മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ട ചൈനയിൽ ജനങ്ങൾ അഭിശപ്തമായ ജിവിതസാഹചര്യമാണ് നേരിടുന്നത്. സോഷ്യലിസത്തില്‍ പരിഹരിക്കപ്പെട്ടിരുന്ന ജനങ്ങളുടെ അടിസ്ഥാന ജിവിതപ്രശ്നങ്ങളെല്ലാം, പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും മുതലാളിത്ത ചൈനയിൽ തിരികെ എത്തിയിരിക്കുന്നു. സോഷ്യലിസത്തിൽ സൗജന്യമായിരുന്ന ചികിത്സയും വിദ്യാഭ്യാസവും ജനങ്ങൾക്ക് താങ്ങാനാവാത്തവിധം ചെലവേറിയതായിരിക്കുന്നു. മുതലാളിത്തത്തിന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ചൈനയിലെ അനുഭവങ്ങള്‍ മാനവരാശിയെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
“…സമയം പുലർച്ചെ നാലുമണിയാണെങ്കിലും ഈ കവല അത്ര ശാന്തമല്ല. തുറന്നിരിക്കുന്ന തട്ടുകടകളിൽനിന്നുള്ള വെളിച്ചം രാത്രിയെ പകലാക്കുന്നു. ആളുകൾ-അധികവും പുരുഷന്മാർ- അവിടവിടെയായി കൂട്ടംകൂടി നിൽക്കുന്നുണ്ട്. എല്ലാവരും എന്തോ കാത്തിരിക്കുകയാണ്. സമയം ഏതാണ്ട് നാലര ആയപ്പോഴേക്കും സൂര്യന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി. ആളുകളുടെ കാത്തിരിപ്പ് എന്തിനായിരുന്നുവെന്ന് അപ്പോഴാണ് വ്യക്തമാകുന്നത്. പണിക്ക് ആളെ തേടിവരുന്ന കോൺട്രാക്ടർമാർ വന്ന് അന്നത്തെ കൂലി വിളിച്ചുപറഞ്ഞു തുടങ്ങുകയായി. “170 യുവാൻ..! 180 യുവാൻ!”(ഏതാണ്ട് 25 ഡോളർ വരും). തൊഴിലാളികൾ അവര്‍ക്കു ചുറ്റുംകൂടി. നിർമ്മാണ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഒഴിക്കുന്നത്, വെള്ളം കുപ്പിയിൽ നിറയ്ക്കുന്നത്, കെട്ടിടങ്ങൾ വൃത്തിയാക്കുന്നത് എന്നിങ്ങനെ പോകുന്നു പണികൾ. തൊട്ടടുത്തുള്ള വിലകുറഞ്ഞ ഡോർമിറ്ററികളിൽനിന്നും വീണ്ടും വീണ്ടും മനുഷ്യർ വന്നുകൊണ്ടിരിക്കുന്നു- പുരുഷന്മാരും സ്ത്രീകളും. സൂര്യൻ ഉദിച്ചുയരുമ്പോഴേക്കും കിഴക്ക് ടൗണിന്റെ പുറംപ്രദേശത്തുള്ള ഈ കവല ആളുകളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞിരുന്നു.
ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ പ്രധാന തൊഴിൽ കമ്പോളമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആൾക്കാർ ഒരു ദിവസത്തെ കൂലിപ്പണിക്കായി ഇവിടെ എത്തിച്ചേരുന്നു. ചില ഭാഗ്യവാന്മാരെ മിനിവാനിൽ കയറ്റിക്കൊണ്ടുപോകും. പലപ്പോഴും പണിക്കാവശ്യമായ തൊപ്പിയും സാമഗ്രികളും അവർ തന്നെ കരുതണം. ഭാഗ്യംകെട്ടവർ അടുത്ത കോൺട്രാക്ടറെയും കാത്തിരിക്കും, അല്ലെങ്കിൽ തിരിച്ചുപോകും. എട്ടു മണിയാകുമ്പോഴേക്കും തിരക്കൊഴിയും.
സാമ്പത്തിക മേഖലയിലെ മന്ദത, വലിയ തൊഴിൽ നഷ്ടം മാത്രമല്ല സൃഷ്ടിച്ചിരിക്കുന്നത്. മാർക്കറ്റിലും ആളുകൾ വീടുകളെന്ന് വിളിക്കുന്ന താൽക്കാലിക ഷെഡ്ഢുകളിലുമൊക്കെ അത് പ്രകടമാണ്. 3 ഡോളറിന് മുറി ലഭ്യമാണെന്ന പരസ്യങ്ങൾ ടെലിഫോൺ പോസ്റ്റുകളിൽപ്പോലും യഥേഷ്ടം ഉണ്ടായിരിക്കെ കടവരാന്തയിലും തെരുവുകളിലും ഉറങ്ങുന്ന മനുഷ്യർ അനവധിയാണ്.
“ആർക്കെങ്കിലും അഭിനയിക്കണോ?” ഒരു കോൺട്രാക്ടർ വിളിച്ച് ചോദിക്കുന്നു. അയാൾക്ക് വേണ്ടത് 16നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ്. എക്സ്ട്രാ നടികളെയാണ് അന്വേഷിക്കുന്നത്. അയാൾക്ക് ചുറ്റും ഉടനടി ഒരാൾക്കൂട്ടം കൂടി. “എത്ര കൊടുക്കും?” “14 ഡോളർ.” “എത്ര നേരത്തെ പണി?” “3 മണിക്കൂർ.” “സൈറ്റിലേക്ക് തന്നെ പോകണോ?” “പോകണം.” പല സ്ത്രീകളും അത് മുതലാവില്ല എന്നു പിറുപിറുത്ത് തിരിച്ചു നടന്നു? കോൺട്രാക്ടർ ചുമൽ വെട്ടിച്ച് അടുത്ത സ്ഥലത്തേക്കുപോയി.
തിരിച്ചുനടന്ന സ്ത്രീകളിൽ ഒരാൾ വാങ് ലിയുവാൻ ആയിരുന്നു. ഊർജ്ജസ്വലതയോടുള്ള സംസാരവുമായി യുവത്വം പ്രസരിപ്പിക്കുന്ന പ്രകൃതമായിരുന്നുവെങ്കിലും ലിയുവിന് പ്രായം 43 കഴിഞ്ഞിരുന്നു. കോൺട്രാക്ടറുടെ കണക്കിൽ അവർക്ക് പ്രായം കടന്നു പോയിരുന്നു. “40 വയസ് പിന്നിടുമ്പോഴേക്കും നമ്മളൊക്കെ വിരമിച്ചു കഴിഞ്ഞു”, നിരാശയോടെ അവൾ പറഞ്ഞു. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലായിരുന്നു ലിയുവിന് ജോലി. അത് നഷ്ടപ്പെട്ടത് പ്രായം കൂടിപ്പോയതുകൊണ്ടാണ്. അതിനുശേഷം 2022 മുതൽ ഇവിടെ വരുന്നു. ഇന്നിപ്പോൾ ഒരു പുതിയ ജോലി കിട്ടാനും തടസ്സം പ്രായം തന്നെ. ഫാക്ടറിയിൽ വർഷങ്ങളോളം ജോലി ചെയ്തതു കാരണം കുറച്ച് അധികം നിൽക്കുമ്പോൾ കാൽപാദങ്ങളിൽ അസഹനീയമായ വേദനയാണ്. അവർ യുപി സ്കൂൾ പോലും കഴിഞ്ഞിട്ടില്ല. എന്നാൽ ജോലി അന്വേഷിച്ചു വരുന്ന ചെറുപ്പക്കാരെല്ലാം ഹൈസ്കൂൾ കഴിഞ്ഞവരാണ്. “ഇപ്പോൾ നിർമ്മാണ പ്രവർത്തനത്തിനുപോലും അവർ തിരഞ്ഞ് ബോധിച്ച ആളെ മാത്രമേ എടുക്കൂ. നിങ്ങൾ നല്ല പണിക്കാരൻ ആണോ, പെട്ടെന്ന് കാര്യങ്ങൾ ചെയ്യാമോ, എന്നൊക്കെ അറിയണം”, കിഴക്കൻ പ്രവിശ്യയായ ഹൈലോങ് ജിയാംഗിൽ നിന്നുവന്ന മിസ് വാങ് പറയുന്നു. “ആഴ്ചയിൽ നാലോ അഞ്ചോ ദിവസമാണ് പണി കിട്ടുന്നത്. നല്ല ദിവസം ആണെങ്കിൽ 25 ഡോളർ വരെ കിട്ടും. മുൻ വർഷങ്ങളിൽ കൂലി കൂടുതലുണ്ടായിരുന്നു. എന്നുമാത്രമല്ല, ഭക്ഷണവും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ പണത്തിന് ഞെരുക്കം ആയതുകാരണം മെഡിക്കൽ ഇൻഷുറൻസും പെൻഷൻ പങ്കും അടയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.” സ്വന്തം മകന് ചിലവിനുള്ള തുക നൽകാനും അവർക്ക് ഇപ്പോൾ സാധിക്കാറില്ല. 13കാരനായ അവൻ, വാങിന്റെ മാതാപിതാക്കളോടൊപ്പം നാട്ടിലാണ് താമസം. മകന് ഒരു നല്ല ജീവിതം ഉണ്ടാകുമെന്ന് ഒരിക്കൽ ഞാൻ വിശ്വസിച്ചിരുന്നു. ഒരുകാലത്ത് വിദ്യാഭ്യാസവും ചികിത്സയും എല്ലാം സൗജന്യമായിരുന്നു. ഇപ്പോൾ അതെല്ലാം കച്ചവടമാണ്…”
(2025 ആഗസ്റ്റ് 25ന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിക്കുകയും ടെലഗ്രാം പിറ്റേന്ന് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ലേഖനത്തിൽ നിന്ന്)
ഇതിലും ഭീകരമാണ് യാഥാർത്ഥ്യം
ചൈനയിലെ തൊഴിൽ സാഹചര്യത്തിന്റെ ഒരറ്റം മാത്രമാണ് നാം കണ്ടത്. ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 21.3% ആണ്. വിവിധ മേഖലകളിൽ വ്യാപകമായി തൊഴിൽ നഷ്ടവും പിരിച്ചുവിടലും നേരിടുമ്പോൾ, ഈ വർഷം പുറത്തിറങ്ങുന്ന 1.2കോടിയോളം സർവ്വകലാശാല ബിരുദധാരികൾ ഇന്നേവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ് നേരിടുന്നത്. ടെസ്‌ല, ഐബിഎം പോലുള്ള കമ്പനികളും ഈയിടെ തസ്തികകൾ വെട്ടിച്ചുരുക്കി. നഗരപ്രദേശങ്ങളിൽ യുവാക്കളുടെയിടയിലെ തൊഴിലില്ലായ്മ നിരക്ക് ഈ ജൂലൈയിൽ 17.17% ആയിരുന്നു. ഗ്രാമങ്ങളിൽ ഇതിലും എത്രയോ അധികമായിരിക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 21.3% ആയതിനുശേഷം ആ കണക്കുകൾ പുറത്തുവിടുന്നത് ചൈന നിർത്തിവെച്ചിരിക്കുകയാണ്. കോടിക്കണക്കിന് ബിരുദധാരികൾ വളരെ കുറഞ്ഞ കൂലിക്ക് പണിയെടുക്കാനോ അല്ലെങ്കിൽ തങ്ങളുടെ രക്ഷിതാക്കളുടെ ചെലവിൽ ജീവിക്കാനോ നിർബന്ധിതരാകുന്നു. ഇങ്ങനെ, “വാലിന്മേൽ തൂങ്ങുന്ന കുട്ടികൾ” എന്നറിയപ്പെടുന്ന ഒരു പുതിയ തൊഴിലാളി വിഭാഗം ചൈനയിൽ രൂപപ്പെട്ടു വന്നിരിക്കുന്നു. ചൈനീസ് സോഷ്യൽ മീഡിയയിലെ പുതിയ പദപ്രയോഗമാണിത്. ചൈന ഒരു സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ ഇന്ത്യയിലെ ചില വമ്പൻ മുതലാളിമാരെപ്പോലെ ചൈനയിലെ കുത്തക മുതലാളിയായ ഓക് മാ പറയുന്നത് ആളുകൾ ആഴ്ചയിൽ ആറു ദിവസവും 12 മണിക്കൂർ പണിയെടുക്കണം എന്നാണ്.
ഇത് ഒരു സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ ലക്ഷണമാണോ ? തീർച്ചയായും അല്ല. മാവോ സേ തുങിന്റെ കാലത്ത് സോഷ്യലിസ്റ്റ് ചൈന തൊഴിൽ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചിരുന്നു. എല്ലാവർക്കും മതിയായ കൂലിയോടു കൂടി സ്ഥിര ജോലി ഉണ്ടായിരുന്നു. അധ്വാനമാണ് സമ്പത്തെല്ലാം സൃഷ്ടിക്കുന്നതെന്ന മാർക്സിസം-ലെനിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ തൊഴിലാളികൾക്കും കർഷകർക്കും ഇടയിൽ എത്തിക്കാൻ അന്ന് ചൈനയ്ക്ക് സാധിച്ചിരുന്നു. “ഒരു ഫാക്ടറി എന്നത് മുഴുവൻ തൊഴിലാളികളുടെയും പൊതുസ്വത്താണ്. അവിടെ ശമ്പളം നിശ്ചയിക്കുന്നത് ഭരണകൂടമാണ്. ശമ്പളത്തിലുള്ള അന്യായമായ അന്തരം ഒഴിവാക്കാനുള്ള നടപടികളിലാണ് ഞങ്ങൾ. 1949ലെ വിമോചനം തൊഴിലാളികൾക്ക് സ്വർഗ്ഗത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് ”, എന്നാണ് സോഷ്യലിസ്റ്റ് ചൈനയിലെ ഒരു ടെക്സ്റ്റൈൽ തൊഴിലാളി 1958ൽ പറഞ്ഞത്. (Daily life in revolutionary China – Maria Macciochi)
ചൈന സോഷ്യലിസത്തിൽനിന്ന് മുതലാളിത്തത്തിലേക്ക് തിരിഞ്ഞു നടക്കുന്നു
മാവോ സേ തുങ്ങിന്റെ നേതൃത്വത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റുകൾ പൊരുതിയത് ഒരു സ്വതന്ത്ര, സമത്വപൂർണമായ സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന(സിപിസി)ക്ക് അകത്തുനിന്ന് തന്നെ ആ ലക്ഷ്യം തകിടം മറിച്ചിരിക്കുകയാണ്. 1960ൽ തന്നെ ലിയു ഷാവോചിയും ഡെങ് സിയാവോപിങ്ങും ചൈനീസ് പാർട്ടി നേതൃത്വത്തിൽ ഭൂരിപക്ഷം കരസ്ഥമാക്കിക്കൊണ്ട് മാവോയെയും അനുയായികളെയും അവഗണിക്കാൻ തുടങ്ങിയിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയെ അട്ടിമറിച്ച്, സിപിസിയുടെ പാർട്ടി ഭരണത്തിന് കീഴിൽതന്നെ മുതലാളിത്തം പുനഃസ്ഥാപിക്കുക യായിരുന്നു ഇവരുടെ ലക്ഷ്യം. മാവോ ഇത് നേരത്തെ തിരിച്ചറിയുകയും അത് തടയാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ പ്രത്യയശാസ്ത്ര – ദാർശനിക – സാംസ്കാരിക സമരം അവഗണിച്ചത് കാരണം അത് ഉള്ളിൽ നിന്നുതന്നെ ആക്രമിക്കപ്പെട്ടേക്കാം എന്ന് തന്റെ അവസാന നാളുകളിൽ സ്റ്റാലിൻ തിരിച്ചറിഞ്ഞിരുന്നു എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ 19-ാം പാർട്ടി കോൺഗ്രസിന്റെ റിപ്പോർട്ടിൽ അദ്ദേഹം പറയുന്നു: “പ്രത്യയശാസ്ത്ര സമരത്തിന്റെ പ്രാധാന്യം കുറച്ചു കാണുന്ന പ്രവണത നാം അടിയന്തരമായി അവസാനിപ്പിക്കണം; പ്രത്യയശാസ്ത്രപരമായ തെറ്റുകളെയും വ്യതിചലനങ്ങളെയും ഉദാര മനോഭാവത്തോടെ കാണുന്ന പ്രവണതയെ ചെറുത്തു തോൽപ്പിച്ചേ മതിയാവൂ. നമ്മുടെകേഡർമാരുടെ രാഷ്ട്രീയവും ആശയപരവുമായ പരിശീലനം ചിട്ടയായി നടത്തുകയും അവ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സോവിയറ്റ് ജനതയെ കമ്മ്യൂണിസം പഠിപ്പിക്കാൻ നമ്മുടെ കൈയിലുള്ള എല്ലാ പ്രചാരണ സാമഗ്രികളും സമരപരിപാടികളും മാധ്യമങ്ങളും ഉപയോഗപ്പെടുത്തണം.” സഖാവ് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് സോഷ്യലിസം നേരിട്ട വൻ തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് സഖാവ് മാവോ ഇപ്രകാരം മുന്നറിയിപ്പ് നൽകുകയുണ്ടായി: “ചൈനയിൽ ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ ഏറെക്കുറെ നടപ്പിലായിട്ടുണ്ട്… എന്നാൽ അധികാര മുതലാളിമാരും ഭൂപ്രഭുക്കളും ഇന്നും നമുക്കിടയിൽ തന്നെയുണ്ട്… പെറ്റി ബൂർഷ്വാ വർഗ്ഗത്തിന്റെ പരിണാമം തുടങ്ങിയിട്ടേയുള്ളൂ… വർഗ്ഗസമരം കഴിഞ്ഞിട്ടില്ല – പ്രത്യയശാസ്ത്ര മേഖലയിലെ വർഗ്ഗസമരം ദുഷ്കരവും വളരെ ദീർഘമായതുമായിരിക്കും… ചിലപ്പോൾ അതിനിയും രൂക്ഷമായേക്കും… സോഷ്യലിസമോ മുതലാളിത്തമോ എന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.”(On the correct handling of contradictions among the people, 27 February 1957) ലോക വിപ്ലവത്തിന് വൻ ഭീഷണി സൃഷ്ടിക്കുന്ന ആധുനിക തിരുത്തൽ വാദത്തെ നേരിടാൻ 1966ൽ മാവോ ചൈനയിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സാംസ്കാരിക വിപ്ലവത്തിന് പ്രാരംഭം കുറിക്കുകയുണ്ടായി. സോഷ്യലിസത്തെ ഉള്ളിൽനിന്ന് തകർക്കാൻ ശ്രമിക്കുന്ന തിരുത്തൽവാദികളുടെയും കപട മാർക്സിസ്റ്റുകളുടെയും കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ സാധാരണക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മാവോയുടെ സാംസ്കാരിക വിപ്ലവത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു. 1962ൽ മാവോ പറഞ്ഞു: “തൊഴിലാളിവർഗ്ഗ ജനാധിപത്യം പൂർണമായും നടപ്പിലാക്കി സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടാൽ നമ്മളും യുഗോസ്ലാവിയയെ പോലെ ആയിത്തീരും – അതിന്ന് സത്യത്തിൽ ഒരു മുതലാളിത്ത രാജ്യമാണ്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ഏറ്റവും പിന്തിരിപ്പനായ ഒരു ഫാസിസ്റ്റ്, ബൂർഷ്വാ ഭരണമായി പരിണമിക്കും. ഇക്കാര്യത്തിൽ നാം വളരെയധികം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.”(പീക്കിംഗ് റിവ്യൂ, നമ്പർ 27, ജൂലൈ 7 1978)
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപക ജനറൽ സെക്രട്ടറിയും സമുന്നത മാർക്സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ‌്ദാസ് ഘോഷ് ഇതേക്കുറിച്ച് പറഞ്ഞത്, “സാംസ്കാരിക വിപ്ലവം മാർക്സിസം-ലെനിനിസത്തിന്റെ ദൃഷ്ടിയിൽ നോക്കുമ്പോൾ തികച്ചും ശാസ്ത്രീയമാണ്. സിപിസി ഇത് നടത്തുന്ന രീതി വളരെ പ്രാധാന്യമുള്ളതും ഗംഭീരവുമാണ്. വിപ്ലവത്തിനായി സ്വയം സമർപ്പിച്ചിട്ടുള്ള, ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകൾക്ക് ഇതിൽനിന്നും ഒരുപാട് പഠിക്കാനുണ്ട്” എന്നാണ്. സാംസ്കാരിക വിപ്ലവത്തിന്റെ ആദ്യകാലത്തെ വിജയത്തിനുശേഷം മാവോ സേ തുങ് പറഞ്ഞു, “നമ്മൾ മഹത്തായ ഒരു വിജയം നേടി. എന്നാൽ പരാജയപ്പെട്ട വർഗ്ഗം അവരുടെ പരിശ്രമം തുടർന്നുകൊണ്ടേ യിരിക്കും. അതിലെ അംഗങ്ങൾ ഇപ്പോഴും നമുക്കിടയിലുണ്ട്. ആ വർഗ്ഗവും നിലനിൽക്കുന്നു. അതിനാൽ അന്തിമ വിജയത്തെക്കുറിച്ച് സംസാരിക്കാറായിട്ടില്ല. അതിനിയും പതിറ്റാണ്ടുകൾ എടുത്തേക്കും. അത്രയും നാം ജാഗരൂകരായിരുന്നേ മതിയാകൂ.” (15 ഏപ്രിൽ 1969, സെലക്ടഡ് റീഡിങ്സ്)
സാംസ്കാരിക വിപ്ലവത്തിന്റെ ലക്ഷ്യത്തെയും അവരുടെ രീതികളെയും പൂർണ്ണമായും അംഗീകരിക്കവെതന്നെ അതിന്റെ ചില ന്യൂനതകൾ സഖാവ് ഘോഷ് ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യലിസ്റ്റ് സമൂഹത്തിൽ അതിന്റെ ലക്ഷ്യത്തിനുതകാത്ത, തൊഴിലാളികൾക്കിടയിൽ വ്യക്തിവാദത്തിനും അവസരവാദത്തിനും ഇടകൊടുക്കുന്ന, പുതിയ വ്യക്തിവാദത്തിന്റെയും സാമ്പത്തികവാദത്തിന്റെയും സവിശേഷതകൾ സാംസ്കാരിക വിപ്ലവത്തിന് ചൂണ്ടിക്കാട്ടാൻ സാധിച്ചില്ല എന്നായിരുന്നു അതിൽ പ്രധാനം. കൂടാതെ, “ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് തന്റെ വ്യക്തി താൽപര്യങ്ങൾ പൂർണമായും സോഷ്യലിസ്റ്റ് സമൂഹത്തിന്റെ താൽപര്യങ്ങളുമായി താദാത്മ്യപ്പെടുത്താനുള്ള തീക്ഷ്ണമായ സമരം ഏറ്റെടുക്കേണ്ടതുണ്ട്. ഇത്തരം ദൗർബല്യങ്ങളെയും ന്യൂനതകളെയും നേരത്തെ തിരിച്ചറിയാനും അതിനെതിരെ പ്രത്യയശാസ്ത്രസമരം ആരംഭിക്കാനും നേതൃത്വത്തിന് സാധിച്ചില്ലെങ്കിൽ, മാവോയുടെയും ഇപ്പോഴത്തെ നേതൃത്വത്തിന്റെയും കാലശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തിരുത്തൽവാദം ശക്തിയാർജിക്കും, സോവിയറ്റ് യൂണിയനിൽ സംഭവിച്ചതുപോലെ.”
(തിരഞ്ഞെടുത്ത കൃതികൾ, വാല്യം 1)
ചൈനയിലെ പ്രതിവിപ്ലവം 2004ൽതന്നെ പൂർണമായി
മാവോയുടെ കാലശേഷം കൃത്യമായും അതുതന്നെ സംഭവിച്ചു. ഡെങ് സിയാവോ പിങ് അധികാരത്തിലേറി യഥാർത്ഥ വിപ്ലവകാരികളെ ജയിലിൽ അടച്ചു, പലരെയും വധിച്ചു കളഞ്ഞു, എതിർ ശബ്ദങ്ങളെ അടിച്ചമർത്തി. കൂട്ടുകൃഷിക്കളങ്ങളും പൊതുഉടമസ്ഥതയിലുള്ള ഫാക്ടറികളും രാഷ്ട്രീയപാഠശാലകളും നശിപ്പിച്ചു. മാവോ സെ തുങിന്റെ ചിന്തകൾ ചർച്ച ചെയ്യുന്നതും പിന്തുടരുന്നതും ചൈനയിൽ നിരോധിച്ചു. സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ, ചൈനീസ് രീതിയിലുള്ള സോഷ്യലിസം എന്നിങ്ങനെ പറഞ്ഞുകൊണ്ട് ചൈനയെ മുതലാളിത്ത പാതയിലേക്ക് തെളിച്ചു. കമ്പോള സമ്പദ്‌വ്യവസ്ഥ മുതലാളിത്തത്തിന്റെ സവിശേഷതയാണ്. അതെങ്ങനെയാണ് സോഷ്യലിസത്തിൽ വരുന്നത്? അതുപോലെ, സോഷ്യലിസം എന്നത് ശാസ്ത്രീയ സത്യത്തിന്റെ അടിസ്ഥാനത്തിലുള്ള സാർവലൗകികമായ ഒരു പ്രതിഭാസമാണ്. അതെങ്ങനെ ചൈനയിൽ മാത്രമായി വേറെയാകും?
90കളുടെ അവസാനത്തിൽതന്നെ, മുതലാളിത്തം ചൈനയിൽ പിടിമുറുക്കുന്നതനുസരിച്ച്, സാമ്പത്തിക അന്തരം വർധിക്കുവാൻ തുടങ്ങി. മുതലാളിമാരും ഉദ്യോഗസ്ഥപ്രഭുക്കളും പാർട്ടി നേതാക്കന്മാരും കൈയേറ്റക്കാരും ഒരു ഭാഗത്തും വലിയൊരു വിഭാഗം ജനങ്ങൾ മറുഭാഗത്തുമായി വർഗ്ഗസമരം രൂക്ഷമായി. സാമൂഹ്യ സംഘർഷങ്ങൾ കുറയ്ക്കാനായി സിപിസി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിങ്ങനെയുള്ള പുതിയ മുദ്രാവാക്യങ്ങളുമായി വന്ന് ജനങ്ങളെ കബളിപ്പിക്കുന്നത് തുടർന്നു.
മാർക്സിസം-ലെനിനിസം-ശിബ്‌ദാസ് ഘോഷ് ചിന്തകളുടെ വെളിച്ചത്തിൽ ചൈനീസ് സംഭവവികാസങ്ങൾ സശ്രദ്ധം വീക്ഷിച്ചു വരികയായിരുന്ന നമ്മുടെ പാർട്ടി, ചൈനയിൽ മാവോ ചിന്തകളിൽനിന്നുള്ള വ്യതിചലനവും മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കും മുൻകൂട്ടി മനസ്സിലാക്കി. മാർച്ച് 2004ന് എസ്‌യു സിഐ(കമ്മ്യൂണിസ്റ്റ് ) കേന്ദ്രകമ്മിറ്റി ഇപ്രകാരം നിഗമനത്തിൽ എത്തി, ചൈനയിൽ പ്രതിവിപ്ലവം വളരെ നിശബ്ദമായി നടന്നു കഴിഞ്ഞു. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലും ഭരണത്തിലും രാഷ്ട്രീയത്തിലും സംസ്കാരത്തിലും മുതലാളിത്തം പൂർണമായും പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.
നാം ശ്രദ്ധിച്ച പ്രധാന കാര്യങ്ങൾ ഇവയാണ്. ഒന്ന്, വ്യക്തിപരവും സ്വകാര്യവുമായ വാണിജ്യ താൽപര്യങ്ങളെ ഭരണകൂടം സംരക്ഷിക്കുന്നു. രണ്ട്, വ്യക്തികൾക്ക് ലാഭമുണ്ടാക്കാനുള്ള അവകാശത്തിന് ഭരണകൂടത്തിന്റെ പൂർണമായ പിന്തുണയുണ്ട്. മൂന്ന്, സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ പ്രധാനഭാഗമായി അവർ സ്വകാര്യ സംരംഭങ്ങളെ കാണുന്നു. നാല്, മാർക്സിസം-ലെനിനിസം മാവോ ചിന്തകളുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുന്നു. അഞ്ച്, തൊഴിലാളിവർഗ്ഗ സർവ്വദേശീയതയിൽ നിന്നും ഒഴിഞ്ഞുമാറുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാമ്രാജ്യത്വവിരുദ്ധ, കോളനി വിരുദ്ധ, പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നില്ല. ആറ്, തൊഴിലാളിവർഗ്ഗ പാർട്ടി എന്നതിൽനിന്നും മുഴുവൻ ജനങ്ങളുടെയും പാർട്ടി എന്നാക്കി പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു.
ഇതേത്തുടർന്ന് ചൈന ഒരു സാമ്രാജ്യത്വ ശക്തിയായി മാറിയിരിക്കുന്നതിന്റെ തെളിവുകൾ രാജ്യത്തിനകത്തുനിന്നും അന്താരാഷ്ട്ര തലത്തിലും പുറത്തു വന്നുകൊണ്ടിരിക്കുന്നു. തൊഴിൽ സാഹചര്യം അതിന്റെ പ്രതിഫലനമാണ്. വിലനിലവാരം, സോഷ്യലിസത്തിൽ സോവിയറ്റ് യൂണിയനിൽ കണ്ടതുപോലെ താഴോട്ട് പോകുന്നില്ല. മറിച്ച് കൂടിക്കൊണ്ടിരിക്കുന്നു. സോഷ്യലിസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തൊഴിലവകാശങ്ങൾ ചോദിച്ചുകൊണ്ടുമുയരുന്ന ജനകീയ സമരങ്ങളെ ചൈനീസ് ഗവൺമെന്റ് അടിച്ചമർത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ചൈനയുടെ മൊത്തം വിദേശ നിക്ഷേപം – കമ്പനികളിലും സ്റ്റാർട്ടപ്പുകളിലുമുള്ള നിക്ഷേപങ്ങൾ അടക്കം – 744 ബില്യൺ ഡോളറിൽ നിന്ന് രണ്ട് ട്രില്യൺ ഡോളറായി വളർന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് സീ ജിൻ പിങ് ജനങ്ങളെ കബളിപ്പിക്കാൻ ഇടയ്ക്കിടെ സോഷ്യലിസം എന്ന് ഉരുവിടുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യവുമായി ഇതിന് പുലബന്ധം പോലുമില്ല. ഇന്ത്യയിലാകട്ടെ സിപിഐയും സിപിഐ(എം)ഉം സിപിഐ(എംഎൽ)ന്റെ പല കഷണങ്ങളും ഇപ്പോഴും പറയുന്നത് ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്നാണ്. കമ്മ്യൂണിസ്റ്റ് എന്ന പേര് സിപിസിയിൽ ഇപ്പോഴും ഉണ്ടെന്നതു കാരണവും കമ്മ്യൂണിസ്റ്റ് പദാവലികൾ ഉപയോഗിക്കുന്നു എന്നതിനാലും ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന പല പാർട്ടികളും പറയുന്നത് ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് എന്നാണ്.
എന്നാൽ ചൈനയിലെ ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. മാവോയുടെ പേരും ആശയങ്ങളും തുടച്ചുനീക്കാൻ റിവിഷനിസ്റ്റ് നേതൃത്വം കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ജനങ്ങളിൽ വലിയൊരു വിഭാഗം മാവോയെ ആദരിക്കുന്നവരും അദ്ദേഹത്തെ നേതാവായി അംഗീകരിക്കുന്നവരുമാണ്. ഈയിടെ മാവോയുടെ ചിത്രം ഉയർത്തിപ്പിടിച്ച് ചൈനയിൽ നടന്ന ഒരു റാലി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ പൊരുതുന്ന തൊഴിലാളികളോടും ലക്ഷക്കണക്കിന് വരുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിപ്ലവ ചിന്തകളാൽ പ്രചോദിതരായി അവർ സംഘടിക്കുമെന്നും തിരുത്തൽ വാദികളെ തോൽപ്പിച്ച് ചൈനയിൽ വീണ്ടും സോഷ്യലിസം സ്ഥാപിക്കുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.
