അതിദരിദ്രമുക്ത കേരളം: പെരുംനുണയുടെ പെരുമ്പറ പ്രഖ്യാപനത്തിനു പിന്നിൽ ആഗോള മുതലാളിത്ത അജണ്ട

poverty.1699016546-1.webp
Share

കേരളത്തിൽ ഇനിമേൽ അതിദരിദ്രരില്ലെന്നും സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്നുമുള്ള ഇടതുമുന്നണി സർക്കാരിന്റെ പ്രഖ്യാപനം ലക്ഷക്കണക്കിന് അതിദരിദ്ര കുടുംബങ്ങളെ അക്ഷരാർത്ഥത്തിൽ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്ന അനേകായിരങ്ങൾ ഇപ്പോഴും നമ്മുടെ കണ്‍മുന്നിലുണ്ട്. അന്ത്യോദയ അന്നയോജന പദ്ധതിയിൽ(എഎവൈ) റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ടുമാത്രം കഴിഞ്ഞുപോകുന്ന 6 ലക്ഷത്തോളം കുടുംബങ്ങളുണ്ട്.

മനുഷ്യോചിതമായ ജീവിതം മിക്കവാറും അസാധ്യമായ അത്തരം കുടുംബങ്ങൾക്ക് ആശ്രയമാകുന്നതിനുപകരം അവർക്ക് നൽകിവരുന്ന തുച്ഛമായ ആനുകൂല്യങ്ങൾപോലും തട്ടിയകറ്റാനാണോ സർക്കാർ ശ്രമിക്കുന്നത്? ഏത് ആധികാരിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനമെന്ന് സംസ്ഥാന സർക്കാർ ഇപ്പോഴും വിശദീകരിച്ചിട്ടില്ല. നമ്മുടെ സമൂഹം നേരിടുന്ന ദാരിദ്ര്യത്തിന്റെയും അതിദാരിദ്ര്യത്തിന്റെയും യഥാർത്ഥ കാരണമെന്തെന്ന് തുറന്നുകാട്ടുകയും അതിനെതിരായ പ്രക്ഷോഭത്തിന്റെ കാഹളം മുഴക്കുകയുമാണ് ഇടതുപക്ഷ പ്രസ്ഥാനം ചെയ്യേണ്ടത്.
2021ൽ സംസ്ഥാന സർക്കാർ ആരംഭിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി(EPEP) പ്രകാരമാണ്, 64,006 അതിദരിദ്രരാണ് സംസ്ഥാനത്താകെ അവശേഷിക്കുന്നതെന്ന് കണ്ടെത്തിയതത്രേ. അവരുടെ അതിദാരിദ്ര്യം വിവിധ പദ്ധതികളിലൂടെ  നിർമ്മാർജ്ജനം ചെയ്തുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സർക്കാർ നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, ദരിദ്ര ജനവിഭാഗങ്ങളിൽ ഉൾക്കിടിലം ഉണ്ടാക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴി നടത്തിയ സർവേയിലൂടെയാണ് 64,006 കുടുംബങ്ങളെ കണ്ടെത്തിയത് എന്നാണ് മന്ത്രി എം.ബി.രാജേഷ് പറയുന്നത്. എന്നാൽ, സംസ്ഥാനത്തെ അതിദരിദ്രരായ 5,91,194 പേർക്ക് അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരമുള്ള എഎവൈ കാർഡുകൾ നൽകിയിട്ടുണ്ടെന്നാണ് മന്ത്രി  ജി.ആർ.അനിൽ കഴിഞ്ഞ സെപ്റ്റംബർ 30ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. അങ്ങനെയെങ്കിൽ അതിനുശേഷമുള്ള ഒരു മാസക്കാലംകൊണ്ട് എന്ത് ഇന്ദ്രജാലമാണ് അതിദരിദ്രരെ കരകയറ്റാൻ സർക്കാർ ചെയ്തതെന്ന സാമ്പത്തിക വിദഗ്ധരുടെ ചോദ്യത്തിന് ഉത്തരം നൽകാനായിട്ടില്ല. 4.5 ലക്ഷത്തോളം വരുന്ന ആദിവാസികളും പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയ ഗോത്രവർഗ്ഗ ജനവിഭാഗങ്ങളും മറ്റും നേരിടുന്ന അതിദാരിദ്ര്യാവസ്ഥ വാക്കുകളിൽ വർണ്ണിക്കാനാവില്ല. 2022ൽ ‘ഇന്റർനാഷണൽ ജേണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത്’ പ്രസിദ്ധീകരിച്ച പഠനത്തിൽ, വയനാട് ജില്ലയിൽ അഞ്ചുവയസ്സിന് താഴെയുള്ള 54.8% കുട്ടികളും ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അട്ടപ്പാടിയിലെ അവസ്ഥയും വ്യത്യസ്തമല്ല. ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ’ നടത്തിയ പഠനം അനുസരിച്ച് അവിടുത്തെ 48 ശതമാനം കുട്ടികൾക്കും ആവശ്യമായ ഭാരമില്ല, എന്നുമാത്രമല്ല 40%കുട്ടികൾ വളർച്ച മുരടിച്ചവരുമാണെന്ന് പറയുന്നു. 91% കുട്ടികൾക്കും 96 ശതമാനം കൗമാരക്കാരായ പെൺകുട്ടികൾക്കും 80 ശതമാനം ഗർഭിണികൾക്കും രക്തക്കുറവുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സമാനമായ സ്ഥിതിയാണ് തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ദളിത് ജനവിഭാഗങ്ങൾ, ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്സ് ഒക്കെയുംനേരിടുന്നത്. നബാർഡിന്റെ സർവേയിൽ സംസ്ഥാനത്തെ 65% ജനവിഭാഗങ്ങൾക്കും മാന്യമായ ജീവിതത്തിന് ആവശ്യമായ വരുമാനം ലഭ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച റിപ്പോർട്ടും നമ്മുടെ മുന്നിൽ ഉണ്ട്. എന്നാൽ, അവരെല്ലാം സംസ്ഥാന  സർക്കാറിന്റെ കണ്ണിൽ ദരിദ്രർ മാത്രമാണ്. അതിദരിദ്രർ എന്ന പട്ടികയിൽ അവരാരും വരുന്നില്ല.
കാരണം, അതിദരിദ്രരെ നിർണയിക്കാൻ സർക്കാർ പുതിയ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തത്. ഒരു വരുമാനവും ഇല്ലാത്തവർ, രണ്ടുനേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ, റേഷൻ കിട്ടിയാലും പാകം ചെയ്യാൻ കഴിയാത്തവർ, ആരോഗ്യാവസ്ഥ തകർന്നവർ തുടങ്ങിയവരാണ് സർക്കാരിന്റെ കണ്ണിലെ അതിദരിദ്രർ. രണ്ടുനേരം കഴിക്കാൻ ഇല്ലാത്തവർ എന്നു പറഞ്ഞാൽ അതിനർത്ഥം ഒരു നേരംമാത്രം കഴിക്കാൻ വകയുള്ളവർ എന്നല്ലേ. അവർ അതിദരിദ്രരോ അഗതികളോ എന്നാണ് സാമ്പത്തിക വിദഗ്ധർ ചോദിച്ചത്. യഥാർത്ഥത്തിൽ അതിദരിദ്രരിലെ ഒരു ചെറിയ ശതമാനം വരുന്ന അഗതികളെ അതിദരിദ്രരായി പ്രഖ്യാപി ക്കുകയായിരുന്നു സർക്കാർ ചെയ്തത്. എന്നാൽ, സംസ്ഥാനത്തെ മുഴുവൻ അഗതികളും ആ ലിസ്റ്റിൽ വന്നിട്ടുമില്ല എന്നതാണ് വസ്തുത.


പുരുഷന്മാർക്ക് 2400 കലോറിയിൽ താഴെയും സ്ത്രീകൾക്ക് 2100 കലോറിയിൽ താഴെയുമാണ് ലഭിക്കുന്നതെങ്കിൽ അവർ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്നതായിരുന്നു ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡം. തീവ്രദാരിദ്ര്യം അനുഭവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ കലോറി പരിതാപകരമാണ്. അതിദരിദ്ര കുടുംബങ്ങൾക്ക് മാസത്തിലൊരിക്കൽ വിതരണം ചെയ്യുന്ന ഒരു ഭക്ഷ്യധാന്യ കിറ്റുകൊണ്ട് (അത് പലപ്പോഴും രണ്ടുമാസത്തിൽ ഒരിക്കലോ മൂന്നുമാസത്തിലൊരിക്കലോ ആണ് ലഭ്യമാകുന്നത്) അതിദാരിദ്ര്യം മാറി എന്നാണോ സർക്കാർ അവകാശപ്പെടുന്നത്? എങ്കിൽ അതൊരു ക്രൂരമായ പരിഹാസം മാത്രമാണ്.
അതിദരിദ്ര ജനവിഭാഗങ്ങൾക്ക് അഥവാ എഎവൈ മഞ്ഞക്കാർഡുകാർക്ക് പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ടുമാത്രം അവരുടെ ദരിദ്രമായ ജീവിത സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ലല്ലോ. ചികിത്സയ്ക്കുംമറ്റും ചില്ലറ ആനുകൂല്യങ്ങൾകൂടി അവർക്ക് ലഭിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, സംസ്ഥാനം അതിദാരിദ്ര്യമുക്തമായി എന്ന പ്രഖ്യാപനത്തോടെ കേന്ദ്രസർക്കാർ നൽകിവരുന്ന തുച്ഛമായ റേഷൻ വിഹിതംപോലും നിർത്തുന്ന സ്ഥിതി വന്നാൽ എന്തായിരിക്കും പ്രത്യാഘാതം? അങ്ങനെയുള്ള സാമൂഹ്യക്ഷേമ പദ്ധതികൾ നിർത്തലാക്കാൻ കേന്ദ്രസർക്കാരിന് വഴികാട്ടുകയാണോ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ?


തീവ്രദാരിദ്ര്യം അനുഭവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഗുരുതരമായ ആഘാതമേൽപ്പിക്കുന്ന ഇത്തരമൊരു പ്രഖ്യാപനം സംസ്ഥാന സർക്കാർ നടത്തിയതാകട്ടെ ആർഭാടപൂർവ്വമായിരുന്നു. അതിനായി ഒന്നരക്കോടി രൂപയാണ് ധൂർത്തടിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അത്തരം ഒരു ആർഭാട ചടങ്ങിന് ചെലവഴിച്ച തുക പാവപ്പെട്ടവർക്ക് ഷെൽട്ടർ നിർമ്മാണത്തിനായി വകയിരുത്തിയിരുന്ന 52.8 കോടി രൂപയിൽ നിന്നാണ് എടുത്തത്. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് അത് സംബന്ധമായ ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് ഒക്ടോബർ 26ന് പുറപ്പെടുവിച്ചത്. കേരളം അതിദാരിദ്ര്യമുക്തമായി എന്ന വലിയ നുണ പ്രചരിപ്പിക്കാനായി ദേശീയ മാധ്യമങ്ങളിൽ അടക്കം വൻപരസ്യമാണ് സർക്കാർ നൽകിയത്.
കേരളം ഒരു സമ്പന്ന സംസ്ഥാനമായി മാറിയിരിക്കുന്നു എന്ന തെറ്റായ സന്ദേശമാണ് ആ പരസ്യങ്ങളിലൂടെ പിണറായി സർക്കാർ കൈമാറിയത്. അഷ്ടിക്ക് വകയില്ലാത്ത അനേകായിരങ്ങളെ സാക്ഷിനിർത്തി ഈ സംസ്ഥാനം അതിദരിദ്രമുക്തമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും  നവംബർ ഒന്നിന് പ്രഖ്യാപിച്ചത് അതിസമ്പന്നരായ ചില പൗരപ്രമുഖരെ  ചേർത്തു നിർത്തിയാണ് എന്നത് യാദൃശ്ചികമല്ല. അതിസമ്പന്നരെ താലോലിക്കുകയും അവർക്കായി കോൺക്ലേവുകൾ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, യൂസഫലിയെപ്പോലൊരു കോർപ്പറേറ്റിനെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിക്കുന്ന ഈ സർക്കാരിൽനിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ! കപട വികസന പ്രഖ്യാപനങ്ങളിലൂടെ ഇടതുമുന്നണിക്ക് താൽക്കാലികമായ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാം എന്നതായിരിക്കാം കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പ് വിജയം കൊയ്യാൻ അവർ സത്യത്തെ മറച്ചുപിടിക്കുന്നു.
വിദ്യാഭ്യാസ-ആരോഗ്യ മണ്ഡലങ്ങളിൽ കേരളം മുന്നേറുന്നുവെന്ന നുണപ്രചാരണം പോലെ, ദാരിദ്ര്യത്തെ നമ്മുടെ സംസ്ഥാനം നിർമ്മാർജ്ജനം ചെയ്തുവെന്ന് കമ്മ്യൂണിസ്റ്റ് എന്ന അവകാശപ്പെടുന്ന ഒരു കൂട്ടർ പ്രചരിപ്പിക്കുമ്പോൾ അതെന്ത് രാഷ്ട്രീയ സന്ദേശമാണ് സമൂഹത്തിനും സ്വന്തം അണികൾക്കും നൽകുന്നത്? ദാരിദ്ര്യവും പട്ടിണിയും ഉല്പാദിപ്പിക്കുന്നതാണ് മുതലാളിത്ത ഉത്പാദന വ്യവസ്ഥ എന്ന പ്രാഥമിക പാഠംപോലും അറിയാത്തവരാണോ സിപിഐ, സിപിഐ(എം) പാർട്ടി നേതാക്കൾ?
ഇനി, ദാരിദ്ര്യമുക്ത കേരളമാണത്രേ അവരുടെ അടുത്ത ലക്ഷ്യം! അസമത്വം കൊടികുത്തി വാഴുന്ന മഹാരാജ്യമാണ് ഇന്ത്യ. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഈ രാജ്യത്ത് അനുദിനം വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. അദാനിമാരും അംബാനിമാരും രാജ്യം കൊള്ളയടിക്കുന്നു. ജനങ്ങൾ നിരന്തരം പാപ്പരാക്കപ്പെടുകയാണ്. അതിജീവനം അസാധ്യമായ ജനലക്ഷങ്ങൾ കേരളത്തിന്റെ മണ്ണിലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുമ്പോൾ, ഒരു നേരത്തെ അന്നത്തിന് ഭിക്ഷയാചിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുമ്പോൾ, നാം ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു എന്ന പ്രഖ്യാപനം നടത്തുന്നത് ദരിദ്രജനവിഭാഗങ്ങളോടുള്ള കൊടുംചതിയാണ്.


ആഗോളമായിത്തന്നെ മുതലാളിത്ത രാജ്യങ്ങൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളിലൊന്നാണ് ദാരിദ്ര്യവും പട്ടിണിയും. ലോകബാങ്കിന്റെ പുതിയ മാനദണ്ഡമനുസരിച്ചുള്ള പഠന പ്രകാരം ലോകത്തെ വിവിധ രാജ്യങ്ങളിലായി 808 ദശദശലക്ഷം ജനങ്ങൾ തീവ്രദരിദ്ര വിഭാഗത്തിൽ പെട്ടവരാണ്. മുന്‍പിത് 677 ദശലക്ഷമായിരുന്നു. ലോക ജനസംഖ്യയിലെ 10 ശതമാനം ആളുകൾ 2025ഓടെ അതിദരിദ്രരാവുമെന്നാണ് അവരുടെ കണക്കുകൾ പറയുന്നത്. (Ref:Sustainable development goals-2025. UN studies)
ഇന്ത്യയിലാകട്ടെ ആകെ ജനസംഖ്യയുടെ 70% ആളുകളും ഏതെങ്കിലും വിധത്തിലുള്ള ദാരിദ്ര്യത്തെ നേരിടുന്നവരാണ്. മുതലാളിത്തത്തിന്റെ നിർദ്ദയ ചൂഷണംമൂലം ദിനംപ്രതി പടരുന്ന പട്ടിണി തടയൽ ഒരു വെല്ലുവിളിയാണ്. പട്ടിണിക്ക് ഏതെങ്കിലും അളവിൽ ചില്ലറ ആശ്വാസം നൽകാനാകുന്നില്ലെങ്കിൽ അതൊരു ആഗോള പൊട്ടിത്തെറിക്ക് കാരണമാകാമെന്ന് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ ഐക്യരാഷ്ട്രസഭയും യുഎൻഡിപിയും ലോകബാങ്കും നിരന്തരം പ്രഖ്യാപിക്കുന്നത്.


അത്തരം ഒരു പശ്ചാത്തലത്തിലാണ് ലോകം ഒരു ആഗോള അടിയന്തരാവസ്ഥയെ നേരിടുന്നു എന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നത്. തുടർന്ന്, ആഗോളമായിതന്നെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി-2030 യുഎൻ പ്രഖ്യാപിച്ചു. ഒരു ആഗോള ഭക്ഷ്യ ഉച്ചകോടിക്ക് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാൽ, അതുകൊണ്ടൊന്നും പട്ടിണി നിർമ്മാർജ്ജനം സാധ്യമാകില്ലെന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിശദമാക്കുന്ന രേഖയിൽത്തന്നെ പറയുന്നുണ്ട്.
അപ്പോൾ, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 2021ൽ ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി  ഐക്യരാഷ്ട്രസഭയുടെ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തമാക്കേണ്ടതാണ്. വിദ്യാഭ്യാസ- ആരോഗ്യ മണ്ഡലങ്ങളിൽ ഉൾപ്പെടെ ആഗോള പദ്ധതികൾ നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ, കേരളവും. ദാരിദ്ര്യനിർമ്മാർജ്ജനത്തിന്, വിദ്യാഭ്യാസത്തേക്കാൾ തൊഴിൽ പഠനത്തിന് ഊന്നൽ നൽകണം എന്ന സങ്കല്പം ഉയർത്തിപ്പിടിക്കുന്ന ലോകബാങ്കും യുനെസ്കോയും യുഎൻഡിപിയും ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികൾക്കും ആഗോളമായ അജണ്ടകളുണ്ട് എന്നത് വ്യക്തമാണ്.ഡിപിഇപി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പ്രോജക്ടുകൾക്കുപോലും ദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധം ഉണ്ടായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ തൊഴിൽ നൈപുണ്യം വളർത്തണമെന്ന് ആഹ്വാനം ചെയ്യുന്ന മോദി സർക്കാരും നാലുവർഷ ബിരുദ കോഴ്സിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രമോട്ട് ചെയ്യുന്ന സംസ്ഥാനത്തെ പിണറായി സർക്കാരും ആഗോള പദ്ധതികളുടെ നടത്തിപ്പുകാർ തന്നെയാണ്.
തൊലിപ്പുറമേയുള്ള ചികിത്സാവിധികളാണ് മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞർ അവതരിപ്പിക്കുന്നത്. അതിന് കുട പിടിക്കുന്ന ഇടതുമുന്നണി മുതലാളിത്ത യജമാനന്മാരെ നഗ്നമായി സേവിക്കുകയാണ്. ഇന്നത്തെ ആഗോള പരിതസ്ഥിതിയിൽ ചെപ്പടി വിദ്യകളിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനം അസാധ്യമാണെന്ന രാഷ്ട്രീയബോധം വളർത്തിയെടുക്കുകയാണ് നാം ചെയ്യേണ്ടത്. മുതലാളിത്ത ഉല്പാദന വ്യവസ്ഥയാണ് പിട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയൊക്കെ സൃഷ്ടിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ വിപ്ലവമുന്നേറ്റങ്ങളിലൂടെ സോഷ്യലിസം സ്ഥാപിതമാകുമ്പോൾ മാത്രമേ ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്താനാകൂ. ഈ യാഥാർത്ഥ്യം ജനങ്ങളോടു തുറന്നു പറഞ്ഞ് അവരുടെ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. എന്നാൽ, ഇതിനെതിരായ ദിശയിലാണ് പിണറായി സർക്കാർ സഞ്ചരിക്കുന്നത്. അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിലൂടെ ദരിദ്രരുടെ ആനുകൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാൻ വഴിയൊരുക്കുകയും മറുവശത്ത് തൊഴിലാളിവർഗ്ഗ വിമോചന പാതയിൽനിന്ന് അവരെ അകറ്റുകയും ചെയ്യുന്ന ഈ പാതകം അനുവദിച്ചുകൂടാ. വമ്പിച്ച ജനരോഷം ഇതിനെതിരെ ഉയർന്നുവരണം.

Share this post

scroll to top