മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് : ഗുരുതരമായ പാകപ്പിഴകൾ ഉയർത്തുന്ന സുപ്രധാന ചോദ്യങ്ങൾ

Maharashtra-copy.png
Share

2024 നവംബർ 20ന് ഒറ്റ ഘട്ടമായി നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി, ശിവസേന (ഷിൻഡെ വിഭാഗം), അജിത് പവാർ നയിക്കുന്ന എൻസിപി എന്നിവ ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം നിർണ്ണായക വിജയം നേടി. 288ൽ 230 സീറ്റുകൾ അവർ നേടിയപ്പോൾ ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകൾ പിടിച്ചെടുത്തു. 5 മാസം മുമ്പുനടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ ഈ ഫലം പലരെയും അമ്പരപ്പിച്ചു. അന്ന്, കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) എന്നീ പാർട്ടികൾ ചേർന്ന സഖ്യമായ മഹാവികാസ് അഘാഡി (എംവിഎ) 48 പാർലമെന്റ് സീറ്റുകളിൽ 30 എണ്ണം നേടിയപ്പോൾ മഹായുതി സഖ്യത്തിന് 17 എണ്ണം മാത്രമേ നേടാനായുള്ളൂ. പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ 32,80,000 വോട്ടാണ് എംവിഎക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പൊതുജനാഭിപ്രായത്തിൽ ഇത്തരമൊരു വിപരീത ഒഴുക്കുണ്ടാകുന്നത് തീർച്ചയായും അമ്പരപ്പിക്കുന്നതാണ്.
എല്ലാ മുൻതിരഞ്ഞെടുപ്പുകളെയും പോലെ, കുതിച്ചുയരുന്ന വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വരുമാനം കുറയൽ, സ്ത്രീകൾക്കെതിരായി വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തുടങ്ങി ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളൊന്നും പ്രചാരണത്തിൽ ചർച്ചയായില്ല. പകരം, നമ്മുടെ തിരഞ്ഞെടുപ്പുകളിലെ സമീപകാല പ്രവണതയായ, സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മത്സരം ധാരാളിത്തത്തോടെ ഉയർന്നുവന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വിവിധ സൗജന്യങ്ങളടക്കം നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. ‘ലഡ്‌കി ബഹിൻ’ പദ്ധതിയുടെയും മുതിർന്ന പൗരന്മാരുടെ പെൻഷൻ സഹായത്തിന്റെയും തുക പ്രതിമാസം 1500 രൂപയിൽ നിന്ന് 2,100 രൂപയായി വർധിപ്പിക്കുമെന്നും കർഷകർക്കുള്ള പ്രതിമാസ സഹായം നിലവിലെ 12,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തുമെന്നും വാഗ്ദാനമുണ്ടായി. കുറഞ്ഞ താങ്ങുവിലയേക്കാൾ 20% അധികം സബ്സിഡി നൽകുമെന്ന ഉറപ്പ് ഇതിനു പുറമേയുണ്ട്.
പ്രതിപക്ഷമായ എംവിഎയും പിന്നിലായില്ല. പ്രതിമാസം 3,000 രൂപയുടെ നേരിട്ടുള്ള പണം കൈമാറ്റം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 3 ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളൽ എന്നിവയുൾപ്പെടെ അവരുടെ ‘ലോക്‌സേവെച്ചി പഞ്ചസൂത്രി’ പരിപാടിയുടെ കീഴിൽ നിരവധി ആനുകൂല്യങ്ങൾ അവരും വാഗ്ദാനം ചെയ്തു. കൂടാതെ, വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് 50,000 രൂപയുടെ അധിക ഇളവ്, തൊഴിൽരഹിതരായ യുവാക്കൾക്ക് 4,000 രൂപ വീതം സഹായം, പാവപ്പെട്ടവർക്ക് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നിവയും വാഗ്ദാനം ചെയ്തു.
സൗജന്യങ്ങളാണ് നിർണായക ഘടകമെങ്കിൽ, മഹായുതി സഖ്യത്തെ മറികടന്ന് അഘാഡി സഖ്യം വിജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല. അഘാഡിക്കുള്ളിൽ 25 സീറ്റുകളെച്ചൊല്ലി അവസാന നിമിഷം ഉടലെടുത്ത തർക്കം സഖ്യത്തിനുള്ളിൽ വിള്ളലുണ്ടാക്കി എന്ന സന്ദേശമാണ് നൽകുന്നതെന്നും അതിനാലാണ് പരാജയമെന്നും ചില കോണുകളിൽനിന്നും അഭിപ്രായമുണ്ടായി. എന്നാൽ മഹായുതിക്കുള്ളിലും സീറ്റ് വിഭജനത്തിൽ ഇത്തരം അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതിനാൽ, ഈ ഘടകം സമ്മതിദാന താത്പര്യങ്ങളെ സ്വാധീനിച്ചിരിക്കാൻ സാധ്യതയില്ല.


ധ്രുവീകരണത്തിന്റെ നേട്ടം കൊയ്യാൻ മത-ജാതി-വംശീയ തലങ്ങളിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണ് അടുത്തത്. എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന വ്യാമോഹത്തോടെ, അത്തരം ധ്രുവീകരണത്തെ ലക്ഷ്യമാക്കി, ‘ഹിന്ദു ഐക്യത്തിനും ഒബിസി ഏകീകരണത്തിനും’ ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി പരസ്യമായി വർഗീയ, ജാതീയ കാർഡ് കളിച്ചു. പ്രധാനമന്ത്രി മോദി, “ഏക് ഹേ തോ സേഫ് ഹേ” (ഒരുമിച്ച്, ഞങ്ങൾ സുരക്ഷിതരാണ്) എന്ന മുദ്രാവാക്യം സൃഷ്ടിച്ചത് ഹിന്ദു ജനതയെ ലക്ഷ്യം വച്ചാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ക്രൂരമായ വാക്കുകൾക്ക് പേരുകേട്ട, കാവി വസ്ത്രധാരിയായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകട്ടെ, മറ്റ് പിന്നോക്ക വിഭാഗങ്ങളെ ആകർഷിക്കാൻ സമാന്തരമായി മറ്റൊരു മുദ്രാവാക്യവും – “ബത്തേങ്കേ തോ കാറ്റേംഗേ” (വിഭജിക്കപ്പെട്ടാൽ നമ്മൾ കശാപ്പുചെയ്യപ്പെടും) ഉയർത്തി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ അൽപ്പം നിഷ്ക്രിയമായി നിലകൊണ്ട ആർഎസ്എസ് ഇത്തവണ മഹാരാഷ്ട്രയിലുടനീളം ജനകീയ പിന്തുണ സമാഹരിച്ച് മഹായുതിക്ക് പിന്നിൽ സംഘടനാപരമായ പിന്തുണ നൽകി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത. ആർഎസ്എസ് നിരവധി ചെറിയ യോഗങ്ങൾ സംഘടിപ്പിക്കുകയും “സജാഗ് രഹോ” (ജാഗ്രത പുലർത്തുക, ഉണർന്നിരിക്കുക) എന്ന പ്രചാരണം ആരംഭിക്കുകയും ചെയ്തു, ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തിന് കരുത്തേകി. മറാഠാ വോട്ടർമാരിൽ നിന്ന് ഗണ്യമായ പിന്തുണ ഉറപ്പാക്കുന്നതിന്, ‘അവരുടെ ആശങ്കകൾ നേരിട്ട് അഭിസംബോധന ചെയ്യുന്ന’ പ്രതീതി നൽകി, മറാത്ത സംവരണ കാർഡും അവരിറക്കി. ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക ഘടകമായിരിക്കാം. എന്നാൽ വോട്ടെണ്ണലില്‍ വന്നിരിക്കുന്ന അപാകത യാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പോൾ ചെയ്ത വോട്ടുകളുടെ മാർജിനിൽ വിശദീകരിക്കാനാകാത്ത വ്യത്യാസം ഉന്നയിക്കപ്പെട്ടിരിക്കുന്നു. വോട്ടർ ഡാറ്റയിലെ തിരിമറി, ഇലക്ട്രോണിക് തിരഞ്ഞെടുപ്പ് യന്ത്രത്തിലെ കൃത്രിമം, നടപടിക്രമങ്ങളിലെ പിഴവ് എന്നീ ആരോപണങ്ങളാൽ നിറഞ്ഞതാണ് ഈ തിരഞ്ഞെടുപ്പ്. പ്രതിപക്ഷത്തിന്റെ ആരോപണമനുസരിച്ച്, ഇതുകൊണ്ടും തൃപ്തരാകാതെ ബിജെപിയും സഖ്യകക്ഷികളും പ്രതിപക്ഷ അനുഭാവികളുടെ വോട്ടുകൾ ഇല്ലാതാക്കാനും വ്യാജ വോട്ടർമാരെ ചേർക്കാനും വരെ ശ്രമിച്ചിട്ടുണ്ട്.


കഴിഞ്ഞ ഒക്‌ടോബർ 19ന്, ഭരണകക്ഷിയായ ബി ജെപി, ഭരണനേതൃത്വത്തിന്റെയും കണ്ണടച്ചിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെയും പിന്തുണയോടെ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുകയാണെന്ന് ആരോപിച്ച് എംവിഎ ഘടകകക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. പല നിയോജക മണ്ഡലങ്ങളിലും, എംവിഎ അനുഭാവികളായി തിരിച്ചറിയപ്പെട്ട 10000 ത്തോളം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കി പകരം തുല്യ എണ്ണം വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയെന്ന് അവർ ആരോപിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ എംവിഎ അനുഭാവികളുടെ ആകെ എണ്ണം ഏകദേശം 30,00,000 ആയിരിക്കുമെന്ന് സംശയിക്കുന്നു. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അഞ്ച് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ മൊത്തം വോട്ടർമാരുടെ എണ്ണം 47,00,000 വർദ്ധിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. ഈ 47,00,000 “പുതിയ” വോട്ടർമാർ ബിജെപി വോട്ടുകൾ വർധിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടാകുമെന്ന് അവർ സംശയം പ്രകടിപ്പിച്ചു.
സംശയാസ്പദമായ മറ്റൊരുകാര്യം, പോളിംഗ് ദിവസം വൈകുന്നേരം 5 മണിക്ക് (പോളിങ്ങ് അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്) പോളിങ് ശതമാനം 58.22% ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ചെയ്തു എന്നതാണ്. എന്നാൽ, അതേ രാത്രി 11:30 ആയപ്പോഴേക്കും ഇത് 65.02% ആയി ഉയർന്നു. അടുത്ത ദിവസമായ നവംബർ 21 ആയപ്പോഴേക്കും ഇത് 66.05% ആയി പുതുക്കി. അക്കങ്ങളിലേക്ക് വിവർത്തനം ചെയ്താൽ, 8% എന്ന ഈ വ്യത്യാസം 76 ലക്ഷം വോട്ടുകളാണ്. അതായത്, തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഡാറ്റ പ്രകാരം, വൈകുന്നേരം അഞ്ചു മണിക്കും പോളിംഗ് അവസാനിക്കുന്ന സമയമായ ആറു മണിക്കും ഇടയിൽ, ഏകദേശം 76 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. കൂടാതെ, നവംബർ 23ലെ വോട്ടെണ്ണലിന് മണിക്കൂറുകൾക്കുമുമ്പ് ഏകദേശം 10 ലക്ഷം വോട്ടർമാരുടെ മറ്റൊരു വർദ്ധനവും ഉണ്ടായി. പോളിംഗ് കഴിഞ്ഞ് അവസാന മണിക്കൂറിനുള്ളിൽ 76 ലക്ഷം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുവെന്നത് കണക്കിലെടുക്കുമ്പോൾ, രാത്രി 11:30 ഓടെ അന്തിമ വിവരങ്ങൾപോലും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാൻ സാധ്യതയില്ല. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ.ഖുറേഷി നേരത്തെ അഭിപ്രായപ്പെട്ടത് വോട്ടർമാരുടെ പോളിംഗ് തത്സമയം രേഖപ്പെടുത്തുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും, എന്നാൽ കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ എണ്ണം ഇങ്ങനെ ക്രമാതീതമായി വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്നതിന് യുക്തിസഹമായ വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ്.


ഇത്രയധികം ‘സൂക്ഷ്മ നിരീക്ഷണം’ നടത്തിയിട്ടും നിരവധി ആധുനിക സാങ്കേതിക വിദ്യകൾ സജ്ജീകരിച്ചിട്ടും കൃത്യമായ വിവരം നൽകാൻ കഴിയാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ കാര്യക്ഷമമല്ലായിരുന്നോ? അതോ ഫലങ്ങളിൽ കൃത്രിമം കാണിക്കാൻ ചില “ഏർപ്പാടുകൾ” ചെയ്തതിനെ തുടർന്ന് പ്രഖ്യാപിച്ച കണക്കുകൾ മാറ്റാൻ പിന്നിൽനിന്ന് ആരെങ്കിലും ചരട് വലിച്ചോ? ഭരണ മുതലാളിവർഗം ആഗ്രഹിക്കുന്ന ഫലം പുറത്തുകൊണ്ടുവരാൻ പണം-പേശീബല-മാധ്യമ-ഭരണ അധികാരക്കൂട്ടായ്മ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഇക്കാലത്തെ സാഹചര്യത്തിൽ ഇത് ഒരു നിഗൂഢതയായി തുടരുന്നു.

Share this post

scroll to top