മതിയായ തയ്യാറെടുപ്പുകളില്ലാതെ എസ്ഐആർ പരിഷ്കരണം തിടുക്കപ്പെട്ട്നടത്തുന്നതില്‍ ദുരൂഹത

SIR-e1764184291634.jpg
Share

ബിജെപി ഒഴികെയുള്ള കേരളത്തിലെ മുഴുവൻ രാഷ്ട്രീയപ്പാർട്ടികളും എതിർത്തിട്ടും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ(എസ്‌ഐആര്‍) എന്ന പേരിൽ കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരിക്കാൻ കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷൻ കാണിക്കുന്ന ദുരൂഹമായ വ്യഗ്രതയെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു.
65 ലക്ഷം വോട്ടർമാരെ പുറത്താക്കിയ ബീഹാർ എസ്ഐആറിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടയിൽ, 2002ലെ പട്ടിക അടിസ്ഥാനപ്പെടുത്തി കേവലം ഒരു മാസം കൊണ്ട് കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരിക്കണമെന്നു നിർബന്ധം പിടിക്കുന്നതെന്തിനെന്ന് ബോധ്യപ്പെടുത്താൻ കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥ സംവിധാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദമനുഭവിക്കുന്ന വേളയിൽ ബിഎൽഒ മാരായി സർക്കാർ ഉദ്യോഗസ്ഥർ തന്നെ വേണമെന്നു നിർബന്ധിക്കുന്നതുവഴി, നിശ്ചയിക്കപ്പെട്ട ഒരു മാസത്തിനിടയിൽ ഈ പ്രക്രിയ പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയും കമ്മീഷൻ അവഗണിക്കുകയാണ്. ലോക്‌സഭാതിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ അസ്വാഭാവികമായ രീതിയിൽ വ്യാപകമായ വോട്ടു ചേർക്കൽ നടത്തി എന്ന പരാതി നിലനില്ക്കേ, രാഷ്ട്രീയ പാർട്ടികൾക്ക് പരിശോധിക്കാൻ സമയം നൽകാതെ പരിഷ്കരണം നടത്തുന്നത് വോട്ടർ പട്ടികയിൽ കേന്ദ്രീകൃതമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മതിയായ തയ്യാറെടുപ്പുകളില്ലാതെ തിടുക്കപ്പെട്ട് നടത്തുന്ന എസ്ഐആര്‍ ഉദ്യോഗസ്ഥരിലുണ്ടാക്കുന്ന സമ്മര്‍ദ്ദം എത്ര വലുതാണെന്നാണ് കണ്ണൂരില്‍ ആത്മഹത്യചെയ്ത ബിഎല്‍ഒയുടെ അനുഭവം ചൂണ്ടിക്കാണിക്കുന്നു. ബിഎല്‍ഒയുടെ മരണത്തെത്തുടര്‍ന്ന് പുറത്തവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ബിഎല്‍ഒമാരുടെ മേല്‍  മേലുദ്യോഗസ്ഥര്‍ ചുമത്തുന്ന സമ്മര്‍ദ്ദം വെളിവാക്കുന്നു.പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായ സമന്വയത്തിലൂടെമാത്രമേ  ഈ പരിഷ്ക്കരണ നടപടികൾ നടത്താവൂ എന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നു.

Share this post

scroll to top