ആരവല്ലി മലനിരകൾ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് പിന്മാറണം

aaravalli.jpg
Share

കേന്ദ്ര പരിസ്ഥിതി-വനം -കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദ്ദേശമനുസരിച്ച്, ‘പ്രാദേശിക ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഭൂപ്രദേശങ്ങളെ മാത്രമേ’ ഇനി ആ മലനിരകളുടെ ഭാഗമായി കണക്കാക്കൂ.


ഈ പുതിയ നിർവചനപ്രകാരം, ഒരു നിശ്ചിത ഉയരത്തിന് (ഏകദേശം 100 മീറ്റർ) മുകളിലുള്ള കുന്നിൻ പ്രദേശങ്ങൾ മാത്രമേ ഔദ്യോഗികമായി സംരക്ഷിത മേഖലയായി അംഗീകരിക്കപ്പെടുകയുള്ളൂ. ഇത് രാജസ്ഥാനിലെ ഭൂരിഭാഗം താഴ്ന്ന കുന്നുകളെയും സംരക്ഷണ പരിധിയിൽനിന്ന് ഒഴിവാക്കുകയും ഖനനത്തിനും വാണിജ്യവികസനത്തിനുമായി അവയെ വിട്ടുകൊടുക്കാൻ ഇടയാക്കുകയും ചെയ്യും. ആരവല്ലിയിലെ വനമേഖല ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ മഴ വർദ്ധിപ്പിക്കുകയും വരൾച്ച തടയുകയും ചെയ്യുന്നു. ഈ കുന്നുകളിലെ മരങ്ങളും പച്ചപ്പും അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്താനും കാറ്റിന്റെ വേഗത നിയന്ത്രിക്കാനും അതുവഴി മഴയുടെ പാറ്റേൺ ക്രമീകരിക്കാനും സഹായിക്കുന്നു. എന്നാൽ,പുതിയ  നിർവചനം പ്രകൃതിദത്തമായ ജല പുനരുജ്ജീവന മേഖലകളെ നശിപ്പിക്കാനും ഭൂഗർഭ ജലപ്രവാഹത്തെ തടസ്സപ്പെടുത്താനും കാരണമാകും. ഇത് തടാകങ്ങളെയും നദികളെയും പോഷിപ്പിക്കുന്ന ജലസ്രോതസ്സുകളെ വറ്റിക്കുകയും ജലക്ഷാമം രൂക്ഷമാക്കുകയും ചെയ്യും.
അമിതമായ ഖനനം മൂലവും സ്റ്റോൺ ക്രഷറുകളിൽ നിന്നുള്ള പൊടിപടലങ്ങൾ വിളകളെ നശിപ്പിക്കുന്നത് മൂലവും തെക്കൻ ഹരിയാനയിലെയും രാജസ്ഥാനിലെയും കാർഷിക ഉൽപ്പാദനം നിലവിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടുതൽ കുന്നുകൾ ഖനനത്തിനായി തുറന്നുകൊടുക്കുന്നതോടെ ഈ സ്ഥിതി കൂടുതൽ വഷളാകും. ആരവല്ലിയിലെ വനങ്ങൾ വന്യജീവികളുടെ സുപ്രധാനമായ ആവാസവ്യവസ്ഥയും ജൈവവൈവിധ്യ കേന്ദ്രവുമാണ്. ഇവ നശിപ്പിക്കപ്പെടുന്നത് മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിപ്പിക്കും. കൂടാതെ, താർ മരുഭൂമിയെ തടഞ്ഞുനിർത്തുന്ന പ്രകൃതിദത്ത മതിലായ ആരവല്ലി നശിപ്പിക്കുന്നത് മരുഭൂവൽക്കരണത്തിന് കാരണമാകും.


വ്യാപകമായ കുടിയിറക്കലും തങ്ങളുടെ സംസ്കാരത്തിന്റെയും ഉപജീവനമാർഗത്തിന്റെയും നാശവും ഭയന്ന് തെക്കൻ രാജസ്ഥാനിലെ ആദിവാസി വിഭാഗങ്ങൾ ശക്തമായ പ്രക്ഷോഭത്തിലാണ്. അനിയന്ത്രിതമായ ഖനനം ഇതിനകം തന്നെ ഡൽഹി-എൻസിആർ മേഖലയിൽ വായുമലിനീകരണം ഉൾപ്പെടെയുള്ള കടുത്ത പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾക്കായി ആരവല്ലി കുന്നുകളുടെ 90 ശതമാനത്തിലധികം നശിപ്പിക്കാനുള്ള ഈ മുതലാളിത്ത ഗൂഢാലോചനയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും ഇതിനിരയാകുന്ന ആദിവാസി ജനതയുടെ ന്യായമായ പോരാട്ടത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്യുന്നു.
ഖനന മാഫിയകളുടെയും കോർപ്പറേറ്റ് സ്രാവുകളുടെയും ലാഭക്കൊതി ശമിപ്പിക്കുന്നതിനായി പ്രകൃതിക്ക് നേരെ നടത്തുന്ന ഈ ആസൂത്രിത കടന്നുകയറ്റത്തിനെതിരെ ഒന്നിച്ചണിനിരക്കാൻ എല്ലാ പരിസ്ഥിതി പ്രവർത്തകരോടും ശാസ്ത്രജ്ഞരോടും വനസംരക്ഷകരോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top