വിദ്യാഭ്യാസവായ്പാ ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക: ഐഎൻപിഎ ആലപ്പുഴ ജില്ലാ കൺവൻഷൻ.

INPA-ALP-DisCon-1.jpg
Share

 

ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസ്സിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വായ്പാക്കെണിയിലകപ്പെട്ട വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജില്ലാ കൺവൻഷൻ നടന്നു. ഡോ.ഗീവർഗ്ഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവായ്പയെടുത്ത് പഠിച്ചിറങ്ങിയ കുട്ടികൾക്ക് മാന്യമായ പ്രതിഫലത്തോടുകൂടിയുള്ള ജോലി ലഭിക്കാത്തതുകൊണ്ട് വായ്പാത്തിരിച്ചടവ് മുടങ്ങി, ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന രക്ഷിതാക്കളെയും കുട്ടികളെയും രക്ഷിക്കാൻ ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്കായിപൊരുതുന്നവരെയും വിശപ്പടക്കാൻ വെമ്പുന്നവരെയും കള്ളന്മാരായാണ് ഇന്ന് ചിത്രീകരിക്കുന്നത്. അത്തരമൊരു സമൂഹത്തിൽ വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്ന് മനസ്സിലാക്കി അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ, ജില്ലാപ്രസിഡന്റ് നന്ദനൻ വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജെ.ഷീല സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.കെ.ഹരിപ്രസാദ്, എം.വി.ചെറിയാൻ, ജില്ലാ ട്രഷറർ കെ.ശിവൻകുട്ടി, എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനകമ്മിറ്റിയംഗം എസ്.രാജീവൻ, മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ സെക്രട്ടറി സി.വി.പീതാംബരൻ, കെ.പി.മനോഹരൻ എന്നിവർ പ്രസംഗിച്ചു. കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കുവാൻ സർക്കാർ ഇടപെടണമെന്ന പ്രമേയം ഏകകണ്‌ഠേന കൺവൻഷൻ അംഗീകരിച്ചു. അഡ്വ.എം.എ.ബിന്ദു കൃതജ്ഞത പറഞ്ഞു.

Share this post

scroll to top