വൈദ്യുതി മേഖലയിലെ ആപത്ക്കരമായ പൊളിച്ചെഴുത്തുകള്‍

kseb.jpg
Share

ആധുനിക മനുഷ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ജീവനോപാ
ധിയാണ് വൈദ്യുതി. അതുകൊണ്ടുതന്നെ ഈ രംഗത്ത് കൊണ്ടുവരുന്ന ഏതൊരു മാറ്റവും മുഴുവൻ ജനങ്ങളെയും നേരിട്ടു ബാധിക്കുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൈദ്യുതിമേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ സാധാരണ ഉപഭോക്താക്കൾക്ക് വൈദ്യുതി അപ്രാപ്യമാക്കിയിരിക്കുകയാണ്.

സേവനമേഖലയായി പ്രവർത്തിച്ചിരുന്ന വൈദ്യുതിരംഗം ഇന്ന് ഒരു വാണിജ്യസംരംഭമാക്കി മാറ്റിയിരിക്കുന്നു.  ആഗോളവൽക്കരണകാലത്തെ വ്യവസായ-സാമ്പത്തിക നയങ്ങളുടെ ചുവടൊപ്പിച്ച് കേന്ദ്രഗവണ്‍മെന്റ് 1991ൽ കൊണ്ടുവന്ന വൈദ്യുതി നയം ഉത്പാദന, വിതരണ രംഗത്തേക്ക് വലിയ തോതിൽ കോർപ്പറേറ്റ് മൂലധനത്തിന്റെ കടന്നുവരവിന് വഴിയൊരുക്കി.
സംസ്ഥാനങ്ങളിലെ വൈദ്യുതിബോർഡുകളെ വാണിജ്യ കേന്ദ്രങ്ങളാക്കി വികേന്ദ്രീകരിക്കുന്നതിനുള്ള പദ്ധതിയായിരുന്നു വൈദ്യുതി നിയമം 2003. ഉത്പാദനം, പ്രസരണം, വിതരണം, എന്നീ മേഖലകൾ കേന്ദ്രീകൃതമായി ഒരൊറ്റ സംവിധാനമായി  പ്രവർത്തിച്ചിരുന്ന സംസ്ഥാന വൈദ്യുതി ബോർഡുകളെ പല മേഖലകളായി വികേന്ദ്രീകരിച്ചു. എല്ലാവർക്കും വൈദ്യുതി, ഗുണമേന്മയുള്ള വൈദ്യുതി താങ്ങാവുന്ന വിലക്ക്, സാമ്പത്തികമായ സ്വയംപര്യാപ്തത എന്നൊക്കെയുള്ള കേൾക്കാനിമ്പമുള്ള കാര്യങ്ങൾ പറഞ്ഞു നടപ്പിലാക്കിയതാണ് വൈദ്യുതി നിയമം 2003. രണ്ടുപതിറ്റാണ്ട് കഴിയുമ്പോഴേക്കും വിതരണ മേഖലയുടെ സഞ്ചിത നഷ്ടം 6.9 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു.പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന വൈദ്യുതി ബോർഡുകളെ ശിഥിലീകരിച്ചുകൊണ്ട് വിവിധ മേഖലകളായി വിഭജിച്ച് സ്വകാര്യ മൂലധനത്തിന് വഴിയൊരുക്കുന്നതിനെതിരെ വൈദ്യുതി ഉപഭോക്താക്കളും, ഈ രംഗത്ത് പണിയെടുക്കുന്ന ജീവനക്കാരും ശക്തമായ പ്രക്ഷോഭം ഉയർത്തിയിരുന്നു.
വൈദ്യുതി നിയമം 2003ലൂടെ വലിയ ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തുന്നതിലൂടെ മാത്രമെ ഈ മേഖലയെ സാമ്പത്തിക സ്വയം പര്യാപ്തയുള്ളതാക്കി മാറ്റാൻ കഴിയൂ എന്ന വാദം പൊള്ളയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സഞ്ചിത നഷ്ടത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
യഥാസമയം ചാർജുകൾ വർദ്ധിപ്പിക്കുന്നതിലുണ്ടായ  കാലതാമസം വൈദ്യുതിമേഖലയെ സാമ്പത്തികമായി തളർത്തിയതായും, ക്രോസ് സബ്സിഡി വഴിയുണ്ടാകുന്ന ഉയർന്ന വ്യവസായ വൈദ്യുതിനിരക്ക് വ്യവസായ മേഖലയുടെ  മത്സരക്ഷമതയെയും സാമ്പത്തിക വളർച്ചയെയും ബാധിച്ചിരിക്കുന്നതായും കേന്ദ്ര ഊർജ്ജമന്ത്രാലയം വൈദ്യുതി (ഭേദഗതി) ബിൽ 2025 ബില്ലിന്റെ കരടിനോടൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നു. പുതിയൊരു വൈദ്യുതി നിയമം കൊണ്ടുവരുവാൻ ബിജെപി കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്ന നിലക്കാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.  വൈദ്യുതി നിയമം 2003 സമഗ്രമായി ഭേദഗതി ചെയ്തുകൊണ്ടാണ് വൈദ്യുതി (ഭേദഗതി) ബിൽ 2025ന്റെ കരട് കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസിദ്ധീകരിച്ചിരി ക്കുന്നത്. ഉയർന്നുവരുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ വൈദ്യുതി മേഖലയെ വീണ്ടും പരിഷ്കരിക്കുന്നതിനുവേണ്ടിയാണ് പുതിയ ബിൽ എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
ഈ ബില്ലിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന വർഗ്ഗ താത്പര്യമെന്തെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വൈദ്യുതി (ഭേദഗതി) ബിൽ 2025 സമഗ്രമായി പരിശോധിച്ചാൽ സാധാരണ വൈദ്യുതി ഉപഭോക്താക്കളെയും, ചെറുകിട വ്യാപാര, വ്യവസായ, കർഷക താല്പര്യങ്ങളും ബലികഴിച്ചുകൊണ്ടു്, വൻകിട വ്യവസായ സംരംഭങ്ങളെമാത്രം സംരക്ഷിക്കുന്ന ഒരു ബില്ലാണെന്ന് മനസ്സിലാക്കാൻ കഴിയും. ബില്ലിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ക്രോസ് സബ്സിഡി സമ്പ്രദായം അവസാനിപ്പിക്കുകയെന്നതാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന സമ്പന്ന വിഭാഗങ്ങൾക്ക് ഉയർന്നനിരക്കിലുള്ള വൈദ്യുതി ചാർജ്ജും, കുറഞ്ഞ ഉപഭോഗമുള്ള ദരിദ്രജനവിഭാഗങ്ങൾക്ക് സാപേക്ഷികമായി കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ചാർജ്ജും തീരുമാനിക്കുന്നത് ക്രോസ് സബ്‌സിഡിയെന്ന സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ്. വ്യവസായങ്ങൾ ലാഭാധിഷ്ഠിതമായ സംരംഭങ്ങളായതുകൊണ്ട് അവരിൽനിന്ന് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കുന്നു. ഇത് സാധാരണ ജനങ്ങൾക്ക് സംരക്ഷണമായിരുന്നു. ഭേദഗതി ബില്ലിന്റെ സെക്ഷൻ 61 ൽ നിർദ്ദേശിക്കപ്പെടുന്നത് വൻകിട വ്യവസായ, നിർമ്മാണ സ്ഥാപനങ്ങളെ ക്രോസ് സബ്സിഡി സമ്പ്രദായപ്രകാരം നൽകിവരുന്ന ഉയർന്ന താരിഫ് നിരക്കിൽനിന്ന് ഒഴിവാക്കികൊണ്ട് അവരുടെ വൈദ്യുതി ചാർജ് കുറയ്ക്കണമെന്നാണ്. പാവപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്കും, കൃഷികാർക്കും ഉയർന്ന വൈദ്യുതി ചാർജ് കൊടുക്കേണ്ടിവരുമ്പോൾ കോർപ്പറേറ്റുകളുടെ താൽപര്യം മാത്രമാണ് സംരക്ഷിക്കപ്പെടുക.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുഖജനാവിൽനിന്നും പണംമുടക്കികൊണ്ടും രാജ്യത്തിന്റെ പൊതുവിഭവങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടും  പൊതുമേഖലയിൽ പടുത്തുയർത്തിയ വൈദ്യുതിനിലയങ്ങളും പവർ ലൈനുകളും അടക്കമുള്ള വമ്പിച്ച അടിസ്ഥാന സംവിധാനങ്ങളെ  ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വകാര്യവൈദ്യുതി വിതരണ കമ്പനികൾക്ക് ഇനി യഥേഷ്ടം കടന്നുവരാം. ഒരു പ്രദേശത്തുതന്നെ പ്രവർത്തിക്കുന്ന നിരവധി വൈദ്യുതി വിതരണ ഏജൻസികൾ ഉണ്ടാകും. അവരെല്ലാം ഉപയോഗിക്കുന്നത് ഒരേ അടിസ്ഥാന സംവിധാനങ്ങളായിരിക്കും. അതിനുള്ള നിയമപരമായ അവകാശം സ്വകാര്യ കമ്പനികൾക്ക് ഉണ്ടായിരിക്കും. പക്ഷേ, ഇലക്ട്രിക് ലൈനുകളുടെയും മറ്റും അറ്റകുറ്റപണികൾ, സിസ്റ്റം ശക്തിപ്പെടുത്താനുള്ള മൂലധനനിക്ഷേപം തുടങ്ങിയ ബാധ്യതകളെല്ലാം  സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികൾക്ക് വന്നുചേരും. വ്യാവസായിക കമ്പനികൾക്ക് സബ്സിഡികൾ ഒന്നും ബാധകമല്ലാത്തതിനാൽ പല വ്യവസായ സംരംഭങ്ങളും ഉയർന്ന താരിഫ് നിരക്കുള്ള ഉപഭോക്താക്കളും സ്വകാര്യ വിതരണ കമ്പനികളുടെ കീഴിലേക്ക് വരും. പൊതുമേഖലയിൽ പ്രവർത്തിച്ചു വരുന്ന വൈദ്യുതി കമ്പനികളുടെ വലിയ വരുമാന സ്രോതസ്സായ വൻകിട വൈദ്യുത ഉപഭോക്താക്കളെ നഷ്ടപ്പെടുകവഴി, പൊതുമേഖല വൈദ്യുതി വിതരണ കമ്പനികൾ/ബോർഡുകൾ എല്ലാം തന്നെ സാമ്പത്തിക പ്രതിസന്ധിയിലാകും. പൊതുമേഖല വിതരണ കമ്പനികൾ നിർവ്വഹിച്ചുപോരുന്ന സാമൂഹ്യ ഉത്തരവാദിത്വമായ ക്രോസ്- സബ്സിഡികൾ നിലനിർത്താനാകാതെ വൈദ്യുതി വിതരണത്തിനാവിശ്യമായ മുഴുവൻ ചെലവും ഇടാക്കാനാവുന്ന ഉൽപാദനച്ചെലവ് പ്രതിഫലിക്കുന്ന വൈദ്യുതി നിരക്ക്-അത് വളരെ വലിയ നിരക്കായിരിക്കും-പാവപ്പെട്ട ജനങ്ങളിൽ നിന്നും പിരിച്ചെടുക്കേണ്ടിവരും. ഇത്തരം വലിയ പ്രതിസന്ധികളാണ് ഈ ബില്ല് നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകാൻ പോകുന്നത്.
സ്വകാര്യ മുതലാളിമാർക്ക് യാതൊരു ബാദ്ധ്യതയുമില്ലാതെ  വൈദ്യുതി വിതരണത്തിലൂടെ ലാഭം ഉറപ്പാക്കാനും,  ക്രോസ് സബ്സിഡിയൊന്നും ബാധകമാക്കാതെ വ്യവസായങ്ങൾക്ക് നേരിട്ട് വൈദ്യുതി നൽകാൻ കഴിയുന്ന സ്വകാര്യ ഏജൻസികൾക്ക് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്ന നിയമ ഭേദഗതിയാണ് വൈദ്യുതി (ഭേദഗതി) ബിൽ 2025ൽ ഉള്ളത്.
വൈദ്യുതി മേഖല ഭരണഘടനാപരമായി കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപ്രകാരം സംസ്ഥാനങ്ങൾക്കും, കേന്ദ്രസർക്കാരിനും ഒരുപോലെ അധികാര അവകാശങ്ങളുള്ള മേഖലയാണ് വൈദ്യുതിരംഗം. പുതിയ നിയമ ഭേദഗതി സംസ്ഥാനങ്ങളുടെ ഈ മേഖലയിലുള്ള അധികാരത്തെ കവർന്നെടുക്കുന്നതാണ്. ബില്ലിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രിസിറ്റി കൗൺസിൽ സംസ്ഥാനങ്ങൾക്ക്  നയപരമായി തീരുമാനമെടുക്കാനുള്ള അധികാരത്തെ അപ്രസക്തമാക്കുന്നു. ഇലക്ട്രിസിറ്റി കൗൺസിൽ കേന്ദ്ര ഊർജ്ജ മന്ത്രി ചെയർമാനും, സംസ്ഥാന ഊർജ്ജ മന്ത്രിമാർ അംഗങ്ങളും, കേന്ദ്ര ഊർജ്ജസെക്രട്ടറി കൺവീനറുമായുള്ള സമിതിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഊർജ്ജ നയവും ഈ രംഗത്ത് കൊണ്ടുവരുന്ന പരിഷ്കാരങ്ങളുടെ നടത്തിപ്പും ഏകോപനവും തീരുമാനിക്കുന്നതും ഈ നിർദ്ദിഷ്ട കൗൺസിൽ വഴിയായിരിക്കും. നിലവിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സമാഹരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന കേന്ദ്ര ജിഎസ്‌റ്റി കൗൺസിൽപോലെയുള്ള ഒരു സംവിധാനമായിരിക്കും ഇത്.
നിലവിലുള്ള വൈദ്യുതി ബോർഡിന്റെ വിതരണ ശൃംഖലകൾ മുഴുവൻ ഉപയോഗിക്കാൻ സ്വകാര്യ മൂലധന ഏജൻസികളെ അനുവദിക്കുന്നതിലൂടെ വൈദ്യുതി മേഖലയുടെ സമ്പൂർണ്ണമായ സ്വകാര്യവൽക്കരണമാണ് ഉണ്ടാകാൻ പോകുന്നത്. ഇപ്പോൾ സംസ്ഥാനങ്ങളിൽ  നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി, പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡുകളുടെ സ്വകാര്യവൽക്കരണം ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് നടപ്പിലാക്കി വരുന്നത്. സ്മാർട്ട് മീറ്ററിംഗ്  നടപ്പിലാക്കുന്നത് പൊതുമേഖലയിലൂടെയായാലും സ്വകാര്യ ഏജൻസികൾ വഴിയായാലും ഫലം ഒന്നുതന്നെയായിരിക്കും. സ്മാർട്ട് മീറ്ററിംഗ് ഭാവിയിൽ സ്വകാര്യവൽക്കരണ പ്രക്രിയയെ സുഗമമാക്കും. ഭേദഗതി ബില്ലിലൂടെ കേന്ദ്ര ബിജെപി സർക്കാർ ലക്ഷ്യംവെക്കുന്നത് വൻതോതിലുള്ള സ്വകാര്യവൽക്കരണമാണ്. ഇതിന്റെ പ്രത്യക്ഷഫലം സാധാരണക്കാരായ ജനങ്ങൾക്ക് വൈദ്യുതി  താങ്ങാനാവാത്ത ഒരു ഉല്പന്നമായി മാറും എന്നു മാത്രമല്ല, ഈ മേഖലയിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന ജീവനക്കാരുടെ തൊഴിൽ വന്‍തോതിൽ ഇല്ലായ്മചെയ്യപ്പെടും. നിലവിലുള്ള പതിനായിരക്കണക്കിനു പെൻഷൻകാരെയും പ്രതികൂലമായി ബാധിക്കും. സമ്പൂർണ്ണമായ സ്വകാര്യവൽക്കരണം, ക്രോസ് സബ്സിഡികൾ നിർത്തലാക്കൽ, സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം മുതലായ പരിഷ്കാരനടപടികളിലൂടെ ജനജീവിതത്തിന്റെ അടിസ്ഥാന ഉപാധിയായ വൈദ്യുതി  സാധാരണ ജനങ്ങൾക്കു് താങ്ങാനാവാത്ത ഒരു വാണിജ്യ ഉല്പന്നമായി മാറും. കേന്ദ്ര ഗവണ്‍മെന്റ് വിഭാവന ചെയ്യുന്ന’ 2047 വികസിത ഭാരത’ത്തിലേക്ക്  മുന്നേറുന്നതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന  ഈ ബില്ല് യഥാർത്ഥത്തിൽ ആരുടെ വികസിത ഭാരതത്തെയാണ് ലക്ഷ്യംവെക്കുന്നതെന്ന്, ബില്ലിൽ കൊണ്ടുവന്നിരിക്കുന്ന ഒരോ ഭേദഗതിയിലും വ്യക്തമാകും. ഏറ്റവും കുറഞ്ഞ ചെലവിൽ വൈദ്യുതി വൻകിട മുതലാളിമാർക്ക് ലഭ്യമാക്കാനും, അടിസ്ഥാന വ്യവസായ മേഖലയായ വൈദ്യുതിരംഗത്തേക്ക് സ്വദേശത്തും വിദേശത്തുമുള്ള വൻകിട മുതലാളിമാരെ ആനയിക്കുന്നതിനും വേണ്ടിയുള്ള, നിയമപരവും ഘടനാപരവുമായ പൊളിച്ചെഴുത്താണ് ഈ ഭേദഗതി ബിൽ.  മനുഷ്യരാശിയുടെ സുപ്രധാന കണ്ടെത്തലായ വൈദ്യുതി സാധാരണക്കാർക്ക് അപ്രാപ്യമാവുന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ഇരുളടഞ്ഞതാവും.
ജനവിരുദ്ധവും, കോർപ്പറേറ്റ് അനുകൂലവുമായ നിർദ്ദിഷ്ട വൈദ്യുതി (ഭേദഗതി) ബിൽ 2025നെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ എല്ലാവരും യൂണിയൻ ഭേദം മറന്ന് ഇതിനെതിരെ സമരരംഗത്ത് അണിനിരക്കണം. ബിൽ പിൻവലിക്കും വരെ സാധാരണ ജനങ്ങളും, തൊഴിലാളികളും ഒറ്റക്കെട്ടായി സമരംഗത്ത് അണിനിരക്കണം.

Share this post

scroll to top