ഫെബ്രുവരി 4: ഷഹീൻ ബാഗ് ഐക്യദാർഢ്യദിനമായി എഐഎംഎസ്എസ് ആചരിച്ചു

MSS-FEB-4..-2.jpg
Share

പൗരത്വനിയമഭേദഗതിക്കെതിരെ സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് ഷഹീൻബാഗ്. രണ്ടുമാസമായി കൊടുംമഞ്ഞിനെ വകവയ്ക്കാതെ സ്ത്രീപുരുഷ-ജാതിമതഭേദമെന്യേ ജനങ്ങൾ ഒത്തുകൂടുന്നിടമായി ഷഹീൻബാഗ് മാറിയിരിക്കുന്നു. ഷഹീൻബാഗിൽനിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് ഇന്ന് ഇന്ത്യയിൽ നിരവധി ഇടങ്ങളിൽ സ്ത്രീകൾ അനിശ്ചിതകാല സമരത്തിലാണ്. കൽക്കത്തയിലെ പാർക് സർക്കസ്, ലക്‌നൗ, മുംബൈ, ബീഹാർ ഇവ ചില ഉദാഹരണങ്ങൾ മാത്രം. അടുക്കളകളിൽനിന്ന് സ്ത്രീകൾ ആയിരങ്ങളായി ലക്ഷങ്ങളായി തെരുവിലേയ്ക്കിറങ്ങിക്കൊണ്ടിരിക്കുന്ന ആവേശകരമായ കാഴ്ചയാണ് ഇന്ന് ഇന്ത്യയെമ്പാടും. ഈ പൊരുതുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ഷഹീൻബാഗിന്റെ അമ്പതാംദിവസം, ഫെബ്രുവരി 4ന് ഐക്യദാർഢ്യദിനമായി ആചരിച്ചു. അഖിലേന്ത്യ പ്രസിഡന്റ് കെയാ ഡേ, ജനറൽ സെക്രട്ടറി ഛബി റാണി മൊഹന്തി, മഹുവ നന്ദ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഷഹീൻബാഗിലെത്തി പിന്തുണ അറിയിച്ചു. എഐഎംഎസ്എസ് നേതാക്കൾ കൽക്കത്തയിലെ പാർക്‌സർക്കസ് സമരത്തിലും സഹകരിക്കുന്നു. ഐക്യദാർഢ്യ ദിനം ആചരിച്ചുകൊണ്ട് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങി വിവിധ ജില്ലകളിൽ പരിപാടികളും സംഘടിപ്പിച്ചു.

Share this post

scroll to top