തദ്ദേശ തിരഞ്ഞെടുപ്പിൽ പതിവിന് വിപരീതമായി യുഡിഎഫ് മികച്ച വിജയം നേടിയിരിക്കുന്നു. പഞ്ചായത്തീരാജ് നിയമം വന്നതിനുശേഷം നടന്നിട്ടുള്ള ഏഴ് തദ്ദേശ തിരഞ്ഞെടുപ്പുകളിലെയും ഏറ്റവും വലിയ വിജയമാണ് യുഡിഎഫ് നേടിയിട്ടുള്ളത്. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടുന്ന അനുകൂല ഘടകങ്ങൾ പലതും ഉണ്ടായിട്ടും സിപിഐ(എം) നയിക്കുന്ന മുന്നണി പരാജയപ്പെട്ടു.
അധികാരത്തിന്റെ ബലം ഉപയോഗിച്ച്, തങ്ങൾക്ക് ഗുണകരമായ നിലയിൽ വാർഡ് വിഭജനം നടത്തി. യഥാർത്ഥ വോട്ടർമാരിൽ ഒരു വിഭാഗത്തെ പട്ടികയിൽനിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആനുകൂല്യ പ്രഖ്യാപനങ്ങൾ നടത്തി ജനപക്ഷ മുഖംമൂടിയണിഞ്ഞു. എന്നിട്ടും സിപിഐ(എം)നേക്കാൾ അതീവ ദുർബ്ബലമായ പ്രാദേശിക സംഘടനാ സംവിധാനം മാത്രമുള്ള കോൺഗ്രസ് നയിക്കുന്ന മുന്നണിക്കു മുമ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു. എന്തുകൊണ്ട്? പിണറായി സർക്കാരിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ജനവിരുദ്ധ നയങ്ങളും സമരവിരുദ്ധ സമീപനവും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച അസംതൃപ്തിയുടെയും വെറുപ്പിന്റെയും രോഷത്തിന്റെയും ആഴമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്.
2025 ഡിസംബർ 9, 11 തീയതികളിലായി നടന്ന സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നത് ഡിസംബർ 13 നാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം ജില്ലാ പഞ്ചായത്തുകളിൽ 7 എണ്ണം വീതം യുഡിഎഫും എൽഡിഎഫും നേടി. കഴിഞ്ഞ തവണ നേടിയ 321 ഗ്രാമ പഞ്ചായത്തുകളുടെ സ്ഥാനത്ത് യുഡിഎഫ്, ഇക്കുറി 505 പഞ്ചായത്തുകളുടെ ഭരണമാണ് നേടിയത്. എ.ഡിഎഫിന്റേത് കഴിഞ്ഞ തവണത്തെ 514ൽ നിന്നും 340 ആയി കുറയുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് നേട്ടം.നാലു കോർപ്പറേഷനുകളുടെ ഭരണം യുഡിഎഫ് നേടിയപ്പോൾ ഒന്ന് എൽഡിഎഫും മറ്റൊന്ന് എൻഡിഎയും നേടി. മുൻസിപ്പാലിറ്റി കളിലും യുഡിഎഫിനു തന്നെയാണ് മേൽക്കൈ. ഇത്തരമൊരു ഫലം സൃഷ്ടിക്കാനിടയാക്കിയ ഘടകങ്ങൾ എന്തൊക്കെയാണ്?
എൽഡിഎഫിന്റെ അനുകൂല ഘടകങ്ങളെ നിഷ്പ്രഭമാക്കിയ ഭരണവിരുദ്ധ വികാരം
സംസ്ഥാനത്ത് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇടതു കക്ഷികള്‍ നയിക്കുന്ന മുന്നണി ജയിക്കുന്നത് പതിവ് കാഴ്ചയാണ്. 2010ലെ തിരഞ്ഞെടുപ്പിലൊഴികെ ഏതാണ്ട് എല്ലാ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയാണ് ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചിട്ടുള്ളത്. ഇടതു കക്ഷികള്‍ക്ക് പ്രത്യേകിച്ചും സിപിഐ(എം)ന് പതിവായി ജയിക്കാനിട നല്‍കുന്ന അനുകൂല ഘടകങ്ങളില്‍ ഒന്ന് പ്രാദേശിക സംഘടനാ സംവിധാനമാണ്. പ്രധാന എതിരാളിയായിട്ടുള്ള കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങള്‍ താരതമ്യേന, സജീവമായി പ്രവര്‍ത്തിക്കുന്നവയല്ല. നാമനിർദ്ദേശപത്രിക ചട്ടങ്ങൾക്കനുസരിച്ച് പൂരിപ്പിക്കാതെ പോയതിനാൽ മാത്രം യുഡിഎഫിന്റെ ആറ് പത്രികകൾ തള്ളിപ്പോവുകയുണ്ടായി എന്നതിൽ നിന്നും അവരുടെ പ്രാദേശിക സംഘടനയുടെ കാര്യക്ഷമത എത്രത്തോളമെന്ന് അളക്കാവുന്നതേയുള്ളൂ. ആര്‍എസ്എസിന്റെ പിന്‍ബലത്തില്‍ ബിജെപിയുടെ പ്രാദേശിക സംഘടനാ സംവിധാനം കാര്യക്ഷമമാണെന്നതിനാലാണ് രാഷ്ട്രീയ പിന്തുണ ഇല്ലെങ്കിലും ചില വാര്‍ഡുകളില്‍ ബിജെപി ജയിക്കുന്നത്. രാഷ്ട്രീയ പിന്തുണയുടെ ബലാബലത്തിനുമപ്പുറം സംഘടനാസംവിധാനത്തിന്റെ ബലമാണ് പരീക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം. എന്നിട്ടും കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് ഉജ്വലമായ വിജയം കൈവരിക്കാൻ കഴിഞ്ഞതെന്തുകൊണ്ടാണ്?
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വളരെ അനുകൂലമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രധാന ഘടകം കുടുംബശ്രീ യൂണിറ്റുകളും അയല്‍ക്കൂട്ടസംരഭങ്ങളുമാണ്. പെരുകുന്ന ജീവിത പ്രാരാബ്ധങ്ങള്‍ നിമിത്തം വായ്പ വാങ്ങിയേ നിലനില്‍ക്കാനാവൂ എന്ന സാഹചര്യം, അയല്‍ക്കൂട്ടങ്ങളും സ്വയം സഹായ സംഘങ്ങളും താഴേത്തട്ടിലുള്ള ജീവിതത്തിന് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. പഞ്ചായത്ത് ഭരണത്തിലെ മേധാവിത്വം ഉപയോഗപ്പെടുത്തി ഔദ്യോഗികമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴേത്തട്ടില്‍ വലിയതോതിൽ സ്വാധീനം ചെലുത്താന്‍ സിപിഐ(എം)ന് കഴിയുന്നു.
10 വർഷമായി അധികാരത്തിലിരുന്ന ഇടതുമുന്നണി അതിന്റെ ഭരണസംവിധാനത്തെ സമ്പൂർണ്ണമായും ദുരുപയോഗം ചെയ്താണ് ഡിലിമിറ്റേഷൻ എന്ന വാർഡുവിഭജനപ്രക്രിയ നടത്തിയത്. ഭൂമിശാസ്ത്രപരമായി വിചിത്രാകൃതിയിൽ വാർഡുകൾ പുനസംഘടിപ്പിച്ചും വാർഡുകൾ തമ്മിലുള്ള ജനസംഖ്യാനുപാതം കാറ്റിൽ പറത്തിയും നടത്തിയ ഈ പ്രക്രിയ, ഒരു സാധാരണ രാഷ്ട്രീയകാലാവസ്ഥയിൽ ഇടതുമുന്നണിക്ക് അനായാസജയം ഒരുക്കിക്കൊടുക്കുന്നതായിരുന്നു. എങ്കിലും സിപിഐ(എം) നയിക്കുന്ന മുന്നണി വിജയിച്ചില്ല. എത്രയൊക്കെ അനുകൂലഘടകങ്ങളുണ്ടായിരുന്നെങ്കിലും അവയെയൊക്കെ നിഷ്പ്രഭമാക്കത്തക്കവിധമായിരുന്നു ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ എന്നതാണ് അതിനു കാരണം.
ജനദ്രോഹഭരണത്തിന്റെ റെക്കോഡ് തകർത്ത പിണറായി സർക്കാർ
കഴിഞ്ഞ ഒരു പതിറ്റാണ്ടായി പിണറായി വിജയൻ നയിക്കുന്ന ജനദ്രോഹ ഭരണം മൂന്നരക്കോടി വരുന്ന ജനങ്ങളുടെ ജീവിതത്തിൽ ഏൽപ്പിച്ചിട്ടുള്ള പ്രഹരം സകല റെക്കോഡും കടത്തിവെട്ടിയിരിക്കുന്നു. ജീവിതച്ചെലവുകളിൽ നടുവൊടിക്കുന്നത് നിത്യോപയോഗസാധനങ്ങളുടെ അതിഭീമമായ വിലയാണ്. എത്ര ചുരുക്കി ജീവിച്ചാലും സാധാരണക്കാർക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവുന്നില്ല. വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ പിണറായി ഭരണം പൂർണ്ണമായ പരാജയമായി മാറി. തൊഴിൽരാഹിത്യവും വരുമാനമില്ലായ്മയും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. ഒരു നാളും അടച്ചുതീരാനാകാത്ത കടക്കെണിയിലാണ് കുടുംബങ്ങളെല്ലാമെന്ന് സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിലെ പഠനങ്ങൾ ആധികാരികമായി സ്ഥാപിക്കുന്നു. പണിചെയ്ത് ലഭിക്കുന്ന പരിമിതവരുമാനം വട്ടിപ്പലിശക്കാർക്ക് നൽകി മുടിയുകയാണ് സംസ്ഥാനത്തെ ഓരോ കുടുംബവും.
ഇടതുസർക്കാരിന്റെ ഭരണത്തിൻകീഴിൽ പൊതുജനാരോഗ്യരംഗത്ത് തകരാൻ ഇനി ബാക്കിയൊന്നുമില്ല എന്ന നിലയിലാണ്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയാലേ സർക്കാരാശുപത്രികളിൽപ്പോലും ചികിൽസ ലഭിക്കൂ എന്ന സ്ഥിതിയിലെത്തി യിരിക്കുന്നു. പേടിപ്പെടുത്തുന്ന ചികിൽസാച്ചെലവുകളുടെ മുമ്പിൽ ജനങ്ങൾ നിസ്സഹായരാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ നടത്തിയ പരസ്യപ്രതികരണം, സംസ്ഥാനത്തെ സർക്കാർ ചികിൽസാ സംവിധാനങ്ങളുടെ തകർച്ചയുടെ യഥാർത്ഥ സ്ഥിതിയെ വെളിവാക്കുന്നു.
ഇടതുഭരണത്തിൻ കീഴിൽ സ്കൂൾതലം മുതൽ ഉന്നതതലം വരെ വിദ്യാഭ്യാസമേഖല താറുമാറായിക്കഴിഞ്ഞിരിക്കുന്നു. ഭീമമായ തുക മുടക്കി മാത്രം നേടേണ്ട ഒന്നായി വിദ്യാഭ്യാസം മാറി. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആയി കേരളത്തെ മാറ്റുമെന്നായിരുന്നു പിണറായി സർക്കാരിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ. എന്നാലിന്ന് നമ്മുടെ കോളേജുകളിൽ പരമ്പരാഗത ബിരുദ – ബിരുദാനന്തര കോഴ്സുകളിൽ പഠിക്കാൻ വിദ്യാർത്ഥികൾ തന്നെ ഇല്ലാതായിരിക്കുന്നു. ഇടതു സർക്കാരിന്റെ പരിഷ്കാരങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകർത്തു. സുനിശ്ചിതമായ ജോലിയും ഭാവിയും സ്വപ്നംകണ്ടുകൊണ്ടാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് യുവാക്കൾ ഭീമമായ വിദ്യാഭ്യാസവായ്പ എടുത്ത് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാൽ അവിടങ്ങളിൽ നിന്നും അവർ പുറത്താക്കപ്പെ ടുകയാണ്. തിരികെ എത്തുന്ന നമ്മുടെ കുട്ടികളെ കാത്തിരിക്കുന്നത് വിവരിക്കാനാകാത്ത ദുരന്തങ്ങളാണ്.
സംസ്ഥാനത്തിന്റെ പൊതുകടം 5 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു. മുൻഗണനാക്രമത്തിൽ ഏറ്റവും പ്രാഥമികമായി നിറവേറ്റേണ്ട, ഒരിക്കലും മുടക്കാൻ പാടില്ലാത്ത സാമ്പത്തിക വിനിയോഗങ്ങളെല്ലാം മുടങ്ങിയിരിക്കുന്നു. പട്ടിക ജാതി – പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ് മുടങ്ങുന്നത് വർഷങ്ങളായി തുടരുകയാണ്. ക്ഷേമനിധികളിൽ അംഗങ്ങളായിട്ടുള്ള എല്ലാ വിഭാഗം തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകുന്നത് നിലച്ചിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. കെട്ടിട നിർമ്മാണ ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള പാവപ്പെട്ട തൊഴിലാളികളുടെ പെൻഷൻ മുടങ്ങിയിട്ട് 18 മാസം പിന്നിട്ടുകഴിഞ്ഞു എന്നത് ഒരു ഉദാഹരണം മാത്രം. മെഡിക്കൽ കോളേജുകളിൽ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പിനികൾ, സർക്കാർ പണം നൽകാത്തതിനാൽ ആശുപത്രികളിൽ നൽകിയ ഉപകരണങ്ങൾ തിരിച്ചെടുക്കുന്ന നാണക്കേടിനും കേരളം സാക്ഷ്യം വഹിച്ചു.
“പൂച്ച പെറ്റുകിടക്കുന്നു” എന്ന് പറയുമ്പോഴും, ഖജനാവിലെ പണമെടുത്ത് ആരെയും ഭയമില്ലാതെ നടത്തുന്ന ആർഭാടവും ധൂർത്തും കണ്ട് ജനങ്ങൾ അക്ഷരാർത്ഥത്തിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. ഇരുപതും മുപ്പതും വാഹനങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളുന്ന മുഖ്യനും സർക്കാർ വാങ്ങിക്കൂട്ടുന്ന ആഡംബരവാഹനങ്ങളും സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് ഒരു ഗുണവും ചെയ്യാത്ത, അടിക്കടിയുള്ള വിദേശപര്യടനങ്ങളും മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലും കോടികൾ മുടക്കിയുള്ള ആഘോഷങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന നടപടികളായി തുടരുകയാണ്.
എൽഡിഎഫ് ഭരണത്തിൽ അഴിമതിയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വ്യാപകമാകുന്നു
ഈ സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചത് രണ്ട് മാസങ്ങൾക്കുമുമ്പാണ്. അതിനുശേഷമാണ് ശബരിമലയിലെ സ്വർണ്ണക്കൊള്ള പുറത്തുവരുന്നത്. സിപിഐ(എം) മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പത്മകുമാറും മറ്റൊരു നേതാവായ എ.വാസുവും സ്വർണ്ണക്കൊള്ളയുടെ പ്രതികളെന്ന നിലയിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി ജയിലിലാണ്. ശബരിമലയിൽ നിന്നും സ്വർണ്ണം മോഷണം പോയി എന്ന് സിപിഐ(എം) അംഗീകരിക്കുന്നുണ്ടെങ്കിൽ, അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് എങ്ങിനെയാണ് അവർക്ക് ഒഴിഞ്ഞുമാറാനാവുക? ദേവസ്വം ഭരണത്തിനായി സിപിഐ(എം) തിരഞ്ഞെടുത്ത നേതാക്കളാണ് പ്രതികളായി തുറുങ്കിൽ കിടക്കുന്നത്. അടിമുടി അഴിമതിയിൽ ആണ്ടുമുങ്ങിയ പിണറായി ഭരണം, സിപിഐ(എം)ന്റെ മുൻഅഴിമതി ഭരണങ്ങളെയെല്ലാം കവച്ചുവച്ചിരിക്കുകയാണ്. ശശിധരൻ കർത്തായ്ക്കും കൂട്ടാളികൾക്കും തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽക്കൊള്ള നടത്താൻ അനുമതി നൽകിയതിന്റെ പ്രത്യുപകാരം മാത്രമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച ലക്ഷങ്ങളുടെ തുക. ഒരു സന്ദേഹത്തിനുപോലും സാധ്യതയില്ലാത്തവിധമുള്ള നഗ്നമായ അഴിമതിയാണ് എക്സാലോജിക് ഇടപാട്. ഒപ്പം പിപിഇ കിറ്റ് ഇടപാട് ഉൾപ്പടെയുള്ളതും മറ്റും.
സിപിഐ(എം) ന്റെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾ പണസമ്പാദനത്തിനായി എന്തു നീചമാർഗ്ഗവും അലംബിക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യക്തിജീവിതത്തിന്റെ എല്ലാ വശങ്ങളിലും അഴുകിയ മുതലാളിത്തസംസ്കാരത്തിന്റെ സ്വാധീനം ഇന്ന് അവരിൽ കാണാം. സഹകരണ ബാങ്കുകളിലെ നിക്ഷേപക്കൊള്ള, നഗരങ്ങളിൽ ഭൂമി ഇടപാടുകൾ, ക്വാറി ഇടപാടുകൾ, മണൽക്കൊള്ള, ബ്ലേഡ് കമ്പിനികൾ, മുതലാളിമാർക്കുവേണ്ടിയുള്ള പവർ ബ്രോക്കറിംഗ്, മദ്യത്തിന്റെയും രാസലഹരിയുടെയും വിൽപ്പന തുടങ്ങി സാമൂഹ്യവിരുദ്ധ മായ എല്ലാ പ്രവർത്തനങ്ങളിലും സിപിഐ(എം) നേതാക്കളും പ്രവർത്തകരും സംസ്ഥാനമാകെ വ്യാപരിക്കുന്നു. പിണറായി ഭരണം ഇത്തരം മാഫിയാ പ്രവർത്തനങ്ങൾക്കൊന്നാകെ തണലൊരുക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ കൺമുമ്പിൽ നടന്നുകൊണ്ടിരിക്കുന്ന അഴമതികൾക്കെതിരെ ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന അതിശക്തമായ രോഷം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
അഹന്തയും അപരപുച്ഛവും മുഖമുദ്രയാക്കിയ പിണറായി ഭരണം
ഇതൊന്നും ആരും ചോദ്യം ചെയ്യാൻ പാടില്ലത്രേ! എതിരഭിപ്രായങ്ങളോട് തികഞ്ഞ അസഹിഷ്ണുത പുലർത്തുന്ന മുഖ്യൻ ജനാധിപത്യത്തെ സംബന്ധിച്ച് നാട്ടുകാർക്ക് പ്രബോധനം നൽകും. നിയമസഭയിൽ ചോദ്യം ഉയർത്തിയ പ്രതിപക്ഷ സാമാജികരോട് ഉറഞ്ഞുതുള്ളി പ്രതികരിക്കുന്ന മുഖ്യനെ നമ്മൾ കണ്ടു. മാധ്യമങ്ങളോടാകട്ടെ, അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഏകപക്ഷീയമായ റേഡിയോ പ്രഭാഷണങ്ങളാണ്. പത്രസമ്മേളനങ്ങളിൽ മുൻകൂർ തയ്യാറാക്കിയ തിരക്കഥ പ്രകാരം ദേശാഭിമാനി സൗകര്യപ്രദമായ മൂന്ന്ചോദ്യങ്ങൾ ചോദിക്കും. അതിനു മറുപടി പറയുന്നതോടെ പത്രസമ്മേളനം അവസാനിക്കും. മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കാൻ ഒരാളെയെങ്കിലും അനുവദിക്കാറുണ്ടോ. ഭയമോ സങ്കോചമോ ഇല്ലാതെ തന്നോട് സംവദിക്കാൻ ആരോഗ്യകരമായി പ്രോൽസാഹിപ്പിക്കുന്ന ഒരു സമീപനം മുഖ്യമന്ത്രിയിൽ നിന്ന് ഇന്നോളം നാമാരും കണ്ടിട്ടില്ല. ധിക്കാരത്തിന്റെയും അഹന്തയുടെയും പ്രതീകമായി മാറിയ പിണറായി ഭരണത്തോടുള്ള ജനങ്ങളുടെ വെറുപ്പ് അതിന്റെ പാരമ്യത്തിലാണ്.
ഇടതു മുന്നണിയുടെ രണ്ടാം വരവിനു ഇടയാക്കിയ ആസൂത്രിതവും ചിട്ടയായതുമായ പിആർ വർക്കിലൂടെ ഈ സർക്കാരിന്റെ ജനവിരുദ്ധതയെ മറച്ചുവയ്ക്കാമെന്ന നീചബുദ്ധിയാണവരെ നയിക്കുന്നത്. അതിനായി ഖജനാവിൽ നിന്നും കോടികളാണ് ഒഴുക്കുന്നത്. അതിദരിദ്രരില്ല എന്ന് പ്രഖ്യാപിച്ച മഹോൽസവം പൊടിപൊടിക്കാൻ ദാരിദ്ര്യനിർമ്മാർജ്ജനത്തിന് വേണ്ടി നീക്കിവച്ച തുകയിൽ നിന്നും ഒന്നരക്കോടി രൂപയാണ് എടുത്തത്. സംസ്ഥാനത്തിന്റെ തകർന്ന സാമ്പത്തികസ്ഥിതിയെ സംബന്ധിച്ച് തരിമ്പെങ്കിലും ആശങ്കയോ പരിഗണനയോ ഇല്ലാതെ, എന്തിന് ഒരു മനസ്സാക്ഷിക്കുത്തു പോലുമില്ലാതെ ഈ വിധത്തിൽ ഖജനാവ് മുടിപ്പിക്കുന്നതിന്റെ പിറകിൽ അധികാരം എവ്വിധവും നിലനിർത്താനുള്ള ത്വര മാത്രമാണുള്ളത്.
ഭൂരിപക്ഷവർഗ്ഗീയതയുടെ പ്രചാരണത്തിലൂടെ നേട്ടം കൊയ്യാനുള്ള സിപിഐ(എം)ന്റെ തീക്കളി ബിജെപി മുതലെടുക്കുന്നു
പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷവർഗ്ഗീയതയെ മുതലെടുക്കാനായി സിപിഐ(എം) നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം ഒരു തീക്കളിയായി മാറുകയാണ്. മതസ്പര്‍ദ്ധ വളര്‍ത്തുംവിധം പരസ്യപ്രസ്താവനകള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനുമായുണ്ടാക്കിയ ബാന്ധവവും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും ഇടതുപക്ഷവിശ്വാസികളില്‍ അമര്‍ഷമുണ്ടാക്കി. സംസ്ഥാനത്തിന്റെ മതേതരഘടനയുടെ മേൽ കനത്ത ആഘാതമേൽപ്പിക്കുന്ന ഈ പ്രചാരവേല, വർഗ്ഗീയതയുടെ മൊത്തക്കച്ചവടക്കാരായ ബിജെപി ഫലപ്രദമായി ഉപയോഗിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബിജെപിയുടെ ആഖ്യാനങ്ങളെ ബലപ്പെടുത്തത്തക്കവിധം ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് പ്രചാരണം ഉണ്ടായാൽ അത് സൃഷ്ടിക്കുന്ന വിപത്ത് എന്തായിരിക്കുമെന്ന് അറിഞ്ഞുകൂടാത്ത പാർട്ടിയല്ല സിപിഐ(എം). കേരളത്തിന്റെ മതേതര ഘടനയ്ക്ക് എന്തുതന്നെ സംഭവിച്ചാലും വേണ്ടില്ല, തങ്ങൾക്ക് പത്ത് വോട്ട് കിട്ടിയാൽ മതി എന്ന ചെന്നായബുദ്ധിയാണ് സിപിഐ(എം) പ്രയോഗിക്കുന്നത്. അതിന് കേരളം നൽകേണ്ടി വരുന്ന വില വലുതായിരിക്കുമെന്നതിൽ സംശയമില്ല. ഇടതുമുന്നണി, വിശേഷിച്ചും സിപിഐ(എം) നടത്തിയ വർഗ്ഗീയ പ്രചാരണത്തിൽ മനംമടുത്ത മതേതര വിശ്വാസികൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർക്കെതിരെ വോട്ട് ചെയ്യുകയുണ്ടായി.
സമരവിരുദ്ധ സമീപനത്തിലൂടെ ജനങ്ങളെ ശത്രുക്കളാക്കിയ പിണറായി സർക്കാർ
കുടുംബത്തെ നിലനിർത്താൻ മിനിമം കൂലിയെങ്കിലും നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട്ഏറ്റവും നിർദ്ധനരായ ആശാ പ്രവർത്തകർ നടത്തിയ സമരത്തോട് ഇടതെന്ന പേരു വഹിക്കുന്ന ഈ സർക്കാർ കാട്ടിയ ക്രൂരതയും അവഗണനയും കേരളജനതയ്കക്ക് ഒരിക്കലും മറക്കാനാവില്ല, പൊറുക്കാനാവില്ല. സെക്രട്ടേറിയറ്റിനു മുമ്പിൽ 266 ദിവസം വെയിലിലും മഴയിലും വലഞ്ഞ്, പട്ടണി കിടന്ന ആശമാരുടെ പ്രശ്നങ്ങൾ കേൾക്കാൻ, പരിഹരിക്കാൻ തയ്യാറാകാതിരുന്ന സർക്കാരിന്റെ തൊഴിലാളിവിരുദ്ധത വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഒരേസ്വരത്തിൽ അത് ആവർത്തിച്ചിട്ടുണ്ട്. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരം, വനിതാ സിപിഒ റാങ്ക് ഹോൾഡർമാരുടെ സമരം ഏറ്റവും ഒടുവിൽ കോഴിക്കോട് ജില്ലയിലെ ഫ്രഷ് കട്ട് മാലിന്യ വിരുദ്ധ സമരം തുടങ്ങിയ ജനകീയ സമരങ്ങളോട് കാട്ടിയ ശത്രുതാപരമായ നടപടികൾ കേരളത്തിന് പൊറുക്കാനാവില്ല.
ജനങ്ങളെ അപമാനിച്ച എം.എം.മണിയുടെ പ്രസ്താവനയിൽ സിപിഐ(എം) മനോഭാവം പ്രതിഫലിക്കുന്നു
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്തെങ്കിലും നക്കാപ്പിച്ച എറിഞ്ഞുകൊടുത്ത് വോട്ടുനേടാമെന്ന മാടമ്പി മനോഭാവമാണ് പിണറായിയെയും സംഘത്തെയും നയിക്കുന്നത്. ‘ക്ഷേമപ്രവർത്തനങ്ങളിൽ നിന്നെല്ലാം വാങ്ങിച്ചു നല്ല ഭംഗിയായിട്ട് ശാപ്പാട് കഴിച്ച ആളുകൾ നൈമിഷിക വികാരത്തിന്റെ പേരിൽ വോട്ടു ചെയ്തു നന്ദികേട് കാണിച്ചു. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചവർ എന്നിട്ട് എതിർവോട്ട് ചെയ്തെന്ന് പറഞ്ഞാൽ, അതിന്റെ പേര് ഒരു മാതിരി പിറപ്പുപണിയെന്നു പറയും’, ഈ വാക്കുകൾ സിപിഐ(എം) എം.എൽ.എയും സംസ്ഥാന നേതാവുമായ എം.എം.മണിയുടേതാണ്. ജനങ്ങളുടെ അഭിമാനബോധത്തെ പുഛിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന ഈ പ്രസ്താവന ജനാധിപത്യത്തിന്റെ അന്തസത്തയോടുള്ള വെല്ലുവിളിയാണ്. അടിമകളും വിധേയപ്പെട്ടുനിൽക്കേണ്ടവരുമായി ജനങ്ങളെ കാണുന്ന ഫ്യൂഡൽ സമീപനം, അധികാരത്തിന്റെ ധാർഷ്ട്യം തുടങ്ങി സിപിഐ(എം) എന്ന പാർട്ടി കൊണ്ടുനടക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ ഘടകങ്ങളെല്ലാം ഈ പ്രസ്താവനയിലുണ്ട്. പ്രസ്തുത പ്രസ്താവനയെ തള്ളിപ്പറയാതെ, എം.എം.മണിയുടെ നാടൻ ശൈലി മാത്രമാണ് അതെന്ന് വിശേഷിപ്പിച്ച് പ്രസ്താവനയെ ലഘൂകരിക്കുകയും അതിലൂടെ പരോക്ഷമായി പിന്തുണക്കുകയും ചെയ്ത സിപിഐ(എം) സംസ്ഥാന സെക്രട്ടറി പ്രസ്താവന തങ്ങളുടേതുകൂടിയാണെന്ന് അടിവരയിട്ടു. തടി രക്ഷിക്കാൻ വേണ്ടി മാത്രം പ്രസ്താവന പിൻവലിച്ചെങ്കിലും സിപിഐ(എം)ന്റെ മാടമ്പി മനോഭാവത്തിൽ മാറ്റം വന്നതായി കേരളത്തിൽ ആരും കരുതുന്നില്ല.
ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും പ്രചാരണം മലീമസവും ദുർഗന്ധപൂരിതവും ആകുന്നതാണു നാം കാണുന്നത്. മുന്നണികളെ സംബന്ധിച്ചിടത്തോളം അതാണ് ആശ്വാസകരവും. ജനജീവിതത്തിന്റെ വിങ്ങുന്ന പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും ചർച്ച ചെയ്യേണ്ട. ഭരണത്തിലെത്തിയാൽ അലോസരപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലുകളെ പേടിക്കേണ്ടതില്ല. അപ്പോൾ ആരാണു ജനകീയ പ്രശ്നങ്ങളിൽ നിന്നകന്നു നിന്നുകൊണ്ട് ജനങ്ങളെ കൂടുതൽ വഞ്ചിക്കുന്നത് അവർക്കാണു ജയസാധ്യത. ഈ കബളിപ്പിക്കലിൽ ഇത്തവണ മുന്നിൽ നിന്നത് ഇടതുജനാധിത്യമുന്നണി തന്നെയാണ്. പത്തു വർഷത്തോളമായി ഭരിച്ച് ജനവിരുദ്ധതയുടെ പാരമ്യത്തിലെത്തിയ പിണറായി സർക്കാർ മോദിനയങ്ങളുടെ നടത്തിപ്പിലൂടെയും അഴിമതിയുടെയും ജനദ്രോഹത്തിന്റെയും പരമ്പരകളിലൂടെയും കടുത്ത ജനരോഷത്തിനിരയായിരുന്നു. ഏറ്റവുമൊടുവിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഉന്നതനേതാക്കൾ തന്നെ അഴികൾക്കുള്ളിലുമായി. ജനങ്ങൾക്കുതകാത്ത ‘വികസനകഥകൾ’കൊണ്ടൊന്നും പച്ചപിടിക്കില്ലെന്ന സ്ഥിതി വന്നു. അർജ്ജുനനുവേണ്ടി കരുതിവച്ച കർണ്ണന്റെ വേൽ ഘടോൽക്കചനു വേണ്ടി ഉപയോഗിക്കേണ്ടി വന്ന കൗരവരുടെ ഗതികേടുപോലെ നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി കരുതിവച്ച പീഡന, ഗർഭ കേസ് എടുത്തു പയറ്റേണ്ടി വന്നു. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളൊന്നും ഈ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ചർച്ചയായില്ല. വ്യക്തികളെ ലക്ഷ്യമാക്കി മസാലകൾ ചേർത്ത ആരോപണങ്ങളും അഴിമതി ആരോപണങ്ങളും പ്രചാരണത്തിൽ നിറഞ്ഞു.
അധികാരവികേന്ദ്രീകരണത്തിന്റെ പേരിൽപ്രാദേശികസമൂഹത്തിന്റെ സ്വയംഭരണവും വികസനവും സിദ്ധാന്തമായി പറയുന്നതെങ്കിലും വികസനത്തിന്റെ ഭാരം ജനങ്ങളുടെ ചുമലിലേക്ക് എടുത്തുവയ്ക്കുന്നതാണ് യഥാർത്ഥത്തിൽ നടക്കുന്നത്. പ്രാദേശിക സ്വയംഭരണം പോകട്ടെ, സ്വന്തം പഞ്ചായത്തിൽ ഒരു മദ്യശാലയോ മദ്യനിർമ്മാണ ഫാക്ടറിയോ വേണ്ടെന്നു തീരുമാനിക്കാൻ പോലുമുള്ള അധികാരം പഞ്ചായത്ത് സ്ഥാപനങ്ങൾക്കില്ല എന്നുമുള്ള വസ്തുതയും കഴിഞ്ഞ വർഷങ്ങളിൽ ജനങ്ങൾ മനസ്സിലാക്കിയിരുന്നു. കൂടുതൽ വലിയ അധികാരങ്ങൾ തേടിയുള്ള യാത്രയിലെ ഇടത്താവളങ്ങളായാണ് മുന്നണികൾ തിരഞ്ഞെടുപ്പിനെ കണ്ടത്. കേരളത്തിലും കേന്ദ്രത്തിലും അധികാരം കൈയാളുന്ന മുന്നണികൾ നാളിതുവരെ കാണാത്ത തരത്തിലുള്ള ധൂർത്താണ് പ്രചാരണത്തിൽ കാണിച്ചത്. അക്ഷരാർത്ഥത്തിൽ പണത്തിന്റെ കുത്തൊഴുക്കായിരുന്നു. അടുത്ത അഞ്ചുവർഷം കൊണ്ട് നേടാനുള്ളതിനുവേണ്ട നിക്ഷേപമാണിതെന്നു ജനങ്ങൾ ന്യായമായും ധരിച്ചു പോകുന്ന സ്ഥിതി വിശേഷം.
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാൻ യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങൾ അവർക്ക് വോട്ട് ചെയ്തത്, ഭരണനയങ്ങൾക്കെതിരെയുള്ള വികാരം അത്രമേൽ ശക്തമായിരുന്നു എന്നതിനാലാണ്. യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് എന്നതിനും അപ്പുറത്ത് എൽഡിഎഫിനെതിരായ വികാരപ്രകടനമാണ് തിരഞ്ഞടുപ്പിൽ ഉണ്ടായത്.
തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായി മാറുമ്പോഴാണ് സര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ചുള്ള ജനങ്ങളുടെ വിലയിരുത്തല്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നത്. അങ്ങിനെയൊരു സ്ഥിതി, അതായാത് രാഷ്ട്രീയ നയങ്ങളെ ആധാരമാക്കി ഒരു വിധിയെഴുത്ത് ഇപ്പോള്‍ ഭൂരിപക്ഷം തിരഞ്ഞെടുപ്പിലും നടക്കുന്നില്ല. അധികാരത്തിലിരിക്കുന്ന കക്ഷികള്‍ മാത്രമല്ല പ്രതിപക്ഷത്തിരിക്കുന്നവരും അത്തരമൊരു വിധിയെഴുത്ത് ലക്ഷ്യം വയ്ക്കുന്നില്ല. അപ്രകാരമൊന്ന് നടക്കണമെങ്കില്‍ നയങ്ങളെ ആധാരമാക്കിയുള്ള ജനാധിപത്യ ചര്‍ച്ചകളും വിശകലനങ്ങളുമായിരിക്കണം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടക്കേണ്ടത്. നയങ്ങളെ സംബന്ധിച്ച് വന്‍തോതില്‍ ജനങ്ങള്‍ ഒന്നാകെ പങ്കാളികളാകുന്ന വസ്തുനിഷ്ഠമായ പരിശോധനകള്‍ നടക്കണം. ജനങ്ങള്‍ക്ക് അത്തരമൊരു രാഷ്ട്രീയ പരിശീലനം നല്‍കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഭയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഭരണവും നയങ്ങളും സന്ദേഹമില്ലാത്തവിധം ധനികവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാവുകയും അതുകൊണ്ടു തന്നെ പൂര്‍ണ്ണമായും ജനങ്ങള്‍ക്കെതിരാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ നയങ്ങളെ സംബന്ധിച്ച ചര്‍ച്ചയും പരിശോധനയും തങ്ങള്‍ക്ക് വിനയാകുമെന്ന് എല്ലാ വ്യവസ്ഥാപിത പ്രസ്ഥാനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇക്കാരണങ്ങളാല്‍ തെരഞ്ഞെടുപ്പിന്റെ ജനാധിപത്യപരമായ അന്തസ്സത്ത പൂര്‍ണ്ണമായും ചോര്‍ത്തിക്കളയുന്ന ഒന്നായി തിരഞ്ഞെടുപ്പ് പ്രചാരണം മാറിയിരിക്കുന്നു. ജനജീവിതം അഭിമുഖീകരിക്കുന്ന ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും തന്നെയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. തിരഞ്ഞെടുപ്പ്, കഴമ്പുള്ള ഒരു രാഷ്ട്രീയ പോരാട്ടമല്ലാതായി മാറിക്കഴിഞ്ഞു.
ഈ ഫലം ജനജീവിതത്തെ മാറ്റാനുതകുന്നതല്ല എന്ന യാഥാർത്ഥ്യം ഉള്ളുകൊണ്ടു നാം മനസ്സിലാക്കണം. ആസുരമായശക്തിയോടെ ‘സിൽവർ ലൈൻ വികസനം’അടിച്ചേല്പിക്കാൻ വന്ന സർക്കാരിനെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ കിടപ്പാടം നഷ്ടപ്പെടുന്നവരും, ഓണറേറിയം വർദ്ധിപ്പിക്കാതെ ‘അനന്തപുരിയുടെ മണ്ണിൽ നിന്നും തിരിച്ചു വീട്ടിൽ കേറില്ല’ എന്ന ധീരനിലപാടെടുത്ത ആശാവർക്കർമാരും കാണിച്ചുതന്ന ജനാധിപത്യപോരാട്ടത്തിന്റെ പാത മാത്രമാണ് ജനങ്ങൾക്കു മുന്നിൽ തുറന്നു കിടക്കുന്നത്. മറ്റെല്ലാ വഴികളുമടഞ്ഞിരിക്കുന്നു. ഈ പാതയിലൂടെ നമുക്കു മുന്നേറാം.
