ഞാന്‍ ഗസയില്‍ യുദ്ധം ചെയ്തു; ഞാന്‍ തിരിച്ചുപോകാത്തതിന്റെ കാരണം ഇതാണ് – യോതം വില്‍ക്ക്‌

download.webp
Share

യോതം വില്‍ക്ക് ഇസ്രയേല്‍ പ്രതിരോധ സേനയിലെ ഒരു റിസര്‍വ് ക്യാപ്റ്റനും ഗസയില്‍ സേവനമനുഷ്ഠിക്കുകയും തിരിച്ചുവരാന്‍ വിസമ്മതിക്കുകയും ചെയ്ത ഐഡിഎഫ് വെറ്ററന്‍മാരുടെ സംഘടനയായ സോള്‍ജിയേഴ്സ് ഫോര്‍ ദി ഹോസ്റ്റേജസിലെ അംഗവുമാണ്. ടെല്‍ അവീവിലാണ് താമസിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് 30-08-25 പ്രസിദ്ധീകരിച്ചത്.

2023 ഒക്ടോബര്‍ 7ന്, ഇസ്രയേലില്‍ ഹമാസിന്റെ കൂട്ടക്കൊലയുടെ വ്യാപ്തി വ്യക്തമായപ്പോള്‍, ഞങ്ങള്‍ യുദ്ധത്തിനിറങ്ങി, സൈനികരായ ഞങ്ങള്‍ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ഞങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു എന്ന തോന്നല്‍ എന്നെ ഗ്രസിച്ചു. കോപവും കുറ്റബോധവും പേറിെക്കാണ്ട്, ക്രൂരതയുടെ ആഴം വ്യക്തതയോടെ കാണിച്ചുതന്ന ഒരു ഭീകര സംഘടനയ്ക്കെതിരെ ഞങ്ങള്‍ പോരാട്ടത്തിലേക്ക് പ്രവേശിച്ചു.


ഒരു വര്‍ഷത്തോളം ഞാന്‍ ഗസയില്‍ യുദ്ധം ചെയ്തു, ആദ്യം ഒരു ടാങ്ക് പ്ലാറ്റൂണ്‍ കമാണ്ടറായും പിന്നീട് എന്റെ കമ്പനി കമാണ്ടറുടെ ഡെപ്യൂട്ടി ആയും. ഗസയില്‍ ഞാന്‍ കരസേനാ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി, ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുത്തു, അവരുടെ തുരങ്കങ്ങള്‍, ആയുധ ഡിപ്പോകള്‍, കമാന്‍ഡ് പോസ്റ്റുകള്‍ എന്നിവ പൊളിക്കാന്‍ സഹായിച്ചു. ഓരോ ദിവസവും കര്‍ത്തവ്യബോധത്താല്‍ പ്രേരിതനായി, യുദ്ധത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യത്തെ ഞാന്‍ അഭിമുഖീകരിച്ചു. കണ്‍മുന്നില്‍ നടക്കുന്ന മരണവും നാശവും വിതക്കുന്ന യുദ്ധക്കെടുതികള്‍, മാറ്റാനാവാത്ത തീരുമാനങ്ങളുടെ പ്രത്യാഘാതം, വെടിയുണ്ടകള്‍ക്കിടയില്‍ വ്യക്തതയോടെ പ്രവര്‍ത്തിക്കാനുള്ള നിരന്തരമായ ആവശ്യം.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു കയ്‌പേറിയ സത്യം പുറത്തുവന്നു; നമ്മുടെ സ്വന്തം ഭരണകുടത്തിന്  വഴിതെറ്റിപ്പോയിരിക്കുന്നു. ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഒക്ടോബര്‍ 7 ന് ഞങ്ങള്‍ യുദ്ധത്തിന് പോയതെങ്കില്‍, ഞങ്ങളുടെ നേതാക്കള്‍ക്ക് ഒരിക്കലും നിര്‍ത്താന്‍ പദ്ധതിയില്ലാത്ത ഒരുപോരാട്ടമാണ്  ഇതെന്ന് എനിക്ക് പെട്ടെന്ന് വ്യക്തമായി. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനാവശ്യമായ രാഷ്ട്രീയ വില നല്‍കാന്‍ വിസമ്മതിച്ച ജനപ്രീണന ദേശീയവാദികള്‍ നടത്തിയ യുദ്ധമായിരുന്നു അത്. പകരം ഞങ്ങള്‍ സൈനികര്‍, ബന്ദികള്‍, പലസ്തീനികള്‍ എന്നിവര്‍ രക്തത്താല്‍ വില നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഗസ ഒരു നിയമവിരുദ്ധ മേഖലയായി മാറി, സൈന്യത്തിന്റെ മേല്‍നോട്ടം വളരെ കുറവായിരുന്നു, സൈനികര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്തം ഒട്ടും തന്നെയില്ല. ഒരു സമയപരിധിയില്ലാത്ത, കൈവരിക്കാവുന്ന ലക്ഷ്യങ്ങളില്ലാത്ത, ഒരു എക്‌സിറ്റ് തന്ത്രമില്ലാത്ത ഒരു യുദ്ധം നടത്താനാണ് ഞങ്ങള്‍ വന്നത് – ഒരു ആധുനിക രാഷ്ട്രം എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷം.


2024 ഒക്ടോബര്‍ 9ന്, ഞാനുള്‍പ്പെടെയുള്ള ഒരു കൂട്ടം ഇസ്രയേല്‍ സൈനികര്‍, ഇസ്രയേലിന്റെ ഗസ നയത്തിന്റെയും, ബന്ദികളുടെ മോചനത്തിനുള്ള  നടപടികളെ സര്‍ക്കാര്‍ മനഃപൂര്‍വ്വം അട്ടിമറിക്കുകയാണെന്ന് തെളിയിക്കുന്ന തെളിവുകളുടെയും വെളിച്ചത്തില്‍, ഞങ്ങളുടെ സേവനം അസാധ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു തുറന്നകത്ത് നല്‍കി. കീഴുദ്യോഗസ്ഥരുടെ പ്രതിഷേധം വകവയ്ക്കാതെ, ബ്രിഗേഡ് കമാണ്ടര്‍ ഉടന്‍ തന്നെ എന്നെ യൂണിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇന്ന്, ഗസ നഗരത്തിന്റെ ക്രൂരമായ അധിനിവേശത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ പതിനായിരക്കണക്കിന് റിസര്‍വ് സൈനികരോട് ആഹ്വാനം ചെയ്യുമ്പോള്‍, എന്റെ സഹസൈനികരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു: ഹാജരാകാന്‍ വിസമ്മതിക്കുക. ആയിരങ്ങള്‍ ഇതിനകം തന്നെ ഹാജരാകുന്നത് നിര്‍ത്തി. ചിലരെ ജയിലിലേക്ക് അയച്ചു. പലരും നിശ്ശബ്ദരാണ്. സംസാരിക്കാനുള്ള സമയമാണിത്. അത് നിങ്ങളുടെ കടമയാണ്.
ഇസ്രയേലിന്റെ ഭാവിയെക്കുറിച്ച് കരുതലുള്ള എല്ലാവരും മനസ്സിലാക്കേണ്ടത്, അപകടത്തിലായിരിക്കുന്നത് ജീവന്‍ മാത്രമല്ല, ഇസ്രയേല്‍ എന്ന ആശയം തന്നെയാണ് എന്നാണ്. നമ്മള്‍ ഈ പാതയില്‍ തുടരുകയും ഗസയുടെമേല്‍ സ്ഥിരമായ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താല്‍, ഒരിക്കല്‍ ഈ രാജ്യത്തെ നിര്‍വചിച്ചിരുന്ന ദുര്‍ബലമായ ലിബറല്‍ ജനാധിപത്യ കാഴ്ചപ്പാട് എന്നന്നേക്കുമായി ഇല്ലാതാകും. സ്വന്തം അധികാരത്തിന്റെ പരിധികള്‍ നിഷേധിക്കുന്ന, വീണ്ടുവിചാരമില്ലാത്ത ഒരു ദേശീയവാദ-ജനപ്രീണന സര്‍ക്കാരിനുകീഴില്‍, ഇസ്രയേലിന് സുസ്ഥിരമായ ഒരു ഭാവിയില്ല. അസാധ്യമായതിനെ എങ്ങനെ അതിജീവിക്കാമെന്ന് ഒരിക്കല്‍ അറിയാമായിരുന്ന ഇസ്രയേലിനെ സ്‌നേഹിക്കുന്ന എല്ലാവരും, ഈ തകര്‍ച്ചയില്‍നിന്ന് നമ്മെ അകറ്റാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കണം.
നമ്മുടെ ദേശീയ സ്വത്വത്തില്‍ സൈന്യത്തിനുള്ള കേന്ദ്ര സ്ഥാനവും, വ്യക്തികളെന്ന നിലയില്‍ അത് നമ്മളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും കണക്കിലെടുക്കുമ്പോള്‍, ഇസ്രയേല്‍ സമൂഹത്തില്‍ സൈനിക സേവനം പരസ്യമായി നിരസിക്കുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത പ്രവൃത്തിയാണ്. എന്നാല്‍ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനം പൗരന്റെ വിശ്വാസപ്രമാണങ്ങളാണ്.  സൈനിക ശക്തി ഒരു പ്രധാന ഉപകരണമാണ്, അതോടൊപ്പം അപകടകരവുമാണ്. അത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനാണ്, അവ മാറ്റിസ്ഥാപിക്കാനല്ല. ബലപ്രയോഗം സ്വയം ഒരു ലക്ഷ്യമായി മാറുന്ന നിമിഷം, അത് നാശം മാത്രമേ വരുത്തൂ.
ഗസ നഗരം വീണ്ടും പിടിച്ചെടുക്കാനുള്ള പദ്ധതി കൃത്യമായ സൈനിക നീക്കമല്ല. മറിച്ച്, നശിപ്പിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഗവണ്‍മെന്റ് നടത്തുന്ന അധിനിവേശത്തോടുള്ള ആസക്തിയുടെ ലക്ഷണമാണ്.
ഇസ്രയേല്‍ സംഘത്തെ ചര്‍ച്ചയിലേക്ക് തിരികെക്കൊണ്ടുവരുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കഴിഞ്ഞ ആഴ്ചത്തെ പ്രഖ്യാപനം പരിചിതമായ ഒരു മാതൃകയായിരുന്നു. പൊതുജന പ്രതിഷേധം ശക്തമാകുമ്പോഴെല്ലാം, അദ്ദേഹം പുരോഗതിയോ ചര്‍ച്ചകളിലേക്കുള്ള തിരിച്ചുവരവോ പ്രഖ്യാപിക്കുന്നു -പക്ഷേ പ്രക്രിയ വീണ്ടും തകരാന്‍ ഇടയാക്കുന്നു. യഥാര്‍ത്ഥ ചോദ്യം ഇസ്രയേല്‍ എന്തുകൊണ്ടാണ് ആദ്യം മേശ വിട്ടുപോകുന്നത് എന്നതാണ്. നയിക്കുന്നതിന് പകരം നയിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?


ഇസ്രയേല്‍ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ‘പൂര്‍ണ്ണ വിജയം’ എന്ന പൊള്ളയായ ലക്ഷ്യം വില്‍ക്കുന്നു. ഇത് ഒരു തന്ത്രം അല്ല കേവലം മാര്‍ക്കറ്റിംഗ് ആണ്. നിരീക്ഷിക്കുന്ന ആര്‍ക്കും അത് ഒരു നുണയാണെന്ന് അറിയാം. ഒരു ഭരണ അല്ലെങ്കില്‍ സൈനിക സംഘടന എന്ന നിലയില്‍ ഹമാസ് എത്രയോ മുമ്പു തന്നെ പരാജയപ്പെട്ടിരിക്കുന്നു. എല്ലാ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത് അറിയാമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. കുടുതല്‍ ഇസ്രയേലികളും, അവരില്‍ നിരവധി സജീവ സൈനികരും, വീണ്ടുവിചാരമില്ലാത്ത ഈ  നടപടിയെ എതിര്‍ക്കുന്നു-ഗസയില്‍ വീണ്ടും അധിനിവേശം നടത്തുന്നതിനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഉള്‍പ്പെടെ.
ഈ യുദ്ധം ഒരു കരാറോടെ അവസാനിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ഓരോ കാലതാമസവും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നു, ബന്ദികള്‍ ജീവനോടെ തിരിച്ചെത്താതിരിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു, മധ്യസ്ഥരുടെയും, അന്താരാഷ്ട്ര പങ്കാളികളുടെയും ഇടയില്‍ ഇസ്രയേലിന്റെ നിലവാരം ഇടിയുന്നു.
ഈ ജനപ്രീണനത്തിനെതിരെ, പൊതുജന പ്രതിഷേധത്തിന്-പ്രത്യേകിച്ച് സൈനിക റിസര്‍വിസ്റ്റുകളുടെ- മാത്രമേ ഇസ്രയേലിനെ നയിക്കാന്‍ ധാര്‍മ്മികമോ രാഷ്ട്രീയമോ ആയ അധികാരമില്ലാത്ത ഒരു സര്‍ക്കാരിന്റെ ഗതി മാറ്റാന്‍ നിര്‍ബന്ധിക്കാന്‍ കഴിയൂ.  ദേശീയ പ്രതിസന്ധിയുടെ നിമിഷങ്ങള്‍ വിനാശകരമായ നയങ്ങളെ നേരിടാന്‍ സമൂഹങ്ങളെ പ്രേരിപ്പിക്കുന്ന പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്ക് കാരണമായി. നുണ തുറന്നുകാട്ടാന്‍ വ്യക്തിപരമായ വില നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ സത്യത്തിനായി പോരാടാന്‍ കഴിയൂ എന്ന് അവ തെളിയിക്കുന്നു. 1982 ലെ ലെബനന്‍ യുദ്ധത്തിലും, 2000-05ലെ രണ്ടാം ഇന്‍തിഫാദയിലും, ഇസ്രയേലിലും, വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയിലും ഇത് സംഭവിച്ചു. മന്ത്രിമാര്‍ ഒരു വിലയും നല്‍കുന്നില്ല. വില നല്‍കുന്നത്, ഞങ്ങള്‍ സൈനികരും, മറ്റ് പലരും.


ഞാന്‍ ഒരു സയണിസ്റ്റാണ്. ഇസ്രയേലിന് അവരുടെ എതിരാളികളെ പിന്തിരിപ്പിക്കാന്‍ അവകാശമുണ്ട്. ഞാന്‍ ഒരു സമാധാനവാദിയല്ല, പോരാടുന്നതില്‍ ഖേദിക്കുന്നില്ല. അതിനാല്‍ കൃത്യമായി പറഞ്ഞാല്‍ ഞാന്‍ മനസ്സിലാക്കുന്നത് ഇതാണ്.  ഇന്ന് ധൈര്യമായിരിക്കുക എന്നാല്‍ നിര്‍ത്തുക, ‘ഇനി വേണ്ട’ എന്ന് പറയുക എന്നാണ്. ഗസയിലെ ആരോഗ്യ അധികൃതരുടെ അഭിപ്രായത്തില്‍ 60,000ത്തിലധികം പലസ്തീനികള്‍, കൂടുതലും സാധാരണക്കാര്‍  കൊല്ലപ്പെട്ടു. പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന പട്ടിണി, ഏകദേശം രണ്ട് വര്‍ഷമായി ഇസ്രയേലി ബന്ദികള്‍ വലയുന്ന സാഹചര്യം, ഈ യുദ്ധം എല്ലാ അതിരുകളും കടന്നിരിക്കുന്നു. യുദ്ധം നീട്ടിക്കൊണ്ട് ഇനി നേടാന്‍ കഴിയുന്ന ഒരു ലക്ഷ്യവുമില്ല.
ഒരു ജൂത ജനാധിപത്യ രാഷ്ട്രത്തില്‍ വിശ്വസിക്കുന്ന ഓരോ സയണിസ്റ്റും, നമ്മള്‍ പോരാടാന്‍ പോയ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഓരോ പൗരനും, ഉത്തരവാദിത്തം നമ്മുടെ കൈകളിലാണെന്ന് മനസ്സിലാക്കണം. സഹകരണം വേണ്ട എന്ന് പറയേണ്ട സമയമാണിത്. നിശ്ശബ്ദ സമ്മതം വേണ്ട. സേവിക്കാന്‍ വിസമ്മതിക്കുന്നത് രാഷ്ട്രത്തോടുള്ള വഞ്ചനയല്ല. അതിനെ രക്ഷിക്കാനുള്ള ഏക മാര്‍ഗം അതാണ്.

Share this post

scroll to top