ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ.ഫോർഡ്’ വെനസ്വേലൻ തീരത്തേക്ക് അടുക്കുകയാണ്. കൊളംബിയയിലേക്കുള്ള യാത്രാമധ്യേ, വെനസ്വേലൻ കടലിൽ മയക്കുമരുന്ന് കടത്തുകയായിരുന്നു എന്ന് ആരോപിക്കപ്പെടുന്ന ബോട്ടുകൾക്കുനേരെ പതിനൊന്ന് തവണയാണ് ഈ കപ്പൽ ആക്രമണം നടത്തിയത്. ഈ ബോട്ടുകൾ മയക്കുമരുന്ന് കടത്തുകയായിരുന്നു എന്നാണ് അമേരിക്ക ആരോപിക്കുന്നത്.
നേരത്തെ, തെക്കേ അമേരിക്കൻ കടലിൽ പട്രോളിംഗ് നടത്തിയിരുന്ന എട്ട് യുഎസ് യുദ്ധക്കപ്പലുകൾ, കഴിഞ്ഞ സെപ്തംബർ മുതൽ നടത്തിയ ആക്രമണങ്ങളിൽ പത്ത് ചെറിയ ബോട്ടുകൾ തകർക്കുകയും 40ൽ അധികം ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത് തടയാനായിരുന്നു അത് എന്നതായിരുന്നു ന്യായീകരണം.
ഇപ്പോൾ 35 യുദ്ധവിമാനങ്ങളുള്ള യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിന്റെ വരവോടെ, അമേരിക്കൻ ഭരണത്തിൻകീഴിലുള്ള പ്യൂർട്ടോ റിക്കോയിലെ എയർബേസുകൾ, കരീബിയനിലെ വൻ സൈനിക വിന്യാസം എന്നിവ കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. 15,000 യുഎസ് സൈനികർ, എട്ട് യുദ്ധക്കപ്പലുകൾ, പി-8 നിരീക്ഷണ വിമാനങ്ങൾ, എഫ്-35 ജെറ്റുകൾ, അണുവായുധ ശേഷിയുള്ള ബി-52 ബോംബറുകൾ, ആണവ അന്തർവാഹിനികൾ എന്നിവ കരീബിയൻ മേഖലയിൽ ഒരുക്കിവച്ചിരിക്കുകയാണ്.
സ്പീഡ് ബോട്ടുകൾ തടയാൻ ഡാർത്ത് വേഡറുടെ ഡെത്ത് സ്റ്റാർ
സ്പീഡ് ബോട്ടുകൾ തടയാൻ ഡാർത്ത് വേഡറുടെ ഡെത്ത് സ്റ്റാർ (സ്റ്റാർ വാർസ് എന്ന സിനിമയിലെ വില്ലനായ ഡാർത്ത് വേഡറുടെ തീവ്രനാശശേഷിയുള്ള ഡെത്ത് സ്റ്റാർ എന്ന ബഹിരാകാശനിലയം: എഡി.യൂണിറ്റി) ആവശ്യമില്ലല്ലോ? അതിനാൽത്തന്നെ ഈ അമേരിക്കൻ സൈനിക നീക്കം മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനുകൾ നടത്തുന്നതിനല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയുടെ പരമാധികാരവും സമ്പത്തും കൈക്കലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വൻ പടയൊരുക്കത്തിൻെറ സൂചനയാണ് നൽകുന്നത്. വെനസ്വേലെയുമായി സൗഹൃദത്തിലുള്ള കൊളംബിയൻ സർക്കാരും ഇവരുടെ നിരീക്ഷണത്തിലാണ്.
ഇറാഖിനെ ആക്രമിക്കുകയും ഗസയെ തകർക്കുകയും സിറിയയെ അസ്ഥിരപ്പെടുത്തുകയും ചെയ്തശേഷം, പെന്റഗൺ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ തോക്കിൻകുഴൽ ഇപ്പോൾ പടിഞ്ഞാറൻ അർദ്ധഗോളത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെനസ്വേലയിലെ പ്രസിഡന്റ് മഡുറോയെ സൈനികമായി അട്ടിമറിക്കാനും കൊളംബിയയിലെ പ്രസിഡന്റ് പെട്രോയെ പുറത്താക്കാനും പരസ്യമായി ആഹ്വാനം ചെയ്തുകഴിഞ്ഞു.
കൊളംബിയയും നിരീക്ഷണവലയത്തിൽ
വെനസ്വേലയ്‌ക്കൊപ്പം, കൊളംബിയക്കെതിരെയും യുഎസ് സാമ്രാജ്യത്വ ശക്തികൾ ഭീഷണികളും സൈനിക സമ്മർദ്ദങ്ങളും വർദ്ധിപ്പിക്കുകയാണ്. വെനസ്വേലയുടെ ഏറ്റവും ശക്തരായ വക്താക്കളിൽ ഒരാളാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഈ മേഖലയിലെ സമീപകാലത്തെ അമേരിക്കൻ സൈനികാക്രമണങ്ങളെ അദ്ദേഹം നിശിതമായി അപലപിച്ചിരുന്നു. സെപ്തംബറിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ, ബോട്ടുകളിലെ യാത്രക്കാർ മയക്കുമരുന്ന് കടത്തുകാർ ആയിരുന്നില്ലെന്നും മറിച്ച് “ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള പാവപ്പെട്ട യുവാക്കൾ” ആയിരുന്നു എന്നും പെട്രോ പറയുകയുണ്ടായി. നിലവിലെ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ കൊലപാതകങ്ങളുടെ പേരിൽ യുഎസ് പ്രസിഡന്റിനെതിരെ നിയമപരമായ അന്വേഷണങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാസ്തവത്തിൽ, യുഎസ് സാമ്രാജ്യത്വവാദികൾ ഇരുപത് വർഷത്തെ ഒരു പദ്ധതി രൂപീകരിക്കുകയായിരുന്നു, യുഎസ് നിർദ്ദേശങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന വെനസ്വേലയാണ് പ്രധാന ലക്ഷ്യം. അവരുടെ ആദ്യ തന്ത്രം സാമ്പത്തികമായ ഞെരുക്കൽ ഉണ്ടാക്കുകയായിരുന്നു, രാജ്യത്തെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽനിന്ന് ഒറ്റപ്പെടുത്തി. ഇത് മറ്റുള്ളവരുമായി വ്യാപാരം ചെയ്യാനുള്ള അതിന്റെ കഴിവിനെ തകർത്തു. വിദേശ കറൻസി ലഭ്യത ഏതാണ്ട് മരവിപ്പിക്കുകയും ഭക്ഷണവും മരുന്നുകളും പോലുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതി നിരോധിക്കുകയും ചെയ്തു. അടുത്തത്, അട്ടിമറികൾ ആസൂത്രണം ചെയ്യാനായി ഏജന്റുമാരെ സ്ഥാപിച്ചും, യുഎസ്-അഭിഷിക്തമായ ഒരു സമാന്തര ‘സർക്കാരിനെ’ സൃഷ്ടിച്ചും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നഗ്നമായ ഇടപെടൽ നടത്തുക എന്ന തന്ത്രമായിരുന്നു. സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്റിനെ അംഗീകരിച്ചും വെനസ്വേലയുടെ അന്താരാഷ്ട്ര ആസ്തികൾ—അതിന്റെ യുഎസ് ആസ്ഥാനമായുള്ള ശുദ്ധീകരണശാലയായ സിറ്റ്ഗോ ഉൾപ്പെടെ—പിടിച്ചെടുക്കാൻ ശ്രമിച്ചും, പെന്റഗൺ ഭരണാധികാരികൾ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിച്ചു. മഡുറോയെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ ആത്യന്തികമായി പരാജയപ്പെട്ട ഈ നീക്കത്തിനൊപ്പം, അട്ടിമറികൾക്ക് രൂപം നൽകാനും, ഭരണമാറ്റം ആസൂത്രണം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കാനും, ഒത്തുതീർപ്പ് തേടാൻ സാധ്യതയുള്ള മിതവാദ ഘടകങ്ങളെ ദുർബലപ്പെടുത്താനും വേണ്ടി പ്രതിപക്ഷ വിഭാഗത്തിന് ധാരാളമായി ധനസഹായം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കരആക്രമണങ്ങൾ പരിഗണിക്കുന്നുണ്ടെന്നും വെനസ്വേലയ്ക്കുള്ളിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സിഐഎയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ട്രംപ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി(എക്സോൺമൊബിലിന്റെ മുൻ സിഇഒയും)യായ റെക്സ് ടില്ലേഴ്സൺ 2018 ഫെബ്രുവരി 1 മുതൽ 7 വരെ, അതായത് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയ ആദ്യ ഊഴത്തിൽ, മെക്സിക്കോ, അർജന്റീന, കൊളംബിയ, പെറു, ജമൈക്ക എന്നിവിടങ്ങൾ സന്ദർശിച്ചു, ഈ ഭരണകൂടങ്ങൾ ‘ബൊളീവേറിയൻ’ വെനസ്വേലക്കെതിരെ യുഎസിനൊപ്പം നിൽക്കുമെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുകയുമുണ്ടായി: “കാര്യങ്ങൾ വളരെ മോശമാവുകയും, നേതൃത്വത്തിന് ഇനി ജനങ്ങളെ സേവിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, പലപ്പോഴും സൈന്യമാണ് മാറ്റത്തിന്റെ ചാലകശക്തിയായി മാറുന്നത്.”
വെനസ്വേല തല കുനിച്ചില്ല
എന്നാൽ വെനസ്വേല ഭയന്ന് പിന്മാറിയിട്ടില്ല. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ കൂസലില്ലാതെ പ്രഖ്യാപിച്ചു: “നമ്മൾ ആഗ്രഹിക്കുന്ന സമാധാനം വെറുമൊരു സമാധാനമല്ല… അത് ഗസയുടെ അവശിഷ്ടങ്ങളിലുണ്ടാക്കിയ സമാധാനമല്ല. യുഎസ് അധീശത്വവാദികളുടെ അടിമകളാകാനും, നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാനും, അവർ വന്ന് യുഎസിലെ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതുപോലെ നമ്മെ മർദ്ദനം കൊണ്ടും വെടിയുണ്ടകൊണ്ടും കൈകാര്യം ചെയ്യപ്പെടാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? …നമ്മൾ വീണ്ടും ഒരു കോളനിയായി മാറാനും, അവർ എല്ലാം നമ്മളോട് ആജ്ഞാപിക്കാനും, അവർ വന്ന് നമ്മുടെ എണ്ണയും സമ്പത്തും മോഷ്ടിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അടിമകളുമല്ല, കോളനിയുമല്ല; ഇന്നും നാളെയും എന്നേക്കും നാം സ്വതന്ത്രരും പരമാധികാരമുള്ളവരുമായിരിക്കും.” സാമ്രാജ്യത്വ വിരുദ്ധ പതാക ഉയർത്തിപ്പിടിച്ചു്, വാസ്തവത്തിൽ, 1998 മുതൽ 2013 വരെ വെനസ്വേലയുടെ പ്രസിഡന്റായിരുന്ന, അന്തരിച്ച ഹ്യൂഗോ ഷാവേസ്, യുഎസ് സാമ്രാജ്യത്വ അനുകൂല ഭരണകൂടമായ കാർലോസ് ആന്ദ്രേസ് പെരസിനെതിരെ 1980-കളുടെ തുടക്കത്തിൽ രഹസ്യമായി സാമ്രാജ്യത്വവിരുദ്ധ ബൊളീവേറിയൻ മൂവ്‌മെന്റ്-200 (MBR-200) സ്ഥാപിച്ച വ്യക്തിയാണ്. അദ്ദേഹം വെനസ്വേലൻ ജനതയിലെ ഒരു വലിയ വിഭാഗം ആളുകൾക്കിടയിൽ സാമ്രാജ്യത്വ വിരുദ്ധ, പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധമായ, “പോരാട്ട വീര്യം” വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ‘ചാവിസ്മോ’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഈ സമീപനം, ലാറ്റിനമേരിക്കയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സൈമൺ ബൊളിവറിന്റെ പേരിലുള്ള ബൊളീവേറിയനിസത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്തതായിരുന്നു, ഇത് യുഎസ് മേധാവിത്വത്തെയും ലാറ്റിനമേരിക്കയിലെ നവകോളോണിയൽ നീക്കങ്ങളെയും പരസ്യമായി എതിർത്തിരുന്നു. അദ്ദേഹം നാല് തവണ വെനസ്വേലൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും വെനസ്വേലയുടെ ചോദ്യം ചെയ്യപ്പെടാത്ത ദേശീയ നേതാവായി ആദരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷവും, യുഎസിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും സാമ്രാജ്യത്വ തന്ത്രങ്ങൾക്കെതിരായ പോരാട്ടത്തിൽ ‘ചാവിസ്മോ’ വെനസ്വേലൻ ജനതയ്ക്ക് ഊർജ്ജം പകർന്നു. 2017ലെ വെനസ്വേലയിലെ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകൾ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന് വൻ ജനപിന്തുണയുണ്ടെന്ന് തെളിയിച്ചു. ഹ്യൂഗോ ഷാവേസിന്റെ ഉറച്ച അനുയായിയായ നിക്കോളാസ് മഡുറോ മോറോസ് 2013 മുതൽ വെനസ്വേലയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്.
മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാൻ യുഎസ് സാമ്രാജ്യത്വവാദികളും, വെനസ്വേലയിലെ അവരുടെ ഉപഗ്രഹ കുത്തകമുതലാളിമാരും നടത്തിയ അസംഖ്യം ശ്രമങ്ങൾ—അട്ടിമറികൾ ആസൂത്രണം ചെയ്യുക, ആഭ്യന്തരയുദ്ധത്തിന് പ്രേരിപ്പിക്കുക, തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമാണെന്ന് പ്രഖ്യാപിക്കുക തുടങ്ങിയവ—പരാജയപ്പെട്ടു. 2018 മെയ് 20ന് നടന്ന വെനസ്വേലൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, നിലവിലുള്ള സർക്കാരിനെ തള്ളിക്കളയാൻ അമേരിക്ക ആ രാജ്യത്തെ ജനങ്ങൾക്കുമേൽ വലിയ സമ്മർദ്ദം ചെലുത്തി. ലിയോപോൾഡോ ലോപ്പസ്, എന്ന യുഎസ് ഏജന്റും, വെനസ്വേലൻ വിമത നേതാവെന്ന് വിളിക്കപ്പെടുന്നയാളും, നിക്കോളാസ് മഡുറോ സർക്കാരിന്റെ കടുത്ത വിമർശകനുമായ വ്യക്തി —2020ൽ രാജ്യം വിട്ട് പോവുകയും ഇപ്പോൾ സ്പെയിനിൽ പ്രവാസിയായി കഴിയുകയും ചെയ്യുന്നു— വെനസ്വേലയെ ആക്രമിക്കുന്നതിനായി കരീബിയൻ കടലിൽ യുഎസ് കപ്പലുകൾ വിന്യസിക്കുന്നതിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
യുഎസ് സാമ്രാജ്യത്വവും അതിന്റെ രാഷ്ട്രീയ നടത്തിപ്പുകാരും അങ്ങേയറ്റം വ്യാജമായ കാര്യങ്ങൾ വിദഗ്ധമായി കച്ചവടം നടത്തുന്നു
ജോർജ്ജ് ബുഷിനെപ്പോലുള്ള യുഎസ് പ്രസിഡന്റുമാർ, ഇപ്പോൾ ഡൊണാൾഡ് ട്രംപും തങ്ങളുടെ ഉപദേഷ്ടാക്കളായ യുഎസ് കുത്തകകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും സാമ്രാജ്യത്വ താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു കൂട്ടം നുണകളും വ്യാജപ്രചാരണങ്ങളും അഴിച്ചുവിട്ടിട്ടുണ്ട് എന്ന് നമുക്കറിയാം.
അമേരിക്കൻ കോർപ്പറേറ്റ് മാധ്യമങ്ങൾ 2024ൽ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ 130 പേർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്തുകൊണ്ട് വെനസ്വേലൻ സർക്കാരിനെ ആക്രമിച്ചിരുന്നു. ഫാസിസ്റ്റ് സംഘങ്ങൾ സർക്കാർ അനുകൂലികളെ കൊലപ്പെടുത്തുകയായിരുന്നു എന്നും മരിച്ചവരിൽ ഭൂരിഭാഗവും നിലവിലെ മഡുറോ സർക്കാരിന്റെ പിന്തുണക്കാർ ആയിരുന്നു എന്നുമുള്ള വസ്തുതയെ ഇത് പൂർണ്ണമായും വളച്ചൊടിച്ചു. ട്രംപ് വെനസ്വേലയെ മയക്കുമരുന്ന് ഉൽപാദനത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ വെനസ്വേല കൊക്കെയ്ൻ ഉത്പാദിപ്പിക്കുന്നില്ല. മാത്രമല്ല, യുഎസ് ലക്ഷ്യംവെച്ച വെനസ്വേലൻ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിന് യുഎസ് ഇതുവരെ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. കൂടാതെ, ഭൂരിഭാഗം മയക്കുമരുന്നുകളും മെക്സിക്കൻ കരഅതിർത്തി വഴി അമേരിക്കൻ പൗരന്മാർ മാത്രമാണ് യുഎസിലേക്ക് കടത്തുന്നത് എന്നും വിദഗ്ദ്ധർ പറയുന്നു. അതിനാൽ, വെനസ്വേല മയക്കുമരുന്ന് കടത്തുന്നു എന്ന യുഎസ് ആരോപണം, മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് ബുഷ്, കൂട്ട സംഹാര ആയുധങ്ങളുടെ (WMD) കേന്ദ്രമാണ് ഇറാഖ് എന്ന വ്യാജ കാരണം പറഞ്ഞ് പരമാധികാര രാജ്യമായ ഇറാഖിനെ പിടിച്ചടക്കിയതുപോലെ, കെട്ടിച്ചമച്ച ഒരു ആരോപണമാണ്.
പ്രീ-വാർ ഇന്റലിജൻസ് റിപ്പോർട്ടുകൾ തെറ്റായിരുന്നു എന്നും സജീവമായ കൂട്ട സംഹാര ആയുധ ശേഖരങ്ങൾ ഉണ്ടായിരുന്നില്ല എന്നും ജോർജ്ജ് ബുഷും അദ്ദേഹത്തിന്റെ ഭരണകൂടവും പിന്നീട് സമ്മതിച്ചു. എന്നാൽ അദ്ദേഹം ഇറാഖിൽ നടത്തിയ അധിനിവേശ യുദ്ധം—4 ലക്ഷത്തിലധികം നിരപരാധികളായ പൗരന്മാർ കൊല്ലപ്പെടുകയും രാജ്യത്തെ തരിപ്പണമാക്കുകയും ചെയ്തു—ഒരു കുറ്റകൃത്യമായിരുന്നു എന്നോ, അല്ലെങ്കിൽ ഇന്റലിജൻസ് വിവരങ്ങൾ മനഃപൂർവം കെട്ടിച്ചമച്ചതായിരുന്നു എന്നോ അദ്ദേഹം സമ്മതിച്ചില്ല.
കൂടാതെ, 2019 മാർച്ചിൽ, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ റോബർട്ട് ബോൾട്ടൺ II, വെനസ്വേലയിലെ രാഷ്ട്രീയത്തിൽ യുഎസ് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും വെനസ്വേലയുടെ രാഷ്ട്രീയ പ്രതിസന്ധിയിൽ യുഎസിന് “വലിയ പങ്കുണ്ട്” എന്നും തുറന്ന് സമ്മതിച്ചിട്ടുണ്ട്. ആ രാജ്യത്തെ എണ്ണയും അത് യുഎസിന് നൽകാൻ സാധ്യതയുള്ള സാമ്പത്തിക നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. യുഎസ് ടെലിവിഷനായ ഫോക്സ് ബിസിനസിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ, മഡുറോ “നമ്മുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ താൽപ്പര്യങ്ങളുള്ള രാജ്യങ്ങളെ” വെനസ്വേലയുടെ ഭാഗത്തേക്ക് കൊണ്ടുവരുന്നുവെന്നും അതിനാൽ അദ്ദേഹത്തെ ഒഴിവാക്കേണ്ടത് പരമപ്രധാനമാണ് എന്നും ബോൾട്ടൺ പറഞ്ഞു. അദ്ദേഹത്തെ പുറത്താക്കുന്നത് ഈ മേഖലയിലെ ബിസിനസ്സ് അവസരങ്ങൾക്ക് “വലിയ മുന്നേറ്റത്തിന് സാധ്യതയുള്ള ഒരു നടപടിയാകും” എന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയുടെ മറനീക്കപ്പെടുന്നു
അങ്ങനെ, ഗൂഢാലോചന പൂർണ്ണമായും മറനീക്കി പുറത്തുവന്നിരിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ ഒരു പ്രധാന ഉപദേഷ്ടാവ് ഞെട്ടിക്കുന്ന അടിസ്ഥാനപരമായ ലക്ഷ്യം വെളിപ്പെടുത്തി: യുഎസ് “കരാക്കാസിലെ(വെനസ്വേലൻ തലസ്ഥാന നഗരം) രാഷ്ട്രീയത്തിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിരിക്കുന്നു” എന്നും വെനസ്വേലയുടെ “വിശാലമായ എണ്ണ ശേഖരത്തിൽ”ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും. ഇത് ഒരു രഹസ്യമായിരുന്നില്ല; അതൊരു സ്ഥിരീകരണമായിരുന്നു. ഹ്യൂഗോ ഷാവേസ് എണ്ണ വ്യവസായത്തെ ദേശസാൽക്കരിക്കുകയും അതിന്റെ വരുമാനം സാമൂഹികക്ഷേമ പരിപാടികൾക്കായി വഴിതിരിച്ചുവിടുകയും ചെയ്തതുമുതൽ, വെനസ്വേല യുഎസിന്റെ തോക്കിൻമുനയിലായി.നിലവിലെ വെനസ്വേലൻ സർക്കാരിന്റെ വിഭവ ദേശസാൽക്കരണ നയം തിരുത്തുകയും, ഒരു രാജ്യത്തിന്റെ ലാഭം അതിന്റെ പൗരന്മാർക്ക് നല്കുന്നതിനു പകരം അന്താരാഷ്ട്ര ഓഹരി ഉടമകളിലേക്ക് ഒഴുകുന്ന ഒരു നവകോളോണിയൽ സാമ്പത്തിക മാതൃക പുനഃസ്ഥാപി ക്കുകയുമാണ് ലക്ഷ്യം. നിയമപരവും മാനുഷികവുമായ ന്യായീകരണങ്ങൾ എല്ലാം തകർന്നടിയുകയാണ്. അന്താരാഷ്ട്ര നിയമം, പ്രത്യേകിച്ചും യുഎൻ ചാർട്ടർ, മറ്റൊരു രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്‌ക്കെതിരായ ഭീഷണിയോ ബലപ്രയോഗമോ കർശനമായി നിരോധിക്കുന്നു. “മയക്കുമരുന്ന് തടയൽ” എന്ന കാരണം ഒരു നിയമപരമായ മിഥ്യയാണ്, അത് വ്യക്തമായും ഭീഷണിപ്പെടുത്തലിനു നൽകിയ നേരിയ ഒരു മറ മാത്രമാണ്.
യുഎസ് വിശ്വസ്തക്ക് നോബൽ സമ്മാനം നൽകുകയെന്ന പ്രഹസനം
എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട്, സമാധാനം കടുത്ത യുദ്ധക്കൊതിയുടെ ബലിപീഠത്തിൽ ഹോമിക്കപ്പെടുമ്പോഴാണ്, തിരഞ്ഞെടുക്കപ്പെട്ട നിക്കോളാസ് മഡുറോ സർക്കാരിനെതിരെയുള്ള വിദേശ ഇടപെടലിനെ പിന്തുണയ്ക്കുന്ന, യുഎസ് സാമ്രാജ്യത്വ ഭരണകൂടത്തോട് വിശ്വസ്തത പുലർത്തുന്ന മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. ഇത് വെറുമൊരു യാദൃശ്ചികതയല്ല; കറുപ്പിനെ വെളുപ്പാക്കി മാറ്റുന്ന, സാമ്രാജ്യത്വത്തിന്റെ വ്യക്തമായ ഒരു ജാലവിദ്യയാണിത്. പ്രസിഡന്റ് മഡുറോയുടെ ഒരു കടുത്ത എതിരാളിയായ അവരുടെ പേര് വളരെ കുറച്ചുപേർ മാത്രമേ കേട്ടിരിക്കാൻ സാധ്യതയുള്ളൂ. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹത്തെ ജയിലിലേക്ക് അയയ്ക്കുന്നതിനായി അദ്ദേഹം ജീവനോടെയിരിക്കാൻ ആഗ്രഹിക്കുന്നു എന്നും അവർ പറയുകയുണ്ടായി. 2025ൽ, ദി വാൾ സ്ട്രീറ്റ് ജേണൽ എഴുതിയത്, വെനസ്വേലൻ സർക്കാരിനെ കൂടുതൽ ശക്തമായി എതിരിടുന്നതിനായി യുഎസ് സാമ്രാജ്യത്വ ഭരണത്തിനായി അവർ പലപ്പോഴും വാദിച്ചിരുന്നു എന്നാണ്. ട്രംപിനെയും ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയെയും പോലുള്ള യാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയക്കാരുമായുള്ള അവരുടെ ബന്ധത്തെയും, ട്രെൻ ഡി അറാഗ്വ എന്ന വെനസ്വേലൻ സംഘം യുഎസിലേക്ക് ഒരു “അധിനിവേശം” ആരംഭിച്ചു എന്ന ട്രംപിന്റെ പരക്കെ വിശ്വാസ്യത നഷ്ടപ്പെട്ട വാദത്തെ അവർ പിന്തുണയ്ക്കുന്നതിനെയും മറ്റുള്ളവർ സംശയത്തോടെ കാണുന്നു. ഗസയിലെ ഇസ്രയേലിന്റെ സൈനിക നടപടിയെ പിന്തുണച്ചും, വെനസ്വേലൻ ഭരണകൂടത്തെ “തകർക്കാൻ” അർജന്റീനയോടും ഇസ്രയേലിനോടും അഭ്യർത്ഥിച്ചുമുള്ള എക്സിലെ (X) അവരുടെ മുൻകാല പോസ്റ്റുകളുടെ പേരിൽ അവർ വിമർശനം ഏറ്റുവാങ്ങി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സയണിസ്റ്റ് സർക്കാരിനും മച്ചാഡോ പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടാതെ, താൻ വെനസ്വേലൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ വെനസ്വേലയുടെ എംബസി ടെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് മാറ്റുമെന്നും അവർ പറഞ്ഞിരുന്നു— ഈ നീക്കം വെനസ്വേലയെ അമേരിക്കക്കൊപ്പം അണിനിരത്തുന്നതിന് തുല്യമാണ്. നോർവീജിയൻ നിയമനിർമ്മാതാവായ ബിയോർനാർ മോക്സ്നെസ് ചൂണ്ടിക്കാണിച്ചത്, മച്ചാഡോ 2020ൽ ഇസ്രയേലിലെ ലിക്കുഡ് പാർട്ടിയുമായി ഒരു സഹകരണ രേഖയിൽ ഒപ്പിട്ടിരുന്നു എന്നാണ്. “ഗസ കൂട്ടക്കൊലയ്ക്ക്” ഉത്തരവാദിയായ ലിക്കുഡ് പാർട്ടിയുമായുള്ള ഈ ബന്ധം കാരണം, ഈ അവാർഡ് നോബലിന്റെ ഉദ്ദേശ്യത്തിന് അനുസൃതമല്ല എന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലൻ പ്രതിപക്ഷത്തിലെ വിദേശ ഇടപെടലിന് അനുകൂലമായ വിഭാഗത്തിൽ പെട്ടതും, ഏറ്റവും തീവ്രവും യുദ്ധക്കൊതിയുള്ളതുമായ യുഎസിനോടും അതിന്റെ കൂട്ടാളികളോടും ചേർന്നുനിൽക്കുന്നതുമായ ഒരു വ്യക്തിയെ “ധീരയും അർപ്പണബോധമുള്ള സമാധാന സംരക്ഷക” എന്ന് വിശേഷിപ്പിക്കുകയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിന്റെ പദവിയിലേക്ക് ഉയർത്തുകയും ചെയ്തതിലൂടെ, നോബൽ കമ്മിറ്റി യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ബ്ലോക്കിന്റെ കൈകളിലെ ഒരു പാവയായി എങ്ങനെ മാറി എന്ന് തുറന്നുകാട്ടപ്പെട്ടു.
യുഎസ് സാമ്രാജ്യത്വം അന്താരാഷ്ട്ര ഗുണ്ടായിസത്തിൽ ഇത്രമാത്രം മുഴുകുന്നത് എന്തുകൊണ്ട്?
വെനസ്വേലൻ തീരത്ത് ഭീതി പടർത്തുന്ന ഭീമാകാരമായ യുഎസ് യുദ്ധക്കപ്പൽ, പരമാധികാരം സൈനിക ശക്തിയാൽ വീറ്റോ ചെയ്യപ്പെടാമെന്നും വിഭവങ്ങൾ സാമ്പത്തിക പീഡനത്തിലൂടെ പിടിച്ചെടുക്കാമെന്നും വിശ്വസിക്കുന്ന ഒരു വ്യവസ്ഥയുടെ പ്രതീകമാണ്. ഈ വ്യവസ്ഥക്ക്— മരണാസന്ന സാമ്രാജ്യത്വ-മുതലാളിത്തത്തിന്—മനുഷ്യരാശിക്ക് മരണവും, കഷ്ടപ്പാടും, നാശവും, ദുരിതവും, ദാരിദ്ര്യവും, മനുഷ്യത്വരാഹിത്യവും അല്ലാതെ മറ്റൊന്നും നൽകാനില്ല.
എന്നാൽ ഈ സാമ്രാജ്യത്വ സ്രാവുകൾ തങ്ങളുടെ ആധിപത്യം, മേൽക്കോയ്മ, വിദേശ രാജ്യങ്ങളിലെ അധിനിവേശം, വംശഹത്യ, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ നിന്ദ്യമായ ഇടപെടൽ എന്നിവയുമായി ഇത്രയധികം അനിയന്ത്രിതമായി മുന്നോട്ട് പോകാൻ കഴിയുന്നത് എന്തുകൊണ്ടാണ്? ഇതിന് കാരണം, സാമ്രാജ്യത്വ യുദ്ധതന്ത്രങ്ങൾക്കും കൊള്ളയ്ക്കും എതിരെ ഒരു കോട്ടയായി നിലകൊണ്ടിരുന്ന ശക്തമായ സോഷ്യലിസ്റ്റ് ചേരി ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നതും, ലോകമെമ്പാടും സുസംഘടിതവും ഏകോപിതവുമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നേറ്റം അതിന്റെ ശൈശവാവസ്ഥയിലാണ് എന്നതുമാണ്.
പലസ്തീനെ നശിപ്പിച്ചതിനു ശേഷം, വെനസ്വേലയ്‌ക്കെതിരെ ഉണ്ടായിവരുന്ന ഈ നികൃഷ്ടമായ ആക്രമണം മുഴുവൻ മനുഷ്യരാശിക്കും എതിരായ ആക്രമണമാണ് എന്നതിൽ സംശയം വേണ്ട. യുഎസ് സാമ്രാജ്യത്വവാദികളും അവരുടെ കൂട്ടാളികളും നടത്തുന്ന ഈ ഗൂഢാലോചനകൾക്കും കുറ്റകരമായ പ്രവൃത്തികൾക്കുമെതിരെ ഏവരെയും ഉണർത്തിക്കൊണ്ട് ഇതിനെ ചെറുക്കണം.
ഈ സ്വയം നിയമിതരായ ലോകപോലീസിനെതിരെ ശബ്ദമുയർത്താനും, വെനസ്വേലൻ ജനതയ്ക്ക് അവരുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഞങ്ങൾ എല്ലാ രാജ്യങ്ങളിലെയും സാമ്രാജ്യത്വവിരുദ്ധരും സമാധാനകാംക്ഷികളുമായ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. വെനസ്വേലയിലും മറ്റ് രാജ്യങ്ങളിലുമുള്ള യുഎസ് തന്ത്രങ്ങളെ ശക്തമായി എതിർക്കണമെന്നും, കടുത്ത അനീതിക്കും മരണത്തിന്റെ വ്യാപാരികൾക്കുമെതിരായ സ്വന്തം പോരാട്ടത്തിന്റെ ഭാഗമായി ഇതിനെ കണക്കാക്കണമെന്നും ഞങ്ങൾ യുഎസ് ജനതയോട് അഭ്യർത്ഥിക്കുന്നു. ആ തത്വത്തിനൊപ്പം നിലകൊള്ളുക എന്നതാണ് ഇന്ന് എല്ലാ സാർവ്വദേശീയവാദികളുടെയും അടിയന്തര കർത്തവ്യം.
