പട്ടിണിയും ചൂഷണവും ഇല്ലാതാക്കിയ നവംബർ വിപ്ലവത്തിന്റെ 108-ാം വാർഷികം ലോകമാസകലം ആചരിക്കുന്ന വേളയാണിത്. നവംബർവിപ്ലവം നടന്ന നാട്ടിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ തിരിച്ചടിക്കപ്പെട്ട് മുതലാളിത്ത പുനഃസ്ഥാപനം നടന്നു എന്നത് മനുഷ്യസ്നേഹികളെ വേദനയിലാഴ്ത്തുന്നു. സോവിയറ്റ് യൂണിയനില്‍ മുതലാളിത്ത പുന:സ്ഥാപനത്തിനിടയാക്കിയ സാഹചര്യങ്ങളും തിരുത്തല്‍വാദവ്യതിയാനങ്ങളും വിശകലനംചെയ്തുകൊണ്ട് പ്രതിവിപ്ലവം സൃഷ്ടിച്ച പ്രതിലോമചിന്തകളിൽനിന്നു മുക്തരായി മുന്നേറാൻ കമ്മ്യൂണിസ്റ്റുകളെ സജ്ജരാക്കുംവിധം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റി 1990 ആഗസ്റ്റില്‍ ഒരു രേഖ അവതരിപ്പിച്ചു. ‘സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും പ്രതിവിപ്ലവത്തെപ്പറ്റി’ എന്ന ആ രേഖയിൽനിന്നുള്ള പ്രസക്തമായ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുകയാണ്.
മിഖായിൽ ഗോർബച്ചേവ് സിപിഎസ്‌യുവിന്റെ ജനറൽ സെക്രട്ടറിയായി അവരോധിക്കപ്പെട്ടതിനുശേഷം 1985 ഏപ്രിൽ നടന്ന സിപിഎസ്‍യു കേന്ദ്രകമ്മിറ്റിയുടെ പ്ലീനറി മീറ്റിംഗിൽ ആദ്യമായി ‘ഗ്ലാസ്‌നോസ്റ്റ്’, ‘പെരിസ്ട്രോയിക്ക’ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയെ സോവിയറ്റ് യൂണിയനിലെ ‘പ്രതിവിപ്ലവത്തിന്റെ ബ്ലൂ പ്രിന്റ്’ എന്ന് നമ്മുടെ പാർട്ടി ആ സമയത്തുതന്നെ വിശേഷിപ്പിക്കുകയുണ്ടായി. അതിനെത്തുടർന്ന് 1986ലെ 27-ാം പാർട്ടി കോൺഗ്രസിലും, 1988ൽ നടന്ന സിപിഎസ്‍യുവിന്റെ 19-ാം ആൾ യൂണിയൻ കോൺഫറൻസിലും, തുടർന്ന് നടന്ന കേന്ദ്ര കമ്മിറ്റി മീറ്റിംഗുകളിലും പ്ലീനറി മീറ്റിംഗുകളിലും ഘട്ടംഘട്ടമായി അത് നടപ്പിലാക്കുകയും അതനുസരിച്ചുള്ള പുതിയ നിയമനിർമ്മാണം നടത്തുകയുംചെയ്തു.
സ്വയം വിഭവങ്ങൾ കണ്ടെത്തുന്ന സ്വാശ്രയ, സ്വയംനിയന്ത്രണ സംവിധാനങ്ങൾ ഇതിനോടകംതന്നെ വിപുലപ്പെടുത്തിയിരുന്നു. യുഗോസ്ളാവിയയിലെ അനുഭവം തെളിയിച്ചതുപോലെ വികേന്ദ്രീകരണത്തിലേക്കുള്ള കാൽവെപ്പായിരുന്നു അത്. അന്തിമമായി മുതലാളിത്തത്തെ പുനരു ജ്ജീവിപ്പിക്കുന്നതിൽ എത്തിക്കുന്നതാണ്. കൂടാതെ ലെനിനും സ്റ്റാലിനും പഠിപ്പിച്ചതുപോലെ രാഷ്ട്രം ഭൂമിയുടെ പരമാധികാരിയായിരിക്കുന്നതിനു പകരം കർഷകനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനായി കൂട്ടുകൃഷിക്കും സ്റ്റേറ്റ് ഫാർമിംഗിനും പകരം സഹകരണ കൃഷിമേഖലയ്ക്ക് രൂപം കൊടുത്തുകൊണ്ട് ഒരടി പിന്നോക്കം പോയി. ഭൂമിയുടെ സ്വകാര്യ ഉടമസ്ഥതയെ അഥവാ ഗ്രാമീണ മുതലാളിത്തത്തെ കൊഴുപ്പിക്കുക എന്നതാണ് അതിനർത്ഥം. അതുംപോരാതെ വ്യവസായ യൂണിറ്റുകളിൽ മാനേജർമാരുടെയും വ്യക്തികളായ വ്യവസായ സംരംഭകരുടെയും നിയന്ത്രണം കൊണ്ടുവരുകയും വമ്പൻ ലാഭം പോക്കറ്റിലാക്കാൻ വ്യവസായ സംരംഭകത്വം വളർത്തുക എന്ന ആഹ്വാനം മുഴക്കുകയും ചെയ്തു. വ്യവസായ മേഖലയിൽ പുത്തൻ ബൂർഷ്വാസിയെ ശക്തിപ്പെടുത്താനും സോഷ്യലിസ്റ്റ് സമ്പ്രദായങ്ങൾക്കും ഉൽപാദന ലക്ഷ്യങ്ങൾക്കുംപകരം മുതലാളിത്ത സമ്പ്രദായങ്ങളും ഉത്പാദന ലക്ഷ്യങ്ങളും ആവിഷ്കരിക്കാനും ഉദ്ദേശിച്ചായിരുന്നു ഈ നീക്കങ്ങളെല്ലാം. ആശയരംഗത്ത് ജനപ്രീതി കിട്ടുന്ന ലക്ഷണമൊത്ത മുതലാളിത്ത മുദ്രാവാക്യങ്ങളായ ഗ്ലാസ്‌നോസ്റ്റ് അഥവാ തുറന്ന സമീപനം, മനുഷ്യ മുഖത്തോടെയുള്ള സോഷ്യലിസം എന്നിവ കൊണ്ടുവന്നു.
സോഷ്യലിസത്തിൽ ജനാധിപത്യമോ സ്വാതന്ത്ര്യമോ ഇല്ലെന്ന മുതലാളിത്ത കുപ്രചാരണങ്ങളെ കൗശലപൂർവ്വം ശക്തിപ്പെടുത്തുന്ന നടപടിയാണിത്. ‘അഭിപ്രായബഹുലത’ എന്ന ആശയം ചവറ്റുകുട്ടയിൽ നിന്നെടുക്കുകയായിരുന്നു അടുത്തതായി ചെയ്തത്. ആധുനികശാസ്ത്രം തിരസ്കരിച്ച സത്യത്തിന്റെ ബഹുലത (Plurality of truth) എന്ന ആശയം മാത്രമാണിത്. ഇത്തരത്തിലുള്ള ഇമ്പമുള്ള വാക്കുകളിലൂടെ സോവിയറ്റ് സമൂഹത്തിൽ, ദുഷിച്ച ബൂർഷ്വാ ഉദാരതാ മനോഭാവത്തെയും അതിജനാധിപത്യ സങ്കല്പങ്ങളെയും തട്ടിയുണർത്തി. ഇത്തരം ആശയങ്ങൾക്ക് നൽകിയ പ്രോത്സാഹനം ക്രുഷ്ചേവിന്റെ കാലം മുതൽ തുടങ്ങിയ തിരുത്തൽ വാദത്തിന്റെ നീണ്ടകാലത്തെ പ്രയോഗത്തോടൊപ്പം ചേർന്നപ്പോൾ വിഘടനവാദ-തീവ്രദേശീയശക്തികളും സംഘടനകളും പത്തി വിടർത്തി. വികേന്ദ്രീകരണത്തിന്റെ ദുഷ്ഫലങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. അസർബൈജാനും അർമേനിയയും തമ്മിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ വേർപിരിഞ്ഞു പോകുമെന്ന് അസർബൈജാൻ അന്ത്യശാസനം നൽകി. ബാൾട്ടിക് റിപ്പബ്ലിക്കുകളായ ലാത്വിയ, ലിത്വാനിയ എന്നിവ ഇതിനോടകം തന്നെ വേർപിരിയലിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. ജോർജിയയും യുക്രൈനും അർമേനിയയും ആ വഴി നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. യൂണിയനിലെ പതിനഞ്ച് റിപ്പബ്ലിക്കുകളിൽ ഏഴും ഇതിനോടകംതന്നെ വിഭജനത്തിന്റെ പാതയിലായിക്കഴിഞ്ഞിരുന്നു. വിരോധാഭാസം എന്നു പറയട്ടെ ഗ്ലാസ്‌നോസ്റ്റിന്റെ വക്താവും പ്രയോക്താവുമായ ആൾ ഇപ്പോൾ ലിത്വാനിയക്കെതിരെ ഉപരോധ നടപടികൾ പ്രഖ്യാപിക്കുകയാണ്!
യുഎസ്എസ്ആറിൽ മുതലാളിത്ത പുനഃസ്ഥാപനത്തിന്റെ പ്രക്രിയ സമ്പൂർണ്ണമാക്കാനുള്ള അന്തിമ നീക്കത്തിൽ ഗോർബച്ചേവ് റിവിഷനിസ്റ്റ് സംഘം ജനങ്ങളുടെ യഥാർത്ഥ രാഷ്ട്രീയ അധികാരത്തിന്റെ ഉപകരണമായ സുപ്രീംസോവിയറ്റ് ഉൾപ്പെടെയുള്ള സോവിയറ്റുകളെ ഒതുക്കികൊണ്ടും തുരങ്കം വെച്ചുകൊണ്ടും പകരം ജനകീയ ഡെപ്യൂട്ടികളുടെ കോൺഗ്രസ് എന്ന ബൂർഷ്വാ മാതൃകയിലുള്ള സംവിധാനം സൃഷ്ടിച്ചു. ഈ സംവിധാനത്തിലൂടെയും പിന്നീട് 1990 ഫെബ്രുവരി 2 മുതൽ 5വരെ നടന്ന കേന്ദ്രകമ്മിറ്റിയുടെ പ്ലീനത്തിലൂടെയും പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരമുൾപ്പെടെ പരിപൂർണ്ണ അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാകുന്ന തരത്തിലുള്ള ഒരു എക്സിക്യൂട്ടീവ് പ്രസിഡൻഷ്യൽ രീതിയിലുള്ള ഗവൺമെന്റ് സമ്പ്രദായത്തിന് രൂപം നൽകി. ഈ പ്രസിഡന്റ് സാക്ഷാൽ ഗോർബച്ചോവ് അല്ലാതെ മറ്റാരുമല്ല. ഒരു ബഹുകക്ഷി ബൂർഷ്വാ പാർലമെന്ററി സംവിധാനത്തിന് അവർ രൂപംനൽകി. അവസാനമായി ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വപരമായ പങ്കിന് അന്ത്യംകുറിച്ചു. സോവിയറ്റ് യൂണിയനിൽ തൊഴിലാളി വർഗ്ഗ സർവാധിപത്യത്തിന് അന്ത്യംകുറിക്കുകയും സോവിയറ്റ് സോഷ്യലിസ്റ്റ് ഭരണകൂടത്തെ ഒരു മുതലാളിത്ത ഭരണകൂടമായി അധ:പതിപ്പിക്കുകയും ചെയ്തു.
രണ്ടാമതായി, പാർട്ടിയുടെ നേതൃത്വപരമായ പങ്ക് ഇല്ലായ്മ ചെയ്തു. പാർട്ടിക്കകത്ത് എല്ലാവിധ ബൂർഷ്വാ ലിബറൽ ചിന്തകളും ആനയിച്ചതിലൂടെ ജനാധിപത്യ കേന്ദ്രീകരണ പ്രക്രിയയ്ക്ക് ഗുരുതരമായ ക്ഷതമേൽപ്പിച്ചു. സിപിഎസ്‍യുവിനെ സോവിയറ്റ് യൂണിയനിലെ ബഹുകക്ഷി രാഷ്ട്രീയ രംഗത്തെ കക്ഷികളിൽ ഒന്നുമാത്രമായി തരംതാഴ്ത്തി. അങ്ങനെയെല്ലാം സിപിഎസ്‌യുവിനെ ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി അധഃപതിപ്പിച്ചു.
അവസാനമായി, സ്വകാര്യ സ്വത്തിനും പിന്തുടർച്ചാവകാശത്തിനും ഉൽപാദന ഉപാധികളുടെമേൽ സ്വകാര്യ ഉടമസ്ഥതക്കുള്ള അവകാശം ആവിഷ്കരിച്ചു. മാനേജർമാർക്ക് യഥേഷ്ടം തൊഴിലാളികളെ നിയമിക്കാനും തിരിച്ചുവിടാനും അതുപോലെതന്നെ ലാഭമുണ്ടാക്കാനുള്ള അവകാശത്തിന് നിയമപരിരക്ഷ നൽകി. അങ്ങനെ സോവിയറ്റ് യൂണിയന്റെ സോഷ്യലിസ്റ്റ് സാമ്പത്തിക അടിത്തറയിൽ അടിസ്ഥാനപരമായ മാറ്റം അടിച്ചേൽപ്പിച്ചു. ഉൽപാദന ബന്ധത്തിലും ഉല്‍പാദനത്തിന്റെ ചാലകശക്തിയുടെ കാര്യത്തിലും അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നു. അങ്ങനെ സോവിയറ്റ് സോഷ്യലിസ്റ്റ് സമ്പദ്‍വ്യവസ്ഥയെ മുതലാളിത്ത സമ്പദ് വ്യവസ്ഥയാക്കി അധ:പതിപ്പിച്ചു. അങ്ങനെ ഗോർബച്ചേവിന്റെ വർഗ്ഗവഞ്ചക തിരുത്തൽവാദി സംഘം സോവിയറ്റ് യൂണിയനിലും മുതലാളിത്ത പുന:സ്ഥാപനത്തിന്റെ പ്രക്രിയ പൂർത്തിയാക്കി.
സോഷ്യലിസത്തിനെതിരായ ബൂർഷ്വാ അപവാദപ്രചാരണങ്ങളും യാഥാർത്ഥ്യവും
ശീഘ്രഗതിയിൽ വികാസം പ്രാപിച്ച ഈ സംഭവങ്ങൾ സ്വാഭാവികമായി ലോകമെമ്പാടും വലിയ കോളിളക്കത്തിന് കാരണമായി. പക്ഷേ, വളരെ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ രണ്ടു പ്രതികരണങ്ങളാണ് ഇത് സൃഷ്ടിച്ചത്. രാജ്യസ്നേഹികളായ, സമാധാനകാംക്ഷികളായ, സ്വാതന്ത്ര്യേച്ഛുക്കളായ, സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ബഹുജനങ്ങൾക്ക് ഞെട്ടലും നിരാശയുമുണ്ടായി. എന്നാൽ എവിടെയുമുള്ള സാമ്രാജ്യത്വശക്തികളും മുതലാളിമാരും പിന്തിരിപ്പൻ ഭരണകൂടങ്ങളും വിജയാഹ്ലാദം മുഴക്കി. ജനാധിപത്യത്തിന്റെ, അതായത് മുതലാളിത്ത ജനാധിപത്യത്തിന്റെ, പുനഃസ്ഥാപനത്തെയാണ് അവർ കരഘോഷം നടത്തി വരവേറ്റത്.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താക്കളായി വന്നിരിക്കുന്ന ഇക്കൂട്ടർ ആരാണ്? വിയറ്റ്നാമിലെയും അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും ഇറാഖിലെയും നിക്കരാഗ്വയിലെയും ജനങ്ങളുടെ ചോരപുരണ്ട കൈകളുള്ളവർ. ദക്ഷിണാഫ്രിക്കയിലെ വെറുക്കപ്പെട്ട വർണവെറിയൻ ഭരണവാഴ്ചയെ പിന്തുണയ്ക്കുകയും ഇടപെടുകയും പനാമയിൽ നഗ്നമായ അധിനിവേശം നടത്തുകയും ചെയ്തവർ. ആക്രമണകാരികളായ ഇസ്രയേലിനെ ഇപ്പോഴും പിന്താങ്ങുന്നവർ. സ്വന്തം നാട്ടിൽ കറുത്ത വംശജരോട് നാൽക്കാലികളോടെന്നപോലെ പെരുമാറുന്നവർ. അവർ ഒരു സുപ്രഭാതത്തിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശക്തരായ വക്താക്കളായി രംഗപ്രവേശം ചെയ്തിരിക്കുന്നു.
സോഷ്യലിസത്തിനെതിരെ വിരൽ ചൂണ്ടി സ്വന്തം ഹീനവൃത്തികളെ മറച്ചുപിടിക്കാനാണ് അവർ ശ്രമിക്കുന്നത്. പക്ഷേ, ജനാധിപത്യത്തിന്റെ വക്കാലത്തെടുത്തിരിക്കുന്ന ഇക്കൂട്ടര്‍ത്തന്നെ ജനാധിപത്യത്തെയും സമാധാനത്തെയും സ്വാതന്ത്ര്യത്തെയും കഴുത്തു ഞെരിക്കുന്നതെങ്ങനെയെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ക്രൗര്യഭാവമാർന്ന അമേരിക്കൻ സൈനിക ഭരണവാഴ്ചയുടെ മൂന്ന് കാലുകളാണ് സിഐഎയും എഫ്ബിഐയും എന്ന് ആർക്കാണറിയാത്തത്? ലോകമാകെ വ്യാപിച്ചുകിടക്കുന്ന യുഎസ് സൈനിക താവളങ്ങളുടെ ശൃംഖലയെപ്പറ്റിയും അവരുടെ താരയുദ്ധ പദ്ധതിയെപ്പറ്റിയും ആർക്കാണ് അറിയാത്തത്? ഇതൊക്കെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയാണോ?
ബ്രിട്ടനെ സംബന്ധിച്ചിടത്തോളം കുറച്ച് വർഷങ്ങൾക്കുമുൻപ് കൽക്കരിഖനി തൊഴിലാളികളുടെ ന്യായമായ സമരത്തെ നിഷ്ഠുരമായി അടിച്ചമർത്തിയത് എങ്ങനെയെന്നും ഫാക്‌ലാന്റിൽ സൈനികമായി ഇടപെട്ടത് എങ്ങനെയെന്നും ആഫ്രിക്കയിലെ വർണവെറിയൻ ഭരണകൂടത്തെ ലജ്ജയേതുമില്ലാതെ പിന്തുണച്ചത് എങ്ങനെയെന്നും എല്ലാവർക്കുമറിയാം.
ഇങ്ങനെയുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വംപോലും സോഷ്യലിസത്തിൽ വ്യക്തിസ്വാതന്ത്ര്യംഇല്ലെന്നു പറഞ്ഞ് മുതലക്കണ്ണീർ പൊഴിക്കുന്നു. ജർമ്മനിയിൽ വീണ്ടും നവനാസികൾ പത്തി വിടർത്തുമ്പോൾ പശ്ചിമ ജർമ്മനി ഗവൺമെന്റ് അവർക്ക് നേരിട്ട് പിന്തുണ നൽകുകയല്ലേ? സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി ഓർത്ത് ഈ മാന്യന്മാരുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് നമ്മൾ വിശ്വസിക്കണമോ? കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ബഹുകക്ഷി സമ്പ്രദായം ആവിഷ്കരിച്ചത് യഥാർത്ഥ ജനാധിപത്യം നേടിയെടുക്കാനുള്ള വലിയ മുന്നേറ്റമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള സംഘടിതമായ പ്രചാരണം തീർച്ചയായും ആരംഭിച്ചിട്ടുണ്ട്. ‘രാഷ്ട്രീയ ബഹുലത’ എന്നത് ഇക്കാലത്ത് ആവർത്തിച്ചു കേൾക്കുന്ന ഒരു പ്രയോഗമാണ്. കഴിഞ്ഞ അനവധി ദശാബ്ദങ്ങൾകൊണ്ട് പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങൾ ഇപ്പറയുന്ന രാഷ്ട്രീയ ബഹുലതകൊണ്ട് നേടിയതെന്താണ്? അവിടങ്ങളിലെ സാധാരണ ജനങ്ങൾക്ക് ജനാധിപത്യ അവകാശങ്ങൾ അനുഭവിക്കാൻ അതെത്രത്തോളം ഉപകരിച്ചിട്ടുണ്ട്? നേരെമറിച്ച്, മുതലാളിത്തത്തിന്റെ ദ്വികക്ഷി അല്ലെങ്കിൽ ബഹുകക്ഷി തിരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടുചെയ്യാനുള്ള അവകാശം മുന്നിൽവച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വിപുലമായ പദ്ധതി മാത്രമാണെന്ന് ഇന്ത്യയിലേതുപോലെതന്നെ എല്ലാ രാജ്യങ്ങളിലും തൊഴിലാളികൾ കൂടുതൽ കൂടുതൽ മനസ്സിലാക്കി വരികയാണ്. രാഷ്ട്രീയ ബോധമില്ലാത്ത സാധാരണക്കാരന്റെ കണ്ണിൽനിന്ന് മുതലാളിത്തചൂഷണത്തിന്റെ ക്രൂരതകൾ മറച്ചുവെക്കാനുള്ള ചെപ്പടിവിദ്യ ആണിത്. ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെ പണത്തിന്റെയും പേശിബലത്തിന്റെയും മാധ്യമങ്ങളുടെ പിന്തുണയോടെയും പാർട്ടികൾ എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് എത്രകണ്ട് ഈ ‘ജനാധിപത്യ തിരഞ്ഞെടുപ്പുകൾ’ ഇവിടെയുണ്ടോ അത്രത്തോളം അഴിമതിയും ഇരട്ടത്താപ്പും ജനവഞ്ചനയും അധികരിക്കും. അവരുടെ ചീഞ്ഞളിഞ്ഞ ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥയുടെ മഹത്വത്തിൽ നമ്മൾ വിശ്വാസമർപ്പിക്കണം എന്നുകൂടി അവരിപ്പോൾ ആവശ്യപ്പെടുന്നു.
തീർച്ചയായും ഗോർബച്ചോവും ഷെവർദ്‌നാസെയും ഡ്യൂബ്‌ചെക്കും സംഘവും വഴി വീണുകിട്ടിയ ഭാഗ്യത്തിൽ അവർ പിടിച്ചു തൂങ്ങുന്നുണ്ട്. സാമ്രാജ്യത്വ തസ്കരന്മാരുടെ ആത്മാർത്ഥസുഹൃത്തുക്കളാണ് തിരുത്തൽവാദികളായ വഞ്ചകർ. ആ നിലയ്ക്ക് ഒരു സുഹൃത്ത് മറ്റേയാൾക്ക് ഒരു സേവനം ചെയ്തേ തീരൂ. മാനുഷിക മുഖത്തോടെയുള്ള സോഷ്യലിസമെന്ന് എഴുന്നള്ളിച്ചുകൊണ്ട് ഗോർബച്ചേവ് സാമ്രാജ്യത്വ കൂട്ടാളികൾക്ക് ആദ്യ സേവനം നൽകി. സ്റ്റാലിനെ പിശാചായി ചിത്രീകരിച്ചും കിഴക്കൻ യൂറോപ്പിൽ സോഷ്യലിസത്തെ അട്ടിമറിച്ചും യഥാർത്ഥ സേവനങ്ങൾ സമ്മാനിച്ചു. ബുഷ്, കോഹ്ൾ, മിത്തറാങ് സംഘത്തിന് സോഷ്യലിസം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരാണെന്ന് വിളിച്ചുകൂവാൻ ഇതിലേറെ എന്തുവേണം? ഈ കള്ളക്കഥകൾകൊണ്ട് അന്ധത ബാധിക്കാത്ത ജനങ്ങൾ ആദ്യം റഷ്യയിലും, പിന്നെ ഒന്നൊന്നായി ലോക ജനസംഖ്യയുടെ മൂന്നിൽരണ്ടുവരുന്ന അനവധി രാജ്യങ്ങളിൽ, സോഷ്യലിസം ഉദയംകൊണ്ടത് മറന്നിട്ടില്ല. നാല് ദശാബ്ദകാലയളവിനുള്ളിൽ സോഷ്യലിസം(റഷ്യയുടെ കാര്യത്തിൽമാത്രം ഏഴു ദശാബ്ദം) ഈ സമൂഹങ്ങളെ വിപ്ലവകരമായി സ്വതന്ത്രമാക്കുകയും ജനാധിപത്യവൽക്കരിക്കുകയുംചെയ്തു. രണ്ടു നൂറ്റാണ്ടുകൊണ്ട് മുതലാളിത്തത്തിന്, നേടിയെടുക്കുന്നതോ പോകട്ടെ, സ്വപ്നം കാണാൻപോലും ആകുന്നവയല്ല ഈ നേട്ടങ്ങൾ. സോഷ്യലിസം ഈ രാജ്യങ്ങളിലെല്ലാം പട്ടിണി, തൊഴിലില്ലായ്മ, ഭിക്ഷാടനം, നിരക്ഷരത, വംശീയ സംഘട്ടനങ്ങൾ തുടങ്ങിയവയെല്ലാം തുടച്ചുമാറ്റി. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പറ്റി ഉദ്ഘോഷിക്കുന്നവർ ഈ നേട്ടങ്ങളിൽ ഒന്നെങ്കിലും നേടിയെടുത്ത ഒരൊറ്റ മുതലാളിത്ത ജനാധിപത്യ രാഷ്ട്രത്തെ കാണിച്ചുതരട്ടെ. ഇല്ല, മുതലാളി ത്തത്തിനകത്ത് അത് ഒരിക്കലും സാധ്യമല്ല. സോഷ്യലിസത്തിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ.
സോഷ്യലിസം മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണം അവസാനിപ്പിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ആഴമാർന്ന അതിഗാഢമായ അടിത്തറ ഇട്ടിരുന്നു എന്നതാണ് അതിനു കാരണം. അതുകൊണ്ടാണ് മറ്റൊരു സാമൂഹ്യവ്യവസ്ഥയ്ക്കും നേടിയെടുക്കാനാകാത്ത ചരിത്രപ്രധാനമായ ഈ നേട്ടം സോഷ്യലിസത്തിന് സാക്ഷാത്കരിക്കാനായത്. അതുകൊണ്ടുമാത്രമാണ് എല്ലാ സാമൂഹ്യവ്യവസ്ഥകളിലുംവെച്ച് ഏറ്റവും ജനാധിപത്യപരമായ വ്യവസ്ഥിതി സോഷ്യലിസം ആയിരിക്കുന്നത്. തൊഴിലാളിവർഗ്ഗ ജനാധിപത്യത്തെക്കാൾ, ജനാധിപത്യപരമായി മറ്റൊരു ജനാധിപത്യവുമില്ല. അതുപോലെതന്നെ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഇല്ലാതെ തൊഴിലാളിവർഗ്ഗ ജനാധിപത്യം-അതായത് തൊണ്ണൂറ്റിയഞ്ച് ശതമാനം ജനങ്ങളുടെ, കൂടുതൽ സ്വതന്ത്രവും, കൂടുതൽ വിശാലവും, കൂടുതൽ പൂർണ്ണവുമായ ജനാധിപത്യം-സാധ്യമല്ല. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യമെന്ന് കേൾക്കുന്നതുതന്നെ മുതലാളിമാർക്കും തിരുത്തൽവാദശക്തികൾക്കും വെറുപ്പാണ്. മുതലാളിവർഗ്ഗം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെ ഏകാധിപത്യവുമായി തുലനപ്പെടുത്തുന്നു. അതിലൂടെ അവർ ചരിത്രത്തെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. കാരണം പ്രാകൃത ഗോത്ര കമ്മ്യൂണിസ്റ്റ് സമുദായം വർഗ്ഗങ്ങളായി വേർപിരിയുകയും ഭരണകൂടം സ്ഥാപിതമാവുകയും ചെയ്തതുമുതൽ എല്ലാ ഭരണകൂടങ്ങളും ഭരണവർഗ്ഗത്തിന്റെ മർദ്ദനോപകരണം അല്ലാതെ മറ്റൊന്നുമായിരുന്നില്ല. അത് അങ്ങനെയേ സാധ്യമാവുകയുള്ളൂ. ഓരോ ചരിത്ര ഘട്ടത്തിലെയും ചൂഷകരായ ന്യൂനപക്ഷം മാത്രമാണ് ഈ നഗ്നസത്യം ഭൂരിപക്ഷത്തിൽനിന്ന് മറച്ചുവെച്ചിട്ടുള്ളത്. തങ്ങളുടെ സർവ്വാധിപത്യത്തെ ന്യായീകരിക്കാനായി അവർ പലവിധ തന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ട് അത് മറച്ചുവെച്ചു. രാജാധിപത്യം അത് മതത്തിനുപിന്നിൽ ഒളിപ്പിച്ചു. മുതലാളിത്തമാകട്ടെ ജനാധിപത്യത്തെയും പ്രായപൂർത്തി വോട്ടവകാശത്തെയും പറ്റിയുള്ള തേൻപുരണ്ട പ്രഭാഷണങ്ങൾക്കു പിന്നിൽ ഒളിപ്പിക്കുന്നു. അതേസമയം മനുഷ്യചരിത്രത്തിൽ ആദ്യമായി ഭൂരിപക്ഷ ജനതയുടെ താൽപര്യം പ്രതിനിധീകരിക്കുന്ന വിജയശ്രീലാളിതരായ തൊഴിലാളിവർഗ്ഗത്തിന് ഇത് മറച്ചുവയ്ക്കേണ്ട ആവശ്യമില്ല. അതിനാൽ അധികാരത്തിൽനിന്ന് തൂത്തെറിയപ്പെട്ട ബൂർഷ്വാസിയുടെയും മറ്റ് ചൂഷക വർഗ്ഗങ്ങളുടെയുംമേലുള്ള സർവ്വാധിപത്യം എന്നുതന്നെ തൊഴിലാളിവർഗ്ഗം തുറന്നു പ്രഖ്യാപിക്കുന്നു. വാസ്തവത്തിൽ മുതലാളിത്ത വ്യവസ്ഥിതി തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെ മർദ്ദനസ്വഭാവമുള്ള സർവ്വാധിപത്യമാണ്. കാരണം രാജ്യമെങ്ങുമുള്ള അധ്വാനിക്കുന്ന ബഹുജനങ്ങൾക്കുമേലുള്ള ക്രൂരമായ സർവാധിപത്യമാണ് മുതലാളിത്തം. അതേസമയം മഹാഭൂരിപക്ഷമുള്ള തൊഴിലാളിവർഗ്ഗം ഇതര ചൂഷിത വിഭാഗങ്ങളുമായിചേർന്ന് ഒരുപിടി മുതലാളിമാർക്കുമേൽ നടത്തുന്ന സർവ്വാധിപത്യമാണ് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം. അതിനാൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം മുതലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യത്തേക്കാൾ ആയിരം മടങ്ങ് ജനാധിപത്യപരമാണ്. കൂടാതെ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം മനുഷ്യചരിത്രത്തിൽ ആദ്യമായി വർഗ്ഗവിഭജനത്തെയും വർഗ്ഗഭരണത്തെ തന്നെയും ഇല്ലാതാക്കാനുള്ള മാർഗ്ഗം തുറന്നിടുന്നു. അതൊരു അന്തരാളഘട്ടമാണ്. ഭരണകൂടം കൊഴിഞ്ഞുപോകുന്നതോടെ അതവസാനിക്കും. അങ്ങനെ വർഗ്ഗപരമായ അടിച്ചമർത്തലുകളുടെ അവസാനശേഷിപ്പുകളിൽനിന്നും മുഴുവൻ മനുഷ്യരാശിയും മുക്തമാകും. പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തി എല്ലാ മാനുഷിക ശേഷികളുടെയും തികച്ചും സ്വതന്ത്രമായ വികാസത്തിന് സാഹചര്യമൊരുക്കും. മറ്റെല്ലാ രൂപങ്ങളിലുമുള്ള വർഗ്ഗഭരണത്തിൽനിന്നും ഗുണപരമായും പ്രകടമായും വ്യത്യസ്തമായ തൊഴിലാളിവർഗ്ഗ സർവാധിപത്യം മനുഷ്യ സംസ്കൃതിയുടെ ചരിത്രത്തിൽ അനാദൃശ്യമായ പങ്കാണ് വഹിക്കുന്നത്.
സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ എക്കാലത്തെയും വിപുലമായ വളർച്ച സാധ്യമാക്കിയത് തൊഴിലാളിവർഗ്ഗ സർവാധിപത്യമാണ്. യൂറോപ്പിലെ ഏറ്റവും പിന്നോക്കമായിരുന്ന രാജ്യമെന്ന നിലയിൽനിന്ന് സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് റഷ്യ ഏറ്റവും വലിയ വ്യാവസായിക-രാഷ്ട്രീയ- സൈനികശക്തിയായി മാറിയ അതിശയകരമായ നേട്ടം സാധ്യമായത് തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിന്റെ ഉറച്ച അടിത്തറ ഉള്ളതുകൊണ്ടുമാത്രമാണ്. വീണ്ടും മനുഷ്യരാശിയുടെ കൊടിയശത്രുവായ ഫാസിസത്തിനെതിരായ സൈനിക വിജയത്തിലെത്തിച്ച സോവിയറ്റ് ജനതയുടെ മഹത്തായ ഉയർച്ചക്ക് കാരണം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൻകീഴിലെ തൊഴിലാളിവർഗ്ഗ ജനാധിപത്യത്തിന്റെ പ്രവർത്തനം കൊണ്ടായിരുന്നു. മഹാനായ സ്റ്റാലിൻ നേതൃത്വം നൽകിയ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്റെ ഉറച്ച അടിത്തറ ആധാരമാക്കി സോവിയറ്റ് ജനതയിൽ സോഷ്യലിസ്റ്റ് സ്പിരിറ്റും മുൻകൈയും ഊർജ്ജവും ഉണർത്താൻ കഴിഞ്ഞതുകൊണ്ടുമാത്രമാണ് എല്ലാം ചുട്ടെരിച്ച യുദ്ധത്തിന്റെ ചാരക്കൂനയിൽനിന്ന് അതിശയകരമായ വിധത്തിൽ ഉയിർത്തെഴുന്നേൽക്കാനും ലോക രാഷ്ട്രീയത്തിൽ മുൻപന്തിയിൽ വരാനും സോവിയറ്റ് യൂണിയന് സാദ്ധ്യമാക്കിത്തീർത്ത പുനർനിർമ്മാണം നടത്താൻ കഴിഞ്ഞത്.
