എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിലെ കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ പുനഃസ്ഥാപിക്കുക, 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, അടിയന്തരമായി സായാഹ്ന ഒ.പി. ആരംഭിക്കുക, ജീവൻരക്ഷാ ഔഷധങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ 7 മാസക്കാലമായി ജനങ്ങൾ കക്ഷി രാഷ്ട്രീയ, ജാതി – മത ഭേദമെന്യേ സമര സമിതി രൂപീകരിച്ച് പ്രക്ഷോഭണത്തിലാണ്. ജനങ്ങളുടെ പ്രക്ഷോഭണത്തെ തുടർന്ന്, ആശുപത്രിയുടെ റദ്ദാക്കിയ മദർ സിഎച്ച് പദവി പുനഃസ്ഥാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ, കിടത്തിചികിത്സ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾ ഒന്നുംതന്നെ ഇനിയും അംഗീകരിച്ചിട്ടില്ല. 40 വർഷങ്ങൾക്കുമുമ്പ് പ്രസവവാർഡ് പ്രവർത്തിച്ചിരുന്നു, 24 മണിക്കൂര് ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു. രണ്ടരഏക്കർ ഭൂമി, എണ്ണായിരം ചതുരശ്രഅടി കെട്ടിടസമുച്ചയം, ആധുനിക ലാബ്, മഴവെള്ളസംഭരണി, മാലിന്യ നിർമ്മാർജനപ്ലാന്റ് എന്നിങ്ങനെ ഒരു താലുക്ക് ആശുപത്രിയുടെ നിലവാരത്തിലേക്കുയർത്താൻ കഴിയുന്ന അടിസ്ഥാന സംവിധാനങ്ങളുണ്ടിവിടെ. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ നശിച്ചുപോകുകയാണ്.
ആരോഗ്യ വകുപ്പ് മന്ത്രി, എംഎൽഎ, ഡിഎംഒ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നിവേദനം സമർപ്പിക്കൽ, സമര പ്രഖ്യാപന സമ്മേളനം, ഡിഎംഒ ഓഫീസ് മാർച്ച്, സ്വാതന്ത്ര്യ ദിനത്തിൽ ജാഗ്രത സദസ്സ് തുടങ്ങി നൂറ് കണക്കിന് ജനങ്ങൾ പങ്കെടുത്ത പരിപാടികൾക്ക് ശേഷമാണ് മഹാസംഗമം സംഘടിപ്പിച്ചത്. ഈ സമരത്തോട് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഖം തിരിച്ചു നിൽക്കുകയാണെങ്കിലും സംഗമത്തിൽ നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരങ്ങൾ ഒഴുകിയെത്തി. മുൻ എംപി ഡോ.കെ.എസ്.മനോജ് മഹാസംഗമം ഉദ്ഘാടനം ചെയ്തു. ഡോ.എം.പി.മത്തായി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ പി.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ഒ.സുധീർ സ്വാഗതം ആശംസിച്ചു.