മോദി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) കോട്ടയം ജില്ലാക്കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ധർണ്ണയും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ പി.എൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം സ്വാഭാവികമായി സംഭവിച്ചതല്ല. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച് ചികിത്സ പോലും നിഷേധിച്ചതു കൊണ്ടുണ്ടായ മരണമാണ്. അതു കൊണ്ടു തന്നെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ, ആദിവാസികളടക്കമുള്ള അനേകായിരം മനുഷ്യരുടെ ഭൂമി കൈയ്യേറി കോർപ്പറേറ്റുകൾ നടത്തുന്ന മൈനിംഗിനെതിരെ ശബ്ദമുയർത്തിയെന്നതാണ് ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ UAPA ചുമത്തിയതിൻ്റെ കാരണം. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കെതിരെ നിൽക്കുന്നവരെ ഭരണകൂടം വേട്ടയാടുന്നത് ആദ്യ സംഭവമല്ല. കേന്ദ്ര ബിജെപി ഭരണത്തിൻ കീഴിൽ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നടപടികൾ വർദ്ധിച്ചു വരുന്നത് തടയിടുവാൻ ജനാധിപത്യ മുന്നേറ്റങ്ങൾക്കേ സാധിക്കൂ. അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.യു.സി.ഐ (സി) ജില്ലാക്കമ്മിറ്റിയംഗം ഇ.വി.പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാക്കമ്മിറ്റി അംഗങ്ങളായ വി.പി.കൊച്ചുമോൻ, പി.ജി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.