SIR വോട്ടവകാശം നിഷേധിക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം

sir-jpg.webp
Share

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് ഭീതിയാൽ നെട്ടോട്ടമോടുകയാണ്. എസ്ഐആർ എന്ന ഓമനപ്പേരിൽ വോട്ടേഴ്സ് ലിസ്റ്റിന്റെ തീവ്ര പുനഃപരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നതാണ് കാരണം. എസ്ഐആര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൈവശമില്ലാത്തതുകൊണ്ട് സാധാരണപൗരന്മാരുടെയും ജോലിസമ്മര്‍ദ്ദം താങ്ങാനാകാതെ കേരളത്തിലുള്‍പ്പെടെ ബിഎല്‍ഒമാരുടെയും ആത്മഹത്യകൾ ഇതിനകം റിപ്പോര്‍ട്ടുചെയ്യപ്പെട്ടുകഴിഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ നിഷ്പക്ഷനാട്യങ്ങളും കളഞ്ഞ് ഫലത്തിൽ ഭരണകക്ഷിയുടെ ഭാഗം പോലെ പ്രവർത്തിക്കുകയാണ്. അവരുടെ തിട്ടൂരങ്ങൾക്ക് വഴങ്ങാത്തവരെയൊക്കെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാനാണ് ശ്രമം. ബീഹാറിനുശേഷം ഇനി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 52 കോടി ജനങ്ങൾ തികച്ചും അപകടകരവും അസംബന്ധം നിറഞ്ഞതുമായ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുകയും മറ്റ് അനുബന്ധ രേഖകൾ ഹാജരാക്കുകയും വേണം. ഡിസംബർ നാലിനു മുൻപ് ഈ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ തുടരാൻ അർഹതയുള്ളൂ. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടാവുക എന്നാൽ ഇന്ത്യൻ പൗരൻ ആയിരിക്കുക എന്നർത്ഥം. അഥവാ അവരുടെ പൗരത്വംതന്നെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. സാധാരണക്കാർ നിത്യജീവിതം നയിക്കാൻ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അവർക്ക് മുകളിൽ ഡെമോക്ളിസിന്റെ വാളുപോലെ പൗരത്വപ്രശ്നം തൂങ്ങിനിൽക്കു ന്നത്.


വോട്ടേഴ്സ് ലിസ്റ്റ് പുതുക്കാൻ ഇതുവരെ പിന്തുടർന്ന പ്രക്രിയ എന്താണ്?


വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നത് എല്ലാവർഷവും ചെയ്യുന്ന കാര്യമാണ്. എല്ലാവർഷവും പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുകയും മരിച്ചുപോയവരെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ പുതുക്കിയ ലിസ്റ്റ് എല്ലാവർഷവും ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിനിടയിൽതന്നെ തിരുത്താനും കൂട്ടിച്ചേർ ക്കാനും ഒഴിവാക്കാനും  അവസരങ്ങൾ ഉണ്ടുതാനും. ഏതൊരു വ്യക്തിക്കും സംഘടനകൾക്കും ഇത്തരം ലിസ്റ്റുകളെക്കുറിച്ച് പരാതികൾ ഉന്നയിക്കുകയും ചെയ്യാം. മൂന്ന് തരത്തിലുള്ള പരിശോധനയാണ് വോട്ടർ പട്ടികയിൽ നടത്തുന്നത്. തീവ്രമായ അവലോകനം(ഇന്റൻസീവ് റിവിഷൻ), ചുരുക്കത്തിലുള്ള അവലോകനം(സമ്മറി റിവിഷൻ), നിരന്തരമായ അവലോകനം(കണ്ടിന്യൂസ് റിവിഷൻ) എന്നിവയാണവ. അവസാനത്തെ വോട്ടർപട്ടികയുമായി ഉദ്യോഗസ്ഥർ വീട് വീടാന്തരം കയറിയിറങ്ങി പേരുകൾ പരിശോധിക്കുകയും മരിച്ചുപോയവരെയും സ്ഥലം മാറിപ്പോയവരെയും നീക്കുകയുംചെയ്യും. 2002ലെ പരിശോധനക്കാലത്തു പോലും രേഖകൾ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. പുതിയ വോട്ടർമാരെ ചേർക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിക്കുകയും ജനന സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും അടിസ്ഥാനത്തിൽ ആളുകളെ ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തേതുപോലുള്ള പ്രത്യേക തീവ്രപരിഷ്ക്കരണ പരിപാടി ഇതിനുമുൻപ് ഉണ്ടായിട്ടില്ല. 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത എല്ലാവരും പുതിയ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുകയും പുതിയ രേഖകളും ഫോട്ടോയും സമർപ്പിക്കുകയും വേണം. അതിന് സാധിക്കാത്തവരൊക്കെ വോട്ടർ പട്ടികയിൽനിന്ന് പുറത്താകും. ബീഹാറിൽ ഇതാണ് നടന്നത്. ഈ പ്രക്രിയ ഇനി മറ്റു സ്ഥലങ്ങളിലേക്കുംകൂടി വ്യാപിപ്പിക്കാനാണ് നീക്കം.


എസ്ഐആർ എന്തിനുവേണ്ടി?


കടുത്ത ഹിന്ദു വർഗീയവാദികളായ ബിജെപിക്ക് ഇപ്പോൾ ഉണ്ടായ ബോധോദയമാണ് – നമ്മുടെ വോട്ടർമാരിൽ വലിയൊരു പങ്കും വിദേശികളും അനധികൃത കുടിയേറ്റക്കാരും ആണെന്ന്. ഇങ്ങനെ അനധികൃതമായി കുടിയേറിയവരിൽ വലിയ പങ്കും മുസ്ലീങ്ങളും ബംഗ്ലാദേശികളും ആണെന്നാണ് ബിജെപി പറയുന്നത്. അത്തരക്കാരെ തിരിച്ചറിഞ്ഞ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് എസ്ഐആറിന്റെ ലക്ഷ്യം.
ആർക്കാണ് വോട്ടവകാശം ഉള്ളത്? 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ പതിനാറാം അനുച്ഛേദം പറയുന്നത്, “ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ അവകാശം ഉണ്ടായിരിക്കില്ല” എന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് തയ്യാറാക്കേണ്ടത്. ഏതെങ്കിലും ഒരാളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടെന്നുപറഞ്ഞാൽ അതിനർത്ഥം അവർ ഇന്ത്യൻ പൗരന്മാരാണെന്നാണ്. എന്നാൽ 2003ല്‍ അടൽ ബിഹാരി വാജ്പേയിയുടെ ഗവൺമെന്റ് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു. 1987നു ശേഷം ജനിച്ചവരെ നേരിട്ട് ഇന്ത്യൻ പൗരന്മാരായി പരിഗണിക്കാനാവില്ല. സ്വന്തം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെന്ന രേഖ ഹാജരാക്കിയാൽ മാത്രമേ അവരെ പൗരന്മാരായി പരിഗണിക്കുകയുള്ളൂ. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അത്തരക്കാർക്ക് വോട്ടവകാശം ലഭിക്കണമെങ്കിൽ അവരുടെ മാതാപിതാക്കളിൽ ഒരാൾ 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കണമെന്നാണ്. ഈ ആവശ്യം 2003ലെ പൗരത്വ ഭേദഗതി നിയമത്തിന് സമാനമാണ്. 1955 ലെ പൗരത്വ നിയമത്തെ അടിമുടി മാറ്റുന്ന ഈ ഭേദഗതിയിലാണ് അനധികൃത കുടിയേറ്റക്കാർ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നതും ദേശീയ പൗരത്വ രജിസ്റ്റർ ഉറപ്പാക്കുന്നതിനുള്ള നിയമം വരുന്നതും. പൗരത്വം ജനനം വഴിയോ മാതാപിതാക്കൾ വഴിയോ രജിസ്ട്രേഷൻ വഴിയോ ലഭിക്കുന്നതിനെക്കുറിച്ചുള്ള നിയമങ്ങളും ഈ ഭേദഗതിയിലൂടെ മാറ്റി. അസമിലെ എൻആർസി പ്രക്രിയ എല്ലാവരും ഓർക്കുന്നുണ്ടാകും വോട്ടർപട്ടികയിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അധികൃതർ കണ്ടെത്തിയ 19 ലക്ഷം അനധികൃത കുടിയേറ്റ ക്കാരിൽ 12 ലക്ഷം പേരും ഹിന്ദുക്കളായിരുന്നു. ഇപ്പോൾ വീണ്ടും പൗരത്വ വിഷയം കുത്തിപ്പൊക്കി മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള ചട്ടങ്ങൾ മാറ്റിയത്. ഇത്രയും കാലം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചിരുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങിയ ഒരു കമ്മിറ്റിയായിരുന്നു. 2023ൽ ഈ ചട്ടം മാറ്റി, ചീഫ് ജസ്റ്റിസിന് പകരം ഒരു ക്യാബിനറ്റ് മന്ത്രി എന്നാക്കി. അതായത് ഗവൺമെന്റ് തീരുമാനിക്കുന്നയാളേ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവുകയുള്ളൂ. അങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗവൺമെന്റിന്റെ വെറും റബർ സ്റ്റാമ്പ് ആയി മാറി. വോട്ടർ പട്ടികയുടെ പുനഃപരിശോധനയ്ക്ക് എന്ന വ്യാജേന പൗരത്വം പരിശോധിക്കുന്ന പ്രക്രിയയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വരുന്ന വഴി ഇതാണ്. പൗരത്വം തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ല എന്നോർക്കണം.
വോട്ടർമാരെ ദ്രോഹിക്കുന്ന എസ്ഐആർ അപേക്ഷാ ഫോമിന്റെ കൂടെ നിർബന്ധമായും സമർപ്പിക്കേണ്ട രേഖകളുടെ ലിസ്റ്റ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഭൂമിയുടെ രേഖകൾ എന്നിങ്ങനെ 11 രേഖകളിൽ ഒന്ന് നിർബന്ധമായും ഉണ്ടാകണം. സുപ്രീംകോടതി വിധിയെത്തുടർന്ന് ആധാർ കാർഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എത്രപേരുടെ കൈവശം ഇത്തരം രേഖകൾ കാണും? എത്രപേരുടെ കൈവശം മാതാപിതാക്കളുടെ ജനന രേഖകൾ കാണും? പ്രളയം, ഭൂമികുലുക്കം, മലയിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമോ, തീപിടുത്തം തുടങ്ങിയ അപകടങ്ങൾ കാരണമോ രേഖകൾ നഷ്ടപ്പെട്ട ഒട്ടനവധി മനുഷ്യരുണ്ട്. അസമിൽ എൻആർസി നടന്നപ്പോൾ ഇത് വ്യക്തമായതാണ്. രേഖകൾ സമർപ്പിച്ച് എസ്ഐആർ എന്യൂമറേഷൻ ഫോം എല്ലാവരും പൂരിപ്പിക്കണം. സാധാരണക്കാരായ മനുഷ്യർക്ക്, പാവങ്ങൾക്കും നിരക്ഷരർക്കും ഇത് സാധിക്കുമോ? രേഖകൾ കൈയിൽ ഇല്ലാത്തതുകാരണം ആളുകൾ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇങ്ങനെ ജനങ്ങളെ ഭീതിയിലാഴ്ത്തി ആത്മഹത്യയിലേക്ക് തള്ളിവിടാനാണോ ഗവൺമെന്റിനെ നാം തിരഞ്ഞെടുക്കുന്നത്? ഒരാൾ പൗരനല്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചാൽ അത് തെളിയിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനാണ്, ആരോപിതനായ വ്യക്തിക്കല്ല.


എസ്ഐആറിന് പിന്നിലെ രഹസ്യ അജണ്ട


പല അനധികൃത കുടിയേറ്റക്കാരും, ആധാർ കാർഡും, റേഷൻ കാർഡും എന്തിന് വോട്ടേഴ്സ് ഐഡിവരെ കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് ഗവൺമെന്റ് പറയുന്നത്. അത് ശരിയാണെങ്കിൽ ആരുടെ പിടിപ്പുകേടാണ്? അഴിമതിയിൽ മുങ്ങിയിരിക്കുന്ന ഗവൺമെന്റും ഉദ്യോഗസ്ഥരും തന്നെയല്ലേ ഇതിനുത്തരവാദികൾ? അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ട ബാധ്യതയും ഗവൺമെന്റിനു തന്നെയല്ലേ? ആധാർ കാർഡ് ലഭിക്കണമെങ്കിൽ ബയോമെട്രിക് വിവരങ്ങൾ കൂടെ വേണം. അതുപോലും കൃത്രിമമായി ഉണ്ടാക്കി ആധാർ കാർഡുകൾ ഉണ്ടാക്കിയെന്നത് ഗവൺമെന്റിന്റെ പിടിപ്പുകേടല്ലേ? രാജ്യത്തിന് ചുറ്റും 24 മണിക്കൂറും കാവലുള്ളപ്പോൾ അനധികൃത കുടിയേറ്റക്കാർ എങ്ങനെ എത്തി എന്നതിനും ഗവൺമെന്റ് ഉത്തരം പറയണം. അതിർത്തിരക്ഷാസേന നേരിട്ട് ആഭ്യന്തരമന്ത്രിയുടെ കീഴിലാണ്. ഒന്നുകിൽ അവർ തീർത്തും കഴിവുകെട്ടവരാണ്, അല്ലെങ്കിൽ ഈ കുടിയേറ്റത്തിൽ അവർക്കും പങ്കുണ്ട്. രണ്ടിനും ഉത്തരം പറയേണ്ടത് ആഭ്യന്തരമന്ത്രിയാണ്. കോൺഗ്രസ് ഭരണകാലത്ത് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ മോദി അന്നത്തെ ഗവൺമെന്റിനെ വിമർശിച്ചിരുന്നു. ഇന്നിപ്പോൾ അവർ ഗവൺമെന്റിന്റെ പങ്കിനെക്കുറിച്ച് മൗനം പാലിക്കുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്, രാജ്യത്ത് രണ്ടുകോടിയിൽപരം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ്. 2019 ൽ ബംഗ്ലാദേശ് ഗവൺമെന്റ്, ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ ലിസ്റ്റ് കൈമാറാൻ ഇന്ത്യാഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അത്തരക്കാരെ പരിശോധിച്ച് തിരികെ കൊണ്ടുപോകാൻ അവർ തയ്യാറായിരുന്നു. എന്നാൽ തങ്ങളുടെ കൈയിൽ അത്തരം ലിസ്റ്റ് ഒന്നുമില്ല എന്നാണ് ഇന്ത്യാഗവൺമെന്റ് മറുപടി പറഞ്ഞത്. പിന്നെ എവിടെ നിന്നാണ് അമിത് ഷായ്ക്ക് ഈ രണ്ടു കോടിയുടെ കണക്ക് കിട്ടിയത്? ബംഗാൾ നിയമസഭയിലെ ബിജെപി നേതാവായ സുഖേന്ദു അധികാരി പറയുന്നത് ഒരു ലക്ഷത്തോളം രോഹിംഗ്യൻ അഭയാർത്ഥികൾ ബംഗാളിൽ ഉണ്ടെന്നാണ്‌. അയാൾക്ക് അത് തെളിയിക്കാനാകുമോ? ഇല്ല. മ്യാൻമറിലെ പട്ടാള ഭരണകൂടം അനധികൃതമായി പുറത്താക്കിയവരാണ് രോഹിംഗ്യകൾ. ബംഗാളിൽ അവരുടെ എണ്ണം ആയിരത്തിൽ കൂടില്ല. രോഹിംഗ്യകൾ ഇസ്ലാം മതവിശ്വാസികളായതുകൊണ്ടാണ് അവരെ ഉന്നം വയ്ക്കുന്നത്.  ഇത്തരം വിലകെട്ട ആരോപണങ്ങൾക്കു പിന്നിൽ അവരുടെ വർഗീയ വിഷം നിറഞ്ഞ മനസ്സല്ലാതെ മറ്റെന്താണ്? മതന്യൂനപക്ഷങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് പുറത്താക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. പകരം അവിടെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനും അവർക്ക് മടിയില്ല.


ബീഹാറിൽ നടന്നത്


സമീപകാല സംഭവങ്ങൾ നമ്മുടെ ആശങ്കകൾ ശരിവെക്കുന്നു. ആഗസ്റ്റ് ആദ്യം വന്ന കരട് വോട്ടർ പട്ടികയിൽ 7.24 കോടി വോട്ടർമാർ ഉണ്ടായിരുന്നു. അതിൽനിന്നും 47 ലക്ഷം പേരെ ഒഴിവാക്കി. മാത്രവുമല്ല, 21.53 ലക്ഷം പുതിയ പേരുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ബീഹാറിലെ പ്രക്രിയകൾ ഒരുപാട് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. ഉദാഹരണത്തിന് ഇലക്ഷൻ കമ്മീഷൻ പറയുന്നത് പുതിയതായി വോട്ടർ പേര് ചേർക്കാൻ അപേക്ഷിച്ചത് കേവലം 16.93 ലക്ഷം പേർ മാത്രമാണ് എന്നാണ് രജിസ്റ്റർ ചെയ്തതോ 21.6 ലക്ഷം പേരും. ബാക്കി 3.7 ലക്ഷം പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ എവിടെനിന്ന് കൊണ്ടുവന്നു?
മറ്റൊരു പ്രധാന കാര്യം ഒഴിവാക്കപ്പെട്ടതിന്റെ മൂന്നിലൊന്നും മുസ്ലീം വിഭാഗക്കാരാണെന്നതാണ്. ആകെ വോട്ടർമാരുടെ 16 ശതമാനം മാത്രമാണ് മുസ്ലീങ്ങൾ എന്നോർക്കണം. ബീഹാറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ചോദിച്ചത്, “ബീഹാറിന്റെ ഭാവി ആര് തീരുമാനിക്കും, നിങ്ങളോ അതോ വിദേശത്തുനിന്ന് കുടിയേറി വന്നവരോ?” എന്നാണ്. ഇത്തരക്കാരെ എസ്ഐആർ വഴി നീക്കംചെയ്തു എന്ന് അമിത് ഷായും പറഞ്ഞു. ഇലക്ഷനോടടുപ്പിച്ച് എസ്ഐആർ നടത്താൻ കാരണം വോട്ടർ പട്ടികയിൽ അനവധി വിദേശികൾ ഉള്ളതുകൊണ്ടാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. എന്നാൽ എത്ര വിദേശികളെ അങ്ങനെ കണ്ടെത്തി എന്ന വിവരം പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല. 47 ലക്ഷം പേരെ പുറത്താക്കാനുള്ള കാരണം എന്താണെന്നുപോലും അവർ വ്യക്തമാക്കിയിട്ടില്ല.
മാധ്യമ റിപ്പോർട്ട് പ്രകാരം 7.42 കോടി വോട്ടർമാരിൽ യോഗ്യതയില്ലാത്തവരായി ആകെ കണ്ടെത്തിയത് 9500 പേരെ മാത്രമാണ്. അതായത് 0.012%. ഇതിനുവേണ്ടിയായിരുന്നു പൊതുഖജനാവിൽനിന്ന് ഇത്രയും പണം ചെലവാക്കി, ഏഴര കോടിയോളം വോട്ടർമാരെ ബുദ്ധിമുട്ടിച്ചത്? ദളിത് വിഭാഗത്തിൽപ്പെട്ടവരുടെയും സ്ത്രീകളുടെയും പേരുകൾ പലയിടത്തും യാതൊരു കാരണവുമില്ലാതെ നീക്കം ചെയ്തിരിക്കുന്നു. ഒട്ടനവധി അന്യസംസ്ഥാന തൊഴിലാളികൾക്കും സമയത്ത് രേഖകൾ സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ചേരി പ്രദേശങ്ങളിൽ ശരിയായ രീതിയിൽ സർവ്വേ നടന്നു പോലുമില്ല.
ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ 85% നേപ്പാളിനോട് ചേർന്നുള്ള സുപാൾ, കിഷൻ ഗജ്ജ്, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ തുടങ്ങിയ അതിർത്തി ജില്ലകളിൽ പെട്ടവരാണ്. മറ്റൊരു റിപ്പോർട്ടുപ്രകാരം കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 313 പേരിൽ 78 പേർ മാത്രമാണ് മുസ്ലീങ്ങൾ. ബംഗ്ലാദേശിൽ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങൾ അനധികൃതമായി വോട്ടർ പട്ടികയിൽ കയറിക്കൂടി എന്നുപറഞ്ഞായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ. മാത്രവുമല്ല ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിൽ വോട്ടുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുമുണ്ട്.
‘റിപ്പോർട്ടേഴ്സ് കളക്ടീവി’ന്റെ അന്വേഷണപ്രകാരം ഫൈനൽ വോട്ടർ പട്ടികയിൽ ഏതാണ്ട് 14.35 ലക്ഷം വോട്ടർമാർ ഒന്നിൽ കൂടുതൽ സ്ഥലത്ത് പേരുള്ളവരാണ്. അതിൽ തന്നെ 3.4 ലക്ഷം പേരുടെ കാര്യത്തിൽ പേരും വയസ്സും ബന്ധുവിന്റെ പേരും ഒരേപോലെ രണ്ട് മണ്ഡലങ്ങളിൽ കാണാം. ഇലക്ഷൻ കമ്മീഷന് ഇവരെ കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ദുരൂഹമാണ്. ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ERONET സോഫ്റ്റ്‌വെയർ ആണ് 2018 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്നത്. അതിന് വോട്ടർ പട്ടികയിലുള്ള ഫോട്ടോവരെ ഒത്തുനോക്കാൻ സാധിക്കും. പല ബിജെപി നേതാക്കന്മാരും ബീഹാറിലും ഡൽഹിയിലും വോട്ട് ചെയ്തിരുന്നതായി ആരോപണമുണ്ട്. ഏതാണ്ട് 650 വോട്ടർമാരുടെ അഡ്രസ് 20 വീടുകളിലാണ്. ഒട്ടനവധി അഡ്രസിന്റെ ഭാഗത്ത് വീട്ടുനമ്പർ പൂജ്യം എന്നിട്ടിരിക്കുന്നു. ഇതൊക്കെ വോട്ടർപട്ടികയുടെ ആധികാരികത സംശയത്തിന്റെ മുനയിൽ നിർത്തുന്നു.


മഹാരാഷ്ട്രയിൽ സംഭവിച്ചത്


2024 മെയിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം, കോൺഗ്രസ്-ശിവസേന-എൻസിപി നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിന് പിറകിലായിരുന്നു. എന്നാൽ നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കാര്യങ്ങൾ മാറിമാറിഞ്ഞു. വെറും അഞ്ചുമാസംകൊണ്ട് വോട്ടർ പട്ടികയിൽ 46 ലക്ഷത്തോളം പുതിയ വോട്ടർമാരാണ് വന്നത്. അവരെല്ലാം പ്രധാനമായും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട ബൂത്തുകളിലും മണ്ഡലങ്ങളിലും പുതിയതായി ചേർക്കപ്പെട്ടവരാണ്. എല്ലാത്തരം യുക്തിയെയും കാറ്റിൽ പറത്തുന്ന തരത്തിലുള്ള വോട്ടർ പട്ടിക തിരുത്തലാണ് മഹാരാഷ്ട്രയിൽ കണ്ടത്. അവർക്ക് ജയിക്കേണ്ട മണ്ഡലങ്ങളിൽ പൊടുന്നനെ ഉണ്ടായ വർദ്ധനവ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആധികാരികതയിൽ സംശയം ഉണർത്തുന്നു. ഔദ്യോഗിക രേഖകളിൽ തന്നെ കാര്യമായ വ്യത്യാസങ്ങളുണ്ട്. 2024 ആഗസ്റ്റ് 30ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം മഹാരാഷ്ട്രയിൽ വോട്ടർമാരുടെ എണ്ണം 9.64 കോടിയായിരുന്നു. എന്നാൽ അതേദിവസം മഹാരാഷ്ട്രയിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ കണക്കിൽ 9.53 കോടി വോട്ടർമാരെ ഉള്ളൂ. ദിവസങ്ങൾക്കുള്ളിൽ ഈ സംഖ്യകൾ വലിയതോതിൽ മാറിമറിയാൻ തുടങ്ങി. ഒക്ടോബർ 15നും 30നും ഇടയിൽമാത്രം വോട്ടർമാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. നവംബർ 2024ന് തിരഞ്ഞെടുപ്പ് നടന്ന ദിവസം രേഖപ്പെടുത്തിയ വോട്ടുകളുടെ സംഖ്യയിലും വലിയ അട്ടിമറി സംഭവിച്ചു. വൈകിട്ട് 5 മണിവരെ പോളിംഗ് ശതമാനം 58.2 ശതമാനം ആയിരുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 66.05 ശതമാനമായി ഉയർന്നു. അതായത് 5 മണിക്കുശേഷം മാത്രം 48 ലക്ഷം വോട്ടുകളാണ്(7.83 ശതമാനം) അധികമായി രേഖപ്പെടുത്തിയത്.


വോട്ടർ പട്ടികയിലെ തിരിമറി

ഇന്ത്യയിലെമ്പാടും വോട്ടർ പട്ടികയിൽ ഇഷ്ടമുള്ളവരെ ചേർക്കുകയും ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുക യാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രയും വലിയ തോതിൽ വോട്ടർ പട്ടികയിൽ തിരിമറി കാണിക്കുന്നത് ജനാധിപത്യ പ്രക്രിയയെതന്നെ കൊഞ്ഞനം കുത്തലാണ്. ഭരണകക്ഷി, തിരഞ്ഞെടുപ്പ് സംവിധാനത്തെ ഭരണം നിലനിർത്താൻ ഉപയോഗിക്കുകയാണ്. പ്രായപൂർത്തിയായ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശമാണ് വോട്ടവകാശം. ബൂർഷ്വാ ജനാധിപത്യ പ്രക്രിയതന്നെ അട്ടിമറിക്കുന്നതാണ് നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാട്ടിലെ പൗരന്മാർ വായടച്ച് ഇതിന് മൗനാനുവാദം നൽകുമോ? അതോ ജനാധിപത്യ പ്രക്രിയയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി തെരുവിൽ ഇറങ്ങുമോ?

Share this post

scroll to top