ഇതിഹാസം രചിച്ച ആശാസമരം നൽകുന്ന വിലപ്പെട്ടരാഷ്ട്രീയ പാഠങ്ങൾ

ASHA-1.jpeg
Share

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നയിച്ച 266 ദിവസം നീണ്ടുനിന്ന സെക്രട്ടേറിയറ്റ് നടയിലെ രാപകൽ സമരം നവംബർ ഒന്നിന് പുതിയൊരു ഘട്ടത്തിലേക്ക് പരിവർത്തനപ്പെടുത്തിക്കൊണ്ട് കേരളം ദർശിച്ച ഐതിഹാസികമായ സ്ത്രീത്തൊഴിലാളി സമരം മുന്നേറുകയാണ്. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെതന്നെ ആശാ പ്രവർത്തകരുടെ അവകാശങ്ങളും പദവിയും അലംഘനീയമായി സ്ഥാപിച്ചുകൊണ്ടാണ് ആശാസമരം വിജയവഴിയിൽ കുതിക്കുന്നത്.

അവകാശലംഘനങ്ങളും നീതിനിഷേധവും ചോദ്യംചെയ്യപ്പെടാതെ ഏതാണ്ട് നാലുപതിറ്റാണ്ടായി തളംകെട്ടി നിന്നിരുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ ആശാസമരം, സംഘടിത തൊഴിലാളി പ്രക്ഷോഭത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ശൈലി തിരികെക്കൊണ്ടുവന്നു. കെഎസ്ആർടിസിയിൽ രണ്ട് മാസത്തിലധികം ശമ്പളം മുടങ്ങി. മാസങ്ങളോളം പെൻഷൻ നിലച്ചു. ജോലിഭാരം താങ്ങാനാവാത്തവിധം വർദ്ധിച്ചു. എല്ലാ വഴിയുമടഞ്ഞ്, തൊഴിലാളികൾ ആത്മഹത്യ ചെയ്തു. എന്നിട്ടും സമരമുണ്ടായില്ല. മൂന്നും നാലും ഗഡു ക്ഷാമബത്ത കുടിശ്ശികയായി. ജീവനക്കാർക്ക് അവകാശപ്പെട്ട ഏതാണ്ട് ഒരു ലക്ഷം കോടിയിലധികം രൂപ സർക്കാർ പിടിച്ചുവച്ചു. ഇനി അത് ലഭിക്കുമെന്ന പ്രതീക്ഷയ്ക്കു പോലും വകയില്ലാതായി. പേരിനെങ്കിലും ശമ്പളക്കമ്മീഷനെ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായില്ല. എങ്കിലും സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരം ഉയർന്നുവന്നില്ല. തൊഴിൽസമരങ്ങളെ കഴുത്തുഞെരിച്ചു കൊന്ന്, നിതാന്തമായ വ്യവസായ സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ സംസ്ഥാനം മോദി സര്‍ക്കാരിൽനിന്ന് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി. അങ്ങിനെ ‘തൊഴിൽ സമരങ്ങളുടെ ചൂടണഞ്ഞ കേരളത്തിൽ’ അപ്രതിരോധ്യമായ ശക്തിദുർഗ്ഗംപോലെ ആശാസമരം ഉയർന്നുവന്നു. ആശമാരിലൊതുങ്ങുന്ന ഒരു മുന്നേറ്റമായിരുന്നില്ല അത്. സംസ്ഥാനമെമ്പാടുമുള്ള തൊഴിലാളികൾക്ക്, വിശേഷിച്ചും സ്ത്രീത്തൊഴിലാളികൾക്ക് നട്ടെല്ല് നിവർത്തിനിന്ന് പൊരുതാൻ അളവില്ലാത്ത ആത്മവിശ്വാസത്തിന്റെയും വീറിന്റെയും ഇച്ഛാശക്തിയുടെയും ഉറവിടമായി അത് മാറി.

ആശാസമര വിജയം കേരളത്തിന്റെ അഭിലാഷമായി മാറി


ഒരു തൊഴിലാളി സമരം ഉന്നയിക്കുന്ന അടിസ്ഥാനനീതിയുടെ പ്രശ്നവും സമരം നൽകുന്ന സന്ദേശവും അതിന്റെ സ്വാധീനവും സമരത്തിലണിനിരക്കുന്ന വിഭാഗത്തിനു പുറത്തേക്ക് പ്രവഹിക്കുമ്പോൾ അതൊരു സാമൂഹ്യമുന്നേറ്റമായി മാറുന്നു. അങ്ങിനെയെങ്കിൽ ആശാ സമരം  മഹത്തായ സാമൂഹ്യമുന്നേറ്റമായി മാറിയ തൊഴിലാളി സമരമാണ്. സമരം ജനങ്ങളെ അക്ഷരാർത്ഥത്തിൽ തട്ടിയുണർത്തി. ഇത്രത്തോളം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഒരു സമരവും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആശാസമരപ്പന്തലിലേക്ക് പിന്തുണയുമായി എത്തിയത് നൂറ്റിഎഴുപതിലധികം സംഘടനകളാണ്. ആശാ യൂണിയന്റെ അപേക്ഷപ്രകാരമല്ല അവരിലാരും ഐക്യദാർഢ്യപ്രകടനമായി വന്നണഞ്ഞത്. ഒരു പ്രവാഹംപോലെ വന്നുചേർന്ന പിന്തുണ, സമരം കൈവരിച്ച സാമൂഹ്യാംഗീകാരത്തിന്റെ പ്രതിഫലനമായിരുന്നു.  ആയിരക്കണക്കിന് സാധാരണ മനുഷ്യർ, ആരുടെയും പ്രേരണയില്ലാതെ സ്വന്തം ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ആശാസമരത്തിന്റെ അടിയുറച്ച പ്രചാരകരായി, അനുഭാവികളായി, വക്താക്കളായി ഉയർന്നുവന്നു. 46 ദിവസം നീണ്ട ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് അവർ സ്വീകരണമൊരുക്കി. അത്യസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. ആശാസമരത്തിനുവേണ്ടി ചെലവഴിക്കപ്പെട്ട മുഴുവൻ തുകയും ജനങ്ങൾ സ്വമേധയാ നൽകിയതായിരുന്നു. ജനങ്ങൾ കാട്ടിയ വികാരത്തിന്റെ മുഖ്യമായ ഭാവം സഹാനുഭൂതിയുടേതായിരുന്നു. ഏതാണ്ട് അത്രയുംതന്നെ തൊഴിലാളിവർഗ്ഗ അവബോധത്തിന്റെ സ്വാധീനവും അണപൊട്ടിയൊഴുകിയ പിന്തുണയിൽ പ്രകടമായിരുന്നു. ആശാസമരത്തിനുവേണ്ടി അധികാരചേരിയോട് കലഹിക്കാൻ ബുദ്ധിജീവികളിൽ വലിയൊരു നിര മുന്നോട്ടുവന്നു. ഭരണമുന്നണിയുടെ സഹയാത്രികരായ പ്രമുഖര്‍പോലും ആശാസമരത്തെ പിന്തുണച്ചുനിലകൊണ്ടു. അങ്ങിനെ ആശമാരുടെ സമരത്തിന്റെ വിജയം കേരളത്തിന്റെ ഒന്നാകെയുള്ള ഒരു ഉത്തരവാദിത്തമായി, അഭിലാഷമായി, അടിയന്തരമായി നേടേണ്ട ഒന്നായി മാറി.


 നീണ്ട എട്ടര മാസം എണ്ണമറ്റ ക്ലേശങ്ങളെയും പ്രതിബന്ധങ്ങളെയും നേരിട്ടും മറികടന്നും ആശമാർ രാപകൽ സെക്രട്ടേറിയറ്റ് നടയിൽ ജീവിച്ചു. പോലീസ് കാവലിൽ ‘രാത്രി നടത്തവും’ ‘നൈറ്റ് ലൈഫും’ ആഘോഷിക്കുന്ന ഭരണക്കാരുടെ വിടുവായത്തം ഭരണകേന്ദ്രത്തിന്റെ മുമ്പിലെ ആശമാരുടെ അന്തിയുറക്കത്തിനു മുമ്പിൽ നിഷ്പ്രഭമായി. യാത്രാക്കാശിന് ചില്ലിത്തുട്ടുപോലും അവരുടെ കൈവശമുണ്ടായിരുന്നില്ല. എങ്കിലും  വിദൂരമായ കണ്ണൂരിൽനിന്നും ഇടുക്കിയുടെ ഉൾഗ്രാമങ്ങളിൽനിന്നും അവരെത്തി.  സമരപ്പന്തലിലെ കഞ്ഞിയായിരുന്നു ഒട്ടുമിക്കവരുടെയും ഒരു നേരത്തെ ഭക്ഷണം. കടം പെരുകിയുള്ള ഭാരത്താൽ സ്വസ്തത നഷ്ടപ്പെട്ട അവർ സമരപ്പന്തലിൽ ദു:ഖങ്ങൾ വിസ്മരിച്ചു.  നിത്യരോഗികളായ ഉറ്റവരെ വീട്ടിൽ തനിച്ചാക്കിയിട്ട് അവർ സമരപ്പന്തലിൽ അന്തിയുറങ്ങി. മൂന്നു ദിവസത്തിലൊരിക്കൽ ഡയാലിസിസ് ചെയ്യേണ്ടുന്ന ഭർത്താവിനെ പരിചരിച്ചും ഫീൽഡിലെ ജോലി പൂർത്തിയാക്കിയും കഴിഞ്ഞ എട്ടര മാസവും സമരപ്പന്തലിൽ ഉറങ്ങിയ ആശ പ്രവർത്തക അവരിലൊരാൾ മാത്രം. സമരംഗത്ത് നേരിട്ട വിഷമങ്ങളുടെയും യാതനകളുടെയും പത്തിലൊരംശംപോലും വർണ്ണിക്കാൻ ഇവിടെ കുറിക്കുന്ന വാക്കുകൾക്കാവില്ല. അത്രമേൽ പ്രതിബന്ധങ്ങളെ നേരിട്ടാണ് അവർ എട്ടരമാസം സമരപ്പന്തൽ നിലനിർത്തിയത്. അവരുടെ നിശ്ചയദാർഢ്യത്തെ അഭിവാദ്യംചെയ്ത സാധാരണ മനുഷ്യർ, പന്തലിലെത്തി നിങ്ങൾ വിജയിച്ചേ മടങ്ങാവൂ എന്നു ചൊല്ലി തന്റേടം പകർന്നു. ത്യാഗപൂർണ്ണമായ സമരസന്നദ്ധതയുടെ ചരിത്രം രചിച്ച ആശമാർ സ്ത്രീസമൂഹത്തിന് ആകെ പകർന്നത് അനീതിയോടും അവഹേളനത്തോടും സന്ധിചെയ്യരുതെന്ന അമൂല്യമായ ജീവിതപാഠമായിരുന്നു. സ്ത്രീവിമോചനമുന്നേറ്റത്തിന് കാഹളമൂതുന്ന വരുംനാളുകൾ ഈ പാഠം വിസ്മരിക്കില്ല.
സൈബർ കൂലിപ്പടയെ നിയോഗിച്ച് സമരം ചെയ്യുന്ന സ്ത്രീകളെ അപമാനിക്കാനായി ഭരണക്കാർ ഏതറ്റം വരെയും പോയി. അശ്ലീലവും അസഭ്യങ്ങളും ചൊരിഞ്ഞു. എന്നാൽ കുറിക്കുകൊള്ളുന്ന മറുപടികൾ നൽകിയ ആശമാർ ഒരു സന്ദർഭത്തിൽപ്പോലും അന്തസ്സിന്റെ പരിധിവിട്ട് ഒരു വാക്കുപോലും പറഞ്ഞില്ല. അവരുടെ മുദ്രാവാക്യങ്ങളിൽ കൊലവിളിയും ആക്രോശങ്ങളും ഉണ്ടായിരുന്നില്ല. കേരളമാകെ അതിന് സാക്ഷ്യംവഹിച്ചു. ഒരു വേള പോലും പ്രകോപിതരാകാതെ, നിറഞ്ഞ ആത്മവിശ്വാസത്തോടെ, തങ്ങൾ പറയുന്നത് തികഞ്ഞ സത്യമാണെന്ന ഉൾബോധ്യത്തോടെ ആശമാർ നിലകൊണ്ടു. പ്രക്ഷോഭരംഗത്ത് അവർ പ്രകാശിപ്പിച്ച ഉയർന്ന ധാർമ്മികതയും സംസ്കാരവും കേരളത്തിന് പുതിയൊരു അനുഭവമായിരുന്നു. അങ്ങിനെ സ്ത്രീകൾ ഒരു സാമൂഹ്യശക്തിയായി ഉയരുന്ന ദൃശ്യത്തിന് കേരളം സാക്ഷിയായി. സ്വന്തം പ്രശ്നങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കാൻ അവർ രാഷ്ട്രീയകാര്യശേഷി നേടി. തങ്ങളുടെ അവസരവാദ നിലപാടുകളെ നാണംകെട്ട നിലയിൽ ന്യായീകരിക്കുന്ന ചാനൽ ചർച്ചാ വിദഗ്ദ്ധരായ നേതാക്കളുടെ വാദഗതികളുടെ പൊള്ളത്തരങ്ങളെ ആശമാർ അനായാസം തുറന്നുകാട്ടി. നേതൃനിരയിൽനിന്ന് പ്രവർത്തിച്ചവരിൽ മാത്രമല്ല, സംസ്ഥാനമെമ്പാടുമുള്ള ആശമാരിൽ ഉയർന്ന നീതിബോധത്തിന്റെയും അവകാശബോധത്തിന്റെയും അടിയുറച്ച ധാരണ വളർന്നുവന്നു. ആത്മാഭിമാനപ്രചോദിതരായ ആശമാരെ സമരം അങ്ങിനെ വാർത്തെടുത്തു.  


സമൂഹമൊന്നാകെ നീതിനിഷ്ഠമായ ഒരു സമരത്തിനാൽ സ്വാധീനിക്കപ്പെടുന്ന, ജീവൻ തുടിക്കുന്ന സാമൂഹ്യാന്തരീക്ഷം എവിടെയും സൃഷ്ടിക്കപ്പെട്ടു. സ്ത്രീകളിലേക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പ്രവഹിക്കപ്പെട്ടു. വർണ്ണനാതീതമായ ദുരിതങ്ങളെയും പീഡനങ്ങളെയും നേരിട്ട് ആത്മബലം ചോർന്ന് ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യകളായ ആയിരക്കണക്കിന്  കേരളത്തിലെ സ്ത്രീകൾ ആശമാരെ തങ്ങളുടെ ജീവിതത്തിന്റെ മാതൃകകളായി സ്വീകരിച്ചു. ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ, തന്റേടത്തോടെ ജീവിക്കേണ്ടത് എങ്ങിനെയെന്ന് സമരം ചെയ്യുന്ന ആശമാരിൽനിന്നും അവർ പഠിച്ചു. മുടിമുറിച്ച് ആശമാർ കേരളത്തോട് പറഞ്ഞു, ചമയങ്ങളോ ആടയാഭരണങ്ങളോ അല്ല വേണ്ടുന്നത്; മറിച്ച് നിശ്ചയദാർഢ്യവും ആത്മബോധവുമാണ് സ്ത്രീകളെ നയിക്കേണ്ടത്. ഇരമ്പിയാർക്കുന്ന ഭാവി വനിതാമുന്നേറ്റത്തിന്റെ അടിസ്ഥാനപാഠങ്ങളിലൊന്നായി ഈ ഉൾക്കാഴ്ച മാറും.


കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെന്ന യൂണിയന്റെ വ്യതിരിക്തതയും നേതൃത്വത്തിന്റെ അചഞ്ചലമായ തൊഴിലാളിവർഗ്ഗ കൂറും സമർപ്പണവും നിസ്വാർത്ഥതയും സന്ധിരഹിത മനോഭാവവും ആശാസമരത്തെ ഐതിഹാസികമാക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പങ്ക് വഹിച്ചു. ആശാ പ്രവർത്തകരെ ഇന്നുകാണുന്ന നിലയിലുള്ള ഒരു അജയ്യശക്തിയാക്കി മാറ്റിയത് യൂണിയന്റെ നേതൃത്വമായിരുന്നു. ജില്ലാ നേതാക്കൾ മുതൽ സംസ്ഥാന ഭാരവാഹികൾവരെ സമരമുഖങ്ങളിലെല്ലാം നായകരായി അടിയുറച്ചുനിന്നു. വനിതാ നേതാക്കൾ എട്ടരമാസവും സമരപ്പന്തലിൽ അന്തിയുറങ്ങി. ക്ലേശങ്ങളും പ്രതിസന്ധികളും ഒരുമിച്ച് നേരിട്ടുകൊണ്ട് ഉദാത്തമായ സമരസാഹോദര്യം സൃഷ്ടിച്ചു. ആശാ യൂണിയന്റെ നേതൃത്വം ഭാവിയുടെ തൊഴിലാളി പ്രക്ഷോഭങ്ങളെ നയിക്കാൻ കെൽപ്പുള്ള ഒന്നാണെന്ന് അസന്നിഗ്ദ്ധമായി  നമ്മുടെ സംസ്ഥാനത്ത് സ്ഥാപിക്ക പ്പെട്ടിരിക്കുന്നു. വർത്തമാനകാല ട്രേഡ് യൂണിയൻ പ്രവർത്തനം വീറുറ്റ സമരത്തിന്റെ പാത ഉപേക്ഷിച്ച് ലോബിയിംഗിലും പാദസേവയിലും അഭയം പ്രാപിച്ചിരിക്കുമ്പോൾ ആശാസമര നേതൃത്വം, യഥാർത്ഥ തൊഴിലാളി പ്രവർത്തനത്തിന്റെ മാർഗ്ഗം കാട്ടിയിരിക്കുന്നു. ഈ നേതൃത്വത്തെ സ്വീകരിക്കുന്ന ഏതൊരു തൊഴിലാളി വിഭാഗത്തിനും നിവർന്നുനിന്നുപൊരുതി അവകാശങ്ങൾ നേടാൻ ഇന്ന് വഴി തുറന്നിരിക്കുന്നു.


ഒട്ടനവധി സങ്കീർണ്ണതകളെയും പ്രതിബന്ധങ്ങളെയും നേരിട്ട ആശാസമരം അതിന്റെ ദീർഘിച്ച പ്രയാണത്തിനിടയിൽ കാട്ടിയ കെട്ടുറപ്പും ഐക്യവും അസാധാരണമായിരുന്നു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെന്ന തൊഴിലാളി സംഘടനക്കുപിന്നിൽ താഴേത്തലം മുതൽ മുകൾതലം വരെ  ആശമാർ ഒരൊറ്റ മനുഷ്യനെപ്പോലെ നിലകൊണ്ടു. അതാത് ഘട്ടങ്ങളിൽ വികസിച്ചുവന്ന രാഷ്ട്രീയസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും അതിനനുസൃതമായ സമരപരിപാടികൾ ആവിഷ്കരിക്കാനും യൂണിയനു കഴിഞ്ഞു. തുടക്കത്തിൽ അനിശ്ചിതകാലത്തേക്കുള്ള സമരമെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നില്ല ആശാസമരം. പിന്നീട് അത് അനിശ്ചിതകാല രാപകൽ സമരമായി തുടരാൻ കൈക്കൊണ്ട സുപ്രധാനമായ തീരുമാനം മുതൽ ആശമാരുടെ മഹാസംഗമം, നിയമസഭാ മാർച്ച്, വനിതാദിനാചരണം, സെക്രട്ടേറിയറ്റ് ഉപരോധം, പണിമുടക്ക്, നിരാഹാര സമരം, പൗരസാഗരം, 46 ദിവസം നീണ്ടുനിന്ന രാപകൽ സമരയാത്ര, ഒടുവിൽ മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയിലേക്കുള്ള മാർച്ച് ഉൾപ്പടെയുള്ള സമരഘട്ടങ്ങൾ നിർണ്ണയിക്കുന്നതിൽ യുണിയൻ കാട്ടിയ രാഷ്ട്രീയ കാര്യപ്രാപ്തിയും വിജയകരമായ പ്രക്ഷോഭമാക്കി അവയെ മാറ്റുന്നതിനിടയാക്കിയ ആസൂത്രണമികവും അനിതരസാധാരണമായിരുന്നു. പിന്തുണയുമായി എത്തിയ വ്യക്തികളെയും ജനാധിപത്യസംഘടനകളെയും കോർത്തിണക്കി സംസ്ഥാനമെമ്പാടും സമരസഹായ സമിതികൾക്കു രൂപം നൽകുന്നതിനും ആശാ യൂണിയൻ നേതൃപരമായ പങ്ക് വഹിച്ചു. ഭാവി തൊഴിലാളി പ്രക്ഷോഭങ്ങളുടെ മാർഗ്ഗംകാട്ടുന്ന ഒരു നേതൃത്വത്തെ ആശാസമരം സൃഷ്ടിച്ചു.


ആശാസമരം കേരളത്തിനു മാത്രമല്ല, രാജ്യത്തിനൊന്നാകെ നൽകിയിരിക്കുന്ന വിലപ്പെട്ട പാഠം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റേതാണ്. ‘സമരം പ്രഖ്യാപിക്കുന്നവർ അത് എങ്ങിനെ അവസാനിപ്പിക്കണമെന്നു കൂടി പഠിക്കണം’ ഈ ഉപദേശം സിഐറ്റിയുവിന്റെ തലമുതിർന്ന ഒരു നേതാവ് ആശാസമരത്തെ വിമർശിച്ചുകൊണ്ട് നൽകിയതാണ്. അതായത് ഒടുക്കവും തുടക്കവുമെല്ലാം മുൻകൂർ തയ്യാറാക്കിയിട്ടുള്ള ഒരു തിരക്കഥയുടെ ആട്ടമാണ് തൊഴിലാളി സമരം. തുടങ്ങുന്നതിനു മുമ്പുതന്നെ അവസാനിപ്പിക്കാനുള്ള  തീയതി കുറിച്ചുകൊണ്ടുള്ളതാകണമത്രെ തൊഴിലാളി സമരം. ഈ ‘വിലപ്പെട്ട’ പാഠത്തെ ആശാസമരം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ‘‘അടിമക്കാലം തീരാതെ അനന്തപുരിയുടെ മണ്ണിൽനിന്നും തിരിച്ചു വീട്ടിൽ കയറില്ല’’ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ആശാസമരം തുടങ്ങിയത്. അതുകൊണ്ടാണ് അത് 266 ദിവസം നീണ്ടുനിന്നത്. പോലീസ് കേസുകൾ മുതൽ മധ്യസ്ഥവേഷം വരെ സമരം അവസാനിപ്പിക്കാനായി ചെലുത്തിയ എല്ലാ സമ്മർദ്ദങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് അത് മുന്നേറി. പഞ്ചായത്ത് തലം മുതലുള്ള മൃഗീയ അധികാരത്തിന്റെ തിട്ടൂരങ്ങളെയും ഭീഷണികളെയും ആശമാർ നിർഭയം നേരിട്ട് സമരത്തിൽ ഉറച്ചുനിന്നു. 2025 ഏപ്രിൽ മൂന്നിന്റെ ചർച്ചയിൽ ആശാപ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ച് സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചപ്പോൾ അത് തള്ളിക്കളഞ്ഞുകൊണ്ട് സമരത്തിൽ ഉറച്ചുനിൽക്കാൻ യൂണിയൻ കൈക്കൊണ്ട തീരുമാനം കേരളത്തിലെ മുഴുവൻ തൊഴിലാളി പ്രസ്ഥാനങ്ങൾക്കുമുള്ള രാഷ്ട്രീയ വിദ്യാഭ്യാസവും അതേസമയം മാതൃകയുമായി മാറി. പിറവിയെടുക്കാനിരിക്കുന്ന എല്ലാ തൊഴിലാളി സമരങ്ങൾക്കും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ മാർഗ്ഗം അതു കാട്ടി.
മുകളിൽ സൂചിപ്പിക്കപ്പെട്ട വിഘ്നങ്ങളും മറികടക്കാനാവാത്ത വിധമുള്ള പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവന്നത് സ്ത്രീത്തൊഴിലാളികൾ നയിച്ച ഒരു സമരത്തിനാണ് എന്നത് നാം കാണണം. അവർ വാടകവീടുകളിൽ കഴിയുന്ന പരമദരിദ്രരായായിരുന്നു. ഋണബാധ്യതകളാലും ജീവിതദുരിതങ്ങളാലും വരിഞ്ഞുമുറുക്കപ്പെട്ടവരായിരുന്നു. അത്ര ചെറുതല്ലാത്ത ഒരു വിഭാഗം ആശമാർ, ഭർത്താക്കന്മാരെ നഷ്ടപ്പെട്ടവരായിരുന്നു. പലരുടെയും കുടുബാംഗങ്ങൾ നിത്യരോഗികളായിരുന്നു. പരമതുഛമായ ദിവസക്കൂലിയുടെ ഈ ജോലി സ്വീകരിക്കാൻ അവർ നിർബ്ബന്ധിതരായതുതന്നെ ദയനീയമായ അവരുടെ സാമ്പത്തികസ്ഥിതി നിമിത്തമാണ്. ഈ പരിമിതമായ കൂലി കൂടി നഷ്ടപ്പെടുത്തിക്കൊണ്ടാണ് അവർ സമരപ്പന്തലിൽ വന്നത്. ഒരു വലിയ വിഭാഗം ആശമാരും കുടുംബാംഗങ്ങളുടെ എതിർപ്പിനെയും സിപിഐ(എം) നേതാക്കളുടെ ഭീഷണികളെയും സമ്മർദ്ദങ്ങളെയും നേരിട്ടുകൊണ്ടാണ് സമരം ചെയ്തത്. പ്രാഥമികകൃത്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത നഗരത്തിലെ ഒരു പൊതുസ്ഥലത്ത് അവർ ഒത്തുകൂടി.  ഒരാഴ്ചയല്ല, ഒരു മാസമല്ല, 266 ദിവസം അവർ പൊതുനിരത്തിൽ അന്തിയുറങ്ങി. സ്വതന്ത്രമായി തെരുവിലൂടെ പകൽസമയത്തുപോലും സുരക്ഷിതമായി നടക്കാനാവാത്ത ഒരു നാട്ടിൽ, തെരുവിൽ കിടക്കേണ്ടി വരുന്ന സ്ത്രീകൾക്ക് എന്തു സുരക്ഷ ഉണ്ടാകും? അവരുടെ സുരക്ഷ അവർ തന്നെ ഉറപ്പാക്കി. അങ്ങിനെ എത്രയും വേഗം സമരം അവസാനിപ്പിച്ച് മടങ്ങിപ്പോകാൻ നിർബ്ബന്ധിതമാക്കുന്ന അതീവ ദുർഘടമായ സാഹചര്യങ്ങൾ ഓരോ ദിനവും അവരെ വേട്ടയാടിയിട്ടും തുടരുക മാത്രമല്ല, സമരത്തിന്റെ ഉയർന്ന ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് അവർ നിലകൊണ്ടു. കേരളം അളക്കാനാവാത്ത ആദരവിന്റെ ബിഗ് സല്യൂട്ട് നൽകിയത് പെൺതൊഴിലാളികളുടെ ഈ നിശ്ചയദാർഢ്യത്തിനായിരുന്നു. ആശാസമരം ഈ സമൂഹത്തിൽ പ്രസരിപ്പിച്ച  ഏറ്റവും ഉൽകൃഷ്ടമായ ജീവിതമൂല്യം പർവ്വതതുല്യമായ ഏതു പ്രതിസന്ധിയെയും ശിരസ്സുയർത്തി, നിർഭയം നേരിടാനുള്ള തന്റേടമാണ്. ഇപ്രകാരമൊരു സമരേതിഹാസം രചിക്കാൻ ഏറ്റവും നിസ്വരായ സ്ത്രീകൾക്കാവുമെങ്കിൽ, അചഞ്ചലമായ പോരാട്ടത്തിന്റ വഴിയിൽനിന്ന് ആരും മാറിനിൽക്കേണ്ടതില്ലെന്ന വിലപ്പെട്ട പാഠമാണ് ആശാസമരം പകർന്നുനൽകുന്നത്.


സേവനതലത്തിലും സാമ്പത്തികനേട്ടങ്ങളുടെ ഗണത്തിലും ആശാസമരം കൈവരിച്ച നേട്ടങ്ങൾ ഒട്ടനവധിയാണ്. ഫെബ്രുവരി 10നു മുമ്പുണ്ടായിരുന്ന പണിയെടുക്കുന്നവരെന്ന നിലയിലുള്ള ആശമാരുടെ പദവി ഏറ്റവും ഔന്നത്യത്തിലെത്തി എന്നതാണ് എല്ലാത്തിലുമേറെ  വിലയിരുത്തപ്പെടേണ്ട ആശാസമരത്തിന്റെ മഹത്തായ നേട്ടം. ആരോഗ്യവകുപ്പിലെ സമസ്ത മേലുദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും എന്തിന് പോലീസിന്റെപോലും കൽപ്പനകൾ ശിരസ്സിലേറ്റേണ്ടവരാണ് ആശമാർ എന്നതായിരുന്നു ഈ പാവം സ്ത്രീത്തൊഴിലാളികളുടെ ദുർവിധി. ആശാസമരം അത് പൊളിച്ചെഴുതി. അമിതജോലി ഭാരത്തിന്റെ നുകത്തിൽനിന്നും ആശമാർ സ്വതന്ത്രരായി. പ്രവൃത്തി ദിവസങ്ങൾ മാസത്തിൽ 20 എന്ന് നിർണ്ണയിച്ചുകൊണ്ട്, കൃത്യമായി നിർവ്വചിക്കപ്പെട്ട ജോലികൾ നിറവേറ്റിയാൽ മതി എന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ നിർബ്ബന്ധിതമായി. സ്വന്തം അവകാശങ്ങളും അസ്തിത്വവും തിരിച്ചറിഞ്ഞ് നിർഭയമായി ജോലിയെടുക്കാൻ ഓരോ ആശയെയും സമരം പ്രാപ്തമാക്കി. ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന ആശാ സമരത്തിന്റെ നിലപാട് പൂർണ്ണമായും സ്ഥിരീകരിച്ചുകൊണ്ട്, ഒടുവിൽ ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർബ്ബന്ധിതമായി.  
രാജ്യത്തെ ആശമാരും അവരുടെ പ്രശ്നങ്ങളും കഴിഞ്ഞ 22 വർഷമായി ഇവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനുമുമ്പൊരിക്കലും ഉയർന്നുവരാതിരുന്ന ആശമാരുടെ ജീവൽപ്രശ്നങ്ങൾ, ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പാർലിമെന്റിന്റെ ഇരുസഭകളിലുമായി 9 എംപിമാർ അവതരിപ്പിച്ചു. അതിന് നിമിത്തമായത് കേരളത്തിലെ ആശമാരുയർത്തിയ പ്രചണ്ഡമായ സമരാന്തരീക്ഷം മാത്രമായിരുന്നു. കേരളത്തിലെ ആശാസമരത്തെ മുൻനിർത്തി ഈ  വിഭാഗം സ്ത്രീത്തൊഴിലാളികൾ അനുഭവിക്കുന്ന ദാരിദ്ര്യവും ചൂഷണവും രാജ്യമെമ്പാടുമുള്ള മാധ്യമങ്ങൾ വലിയ വാർത്തകളാക്കി. ഇതിനെ തുടർന്നാണ് രാജ്യത്തെ 10 ലക്ഷം ആശമാരുടെ ഇൻസെന്റീവ് 1500 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർബ്ബന്ധിതമായത്. കഴിഞ്ഞ 18 വർഷമായി വർദ്ധിപ്പിക്കാതിരുന്ന ഇൻസെന്റീവ് 2025ൽ വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തതിന്റെ പിന്നിൽ മറ്റൊരു കാരണവും ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. കേരളത്തിലെ സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുമെന്ന ഭീതിയും ആശമാരുടെ പ്രശ്നങ്ങളെ അവഗണിക്കാനാവില്ല എന്ന നിലപാടെടുക്കാൻ കേന്ദ്ര സർക്കാരിനെ നിർബ്ബന്ധിതമാക്കിയിട്ടുണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. പെർഫോമൻസ് ബേസ്ഡ് ഫിക്സഡ് ഇൻസെന്റീവായി 1000 രൂപ മുഴുവൻ ആശമാർക്കും നൽകാൻ തീരുമാനിച്ചതും ഇക്കാരണത്താലാണ്. കേരളത്തിന്റെ മണ്ണിൽ ആഞ്ഞുവീശിയ വിട്ടുവീഴ്ചയില്ലാത്ത പെൺതൊഴിലാളി സമരം, പണിയെടുക്കുന്നവരിലൊന്നാകെ പ്രസരിപ്പിച്ച വികാരം ഒരു വലിയ തൊഴിലാളി പ്രക്ഷോഭത്തിനു തിരികൊളുത്തിയാൽ മുതലാളിത്തവ്യവസ്ഥിതിക്ക് ഏൽപ്പിക്കുന്ന പ്രഹരത്തിന്റെ മാനത്തെക്കുറിച്ച് ഭരണകേന്ദ്രങ്ങൾക്ക് ബോധ്യമുണ്ടായി എന്നതും ഈ തീരുമാനത്തിന്റെ കാരണങ്ങളിലൊന്നായി കാണാം. ഇത്തരമൊരു ഫലം സൃഷ്ടിച്ച ആശാസമരത്തെ സംബന്ധിച്ചാണ് നമ്മുടെ ‘ഇടതു’ സുഹൃത്തുക്കൾ ഒന്നും നേടാത്ത സമരമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഏറ്റവും സങ്കുചിതമായ ലക്ഷ്യത്തോടെ നടത്തുന്ന ഈ വിശകലനം ആരെയാണ് സഹായിക്കുന്നതെന്ന് ഈ സുഹൃത്തുക്കൾ ഈ വൈകിയവേളയിലെങ്കിലും ആത്മപരിശോധന നടത്തണം.


നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിന്നിടയിൽ സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ നടത്തിയ സമരങ്ങൾക്ക് ഡിമാന്റുകളൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, കേരളം രചിച്ച ഐതിഹാസികമായ ആശാസമരത്തെ അവഗണിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നോട്ടുപോകാനായില്ല എന്നത് പണിയെടുക്കുന്നവർക്കൊന്നാകെ അഭിമാനിക്കാവുന്ന വിജയമാണ്. മാതൃക കാട്ടിയ ഈ സമരത്തെ കൃത്യമായി അവതരിപ്പിച്ചുകൊണ്ട് തൊഴിലാളികൾക്കിടയിൽ ആത്മാഭിമാനവും സമരവീര്യവും വളർത്താനല്ലേ ഇടതു സുഹൃത്തുക്കൾ പരിശ്രമിക്കേണ്ടിയിരുന്നത്? ഈ സമരത്തിന്റെ വിലപ്പെട്ട പാഠങ്ങളെ ആവർത്തിച്ചുറപ്പിച്ചുകൊണ്ട് ശക്തമായ തൊഴിലാളിസമരങ്ങൾക്ക് അസ്തിവാരമൊരുക്കുകയായിരുന്നില്ലേ നിറവേറ്റേണ്ടിയിരുന്ന കടമ. അതു ചെയ്തില്ല എന്നതോ പോകട്ടെ, എല്ലാ ക്ലേശങ്ങളെയും നേരിട്ട് പടുത്തുയർത്തിയ പ്രസ്തുത സമരത്തെ ആക്ഷേപിക്കാൻ, ഇകഴ്ത്താൻ, ദുർബ്ബലപ്പെടുത്തി തകർക്കാൻ  ശ്രമിച്ചത് ഇടതുരാഷ്ട്രീയത്തിന്റെ അടിസ്ഥാന സമീപനത്തിന് നിരക്കുന്നതാണോ എന്ന് പരിശോധിക്കാൻ ഞങ്ങൾ സത്യസന്ധരായ ഇടതുവിശ്വാസികളോട് അഭ്യർത്ഥിക്കുന്നു. തങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്ന സംഘടനാബലവും അധികാരക്കോട്ടയും നിലനിർത്താൻ വേണ്ടി മാത്രം നേതാക്കൾ നടത്തിയ അന്ധതയുടെ ആക്രോശങ്ങളായിരുന്നു അവയെന്ന് അദ്ധ്വാനിച്ചു ജീവിക്കുന്ന സാധാരണ അണികൾ തിരിച്ചറിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.  
ഈ സമരത്തിൽ അന്തർഭവിച്ചിട്ടുള്ള ഗൗരവതരമായ രാഷ്ട്രീയ ഘടകങ്ങളെ ശരിയായി വിലയിരുത്താനുള്ള രാഷ്ട്രീയ പ്രാപ്തിനഷ്ടപ്പെട്ടു എന്നതിനാലാണ്, സമരം തങ്ങളുടെ സർക്കാരിനെതിരാണെന്ന വളരെ ദുർബ്ബലമായ വാദം ഉയർത്തിയത്. ഓണറേറിയം വർദ്ധിപ്പിക്കുക എന്ന ഡിമാന്റ് ഉയർത്താനേ പാടില്ലാത്ത ഒന്നാണെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ആത്യന്തികമായി പണിയെടുക്കുന്നവർക്കെതിരായ നിലപാടാണെന്ന് തിരിച്ചറിയാൻ പോലുമാകാത്തവിധം ഇടതുനാമധാരികൾ അധഃപതിച്ചിരിക്കുന്നു. തങ്ങളുടെ സർക്കാരിനോട് അവശ്യപ്പെട്ടു എന്നതാണ് അവരെ പ്രകോപിപ്പിച്ചത്. സങ്കുചിതമായ രാഷ്ട്രീയ പരിഗണനകൾ  മാറ്റിവച്ച് ഡിമാന്റിന്റെ ന്യായയുക്തത അംഗീകരിക്കാനും അതിനെ സർവ്വാത്മനാ പിന്തുണയ്ക്കാനും തയ്യാറായിരുന്നെങ്കിൽ ഇടതുരാഷ്ട്രീയത്തിന്റെ മഹിമ രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയാൻ ഇടവരുമായിരുന്നു. തൊഴിലാളികളുടെ ഡിമാന്റുകളെ പ്രാണനെപ്പോലെ ഗണിക്കുന്നതാണ് യഥാർത്ഥ ഇടതുരാഷ്ട്രീയമെന്ന് അത് ഉറപ്പിക്കുമായിരുന്നു. മറിച്ച് ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ആകെത്തുകയിൽ അത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഏൽപ്പിച്ച ആഘാതം അളക്കാനാവാത്തതാണ്.


രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഗുണനിലവാരമുള്ള ചികിൽസ ഉറപ്പാക്കണമെങ്കിൽ, സ്ഥിരം ഡോക്ടർമാരെയും മറ്റ് സ്റ്റാഫിനെയും നിയമിച്ച് ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ  ഇപ്പോഴുള്ളതിന്റെ നിരവധി മടങ്ങ് വികസിപ്പിക്കേണ്ടിവരും. ഈ ഉത്തരവാദിത്തം കൈയൊഴിയുന്നതിനായി ആവിഷ്കരിക്കപ്പെട്ട പദ്ധതിയാണ് എൻആർച്ച്എമ്മും എൻഎച്ച്എമ്മും ആശ നിയമനവുമെല്ലാം. എല്ലാ സേവനമേഖലകളെയും  ‘ഇൻഫോർമൽ’ ആക്കുന്ന സ്കീമുകൾ ആഗോളവൽക്കരണത്തിന്റെ അജണ്ടയാണ്. തുഛപ്രതിഫലത്തിന് പണിയെടുക്കുന്ന സ്കീം വർക്കേഴ്സിന്റെ സ്ഥാനത്ത്, സ്ഥിരനിയമനവും സേവന വേതന വ്യവസ്ഥകളുമുള്ള ഒരു തൊഴിലാക്കി ഇതിനെ പരിവർത്തനപ്പെടുത്തിയാൽ തൊഴിലാളി വിരുദ്ധമായ ഈ അജണ്ടയെ പരാജയപ്പെടുത്താൻ കഴിയും. ഓണറേറിയം 21,000 രൂപയാക്കുകയെന്നാൽ അതിന്റെയർത്ഥം, മിനിമം വേതനം കൈപ്പറ്റുന്ന തൊഴിലാളി വിഭാഗമായി ആശമാർ മാറുന്നു എന്നാണ്. സ്ഥിരനിയമനമെന്ന ലക്ഷ്യത്തിലേക്കുള്ള രാഷ്ട്രീയ നീക്കമാണത്. അതു നൽകാനുള്ള സാമ്പത്തിക ഭദ്രത സർക്കാരിനുണ്ടോ എന്ന മുടന്തൻ ന്യായം ഉയർത്തി അതിപ്രധാനമായ ഈ ഡിമാന്റിന്റെ മൂർച്ച ഇല്ലാതാക്കാനാണ് ഇടതുലേബലണിഞ്ഞവർ ശ്രമിച്ചത്. ഓണറേറിയം വർദ്ധിപ്പിക്കുക എന്ന ഡിമാന്റ് സിഐറ്റിയു മറ്റ് സംസ്ഥാനങ്ങളിൽ ഉയർത്തുന്നു എന്ന വസ്തുതപോലും മറച്ചുവച്ചുകൊണ്ടുള്ള നീചമായ പ്രചാരണമാണ് ഇവിടെ ആശാസമരത്തിനെതിരെ ഇക്കൂട്ടർ നടത്തിയത്. ‘കേരളത്തിലല്ല, ദില്ലിയിൽ പോയി സമരം നടത്തട്ടെ’ എന്നുപറഞ്ഞ് ആക്രോശിച്ച സിഐറ്റിയു, ഒടുവിൽ സംസ്ഥാന സർക്കാരിന്റെ കമ്മിറ്റിക്കു മുമ്പിൽ 15,000 രുപയുടെ ഓണറേറിയം വർദ്ധനവ് ആവശ്യപ്പെടുകയും ചെയ്തു. എല്ലാത്തിനും ഒടുവിൽ സംസ്ഥാന സർക്കാർ ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകകൂടി ചെയ്തതോടെ, ഓണറേറിയം വർദ്ധനവിന്റെ ഡിമാന്റ് ഉയർത്തേണ്ടത് കേരളത്തിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അങ്ങിനെ ആശാസമരത്തിനെതിരെ ഉയർത്തിയ നിന്ദ്യവും വസ്തുതാവിരുദ്ധവുമായ പ്രചാരണം മുഴുവൻ ഏറ്റവും സങ്കുചിതമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതായിരുന്നുവെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു. അതുകൊണ്ടുതന്നെ 21,000 രൂപയായി ഓണറേറിയം വർദ്ധിപ്പിക്കുക എന്ന ആവശ്യം ഉയർത്തിക്കൊണ്ട് ആശാസമരം തുടരാനുള്ള കെഎഎച്ച്ഡബ്ല്യുഎയുടെ തീരുമാനം ഉയർന്ന രാഷ്ട്രീയവിശകലന ശേഷിയെ പ്രതിനിധീകരിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ആശമാർക്കും വേണ്ടിയുള്ള ഏറ്റവും ശരിയായ ഡിമാന്റായി അത് നിലനിൽക്കും. അത് നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പോരാട്ടവും പൂർവ്വാധികം കരുത്തുനേടി മുന്നേറും.    


കേരളത്തിലെ ഇടതു സർക്കാരിനെതിരെ സമരം ചെയ്തു എന്നതാണല്ലോ ആശാസമരത്തോട് ഇത്രമേൽ ശത്രുത കാട്ടാൻ സിപിഐ(എം)നെ പ്രേരിപ്പിച്ച ഘടകം. കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സഹായത്തോടെ പിണറായി സർക്കാരിനെയും സിപിഐ(എം)നെയും ദുർബ്ബലപ്പെടുത്താൻ നടന്ന ഗൂഢാലോചനയാണ് ആശാസമരമെന്ന ന്യായീകരണമാണ്പാർട്ടിഘടകങ്ങളിലും അവരുടെ മാധ്യമങ്ങളിലും ഇക്കൂട്ടർ നിരത്തിയത്. പിന്തിരിപ്പൻ ശക്തികളുടെ വ്യാജമുദ്ര പതിപ്പിച്ച്, തങ്ങൾക്കെതിരെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളെ ആക്രമിക്കാൻ വേണ്ടി സിപിഐ(എം) നടത്തുന്ന ദുഷ്ടപ്രചാരണം മാത്രമാണിത്. അവരുടെ അണികളിൽ വലിയൊരു വിഭാഗവും അത് വിശ്വസിച്ചിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഈ പ്രചാരണത്തെ സത്യസന്ധമായി വിശ്വസിച്ചിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരോട് ചില ചോദ്യങ്ങൾ പങ്കുവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇടതുപക്ഷം അധികാരത്തിലിരുന്നുകൊണ്ട് ഇടതു-ജനാധിപത്യ മൂല്യങ്ങൾക്ക് കടകവിരുദ്ധമായ സമീപനം സ്വീകരിക്കുമ്പോൾ ജനാധിപത്യപ്രക്ഷോഭങ്ങളുടെ ചേരിയിൽ നിലകൊള്ളുന്ന സാധാരണ മനുഷ്യർ എന്താണ് ചെയ്യേണ്ടത്? നിശ്ശബ്ദരാകണോ? എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനപക്ഷത്തുനിന്നുകൊണ്ട് പ്രക്ഷോഭം വളർത്തുക എന്ന ചരിത്രപരമായ കടമ നിറവേറ്റുക മാത്രമാണ് അവരുടെ മുന്നിലുള്ള മാർഗ്ഗം. ഇടതുരാഷ്ട്രീയത്തിന്റെ മർമ്മം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയമാണ്. വലതു പിന്തിരിപ്പൻ ശക്തികളുടെ രാഷ്ട്രീയം അതിനു നേർവിപരീതവും. ഇടതുസർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ  രാഷ്ട്രീയാന്തരീക്ഷത്തെ, പാർലമെന്ററി രാഷ്ട്രീയനേട്ടങ്ങൾക്കായി പ്രയോജനപ്പെടുത്താൻ വലതുശക്തികൾ ശ്രമിക്കുന്നത് അവരുടേതായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. ആത്യന്തികമായി അവർ പ്രക്ഷോഭത്തിന്റെ ശക്തികളല്ലെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. യഥാർത്ഥ ജനകീയ സമരത്തോടൊപ്പം ഒരു പരിധിക്ക് അപ്പുറത്തേക്ക് അവർക്ക് പോകാനാവില്ല എന്നത് വർഗ്ഗരാഷ്ട്രീയത്തിന്റെ ബാലപാഠമാണ്. ഇടതു രാഷ്ട്രീയത്തിന്റെ അടിസ്ഥാനനയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തികഞ്ഞ സത്യസന്ധതയോടെ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾ  യഥാർത്ഥ ഇടതുപക്ഷരാഷ്ട്രീയം ആധികാരികതയോടെ സ്ഥാപിക്കപ്പെടുകയും വലതുശക്തികൾ പൂർണ്ണമായും ഒറ്റപ്പെടുകയും ചെയ്യും. വലതുശക്തികളുടെ മുതലെടുപ്പിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനുള്ള വഴി അങ്ങിനെ രൂപപ്പെടുകയും ചെയ്യും.
പുറമെനിന്നുള്ള ശക്തികളുടെ നീക്കങ്ങളല്ല, മറിച്ച് ഇടതെന്ന ലേബലിൽ നടത്തുന്ന ചെയ്തികളാണ് ഇടതുചേരിയെ തകർക്കുന്നതെന്ന് സത്യസന്ധരായ അണികൾ തിരിച്ചറിയണം. ഇടതുവിരുദ്ധ നയങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി നടപ്പാക്കപ്പെടുമ്പോഴാണ് യഥാർത്ഥത്തിൽ ഇടതു-ജനാധിപത്യ രാഷ്ട്രീയം ദുർബ്ബലപ്പെടുന്നത്. സിപിഐ(എം) പിന്തുടരുന്ന അറുവഷളൻ അവസരവാദത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയം യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹിമ കെടുത്തിക്കളയുന്നു. അടിമുടി തൊഴിലാളി വിരുദ്ധമായ നിലപാടുകൾ ഇടതുലേബലണിഞ്ഞവരിൽ നിന്നുണ്ടാകുമ്പോൾ ആരാലും ചോദ്യം ചെയ്യപ്പെടാതെ പോയാൽ ഇടതുപക്ഷീയതയുടെ പേരിൽ ഉറപ്പിക്കപ്പെടുക ഇടതുപക്ഷ മൂല്യങ്ങൾക്ക് കടകവിരുദ്ധമായ സമീപനമായിരിക്കും. അത് വലതുപക്ഷ ശക്തികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കും. മാപ്പർഹിക്കാത്ത ഈ അപരാധത്തിന് നേതൃത്വം നൽകുന്ന സിപിഐ(എം), അതേ കുറ്റം സമരശക്തികളുടെ ശിരസ്സിൽ വച്ചുകെട്ടുകയാണ് ചെയ്യുന്നത്.

Share this post

scroll to top