ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ച സംഭവം : റെയില്‍വേയുടേത് കുറ്റകരമായ അനാസ്ഥ

Railway-TVM.webp
Share

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയുടെ ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം സ്വദേശിയായ  പത്തൊമ്പതുവയസ്സുള്ള പെണ്‍കുട്ടി. കേരള എക്സ്പ്രസ്സില്‍ യാത്രചെയ്തുകൊണ്ടിക്കവേ, ഏതാനും ദിവസങ്ങൾക്കുമുമ്പ് വർക്കല  റെയിൽവേ സ്റ്റേഷൻ പിന്നിട്ട സമയത്താണ് ആക്രമണം നടന്നത്. മദ്യപനായ യാത്രക്കാരൻ ചവിട്ടി തള്ളിപുറത്തേക്കിട്ട പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇപ്പോഴും അതീവ ഗുരുതരാ വസ്ഥയിൽ തുടരുകയാണ്. ട്രെയിനിനുള്ളില്‍ പുകവലിച്ചത് ചോദ്യംചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതത്രേ! സഹയാത്രികയും ആക്രമിക്കപ്പെട്ടെങ്കിലും ട്രെയിനിൽനിന്നും പുറത്തേക്കുവീഴാതെ രക്ഷപ്പെട്ടത് യാത്രക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ്.
കേരളത്തിൽ പൊതു ഇടങ്ങൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമല്ല എന്ന ആശങ്ക ബലപ്പെടുത്തുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.  സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും റെയിൽവേക്കും ഒഴിഞ്ഞു മാറാനാകില്ല. നിരക്കുകള്‍ അടിക്കടി വര്‍ദ്ധിപ്പിച്ച് യാത്രക്കാരെ കുത്തിക്കവരുന്ന റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാപ്പില്ലാത്ത അലംഭാവമാണ് കാണിക്കുന്നത്. പല ട്രെയിനുകളിലും ലേഡീസ് കമ്പാര്‍ട്ടുമെന്റുകളില്ല. ഉള്ളവയില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ല.    


ഏതാനും വർഷംമുമ്പാണ് സൗമ്യ എന്ന പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന  ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാൽസംഗംചെയ്ത് ദാരുണമായി കൊലപ്പെടുത്തിയത്. പ്രസ്തുത സംഭവം സൃഷ്ടിച്ച  പ്രതിഷേധത്തെത്തുടർന്ന് അപര്യാപ്തമെങ്കിലും ചില സുരക്ഷാ ക്രമീകരണങ്ങൾ  ട്രെയിനുകളിൽ സ്വീകരിച്ചിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമായി. മദ്യപിച്ച്  റെയിൽവേ പ്ലാറ്റ്ഫോമിൽ കയറുന്നതുപോലും നിയമംമൂലം നിരോധിക്കപ്പെട്ടിരിക്കുന്നിടത്താണ്  ട്രെയിനിനുള്ളിൽ മദ്യപർ അഴിഞ്ഞാട്ടം  നടത്തുന്നത്.  ട്രെയിനിനുളളിലെ മദ്യപാനവും സ്ത്രീകൾക്കുനേരെ നടക്കുന്ന കൈയേറ്റങ്ങളും മോഷണങ്ങളും വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ട്രെയിനിൽനിന്ന് തള്ളിയിടപ്പെടുകയോ അക്രമികളിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പുറത്തേക്കുവീണ് മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ അംഗഭംഗത്തിനിടവരുത്തുകയോ ചെയ്യുന്ന സംഭവങ്ങൾ  നിത്യേനയെന്നവണ്ണം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതൊന്നും റെയില്‍വേയുടെ കണ്ണുതുറപ്പിക്കാന്‍ മതിയാകുന്നില്ല. നിത്യേനയെന്നവണ്ണമുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളും നിരവധി ജീവനെടുക്കുകയാണ്.
വിദ്യാർത്ഥികളും  ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെയായി സ്ത്രീ യാത്രക്കാർ വൻതോതിൽ ആശ്രയിക്കുന്ന യാത്രാമാർഗ്ഗമെന്ന നിലയിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം റയിൽവേക്കുണ്ട്. ആവശ്യത്തിന് റെയിൽവേ  പോലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ പ്ലാറ്റ്ഫോമിലും ട്രെയിനിലും ഇല്ല  എന്നത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.  ഒരു അത്യാഹിതം സംഭവിച്ചാൽ വിളിച്ചറിയിക്കേണ്ട എമർജൻസി നമ്പർ ഒരിക്കലും പ്രവര്‍ത്തക്ഷമമല്ല.  റെയിൽവേയും കേന്ദ്രസർക്കാരും ഈ സംഭവത്തിൽ പ്രതിസ്ഥാനത്താണ്. ദാരുണമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചില പൊടിക്കൈകൾ നടപ്പാക്കുമെന്നല്ലാതെ സ്ഥായിയായ പരിഹാരമില്ല. യാത്രക്കാരുടെ ജീവൻവെച്ച് റെയിൽവേ പന്താടുകയാണ്. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിൽ ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിക്കുകയും എല്ലാ ബോഗികളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും കർശന പരിശോധനയും നിരീക്ഷണവും ഉറപ്പാക്കുകയും വേണം. ഇന്ത്യൻ റെയിൽവേയിൽ ലക്ഷക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.  ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലാ ദിവസവും തീവണ്ടി അപകടങ്ങളായും സുരക്ഷാ വീഴ്ചയായും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.


മദ്യവും മയക്കുമരുന്നും നിർല്ലോഭമൊഴുക്കി കുറ്റവാളികളെ  സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന സംസ്ഥാനസർക്കാരിനും സംഭവത്തിൽ  തുല്യ ഉത്തരവാദിത്തമുണ്ട്. പിണറായി ഭരണം ഒരു പതിറ്റാണ്ടെത്തുമ്പോൾ കേരളം മുഴുവൻ മദ്യശാലകളും ബാറുകളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. പിണറായി അധികാരത്തിലേറുമ്പോൾ 29 ബാറുകളായിരുന്നത് ഇന്ന് ആയിരത്തോളമായി. പോരാത്തതിന്   ഡിസ്റ്റില്ലറികൾ സ്ഥാപിച്ച് മദ്യം നിർമ്മിക്കാനും മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിലേക്കടക്കം  കയറ്റുമതിചെയ്ത്  ലാഭമുണ്ടാക്കാനും സർക്കാർ പദ്ധതിയിടുന്നു. നാടെമ്പാടും വിവിധ പേരുകളിൽ രാസലഹരി കുത്തിയൊഴുകുന്നു. മാനസികാരോഗ്യമില്ലാത്ത ഒരു സമൂഹവും ചെറുതലമുറയുമാണിതിന്റെ ബാക്കിപത്രം. ഗുരുതരമായ പ്രത്യാഘാതങ്ങൾക്കാണിത് വഴി തുറന്നിരിക്കുന്നത്. ഒരു പരിഷ്കൃത ജ്യനാധിപത്യ സമൂഹത്തിന് സങ്കൽപ്പിക്കാനാകാത്ത കുറ്റകൃത്യങ്ങളാണ് നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുകയും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർക്കശമായ നടപടികൾ സ്വീകരിക്കുകയും വേണം.
അപകടത്തിൽപെട്ട പെൺകുട്ടിക്ക്  മെച്ചപ്പെട്ട ചികിത്സയും  മറ്റുഅടിയന്തര സഹായങ്ങളും  ലഭ്യമാക്കുകയും ഇന്ത്യൻ റെയിൽവേ മതിയായ നഷ്ടപരിഹാരം നൽകുകയും വേണം.

Share this post

scroll to top