ജീവനും ജീവിതവുമെടുക്കും വിധം സമ്മർദ്ദം രൂക്ഷമാകുന്ന തൊഴിലിടങ്ങൾ

labouremployment.jpeg
Share

പേരുകേട്ട ബഹുരാഷ്ട്രകമ്പനിയിൽ ജോലിചെയ്യവെ തൊഴിൽസമ്മ‍ർദ്ദം ജീവനെടുത്ത അന്ന സെബാസ്റ്റ്യൻ എന്ന മലയാളിയായ ചെറുപ്പക്കാരിയെ മറക്കാറായിട്ടില്ല. അന്നയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ തൊഴിലിടങ്ങൾ, തൊഴിലാളികൾക്കും ജീവനക്കാർക്കുംമേൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽപരമായ സമ്മർദ്ദം അതിരൂക്ഷമായി വർദ്ധിക്കുന്നുവെന്നാണ് അനുഭവപാഠങ്ങൾ പറഞ്ഞുതരുന്നത്, വിശേഷിച്ചും കോവി‍ഡ് കാലഘട്ടത്തിനുശേഷം. സമകാലിക ലോകസാഹചര്യങ്ങൾ, തികച്ചും തൊഴിലാളിവിരുദ്ധമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നേരത്തേതന്നെ, തൊഴിലാളികളെ കൂടുതൽ പണിയെടുപ്പിക്കുന്നതിൽ മുൻപന്തിയിൽതന്നെയുണ്ടായിരുന്ന ഇന്ത്യയിൽ ഇത് വളരെ വ്യക്തവുമാണ്.

വർദ്ധിച്ച തൊഴിലില്ലായ്മമൂലം തൊഴിൽകമ്പോളത്തില്‍  മത്സരം രൂക്ഷമാകുന്നതിനു പുറമേ, വിവിധ മേഖലകളിൽ നിർമ്മിതബുദ്ധിയുടെ കടന്നുവരവും പ്രതിസന്ധിയുണ്ടാകുന്നു. തൊഴിൽസുരക്ഷ അപ്രത്യക്ഷമാവുന്നു. കോവിഡ് കാലത്ത് നടപ്പായ വർക്ക്-അറ്റ്-ഹോം, ഇന്ന് തൊഴിലാളികളുടെ സ്വകാര്യജീവിതത്തെത്തന്നെ നിഷേധിക്കുന്ന അവസ്ഥയിലുള്ള കടന്നുകയറ്റമായിരിക്കുന്നു. അതിനുംപുറമേ, ഉള്ള തൊഴിലും വരുമാനവും സംരക്ഷിക്കാൻ നിർവഹിക്കേണ്ട കടമകളും ലക്ഷ്യങ്ങളും വർദ്ധിപ്പിച്ച് തൊഴിലാളികളെ കൂടുതൽ സമ്മ‍ർദ്ദത്തിലാക്കുന്നു. പുതിയ നിയമനങ്ങൾ നടത്താതെ ഉള്ളവരുടെമേൽ ഇരട്ടി ജോലി അടിച്ചേൽപ്പിക്കുന്നു. തൊഴിലാളിയുടെ മാനസിക-ശാരീരിക ആരോഗ്യത്തെക്കൂടി ഇത് ഹനിക്കുന്നു. സമ്മ‍ർദ്ദം താങ്ങാനാകാതെ ആത്മഹത്യയിലേക്കോ തൊഴിൽ ഉപേക്ഷിക്കുന്നതിലേക്കോ പലരേയും ഇത് കൊണ്ടുചെന്നെത്തിക്കുന്നു. പലരും അകാലത്തിൽ കുഴഞ്ഞുവീണു മരിക്കുകയോ, ജീവിതശൈലീരോഗങ്ങൾക്ക് അടിപ്പെടുകയോ ചെയ്യുന്നു. ഇത് സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ മാത്രം കാര്യമല്ല. പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. എന്തിന്, പ്രതിരോധസേനകളിലും പൊലീസിലുംവരെ പണിയെടുക്കുന്നവർക്ക്, തൊഴിൽസമ്മ‍ർദ്ദം പലപ്പോഴും താങ്ങാനാകുന്നില്ല. കേരളത്തിൽ മാത്രം ഇക്കഴിഞ്ഞ വർഷങ്ങളിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഏറ്റവും തൊഴിൽസുരക്ഷ നൽകുന്നു എന്നു വിശ്വസിച്ചുപോന്ന പൊതുമേഖലയിലെ ബാങ്കുകളിൽനിന്നും പൊലീസിൽനിന്നും എന്തിന്, ഐഎഎസ്, ഐപിഎസ് ജോലികളിൽനിന്നുപോലും രാജിവെക്കുന്നവരും സ്വയംവിരമിക്കുന്നവരും ഇന്ന് കുറവല്ല. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?


ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിന്റെ പ്രതിഫലം ഒരു ട്രില്ല്യൺ ഡോളറാക്കാൻ അയാളുടെ കമ്പനിയായ ടെസ്‍ല തീരുമാനിച്ച വാ‍ർത്ത നമ്മൾ അറിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികളും തങ്ങളുടെ ഉടമസ്ഥരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ആനുകൂല്യങ്ങൾ വർധിപ്പിച്ചു തുടങ്ങുന്ന പ്രവണതയുണ്ട്. മറുവശത്ത്, മസ്കിന്റേതടക്കമുള്ള സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാകട്ടെ, കമ്പോളപ്രതിസന്ധി മൂലവും നിർമ്മിതബുദ്ധിയുടെ ആഗമനത്തോടെയും തൊഴിലും വരുമാനവും നഷ്ടമാകുന്ന ഭീഷണിയെ നേരിടുന്നു. താഴേത്തട്ടിലുള്ള തൊഴിലാളികൾക്ക്, വർധിക്കുന്ന ജീവിതച്ചെലവുകൾക്ക് ആനുപാതികമായി ഏറ്റവും കുറഞ്ഞ വർദ്ധനപോലും നൽകാൻ മടികാണിക്കുന്ന മുതലാളിമാരാണ് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ സ്വന്തം ശമ്പളത്തിലെ പൂജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തയ്യാറാകുന്നത്. വർധിക്കുന്ന ഈ അസമത്വത്തിന്റെ പശ്ചാത്തലത്തിൽ വേണം തൊഴിലിടങ്ങളിലെ സമ്മർദ്ദത്തെ നാം നോക്കിക്കാണാൻ.
തൊഴിൽസമയം ആഴ്ചയിൽ 100 മണിക്കൂറാക്കണം എന്ന് അഭിപ്രായപ്പെട്ടയാളാണ് മസ്ക് എന്ന് ഓർക്കണം. ഇന്ത്യയിൽതന്നെ, തൊഴിൽസമയം 70 മണിക്കൂറെങ്കിലുമാക്കണം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ആവശ്യമുയർത്തിയ നാരായണമൂർത്തിയെ പോലെയുള്ളവരെയും മറന്നുകൂട. തൊഴിലാളി കൂടുതൽ മണിക്കൂറുകൾ പണിയെടുക്കുന്നതിന്റെ നേട്ടം വാസ്തവത്തിൽ ആർക്കാണ്? തീർച്ചയായും അതിന്റെ നേട്ടം സാധാരണ തൊഴിലാളിക്കല്ല എന്ന വസ്തുത കൂടുതൽ വെളിവാകുകയാണ് ഇന്ന്. തൊഴിലാളി കൂടുതൽ അധ്വാനിക്കേണ്ടി വരുമ്പോൾ അവന്റെ അധ്വാനത്തിനു മേലുള്ള മിച്ചമൂല്യമാണ് വർധിക്കുന്നത്. ഈ മിച്ചമൂല്യമാണ് മസ്കിന്റെയും നാരായണ മൂർത്തിയുടെയും മറ്റ് മുതലാളിമാരുടെയും ലാഭം.
ഇലോൺ മസ്ക് എന്ന വ്യക്തി ഒറ്റയ്ക്ക് ഉത്പാദിപ്പിക്കുന്നതല്ലല്ലോ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽനിന്നും വിപണിയിലെത്തുന്ന ഉത്പന്നങ്ങൾ. അതിനു പിന്നിൽ അവിടെ പല തട്ടുകളിലായി പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ കൂട്ടായ അധ്വാനമുണ്ട്. ഏതു മേഖലയിലും ഇതാണ് യാഥാർത്ഥ്യം. അതുമറച്ചുവെച്ചുകൊണ്ട്, തൊഴിലാളികളെക്കൊണ്ട് കൂടുതൽ പണിയെടുപ്പിച്ച് അതിലൂടെ പെരുക്കുന്ന ലാഭമപ്പാടെ സ്വന്തമാക്കാനാണ് മുതലാളിവർഗ്ഗം പരിശ്രമിക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മസ്കിന്റെ പുതിയ ശമ്പള പാക്കേജെങ്കിൽ ഒളിഞ്ഞും തെളിഞ്ഞും എത്രയോ കാലമായി ഇതാണ് മുതലാളിവർഗ്ഗത്തിന്റെ സഹജസ്വഭാവമെന്ന് അധ്വാനിച്ചു ജീവിക്കുന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
രണ്ടോ മൂന്നോ നാലോപേർ ചെയ്യേണ്ട ജോലികൾ, മതിയായ നിയമനം നടത്താതെ ഒരാളുടെമേൽ അടിച്ചേൽപ്പിക്കുന്നത് തൊഴിലുടമയുടെ മാത്രം ലാഭത്തിന് ഉതകുന്ന നഗ്നമായ ചൂഷണമാണ്. ഇതിനൊക്കെ അംഗീകാരം നൽകുന്ന തരത്തിൽ തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതുമ്പോൾ ഭരണകൂടം ഏതു വർഗത്തിന്റെ താത്പര്യത്തോടൊപ്പമാണെന്നുള്ളതു കൂടിയാണ് നാം മനസ്സിലാക്കേണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുടമയായ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ന് സ്വന്തം ജീവനക്കാരോട് കൈക്കൊള്ളുന്നതും  ഇതേ മുതലാളിത്ത സമീപനമാണെന്നതാണ് വസ്തുത.


സർക്കാർ, മാതൃകാ തൊഴിൽദാതാവാകണം എന്നാണ് സങ്കൽപ്പം. എന്നാൽ, നിയോലിബറൽ നയങ്ങളാൽ നയിക്കപ്പെടുന്ന സർക്കാരുകളുടെ കീഴില്‍ യാഥാർത്ഥ്യമെന്താണ്? സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് പുതിയ നിയമനങ്ങൾ നടത്താതിരിക്കുമ്പോഴും, യാതൊരു ദീർഘവീക്ഷണവുമില്ലാതെ സ്വകാര്യമൂലധനത്തിന്റെയോ സങ്കുചിതരാഷ്ട്രീയത്തിന്റെയോ താത്പര്യാർത്ഥം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും പൊതുമേഖലയിലെ ജീവനക്കാരുടെമേൽ ജോലിഭാരം വർദ്ധിക്കുന്നു. അതിനനുസരിച്ച് ശമ്പളം വർദ്ധിക്കുന്നുമില്ല. സർക്കാരുകൾ കൂടുതൽ സ്വേച്ഛാധിപത്യപ്രവണതകൾ പ്രദർശിപ്പിച്ച് അധികാരം കേന്ദ്രീകരിക്കുന്നതാണിന്ന് കാണുന്നത്. ഫലമോ, ഉണ്ടായിരുന്ന പരിമിതമായ ജനാധിപത്യ മൂല്യങ്ങളോ, പ്രവർത്തനസ്വാതന്ത്ര്യമോ, ക്രിയാത്മകതയോ കൂടി സിവിൽ സർവീസിനെ വിട്ടൊഴിയുന്നു. തിട്ടൂരങ്ങൾക്കുവഴങ്ങാത്ത ഉദ്യോഗസ്ഥർ സർവീസിലും വ്യക്തിജീവിതത്തിലും ദുരന്തമനുഭവിക്കേണ്ടി വരുന്നു. പ്രതികരിക്കുന്നവരാകട്ടെ നോട്ടപ്പുള്ളികളാകുന്നു. സംഘടനാസ്വാതന്ത്ര്യം നിർജ്ജീവമാകുന്നു. ശരിയായ ജോലി ചെയ്യുന്നതിലും ജനങ്ങളെ സേവിക്കുന്നതിലും പ്രധാനം തലപ്പത്തുള്ളവരെ പ്രീതിപ്പെടുത്തുന്നതു മാത്രമായി മാറുന്നു. ജനാധിപത്യവിരുദ്ധമായ അധികാരശൃംഖലകൾ പ്രമത്തമാവുന്നു. അങ്ങനെ ആകേണ്ടത് കുത്തക മുതലാളിത്തത്തിന്റെ താത്പര്യമാണ്. കേന്ദ്രത്തിലാകട്ടെ സംസ്ഥാനങ്ങളിലാകട്ടെ സേനാവിഭാഗങ്ങളിലാകട്ടെ, ഓരോ തലത്തിലും ഭരണകൂടത്തിന്റെയും മുതലാളിവർഗ്ഗത്തി ന്റെയും ഏറ്റവും വിശ്വസ്തരായ ചില ഉദ്യോഗസ്ഥപ്രമാണികളിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നു. വഴങ്ങാത്തവർക്ക് വിവിധതരത്തിൽ പ്രതികാരനടപടികൾ നേരിടേണ്ടിവരുന്നു എന്നതിനാൽ ഭയപ്പാടിന്റെ അന്തരീക്ഷം സർവീസിൽ രൂക്ഷമാക്കുന്നു. വർദ്ധിക്കുന്ന ജോലിഭാരത്തിനു പുറമേ അടിച്ചർത്തലിന്റെയും ഭയപ്പെടുത്തലിന്റെയും ദുസ്സഹമായ ഈ ജനാധിപത്യവിരുദ്ധ അന്തരീക്ഷം കൂടിയാകുമ്പോൾ പൊതുമേഖലയിലെ തൊഴിൽസാഹചര്യവും കൂടുതൽ ഭീഷണമാകുന്നത് നാം കാണുന്നു. ആത്മഹത്യകളും സ്വയം വിരമിക്കലും രാജിവെക്കലും രോഗവുമൊക്കെ പൊതുമേഖലയിലും നിത്യസംഭവമായി മാറിയിരിക്കുന്നു.


എന്തുകൊണ്ടാണ് ഇന്നത്തെ തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവസ്ഥ നാൾക്കുനാൾ മോശമാകുന്നത്? പൊതുമേഖലയാകട്ടെ സ്വകാര്യമേഖലയാകട്ടെ, തൊഴിലിന്റെ സ്ഥാനമാനങ്ങളും സ്വഭാവവും എന്തുമാകട്ടെ, കുത്തകസ്വഭാവമാർജ്ജിച്ച ഒരു മുതലാളിത്തവ്യവസ്ഥയുടെ ഭാഗമായാണ് ഒരാൾ കൂലിക്കോ ശമ്പളത്തിനോ വേണ്ടി തന്റെ തൊഴിൽശക്തി വിനിയോഗിക്കുന്നത്. വിവിധ മേഖലകളിൽ ഇന്ന് തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന ഈ വർദ്ധിതസമ്മർദ്ദത്തിനുപിന്നിൽ മുതലാളിത്ത ഉത്പാദന വ്യവസ്ഥ സൃഷ്ടിക്കുന്ന നേരിട്ടുള്ള പ്രത്യാഘാതമാണ്. ഈ വ്യവസ്ഥയിൽ ആത്യന്തികമായി തൊഴിലാളികൾക്ക് ബലഹീനതയും അന്യവൽക്കരണവുമാണ് ബാക്കിയാവുക.
കാൾ മാ‍ർക്സ് ചൂണ്ടിക്കാട്ടിയതുപോലെ, മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളികളെ വ്യവസ്ഥാപിതമായിത്തന്നെ അന്യവൽക്കരിക്കുകയും അവരുടെ മനുഷ്യസ്വഭാവത്തിൽനിന്നു തന്നെ അവരെ വേർപെടുത്തുകയും ചെയ്യുന്നു. തൊഴിലെടുക്കുന്നയാളെ അയാളുടെ അധ്വാനത്തിന്റെ ഫലത്തിൽനിന്ന്-അതൊരു ഉത്പന്നമാകട്ടെ, സേവനമാകട്ടെ-അന്യവൽക്കരിക്കുന്നു. അതുണ്ടാക്കാനായി പണിയെടുത്തയാളിന് ആ ഫലത്തിനുമേൽ യാതൊരു അവകാശവുമുണ്ടാകില്ല, അത് മുതലാളിയുടേതായിരിക്കും. തൊഴിലിന്റെ പ്രക്രിയയിൽനിന്ന് അയാൾ അന്യവൽക്കരിക്കപ്പെടുന്നു. തന്റെ സർഗാത്മകതയ്ക്കോ ചിന്തയ്ക്കോ യാതൊരു സ്ഥാനവും തൊഴിൽപ്രക്രിയയിൽ കിട്ടാതെ വരുന്ന സാഹചര്യത്തിൽ തൊഴിലെടുക്കുന്നത് തികച്ചും യാന്ത്രികമായ ഒരു പ്രക്രിയ മാത്രമാകുന്നു. അതിലും പ്രധാനമായി, കൂടുതൽ ദുഷിക്കുന്ന മുതലാളിത്തത്തിൽ തൊഴിലാളികളെ പരസ്പരം അന്യവൽക്കരിക്കുന്നു. അവരുടെയിടയിൽ സഹകരണത്തിന്റെയല്ല മത്സരത്തിന്റെ സംസ്കാരമാകും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക. തങ്ങളുടെ നിലനിൽപ്പും തൊഴിൽസുരക്ഷയും തൊഴിലിലെ ഉന്നതിയും തന്റെ അധ്വാനത്തിന്റെ നിലവാരത്തേക്കാളേറെ, പരസ്പരം മത്സരിച്ചുമാത്രം നേടേണ്ട ഒന്നായി മുതലാളിത്തം മാറ്റുമ്പോൾ, അത് തൊഴിലാളികൾക്കിടയിലെ ബന്ധത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. തൊഴിലാളികള്‍ക്കിടയില്‍ അവിശ്വാസവും മത്സരവും സ്ഥാനംപിടിക്കുമ്പോൾ, ഒരു വ‍ർഗ്ഗമെന്ന നിലയിൽ സ്വയം തിരിച്ചറിഞ്ഞ്, ഐക്യം സ്ഥാപിച്ച് അത് തങ്ങൾ അടിച്ചേൽപ്പിക്കുന്ന ചൂഷണത്തിനെതിരെ തിരിയുകയില്ലെന്ന് ഉറപ്പാക്കാനുള്ള മുതലാളിത്തത്തിന്റെ പദ്ധതി ഇവിടെ നമുക്കു കാണാം. ഇന്ന് തൊഴിലിടങ്ങളിൽ നമ്മൾ കാണുന്ന ഈ വ‍ർദ്ധിച്ച സമ്മർദ്ദത്തിനും അതിന്റെ ഫലമായ ആത്മഹത്യയടക്കമുള്ള പ്രശ്നങ്ങൾക്കും പിന്നിൽ ഈ അന്യവൽക്കരണത്തിന്റെ ഏറ്റവും രൂക്ഷമായ രൂപത്തിലുള്ള ഭൗതികവും മാനസികവുമായ പ്രതിഫലനങ്ങളാണുള്ളത്.


തൊഴിലാളിയുടെ അധ്വാനശക്തി വെറും ചരക്കാക്കിമാറ്റിക്കൊണ്ട്, എപ്പോൾ വേണമെങ്കിലും കമ്പോളത്തിൽ നിന്ന് വാങ്ങാവുന്നതും ഒഴിവാക്കാനാകുന്നതുമായ ഒന്നാക്കി പരിവർത്തനപ്പെടുത്തുമ്പോൾ അതുണ്ടാക്കുന്ന തൊഴിൽ അനിശ്ചിതത്വം ഇതിന് ആക്കംകൂട്ടുന്നു. പൊതുമേഖലയിലും, പൊലീസ് അടക്കമുള്ള സർക്കാർ സ‍ർവീസിലുമാകട്ടെ, ജനാധിപത്യരീതികളുടെ സ്ഥാനത്ത് ഇന്ന് വർധിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യവും, സ്വകാര്യവൽക്കരണ-ഔട്ട്സോഴ്സിങ്ങ് ഭീഷണികളും, നിയമനനിരോധനംമൂലം ഒഴിവുകൾ നികത്താതാകുമ്പോൾ ഉണ്ടാകുന്ന ക്രമാതീതമായ ജോലിഭാരവുമെല്ലാം ഈ അന്യവൽക്കരണത്തെ വർധിപ്പിക്കുന്നു. തങ്ങളുടെ ജോലി സമൂഹത്തിന്റെ ഗുണത്തിനുള്ള പ്രവർത്തനമല്ല, ഒരു യന്ത്രത്തിന്റെ ഭാഗമായുള്ള അടിമത്തം മാത്രമായി അവർക്ക് അനുഭവപ്പെടുന്നു.
തൊഴിലിടത്തിലെ സമ്മർദ്ദത്തെ വ്യക്തിയുടെ പ്രശ്നം മാത്രമായോ ദൗർബല്യമായോ ചിത്രീകരിക്കാനാണ് മുതലാളിത്ത വിശാരദന്മാർ ശ്രമിക്കുന്നത്. ഇതെല്ലാം വ്യക്തിയുടെ മാത്രം മാനസികസമ്മ‍ർദ്ദമോ, മൽസരത്തെ അതിജീവിക്കാനുള്ള ശേഷിക്കുറവോ ആയി സ്ഥാപിക്കാൻ ശ്രമിക്കുന്നു. യോഗ പോലെയുള്ള മാർഗ്ഗങ്ങളിലൂടെ സമ്മർദ്ദങ്ങളെ അതിജീവിക്കാമെന്ന് അവർ ഉദ്ബോധിപ്പിക്കുന്നു. എന്നാൽ, സമ്മർദ്ദം സൃഷ്ടിക്കുന്ന ഭൗതിക കാരണങ്ങൾ വസ്തുതാപരമായി നിലനിൽക്കുമ്പോൾ, ഇത്തരം കൺകെട്ടുവിദ്യകൾ കൊണ്ട് യഥാ‍ർത്ഥ പരിഹാരം ഉണ്ടാകുമോ? തൊഴിലാളികളിൽനിന്നും പരമാവധി മിച്ചമൂല്യം പിഴിഞ്ഞെടുക്കാനായുള്ള ശ്രമമല്ലേ ഈ സമ്മ‍ർദ്ദത്തിന്റെ അടിസ്ഥാനകാരണം? സ്വകാര്യ-പൊതുമേഖലാ ഭേദമില്ലാതെ നിയോലിബറൽ മുതലാളിത്തം അടിച്ചേൽപ്പിക്കുന്ന ചെലവുചുരുക്കൽ നടപടികൾ, തൊഴിലിന്റെ കരാർവൽക്കരണം, തൊഴിലിന്റെ വൈവിധ്യവൽക്കരണം, തൊഴിലാളിയുടെ നൈപുണ്യവികസനം എന്നൊക്കെ പറഞ്ഞ് മതിയായ നിയമനം നടത്താതെ ഉള്ളവർക്കുമേൽ വർധിച്ച തൊഴിൽഭാരം അടിച്ചേൽപ്പിക്കുന്നതും തൊഴിലാളിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള പുതിയ കോർപ്പറേറ്റ് മാനദണ്ഡങ്ങൾ പോലുള്ള തൊഴിലാളിവിരുദ്ധ നയസമീപനങ്ങളുമാണ് പ്രശ്നം. ഇതോടൊപ്പം, കോവിഡാനന്തരം അടിച്ചേൽപ്പിക്കപ്പെട്ട വർധിച്ച തൊഴിൽ സമയം, തൊഴിലിടങ്ങൾക്കു പുറത്തേക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് തൊഴിലാളിയുടെ സ്വകാര്യ ഇടങ്ങളിലേക്കും തൊഴിലിന്റെ നിയന്ത്രണങ്ങളെത്തുന്നതും ജീവിതത്തിൽനിന്നും സമൂഹത്തിൽനിന്നും വ്യക്തിയെ അന്യവൽക്കരിക്കുന്നു. സമൂഹത്തിനു സേവനമാകേണ്ട വിദ്യാഭ്യാസം, ആതുരശുശ്രൂഷ, പൊലീസിങ്ങ് തുടങ്ങിയവയൊക്കെ ലാഭമുണ്ടാക്കേണ്ട മേഖലകളാക്കി നിയോലിബറൽ മുതലാളിത്തം മാറ്റുന്നു. ഇത് സൃഷ്ടിക്കുന്ന വൈരുദ്ധ്യവും ഇവിടെ പരിഗണിക്കണം.
തൊഴിലിടങ്ങളിലെ സമ്മർദ്ദവും അത് സൃഷ്ടിക്കുന്ന ദുരന്തങ്ങളും വ്യക്തിയുടെ പ്രശ്നമായി ചുരുക്കാതെ അത് വ്യവസ്ഥിതി അടിച്ചേൽപ്പിക്കുന്നതാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുകയാണ് പണിയെടുക്കുന്നവർ ഇന്ന് ചെയ്യേണ്ടത്. വ്യവസ്ഥിതിയിലുള്ള മാറ്റംകൊണ്ടേ ആത്യന്തികമായി ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ. അതിനായുള്ള സമരത്തിൽ സ്വയം അണിചേരുകയെന്നതാണ് അധ്വാനിച്ചു ജീവിക്കുന്ന ഓരോരുത്തരുടെയും ഇന്നത്തെ കടമ. ഒപ്പം, തൊഴിലാളികൾക്കുമേൽ ദിനംതോറും അടിച്ചേൽപ്പിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങളും നടപടികളും സംഘടിതമായി ചെറുത്തുതോൽപ്പിക്കുകയും വേണം. പൊതുമേഖലയിലടക്കം നിയമനനിരോധനംമൂമുണ്ടാകുന്ന ജോലിഭാരവും അതുപോലെതന്നെ തൊഴിലില്ലായ്മയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. തൊഴിൽസുരക്ഷ ഉറപ്പാക്കിക്കൊണ്ട് നിയമനങ്ങൾ സമയത്ത് നടപ്പാക്കുന്നതിനായും കൂട്ടായി ശബ്ദമുയർത്തേണ്ടതുണ്ട്. വ്യക്തിയിലേക്ക് ചുരുങ്ങുന്നതിലൂടെയല്ല, വർഗ്ഗത്തോട് കണ്ണിചേരുന്നതിലൂടെയാണ് പരിഹാരം കണ്ടെത്താനാവുക എന്ന തിരിച്ചറിവിലൂടെ, തൊഴിലെടുത്തു ജീവിക്കുന്നവരുടെ നിലനിൽപ്പിന്റെ ഈ പ്രശ്നങ്ങൾ കൂട്ടായി നേരിടാൻ തയ്യാറെടുക്കേണ്ടതുണ്ട്.

Share this post

scroll to top