സൈദ്ധാന്തിക പാഠം : പദാർത്ഥത്തെക്കുറിച്ച് ദ്വന്ദ്വാത്മക ഭൗതികവാദം മുന്നോട്ടു വയ്ക്കുന്ന ആധുനിക സങ്കല്പം

Saidhanthika-Padangal-Logo-copy-e1762197843325.webp
Share

ആകമാനവീക്ഷണത്തിൽ ചലനമോ മാറ്റമോ ഇല്ലാത്ത സ്ഥിരാവസ്ഥയിൽ പ്രപഞ്ചത്തെ കാണുന്ന അതിഭൗതികവാദത്തിനു വിപരീതമായി, ചലനത്തിലും മാറ്റത്തിലുമുള്ള ഒന്നായി വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദം  പ്രപഞ്ചത്തെ കാണുന്നു.   ഈ ചലനത്തിനു കാരണമെന്ന നിലയിൽ ഈ  പദാർത്ഥനിഷ്ഠലോകം വൈരുദ്ധ്യത്തിലാണ് നിലകൊള്ളുന്നതെന്ന് അതു സ്ഥാപിക്കുന്നു. വൈരുദ്ധ്യത്തെക്കുറിച്ച് ഏംഗൽസിന്റെയും മാവോ സെ തുങിന്റെയും കൃതികളിൽനിന്നുള്ള ഏതാനും ഭാഗങ്ങൾ അവതരിപ്പിക്കുന്നു.


ദൂറിംഗിനെതിരെ എന്ന ഏംഗൽസിന്റെ  കൃതിയിലെ ഒന്നാംഭാഗം 12-ാം അധ്യായത്തിൽനിന്ന്:
“വസ്തുക്കൾ നിശ്ചലാവസ്ഥയിലും നിർജീവാവസ്ഥയിലുമാണെന്നു ധരിച്ച്, ഓരോന്നിനെയും പ്രത്യേകമായെടുത്ത്, സമാന്തരമായും ഒന്നിനു പിറകെ ഒന്നായും പരിഗണിക്കുകയാണെങ്കിൽ അവയിലെ ഒരു വൈരുദ്ധ്യവും നമ്മുടെ മുന്നിൽ പെടില്ല. ഭാഗികമായി പൊതുവായിട്ടുള്ളതും ഭാഗികമായി വ്യത്യസ്തവും പരസ്പരവിരുദ്ധം പോലുമായ ചില ഗുണങ്ങളാകും നാം കാണുക. എന്നാൽ, ഇക്കാര്യത്തിൽ ഇവ വ്യത്യസ്ത വസ്തുക്കളിലായി വിഭജിക്കപ്പെട്ടിട്ടുള്ളതിനാൽ അവയിൽ യാതൊരു ആന്തരികവൈരുദ്ധ്യവുമുള്ളതായി തോന്നുകയില്ല. ഈ നിരീക്ഷണമണ്ഡലത്തിന്റെ  പരിധിക്കുള്ളിൽ, സാധാരണ അതിഭൗതികവാദചിന്താരീതിയുടെ അടിസ്ഥാനത്തിൽ നമുക്കു മുന്നോട്ടു പോകാൻ കഴിയും. പക്ഷേ, വസ്തുക്കളെ അവയുടെ ചലനത്തിലും മാറ്റത്തിലും നിലനിൽപ്പിലും പരസ്പരസ്വാധീനത്തിലും പരിശോധിക്കാൻ തുടങ്ങുന്നതോടെ ഈ സ്ഥിതി ആകെ വ്യത്യസ്തമാകും. തൽക്ഷണംതന്നെ നാം വൈരുദ്ധ്യങ്ങളിൽ ചെന്നുപെടും. ചലനമെന്നതു തന്നെ ഒരു വൈരുദ്ധ്യമാണ്. ഒരു വസ്തു ഒരു നിമിഷത്തിൽത്തന്നെ ഒരു സ്ഥലത്തും മറ്റൊരു സ്ഥലത്തുമായിരിക്കുന്നതിലൂടെ മാത്രമേ, ഒരു സ്ഥലത്തായിരിക്കുകയും അവിടെ അല്ലാതിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ, വെറും ബലതന്ത്രപരമായ സ്ഥാനമാറ്റം പോലും ഉണ്ടാകൂ. ഈ വൈരുദ്ധ്യത്തിന്റെ തുടർച്ചയായ രൂപീകരണവും തൽസമയമുള്ള പരിഹാരവുമാണ് യഥാർത്ഥത്തിൽ ചലനമെന്നത്.
ആയതിനാൽ, ഇവിടെ ‘വസ്തുക്കളിലും പ്രക്രിയകളിലും വസ്തുനിഷ്ഠമായി നിലകൊള്ളുന്നതും വേണമെങ്കിൽ സമൂർത്തരൂപത്തിലുള്ളത് (corporeal form) എന്നു വിളിക്കാവുന്ന’ ഒരു വൈരുദ്ധ്യമാണ് നമ്മുടെ മുന്നിലുള്ളത്…”
മാവോ സെതുങ്ങിന്റെ വൈരുദ്ധ്യത്തെക്കുറിച്ച് എന്ന കൃതിയിൽ നിന്ന്:
“വൈരുദ്ധ്യത്തിന്റെ സാർവ്വലൗകികതയ്ക്കും കേവലത്വത്തിനും രണ്ടു തരത്തിലുള്ള അർത്ഥമാണുള്ളത്. എല്ലാ വസ്തുക്കളുടെയും വികാസപ്രക്രിയയിൽ വൈരുദ്ധ്യം നിലകൊള്ളുന്നുവെന്നതാണ് ഒന്നാമത്തേത്. ഓരോ വസ്തുവിന്റെയും വികാസപ്രക്രിയയിൽ തുടക്കം മുതൽ ഒടുക്കം വരെ വിപരീതങ്ങളുടെ ഒരു ചലനം നിലനില്ക്കുന്നു എന്നതാണ് രണ്ടാമത്തേത്.


ഏംഗൽസ് പറഞ്ഞു, “ചലനമെന്നതുതന്നെ ഒരു വൈരുദ്ധ്യമാണ്”. വിപരീതങ്ങളുടെ ഐക്യം എന്ന നിയമത്തെ ലെനിൻ നിർവ്വചിക്കുന്നത് ‘പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളിലും പ്രക്രിയകളിലുമുള്ള (മനസ്സും സമൂഹവുമുൾപ്പടെ) പരസ്പരവിരുദ്ധവും അന്യോന്യം ചേർന്നുപോകാത്തതും വിപരീതവുമായ പ്രവണതകളെ അംഗീകരിക്കൽ (കണ്ടെത്തൽ)’ എന്നാണ്. ഈ ആശയങ്ങൾ ശരിയാണോ? തീർച്ചയായും അതെ. എല്ലാ വസ്തുക്കളിലും നിലനില്ക്കുന്ന  വിരുദ്ധഘടകങ്ങളുടെ പരസ്പരാശ്രിതത്വവും ഈ ഘടകങ്ങൾ തമ്മിലുള്ള സമരവുമാണ് ആ വസ്തുക്കളുടെയെല്ലാം നിലനില്പിനെ നിർണ്ണയിക്കുന്നതും അവയുടെ മുന്നോട്ടുള്ള വികാസത്തെ തള്ളിവിടുന്നതും. വൈരുദ്ധ്യം അടങ്ങിയിട്ടില്ലാത്ത ഒന്നുമില്ല; വൈരുദ്ധ്യമില്ലാതെ ഒന്നിനും നിലനില്പില്ല.
ലളിതരൂപത്തിലുള്ള ചലനത്തിന്റെ (ഉദാഹരണത്തിന്, ബലതന്ത്രപരമായ ചലനം) അടിസ്ഥാനം വൈരുദ്ധ്യമാണ്, സങ്കീർണ്ണമായ ചലനങ്ങളുടെയും അതുതന്നെ.
വൈരുദ്ധ്യത്തിന്റെ സാർവ്വലൗകികതയെ ഏംഗൽസ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
വെറും ബലതന്ത്രപരമായ സ്ഥാനമാറ്റത്തിൽ ഒരു വൈരുദ്ധ്യം അടങ്ങിയിട്ടുണ്ടെന്നത് ശരിയാണെങ്കിൽ പദാർത്ഥചലനത്തിന്റെ ഉന്നതരൂപങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കാർബണിക ജീവിതത്തെയും അതിന്റെ വളർച്ചയെയും സംബന്ധിച്ചിടത്തോളം, അത് എത്രയോ കൂടുതൽ ശരിയായിരിക്കണം.  പ്രാഥമികയായും യഥാർത്ഥത്തിലും ജീവൻ ഇതിൽത്തന്നെയാണ് അടങ്ങിയിട്ടുള്ളതെന്ന്- ഒരു നൊടിയിൽ ഒരു ജീവി അതായിരിക്കുമ്പോൾത്തന്നെ മറ്റെന്തോ കൂടിയാണെന്ന് നാം നേരത്തേ കണ്ടുകഴിഞ്ഞല്ലോ. അതിനാൽ, ജീവൻ എന്നത് വസ്തുക്കളിലും പ്രക്രിയകളിലും തന്നെയുള്ളതും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയും സ്വയം പരിഹരിക്കുകയും ചെയ്യുന്നതുമായ ഒരു വൈരുദ്ധ്യമാണ്, ഈ വൈരുദ്ധ്യം അവസാനിച്ചാലുടൻ ജീവിതം അവസാനിക്കുകയും മരണം  കടന്നെത്തുകയും ചെയ്യും. അതുപോലെ ചിന്താമണ്ഡലത്തിലും നമുക്ക് വൈരുദ്ധ്യങ്ങളിൽനിന്നു രക്ഷപ്പെടാനാവില്ലെന്ന സംഗതിയും കണ്ടുകഴിഞ്ഞല്ലോ. ഉദാഹരണത്തിന്,   മനുഷ്യരുടെ സഹജമായ, പരിധിയില്ലാത്ത  വിജ്ഞാനാർജ്ജനശേഷിയും ബാഹ്യപരിമിതികൾക്കുള്ളിൽ,  പരിമിതവിജ്ഞാനം കൈമുതലാക്കിയ ആളുകളിൽ അതിന്റെ യഥാർത്ഥ സാന്നിധ്യവും  തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടുന്നത് നമ്മെ സംബന്ധിച്ചിടത്തോളമെങ്കിലും  പ്രായോഗികമായി, തലമുറകളുടെ അനന്തമായ പിന്തുടർച്ചയിലും  അപരിമേയമായ പുരോഗതിയിലുമാണ്.  
…ചില സാഹചര്യങ്ങളിൽ  നേർവരകളും  വളഞ്ഞ വരകളും ഒന്നുതന്നെ ആയേക്കാമെന്ന വൈരുദ്ധ്യമാണ് ഉന്നതഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്ന്…എന്നാൽ പ്രാഥമികഗണിതത്തിലും വൈരുദ്ധ്യങ്ങൾ ഒട്ടും കുറവല്ല.
ലെനിൻ വൈരുദ്ധ്യത്തിന്റെ സാർവ്വലൗകികതയെ വ്യക്തമാക്കുന്നതിങ്ങനെയാണ്:
ഗണിതത്തിൽ: കൂട്ടലും(+) കുറയ്ക്കലും(-). ഡിഫറൻഷ്യലും ഇന്റഗ്രലും. ബലതന്ത്രത്തിൽ: പ്രവർത്തനവും പ്രതിപ്രവർത്തനവും.
ഭൗതികത്തിൽ: പോസിറ്റീവും നെഗറ്റീവും ചാർജ്ജ്. രസതന്ത്രത്തിൽ: ആറ്റങ്ങളുടെ സംയോജനവും വിശ്ലേഷണവും. സാമൂഹികശാസ്ത്രത്തിൽ: വർഗ്ഗസമരം.
യുദ്ധത്തിൽ, ആക്രമണവും പ്രതിരോധവും, മുന്നേറ്റവും പിൻവാങ്ങലും, ജയവും പരാജയവും ഇവയെല്ലാം പരസ്പരം വിരുദ്ധങ്ങളായ പ്രതിഭാസങ്ങളാണ്. ഒന്ന് മറ്റൊന്നില്ലാതെ നിലനില്ക്കില്ല. രണ്ടു ഘടകങ്ങളും ഒരേ സമയം തന്നെ സംഘർഷത്തിലും പരസ്പരാശ്രിതത്വത്തിലുമാണ്. ഇതാണ് യുദ്ധത്തിന്റെ സമഗ്രതയെ സൃഷ്ടിക്കുന്നതും അതിന്റെ വികാസത്തെ മുന്നോട്ടു തള്ളുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും.


മനുഷ്യരുടെ ധാരണകളിലെ ഓരോ വിയോജിപ്പും ഒരു വസ്തുനിഷ്ഠവൈരുദ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നതായി പരിഗണിക്കേണ്ടതാണ്. വസ്തുനിഷ്ഠവൈരുദ്ധ്യം ആത്മനിഷ്ഠചിന്തയിൽ പ്രതിഫലിക്കുകയും ഈ പ്രക്രിയ ധാരണകളുടെ വിപരീതചലനങ്ങളെ രൂപീകരിക്കുകയും ചിന്തയുടെ വികാസത്തെ മുന്നോട്ടു തള്ളുകയും മനുഷ്യചിന്തയിലെ പ്രശ്നങ്ങളെ നിരന്തരം പരിഹരിക്കുകയും ചെയ്യുന്നു.
വ്യത്യസ്തങ്ങളായ  ആശയങ്ങൾ തമ്മിലുള്ള എതിർപ്പും സംഘർഷവും പാർട്ടിയിൽ സ്ഥിരമായി രൂപമെടുക്കും; വർഗ്ഗങ്ങൾ തമ്മിലും സമൂഹത്തിലെ പുതിയതും പഴയതും തമ്മിലുമുള്ള പാർട്ടിക്കുള്ളിലെ വൈരുദ്ധ്യങ്ങളുടെ പ്രതിഫലനമാണിത്. പാർട്ടിക്കുള്ളിൽ വൈരുദ്ധ്യങ്ങളോ അവയെ പരിഹരിക്കാനുള്ള പ്രത്യയശാസ്ത്രസമരങ്ങളോ ഉണ്ടാകുന്നില്ലെങ്കിൽ പാർട്ടിയുടെ ജീവൻ അവസാനിക്കും.
ലളിതമോ സങ്കീർണ്ണമോ ആയ ചലനരൂപങ്ങളിലോ വസ്തുനിഷ്ഠപ്രതിഭാസങ്ങളിലോ പ്രത്യയശാസ്ത്രപ്രതിഭാസങ്ങളിലോ ആയി വൈരുദ്ധ്യം സാർവ്വത്രികമായി എല്ലാ പ്രക്രിയകളിലും നിലനില്ക്കുന്നുവെന്ന് ഇതിനോടകം വ്യക്തമായല്ലോ. പക്ഷെ, ഓരോ പ്രക്രിയയുടെയും ആദ്യഘട്ടത്തിൽ വൈരുദ്ധ്യം നിലനില്ക്കുന്നുണ്ടോ? ഓരോ പ്രത്യേക വസ്തുവിന്റെയും തുടക്കം മുതൽ ഒടുക്കം വരെയുള്ള വികാസപ്രക്രിയയിൽ വിപരീതങ്ങളുടെ ചലനം ഉണ്ടാകുന്നുണ്ടോ?


ഇതിനെ വിമർശിച്ചുകൊണ്ട് സോവിയറ്റ് തത്വചിന്തകർ എഴുതിയ ലേഖനങ്ങളിൽ കാണുന്നതുപോലെ,  ഒരു പ്രക്രിയയുടെ രൂപീകരണഘട്ടത്തിലല്ല  മറിച്ച്, അത് ഒരു നിശ്ചിതഘട്ടത്തിലേക്കു വികസിച്ചതിനുശേഷം മാത്രമാണ് വൈരുദ്ധ്യം പ്രത്യക്ഷപ്പെടുന്നത് എന്നു ദെബോറിൻ സ്കൂളിൽപ്പെട്ടവർ വിശ്വസിക്കുന്നു. ഇതാണു ശരിയെങ്കിൽ ആ ഘട്ടത്തിനുമുമ്പ് പ്രക്രിയയുടെ വികാസത്തിന്റെ ഹേതു ബാഹ്യമായിരിക്കും, ആന്തരികമായിരിക്കില്ല. ദെബോറിൻ അങ്ങനെ, യന്ത്രികഘടനയുടെയും ബാഹ്യകാരണങ്ങളുടെയും അതിഭൗതികവാദപരമായ സിദ്ധാന്തങ്ങളിലേക്കു പിൻതിരിയുന്നു. വസ്തുനിഷ്ഠപ്രശ്നങ്ങളുടെ വിശകലനത്തിൽ ഈ കാഴ്ച്ചപ്പാട് ഉപയോഗിച്ചുകൊണ്ട് ദേബോറിൻ സ്കൂൾ, സോവിയറ്റ് യൂണിയനിലെ നിലവിലുള്ള സാഹചര്യങ്ങളിൽ കുലാക്കുകളും കർഷകരും തമ്മിൽ പൊതുവായി വ്യത്യാസങ്ങൾ മാത്രമേ കാണുന്നുള്ളൂ, വൈരുദ്ധ്യങ്ങൾ കാണുന്നില്ല. അങ്ങനെ ബുഖാരിനുമായി സമ്പൂർണ്ണമായി യോജിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തെ വിശകലനം ചെയ്യുമ്പോൾ അവർ അതുപോലെ, തൊഴിലാളികളും കർഷകരും ബൂർഷ്വാസിയും ഉൾപ്പെടുന്ന മൂന്നാം എസ്റ്റേറ്റിനുള്ളിൽ വിപ്ലവത്തിനുമുമ്പ്  വ്യത്യാസങ്ങൾ മാത്രമേയുള്ളൂ വൈരുദ്ധ്യങ്ങളില്ല എന്നാണു കരുതുന്നത്. ദേബോറിൻ സ്കൂളിന്റെ ഈ കാഴ്ച്ചപ്പാട് മാർക്സിസ്റ്റ് വിരുദ്ധമാണ്. ഓരോ വ്യത്യാസവും വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നുവെന്നും ആ വ്യത്യാസങ്ങൾതന്നെ വൈരുദ്ധ്യങ്ങളാണെന്നും അവർ മനസ്സിലാക്കുന്നില്ല. അദ്ധ്വാനവും മൂലധനവും തമ്മിൽ ഈ രണ്ടു വർഗ്ഗങ്ങൾ നിലവിൽവന്ന കാലംമുതൽ വൈരുദ്ധ്യത്തിലാണ്, ആദ്യഘട്ടങ്ങളിൽ വൈരുദ്ധ്യം മൂർച്ഛിച്ചിരുന്നില്ല എന്നുമാത്രം. സോവിയറ്റ് യൂണിയനിലെ നിലനില്ക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽപ്പോലും തൊഴിലാളികളും കർഷകരും തമ്മിൽ വ്യത്യാസങ്ങളുണ്ട്, ഈ വ്യത്യാസങ്ങൾതന്നെ ഒരു വൈരുദ്ധ്യമാണ്. അദ്ധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തിൽനിന്നു വ്യത്യസ്തമായി ഇത് ശത്രുതാപരമായി തീവ്രമാകുകയോവർഗ്ഗസമരത്തിന്റെ രൂപമാർജ്ജിക്കുകയോ ചെയ്യുന്നില്ല; സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ പ്രക്രിയയിൽ തൊഴിലാളികളും കർഷകരും ശക്തമായ ഒരു മുന്നണി സൃഷ്ടിക്കുകയും സോഷ്യലിസത്തിൽനിന്നു് കമ്മ്യൂണിസത്തിലേക്കുള്ള മുന്നേറ്റത്തിൽ ഈ വൈരുദ്ധ്യത്തെ ക്രമേണ പരിഹരിച്ചു കൊണ്ടിരിക്കുകയുമാണ്. വ്യത്യസ്തതരം വൈരുദ്ധ്യങ്ങളിലൊന്ന് എന്നതാണ് പ്രശ്നം, വൈരുദ്ധ്യങ്ങളുടെ സാന്നിധ്യമോ അഭാവമോ എന്നതല്ല. വൈരുദ്ധ്യം സാർവ്വലൗകികവും കേവലവുമാണ്, എല്ലാ വസ്തുക്കളുടെയും വികാസപ്രക്രിയയിൽ അതു നിലകൊള്ളുകയും എല്ലാ പ്രക്രിയകളുടെയും തുടക്കം മുതൽ ഒടുക്കംവരെ വ്യാപിക്കുകയും ചെയ്യുന്നു.


ഒരു പുതിയ പ്രക്രിയയുടെ ആവിർഭാവം എന്നാലെന്താണ്? പഴയ ഐക്യം അതിന്റെ ഘടകങ്ങളായ വിപരീതങ്ങളോടെ പുതിയ വിപരീതഘടകങ്ങളുമായി പുതിയൊരു ഐക്യത്തിനു വഴിമാറുന്നു, അങ്ങനെ പഴയ പ്രക്രിയയെ മാറ്റിക്കൊണ്ട് പുതിയ ഒന്ന് പ്രത്യക്ഷപ്പെടുന്നു. പഴയ പ്രക്രിയ അവസാനിക്കുകയം പുതിയ ഒന്ന് തുടങ്ങുകയും ചെയ്യുന്നു. പുതിയ പ്രക്രിയ പുതിയ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുകയും വൈരുദ്ധ്യങ്ങളുടെ വികാസത്തിന്റെ,   അതിന്റേതായ ചരിത്രം തുടങ്ങുകയും ചെയ്യും.
ലെനിൻ ചൂണ്ടിക്കാട്ടിയപോലെ, മാർക്സ് മൂലധനത്തിൽ, വസ്തുക്കളുടെ തുടക്കം മുതൽ ഒടുക്കംവരെയുള്ള വികാസപ്രക്രിയയിലൂടെ, വിപരീതങ്ങളുടെ ചലനത്തെക്കുറിച്ചുള്ള വിശകലനം അവതരിപ്പിച്ചു. എല്ലാ വസ്തുക്കളുടെയും വികാസത്തെ പഠിക്കുന്നതിൽ ഉപയോഗിക്കേണ്ട  രീതിയിതാണ്. ലെനിനും ഈ രീതി പ്രയോഗിക്കുകയും അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും ഉപയോഗിക്കുകയും ചെയ്തു.”

Share this post

scroll to top