ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം

TU-GPO-VKS-TVM-1.jpg
Share

കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് കോഡ് ബിൽ 2019, ഒക്യുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡ് ബിൽ 2019 എന്നിവയാണ് ആ ബില്ലുകൾ. ഈ രണ്ട് ബില്ലുകളും സാർവ്വദേശീയമായും ദേശീയമായും തൊഴിലാളിവർഗ്ഗം രക്തംചിന്തി സുദീർഘ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്.

15-ാം ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ചതും, സുപ്രീം കോടതി ഉത്തരവിലൂടെ ശരിവെച്ചതും, 45, 46 ഐഎൽസികൾ ഏകകണ്ഠമായി അംഗീകരിച്ചതുമായ വേതന ഗണന ഫോർമുല നിരാകരിക്കുന്നതാണ് വേജ് കോഡ്. ട്രേഡ് യൂണിയൻ പ്രതിനിധികളെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ദേശീയ മിനിമം വേജ് നിർദ്ദേശങ്ങളും ഇതിനെതിരാണ്. 2019 ജൂലായ് 10ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി പ്രതിമാസ മിനിമം വേതനം 4,628 രൂപയാണെന്ന് പ്രഖ്യാപിച്ചു. 2016 ജനുവരി 1 മുതൽ പ്രതിമാസ മിനിമം വേതനം 18,000 രൂപയായി 7-ാം കേന്ദ്ര ശമ്പള കമ്മീഷൻ പോലും പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഈ നടപടി.

നിലനിലുള്ള 13 തൊഴിൽ നിയമങ്ങൾക്ക് പകരമായി കൊണ്ടുവന്നതാണ് ‘ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് ബിൽ 2019’. പത്തിലധികം പേർ പണിയെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക. ഇതിലൂടെ ഈ രംഗത്ത് പണിയെടുക്കുന്ന 90 ശതമാനം തൊഴിലാളികളും എല്ലാ തൊഴിലവകാശങ്ങൾക്കും പുറത്തായിരിക്കുകയാണ്. തൊഴിൽ സമയം 14 മണിക്കൂർവരെ വർദ്ധിപ്പിക്കുക, നിശ്ചിതകാല തൊഴിൽ പോലുള്ള ഹയർ ആന്റ് ഫയർ വ്യവസ്ഥ വ്യാപകമാക്കുക തുടങ്ങിയ കോർപ്പറേറ്റ് ആവശ്യങ്ങൾക്ക് വഴങ്ങിക്കൊണ്ടാണ് ഈ നടപടികളത്രയും. മാത്രമല്ല, ഇന്ത്യൻ റെയിൽവെ അടക്കം 46 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത ആഗസ്റ്റ് രണ്ടിന്റെ പ്രതിഷേധ പരിപാടി, കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്കു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തിക്കൊണ്ട് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ജിപിഒ ഓഫീസ് മാർച്ചാണ് നടന്നത്. പാളയം മാക്കറ്റിനുമുമ്പിൽനിന്നും പ്രകടനം ആരംഭിച്ചു. ജിപിഒയ്ക്ക് മുമ്പിൽ സിഐറ്റിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. എഐയുറ്റിയുസിയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ സഖാവ് ഹരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ ആർ.ബിജു, ജി.ആർ.സുഭാഷ്, കേരള ആശ ഹെൽത് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവീനർ സഖാവ് എസ്.മിനി തുങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

കൊല്ലത്ത് ചിന്നക്കടയിൽനിന്നും പ്രകടനം ആരംഭിച്ചു. ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ സമാപിച്ചു. എഐയുറ്റിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് എസ്.രാധാകൃഷ്ണൻ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗം സഖാവ് ബി.രാമചന്ദ്രൻ നേതൃത്വം നൽകി.

ആലപ്പുഴ നഗര ചത്വരത്തിൽനിന്നും പ്രകടനം ആരംഭിച്ചു. ബിഎസ്എൻഎൽ ഓഫീസിനുമുമ്പിൽ സമാപിച്ചു. എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് കെ.ആർ.ശശി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സഖാവ് പി.ആർ.സതീശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എം.എ.ബിന്ദു, എൻ.കെ.ശശികുമാർ, കെ.പി.സുബൈദ, കെ.ആർ.ഓമനക്കുട്ടൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

കോട്ടയത്ത് ബിഎസ്എൻഎൽ ഓഫീസ് മാർച്ചാണ് നടന്നത്. ജില്ലാ ആശുപത്രി പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു. എഐയുറ്റിയുസി സംസ്ഥാനകമ്മിറ്റി അംഗം സഖാവ് എ.ജി.അജയകുമാർ പ്രസംഗിച്ചു. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനറും എഐയുടിയുസി ജില്ലാ സെക്രട്ടറിയുമായ സഖാവ് വി.പി.കൊച്ചുമോൻ കൃതഞ്ജത പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എം.കെ.കണ്ണൻ, കെ.എൻ.രാജൻ, കെ.എസ്.ചെല്ലമ്മ എന്നിവർ നേതൃത്വം നൽകി.

എറണാകുളം, കൊച്ചിൻ ഷിപ്പിയാർഡിനുമുമ്പിൽ പ്രതിഷേധ ധർണ നടന്നു. എഐയുറ്റിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എൻ.ആർ.മോഹൻകുമാർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സഖാവ് പി.എം.ദിനേശൻ, ജില്ലാകമ്മറ്റി അംഗങ്ങളായ സഖാക്കൾ കെ.ഒ.ഷാൻ, സി.കെ.രാജേന്ദ്രൻ, സി.കെ.ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂരിൽ നടന്ന എജീസ് ഓഫീസ് മാർച്ചിൽ എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് ബെന്നി ബോണിഫസ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സഖാവ് ഒ.കെ.വൽസലൻ, എഐപിഎഫ് സംസ്ഥാന ട്രഷറർ കെ.വി.രാജീവൻ, കേരള കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ നേതാവ് സജീവൻ പണിക്കശ്ശേരി, എഐയുറ്റിയുസി ജില്ലാ വൈസ് പ്രസിഡണ്ട് സഖാവ് സി.ആർ.ഉണ്ണികൃഷ്ണൻ എന്നിർ നേതൃത്വം നൽകി.

പത്തനംതട്ടയിൽ ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടന്നു. എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എസ്.രാജീവൻ പ്രസംഗിച്ചു. വയനാട്ടിൽ, കല്പറ്റയിൽ നടന്ന ബിഎസ്എൻഎൽ ഓഫീസ്സ് മാർച്ചിലും ധർണ്ണയിലും എഐയുറ്റിയുസിയെ പ്രതിനിധീകരിച്ച് അഡ്വ.റ്റി.ജെ.ഡിക്‌സൺ പ്രസംഗിച്ചു. പാലക്കാട് അഞ്ചുവിളക്കിൽനിന്നും പ്രകടനം ആരംഭിച്ചു. ഹെഡ് പോസ്റ്റാഫീസ്സിനുമുമ്പിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് കെ.അബ്ദുൾ അസീസ് പ്രസംഗിച്ചു. കോഴിക്കോട് നടന്ന ജിഎസ്റ്റി ഓഫീസ് മാർച്ചിൽ എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് പി.എം.ശ്രീകുമാർ പ്രസംഗിച്ചു. കണ്ണൂരിൽ നടന്ന ഹെഡ് പോസ്റ്റാഫീസ് ധർണ്ണയിൽ എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എം.കെ.ജയരാജൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സഖാവ് അനൂപ് ജോൺ, സഖാക്കൾ അഡ്വ. പി.സി.വിവേക്, വി.രാമചന്ദ്രൻ, വിജേഷ് എന്നിവർ നേതൃത്വം നൽകി.

Share this post

scroll to top