രണ്ടു വർഷത്തിലേറെ അവർ രാജ്യത്ത് ബോംബാക്രമണം നടത്തി, വീടുകൾ, യു.എൻ. അഭയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, സർവ്വകലാശാലകൾ എന്നിവ ലക്ഷ്യമിട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 67,000ത്തിലധികം ആളുകളെ (കണക്കിൽപ്പെട്ടത്) കൊന്നു. നഗരങ്ങളെ തകർത്തെറിഞ്ഞു, തലമുറകളെ കുടിയിറക്കി, പട്ടിണികിടക്കുന്നവർക്കും, മുറിവേറ്റവർക്കും, വൈദ്യസഹായം ആവശ്യമുള്ള ദശലക്ഷങ്ങൾക്കും സഹായമെത്തിക്കാനുള്ള എല്ലാ വഴികളും തടഞ്ഞു. അതിനാൽ, ആക്രമിക്കപ്പെട്ട ഗസയിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ആഗ്രഹം അമൂർത്തമായിരുന്നില്ല, മറിച്ച് അവരിൽ അന്തർലീനമായിരുന്നു.
സമാധാനത്തിന്റെ അപ്പസ്തോലനായി ട്രംപ് സ്വയം അവതരിക്കുന്നു
ഈ അവസരം മുതലെടുത്ത്, യുദ്ധക്കൊതിയന്മാരായ പെന്റഗൺ ഭരണകൂടത്തിന്റെ തലവനും, ഗസയിലെ സ്വാതന്ത്ര്യം തേടുന്ന ജനതയെ വ്യവസ്ഥാപിതമായി കൊല്ലുന്നതിൽ തന്റെ ആശ്രിതനായ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ മുഖ്യ രക്ഷാധികാരിയുമായ അമേരിക്കൻ പ്രസിഡന്റ് ട്രംപ്, പലസ്തീനിലെ ഇസ്രയേൽ വംശഹത്യ അവസാനിപ്പിക്കുന്നതിനായി ഒരു 20 ഇന “സമാധാന പദ്ധതി”ക്ക് രൂപം നൽകി. എന്നാൽ പതിവുപോലെ, ഇത് “അരയന്നത്തെ മോഷ്ടിച്ച് കുടൽമാല ദാനം ചെയ്യുന്ന” പഴഞ്ചൊല്ലിന് സമാനമായിരുന്നു. ട്രംപിന്റെ ഫോർമുല, മറ്റ് കാര്യങ്ങൾക്കൊപ്പം, താഴെ പറയുന്നവയും പ്രസ്താവിക്കുന്നു:
i) ഗസയിലെ ജനങ്ങൾക്കായുള്ള പൊതു സേവനങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും ദൈനംദിന നടത്തിപ്പ് കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട, “സാങ്കേതിക ജ്ഞാനമുള്ള, രാഷ്ട്രീയേതര പലസ്തീൻ സമിതിയുടെ” താൽക്കാലിക കൈകാര്യകർതൃത്വത്തിന് (transitional governance) കീഴിലായിരിക്കും ഗസ ഭരിക്കപ്പെടുക. ഈ സമിതിയിൽ യോഗ്യരായ പലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും ഉണ്ടാകും. ഇതിന്റെ മേൽനോട്ടവും നിരീക്ഷണവും വഹിക്കുന്നത് “സമാധാന ബോർഡ്”എന്ന പുതിയ ഒരു “അന്താരാഷ്ട്ര താൽക്കാലിക ബോഡി” ആയിരിക്കും. ഇതിന്റെ തലവനും ചെയർമാനും “പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപ്” ആയിരിക്കും, മറ്റ് അംഗങ്ങളെയും രാഷ്ട്രത്തലവന്മാരെയും (മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെ) പിന്നീട് പ്രഖ്യാപിക്കുന്നതാണ്. പ്രസിഡന്റ് ട്രംപിന്റെ 2020ലെ സമാധാന പദ്ധതിയും സൗദി-ഫ്രഞ്ച് നിർദ്ദേശവും ഉൾപ്പെടെ വിവിധ നിർദ്ദേശങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ, പലസ്തീൻ അതോറിറ്റി അതിന്റെ പരിഷ്കരണ പരിപാടി പൂർത്തിയാക്കി, ഗസയുടെ നിയന്ത്രണം സുരക്ഷിതമായും ഫലപ്രദമായും തിരികെ എടുക്കാൻ കഴിയുന്നതുവരെ, ഈ ബോഡി ഗസയുടെ പുനർവികസനത്തിനുള്ള ചട്ടക്കൂട് നിശ്ചയിക്കുകയും ധനസഹായം കൈകാര്യം ചെയ്യുകയും ചെയ്യും. ഗസയിലെ ജനങ്ങൾക്ക് സേവനം നൽകുന്നതും നിക്ഷേപം ആകർഷിക്കാൻ സഹായകമാവുന്നതുമായ ആധുനികവും കാര്യക്ഷമവുമായ ഭരണസംവിധാനം സൃഷ്ടിക്കാൻ ഈ ബോഡി മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉപയോഗിക്കും.
ii) ഗസയുടെ ഭരണത്തിൽ നേരിട്ടോ അല്ലാതെയോ ഒരു രൂപത്തിലും പങ്കുവഹിക്കില്ലെന്ന് “ഹമാസും മറ്റ് വിഭാഗങ്ങളും” സമ്മതിക്കണം. “ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുന്ന ജോലി പൂർത്തിയാക്കാൻ” ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ ലഭിക്കും.
iii) പങ്കെടുക്കുന്ന രാജ്യങ്ങളുമായി ചർച്ചചെയ്ത് മുൻഗണനാ താരിഫ്, പ്രവേശന നിരക്കുകൾ എന്നിവയോടെ ഒരു “പ്രത്യേക സാമ്പത്തിക മേഖല (SEZ)” സ്ഥാപിക്കും.
iv) ഗസയിൽ ഉടൻ വിന്യസിക്കുന്നതിനായി ഒരു താൽക്കാലിക “അന്താരാഷ്ട്ര സ്ഥിരതാ സേനയെ (ISF)” വികസിപ്പിക്കാൻ അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കും.
v) അതിർത്തി പ്രദേശങ്ങൾ സുരക്ഷിതമാക്കു ന്നതിനായി ഇസ്രയേലുമായും ഈജിപ്തുമായും പുതിയതായി പരിശീലനം ലഭിച്ച പലസ്തീൻ പോലീസ് സേനയുമായും ചേർന്ന് ഐഎസ്എഫ് പ്രവർത്തിക്കും.
vi) ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോൾ, “സൈനിക നിരായുധീകരണവുമായി” ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, നാഴികക്കല്ലുകൾ, സമയപരിധികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങും. ഇത് ഐഡിഎഫ്, ഐഎസ്എഫ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർ തമ്മിൽ ഉണ്ടാക്കിയ നിബന്ധന പ്രകാരമായിരിക്കും.
vii) സമാധാനത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട് പലസ്തീനികളുടെയും ഇസ്രയേലികളുടെയും ചിന്താഗതികളും വിവരണങ്ങളും മാറ്റാൻ ശ്രമിക്കുന്നതിനായി “സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും” മൂല്യങ്ങളെ അടിസ്ഥാനമാക്കി ഒരു “മത സൗഹൃദ സംഭാഷണ പ്രക്രിയ” സ്ഥാപിക്കപ്പെടും.
സമാധാന പാക്കേജിനെ വിശകലനം ചെയ്യുമ്പോൾ
സമാധാന പാക്കേജ് വിശകലനം ചെയ്താൽ, ട്രംപ് അവതരിപ്പിച്ചത് സമാധാനമല്ല, മറിച്ച് “പുനർനാമകരണം ചെയ്ത ഒരു ട്രസ്റ്റീഷിപ്പ്” ആണെന്ന് വ്യക്തമാകും. ഇത് പുറമേക്ക് ദയയുള്ള മാനുഷിക പദ്ധതിയായി തോന്നാമെങ്കിലും, ഒരു കൈകൊണ്ട് ആശ്വാസം നൽകാൻ ശ്രമിക്കുമ്പോൾ മറുകൈകൊണ്ട് വിലങ്ങ് വെക്കാൻ ശ്രമിക്കുന്ന, “തീർത്തും സാമ്രാജ്യത്വപരമായ” ഒരു നിർദ്ദേശമാണിത്. യുഎൻ അഭയാർത്ഥി സഹായം വെട്ടിച്ചുരുക്കുകയും ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയ വിദേശ പ്രദേശങ്ങളിലെ ഇസ്രയേലി കുടിയേറ്റങ്ങൾക്ക് നിയമസാധുത നൽകുകയും ചെയ്ത ട്രംപ്, ഇപ്പോൾ പലസ്തീൻ ഭരണത്തിന്റെ മധ്യസ്ഥനായി ആത്മപ്രശംസയോടെ നിലയുറപ്പിക്കുന്നു. ഇത് “തോക്ക് ശക്തമാക്കിയ നയതന്ത്രത്തിന്റെയും (gunboat diplomacy), ബയണറ്റിന്റെ മുനയിൽ സമാധാനം കച്ചവടം ചെയ്യുന്നതിന്റെയും” പുതിയ പതിപ്പാണ്, ഇക്കാര്യത്തിൽ അമേരിക്കൻ സാമ്രാജ്യത്വവാദികൾ ‘പ്രശസ്തർ’ ആണ്.
ദശാബ്ദങ്ങളായി, അമേരിക്കയുടെ ‘സമാധാന ശ്രമങ്ങൾ’ പലസ്തീൻ “സ്വയം നിർണ്ണയാവകാശത്തിനുള്ള” ഉപാധിയായി പ്രവർത്തിച്ചിട്ടില്ല, മറിച്ച് ഇസ്രയേൽ ശക്തിയെ “സ്ഥിരപ്പെടുത്തുന്നതിനും” അതേസമയം, മേഖലയിലേക്ക് “നവ-കൊളോണിയൽ ശാന്തീകരണത്തിന്റെ” (neo-colonial pacification) ഒരു മാതൃക കയറ്റുമതി ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളായി പ്രവർത്തിച്ചു. ഈ 20-പോയിന്റ് ചട്ടക്കൂട്, ഒരു “കീഴടക്കലിനെ ഉറപ്പിക്കാനും” പലസ്തീനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കോളനിയാക്കി മാറ്റാനും രൂപകൽപ്പന ചെയ്ത ഒരു വെടിനിർത്തലാണ്.
രാഷ്ട്രീയ രൂപകല്പന: പുനർനാമകരണം ചെയ്ത കൊളോണിയൽ ഉത്തരവുകളാണ്
ട്രംപിന്റെ പദ്ധതിയുടെ കാതൽ, “പരിവർത്തനത്തിന്റെ” മറവിൽ പലസ്തീന്റെ പരമാധികാരത്തിനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു എന്നതാണ്. 2006 മുതൽ ഗസയിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമായ “ഹമാസ്”, ഒരു രാഷ്ട്രീയ, സൈനിക സ്ഥാപനം എന്ന നിലയിൽ “ഇല്ലാതാക്കപ്പെടും”. അതിനു പകരം, ഒരു “രാഷ്ട്രീയേതര സാങ്കേതിക സമിതി” ഗസ ഭരിക്കും. വേണ്ടത്ര അറിവില്ലാത്ത ഒരു സാധാരണ നിരീക്ഷകന് ഇത് ആകർഷകമായി തോന്നിയേക്കാം: കഴിവുള്ള ഭരണാധികാരികൾ സായുധ പോരാളികൾക്ക് പകരമാവുന്നതായി. എന്നാൽ നിർണ്ണായകമായ വിശദാംശം ഇതാണ്: ഈ സമിതി പലസ്തീനികളോട് ഉത്തരം പറയേണ്ടതില്ല—ഇതിനെ മേൽനോട്ടം വഹിക്കുന്നത് “ഡൊണാൾഡ് ട്രംപ്” തന്നെ ചെയർമാനായതും, അമേരിക്കൻ സാമ്രാജ്യത്വവാദികൾ കള്ള കാരണങ്ങൾ പറഞ്ഞ് ഇറാഖിനെ നിയമവിരുദ്ധമായി സൈനികമായി കൈവശപ്പെടുത്തിയതിലെ മുഖ്യ പങ്കാളിയായിരുന്ന ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി “ടോണി ബ്ലെയർ” ഉൾപ്പെടുന്നതുമായ “സമാധാന ബോർഡ്” ആയിരിക്കും. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം 1923ൽ ആധുനിക പലസ്തീനെ കൊത്തിയെടുത്ത “ബ്രിട്ടീഷ് ശാസന”ത്തെ ഭയപ്പെടുത്തുന്ന രീതിയിൽ ഓർമ്മിപ്പിക്കുന്ന ഒരു ക്രമീകരണമാണിത്—അന്താരാഷ്ട്ര ട്രസ്റ്റീഷിപ്പിന് കീഴിലുള്ള രക്ഷാധികാരികളായി പലസ്തീനികൾ അങ്ങനെ ചുരുക്കപ്പെടുന്നു. ബ്രിട്ടീഷ് മാൻഡേറ്റ് സമാധാനപരമായ പരിഹാരത്തിലേക്ക് നയിച്ചില്ല, മറിച്ച് വിഭജനത്തിലേക്കും യുദ്ധത്തിലേക്കുമാണ് നയിച്ചത് എന്ന വസ്തുത ഓർക്കേണ്ടതാണ്. മാൻഡേറ്ററി പലസ്തീൻ പ്രദേശം വിഭജിക്കപ്പെടുകയും ഇസ്രയേൽ രാഷ്ട്രം രൂപീകരിക്കപ്പെടുകയും ജോർദാൻ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർക്കുകയും ഈജിപ്ത് ഗസ മുനമ്പിന്റെ നിയന്ത്രണം സ്ഥാപിക്കുകയും ചെയ്തു.
ട്രംപിന്റെ നിർദ്ദേശങ്ങൾ പലസ്തീൻ ദേശീയ ഐക്യത്തെയും തകർക്കുന്നു. വെസ്റ്റ് ബാങ്കിൽ നിന്ന് ഗസയെ വേർതിരിച്ച് കാണുന്ന ഈ പദ്ധതിയിൽ, പുറത്തുനിന്നും അടിച്ചേൽപ്പിക്കുന്ന പരിഷ്കാരങ്ങളെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ പലസ്തീൻ അതോറിറ്റിക്ക് ഗസയിലേക്ക് പ്രവേശനം അനുവദിക്കൂ. ഇത് ഐക്യമുള്ള ഒരു പലസ്തീൻ രാഷ്ട്രീയം എന്ന സാധ്യതയെ ഫലത്തിൽ ഇല്ലാതാക്കുന്നു. കൂടുതൽ വിഭജനം രൂപപ്പെടുത്തുന്നതിലൂടെ, ഈ പദ്ധതി പലസ്തീൻ ചെറുത്തുനിൽപ്പിനെ ദീർഘകാലമായി ദുർബലപ്പെടുത്തിയ അതേ ഭിന്നിപ്പുകളെ അരക്കിട്ടുറപ്പിക്കുന്നു.
പലസ്തീൻ പരിഷ്കരണ പരിപാടി പൂർത്തിയായാൽ, “സ്വയം നിർണ്ണയാവകാശത്തിലേക്കുള്ള വിശ്വസനീയമായ പാതയ്ക്കുള്ള സാഹചര്യങ്ങൾ അവസാനം നിലവിൽ വന്നേക്കാം” എന്ന് പറയുന്ന ഒരു വ്യവസ്ഥ, അതായത്, പോയിന്റ് 19, ഈ യുക്തിക്ക് വ്യക്തമായ രൂപം നൽകുന്നു. പരമാധികാരം യുഎൻ പ്രമേയങ്ങളിൽ അധിഷ്ഠിതമായ അന്തർലീനമായ ഒരവകാശമല്ല, മറിച്ച് പലസ്തീനികൾ തങ്ങളെത്തന്നെ യോഗ്യരെന്ന് തെളിയിച്ചാൽ മാത്രം നൽകപ്പെടുന്ന ഒരു വ്യവസ്ഥാപിത പ്രതിഫലമായി ഇത് മാറുന്നു. ഇത് രാഷ്ട്രപദവിയെ ഒരു പരീക്ഷണ കാലയളവായി (probation) പുനഃക്രമീകരിക്കുന്നു—അന്താരാഷ്ട്ര നിയമത്തിൽ നിന്ന് സാമ്രാജ്യത്വ-സയണിസ്റ്റ് വിവേചനാധികാരത്തിലേക്കുള്ള മാറ്റമാണിത്.
സാമ്പത്തിക മാനം: ആശ്രിതത്വം ഒരു തന്ത്രമാകുന്നു
രാഷ്ട്രീയ വ്യവസ്ഥകൾ കൊളോണിയൽ മാൻഡേറ്റുകളെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ, സാമ്പത്തിക വ്യവസ്ഥകൾ ഐഎംഎഫ് പ്രോസ്പെക്ടസ് പോലെ വായിക്കപ്പെടുന്നു. ഗസയെ ഒരു മധ്യപൂർവദേശത്തെ സിംഗപ്പൂരാക്കി മാറ്റാൻ ട്രംപിന്റെ പദ്ധതി “അത്ഭുത നഗരങ്ങളും,” “പ്രത്യേക സാമ്പത്തിക മേഖലകളും (SEZ),” ഒരു “വികസന പരിപാടിയും” വാഗ്ദാനം ചെയ്യുന്നു. ഇത് ആധുനികമാണെന്ന ചിന്ത ഉണർത്തിയേക്കാം, പക്ഷേ അത് പുരോഗതിയെ സൂചിപ്പിക്കുന്നില്ല. എന്തെന്നാൽ, പരമാധികാരം എടുത്തുമാറ്റപ്പെട്ട ഈ വാഗ്ദാനങ്ങൾ സ്വർണ്ണം പൂശിയ ആശ്രിതത്വത്തിന് (gilded dependency) തുല്യമാണ്.
അതിർത്തികൾ, വിഭവങ്ങൾ, വ്യാപാരം എന്നിവയുടെ നിയന്ത്രണമില്ലാതെ പലസ്തീനികൾക്ക് സാമ്പത്തിക നിലനിൽപ്പ് അസാധ്യമാണ്. ഇസ്രയേലി ഉപരോധത്തിന് കീഴിൽ, ഗസ വ്യവസ്ഥാപിതമായി ശിഥിലമാക്കപ്പെട്ടു: അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, കയറ്റുമതി തടസ്സപ്പെട്ടു, തൊഴിലാളി സമൂഹം മിച്ച ജനസമൂഹമായി മാറി. അതിർത്തികളിലോ വിഭവങ്ങളിലോ ഉള്ള പരമാധികാരം ട്രംപിന്റെ പദ്ധതി പുനഃസ്ഥാപിക്കുന്നില്ല. പകരം, അത് സഹായവും വികസനവും ശാന്തമാക്കലുമായി (pacification) ബന്ധിപ്പിക്കുന്നു: അതായത്, സമൃദ്ധിയുടെ പേരിൽ “തീവ്രവാദവിമുക്തമാക്കലുമായി” (deradicali-zation) ബന്ധിപ്പിക്കുന്നു.
ട്രംപിന്റെ “അത്ഭുത നഗരങ്ങൾ” പലസ്തീൻ പദ്ധതികളായിരിക്കില്ല; അവ, തങ്ങൾ കൈവശപ്പെടുത്തിയ ഭൂമിയിലെ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട, വിദേശ നിക്ഷേപങ്ങളുടെ കേന്ദ്രങ്ങളായിരിക്കും. ഭൂമിയും അവകാശങ്ങളും നഷ്ടപ്പെട്ട പലസ്തീനികൾ, വിദേശ നിക്ഷേപകർക്കായി, പ്രത്യേകിച്ച് എസ്ഇസികളിൽ രൂപകൽപ്പന ചെയ്ത, അസ്ഥിരമായ തൊഴിൽ മേഖലകളിലേക്ക് ഒതുക്കപ്പെടുന്നു.
ഡേട്ടൺ കരാറിന് (Dayton Agreement) ശേഷം ബോസ്നിയയിലും, അധിനിവേശത്തിന് കീഴിലുള്ള ഇറാഖിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ “സമാധാന നിർമ്മാണ” തന്ത്രംപോലാണിത്. 1995ലെ ഡേട്ടൺ കരാർ ബോസ്നിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിനുശേഷം (യുഎസ് ഇടപെടലിലൂടെ രൂപപ്പെടുത്തുകയും നീട്ടിക്കൊണ്ടുപോവുകയും ചെയ്തത്), ബോസ്നിയയും ഹെർസെഗോവിനയും ദുർബലവും സങ്കീർണ്ണവുമായ ഒരു രാഷ്ട്രീയ ഘടനയ്ക്ക് കീഴിൽ പ്രവർത്തിച്ചു. ഇത് വംശീയ വിഭജനങ്ങളെ ഉറപ്പിക്കുകയും സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്തു. ഇറാഖിൽ, 2003ലെ അധിനിവേശത്തിനുശേഷം അമേരിക്ക അടിച്ചേൽപ്പിച്ച വിഭാഗീയ അധികാര പങ്കാളിത്ത ഘടന, വിദേശ ഇടപെടലുകൾക്കും മത്സരിക്കുന്ന സായുധ സംഘങ്ങൾക്കുമൊപ്പം രാഷ്ട്രീയപരമായ പ്രവർത്തനരഹിതാവസ്ഥയും, വ്യാപകമായ അഴിമതിയും, ദുർബലമായ ഭരണകൂടവുമാണ് ഉണ്ടാക്കിയത്. ഈ രണ്ട് രാജ്യങ്ങളിലും, യുഎസ് സാമ്രാജ്യത്വവാദികളും അവരുടെ സഖ്യകക്ഷികളും നിർദ്ദേശിച്ച ‘പുനഃസംഘടന’ കൈപ്പുസ്തകം അനുസരിക്കുന്നതിലാണ് പുനർനിർമ്മാണ പദ്ധതികൾക്ക് ഉണ്ടാക്കിയ വ്യവസ്ഥ. അന്താരാഷ്ട്ര മൂലധനം ഉള്ളിലേക്ക് ഒഴുകി, പക്ഷേ പരമാധികാരം പുറത്തേക്ക് ഒഴുകി. ട്രംപിന്റെ പദ്ധതി, സമൃദ്ധിയുടെ പ്രലോഭനവും പരമാധികാരം തടഞ്ഞുവെക്കുന്ന ഭീഷണി യും തുറന്നു കാണിക്കുന്നു. ഇത് വിമോചനമല്ല; ഇത് സാമ്പത്തികമായുള്ള സാന്ത്വനം മാത്രമാണ്. ട്രംപിന്റെ പദ്ധതി, സംഘർഷം പരിഹരിക്കുന്നതിനുപകരം വഷളാക്കുന്ന, ഇതുവരെ അമേരിക്ക രൂപകൽപ്പന ചെയ്ത “സമാധാന പദ്ധതികളുടെ” പരമ്പരയിൽപ്പെട്ടതാണ്.
സാംസ്കാരിക എഞ്ചിനീയറിംഗ്: സമ്മതനിർമ്മാണം
രാഷ്ട്രീയത്തിനും സാമ്പത്തികശാസ്ത്രത്തിനും അപ്പുറം, ഈ പദ്ധതി സാംസ്കാരിക പുനഃക്രമീകരണത്തിലേക്ക് കടക്കുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, പലസ്തീന്റെയും ഇസ്രയേലിന്റെയും “ചിന്താഗതികൾ” മാറ്റുന്നതിനായി ഒരു “മത സൗഹൃദ സംഭാഷണ പ്രക്രിയക്ക്” ഇത് നിർബന്ധം ചെലുത്തുന്നു. പ്രസംഗം സൗമ്യമാണ്—സംഭാഷണത്തെ ആര് എതിർക്കും? എന്നാൽ ഈ സാഹചര്യത്തിൽ, ഇത് സാംസ്കാരിക നിയന്ത്രണത്തിനുള്ള ഒരു ഉപകരണമായി മാറുന്നു. ഇവിടെയുള്ള സംഭാഷണം തുല്യർ തമ്മിലല്ല. കീഴടങ്ങിയവരുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു പ്രക്രിയയാണിത്, ഇതിലൂടെ കീഴടക്കലിനെ സമാധാനമായി പുനഃക്രമീകരിച്ച് സാധാരണവൽക്കരി ക്കാൻ ലക്ഷ്യമിടുന്നു. ചെറുത്തുനിൽപ്പ് തീവ്രവാദമായി രോഗഗ്രസ്തമാക്കപ്പെടുന്നു, അതേസമയം അനുസരണം ആധുനികതയായി ആഘോഷിക്കപ്പെടുന്നു.
ഈ സാംസ്കാരിക എഞ്ചിനീയറിംഗിനൊപ്പം സൈനിക നിരായുധീകരണം നടപ്പാക്കാൻ ഒരു അന്താരാഷ്ട്ര സ്ഥിരതാ സേനയേയും കൂട്ടിയിണക്കിയിരിക്കുന്നു. അധിനിവേശത്തിന്റെ കടുപ്പമേറിയ ശക്തിയെ, ‘പുനർവിദ്യാഭ്യാസത്തിന്റെ’ മൃദുവായ ശക്തിയാൽ ഇവിടെ പിന്തുണയ്ക്കുന്നു. അടിച്ചമർത്തലിനോടുള്ള അനുസരണം വളർത്താൻ വിദ്യാഭ്യാസം ആയുധമാക്കിയ കൊളോണിയൽ “നാഗരിക ദൗത്യങ്ങളെ” ഇത്തരം ശ്രമങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ പദാവലി മൃദുവാണ്—സംഭാഷണം, സഹവർത്തിത്വം—പക്ഷേ ലക്ഷ്യം ഒന്നുതന്നെ: കീഴടക്കലിനുള്ള സമ്മതം നിർമ്മിക്കുക എന്നതാണ്.
ഇസ്രയേലിന്റെ തന്ത്രപരമായ നേട്ടങ്ങൾ: പരമാധികാരമില്ലാത്ത സുരക്ഷ
ഇസ്രയേലി ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം, ഈ പദ്ധതി ഒരു ഭാഗ്യമാണ്. നേരിട്ടുള്ള പുനരധിനിവേശത്തിന്റെ ഭാരം ഇല്ലാതെ തന്നെ ഹമാസിനെ നിരായുധീകരിക്കുക, ബന്ദികളെ തിരികെ നൽകുക, ഗസയെ സൈനികമുക്തമാക്കുക തുടങ്ങിയ പ്രധാന യുദ്ധലക്ഷ്യങ്ങളെ ഇത് സുരക്ഷിതമാക്കുന്നു. പകരം, ഗസയുടെ ഭരണച്ചുമതല ഒരു അന്താരാഷ്ട്ര കൺസോർഷ്യം ഏറ്റെടുക്കുന്നു. ഇസ്രയേൽ ഒരു സ്ഥിരമായ “സുരക്ഷാ ചുറ്റളവും” (security perimeter) സൈനിക നിരായുധീകരണ നാഴികക്കല്ലുകൾക്കുമേൽ ഒരു വീറ്റോ അധികാരവും നിലനിർത്തുന്നു, ഇത് നിയമപരമായ ഉത്തരവാദിത്തമില്ലാതെ അനന്തമായ നിയന്ത്രണം ഉറപ്പാക്കുന്നു. അധിനിവേശം പ്രവർത്തനപരമായി ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു, പക്ഷേ അതിന്റെ യുക്തി അതുപോലെ നിലനിൽക്കുന്നു. ഈ ക്രമീകരണം ഇസ്രയേലിന്റെ തെക്കൻ ലെബനനിലെ “സുരക്ഷാ മേഖലകളെ”പ്പോലെയാണ്, അവിടെ ഇസ്രായേൽ ഇടപെടാനുള്ള അവകാശം നിലനിർത്തിക്കൊണ്ട് പ്രാദേശിക ശക്തികൾ പ്രദേശം നിയന്ത്രിച്ചു. പലസ്തീൻ അതോറിറ്റി സുരക്ഷാ സേന ഐഡിഎഫിന്റെ നിരീക്ഷണത്തിൽ പലസ്തീനികളെ പാഠം പഠിപ്പിക്കുന്ന വെസ്റ്റ് ബാങ്ക് മാതൃകയെയും ഇത് അനുസ്മരിപ്പിക്കുന്നു.
പലസ്തീൻ ജനത താൽക്കാലികമായി അംഗീകരിക്കാൻ നിർബന്ധിതരാകുന്നു
ഹമാസിന്റെ പ്രതികരണം—കുറഞ്ഞപക്ഷം ബന്ദി മോചന കരാറിനോടുള്ള തത്വത്തിലുള്ള താൽക്കാലിക അംഗീകാരം—കീഴടങ്ങലല്ല, മറിച്ച് പ്രായോഗികതയാണ്. സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെടുകയും സ്വന്തമായി ഒരു രാഷ്ട്രം നിഷേധിക്കപ്പെടുകയും ചെയ്ത പലസ്തീൻ ജനതയ്ക്കുവേണ്ടി മിഡിൽ ഈസ്റ്റ് രാജ്യങ്ങളോ, മുസ്ലീം ഭൂരിപക്ഷമുള്ള 57 രാജ്യങ്ങളുടെ അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിലെ (OIC) ഒരൊറ്റ അംഗമോപോലും നിലകൊണ്ടില്ല. പകരം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ജോർദാൻ, തുർക്കി, ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഒരു സംയുക്ത പ്രസ്താവനയിൽ, ട്രംപിന്റെ “നേതൃത്വത്തെയും ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെയും” സ്വാഗതം ചെയ്തു, ഇത് അവരുടെ സ്വന്തം മുതലാളിത്ത വർഗ്ഗതാൽപ്പര്യങ്ങളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.
ഒറ്റപ്പെട്ടും, അടിച്ചമർത്തപ്പെട്ടും, മുറിവേറ്റും കഴിയുന്ന പലസ്തീൻ ജനതയ്ക്ക്, യുദ്ധം തകർത്ത പ്രദേശത്തിനായുള്ള 20 ഇന പരിപാടിയിലെ പ്രധാന വിഷയങ്ങളോട് വിമുഖതയോടെ തത്വത്തിൽ യോജിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു, അതുവഴി വിട്ടുവീഴ്ചയുടെ വിലയിൽ അതിജീവനം തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരായി. അങ്ങനെ, ഹമാസ് സായുധ വിഭാഗവും ട്രംപിന്റെ നിർദ്ദേശം അംഗീകരിച്ചു.
സാമ്രാജ്യത്വ ആക്രമണത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണം
നീതിയില്ലാത്ത സമാധാനം ദുർബലമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ട്രംപിന്റെ 20-പോയിന്റ് ‘സമാധാന’ പദ്ധതിയെ ലോകം സമാധാനത്തിനായുള്ള ഒരു ബ്ലൂപ്രിന്റായി തെറ്റിദ്ധരിക്കരുത്. ഇത് കീഴടക്കിക്കൊണ്ടുള്ള വെടിനിർത്തലാണ്, സംഭാഷണത്തിനുമേലുള്ള ആധിപത്യമാണ്, സമൃദ്ധിയുടെ പേരിലുള്ള ആശ്രിതത്വമാണ്, മനുഷ്യത്വത്തിന്റെ പ്രകടനപരതയുള്ള സാമ്രാജ്യത്വമാണ്, പ്രത്യാക്രമണ സ്വഭാവമുള്ള സഹായം, സുരക്ഷ, സമാധാനം എന്നിവയാണ്, കൂടാതെ നിയന്ത്രണത്തിനുള്ള ഉപകരണങ്ങൾ വഹിക്കുന്ന ഭരണവുമാണ്. പലസ്തീനികൾക്ക് ഇത് ഒരു സ്വർണ്ണക്കൂടാണ് നൽകുന്നത്. ശക്തമായ സോഷ്യലിസ്റ്റ് ചേരി ഇപ്പോഴും നിലവിലുണ്ടായിരുന്നെങ്കിൽ, അമേരിക്കൻ സാമ്രാജ്യത്വവാദികൾക്കും അവരുടെ കൂട്ടാളികൾക്കും പലസ്തീനെ കീഴ്പ്പെടുത്താൻ ധൈര്യമുണ്ടാകില്ലായിരുന്നു എന്ന് ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. 1956ലെ സൂയസ് കനാൽ സംഭവം വീണ്ടും പ്രസക്തമാണ്. അന്ന് ആക്രമിച്ച ഫ്രഞ്ച്, ഇസ്രായേലി, ബ്രിട്ടീഷ് സൈന്യങ്ങൾ 48 മണിക്കൂറിനുള്ളിൽ പിന്മാറിയില്ലെങ്കിൽ ലണ്ടനിലും പാരീസിലും ബോംബിടുമെന്ന് സോവിയറ്റ് യൂണിയൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഈജിപ്തിൽനിന്ന് പലായനം ചെയ്യേണ്ടിവന്നു. സമാധാനപരമായ സഹവർത്തിത്വം എന്ന നയത്തിന്റെ വിപ്ലവകരമായ നടത്തിപ്പിന്റെ ഒരു മികച്ച ഉദാഹരണമായിരുന്നു അത്.
സോഷ്യലിസ്റ്റ് ചേരിയുടെ അഭാവത്തിൽ, സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളെ തകർക്കാനുള്ള ഏക പോംവഴി, ലോകമെമ്പാടുമുള്ള ജനങ്ങൾ ഏകോപിതവും, നീണ്ടുനിൽക്കുന്നതുമായ സാമ്രാജ്യത്വ വിരുദ്ധ സമാധാന പ്രസ്ഥാനത്തിനായി ഒന്നിക്കുകയും, സാമ്രാജ്യത്വ സ്രാവുകളിൽ ശക്തമായ പൊതുജനശബ്ദത്തിന്റെ സമ്മർദ്ദം ചെലുത്തുകയും ചെയ്യുക എന്നതാണ്. പോരാടുന്ന ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി, ഞങ്ങൾ പലസ്തീൻ ജനതയുടെ ലക്ഷ്യത്തോട് പൂർണ്ണമായ ഐക്യദാർഢ്യവും സാഹോദര്യവും പ്രഖ്യാപിക്കുകയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും സയണിസ്റ്റ് ഇസ്രായേലി ഭരണാധികാരികളുടെയും അവരുടെ കൂട്ടാളികളുടെയും അന്താരാഷ്ട്ര ഗുണ്ടാ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ഒരു കാരണവശാലും, പലസ്തീൻ ജനതയുടെ സ്വന്തം രാജ്യം ഭരിക്കുന്നതിനും മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള നിയമപരമായ ജനാധിപത്യ അവകാശം മറികടക്കാനാവില്ല. തങ്ങളുടെ രാജ്യത്തെ ആര് ഭരിക്കണം, എങ്ങനെ ഭരിക്കണം എന്ന് അന്തിമമായി പ്രഖ്യാപിക്കാനുള്ള അലംഘനീയമായ അവകാശം പലസ്തീൻ ജനതയുടേതാണ്.
