‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ വെറും പ്രഹസനം : മോദിഭരണത്തിൽ രാജ്യവ്യാപകമായി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നു

1487665503-962.jpg
Share

രാജ്യവ്യാപകമായി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവത്ക്കരണം ലക്ഷ്യമിടുന്ന എൻഇപി 2020 ഉൾപ്പെടെയുള്ള നയങ്ങള്‍ ഈ അടച്ചുപൂട്ടലിന് കാരണമാകുന്നു. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ കലാലയങ്ങളിൽനിന്ന് ആദ്യം പുറത്താകുന്നത് പെണ്‍കുട്ടികളാണ്. ‘ബേട്ടി ബച്ചോവോ, ബേട്ടി പഠാവോ’ പോലുള്ള ആകർഷകങ്ങളായ മുദ്രാവാക്യങ്ങൾ ഒരുവശത്ത് ഉയർത്തുമ്പോൾ,  മറുവശത്ത് സാമൂഹ്യമായ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും വൻതോതിൽ പെൺകുട്ടികളെ വിദ്യാഭ്യാസരംഗത്തുനിന്ന് അകറ്റുന്നു

ഫ്ലാഷ്ബാക്ക് 2015: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിലേറിയതിന്റെ ഒന്നാം വർഷം. ക്യാമറ ഹരിയാനയിലെ പാനിപ്പത്തിലേക്ക് തിരിച്ചുവച്ച് നോക്കിയാൽ, അവിടെ മോദി കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ രക്ഷിക്കാനുള്ള പദ്ധതി വിശദീകരിക്കുന്നതാണ് രംഗം. ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്നതാണ് ഈ പദ്ധതിയെ വിശേഷിപ്പിക്കാൻ മോദിജി കണ്ടുപിടിച്ചിരിക്കുന്ന മുദ്രാവാക്യം. എത്രയോ തവണ പിന്നീട് ആ മുദ്രാവാക്യം ആവർത്തിച്ച് നാം കേൾക്കുകയുണ്ടായി.പെൺകുട്ടികളുടെ ജനനനിരക്ക് കുറയുന്നതിൽ മോദി ആശങ്ക രേഖപ്പെടുത്താറുണ്ട്, അവരെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സദാ എടുത്തു പറയാറുമുണ്ട്.
കഴിഞ്ഞ 11 വർഷമായി ബിജെപിയുടെയും മോദിയുടെയും ഭരണത്തിൽ എന്താണ് നടക്കുന്നത്? ബലാത്സംഗങ്ങളും കൂട്ടബലാത്സംഗങ്ങളും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ഭ്രൂണഹത്യകളും ദുരഭിമാനക്കൊലകളും അന്തമില്ലാതെ പെരുകുകയാണ്. പെൺകുട്ടികളെ പഠിപ്പിക്കുന്നതിൽ എത്രമാത്രം പുരോഗതിയുണ്ടെന്ന് നമുക്ക് പരിശോധിക്കാം. സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ വനിതാശിശു വികസനവകുപ്പ് മന്ത്രി സമർപ്പിച്ച കണക്കുപ്രകാരം 5 വർഷത്തിനിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ പഠനം അവസാനിപ്പിച്ചത് 65.7 ലക്ഷം കുട്ടികളാണ്. അതിൽ 30 ലക്ഷത്തോളം കൗമാരപ്രായത്തിലുള്ള പെൺകുട്ടികളാണ്. യഥാർത്ഥ കണക്കുകൾ ഇതിലും ഭീകരമാകാനാണ് സാധ്യത.


പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഇരട്ട എൻജിൻ ഗവൺമെന്റുകളെക്കുറിച്ച് വാചകമടിക്കാറുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നാൽ വികസനത്തിന്റെ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് അവർ പറയുന്നത്. എന്നാൽ ഇത്തരം ഇരട്ട എഞ്ചിൻ സർക്കാരുകളുടെ പ്രവർത്തനം തികച്ചും പരിതാപകരമാണ്. ഗുജറാത്തിൽമാത്രം 2025-26 കാലയളവിൽ സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയത് 2.4 ലക്ഷം കുട്ടികളാണ്. അതിൽ 1.1 ലക്ഷം പെൺകുട്ടികളാണ്. 2024ൽ ഇത് 59,541 ആയിരുന്നു. അസമിൽ ഇക്കാലയളവിൽ ഒന്നരലക്ഷത്തോളം കുഞ്ഞുങ്ങൾ സ്കൂൾ പഠനം പകുതിയിൽ ഉപേക്ഷിച്ചു. അതിൽ 57,000ത്തോളം പെൺകുട്ടികളായിരുന്നു. കുട്ടികളുടെ സ്കൂൾ കൊഴിഞ്ഞുപോക്കിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത് ഈ ഇരട്ട എൻജിൻ സർക്കാരുകളാണ്.
 എന്തുകൊണ്ടാണ് ഇത്രയും കുഞ്ഞുങ്ങൾ സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്? ദാരിദ്ര്യമാണ് ഒരു പ്രധാനകാരണം.  പലപ്പോഴും കുട്ടികളെ തൊഴിലെടുക്കാൻ വിടേണ്ടിവരുന്നു. രക്ഷിതാക്കൾക്ക് തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നതും ബാലവിവാഹവും കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടയിടുന്നു. സ്കൂളുകൾക്ക് വേണ്ടത്ര നിലവാരമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ സ്കൂളുകൾക്ക് ഇല്ലാത്തതും മറ്റൊരു കാരണമാണ്. ഇതൊന്നും പുതിയ പ്രശ്നങ്ങളല്ല. ഇതിനൊക്കെ ഗവൺമെന്റിന്റെ കൈയിലുള്ള പരിഹാരം സ്കൂളുകൾ തമ്മിൽ ലയിപ്പിക്കുക എന്നതാണ്. വിദ്യാർഥികളുടെ എണ്ണം പകുതിയിൽ താഴെയായാൽ ആ സ്കൂളുകൾ അടച്ചുപൂട്ടി തൊട്ടടുത്തുള്ള മറ്റൊരു സ്കൂളുമായി ലയിപ്പിക്കും. വിനാശകരമായ പുതിയ വിദ്യാഭ്യാസ നയത്തിലും(എൻഇപി2020) കൊഴിഞ്ഞുപോക്കിന് പരിഹാരമായി നിർദ്ദേശിക്കുന്നത് ഇത്തരം അടച്ചുപൂട്ടലും ലയിപ്പിക്കലും ആണ്. ഇതിലൂടെ സ്കൂളുകളുടെ എണ്ണം കുറയും, സ്കൂളുകൾ തമ്മിലുള്ള അകലം വർദ്ധിക്കും, സ്കൂളുകളിൽ എത്തിച്ചേരാൻ വിദ്യാർത്ഥികൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതായി വരും. കൂടുതൽ കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ  ഈ ലയിപ്പിക്കൽ പ്രതിഭാസം കാരണമാകും.


ഏതാനും ദിവസങ്ങൾക്കുമുമ്പ് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്, ഉത്തരപ്രദേശിൽ മാത്രം 27,000 സ്കൂളുകൾ അടച്ചു പൂട്ടുകയോ മറ്റു സ്കൂളുകളുമായി ലയിപ്പിക്കുകയോ ചെയ്യുമെന്നാണ്. രാജസ്ഥാനിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകൾ 19,500, മഹാരാഷ്ട്രയിൽ 10,500, ബംഗാളിൽ 827, ഗുജറാത്തിൽ 7000, ഛത്തീസ്ഗഡിൽ 640, അസമിൽ 5953, കർണാടകയിൽ 3400 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്ക്. ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്കൂളുകൾ അടച്ചുപൂട്ടുന്നതിനോട് യോജിക്കുകയാണ്. എന്നിട്ടും, എൻഇപി 2020 അവകാശപ്പെടുന്നത് ഇന്ത്യ ‘വിശ്വഗുരു’വാണെന്നാണ്.


 കർണ്ണാടക ഗവൺമെന്റ് ഒട്ടനവധി വില്ലേജുതല സ്കൂളുകൾ അടച്ചുപൂട്ടി, തൽസ്ഥാനത്ത് ‘കെപിഎസ് മാഗ്നറ്റ്’ എന്നപേരിൽ, ഒരു ഗ്രാമപഞ്ചായത്തിൽ ഒന്ന് എന്നതോതിൽ പുതിയ സ്കൂളുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ 900 അത്തരം സ്കൂളുകൾക്കുള്ള ഉത്തരവായികഴിഞ്ഞു. 5 കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന മറ്റു സ്കൂളുകൾ എല്ലാം ഇതിൽ ലയിപ്പിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നത് വിദ്യാർത്ഥികൾക്ക് നടന്നെത്താവുന്ന ദൂരത്തിലാവണം സ്കൂളുകൾ എന്നാണല്ലോ . പ്രാഥമിക വിദ്യാലയങ്ങൾ ഒരു കിലോമീറ്ററിനകത്തും യുപി സ്കൂളുകൾ 3 കിലോമീറ്ററിനകത്തും ഉണ്ടായിരിക്കണം.
‘കെപിഎസ് മാഗ്നറ്റ്’  പദ്ധതി കർണ്ണാടകയുടെ ഉൾനാടൻ പ്രദേശങ്ങളിൽ പൊതുവിദ്യാഭ്യാസത്തെ പൂർണ്ണമായും തകർക്കുമെന്ന് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും വിദ്യാർത്ഥികളും ആശങ്കപ്പെടുന്നു. ഈ പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് കർണ്ണാടകത്തിൽ ഉയരുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങൾ ഈ സ്കൂളുകളിൽ ഒരുക്കുമെന്ന് ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ദുരം സഞ്ചരിച്ച് എത്ര കുട്ടികൾ സ്കൂളുകളിൽ എത്തിച്ചേരും. ഈ ദൂരം 10 മുതൽ 25 കിലോമീറ്റർ വരെ പോകാം. അതോടെ നാട്ടിൻപുറത്ത് കുട്ടികൾ സ്കൂൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരായിത്തീരും. ഫലത്തിൽ ഗവൺമെന്റിന്റെ ഈ നയം സ്കൂൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിക്കാനാണ് ഇടവരുത്തുക. പെൺകുട്ടികൾ ആയിരിക്കും പ്രധാനമായും ഇതിന്റെ ദുരിതമനുഭവിക്കേണ്ടി വരുന്നത്. അവർ നേരത്തെ വിവാഹിതരാകുകയോ, വീട്ടുജോലികളുമായി ഒതുങ്ങിപ്പോകുകയോ ചെയ്യും. അല്ലെങ്കിൽ മനുഷ്യ കടത്തുകാരുടെ കൈകളിൽ അവർ അകപ്പെട്ടേക്കാം. പഠനാവസരം നിഷേധിക്കപ്പെടുന്നതോടെ അന്തസ്സുള്ള ജീവിതവും പെൺകുട്ടികൾക്ക് ഇല്ലാതെയാവുകയാണ് എന്ന് ചുരുക്കം. മോദിയുടെ ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ മുദ്രാവാക്യം എത്ര വലിയ പ്രഹസനമാണെന്ന് ഈ കണക്കുകൾ  തെളിയിക്കുന്നു.


കേരളത്തിന്റെ സ്ഥിതിയോ?


കുട്ടികളില്ലാ സ്കൂളുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്ന സംസ്ഥാനമായി കേരളവും മാറിയിരിക്കുന്നു. പിണറായി സർക്കാർ ഭരിക്കുന്ന കേരളത്തിൽ പൊതുവിദ്യാഭ്യാസം അനുദിനം ശക്തിപ്പെട്ടു മുന്നേറുന്നു എന്ന പെരുമ്പറ രാജ്യമെമ്പാടും മുഴങ്ങാറുണ്ട്. എന്നാൽ, യാഥാർത്ഥ്യം എന്താണ്? ഒരുകാലത്ത് രാജ്യത്തിനാകമാനം മാതൃകയാകുന്ന വിധത്തിൽ പൊതുവിദ്യാഭ്യാസ ശൃംഖല പടുത്തുയർത്തിയ സംസ്ഥാനമാണ് കേരളം. എന്നാൽ,ലോക ബാങ്കിന്റെ ഡിപിഇപി/സർവശിക്ഷ അഭിയാൻ പദ്ധതികൾ പൂർണ്ണ തോതിൽ നടപ്പാക്കുകയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കം ഏകദേശം പൂർണമായി നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ക്രമാനുഗതം കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ഏറ്റവും പുതിയ കണക്കുകൾ പരിശോധിച്ചാൽ പൊതുവിദ്യാലയങ്ങളിൽ ഒരു വർഷംകൊണ്ട് കുറഞ്ഞത് ഒന്നേകാൽ ലക്ഷം കുട്ടികളാണ്. 2025-26 അധ്യയന വർഷത്തിൽ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കണക്ക് നോക്കിയാൽ 66,315 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 59,371 കുട്ടികളുമാണ് കുറഞ്ഞത്. ഒരു വർഷംകൊണ്ട് ആകെ കുറഞ്ഞത് 1,25,686 കുട്ടികളാണ്. എന്നാൽ, മറുഭാഗത്ത് അൺ എയ്ഡഡ് രംഗത്ത് സംസ്ഥാന സിലബസിലെ സ്കൂളുകളിൽമാത്രം 16,752 കുട്ടികൾ വർധിച്ചു. ഏറ്റവും സങ്കടകരമായ കാര്യം നമ്മുടെ സംസ്ഥാനത്തുപ്രവർത്തിക്കുന്ന 282 പൊതുവിദ്യാലയങ്ങളിൽ 10 കുട്ടികൾപോലുമില്ല എന്നതാണ്.  

പത്തിൽ താഴെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ 58 എണ്ണം സർക്കാർ സ്കൂളുകളും 224 എണ്ണം എയ്ഡഡ് സ്കൂളുകളും ആണ്. സർക്കാർ മേഖലയിലെ 58 സ്കൂളുകളിൽ 50 എണ്ണവും എൽപി സ്കൂളുകളാണ്. എയ്ഡഡ് മേഖലയിലെ എൽപി സ്കൂളുകൾ 189 എണ്ണവും ആണ്. പത്തിൽ താഴെ കുട്ടികൾ മാത്രമുള്ള സ്കൂളുകളുടെ എണ്ണം കഴിഞ്ഞവർഷം 227 ആയിരുന്നെങ്കിൽ ഇത്തവണ അത് 282 ആയിമാറി. ഇനി, 25ൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളുടെ കണക്കോ? 2024-25 അധ്യയന വർഷത്തിൽ 1197 എണ്ണം ആയിരുന്നത് 2025-26ൽ 1363 ആയി വർദ്ധിച്ചിരിക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 166 സ്കൂളുകളാണ് ഈ ഗണത്തിൽ വർദ്ധിച്ചത്. ഇത്ര വേഗതയിലാണ് കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നതെങ്കിൽ അടുത്ത അധ്യയന വർഷം കുട്ടികളില്ലാ സ്കൂളുകളുടെ എണ്ണം എത്രയായിരിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും. വൻതോതിൽ കുട്ടികളുടെ എണ്ണം കുറയുന്ന പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. നിലവാരം കുറഞ്ഞ സിലബസും അടിസ്ഥാന സൗകര്യമില്ലായ്മയും സർക്കാർ അനാസ്ഥയും ഒക്കെ കൂടിച്ചേർന്നാണ് ഏകദേശം മറ്റു സംസ്ഥാനങ്ങളിലേത് പോലെയുള്ള സ്ഥിതിയിലേക്ക് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തേയും ഈ സർക്കാർ കൊണ്ടെത്തിച്ചിരിക്കുന്നത്. പിണറായി സർക്കാരിന്റെ പിആർ ഏജൻസികൾ നടത്തുന്ന നുണപ്രചാരണങ്ങൾക്ക് നമ്മുടെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനാവില്ല എന്ന യാഥാർത്ഥ്യമാണ് ഇവിടെ തിരിച്ചറിയേണ്ടത്. ഒപ്പം സ്കൂളുകളുടെ സംരക്ഷണത്തിനായി വിദ്യാഭ്യാസ സ്നേഹികളുടെ ശക്തമായ മുന്നേറ്റം അനിവാര്യമായിരിക്കുന്നു എന്ന വസ്തുതയും.

Share this post

scroll to top