അസമില്‍ നടക്കുന്ന ക്രൂരമായ കുടിയൊഴിപ്പിക്കലും കൊലപാതകങ്ങളും

PTI07_12_2025_000442B.jpg
Share

കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനെന്ന വ്യാജേന, ബിജെപി നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍, വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭൂമിയില്‍ താമസിക്കുന്ന നിസ്സഹായരായ എണ്ണമറ്റ ദരിദ്രജനങ്ങളെ വിവേചനരഹിതമായി കുടിയിറക്കുകയാണ്. നദികളിലെ തീരശോഷണംമൂലം ഭൂരഹിതരായവരെ, പുനരധിവാസം ഒരുക്കാതെ കുടിയിറക്കിവിടാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി യിരിക്കുന്നു. കുടിയിറക്കപ്പെടുന്ന, ദരിദ്രരായ ഈ ഇന്ത്യന്‍ പൗരന്മാരില്‍ കൂടുതലും മുസ്ലീങ്ങളാണ്. ഇതോടൊപ്പം, അങ്ങേയറ്റം വിവാദമായ എൻആർസി പട്ടികയുമായി ബന്ധപ്പെടുത്തി, ഇവര്‍ക്കെതിരെ ജാതി-മത-സങ്കുചിത വിദ്വേഷം പരത്തുകയും ചെയ്യുന്നു.

 വീടുകളില്‍ നിന്നും ബലമായി പിഴുതെറിയപ്പെട്ട ദരിദ്രമനുഷ്യരുടെ വിലാപങ്ങളും ദുരിതങ്ങളും അന്തരീക്ഷത്തില്‍ അലയടിക്കുന്നു. എന്നിട്ടും, ഭരണം കൈയാളുന്ന ബിജെപി സര്‍ക്കാര്‍, ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ദംഷ്ട്ര കാട്ടി കുടിയിറക്കപ്പെട്ട ആളുകളെ വെടിവെച്ചു കൊന്നുകൊണ്ട് ആഹ്ലാദനൃത്തമാടുന്നു.

മഹാനായ മത-സാമൂഹിക പരിഷ്‌കര്‍ത്താവും, അസമിന്റെയും മുഴുവന്‍ ഇന്ത്യയുടെയും അഭിമാനപാത്രമായ, പിതൃതുല്യനായ ശ്രീമന്ത ശങ്കര്‍ ദേബിന്റെ പാഠങ്ങള്‍ക്കും, അഭ്യര്‍ത്ഥനകള്‍ക്കും, അപേക്ഷകള്‍ക്കും വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയും ഈ ക്രൂരമായ പ്രവൃത്തികളെയെല്ലാം നിര്‍ലജ്ജം പ്രതിരോധിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ നിര്‍ബന്ധിത കുടിയിറക്കു നടപടിയുമായി ചേര്‍ന്നുകൊണ്ടുള്ള ആര്‍എസ്എസ്-ബിജെപിയുടെ വര്‍ഗീയ വിദ്വേഷ പ്രചാരണം സാമൂഹിക ചുറ്റുപാടുകളെ വളരെയധികം ദുഷിപ്പിച്ചിരിക്കുന്നു. ഇതാകട്ടെ, ജീവിതത്തിന്റെ നീറുന്ന വിഷയങ്ങളില്‍ ജനാധിപത്യ പ്രക്ഷോഭം സംഘടിപ്പിക്കുതിനുള്ള സാഹചര്യത്തെ ക്രമാനുഗതമായി ഇല്ലാതാക്കിയിരിക്കുന്നു. ഈ കുടിയൊഴിപ്പിക്കല്‍ ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ല, മറിച്ച് കൊക്രജാര്‍, ഷില്‍സാങ്കോ, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഉടന്‍ വ്യാപിക്കും. നിയമവിരുദ്ധമായ ഒഴിപ്പിക്കലിലൂടെ തിരിച്ചുപിടിക്കുന്ന ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി അംബാനി, അദാനി തുടങ്ങിയ വ്യാവസായിക പ്രമുഖന്മാര്‍ക്ക് കൈമാറും.

രാഷ്ട്രീയ പാര്‍ട്ടികളുടെയും, ജനാധിപത്യത്തെ സ്‌നേഹിക്കുന്ന, ചിന്തിക്കുന്ന ബുദ്ധിജീവികളുടെയും, ആഴത്തില്‍ മാനവികത പുലര്‍ത്തുന്ന ജനങ്ങളുടെയും കടുത്ത ആശങ്കയും പരിഭ്രാന്തിയും അവഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഈ ഏറ്റവും മനുഷ്യത്വരഹിതമായ പ്രവൃത്തിയില്‍, എസ്‌യുസിഐ(സി) അസം സംസ്ഥാന സെക്രട്ടറി സഖാവ് ചന്ദ്രലേഖ ദാസ്, ജൂലൈ 13ന് പുറത്തിറക്കിയ പ്രസ്താവനയില്‍, അഗാധമായ വേദനയും, രോഷവും പ്രകടിപ്പിച്ചു. വളരെ വിവേകമുള്ള, മനുഷ്യത്വമുള്ള അസമീസ് സംസാരിക്കുന്ന ജനങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാനും, അവരെ യുക്തിരഹിതമായി വികാരഭരിതരാക്കുന്ന ഫാസിസ്റ്റ് പാത ഉപേക്ഷിക്കാനും, അവരില്‍ ചില തെറ്റായ ധാരണകള്‍ അടച്ചേല്‍പ്പിക്കുന്നതിന് വിരാമമിടാനും, അസം ജനതയുടെ ഭാവി സംരക്ഷിക്കാനെന്ന പേരില്‍ അങ്ങേയറ്റത്തെ അനീതി നടപ്പാക്കുന്നതിന് തടയിടാനും അവര്‍ അസം സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിച്ചു.  അനീതിചെയ്തുകൊണ്ട്, ഏതെങ്കിലും അധാര്‍മിക പാത സ്വീകരിച്ചുകൊണ്ട്, ഒരു ഗുണവും ക്ഷേമവും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയില്ല എതാണ് ചരിത്രത്തിന്റെ പാഠം. നേരെമറിച്ച്, അത് അനിവാര്യമായും ഭീകരദുരന്തത്തിലേക്ക് നയിക്കും. മാത്രമല്ല, ബംഗാളി സംസാരിക്കുന്ന എല്ലാ ജനങ്ങളും ബംഗ്ലാദേശികളാണെന്ന അസം ബിജെപി മുഖ്യമന്ത്രി സമീപകാലത്ത് തുടങ്ങിവെച്ച പ്രചാരണം, കാലങ്ങളായി തികഞ്ഞ സമാധാനവും, ഐക്യവും, സാഹോദര്യവുമുള്ള അസം നിവാസികളായ സമാധാനപ്രിയരായ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഭാഷയുടെ പേരില്‍ ഭിന്നത സൃഷ്ടിക്കുന്നതിന്റെ സൂചനയാണ്. ഭാഷപോലുള്ള സെന്‍സിറ്റീവും വൈകാരികവുമായ ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നതില്‍ എല്ലാവരും സംയമനം പാലിക്കേണ്ടതാണ്. അതിനാല്‍, ഈ മനുഷ്യത്വരഹിതമായ കുടിയിറക്കല്‍ പദ്ധതി ഉടനടി നിര്‍ത്തണമെന്നും, കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ദരിദ്രരെ പട്ടിണിക്കിട്ടുകൊല്ലുന്ന നടപടി ഉപേക്ഷിക്കണമെന്നും, അങ്ങനെ മഹാനായ ശ്രീമന്ത ശങ്കര്‍ ദേബിന്റെ പാഠങ്ങളെയും, സംസ്‌കാരത്തെയും, ഐക്യത്തിന്റെ ആഹ്വാനത്തെയും മാനിക്കണമെന്നും അവര്‍ ശക്തമായി ആവശ്യപ്പെട്ടു.

അസമിന്റെ സാമൂഹിക അന്തരീക്ഷം, ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഈ നിമിഷത്തില്‍, ജാതി, മത, ഭാഷാ വ്യത്യാസങ്ങളില്ലാതെ ജനങ്ങളോടുള്ള ഞങ്ങളുടെ ഹൃദയംഗമമായ അഭ്യര്‍ത്ഥന, എല്ലാത്തരം വിഭജനങ്ങള്‍ക്കും, സങ്കുചിതത്വങ്ങള്‍ക്കും, വിഭാഗീയതയ്ക്കും, യുക്തിരഹിതമായ ചിന്തകള്‍ക്കും, വര്‍ഗീയതയ്ക്കും അതീതമായി ഉയര്‍ന്നുവന്ന്, ജനാധിപത്യപരവും, മാനുഷികവുമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഐക്യം കെട്ടിപ്പടുത്തുകൊണ്ട്, ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട്, കുടിയൊഴിപ്പിക്കല്‍ പോലെയുള്ള വിനാശകരമായ നീക്കങ്ങളെ തടയുകയും, എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ അസം സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നതാണ്.

Share this post

scroll to top