വെനസ്വേല അമേരിക്കന്‍ സാമ്രാജ്യത്വം മാനവരാശിയെ വെല്ലുവിളിക്കുന്നു 

Maduro-in-USA.jpg
Share

2026 ജനുവരി 3ന് പുലർച്ചെ 2 മണിക്ക് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക നടത്തിയ സൈനികാക്രമണവും ക്രൂരമായ നടപടികളും ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തെ മാത്രമല്ല, ലോകത്തെ മുഴുവൻ നടുക്കി. വെനസ്വേലയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്കൻ സൈന്യം ന്യൂയോർക്കിലേക്ക് തട്ടിക്കൊണ്ടുപോവുകയും കോടതിയിൽ വിചാരണ നേരിടാനായി തടങ്കലിൽ വെക്കുകയും ചെയ്തു.

വെനസ്വേലൻ പ്രസിഡന്റ് ഉന്നയിച്ച വാദങ്ങൾ തള്ളിക്കളഞ്ഞ അമേരിക്കൻ കോടതി മാർച്ച് 17ന് അദ്ദേഹത്തെ വീണ്ടും വിചാരണ ചെയ്യാൻ തയ്യാറെടുക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെയും അംഗീകരിക്കപ്പെട്ട ജനാധിപത്യ തത്വങ്ങളെയും പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് അതുവരെ അദ്ദേഹം ന്യൂയോർക്കിലെ കോടതിയുടെ തടങ്കലിലായിരിക്കും. അമേരിക്കയിലെ നിയമവ്യവസ്ഥയും ഭരണഘടനയും ഒരു തരത്തിലും ബാധകമല്ലാത്ത വെനസ്വേലൻ പൗരനായ പ്രസിഡണ്ടിനെ വിചാരണ ചെയ്യാൻ അമേരിക്കക്ക് എന്താണ് അവകാശം? ലോകത്തെവിടെയുമുള്ള ഏതൊരു മനുഷ്യനും അമേരിക്കൻ ക്രിമിനൽ ചട്ടങ്ങൾക്ക് കീഴിലാണെന്നാണ് അമേരിക്ക പ്രഖ്യാപിക്കുന്നത്. ഇത് കലർപ്പില്ലാത്ത ജനാധിപത്യവിരുദ്ധതയാണ്, മാനവരാശിക്കെതിരായ യുദ്ധപ്രഖ്യാപനമാണ്.


അമേരിക്കൻ സൈന്യം നടത്തിയ അതിക്രമങ്ങളും ഏഴ് സ്ഥലങ്ങളിൽ നടത്തിയ ബോംബാക്രമണങ്ങളും വെനസ്വേലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. 80ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരക്കാസിലെ ജനറലിസിമോ ഫ്രാൻസിസ്കോ ഡി മിറാൻഡ എയർബേസ്, മിറാൻഡ സ്റ്റേറ്റിലെ പോർട്ട് ഓഫ് ലാ ഗ്വൈറ, ഹിഗ്വേറോട്ടെ എയർപോർട്ട്, ഫ്യൂർട്ടെ ടിയുണ, ലാ കാർലോട്ട എന്നീ സൈനിക താവളങ്ങളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചു.  ഇത്തരത്തിലുള്ള സൈനിക നടപടി തികച്ചും ഏകപക്ഷീയമായിരുന്നു.
വെനസ്വേലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ വൻതോതിൽ കൊക്കെയ്ൻ അമേരിക്കയിലേക്ക് കടത്തുന്നു എന്നതാണ് അമേരിക്കൻ ഭരണാധികാരികൾ ഉന്നയിക്കുന്ന ആരോപണം. വെനസ്വേലൻ സർക്കാർ വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അമേരിക്ക ആരോപിക്കുന്നു. കൂടാതെ, പ്രസിഡന്റ് മഡുറോ പുറത്താക്കപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവന ഇറക്കിയെങ്കിലും വെനസ്വേലയിലെ ജനങ്ങൾ ആ തെറ്റായ അവകാശവാദം തള്ളിക്കളഞ്ഞു. മറ്റൊരു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ രഹസ്യ സൈനിക നടപടിയിലൂടെ പുറത്താക്കാൻ യുഎസ് സാമ്രാജ്യത്വവാദികൾക്ക് എന്ത് അധികാരമാണുള്ളത്? 2004ൽ ഹെയ്തിയിലെ പ്രസിഡന്റ് ബെർട്രാൻഡ് അരിസ്റ്റൈഡിനോടും അവർ ഇതുതന്നെയാണ് ചെയ്തത്.


ഒരു മാസത്തെ യുദ്ധപ്രകടനം


കരീബിയൻ കടൽ, ഗൾഫ് ഓഫ് കരിയാക്കോ, ലേക്ക് മറാക്കൈബോ എന്നിവിടങ്ങളിൽ ഭീമൻ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ, 20 വർഷം മുമ്പ് അടച്ചുപൂട്ടാൻ നിർബന്ധിതമായ പ്യൂർട്ടോ റിക്കോ ദ്വീപിലെ നാവിക താവളം അമേരിക്ക പുനരുജ്ജീവിപ്പിച്ചു. അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ അവിടെ കേന്ദ്രീകരിച്ചിരുന്നു. F-22 റാപ്റ്റർ, F-35 ലൈറ്റ്നിംഗ്, B-1B ലാൻസർ, EA-18G ഗ്രൗളർ തുടങ്ങിയ അത്യാധുനിക വിമാനങ്ങളും ബോംബറുകളും ഉൾപ്പെടെ 150ലധികം യുദ്ധവിമാനങ്ങൾ ഈ ദൗത്യത്തിനായി വിന്യസിച്ചു. അവ വെനസ്വേലയുടെ റഡാർ സംവിധാനങ്ങളെയും വ്യോമ പ്രതിരോധത്തെയും തകർത്തു. വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി ഗ്രിഡും തടസ്സപ്പെടുത്തി നഗരം ഇരുട്ടിലാക്കി.
മഡുറോയെ പിടികൂടാനുള്ള കരസേനാ നീക്കം നടത്തിയത് യുഎസ് എലൈറ്റ് ഡെൽറ്റ ഫോഴ്സും ആർമിയുടെ 160-ാമത് സ്പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റും ചേർന്നാണ്. യുഎസ്എസ് ഐവോ ജിമ (LHD-7) എന്ന വിമാനവാഹിനിക്കപ്പലും അതിന്റെ സ്‌ട്രൈക്ക് ഗ്രൂപ്പും കരീബിയൻ കടലിൽ ഉണ്ടായിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് കാരക്കാസിലെ വൈദ്യുതി പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. “ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്” എന്ന് പേരിട്ട ഈ മിന്നലാക്രമണത്തിലൂടെ വെനസ്വേലയുടെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും നിഷ്ക്രിയമാക്കാൻ രൂപകൽപ്പന ചെയ്ത ക്രൂരമായ ആയുധങ്ങളുടെ പ്രയോഗത്തിന് ലോകം സാക്ഷ്യം വഹിച്ചു.


ലോകത്തിന്റെ പ്രതികരണം


വെനസ്വേലയും അയൽരാജ്യങ്ങളും ഈ അതിക്രമങ്ങളെ ശക്തമായി അപലപിച്ചു. തങ്ങൾ ഒരു രാജ്യത്തിന്റെയും കോളനിയാകാൻ തയ്യാറല്ലെന്ന് വെനസ്വേല സുപ്രീം കോടതി ഇടക്കാല പ്രസിഡന്റായി നിയമിച്ച ഡെൽസി റോഡ്രിഗസ് പ്രസ്താവിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അമേരിക്കയുമായി ചർച്ച നടത്താനുള്ള സന്നദ്ധതയും അവർ അറിയിച്ചു. വെനസ്വേലയുടെ ദേശീയ പരമാധികാരത്തിനും ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്ക്കും മേലുള്ള കടന്നുകയറ്റമായാണ് ഇറാൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ ആക്രമണം വലിയൊരു മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കൊളംബിയ പ്രസ്താവിച്ചു. അന്താരാഷ്ട്ര സമൂഹം പ്രതികരിക്ക ണമെന്ന് ക്യൂബ അഭ്യർത്ഥിച്ചു. റഷ്യയും ചൈനയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും തങ്ങളുടെ ആശങ്ക പങ്കുവെച്ചു. ഐക്യരാഷ്ട്രസഭയും അതൃപ്തി രേഖപ്പെടുത്തി. ഒരു പരമാധികാര രാഷ്ട്രത്തലവനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങ ളെയും തടങ്കലിൽ വെക്കുന്നതിനും വിചാരണ ചെയ്യുന്നതിനുമെതിരെ ലോകമെമ്പാടും-അമേരിക്കയിലുൾപ്പെടെ-പ്രതിഷേധങ്ങൾ തുടരുകയാണ്. ഇന്ത്യൻ സർക്കാർ അമേരിക്കയെ പ്രീണിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭീരുത്വപരമായ പ്രതികരണത്തിൽ ഒതുങ്ങി. ഇത് നമ്മുടെ രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ഒരു കളങ്കമായി മാറിയിരിക്കുന്നു.
അതേസമയം, യൂറോപ്യൻ യൂണിയൻ അമേരിക്കയെ പിന്തുണയ്ക്കുന്നു. അമേരിക്കയുടെ ആരോപണത്തിനു സമാനമായ നിലയിൽ, നിക്കോളാസ് മഡുറോ തിരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്നതിനാൽ ഈ നടപടികൾ ന്യായമാണെന്ന ദുർബലവും അടിസ്ഥാനരഹിതവുമായ വാദമാണ് അവർ ഉന്നയിക്കുന്നത്.


ചരിത്രത്തിലേക്ക് ഒരു നോട്ടം


ദക്ഷിണ അമേരിക്കയിലെ വെനസ്വേലയുടെ ചരിത്രം സ്പാനിഷ് കൊളോണിയലിസം മുതൽ ആധുനിക രാഷ്ട്രീയ പ്രതിസന്ധി വരെ സംഭവബഹുലമാണ്. 1498ൽ ക്രിസ്റ്റഫർ കൊളംബസ് ഈ പ്രദേശം സന്ദർശിച്ചതോടെയാണ് യൂറോപ്യൻ ബന്ധം ആരംഭിച്ചത്. സ്പെയിൻ 1522ൽ ഇവിടെ ഒരു കോളനി സ്ഥാപിച്ചു. ‘ദക്ഷിണ അമേരിക്കയുടെ വിമോചകൻ’ എന്നറിയപ്പെടുന്ന സൈമൺ ബൊളീവറുടെ നേതൃത്വത്തിൽ വെനസ്വേല സ്പെയിനിനെതിരെ പോരാടി. 1811 ജൂലൈ 5ന് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യാനന്തരം, വെനസ്വേല കൊളംബിയ, പനാമ, ഇക്വഡോർ എന്നിവയുമായി ചേർന്ന് ‘ഗ്രാൻ കൊളംബിയ’ എന്ന ഫെഡറേഷൻ രൂപീകരിച്ചു. എന്നിരുന്നാലും, 1830ൽ വെനസ്വേല, ഫെഡറേഷനിൽനിന്നും വിട്ടുപോയി ഒരു പരമാധികാര റിപ്പബ്ലിക്കായി മാറി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വൻതോതിലുള്ള പെട്രോളിയം ശേഖരം കണ്ടെത്തിയതോടെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായി വെനസ്വേല മാറി. 1958 വരെ രാജ്യം പലപ്പോഴും സൈനിക സ്വേച്ഛാധിപതികളാൽ ഭരിക്കപ്പെട്ടിരുന്നു. 1958ൽ സ്വേച്ഛാധിപത്യം അവസാനിക്കുകയും ജനാധിപത്യം സ്ഥാപിതമാവുകയും ചെയ്തു. എണ്ണസമ്പത്തിന്റെ വരവോടെ വെനസ്വേല ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറി. എന്നാൽ അഴിമതിയും എണ്ണവിലയിടിവും ക്രമേണ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു.
1998ൽ സോഷ്യലിസ്റ്റ് ചായ്‌വുള്ള ഹ്യൂഗോ ഷാവേസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാവപ്പെട്ടവർക്കായി അദ്ദേഹം നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല രൂപീകരിച്ച ശേഷം അദ്ദേഹം നയിച്ച വിപ്ലവം ‘ബൊളീവേറിയൻ വിപ്ലവം’ എന്നറിയപ്പെടുന്നു. ഈ എണ്ണ സമ്പന്ന രാജ്യം ദാരിദ്ര്യത്തിൽ തുടരാൻ കാരണം സ്വകാര്യ മുതലാളിത്ത സാമ്രാജ്യത്വ ശക്തികളുടെ ചൂഷണമാണെന്ന് അദ്ദേഹം വാദിച്ചു. സ്വകാര്യ ഖനനം അവസാനിപ്പിക്കാനും എണ്ണപ്പാടങ്ങളും കമ്പനികളും ദേശസാൽക്കരിക്കാനും അദ്ദേഹം നിർബന്ധം പിടിച്ചു. ഈ കാലഘട്ടത്തിലാണ് അമേരിക്കയുമായുള്ള ബന്ധം വഷളായത്. 2013ൽ ഷാവേസിന്റെ മരണത്തെത്തുടർന്ന്, അധികാരമേറ്റ പ്രസിഡന്റ് മഡുറോ ഈ നയങ്ങൾ കർശനമായി നടപ്പിലാക്കുകയും എണ്ണ വരുമാനം സാധാരണക്കാരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്തു. ഇത് ആഭ്യന്തര-വിദേശ മുതലാളിമാരുടെയും സാമ്രാജ്യത്വ ശക്തികളുടെയും ബൂർഷ്വാ ബുദ്ധിജീവികളുടെയും കടുത്ത വിമർശനത്തിന് ഇടയാക്കി.
പ്രതിലോമകാരികളായ പ്രതിപക്ഷത്തെ സായുധമായും സാമ്പത്തികമായും ശക്തിപ്പെടുത്താൻ വിദേശ കോർപ്പറേഷനുകൾ പണം ഒഴുക്കി. എന്നാൽ വെനസ്വേലയുടെ വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ടുപോയി.


ഉപരോധങ്ങൾ വെനസ്വേലയെ തകർത്തു


വെനസ്വേലയ്ക്കെതിരായ യുഎ സ് ഉപരോധങ്ങൾ പെട്ടെന്നുണ്ടായതല്ല, മറിച്ച് പതിറ്റാണ്ടുകളായി തീവ്രമാക്കിയവയാണ്. 2005ൽ ഹ്യൂഗോ ഷാവേസിന്റെ കാലത്താണ് ഇവ ആരംഭിച്ചത്. തുടക്കത്തിൽ വ്യക്തികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ വെനസ്വേല സഹകരിക്കുന്നില്ലെന്നാരോപിച്ച് അമേരിക്ക ആയുധ വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തുകയും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ വിദേശ ആസ്തികൾ മരവിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.
2015ൽ പ്രസിഡന്റ് ബരാക് ഒബാമ വെനസ്വേലയെ “ദേശീയ സുരക്ഷയ്ക്ക് അസാധാരണമായ ഭീഷണി” എന്ന് പ്രഖ്യാപിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചു, ഇത് കഠിനമായ ഉപരോധങ്ങൾക്ക് വഴിയൊരുക്കി. 2017ൽ ട്രംപിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്ന ഉപരോധങ്ങൾ ഏർപ്പെടുത്തി. വെനസ്വേലയുടെ വരുമാനത്തിന്റെ 95% എണ്ണയായിരുന്നു. വെനസ്വേലൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ PDVSA-യുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കൻ കമ്പനികളെയും ബാങ്കുകളെയും യുഎസ് വിലക്കി, അങ്ങനെ ആ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു. സ്വർണ്ണ ഖനന മേഖലയിലും ഉപരോധങ്ങൾ ഏർപ്പെടുത്തി. വെനസ്വേല അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങളിൽനിന്ന് ഫലത്തിൽ ഒറ്റപ്പെട്ടു, ഇത് മരുന്നും ഭക്ഷണവും ഇറക്കുമതി ചെയ്യുന്നത് ബുദ്ധിമുട്ടിലാക്കി.
ഇത് അമിത പണപ്പെരുപ്പത്തിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും നയിച്ചു. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ ശക്തികൾ ഇതിനെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായും ദാരിദ്ര്യം വഴി ഒരു ജനതയെ കൊന്നൊടുക്കാനുള്ള തന്ത്രമായും വീക്ഷിക്കുന്നു. ഉപരോധം ഒരു ദേശീയ ദുരന്തമായി പരിണമിച്ചു.


ഈ തകർച്ചയാണ് വെനസ്വേലയിലെ അമിത പണപ്പെരുപ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രാഥമിക കാരണം. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട്, അങ്ങിനെ നിലവിലുള്ള  ഭരണത്തിനെതിരെ ജനങ്ങളെ ഇളക്കിവിട്ട്, ഭരണത്തെ പുറത്താക്കാൻ ശ്രമിക്കുന്ന അമേരിക്കൻ തന്ത്രത്തിന്റെ ക്രൂരമായ ഉദാഹരണമാണിത്. 2013 മുതൽ വെനസ്വേലയുടെ ജിഡിപി 75 ശതമാനത്തിലധികം കുറഞ്ഞു. ആശുപത്രികളിൽ 90% മരുന്നുകളുടെ കുറവുണ്ടായി. തൽഫലമായി, 7 ദശലക്ഷത്തിലധികം ആളുകൾ (ജനസംഖ്യയുടെ നാലിലൊന്ന്) അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഈ പ്രതിസന്ധി ഭരണപരമായ കെടുകാര്യസ്ഥത കൊണ്ടല്ല, മറിച്ച് സാമ്രാജ്യത്വ ഉപരോധങ്ങൾ മൂലമാണ് ഉണ്ടായത്.


ആഭ്യന്തര രാഷ്ട്രീയ സംഘർഷം


പെന്റഗൺ ഭരണകൂടവുമായി ചേർന്നുള്ള എണ്ണക്കമ്പനികളും യുഎസ് ധനസഹായം നൽകുന്ന ശക്തികളും ചേർന്ന് ഇന്ധനം പകരുന്ന പ്രതിപക്ഷ സഖ്യം, പ്രസിഡന്റ് മഡുറോയെ പുറത്താക്കാൻ പണ്ടേ ശ്രമിക്കുന്നുണ്ട്. പാശ്ചാത്യ ഔദ്യോഗിക മാധ്യമങ്ങൾ ഇതിനെ ഒരു അധികാര പോരാട്ടമായി ചിത്രീകരിക്കാൻ ശ്രമിച്ചു. യുഎസ് സാമ്രാജ്യത്വവാദികളുടെയും അവരുടെ സഖ്യകക്ഷികളുടെയും നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന പ്രതിപക്ഷം, പ്രസിഡന്റ് മഡുറോ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച 2024ലെ തിരഞ്ഞെടുപ്പ് കൃത്രിമമാണെന്ന് അവകാശപ്പെട്ടു.
മഡുറോ രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാൻ 150ലധികം വിമാനങ്ങളുടെ പിന്തുണയോടെ യുഎസ് ഡെൽറ്റ ഫോഴ്‌സ് പ്രത്യേക ഓപ്പറേറ്റർമാർക്ക് യുഎസ് പ്രസിഡന്റ് നൽകിയ ഉത്തരവായ “ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവിനെ” പ്രതിപക്ഷം സ്വാഗതം ചെയ്തെങ്കിലും അവർക്ക് അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞില്ല.


അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിക്കുന്നു


വെനസ്വേലയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നുകയറ്റവും അധിനിവേശ യുദ്ധപ്രഖ്യാ പനവുമാണ്. യുഎസ് സാമ്രാജ്യത്വവാദികളുടെയും അവരുടെ സഖ്യകക്ഷികളുടെയും കണ്ണുകൾ വെനസ്വേലയുടെ 303 ബില്യൺ ബാരൽ അസംസ്കൃത എണ്ണ ശേഖരത്തിലും സ്വർണ്ണം, വജ്രം, അപൂർവ്വ ധാതുക്കൾ എന്നിവയുടെ വലിയ നിക്ഷേപത്തിലുമാണ്.
അമേരിക്കന്‍ സാമ്രാജ്യത്വവാദികളുടെയും അവരുടെ കൂട്ടാളികളുടെയും ഇത്തരം ഗുണ്ടായിസം പുതിയതല്ല. ഇതിനുമുമ്പും, എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ചട്ടങ്ങളും ചവിട്ടിമെതിച്ചുകൊണ്ട് വ്യാജമായ ആരോപണങ്ങൾ നിരത്തി അവർ പരമാധികാരമുള്ള ഇറാഖിനെ ആക്രമിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനുമുമ്പ് വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, കൊസോവോ, സിറിയ എന്നിവിടങ്ങളിലും ഇതേ കടൽക്കൊള്ള നയം അവർ പിന്തുടർന്നു. അവരുടെ പശ്ചിമേഷ്യൻ ഫ്രണ്ട് ഓഫീസായ സയണിസ്റ്റ് ഇസ്രയേലിന്റെ സഹായത്തോടെ ഗസയും വെസ്റ്റ് ബാങ്കും തകർത്ത് ആ പ്രദേശം കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ അവർ ഗ്രീൻലാൻഡും കൊളംബിയയും പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത്തരം മേധാവിത്വവും യുദ്ധവെല്ലുവിളിയും അന്താരാഷ്ട്ര നിയമത്തിന്റെ എല്ലാ ചട്ടങ്ങളെയും പൂർണ്ണമായും അട്ടിമറിക്കുന്നതാണ്. ഖേദകരമെന്നു പറയട്ടെ, യുഎൻ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒരു റബ്ബർസ്റ്റാമ്പായി മാറിയിരിക്കുന്നു.
ജനങ്ങളുടെ കടമ
ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധരും സമാധാനപ്രേമികളും ട്രംപ് നയിക്കുന്ന യുഎസ് ഭരണകൂടത്തെ അപലപിക്കുമ്പോൾ, ഇന്ത്യൻ കുത്തക മുതലാളിമാരുടെ വർഗതാൽപ്പര്യങ്ങൾക്ക് വഴങ്ങി ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഈ നടപടിയെ എതിർത്തുകൊണ്ട് ഒരക്ഷരം പോലും ഉച്ചരിക്കാത്തതിൽ ഞങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു.
 ഈ ഹീനമായ പ്രവൃത്തിക്കെ തിരെ ശബ്ദമുയർത്താൻ മാത്രമല്ല, യുഎസ് സാമ്രാജ്യത്വ ഭരണാധികാരികളുടെയും അവരുടെ സഖ്യകക്ഷികളുടെയും ഈ അധിനിവേശത്തിനും കൊള്ളയ്ക്കും തടയിടാൻ കഴിയുന്ന ലോകവ്യാപകമായ,  ഏകോപിതവും സംഘടിതവുമായ, സുസ്ഥിരമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനം പടുത്തുയർത്താൻ എല്ലാ സാമ്രാജ്യത്വ വിരുദ്ധരോടും സമാധാനപ്രേമികളായ പൗരന്മാരോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top