തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ നിലപാടെന്താകണം? 

91iupng_election-generic-afp-650_625x300_07_December_18.webp
Share

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങൾ അഭിമുഖീകരിക്കുന്നത് അസാധാരണമായ ഒരു ജീവിതത്തകർച്ചയാണ്. വിലക്കയറ്റവും വരുമാനരാഹിത്യവും കടക്കെണിയും സാമൂഹ്യഅരക്ഷിതത്വവും ജനങ്ങളെ വരിഞ്ഞുമുറുക്കുന്നു. മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലുമെന്ന പോലെ ഈ തിരഞ്ഞെടുപ്പിന്റെയും ഫലമെന്തുതന്നെയായാലും ജനങ്ങളുടെ ജീവിതദുരിതങ്ങൾ അന്തമില്ലാതെ തന്നെ തുടരും, അവയുടെ പരിഹാരത്തിനായുള്ള ജനകീയപ്രക്ഷോഭത്തിന്റെ ചേരിയിൽ ജനങ്ങൾ അണിനിരക്കാത്തിടത്തോളം.  


കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലേറെയായി  നമ്മുടെ സംസ്ഥാനത്ത് അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, പങ്കാളിത്ത വികസനം തുടങ്ങിയ മുദ്രാവാക്യ ങ്ങളുടെ അകമ്പടിയോടെയാണല്ലോ പഞ്ചായത്ത്-മുനിസിപ്പൽ ഭരണം ആഘോഷിക്കപ്പെടുന്നത്. തികഞ്ഞ കാപട്യത്തിന്റെ ഈ മുദ്രാവാക്യങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടായി ഉയർത്തുന്നുണ്ടെങ്കിലും ഇടതെന്ന ലേബലിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് ഏറ്റവും വഞ്ചനാപരമായി ഇവയ്ക്കുവേണ്ടി നിലകൊള്ളുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്ന ഒരു നാട്ടിൽ അധികാര വികേന്ദ്രീകരണമെന്നത് ഒരു വമ്പൻ നുണ മാത്രമാണെന്ന് ജനങ്ങൾക്ക് ഉത്തമമായി ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. താഴേത്തട്ടിലേക്ക് ജനങ്ങൾക്ക് എന്ത് അധികാരമാണ് നൽകപ്പെട്ടിട്ടുള്ളത്? ഒരു മദ്യശാലയോ, മലിനീകരണം സൃഷ്ടിക്കുന്ന ഒരു വ്യാവസായിക സംരംഭമോ തങ്ങളുടെ പരിധിക്കുള്ളിൽ വേണ്ട എന്നു തീരുമാനിക്കാനെങ്കിലുമുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുണ്ടോ? എന്തിന്, പഞ്ചായത്തുകൾ ഈടാക്കുന്ന നികുതി എത്രവേണമെന്നോ നികുതിതന്നെ വേണ്ടെന്നോ തീരുമാനിക്കാനുള്ള അധികാരമുണ്ടോ? സമൂഹത്തിലെ ദുർബ്ബലവിഭാഗങ്ങളിലെ ആർക്കെങ്കിലും സാമ്പത്തികസഹായം സ്വതന്ത്രമായി നൽകുന്നതിന് അധികാരമുണ്ടോ? ആശാപ്രവർത്തകർക്ക് പ്രതിമാസ അലവൻസ് നൽകാനുള്ള പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കുന്നത് നാം കണ്ടില്ലേ. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകൾ വരയ്ക്കുന്ന കളത്തിനുപുറത്ത് ചെറുവിരലനക്കാൻപോലും അധികാരമില്ലാത്ത പഞ്ചായത്തുകൾ ‘ലോക്കൽ സെൽഫ് ഗവൺമെന്റു’കളാണത്രേ! അധികാരങ്ങളെല്ലാം കേന്ദ്രീകരിക്കപ്പെടുന്ന ഒരു മുതലാളിത്ത വ്യവസ്ഥയിൽ ഉത്തരവാദിത്തങ്ങൾ ജനങ്ങളുടെ ചുമലിലേക്ക് ഇറക്കിവെക്കാനുള്ള ഒരു ഗൂഢവേലയാണ് പങ്കാളിത്ത വികസനവും അധികാരവികേന്ദ്രീകരണവും. ഗുണഭോക്താക്കളെന്ന വിശേഷണം നൽകി, ജനങ്ങളിൽ നിന്ന് യൂസർഫീ പിരിച്ച് ‘വികസനം’ നടത്തുന്ന പുതിയ രീതിയുടെ പേരാണ് ജനകീയാസൂത്രണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുൻനിർത്തി നടത്തുന്ന മുതലാളിത്ത രാഷ്ട്രീയ തന്ത്രങ്ങളുടെ  യഥാർത്ഥ ലക്ഷ്യങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ തയ്യാറെടുക്കുന്ന ജനങ്ങൾ തിരിച്ചറിയുകതന്നെ വേണം. അല്ലെങ്കിൽ അധികാരവികേന്ദ്രീകരണത്തിന്റെ പേരിലുള്ള ഈ വഞ്ചന തുടരുകതന്നെ ചെയ്യും.
പഞ്ചായത്ത് തലങ്ങളിൽ നടമാടുന്ന അഴിമതിയാണ് മറ്റൊരു ഗുരുതരമായ പ്രശ്നം. നടുവൊടിക്കുന്ന നികുതികളിലൂടെ കവർന്നെടുക്കുന്ന പണത്തിൽ വലിയൊരു പങ്കും അഴിമതിയിലൂടെ ചോരുകയാണ്. വികസനപ്രവർത്തനങ്ങളുടെ പേരിൽ അഴിമതിയുടെ പങ്കുപറ്റി ഉദരപൂരണം നടത്താൻ താഴേത്തട്ടിലുള്ള നേതാക്കൾക്കും അണികൾക്കും അവസരം സൃഷ്ടിക്കുകയാണ് രാഷ്ട്രീയ നേതൃത്വം.  
അഞ്ചുവർഷം ജനങ്ങളെ ദ്രോഹിക്കുകയും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചില്ലറ ആനുകൂല്യങ്ങൾ എറിഞ്ഞുകൊടുക്കുകയും ചെയ്യുന്ന തനിവലതുപക്ഷരീതിയാണ് എൽഡിഎഫ് പിന്തുടരുന്നത്. തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട് നടത്തുന്ന ഈ കസർത്തുകളുടെ ഭാഗമായി നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറി എന്ന് പ്രഖ്യാപിക്കുകയുണ്ടായി. പരമദരിദ്രർക്കുള്ള അന്ത്യോദയ റേഷൻ സംസ്ഥാനത്ത് 6  ലക്ഷത്തോളം കുടുംബങ്ങൾക്കാണ് നൽകുന്നത്. ഒരു മാറ്റവുമില്ലാതെ അവരുടെ ജീവിതയാതനകൾ തുടരുമ്പോൾ എങ്ങിനെയാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയത്? ഇത് പച്ചനുണയാണ്. എന്നുമാത്രമല്ല, പരമദരിദ്രരില്ല എന്ന പ്രഖ്യാപനത്തോടെ, അവർക്ക് നിലവിലുള്ള സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും റദ്ദാക്കപ്പെടും. ചുരുക്കത്തിൽ ദാരിദ്ര്യത്തിന്റെ ഭാരത്തോടൊപ്പം ഈ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതവും ഇനി ദരിദ്രർ ഏറ്റുവാങ്ങേണ്ടി വരും.        
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുക, പ്രതിഷേധങ്ങൾ അനുവദിക്കാതിരിക്കുക തുടങ്ങിയ ഇടതുവിരുദ്ധമായ  ചെയ്തികളാണ് സംസ്ഥാന സർക്കാർ തുടരുന്നത്. ആശാ സമരത്തോട് കൈക്കൊണ്ട ശത്രുതാപരമായ സമീപനം ഇതിന്റെ ഉത്തമോദാഹരണമാണ്.  കേരളം ദർശിച്ച ഏറ്റവും മാതൃകാപരമായ ഒരു തൊഴിൽ സമരത്തെ -സ്ത്രീത്തൊഴിലാളി സമരത്തെ – അപമാനിക്കുകയും അവഗണിക്കുകയും ചെയ്തു. കോർപ്പറേറ്റുകളുെട നിർദ്ദയമായ ചൂഷണത്തിന് വഴിയൊരുക്കുന്നതിനായി, തൊഴിലാളിദ്രോഹത്തിന് മാതൃക കാട്ടുന്ന സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിൽ നിന്ന് നിരന്തരം പുരസ്കാരങ്ങൾ വാങ്ങുന്നു. തൊഴിലവകാശങ്ങളെ ഒന്നാകെ ഹനിക്കുന്ന ലേബർ കോഡുകൾ നടപ്പാക്കുന്നതിനായി കരട് ചട്ടം തയ്യാറാക്കിയ പിണറായി സർക്കാരിനെ മോദി സർക്കാർ ആദരിക്കുക സ്വഭാവികം മാത്രം.


തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന സാമൂഹ്യപ്രതിസന്ധി അളക്കാനാവാത്തവിധമായിരിക്കുന്നു. സർക്കാർ സർവ്വീസുകളിലുൾപ്പടെ സ്ഥിരനിയമനം സ്വപ്നം മാത്രമായിരിക്കുന്നു. ഭീമമായ സാമ്പത്തികബാധ്യതകൾ വരുത്തിവച്ചുകൊണ്ട് പതിനായിരക്കണക്കിന് യുവതി-യുവാക്കൾ തൊഴിൽതേടി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നു. തൊഴിൽ ലഭിക്കാതെ മടങ്ങിവരുന്നവരെ കാത്തിരിക്കുന്നത് അചിന്തനീയമായ ദുരന്തങ്ങളാണ്.  വിദ്യാഭ്യാസരംഗത്തെ തകർച്ച ഞെട്ടലുളവാക്കുന്നവിധമാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ ഭാഷാപഠനം അസ്തമിച്ചിരിക്കുന്നു. ഉന്നതവിജയം നേടുന്നവർക്കു പോലും സ്വന്തം പേര്  മാതൃഭാഷയിലെഴുതാനറിയില്ല. സംസ്ഥാനത്തെ കലാലയങ്ങളിൽ പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.  മൂലധനനിക്ഷേപത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്കായി സംസ്ഥാനഖജനാവിലെ പണം കുത്തിച്ചോർത്തുമ്പോൾ മറുവശത്ത്,  സർക്കാരാശുപത്രികളിൽ ചികിൽസയ്ക്ക് പണം കെട്ടിവയ്ക്കാൻ നിവൃത്തിയില്ലാത്ത നിർദ്ധനർ മരണം വരിക്കുന്നു.  പൊതുജനാരോഗ്യരംഗം ഇത്രമേൽ തകർക്കപ്പെട്ട ഒരു സ്ഥിതിവിശേഷം കേരളം ഇന്നോളം നേരിട്ടിട്ടില്ല. വീട്ടുകരം, വീടുപണിയുന്നതിനുള്ള പെർമിറ്റിന്റെ ഫീസ് തുടങ്ങി പഞ്ചായത്തുതലത്തിലുള്ള എല്ലാ നികുതികളും കുത്തനെ കൂട്ടി. പുറമെ ഖജനാവിന്റെ വരുമാനമെന്ന ന്യായീകരണവും അകമെ വമ്പൻ അഴിമതിയുടെ സാധ്യതയും ചേർന്ന് മദ്യം കുത്തിയൊഴുക്കുകയാണ്. ഈ നാടിനോട് കണികയെങ്കിലും പ്രതിബദ്ധത ഉള്ളവർക്ക് ഇത്തരമൊരു മദ്യനയം പിന്തുടരാനാവില്ല. അടിമുടി മദ്യത്തിൽ മുങ്ങുന്ന ഈ സാമൂഹ്യ സാഹചര്യമാണ് രാസലഹരി ഇത്ര വ്യാപകമാക്കാൻ ഇടവരുത്തിയിട്ടുള്ളത്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ ശിക്ഷാഭയമില്ലാതെ, എവിടെയും, ഏതുനേരത്തും സംഭവിക്കുകയാണ്.
ജനദ്രോഹത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന, സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും വെല്ലുവിളിക്കുന്ന ഒന്നായി പിണറായി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു. ബിജെപിയാകട്ടെ, അന്യമതവെറിയും വൈരവും പടർത്തി, ജനങ്ങളെ തമ്മിലടിപ്പിക്കാൻ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള കൂട്ടരാണ്. അവരുടെ ഭരണമാകട്ടെ, ഏറ്റവും ധനികരായ കുത്തകകൾക്കുവേണ്ടി, ജനങ്ങളെ ജീവിതപ്രതിസന്ധിയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുകയും. അധികാരനാളുകളിലെ നയങ്ങളുടെ തുടര്‍ച്ചക്കായി കോണ്‍ഗ്രസ്സും ലക്ഷ്യംവയ്ക്കുന്നു. ഈ സാഹചര്യത്തിൽ ജനവിരുദ്ധമായ ഭരണരാഷ്ട്രീയത്തിനെതിരെ വിധിയെഴുതുകയാണ് ജനങ്ങളുടെ മുമ്പിലുള്ള രാഷ്ട്രീയ കടമ.  


കറകളഞ്ഞ ജനാനുകൂല നിലപാടും സത്യസന്ധതയും കൈമുതലായിട്ടുള്ള വ്യക്തികൾ തലപ്പത്ത് വന്നാൽ തദ്ദേശ ഭരണസംവിധാനങ്ങളെ ജനജീവിതത്തിന്റെ പ്രാദേശിക ആവശ്യകതകളെ നിറവേറ്റുന്ന സംവിധാനങ്ങളാക്കി പരിവർത്തനപ്പെടുത്താൻ കഴിയും. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം സാമൂഹ്യജീവിതത്തിന്റെ മണ്ഡലത്തിൽ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സാഹോദര്യവും ഐക്യവും ഉറപ്പിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും താഴേത്തലങ്ങളിലെ ലക്ഷ്യവേധിയായ പ്രവർത്തനങ്ങളിലൂടെ സാധ്യമാകും. ഭരണാധികാരികളുടെ ജനാധിപത്യവിരുദ്ധമായ നയങ്ങൾക്കെതിരെ  ജനങ്ങളെ അണിനിരത്തുക എന്ന കടമ ഏതൊരുതലത്തിലുമുള്ള ജനപ്രതിനിധിയുടെ പ്രാഥമിക കടമയാണ്. ജനേച്ഛയെ പ്രതിഫലിപ്പിക്കുന്ന ന്യായവും നീതിനിഷ്ഠവുമായ ജനകീയ പ്രക്ഷോഭങ്ങളോടൊപ്പം അടിയുറച്ച് നിലകൊള്ളാനും ജനങ്ങളെ നയിക്കാനും തദ്ദേശതലങ്ങളിലെ ജനപ്രതിനിധികൾക്ക് കഴിഞ്ഞാൽ അത് ജനാധിപത്യപ്രക്രിയയെ അർത്ഥപൂർണ്ണമാക്കും. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വം കൈവെടിഞ്ഞ്, വിട്ടുവീഴ്ചയില്ലാതെ ജനതാൽപ്പര്യത്തെ പ്രതിനിധാനം ചെയ്യാൻ പഞ്ചായത്തുതലത്തിലുള്ള ഭരണസംവിധാനങ്ങൾ തയ്യാറാകുമ്പോൾ, താഴേത്തലങ്ങളിൽ ജനങ്ങളുടെ സംഘടിതശക്തിയെ ഉണർത്താൻ അതിടയാക്കും. ദുർഗന്ധം വമിക്കുന്ന ഇന്നത്തെ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് ഒരു ബദൽ രാഷ്ട്രീയത്തിന്റെ അടിത്തറയായി അത് മാറും.

മുകളിൽ സൂചിപ്പിച്ച ഉള്ളടക്കമുള്ള ഒരു രാഷ്ട്രീയത്തെ വളർത്താൻ എത്ര പരിമിതമായ സാധ്യതയാണുള്ളതെങ്കിലും അതിനുവേണ്ടി നിലകൊള്ളണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിയുറച്ച ജനപക്ഷ നിലപാടുള്ള, സത്യസന്ധമായ പൊതുപ്രവർത്തനത്തിന്റെ മാതൃകകളായ, മതേതര-ജനാധിപത്യ മൂല്യങ്ങളെ പരമപ്രാധാന്യത്തോടെ ഗണിക്കുന്ന, ജനസമരങ്ങളോടൊപ്പം നിലകൊള്ളുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണം.

Share this post

scroll to top