ജനതയ്ക്കുള്ളിൽ കുത്തിവച്ചിരിക്കുന്ന എല്ലാ വിദ്വേഷങ്ങളുടെയും വിഷം ചോർന്നുപോകും. അന്ധവിശ്വാസം കുത്തിനിറച്ച് മനുഷ്യന്റെ യുക്തിചിന്തയെ ചോർത്തിക്കളയുന്നതിനെതിരെ ശക്തമായ ശാസ്ത്രപ്രസ്ഥാനം വളർത്തിയെടുക്കണം. ഫാസിസ്റ്റ് മനുഷ്യനെ സൃഷ്ടിക്കാൻ ബൂർഷ്വാസി കൊണ്ടുവരുന്ന പുതിയ വിദ്യാഭ്യാസനയത്തെ ചെറുക്കാനാവണം. തൊഴിലാളി അടിമകളാക്കി മാറ്റുവാൻ ഉദ്ദേശിക്കുന്ന തൊഴിൽകോഡുകൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കണം. നിലവിലെ ട്രേഡ് യൂണിയനുകൾ അതിന് തയ്യാറാവുന്നില്ലെങ്കിൽ സ്വന്തം നിലയിൽ തൊഴിലാളികൾ പുനഃസംഘടിതരാവണം. എത്ര കൊടിയ അക്രമങ്ങളെയും പരാജയപ്പെടുത്താൻ സാംസ്‌കാരികമായ നട്ടെല്ലുണ്ടെങ്കിലേ സാധ്യമാവു എന്നതിനാൽ ശക്തമായ സാംസ്കാരികപ്രസ്ഥാനം വളർത്തിയെടുക്കേണ്ടതുണ്ട്. മാർക്സിസം പ്രദാനം ചെയ്ത സാമൂഹ്യവികാസത്തിന്റെ അനിഷേധ്യമായ ശാസ്ത്രീയനിയമം പഠിപ്പിക്കുന്നത് മുതലാളിത്തം ശാശ്വതമല്ല എന്നുള്ളതാണ്. അടിമത്തവും ജന്മിത്തവും കാലഹരണപ്പെട്ട് വഴിമാറിയതുപോലെ മുതലാളിത്തവും പുതിയ സാമൂഹ്യവസ്ഥിതിയിലേക്ക് വഴിമാറിയേ പറ്റൂ.  കൃത്രിമമായി നീട്ടുന്ന ആയുസ്സ് എല്ലാകാലത്തും നിലനിർത്തുക സാധ്യമല്ല. അതിനാൽ ഫാസിസം എത്ര പൈശാചികമാണെങ്കിലും അത് അന്തിമമല്ല. ചരിത്രത്തിന്റെ അലംഘനീയമായ സത്യം അതാണ്.


മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ചൂഷണത്തിന്റെയും അപമാനവീകരണത്തിന്റെയും ഇരകളായ ജനകോടികൾ ലോകമെമ്പാടും വലുതല്ലാത്ത ഇടവേളകളിൽ പൊട്ടിത്തെറിക്കുന്നത് നാം കാണുന്നു. അധിനിവേശവിരുദ്ധവും  ചെറുത്തുനിൽപ്പിന്റേതുമായ സമരങ്ങളിൽ  അവർ തിരമാലകൾ പോലെ ഉയരുന്നതും താമസംവിനാ പിൻവാങ്ങുന്നതും കാണുന്നു. അമേരിക്കയിലെ വാൾസ്ട്രീറ്റ് കൈയടക്കൽ സമരവും അറബ് രാജ്യങ്ങളിൽ വീശിയടിച്ച മുല്ലപ്പൂ വിപ്ലവവും ഏറ്റവുമൊടുവിൽ നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും ഉയർന്നുവന്ന പ്രക്ഷോഭങ്ങളും ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ യൂറോപ്പിലെമ്പാടും നടന്ന പ്രക്ഷോഭണങ്ങളും യഥാർത്ഥത്തിൽ ചൂഷണവാഴ്ചയിൽ സഹികെട്ട മനുഷ്യരുടെ കുതറലുകളായിരുന്നു. എന്നാൽ, സുശിക്ഷിതമായ നേതൃത്വത്തിന്റെയും സുഘടിതമായ സംഘടനാരൂപങ്ങളുടെയും അഭാവത്തിൽ ഈ മുന്നേറ്റങ്ങൾ മുനയൊടിഞ്ഞ് ഒടുങ്ങിപ്പോകുന്നു. ഭരണാധിപന്മാരെ മാറ്റിക്കൊണ്ട് നഗ്നമായ ചൂഷണത്തിന്റെ തുടർച്ച ഉറപ്പാക്കപ്പെടുന്നു. മുതലാളിത്ത ചൂഷണവാഴ്ച അവസാനിപ്പിക്കാനുള്ള വർഗ്ഗരാഷ്ട്രീയത്താൽ സായുധമാകാത്തിടത്തോളം ഇത് ആവർത്തിക്കപ്പെടുകതന്നെ ചെയ്യും.

Share this post

scroll to top