ശാസ്ത്രവും ദര്‍ശനവും : ദ്വന്ദ്വാത്മക ഭൗതികവാദം ആവിഷ്കരിക്കപ്പെട്ടത്; ശാസ്ത്രത്തിന്റെ വികാസത്തെ അടിസ്ഥാനമാക്കി

Saidhanthika-Padangal-Logo-copy-e1762197843325.webp
Share

‘മാർക്സിസം ആന്റ് സയൻസസ് ‘എന്ന അന്താരാഷ്ട്ര ജേണൽ, 2025 സെപ്റ്റംബർ 1 മുതൽ 6 വരെ “ശാസ്ത്രവും ദർശനവും: സാർവ്വദേശീയ വിമർശനാത്മക വിജ്ഞാനശൃംഖലയിലേക്ക്” എന്ന വിഷയത്തിൽ രണ്ടാമത് അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിച്ചു. റൊമാനിയയിലെ പർവതപ്രദേശമായ ട്രാൻസിൽവാനിയ മേഖലയിലെ ഹൈഫ എന്ന കൊച്ചുഗ്രാമമായിരുന്നു വേദി. ജർമ്മനി, നെതർലാൻഡ്‌സ്, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, റൊമാനിയ, ഇന്ത്യ, ഹംഗറി, തുർക്കി, യുഎസ്എ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ചിലർ അതതു രാജ്യങ്ങളിലെ രാഷ്ട്രീയപ്രവർത്തകരായിരുന്നു. മറ്റു ചിലർ അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്ന മാർക്സിസ്റ്റ് തത്വചിന്തകരായിരുന്നു. വൈരുദ്ധ്യാത്മകഭൗതികവാദം, ശാസ്ത്രത്തിന്റെ ചരിത്രവിജ്ഞാനീയം, ആധുനികസമൂഹത്തിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള മാർക്സിസ്റ്റ് വിശകലനം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യയിൽനിന്നുള്ള ഏക പങ്കാളി എന്ന നിലയിൽ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായ എസ്. ബാനർജി  നടത്തിയ പ്രസംഗമാണ് താഴെക്കൊടുക്കുന്നത്.‍‍

സോഷ്യലിസ്റ്റ് ചേരി തകരുകയും ലോകമെമ്പാടും മുതലാളിത്തമേധാവിത്വം സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ, മാർക്സിസം പരാജയപ്പെട്ടു എന്നൊരു പ്രചാരണമുണ്ട്. മാർക്സിസത്തിന്റെ പ്രത്യയശാസ്ത്ര  അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം ആക്രമിക്കപ്പെടുന്നു. അതിനെ ‘കാലഹരണപ്പെട്ടത്’, ‘പഴഞ്ചൻ’, അക്കാദമികവും ചരിത്രപരവുമായ താൽപ്പര്യം മാത്രമുള്ള ഒരു വിഷയം എന്നൊക്കെയാണ് ചിത്രീകരിക്കുന്നത്. എന്നാൽ, ഈ പ്രത്യയശാസ്ത്ര അടിത്തറയിൽത്തന്നെ ശാസ്ത്രം പ്രവർത്തനം  തുടരുകയാണ്. ശാസ്ത്രം ഭൗതികലോകത്തെക്കുറിച്ചുള്ള സത്യം കണ്ടെത്തുകയും പ്രകൃതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനും വിശദീകരിക്കാനുമുള്ള സിദ്ധാന്തങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിൽ, ഏതൊരാശയവും നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടാൽ മാത്രമേ അംഗീകരിക്കുകയുള്ളൂ. എന്നാൽ, നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും വ്യാഖ്യാനിക്കുന്നതിൽ ശാസ്ത്രജ്ഞരുടെ മനോഭാവങ്ങളും  പ്രത്യയശാസ്ത്രവീക്ഷണങ്ങളും   പ്രധാന ഘടകങ്ങളാണ്. ശാസ്ത്രചരിത്രത്തിൽ, നിരവധി പ്രഗത്ഭരായ ശാസ്ത്രജ്ഞരും അവരുടെ ചിന്താധാരകളും, സ്വന്തം വിശ്വാസങ്ങളും തത്ത്വശാസ്ത്രനിലപാടുകളും കൊണ്ട് പ്രധാനപ്പെട്ട കണ്ടെത്തലുകളെ  അവിചാരിതമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഉറച്ച ഒരു പ്രത്യയശാസ്ത്ര വീക്ഷണമില്ലാതെ ശാസ്ത്രത്തിനു മുന്നോട്ടുപോകാൻ പ്രയാസമാണ്.
ശാസ്ത്രത്തെ അടിസ്ഥാനമാക്കി വികസിച്ച ദ്വന്ദ്വാത്മകഭൗതികവാദം ആ പ്രത്യയശാസ്ത്രവീക്ഷണമാണു നൽകുന്നത്, പല ശാസ്ത്രജ്ഞരും ആ വസ്തുതയെക്കുറിച്ച് ബോധവാന്മാരല്ലെങ്കിൽ പോലും.   ‘മൂന്നു തത്ത്വ’ങ്ങളുടെ  ഒരു സമാഹാരം മാത്രമാണ് ദ്വന്ദ്വാത്മകഭൗതികവാദം എന്നാണു പലരും വിശ്വസിക്കുന്നത്. പക്ഷേ, ദ്വന്ദ്വാത്മകഭൗതികവാദത്തിന്റെ ആവിർഭാവത്തിനു മുമ്പ് യാന്ത്രികഭൗതികവാദവും അതിഭൗതികവാദ ചിന്താഗതിയും ആയിരുന്നു പ്രബലമായിരുന്നത്. ദ്വന്ദ്വാത്മകഭൗതികവാദം വികസിപ്പിച്ചെടുക്കുന്നതിലൂടെ, മാർക്സും ഏംഗൽസും ഈ സമീപനങ്ങളുടെ പോരായ്മകളെ വിമർശനാത്മകമായി വിശകലനം ചെയ്യുകയും ശാസ്ത്രീയമായ അന്വേഷണങ്ങളെ നയിക്കുന്നതിനായി ഒരു ബദൽ ലോകവീക്ഷണം സൃഷ്ടിക്കുകയും ചെയ്തു. പോസിറ്റിവിസം(ഇന്ദ്രിയാനുഭവങ്ങളിലൂടെ മാത്രം രൂപപ്പെടുത്തുന്നതും യുക്തിയുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥിരീകരിക്കാൻ കഴിയുന്നതും മാത്രമാണ് ശരിയായ വിജ്ഞാനം എന്നു കരുതുന്ന തത്ത്വചിന്താരീതി) സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളുടെ കാർമേഘങ്ങളെ നീക്കം ചെയ്തുകൊണ്ട്, ലെനിൻ ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെ നില കൂടുതൽ ശക്തമാക്കി.


അതിഭൗതികവാദവും യാന്ത്രികഭൗതികവാദവുമായുള്ള ബന്ധത്തിൽ ദ്വന്ദ്വാത്മക ഭൗതികവാദം


ഭൗതികവാദം, ആശയവാദം എന്നിങ്ങനെ തത്ത്വചിന്തയിലെ രണ്ട് പ്രധാനധാരകളിൽ, ശാസ്ത്രം ആശയവാദത്തിനെതിരെ ഭൗതികവാദത്തോടൊപ്പം ഉറച്ചു നിലകൊള്ളുന്നു. ലോകം നമ്മുടെ ബോധമണ്ഡലത്തിൽ നിന്നു സ്വതന്ത്രമായി നിലനിൽക്കുന്നു എന്ന അടിസ്ഥാനപ്രമാണത്തിലാണ് ശാസ്ത്രം ആരംഭിക്കുന്നത്. തങ്ങളുടെ അന്വേഷണവിഷയങ്ങൾക്ക് വസ്തുനിഷ്ഠമായ നിലനിൽപ്പില്ലെന്നോ, അവ ചില ആദിമ ആശയങ്ങളുടെ പ്രതിബിംബങ്ങളായി രൂപപ്പെട്ടുവെന്നോ ഉള്ള സങ്കല്പത്തിൽനിന്നു  പ്രവർത്തിക്കാൻ ശാസ്ത്രജ്ഞർക്കു കഴിയില്ല. വസ്തുക്കളുടെ സ്വഭാവം, നൽകപ്പെട്ടതും, നിശ്ചിതവും, സ്ഥിരവുമാണെന്നും യാതൊരു മാറ്റമോ വികാസമോ ഇല്ലാത്തതാണെന്നും അനുമാനിച്ച് അതിഭൗതികവാദ സമീപനം അവയെ പഠിക്കുന്നു. ‘ഉള്ളതിനെ ഉള്ളതുപോലെ’ പഠിക്കണമെന്ന് അതിഭൗതികവാദം വാദിച്ചു.


ഓരോ ഭൗതികവസ്തുവിലും അതിന്റെ നിലനിൽപ്പിന്റെ  സാഹചര്യങ്ങളുമായി ബന്ധമില്ലാത്ത ചില നിഹിതഗുണങ്ങളുണ്ടെന്ന് അത് അനുമാനിച്ചു. ഓരോ വസ്തുവിനും അതിന്റേതായ സ്ഥിരസ്വഭാവങ്ങളും സവിശേഷതകളുമുണ്ടെന്ന മുൻധാരണയാണ് അതിഭൗതികവാദത്തിനുള്ളത്.  ഓരോ വസ്തുവിനെയും അത് മറ്റെല്ലാ വസ്തുക്കളിൽനിന്നും ഒറ്റപ്പെട്ടതായി  പരിഗണിക്കുകയും ചെയ്യുന്നു. ലോകം നിശ്ചിതസ്വഭാവങ്ങളുള്ള, മുൻകൂട്ടി തയ്യാറാക്കിവച്ച വസ്തുക്കളുടെ ഒരു ശേഖരമല്ലെന്ന് ദ്വന്ദ്വാത്മകഭൗതികവാദം ഉറപ്പിച്ചു പറഞ്ഞു. ഈ ഭൗതികലോകത്തിൽ എല്ലാം മാറ്റത്തിലൂടെയും പരിണാമത്തിലൂടെയും കടന്നുപോവുകയാണ്. കൂടാതെ, വസ്തുക്കൾ നിരന്തരം ഉണ്മയിലേക്കു  കടന്നുവരികയും  അതിൽ നിന്നു പുറത്തു പോകുകയും ചെയ്യുന്നു. അതിനാൽ, മാറ്റത്തിലും വികാസത്തിലുമുള്ള പദാർത്ഥത്തെ പഠിക്കുക, വസ്തുക്കൾ എങ്ങനെ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കുക എന്നതായിരിക്കണം ശാസ്ത്രത്തിന്റെ ദൗത്യം. വസ്തുക്കളെ മാത്രമല്ല, പ്രക്രിയകളെയും പഠിക്കുന്നതിലും ശാസ്ത്രം  കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അത് ഊന്നിപ്പറഞ്ഞു. നാം ഭൗതികലോകത്തെ വസ്തുക്കളുടെ ഒരു സഞ്ചയമായല്ല മറിച്ച്, വസ്തുക്കൾ നിരന്തരം ഉണ്ടാവുകയും മാറുകയും ഇല്ലാതാവുകയും ചെയ്യുന്ന പ്രക്രിയകളുടെ ഒരു സഞ്ചയമായിട്ടാണ് അതിനെ കാണേണ്ടത്. വസ്തുക്കൾ പരസ്പരബന്ധിതവും  പരസ്പരാശ്രിതവും  അന്യോന്യം നിർണ്ണയിക്കപ്പെടുന്നതുമാണ് എന്നും ദ്വന്ദ്വാത്മക ലോകവീക്ഷണം പഠിപ്പിച്ചു. ശാസ്ത്രം, വസ്തുക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു  പഠിക്കരുതെന്നും, അവയുടെ പരസ്പരബന്ധത്തിലും പ്രതിപ്രവർത്തനത്തിലും പഠിക്കണമെന്നും ദ്വന്ദ്വാത്മക ഭൗതികവാദം ഊന്നിപ്പറയുന്നു. നിലനിൽപ്പിന്റേതായുള്ള സാഹചര്യങ്ങളിൽനിന്ന് വേർപെടുത്തിക്കൊണ്ട് വസ്തുക്കളുടെ സവിശേഷതകളെ ശാസ്ത്രം അമൂർത്തവൽക്കരിക്കരുത്. മറിച്ച്, നിലനിൽപ്പിന്റെ സാഹചര്യങ്ങൾ മാറുമ്പോൾ വസ്തുക്കളുടെ സവിശേഷതകൾ എങ്ങനെ മാറുന്നു എന്ന് അത് പഠിക്കണം. ന്യൂട്ടണു ശേഷമുള്ള കാലഘട്ടത്തിൽ, യാന്ത്രികഭൗതികവാദ കാഴ്ചപ്പാടായിരുന്നു നിലനിന്നിരുന്നത്. ഓരോ ഘടകവും നിശ്ചിത നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഭീമാകാരമായ യന്ത്രമായിട്ടാണ് അത് ലോകത്തെ കണ്ടത്. ഏതൊരു യന്ത്രഭാഗവും അതിന്റെ ജീവിതകാലം മുഴുവൻ ഒരേ രീതിയിൽ പ്രവർത്തിക്കുകയും, ഒരേ യാന്ത്രികപ്രക്രിയകളുടെ ചക്രം അനന്തമായി ആവർത്തിക്കുകയും ചെയ്യുന്നു. അതിനാൽ, യാന്ത്രികഭൗതികവാദികൾ നിരീക്ഷണവിധേയമായ പ്രക്രിയകൾക്കുള്ളിൽ, മാറ്റമില്ലാത്തതും സ്ഥിരവുമായ ഒന്നിനായി തിരഞ്ഞു. ഭൗതികലോകം അടിസ്ഥാനപരമായി മാറ്റമില്ലാത്തതാണെന്നും, നമ്മൾ കാണുന്ന എല്ലാ മാറ്റങ്ങളെയും നിർണ്ണയിക്കുന്നത്  യാന്ത്രികനിയമങ്ങളാണെന്നും അവർ കരുതി. ഭൗതികലോകത്തിലെ മാറ്റങ്ങളെ യാന്ത്രികഭൗതികവാദം ഒരേ പ്രക്രിയയുടെ ആവർത്തിക്കുന്ന ചക്രങ്ങളായി മാത്രമാണ് കണ്ടത്. ഏംഗൽസ് തന്റെ ‘പ്രകൃതിയുടെ ദ്വന്ദ്വാത്മകത’ എന്ന കൃതിയുടെ ആമുഖത്തിൽ നിരീക്ഷിച്ചത് ഇപ്രകാരമാണ്: “എന്നാൽ, പ്രകൃതിയുടെ കേവലമായ മാറ്റമില്ലായ്മ കേന്ദ്രബിന്ദുവാകുന്ന, ഒരു പ്രത്യേക പൊതുവീക്ഷണത്തിന്റെ വിപുലീകരണമാണ് ഈ കാലഘട്ടത്തെ സവിശേഷമാക്കുന്നത്.”  കടുപ്പമേറിയതും തുളച്ചുകടക്കാൻ പറ്റാത്തതുമായ കണങ്ങൾകൊണ്ടു നിർമ്മിതമാണ് ലോകമെന്ന് യാന്ത്രികഭൗതികവാദം നിരീക്ഷിച്ചു.  ഈ കണങ്ങളിൽ പ്രവർത്തിക്കുന്ന ബാഹ്യബലങ്ങളുടെയും അവയുടെ ചലനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങ ളെയും വിശദീകരിക്കാമെന്ന് അത് വിശ്വസിച്ചു. ചലനം പുറത്തുനിന്നു നൽകേണ്ട  നിഷ്ക്രിയദ്രവ്യമായി പദാർത്ഥത്തെ  യാന്ത്രികഭൗതികവാദം കരുതി എന്നതായിരുന്നു പ്രധാന പ്രശ്നം. പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ വികാസം കാട്ടിത്തന്നത്, എല്ലാ ഊർജ്ജരൂപങ്ങളും ചലനത്തിലുള്ള പദാർത്ഥം മാത്രമാണെന്നാണ്. ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേക്കു മാറുമ്പോൾ, ഒരു രൂപത്തിലുള്ള ചലനം മറ്റൊരു  രൂപത്തിലേക്കു മാറുകയാണ് ചെയ്യുന്നത്. എന്നാൽ ചലനം എപ്പോഴും നിലനിൽക്കുന്നു. ഒന്നിനും നിശ്ചലമായിരിക്കാൻ കഴിയില്ല. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ദ്വന്ദ്വാത്മകഭൗതികവാദം, ചലനമില്ലാതെ പദാർത്ഥത്തിന് നിലനിൽക്കാനാവില്ല എന്നും പദാർത്ഥത്തെ അവലംബിച്ചല്ലാതെ ചലനത്തിന് അർത്ഥമില്ല എന്നുമുള്ള ആശയം മുന്നോട്ടുവച്ചു. “ചലനത്തിലുള്ള പദാർത്ഥമല്ലാതെ മറ്റൊന്നും ലോകത്തിലില്ല” എന്നു ലെനിൻ പറഞ്ഞു. “ചലനത്തിലുള്ള പദാർത്ഥത്തിന് സ്ഥലത്തിലും കാലത്തിലും അല്ലാതെ ചലിക്കാൻ കഴിയില്ല.” അതിനാൽ, ചലനം എന്നത് പദാർത്ഥത്തിന്റെ നിലനിൽപ്പിന്റെ രൂപമാണ് എന്നതാണ് ശരിയായ ധാരണ.
മറ്റുവസ്തുക്കളുമായി ബാഹ്യബന്ധത്തിൽ ഏർപ്പെടുന്ന, വ്യത്യസ്തഘടകങ്ങൾ തമ്മിലുള്ള പരസ്പരപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ മാറ്റങ്ങളെയും മനസ്സിലാക്കാൻ കഴിയും എന്നുവന്നാൽ  ഒരു വസ്തു   അതിന്റെ ഭാഗങ്ങളുടെ വെറും തുക മാത്രമാണെന്ന നിഗമനത്തിലെത്തേണ്ടിവരും. പല ശാസ്ത്രീയ വികാസങ്ങളും (ഉദാഹരണത്തിന്, കോശസിദ്ധാന്തം) അത്തരമൊരു നിലപാടിന്റെ വ്യർത്ഥത മുൻപേതന്നെ കാണിച്ചിരുന്നു. ഘടകഭാഗങ്ങളുടെ കൂടിച്ചേരലിന്റെയും പ്രതിപ്രവർത്തനത്തിന്റെയും ഒരു നിശ്ചിതതലത്തിൽ, പ്രത്യേകമായ ഒരു പുതിയ സവിശേഷത ഉയർന്നുവരാമെന്ന് ദ്വന്ദ്വാത്മകഭൗതികവാദം കാണിച്ചു. വസ്തുക്കളെ ഘടകങ്ങളാക്കിമാറ്റി, അവയുടെ ഭാഗങ്ങളുടെ സവിശേഷതകൾ പഠിക്കുന്നതിലൂടെ വസ്തുവിന്റെ മൊത്തത്തിലുള്ള സ്വഭാവവും വികാസനിയമങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ സാധ്യമല്ല. ഇപ്രകാരം അത് ന്യൂനീകരണത്തിന്റെ (reductionism)  പ്രഭാവത്തെ ചെറുത്തു.


മൂന്നു തത്ത്വങ്ങളും ശാസ്ത്രത്തിലെ അതിന്റെ പ്രയോഗവും


പദാ‍ർത്ഥത്തെ അതിന്റെ മാറ്റത്തിലും വികാസത്തിലും പഠിക്കുന്നതിലേക്ക് ശാസ്ത്രത്തിന്റെ ഊന്നൽ മാറിയപ്പോൾ, അത്തരമൊരു പഠനത്തിന്റെ മാർഗ്ഗനിർദ്ദേശകതത്ത്വങ്ങൾ എന്തായിരിക്കണമെന്ന് മാർക്സും എംഗൽസും കാണിച്ചുതന്നു. ഏതൊരു ഭൗതികവസ്തുവിന്റെ മാറ്റത്തെയും വികാസത്തെയും  പഠിക്കുമ്പോൾ, ഒരാൾക്ക് താഴെ പറയുന്ന ചോദ്യങ്ങൾ നേരിടേണ്ടിവരുന്നു:


1. മാറ്റങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ട്?
ഏതൊരു വസ്തുവിലും പരസ്പരവൈരുദ്ധ്യമുള്ള ശക്തികളോ പ്രവണതകളോ ഉണ്ടെന്നും അവ തമ്മിലുള്ള ഐക്യവും വൈരുദ്ധ്യങ്ങളുമാണ് ഏതൊരു മാറ്റത്തിന്റെയും അടിസ്ഥാന കാരണമെന്നും ദ്വന്ദ്വാത്മകഭൗതികവാദം കാണിച്ചുതന്നു.
2. മാറ്റങ്ങൾ എങ്ങനെ സംഭവിക്കുന്നു?
മാറ്റങ്ങൾ, അളവിലുള്ളതും ഗുണപരവും എന്നിങ്ങനെ രണ്ട് തരത്തിലുണ്ടെന്ന് ദ്വന്ദ്വാത്മകഭൗതികവാദം കാണിച്ചുതന്നു. അളവിലുള്ള ഒരു മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ ഒരു വസ്തു, ഗുണപരമായ പരിവർത്തനം സംഭവിക്കുന്ന ഒരു പ്രത്യേകതലത്തിൽ എത്താൻ സാധ്യതയുണ്ട്.
3. ഒരു ഗുണപരമായ മാറ്റത്തിൽനിന്ന് എന്ത് ഫലം ഉണ്ടാകുന്നു?
ഒരു ഗുണപരമായ മാറ്റം അതിന്റെ മുൻരൂപത്തെ നിഷേധിച്ച് ഒരു പുതിയ രൂപത്തിന്റെ പിറവിക്ക് കാരണമാകുന്നു എന്ന് ദ്വന്ദ്വാത്മകഭൗതികവാദം കാണിച്ചുതന്നു. ആധുനികശാസ്ത്രം ഈ മാർഗ്ഗനിർദ്ദേശകതത്വങ്ങൾ പിന്തുടരുന്നില്ലേ? തീർച്ചയായും പിന്തുടരുന്നു. ദ്വന്ദ്വാത്മകതയുടെ മൂന്ന് തത്ത്വങ്ങളും ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സമ്പൂർണ്ണമായും സ്ഥിരീകരിക്കപ്പെട്ടി ട്ടുണ്ടെങ്കിലും, ശാസ്ത്രപ്രസിദ്ധീകരണങ്ങൾ  പൊ തുവെ വ്യത്യസ്തമായ ഒരു ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് ദ്വന്ദ്വാത്മകതത്ത്വങ്ങളുടെ പങ്ക് ശാസ്ത്രജ്ഞർക്ക് അവ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ശാസ്ത്രപ്രസിദ്ധീകരണങ്ങൾ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ സംസാരിക്കുന്നില്ല. പക്ഷേ, ഒരു ശാസ്ത്രജ്ഞൻ ഒരു യാന്ത്രികവ്യവസ്ഥയിലെ  ബലങ്ങളുടെ സന്തുലിതാവസ്ഥയെക്കുറിച്ച് ഒരു സമവാക്യം എഴുതുമ്പോഴെല്ലാം, അദ്ദേഹം അറിയാതെ വിപരീതങ്ങളുടെ ഐക്യം എന്ന തത്ത്വം പ്രയോഗിക്കുകയാണ്. അദ്ദേഹം അത് അറിഞ്ഞുകൊണ്ടുചെയ്യണം എന്ന് ബോധ്യപ്പെടുത്തുക എന്നതാണ് നമ്മുടെ ദൗത്യം
ബലതന്ത്രത്തിന്റെ പ്രത്യേകിച്ച്, ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ  മണ്ഡലത്തിൽ, പരസ്പരപ്രവർത്തനത്തിലുള്ള എല്ലാ വസ്തുക്കളുടെയും സ്ഥാനങ്ങളും പ്രവേഗങ്ങളും (velocity) നിർണ്ണയിക്കുന്നതിലൂടെ ഒരു വ്യവസ്ഥയുടെ യാന്ത്രികാവസ്ഥയെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഭൂമിയുടെയും ചന്ദ്രന്റെയും സ്ഥാനവും സംവേഗവും (momentum – പ്രവേഗത്തിന്റെയും ദ്രവ്യമാനത്തിന്റെയും ഗുണനഫലം) ഉപയോഗിച്ച് വ്യവസ്ഥയുടെ അവസ്ഥ വിശദീകരിക്കുന്നു. ഇവ തമ്മിലുള്ള ഗുരുത്വാകർഷണബലം,  അതിന്റെഎതിർദിശയിൽ പ്രവർത്തിക്കുന്ന അപകേന്ദ്രബലം (centrifugal force) എന്നിവ  ഉപയോഗിച്ചാണ് സമവാക്യം എഴുതുന്നത്. ഈ രണ്ട് ബലങ്ങൾ, ആ വ്യവസ്ഥയിൽ നിലനിൽക്കുന്ന യാന്ത്രികവൈരുദ്ധ്യത്തെ സൂചിപ്പിക്കുന്നു. ഏതൊരു വ്യവസ്ഥയിലും, വിപരീതപ്രവണതകളുടെ സന്തുലനത്തെ  യഥാർത്ഥത്തിൽ ഉപയോഗിക്കുന്ന സമവാക്യങ്ങൾ വഴിയാണ് അതിലെ അവസ്ഥാമാറ്റം പ്രവചിക്കുന്നത്. അതിനാൽ, അത്തരം സമവാക്യങ്ങൾ വിപരീതങ്ങളുടെ ഐക്യം എന്ന തത്ത്വം പാലിക്കുന്നു.
കൂടാതെ, ഏതൊരു പ്രതിഭാസത്തിന്റെയും മാറ്റത്തിനും വികാസത്തിനും ഉള്ള പ്രധാന കാരണം വിപരീതങ്ങൾ തമ്മിലുള്ള  സമരമാണെന്ന് ദ്വന്ദ്വാത്മകത പഠിപ്പിക്കുന്നു. ആന്തരികവൈരുദ്ധ്യങ്ങളാണ് എല്ലാ മാറ്റങ്ങളുടെയും ചാലകശക്തി. ബാഹ്യവൈരുദ്ധ്യങ്ങൾ വളരെ പ്രധാനവും ചിലപ്പോൾ നിർണ്ണായകവുമാണെങ്കിലും, അവയ്ക്ക് ആന്തരികവൈരുദ്ധ്യങ്ങളിലൂടെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. നക്ഷത്രങ്ങളുടെ പരിണാമം എന്ന പ്രതിഭാസം ഇത് മനോഹരമായി ചിത്രീകരിക്കുന്നു. സൂര്യനെപ്പോ ലെയുള്ള ഒരു നക്ഷത്രത്തിന്റെ പരിണാമത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പഠിക്കുമ്പോൾ, അവർ യഥാർത്ഥത്തിൽ പഠിക്കുന്നത് ആന്തരികവൈരുദ്ധ്യങ്ങളാണ്. നക്ഷത്രത്തിന്റെ ഗുരുത്വാകർഷണം ഉള്ളിലേക്ക് പ്രവർത്തിക്കുകയും അതിനെ ചുരുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നക്ഷത്രത്തിന്റെ കേന്ദ്രത്തിൽ സംഭവിക്കുന്ന താപ – അണുസംയോജന പ്രവർത്തനം (thermonuclear reaction) വലിയ അളവിൽ താപം ഉത്പാദിപ്പിക്കുന്നു. ഈ താപം ഉയർന്ന മർദ്ദത്തിന് കാരണമാകുകയും, അത് നക്ഷത്രത്തിലെ പദാർത്ഥങ്ങളെ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. ഈ രണ്ട് വിപരീത പ്രവണതകളുടെ സന്തുലനമാണ്  നക്ഷത്രത്തിന്റെ സ്ഥിരത നിർണ്ണയിക്കുന്നത്. ഇത് വിപരീതങ്ങളുടെ ഐക്യം അല്ലാതെ മറ്റൊന്നുമല്ല. ശാസ്ത്രജ്ഞർ പഠിക്കുന്നത് ഇതുതന്നെയാണ്.
‘അളവുപരമായ മാറ്റത്തിൽ നിന്ന് ഗുണപരമായ മാറ്റത്തിലേക്കും, തിരിച്ചും’ എന്ന തത്വം ജീവശാസ്ത്രത്തിലെയും സാമൂഹ്യശാസ്ത്രത്തിലെയും വികാസങ്ങളിൽനിന്നും  ഐസ് വെള്ളമായി മാറുന്നതുപോലെ പദാർത്ഥത്തിന്റെ അവസ്ഥാമാറ്റം സംഭവിക്കുന്ന ഭൗതികവ്യവസ്ഥകളെക്കുറിച്ചുള്ള മനസ്സിലാക്കലിൽനിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. ന്യൂട്ടോണിയൻ ബലതന്ത്രം, അതിന്റേതായ നിലയിൽ, അളവുപരവും ഗുണപരവുമായ മാറ്റങ്ങളെക്കുറിച്ച് പറയുന്നില്ല. ഒരു വ്യവസ്ഥയുടെ സ്ഥിതിയിലും അതിന്റെ ചലനാവസ്ഥയിലും മൗലികവും ഗുണപരവുമായ മാറ്റങ്ങൾ ഉണ്ടാവാം എന്ന് കഴിഞ്ഞ അൻപത് വർഷങ്ങൾക്കിടയിലാണ് മനസ്സിലാക്കുന്നത്. ഒരു വ്യവസ്ഥയുടെ  സ്ഥിതിയിലുണ്ടാകുന്ന ഗുണപരമായ മാറ്റം ഭൗതികശാസ്ത്രത്തിൽ ‘ഫേസ് ട്രാൻസിഷൻ ആൻഡ് ക്രിട്ടിക്കൽ ഫിനോമിന’ എന്ന തലക്കെട്ടിന് കീഴിലാണ് പഠിക്കപ്പെടുന്നത്. കാന്തികതയുടെ ആരംഭം, അതിചാലകത (superconductivity), അതിദ്രവത്വം (superfluidity), ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് (Bose-Einstein condensate) മുതലായവ അത്തരം ഗുണപരമായ പരിവർത്തനങ്ങൾക്ക് ഉദാഹരണങ്ങളാണ്.  സമയബന്ധിതമായി ആവർത്തിക്കുന്ന(periodic) ചലനത്തിൽ നിന്ന് സമയക്രമമില്ലാത്ത (aperiodic) ചലനത്തിലേക്കുള്ള മാറ്റം പോലെയുള്ള ചലനാവസ്ഥകളിലെ ഗുണപരമായ മാറ്റങ്ങളെ ‘രണ്ടായി പിരിയൽ’ (bifurcations) എന്ന് വിളിക്കുന്നു. ദ്വന്ദ്വാത്മകതത്ത്വങ്ങളുടെ സാർവത്രികപ്രയോഗക്ഷമത ഈ മേഖലകളിലും വീണ്ടും ശരിയാണെന്ന് തെളിയിക്കപ്പെട്ടു.


ഇതിൽ ‘തിരിച്ചും’ എന്ന ഭാഗം സാധാരണയായി അളവുപരവും ഗുണപരവുമായ മാറ്റങ്ങളുടെ തുടർച്ചയായിട്ടാണ് സമയക്രമത്തിൽ കാണപ്പെടുന്നത്. ഈ കാഴ്ചപ്പാടിൽ, ഒരു വ്യവസ്ഥയിലെ അളവുപരമായ മാറ്റത്തിന്റെ പ്രക്രിയ ഒരു നിർണ്ണായകഘട്ടത്തിൽ എത്തുമ്പോൾ അത്  ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്നു. അതിന്റെ മുൻരൂപത്തെ നിഷേധിച്ച്  പുതിയ ഒരു വസ്തു പിറവിയെടുക്കുന്നു. എന്നാൽ ഭൗതികമാറ്റത്തിന്റെ പ്രക്രിയ അവിടെ അവസാനിക്കുന്നില്ല. പുതിയ വസ്തു, വീണ്ടും അളവുപരമായ മാറ്റത്തിന്റെ ഒരു പുതിയ പ്രക്രിയ ആരംഭിക്കുന്നു, അത് മറ്റൊരു ഗുണപരമായ മാറ്റത്തിന് കാരണമാവുകയും ഈ പ്രക്രിയ തുടരുകയും ചെയ്യും. ഈ ‘തിരിച്ചും’ എന്നതിന് ഏംഗൽസ് തന്റെ ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ എന്ന കൃതിയിൽ താപോർജ്ജം യാന്ത്രികചലനമായി മാറുന്നതും യാന്ത്രികചലനം വീണ്ടും താപോർജ്ജമായി മാറുന്നതും പോലെയുള്ള ഉദാഹരണങ്ങൾ നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള പ്രമുഖ മാർക്സിസ്റ്റ് ചിന്തകനായിരുന്ന ശിബ്‍ദാസ് ഘോഷ്, ഏതൊരു വസ്തുവിന്റെയും മാറ്റത്തിന്റെ പ്രക്രിയയിൽ, ‘അളവുപരമായ മാറ്റം ഗുണപരമായ മാറ്റത്തിലേക്ക്’ എന്ന ഭാഗവും അതിന്റെ ‘തിരിച്ചും’ എന്ന ഭാഗവും ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന് കാണിച്ചുകൊണ്ട് ഈ ആശയത്തെ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരു അളവുപരമായ മാറ്റത്തിന്റെ പ്രക്രിയക്കുള്ളിൽത്തന്നെ എണ്ണമറ്റ ഗുണപരമായ മാറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ഓരോ വസ്തുവും നിശ്ചിതമായ ‘അടിസ്ഥാനഘടകങ്ങളാൽ’ നിർമ്മിതമാണ്. ഒരു ഗ്ലാസ് വെള്ളത്തെ സംബന്ധിച്ചിടത്തോളം, അടിസ്ഥാനഘടകങ്ങൾ ജലതന്മാത്രകളാണ്; ഒരു ജീവിവർഗ്ഗത്തെ (species)  സംബന്ധിച്ചിടത്തോളം, അടിസ്ഥാനഘടകങ്ങൾ ആ സ്പീഷിസിലെ വ്യക്തിഗത ജീവികളാണ്; ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം, അടിസ്ഥാനഘടകങ്ങൾ വ്യക്തികളാണ്. വസ്തുവിന്  അളവുപരമായ ചെറിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, അതിന്റെ ചില അടിസ്ഥാനഘടകങ്ങൾക്ക് ഗുണപരമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിന്റെ താപനില കൂടുമ്പോൾ (ഒരു അളവുപരമായ മാറ്റം) ചില ജലതന്മാത്രകൾ ബാഷ്പീകരിക്കുന്നു (ഗുണപരമായ മാറ്റം). ഒരു മുതലാളിത്ത സമൂഹം അളവുപരമായ മാറ്റത്തിന് വിധേയമാകുമ്പോൾ, വ്യക്തികൾ ഗുണപരമായ മാറ്റത്തിന് വിധേയരാവുകയും വിപ്ലവകാരികളായി മാറുകയും, ആത്യന്തികമായി അത് മുഴുവൻ സമൂഹത്തിന്റെയും ഗുണപരമായ പരിവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അളവുപരവും ഗുണപരവുമായ മാറ്റങ്ങൾ വേർതിരിക്കാനാവാത്തതും ഒന്നിനുപുറകെ ഒന്നായിട്ടല്ലാതെ ഒരേസമയം സംഭവിക്കുന്നതുമാണ്.
സംഭാവ്യതയും (probability) നിർണ്ണയവാദവും (determinism) ശാസ്ത്രത്തിലെ രണ്ട് സുപ്രധാന ആശയങ്ങളാണ്. ഇവ പൊരുത്തപ്പെടുത്താനാവാത്ത ആശയങ്ങളാണെന്ന് പലരും വിശ്വസിക്കുന്നു:  നിർണ്ണയിക്കപ്പെടാവുന്നതാണ് ഒരു വസ്തുത എങ്കിൽ സംഭവ്യതയ്ക്ക് സ്ഥാനമില്ല, സംഭവിക്കാനുള്ള സാധ്യതയേ ഉള്ളുവെങ്കിൽ അത് നിർണ്ണയവാദത്തെ ലംഘിക്കുന്നു. ഈ നിലപാട് ക്വാണ്ടം മെക്കാനിക്സ് ഉൾപ്പെടെയുള്ള ചില ആധുനിക ശാസ്ത്രീയവികാസങ്ങളെക്കുറിച്ച് വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായി.


ക്വാണ്ടം ലോകത്ത്, കണങ്ങളുടെ ചലനം സംഭവ്യതാ നിയമത്താൽ നിയന്ത്രിക്കപ്പെടുന്നു. ഒരു സൂക്ഷ്മകണത്തിന്റെ സ്ഥാനവും സംവേഗവും അനന്തമായ കൃത്യതയോടെ ഒരേസമയം നിർണ്ണയിക്കാൻ കഴിയില്ലെന്ന് ഹൈസെൻബെർഗിന്റെ അനിശ്ചിതത്വ തത്ത്വം (Heisenberg’s Uncertainty Principle) പറയുന്നു. ഒരു കണത്തിന്റെ സ്ഥാനം എത്രത്തോളം കൃത്യമായി നിർണ്ണയിക്കപ്പെടുന്നുവോ, അത്രത്തോളം കൃത്യത കുറഞ്ഞേ അതിന്റെ സംവേഗം നിർണ്ണയിക്കാൻ കഴിയൂ, തിരിച്ചും.  ഈ ബന്ധത്തെ വെളിവാക്കുന്ന ഒരു ഗണിതശാസ്ത്രഅസമത (mathematical inequality) ഉണ്ട്. ഇത് നമ്മുടെ ഉപകരണങ്ങളുടെയോ നിരീക്ഷണത്തിനുള്ള സാങ്കേതികവിദ്യകളുടെയോ പരിമിതിയല്ല. പ്രകൃതിയുടെ ഒരു നിയമമാണ്: ഒരു കണത്തിന്റെ സംവേഗത്തിന്   കൃത്യമായ ഒരു മൂല്യമുണ്ടെങ്കിൽ, അതിന്റെ സ്ഥാനത്തിന്  നിശ്ചിതമായ മൂല്യമില്ല. ഒരു നിശ്ചിത പരിധിക്കുള്ളിൽ അതിന് ഏതൊരു സ്ഥാനത്തും ആയിരിക്കാൻ കഴിയും. ഓരോ സ്ഥാനത്തും ആയിരിക്കാനുള്ള  അതിന്റെ സംഭവ്യത നിർണ്ണയിക്കാനും കഴിയും.
ഇത്, ക്വാണ്ടം ലോകത്ത് കാര്യകാരണബന്ധവും(causality) നി‍‍ർണ്ണയവാദവും(Determinism) പ്രവർത്തിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നതായി ചില ശാസ്ത്രജ്ഞരും തത്ത്വചിന്തകരും  വ്യാഖ്യാനിച്ചു. എന്നിരുന്നാലും, ഒരു നിയമവും അനുസരിക്കാത്ത, അരാജകമോ അനിയന്ത്രിതമോ ആയതാണ് ചലനം എന്നല്ല ഇത് സൂചിപ്പിക്കുന്നത്. സൂക്ഷ്മകണങ്ങളുടെ ചലനം പൂർണ്ണമായും നിയമഭരിതമാണ്.  അത് സംഭവ്യതയുടെ നിയമത്താൽ നിർണ്ണയിക്കപ്പെടുന്നു. ഒരു ക്വാണ്ടം വ്യവസ്ഥയിൽ, സംഭവ്യതകൾ  നിയമഭരിതമായ  ഒരു പ്രക്രിയയിലൂടെ  സുനിശ്ചിതമായിത്തന്നെ ഉരുത്തിരിയുന്നു. ക്വാണ്ടം ലോകത്ത് സംഭവ്യതയുടെ നിയമം പ്രവർത്തിക്കുന്നു എന്നതിനാൽ നിർണ്ണയവാദം തെറ്റാണെന്ന് അതു സ്ഥാപിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. “ഡിറ്റർമിനിസത്തെക്കുറിച്ചുള്ള നിലവിലുള്ള ധാരണയ്ക്ക് ഒരു യാന്ത്രികമായ പക്ഷപാതത്തിന്റെ പരിമിതി ഉണ്ടായിരുന്നു”, ശിബ്‍ദാസ് ഘോഷ് പറഞ്ഞു, “കൃത്യമായി പറഞ്ഞാൽ, നി‍‍ർണ്ണയവാദത്തെക്കുറിച്ചുള്ള ഈ ധാരണ പൂർവ്വനി‍‍ർണ്ണയവാദ (pre-determinism)ത്തിന്റെ നിഴലിലായിരുന്നു.  നി‍‍ർണ്ണയവാദത്തെ വിധിവാദ(fatalism)മായി കണക്കാക്കാൻ ഇതു പലരെയുംപ്രേരിപ്പിച്ചു. അതിനാൽ,  അനിശ്ചിതത്വ തത്വത്തിലോ സൂക്ഷ്മകണങ്ങളെക്കുറിച്ചുള്ള മറ്റു പല വിഷയങ്ങളിലോ ഉള്ളതുപോലെ  ആധുനിക ശാസ്ത്രത്തിലെ സംഭാവ്യത എന്ന ആശയം,  നിശ്ചിതത്വത്തെ തുരങ്കം വെക്കുകയോ കാര്യകാരണബന്ധത്തെ ഇല്ലാതാക്കുകയോ ചെയ്തിട്ടില്ല എന്ന് ഞാൻ കരുതുന്നു. സംഭവ്യതയുടെ ഈ നിയമം  പ്രീ-ഡിറ്റർമിനി സത്തിന്റെ മുൻധാരണയിൽനിന്ന് ഡിറ്റർമിനിസത്തെ മോചിപ്പിച്ച് ശക്തമായ ഒരു അടിത്തറയിൽ സ്ഥാപിച്ചു എന്നതാണ് ശരിയായ ധാരണ.” ഏംഗൽസ് തന്റെ ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ എന്ന കൃതിയിലെ ‘ ആകസ്മികതയും ആവശ്യകതയും’(Chance and Necessity) എന്ന അധ്യായത്തിലും യാന്ത്രികഭൗതികവാദസമീപനത്തിലെ പൂർവ്വനി‍‍ർണ്ണയവാദം എന്ന വിഷയത്തിലേക്ക് വിരൽ ചൂണ്ടി.


ഉദാഹരണം: ആധുനിക ജനിതകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഡാ‍ർവിന്റെ പരിണാമസിദ്ധാന്തം


ആധുനികശാസ്ത്രം ദ്വന്ദ്വാത്മകരീതി എങ്ങനെ സ്വീകരിക്കുന്നു എന്ന് വിശദീകരിക്കാൻ, ഡാർവിൻ മുന്നോട്ട് വെക്കുകയും പിന്നീട് ജനിതകശാസ്ത്രത്തിന്റെ വികാസം  സമ്പന്നമാക്കുകയും ചെയ്ത ജൈവപരിണാമപ്രക്രിയ നമുക്ക് പരിഗണിക്കാം. ഈ വിഷയത്തിന് രണ്ട് വശങ്ങളുണ്ട്: വ്യക്തിഗത ജീവിയും അത് ഉൾപ്പെടുന്ന മുഴുവൻ ജീവിവർഗവും(species). ഓരോ വ്യക്തിഗത ജീവിയും പരിസ്ഥിതിയുമായി നിരന്തരമായ വൈരുദ്ധ്യത്തിലാണ്. ഭക്ഷണ ഉപഭോഗവും മറ്റ് പാരിസ്ഥിതിക ഘടകങ്ങളും നിർണ്ണയിക്കുന്ന പരിമിതികൾക്കുള്ളിൽ ‘ജനിതക കോഡ്’(genetic code) എന്ന് വിളിക്കപ്പെടുന്ന  ഘടകത്തിലൂടെയാണ് ജീവിയുടെ ശാരീരികഘടന വലിയ അളവിൽ രൂപപ്പെടുന്നത്. വിശദാംശങ്ങളിലേക്ക് പോകാതെ പറയാം, ഒരു ഭ്രൂണം ഒരു കുതിരയായോ മത്സ്യമായോ ആണ് വികസിക്കേണ്ടതെങ്കിൽ, അതിന്റെ ശാരീരികഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യത്തെ കോശത്തിൽ തന്നെ ലഭ്യമായിരിക്കണം. ഈ വിവരങ്ങൾ, ഓരോ കോശത്തിന്റെയും ന്യൂക്ലിയസിൽ കാണപ്പെടുന്ന ഡിഎൻഎ എന്ന തന്മാത്രയിൽ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ അടങ്ങിയ ഡിഎൻഎയുടെ വിവിധ ഭാഗങ്ങളെ ജീനുകൾ എന്ന് വിളിക്കുന്നു. അമ്മയുടെയും അച്ഛന്റെയും ലൈംഗികകോശങ്ങളിലെ ഡിഎൻഎ തന്മാത്രകളുടെ ഭാഗങ്ങളിൽനിന്നാണ് ഈ വിവരങ്ങൾ വരുന്നത്.
ഒരു പ്രത്യേക സ്പീഷിസിലെ ജീവിഗണത്തിൽ(population), ഓരോ വ്യക്തിഗത ജീവിയുടെയും ഡിഎൻഎ തന്മാത്ര സമാനമല്ല. മൊത്തത്തിൽ സമാനമാണെങ്കിലും (അതുകൊണ്ട് രണ്ട് കാക്കകൾക്കോ രണ്ട് കഴുതകൾക്കോ അവയെ കാക്കകളായോ കഴുതകളായോ വർഗ്ഗീകരിക്കാൻ കഴിയുന്ന നിരവധി പൊതുവായ സവിശേഷതകളുണ്ട്), ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കാൻ കഴിയുന്ന ചില സൂക്ഷ്മമായ വ്യത്യാസങ്ങൾ ഈ തന്മാത്രകളിൽ ഉണ്ട്. ഇതാണ് ഡാർവിൻ പറഞ്ഞ വ്യതിയാനം അവയ്ക്ക് നൽകുന്നത്. പ്രത്യുൽപാദന കോശങ്ങളിലേക്ക് ഡിഎൻഎ പകർത്തുന്ന പ്രക്രിയയിൽ ചില പിശകുകൾ സംഭവിക്കുമ്പോൾ പുതിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ‘ഉൾപരിവർത്തനം’ (mutations) എന്ന് വിളിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ജീവലോകത്ത് വളരെ സാധാരണമാണ്.
ഒരു പ്രത്യേക സ്പീഷിസിലെ എല്ലാ ജീവികളും പരിസ്ഥിതിയുമായി വൈരുദ്ധ്യത്തിലാണ്.  അവയുടെ ജനിതക കോഡിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വ്യതിയാനം അവയ്ക്ക് അസമമായ അതിജീവനസാധ്യത നൽകുന്നു. പ്രായപൂർത്തിയാകുന്നതുവരെ അതിജീവിക്കാൻ കഴിയുന്നവയ്ക്ക് അവയുടെ ജനിതക കോഡ് സന്താനങ്ങളിലേക്ക് കൈമാറാൻ കഴിയും. അങ്ങനെ, പ്രകൃതിനിർദ്ധാരണം  (natural selection) ചില ജീനുകൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും, ജീവികളുടെ നിലനിൽപ്പിനു പ്രതികൂലമായ ജീനുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതാണ് ജീവിഗണത്തിൽ ക്രമേണയുള്ള തും അളവുപരവുമായ മാറ്റങ്ങൾക്ക് കാരണമാകുന്നത്. പുതിയ ഭാഷയിൽ പറഞ്ഞാൽ, മത്സരിക്കുന്ന ജീനുകളുടെ ആപേക്ഷിക ആവൃത്തി (relative frequency) കാലത്തിനനുസരിച്ച് മാറുന്നു.
ശാരീരികഘടനയെ കാര്യമായി സ്വാധീനിക്കുന്ന ഒരു പുതിയ ജീൻ സ്പീഷിസിലേക്ക് പ്രവേശിക്കുമ്പോൾ ഗുണപരമായ മാറ്റങ്ങൾ സംഭവിക്കാം. ഒരു ഉൾപരിവർത്തനം ആദ്യം ഒരു വ്യക്തിഗത ജീവിയിൽ സംഭവിക്കുന്നു. ഇത് അതിജീവനത്തിന് പ്രയോജനകരമാകുന്നു ണ്ടെങ്കിൽ, ആ ജീവി പ്രായപൂർത്തിയാകാനും പുതിയ, ഉൾപരിവർത്തനം സംഭവിച്ച ജീൻ അതിന്റെ സന്താനങ്ങളിലേക്ക് കൈമാറാനും സാധ്യത കൂടുതലാണ്. ഈ ജീൻ വഹിക്കുന്നവർക്ക്, വഹിക്കാത്തവരേക്കാൾ ഉയർന്ന അതിജീവന സാധ്യതയുണ്ടെങ്കിൽ, ഈ ജീൻ ജീവിഗണത്തിൽ അതിവേഗം വ്യാപിക്കും. ഏതാനും ചില തലമുറകൾക്കുള്ളിൽ ഇത് എല്ലാ വ്യക്തിഗത ജീവികളിലും നിലവിലുണ്ടായേക്കാം. സ്പീഷിസിനെ മൊത്തത്തിൽ നോക്കിയാൽ, ജീവിഗണത്തിന്റെ സവിശേഷതകൾ മാറിയതായി കാണാം, അത് ഇപ്പോൾ ഗുണപരമായി പുതിയ ഒരു സ്പീഷിസാണ്. ഇപ്രകാരമാണ് ആപേക്ഷിക ജീൻ ആവൃത്തിയിലെ അളവുപരമായ മാറ്റം സ്പീഷിസിലെ ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്നത്.
എങ്കിലും, സ്പീഷിസിലെ വ്യക്തിഗത അംഗങ്ങളെ നമ്മൾ പരിശോധിക്കുകയാണെങ്കിൽ, സ്പീഷിസ് മൊത്തത്തിൽ ഗുണപരമായി മാറിയെന്ന് പറയാൻ കഴിയുന്നതിന് വളരെ മുമ്പുതന്നെ ചില വ്യക്തിഗത ജീവികൾ ഗുണപരമായ മാറ്റത്തിന് വിധേയരാകുന്നു എന്ന് നാം കണ്ടെത്തുന്നു. പുതിയ ജീൻ പാരമ്പര്യമായി ലഭിച്ച ഒരു വ്യക്തിഗത ജീവിയിലെ ഗുണപരമായ മാറ്റം സ്പീഷിസിനെ സംബന്ധിച്ചിടത്തോളം  അളവുപരമായ ഒരു മാറ്റത്തിലേക്ക് നയിക്കുന്നു. ഇപ്രകാരമാണ് ‘ഗുണപരമായ മാറ്റം അളവുപരമായ മാറ്റത്തിലേക്ക്’ എന്ന ഭാഗം പ്രവർത്തിക്കുന്നത്.
ജൈവപരിണാമപ്രക്രിയയെക്കുറിച്ചുള്ള ആധുനികധാരണ, സംഭാവ്യത കാര്യകാരണബന്ധത്തിന് എതിരല്ല എന്ന് വ്യക്തമായി തെളിയിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള ധാരണക്കുറവു മൂലം ചില കമ്മ്യൂണിസ്റ്റുകൾ ജനിതകശാസ്ത്രത്തെ അതിന്റെ ആദ്യകാലത്ത് എതിർക്കാനിടയായി. ക്രമരഹിതമായ ഉൾപരിവർത്തനങ്ങളിലൂടെ പുതിയ വ്യതിയാനങ്ങൾ  പ്രത്യക്ഷപ്പെടുന്നു ണ്ടെങ്കിലും, ആ വ്യതിയാനങ്ങൾ അതിജീവിക്കുമോ ഇല്ലയോ, സ്പീഷിസിന്റെ തുടർന്നുള്ള പരിണാമത്തിൽ അത് സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതെല്ലാം പൂർണ്ണമായും കാര്യകാരണബന്ധത്താൽ നിയന്ത്രിക്കപ്പെടുന്നതാണ് എന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു – കാരണം പ്രകൃതിനിർദ്ധാരണം  നിശ്ചിത വ്യതിയാനങ്ങൾക്ക് നിശ്ചിത അതിജീവനസാധ്യത നൽകുന്നു.
ആധുനിക ജനിതകശാസ്ത്രത്തിന്റെ വികാസം ദീർഘകാലമായി പരിഹരിക്കപ്പെടാതിരുന്ന വിഷയങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഏതൊരു മാറ്റത്തിന്റെയും അടിസ്ഥാനകാരണം ആന്തരികമാണ് എന്ന വസ്തുത ഇത് വീണ്ടും സ്ഥാപിച്ചു. ബാഹ്യവൈരുദ്ധ്യം വഹിക്കുന്ന പങ്ക് അത് പുനർനിർവചിച്ചിട്ടുണ്ട്. ജനിതകശാസ്ത്രത്തിന്റെ വികാസത്തിന്റെ ആദ്യകാലത്ത്, ഡാർവിന്റെ സിദ്ധാന്തത്തിന്റെ കാര്യകാരണബന്ധ സ്വഭാവം വ്യക്തമല്ലായിരുന്നു. അതും ഇപ്പോൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.


ഉപസംഹാരം


ശാസ്ത്രജ്ഞർ അതിനെക്കുറിച്ചു ബോധവാന്മാരല്ലെങ്കിൽപ്പോലും, ശാസ്ത്രം, ദ്വന്ദ്വാത്മകഭൗതികവാദം കാണിച്ചുതന്ന പാത പിന്തുടർന്ന് തന്നെയാണ് മുന്നോട്ടു പോകുന്നത് എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട്, ദ്വന്ദ്വാത്മക ഭൗതികവാദത്തെ ശാസ്ത്രീയ വ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഈ വശം ഉയർത്തിക്കാട്ടുക എന്നതാണ് നമ്മുടെ ദൗത്യം.
യുക്തിഭദ്രമായ ഒരു വിജ്ഞാനവ്യവസ്ഥയും രീതിശാസ്ത്രപരമായ കാഴ്ചപ്പാടും സൃഷ്ടിക്കുന്നതിനായി പിൽക്കാല മാർക്സിസ്റ്റ് തത്ത്വചിന്തകർ ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെ ആശയങ്ങൾക്ക് നൽകിയ സംഭാവനകൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ദാർശനിക കാഴ്ചപ്പാട് ആധുനികയുഗത്തിലെ ശാസ്ത്രത്തിലെ വിവിധ വികാസങ്ങൾ മനസ്സിലാക്കാനും സ്വാംശീകരിക്കാനും സഹായിക്കുമെന്ന് നമുക്ക് ബോധ്യമുണ്ടെങ്കിൽ, പോസ്റ്റ്-മോഡേണിസം, എംപിരിയോ-മോണിസം, നവ ഭൗതികവാദം, പോസ്റ്റ്-ഹ്യൂമനിസം തുടങ്ങിയവയുടെ പേരിൽ ദ്വന്ദ്വാത്മക ഭൗതികവാദത്തെ ‘പരിഷ്കരിക്കാനുള്ള’ പ്രവണതകളെ നാം ചെറുക്കണം.

അതേസമയം തന്നെ, ആധുനികശാസ്ത്രത്തിലെ വിവിധ ശാഖകളിൽ സംഭവിക്കുന്ന ആശയപരമായ വികാസങ്ങൾ ലോകമെമ്പാടുമുള്ള മാർക്സിസ്റ്റുകൾ വിമർശനാത്മകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ചരിത്രപരമായി, ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെ പ്രത്യയശാസ്ത്രം വികസിച്ചത് ശാസ്ത്രത്തിലെ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ്. അതിനാൽ, ശാസ്ത്രം കൂടുതൽ വികസിക്കുന്നതിനനുസരിച്ച് അതിനെ കൂടുതൽ സമ്പന്നമാക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്.

Share this post

scroll to top