25 വർഷം മുൻപ്, നാഗ്പൂരിലെ ഹിംഗ്ന താലൂക്കിലെ നിൽഡോഹ് ഗ്രാമത്തിൽ നിന്നുള്ള ഫാക്ടറി തൊഴിലാളിയായിരുന്ന സുനിൽ കാംബ്ലെ, തന്റെ ജോലിയെയും ജോലി സമയത്തെയും കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: ‘ഞങ്ങൾ രാവിലെ 8 മണിക്ക് ഫാക്ടറിയിൽ പ്രവേശിക്കും, പക്ഷേ, എപ്പോൾ ജോലിയിൽ നിന്ന് തിരിച്ച് ഇറങ്ങുമെന്ന് അറിയില്ല. അത് 8 മണിക്കൂറോ, 12 മണിക്കൂറോ, അല്ലെങ്കിൽ 16 മണിക്കൂറോ ആകാം’. അക്കാലത്ത് മഹാരാഷ്ട്രയിലെ വ്യാവസായിക മേഖലയിലെ സാധാരണ കാഴ്ചയായിരുന്നു ഇത്. എന്നാൽ ഇന്ന് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ആഗോളവൽക്കരണത്തിനുശേഷം ഇത് ഇന്ത്യയിലുടനീളമുള്ള ഒരു സാധാരണ സ്ഥിതിയായി മാറിയിരിക്കുന്നു.
കാലം മാറിയപ്പോൾ, സ്ഥിരമായ തൊഴിൽ എന്നത് ഏതാണ്ട് ഇല്ലാതായി. പകരം, സ്ഥിരസ്വഭാവമുള്ള ജോലികൾക്കായി തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ വളരെ കുറഞ്ഞ വേതനത്തിൽ നിയമിക്കുന്നു. അവരുടെ തൊഴിൽ സാഹചര്യങ്ങൾ വളരെ മോശമാണ്, ജോലിയും സുരക്ഷിതമല്ല. ഈ കുറഞ്ഞ വേതനക്കാരായ കരാർ തൊഴിലാളികൾ അതിക്രൂരമായ ചൂഷണത്തിന് വിധേയരാവുകയാണ്.
ജോലിസമയം വർദ്ധിപ്പിക്കുന്നതിലെ ധാർഷ്ട്യം
ഐടി ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകൻ നാരായണ മൂർത്തി ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് വാദിച്ചത് അടുത്തയിടെയാണ്. അതായത് ഒരു ദിവസം 12 മണിക്കൂർ. മുൻ ഇൻഫോസിസ് സിഎഫ്‌ഒ മോഹൻദാസ് പൈയുമായുള്ള ഒരു സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു, “ഇന്ത്യയുടെ തൊഴിൽ ഉത്പാദനക്ഷമത ലോകത്തിലെ ഏറ്റവും കുറഞ്ഞ ഒന്നാണ്. അതിനാൽ, എന്റെ അഭ്യർത്ഥന നമ്മുടെ യുവ താരങ്ങൾ ‘ഇതാണ് എന്റെ രാജ്യം’ എന്ന് പറയണം, ഞാൻ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യും”. പ്രമുഖ വ്യവസായിയും പ്രമുഖ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ലാർസൻ ആൻഡ് ട്യൂബ്രോയുടെ ചെയർമാനുമായ എസ്.എൻ. സുബ്രഹ്മണ്യൻ ഒരു പടി കൂടി കടന്ന് ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന് പ്രസംഗിച്ചു. ഞായറാഴ്ചകളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ കഴിയാത്തതിൽ തനിക്ക് ഖേദമുണ്ടെന്നും, ആഴ്ചയിൽ 90 മണിക്കൂർ ജോലി എന്ന സമ്പ്രദായം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ കൂടുതൽ സന്തോഷവാനായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഞായറാഴ്ചകളിലും ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“വീട്ടിലിരുന്ന് നിങ്ങൾ എന്ത് ചെയ്യാനാണ്? എത്ര സമയം നിങ്ങൾക്ക് ഭാര്യയെ നോക്കിയിരിക്കാൻ കഴിയും? ഭാര്യമാർക്ക് എത്ര സമയം ഭർത്താക്കന്മാരെ നോക്കിയിരിക്കാൻ കഴിയും? ഓഫീസിലേക്ക് പോയി ജോലി ചെയ്യാൻ തുടങ്ങുക.” എന്നും അദ്ദേഹം പറഞ്ഞു. “ലോകത്തിന്റെ നെറുകയിൽ എത്തണമെങ്കിൽ, നിങ്ങൾ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ ബൂർഷ്വാവർഗ പദ്ധതിയാണ് നടപ്പിലാക്കുന്നത്
ഭരണത്തിലുള്ള ഇന്ത്യൻ ബൂർഷ്വാസിയുടെ വർഗ്ഗതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്, കേന്ദ്രത്തിലെ ബിജെപി സർക്കാർ തൊഴിലാളി നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി, ഒരു ദിവസം 8 മണിക്കൂർ ജോലി എന്ന പഴയ വ്യവസ്ഥ ഇല്ലാതാക്കി. ഈ തൊഴിൽ നിയമങ്ങളിലെ ഭേദഗതികൾ തൊഴിലാളികളുടെ താൽപര്യത്തിനുവേണ്ടിയാണെന്ന് അവർ പറഞ്ഞു. വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്! മുകളിൽ സൂചിപ്പിച്ചതുപോലെ, സ്ഥിരമായ ജോലികൾ ക്രമേണ ഇല്ലാതാവുകയും, നിശ്ചിത തൊഴിൽ സമയമില്ലാത്ത, കുറഞ്ഞ ശമ്പളമുള്ള കരാർ ജോലികൾ സാധാരണമാവുകയുമാണ്.
ഇപ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), അവരുടെ ലാഭം കുതിച്ചുയരുമ്പോഴും 12,000 സ്ഥിരം ജീവനക്കാരെ, അതായത് അവരുടെ മൊത്തം ജീവനക്കാരുടെ 2% പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. 2025 ജൂണിൽ അവസാനിച്ച പാദത്തിൽ 12,760 കോടി രൂപയുടെ അറ്റാദായം അവർ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 12,040 കോടി രൂപയെക്കാൾ കൂടുതലാണ്. അതിനാൽ, ഒരു ചോദ്യം ഉയരുന്നു: കോർപ്പറേറ്റ് ഭീമന്മാർ തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ച് വലിയ ലാഭം കൊയ്യുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്പാദനശേഷി വർദ്ധിപ്പിക്കുകയും, അതേ സമയം ലജ്ജയില്ലാതെ ഒരുവശത്ത് തൊഴിൽ സമയം വർദ്ധിപ്പിക്കണമെന്ന് വാദിക്കുകയും, മറുവശത്ത് മനുഷ്യശക്തിയെ ക്രൂരമായി വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ടിസിഎസ് മാത്രമല്ല, ഐബിഎം, ഇന്റൽ, മൈക്രോസോഫ്റ്റ്, പാനസോണിക്, ടെസ്‌ല, സോണി, കോഗ്നിസന്റ്, ഗൂഗിൾ, അക്സെഞ്ചർ തുടങ്ങിയ എല്ലാ ആഗോള ഐടി ഭീമന്മാരും ഇതുതന്നെയാണ് ചെയ്യുന്നത്. ഈ പ്രവണത തുടർന്നാൽ, സമീപഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി വ്യവസായങ്ങളിലും മറ്റ് വ്യവസായങ്ങളിലും വലിയ നാശം വരുത്തും. എഐ എന്നത് ആധുനിക ശാസ്ത്രത്തിന്റെ ഒരു അനുഗ്രഹമാണ് എന്നു പറയാതെവയ്യെങ്കിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്കും ജീവനക്കാർക്കും ജോലി നഷ്ടപ്പെടും.
അതിനാൽ, ഒരു പരിഷ്കൃത ലോകത്തിൽ, അത്തരം നൂതന സാങ്കേതികവിദ്യകൾ തൊഴിലാളികളുടെ കായികവും ബൗദ്ധികവുമായ അമിതാധ്വാനത്തിൽനിന്ന് അവരെ മോചിപ്പിക്കുവാനാണ് ഉപയോഗപ്പെടുത്തേണ്ടത്, ഈ അധിക സമയം അവർക്ക് വിശ്രമത്തിനായി ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ, ഈ ജീർണ്ണിച്ച മുതലാളിത്ത വ്യവസ്ഥയിൽ, ആധുനിക ശാസ്ത്രത്തിന്റെ ഈ സംഭാവന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കും ജീവനക്കാർക്കും ഒരു ശാപമായി മാറിയിരിക്കുന്നു. കാരണം, ഈ വ്യവസ്ഥ തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തെയും അവഗണിച്ച്, മുതലാളിത്ത പ്രഭുക്കന്മാർക്ക് പരമാവധി ലാഭം ഉറപ്പുനൽകുന്നു. എന്തൊരു തട്ടിപ്പും കടുത്ത അനീതിയുമാണിത്!
മുതലാളിത്തത്തെക്കുറിച്ചുള്ള മാർക്സിന്റെ പ്രവചനം
ഏകദേശം 150 വർഷം മുൻപ്, ലോക തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവ് കാൾ മാർക്സ് പറഞ്ഞു: “ചുരുങ്ങിയ മൂലധനം ഉപയോഗിച്ച് പരമാവധി മിച്ചമൂല്യം അഥവാ മിച്ചോത്പന്നം ഉത്പാദിപ്പിക്കുക എന്നതാണ് മുതലാളിത്ത ഉത്പാദനത്തിന്റെ സ്ഥിരമായ ലക്ഷ്യം; ഈ ഫലം തൊഴിലാളികളെക്കൊണ്ട് കൂടുതൽ സമയം ജോലിചെയ്യിച്ച് നേടാൻ കഴിയുന്നില്ലെങ്കിൽ, തൊഴിൽ ശക്തിയിലും ചെലവുകളിലും പരമാവധി ലാഭമുണ്ടാക്കിക്കൊണ്ട് ഒരു ഉത്പന്നം ഉത്പാദിപ്പിക്കാൻ ശ്രമിക്കുക എന്നത് മൂലധനത്തിന്റെ ഒരു പ്രവണതയാണ്”.
മാർക്സ് ഇത് പറഞ്ഞപ്പോൾ, അത് സ്വതന്ത്ര മത്സരത്തിന്റെയും (laissez faire economy) ശരാശരി ലാഭത്തിന്റെയും കാലഘട്ടമായിരുന്നു. മുതലാളിത്തത്തിന് അപ്പോഴും പുരോഗമനപരമായ ഒരു പങ്കുണ്ടായിരുന്നു. അത് കുത്തകയുടെയും സാമ്രാജ്യത്വത്തിന്റെയും ഘട്ടത്തിലെത്തിയിരുന്നില്ല, അതിനാൽ സാമൂഹിക വികസനത്തിന് ഒരു തടസ്സമായി മാറിയിരുന്നില്ല. എന്നിട്ടും, തൊഴിലാളികളുടെ ക്രൂരമായ ചൂഷണത്തെ അടിസ്ഥാനമാക്കിയുള്ള മുതലാളിത്തത്തിന്റെ അന്തർലീനമായ നിയമം മാർക്സിന് മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം അത്തരം അടിച്ചമർത്തൽ വ്യവസ്ഥയെ തകർത്തെറിയുവാൻ ആഹ്വാനം ചെയ്തത്. എന്നാൽ ഇപ്പോൾ, ജീർണ്ണിച്ച മുതലാളിത്ത വ്യവസ്ഥയുടെ ഈ ഘട്ടത്തിൽ, തൊഴിലാളികളുടെമേലുള്ള അടിച്ചമർത്തലും പീഡനവും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. മുതലാളിത്ത ഉടമകളുടെ കൈകളിൽ, മനുഷ്യരാശിയുടെയും നാഗരികതയുടെയും വികസനത്തിന് സഹായിയായി പ്രവർത്തിച്ച ശാസ്ത്രം, സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്താനും, ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന ജനങ്ങളെ ദരിദ്രവൽക്കരിക്കാനും ദുരുപയോഗം ചെയ്യപ്പെടുന്നു, ഇത് നാഗരികതക്ക് തന്നെ വലിയ അപകടമുണ്ടാക്കുന്നു.
8 മണിക്കൂർ തൊഴിൽ ദിനത്തിന്റെ ചരിത്രം
8 മണിക്കൂർ തൊഴിൽ ദിനം എന്ന ആവശ്യം തൊഴിലാളികളുടെ രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് ഓർക്കുന്നത് നല്ലതാണ്. 1880കളിൽ തൊഴിലാളികൾ വളരെ മോശമായ സാഹചര്യങ്ങളിൽ (ഒരു ദിവസം 10-16 മണിക്കൂർ) ജോലി ചെയ്തിരുന്നു. അതിനാൽ, 1880 മെയ് 1ന് അവർ 8 മണിക്കൂർ തൊഴിൽ ദിനം നടപ്പാക്കാനുള്ള ചരിത്രപരമായ പ്രക്ഷോഭണം സംഘടിപ്പിച്ചു. അത് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ശക്തി പ്രാപിച്ചു. 1886 മെയ് 4ന്, ചിക്കാഗോയിലെ ഹേമാർക്കറ്റിൽ നടന്ന ഒരു റാലിക്കിടെ തൊഴിലാളികളും പോലീസും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി. അതിനുശേഷം, 1889ൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രണ്ടാം ഇന്റർനാഷണലിന്റെ തീരുമാനപ്രകാരം, മെയ് 1 ചരിത്രപരമായ ‘മെയ് ദിനം’ അഥവാ ‘അന്താരാഷ്ട്ര തൊഴിലാളി ദിനം’ ആയി ആചരിച്ചുവരുന്നു. അതിനാൽ, 8 മണിക്കൂർ തൊഴിൽ ദിനം തൊഴിലാളികൾ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഒരവകാശമാണ്. എന്നാൽ ഇപ്പോൾ, മുതലാളിത്ത-സാമ്രാജ്യത്വ ഭരണാധികാരികൾ തൊഴിലാളികളെ കൂടുതൽ ക്രൂരമായി ചൂഷണം ചെയ്യുന്നതിനായി ആ അവകാശം നഗ്നമായി വെട്ടിച്ചുരുക്കുകയാണ്.
സോഷ്യലിസ്റ്റ് യുഎസ്എസ്ആറിലെ സാഹചര്യം
മാർക്സ് തന്റെ പ്രവചനത്തിൽ “മുതലാളിത്ത സമൂഹത്തെ സോഷ്യലിസ്റ്റ് സമൂഹമാക്കി മാറ്റുന്നത് മുതലാളിത്ത സമൂഹത്തിന്റെ സാമ്പത്തിക ചലനനിയമത്തിൽ നിന്നുതന്നെയാണ്” എന്ന് പ്രവചിച്ചു. മുതലാളിത്തത്തിന്റെ നിയമമനുസരിച്ച് അതിന്റെ ഉള്ളിൽനിന്നുതന്നെ സോഷ്യലിസം രൂപപ്പെടാനുള്ള ചരിത്രപരമായ സാധ്യതയുണ്ടെന്നാണ് ഇതിനർത്ഥം. മാർക്സിന്റെ പ്രവചനം നൂറു ശതമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട്, മഹാനായ ലെനിന്റെ നേതൃത്വത്തിൽ 1917ൽ നടന്ന ചരിത്രപരമായ നവംബർ വിപ്ലവത്തിനുശേഷം സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ സ്ഥാപിക്കപ്പെട്ടു. അതിനുശേഷം, മനുഷ്യനെ മനുഷ്യൻ ചൂഷണംചെയ്യുന്നത് നിരോധിച്ച ഒരു തൊഴിലാളിവർഗ്ഗ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു.
വിപ്ലവത്തിനുമുമ്പ്, സർ ചക്രവർത്തിയുടെ കാലഘട്ടത്തിലും, 1917 ഫെബ്രുവരി മുതൽ നവംബർവരെയുള്ള ഹ്രസ്വകാല റഷ്യൻ ബൂർഷ്വാ ഭരണകാലത്തും, വ്യവസായ തൊഴിലാളികൾക്ക് ഒരു ദിവസം 12 മുതൽ 13 മണിക്കൂർവരെ ജോലി ചെയ്യേണ്ടി വന്നിരുന്നു. തുണി വ്യവസായത്തിൽ ഇത് 15 മുതൽ 16 മണിക്കൂർ വരെയായിരുന്നു, അതും വളരെ കഠിനമായ സാഹചര്യങ്ങളിൽ. ശമ്പളം വളരെ കുറവായിരുന്നു, അതും കൃത്യമായി നൽകിയിരുന്നില്ല. തൊഴിലാളികൾക്കിടയിൽ പോഷകാഹാരക്കുറവുമൂലമുള്ള മരണം സാധാരണമായിരുന്നു.
എന്നാൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷം തൊഴിലാളികളുടെ അവസ്ഥ സമൂലമായി മാറി. സോവിയറ്റ് യൂണിയനിൽ, ആഴ്ചയിൽ 6 ദിവസവും ഒരു ദിവസം 8 മണിക്കൂറുമായി ജോലി സമയം നിശ്ചയിച്ചു. 1926-ൽ ഇത് ഏഴര മണിക്കൂറായും, 1929-ൽ വീണ്ടും ഒരു ദിവസം 7 മണിക്കൂറായും ആഴ്ചയിൽ 5 ദിവസമായും കുറച്ചു. ബോൾഷെവിക് പാർട്ടിയുടെയും (സി.പി.എസ്.യു-ബി) സോഷ്യലിസ്റ്റ് സോവിയറ്റ് സ്റ്റേറ്റിന്റെയും തീരുമാനത്തെ ഉയർത്തിപ്പിടിച്ച്, മഹാനായ സ്റ്റാലിൻ 1929ൽ പാർട്ടി പ്ലീനത്തിൽ പ്രഖ്യാപിച്ചു, “ഒരു ദിവസം 7 മണിക്കൂർ ജോലി നടപ്പാക്കിയതുപോലുള്ള ഒരു നടപടി സ്വീകരിക്കുക. സമീപകാലത്ത് നമ്മുടെ പാർട്ടി നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടികളിൽ ഒന്നാണിത് എന്നതിൽ യാതൊരു സംശയവുമില്ല”.
20 വർഷത്തിനുള്ളിൽ സോവിയറ്റ് യൂണിയൻ അമേരിക്കയെ മറികടന്നു
ആസൂത്രിതമായ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ വഴി, യുഎസ്എസ്ആറിൽ വ്യവസായവൽക്കരണം വളരെ വേഗത്തിൽ നടന്നു. ഇതിന്റെ ഒരു പ്രത്യേകത, ഏതാനും വർഷങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മ എന്ന പ്രശ്നം യുഎസ്എസ്ആറിൽ ഇല്ലാതായി എന്നതാണ്. മുതലാളിത്ത ലോകം മുഴുവൻ ‘മഹാമാന്ദ്യത്തിൽ’ കഷ്ടപ്പെടുമ്പോൾ, യുഎസ്എസ്ആർ അതിവേഗം മുന്നോട്ട് കുതിക്കുകയായിരുന്നു. 1917 മുതൽ 1932 വരെയുള്ള 15 വർഷത്തിനുള്ളിൽ, യു.എസ്.എസ്.ആറിലെ വ്യാവസായിക ഉത്പാദനം 334% വർദ്ധിച്ചു. മഹത്തായ സോഷ്യലിസ്റ്റ് ആശയത്തിലും ആവേശത്തിലും അടിയുറച്ച തൊഴിലാളിവർഗ്ഗത്തിന്റെ ആത്മാർത്ഥത, സമർപ്പണം, ഉത്പാദനക്ഷമത, സർഗ്ഗാത്മകത എന്നിവ കാരണമാണ് ഇത് സാധ്യമായത്. അതേസമയം, ഇതേ കാലയളവിൽ അമേരിക്കയിൽ വ്യാവസായിക ഉത്പാദനം 84% കുറഞ്ഞു, ബ്രിട്ടനിൽ 75% കുറഞ്ഞു, ജർമ്മനിയിൽ 55% കുറഞ്ഞു. യുഎസ്എസ്ആറിലെ തൊഴിലാളികളുടെ ശമ്പളം 5 വർഷത്തിനുള്ളിൽ (1928-1933) 4 ഇരട്ടിയായി വർദ്ധിച്ചു.
വർഗ്ഗ വിഭജിത സമൂഹത്തിൽ തൊഴിലിനോടുള്ള തൊഴിലാളിയുടെ വിമുഖത
ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ തൊഴിലാളികൾക്ക് അവരുടെ അധ്വാനത്തോടു തന്നെ വിമുഖത (alienation) സംഭവിക്കുന്നു. ജീവിക്കാനുള്ള വക കണ്ടെത്താൻ വേണ്ടിയാണ് തൊഴിലാളികൾ അത്യധ്വാനം ചെയ്യുന്നത്.
മുതലാളിത്തം ഉൾപ്പെടെയുള്ള ഏതൊരു ചൂഷണ വ്യവസ്ഥയിലും അധ്വാനത്തിന്റെ അന്തസ്സ് പണിയാളർക്ക് അന്യമാണ്. ഈ അകൽച്ചയുടെ കാതൽ, “തൊഴിൽ ഉത്പാദിപ്പിക്കുന്ന വസ്തു-തൊഴിലിന്റെ ഉത്പന്നം-അവർക്ക് അന്യമായ, ഉത്പാദകനിൽനിന്ന് സ്വതന്ത്രമായ ഒരു ശക്തി അതിനെ കൈയടക്കന്നു” എന്ന വസ്തുതയിലാണ്. “അധ്വാനത്തിന്റെ ഉത്പന്നം ഒരു വസ്തുവിൽ ഉൾച്ചേർന്ന അധ്വാനമാണ്, അത് ഭൗതികമായി മാറിയിരിക്കുന്നു, അത് അധ്വാനത്തിന്റെ മൂർത്തീകരണമാണ്. അധ്വാനത്തിന്റെ സാക്ഷാത്കാരമാണ് അതിന്റെ മൂർത്തീകരണം”. (കാൾ മാർക്‌സ്, സാമ്പത്തികവും ദാർശനികവുമായ കൈയെഴുത്തുപ്രതികൾ, 1844, പേജ് 68)
തൽഫലമായി, തൊഴിൽ എന്നത് ബാഹ്യവും നിർബന്ധിതവുമായ ഒന്നായി മാറുന്നു. “അതുകൊണ്ട്, ജോലി ചെയ്യാത്തപ്പോൾ മാത്രം തൊഴിലാളി സ്വസ്തത അനുഭവിക്കുന്നു, ജോലി ചെയ്യുമ്പോൾ അയാൾക്ക് സ്വസ്തത അനുഭവപ്പെടുന്നില്ല”. (അതേ കൃതി പേജ് 274)
സോഷ്യലിസം തൊഴിലിനോടുള്ള അകൽച്ച ഇല്ലാതാക്കുന്നു
എന്നാൽ സോഷ്യലിസത്തിൽ അങ്ങനെയല്ല, കാരണം അത് തൊഴിലാളികൾക്ക് സ്വന്തം വീട്ടിലായിരിക്കുന്നതുപോലുള്ള ഒരു അവസ്ഥ സൃഷ്ടിക്കുന്നു. തൊഴിലാളികളുടെ അധ്വാനമാണ് സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ കേന്ദ്രബിന്ദു. തന്റെ അധ്വാനം ഉത്പാദന ഉപാധികളുടെ ഏതെങ്കിലും ഉടമ സ്വന്തമാക്കുന്നില്ല, മറിച്ച് തന്റേതടക്കം മുഴുവൻ സമൂഹത്തിന്റെയും പ്രയോജനത്തിനായി ഭൗതിക സമ്പത്ത് സൃഷ്ടിക്കുകയാണെന്ന് തൊഴിലാളി മനസ്സിലാക്കുന്നു.
ഇത് സാധ്യമാകുന്നത്, തൊഴിലിനോടുള്ള അകൽച്ചയിൽ നിന്ന് മോചിപ്പിക്കാനുള്ള മുൻ ഉപാധിയെന്ന നിലയിൽ ഭൗതിക ഉത്പാദനത്തിൽ സമൃദ്ധി സൃഷ്ടിക്കുന്നതിലൂ ടെയാണ്. അതോടൊപ്പം, സമൂഹത്തിന്റെ സാംസ്കാരിക ഘടനയിൽ, പ്രത്യേകിച്ചും അധ്വാനത്തോടുള്ള കാഴ്ചപ്പാടിൽ ഒരു വിപ്ലവകരമായ മാറ്റം സാധ്യമാക്കുകയും, കായിക അധ്വാനവും മാനസിക അധ്വാനവും, വ്യവസായവും കൃഷിയും, പട്ടണവും ഗ്രാമവും തമ്മിലുള്ള അടിസ്ഥാനപരമായ വേർതിരിവുകൾ അത് ഇല്ലാതാക്കുകയും ചെയ്യുന്നു.
സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ അത്ഭുതങ്ങൾ സൃഷ്ടിച്ചു
ഈ മാറ്റം യുഎസ്എസ്ആറിൽ വലിയൊരളവിൽ സംഭവിച്ചു. സ്റ്റാഖ്നോവൈറ്റ് പ്രസ്ഥാനം ഓർക്കുന്നത് ഉചിതമാണ്. 1935ൽ, അലക്സി സ്റ്റാഖനോവിന്റെ, റെക്കോർഡ് ഭേദിച്ച കൽക്കരി ഖനനത്തെ തുടർന്നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ഒരൊറ്റ ഷിഫ്റ്റിൽ അദ്ദേഹം 102 ടൺ കൽക്കരി ഖനനം ചെയ്ത്, തന്റെ ക്വോട്ടയുടെ 14 ഇരട്ടി നേടി. സോഷ്യലിസ്റ്റ് അദ്ധ്വാനത്തിന്റെ ഉദാത്ത മാതൃകയായി സ്റ്റാഖനോവിനെ ഉയർത്തിക്കാട്ടിക്കൊണ്ട്, തൊഴിലാളികളെ അവരുടെ ഉത്പാദനക്ഷമതയും ഉത്പാദനവും വർദ്ധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അധ്വാനത്തിന്റെ അന്തസ്സ് എങ്ങനെ തൊഴിലാളികൾ ഉൾക്കൊണ്ടു എന്നതിന്റെ ഉദാഹരണം കൂടിയാണിത്, കാരണം സോഷ്യലിസത്തിൽ അത് ആദരിക്കപ്പെട്ടിരുന്നു. അങ്ങനെ, അധ്വാനത്തിൽനിന്ന് അകന്നുനിൽക്കുന്നതിനു പകരം, അവർ സന്തോഷത്തോടെ കൂടുതൽ ജോലി ചെയ്യാനും, അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സ്വമേധയാ മുന്നോട്ട് വന്നു.
അതുകൊണ്ട്, യുഎസ്എസ്ആർ പൂർണ്ണമായി തകർന്നുപോവുകയും രാജ്യമൊട്ടാകെ വലിയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്ത രണ്ടാം ലോക മഹായുദ്ധത്തിനുശേഷവും, മഹാനായ സ്റ്റാലിൻ തന്റെ പ്രസിദ്ധമായ ‘യുഎസ്എസ്ആറിലെ സോഷ്യലിസത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ’ (1951) എന്ന പുസ്തകത്തിൽ പറഞ്ഞു, “സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അവരുടെ ശാരീരികവും മാനസികവുമായ കഴിവുകളുടെ സർവ്വതോന്മുഖമായ വികസനം ഉറപ്പാക്കുന്ന ഒരു സാംസ്കാരിക മുന്നേറ്റം ഉറപ്പാക്കേണ്ടത് ആവശ്യമാണ്… സമൂഹത്തിലെ അംഗങ്ങളുടെ സാംസ്കാരിക നിലവാരത്തിൽ അത്തരമൊരു ഗണ്യമായ മുന്നേറ്റം, നിലവിലെ തൊഴിൽ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാതെ കൊണ്ടുവരാൻ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്. ഇതിനായി, ഒന്നാമതായി, തൊഴിൽ ദിനം കുറഞ്ഞത് 6 മണിക്കൂറായും, പിന്നീട് 5 മണിക്കൂറായും കുറയ്ക്കേണ്ടത് ആവശ്യമാണ്. സമൂഹത്തിലെ അംഗങ്ങൾക്ക് സർവ്വതോന്മുഖമായ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ ഒഴിവു സമയം ലഭിക്കുന്നതിന് ഇത് ആവശ്യമാണ്”. മുകളിൽ സൂചിപ്പിച്ച നടപടികൾ സ്വീകരിക്കാതെ സോഷ്യലിസ്റ്റ് യുഎസ്എസ്ആറിന് സോഷ്യലിസത്തിന്റെ ഉയർന്ന ഘട്ടത്തിലേക്കും പിന്നീട് കമ്മ്യൂണിസത്തിന്റെ ആദ്യ ഘട്ടത്തിലേക്കും പുരോഗമിക്കാൻ കഴിയില്ലെന്ന് ഇതിലൂടെ മഹാനായ സ്റ്റാലിൻ പറഞ്ഞു. അതിനാൽ 350 വർഷത്തെ മുതലാളിത്തത്തിന് സ്വപ്നം കാണാൻ കഴിയാത്തത്, യുഎസ്എസ്ആറിലെ 30 വർഷത്തെ സോഷ്യലിസത്തിന് നേടാൻ കഴിഞ്ഞു.
അതുകൊണ്ട്, തൊഴിൽ സമയം തുടർച്ചയായി വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മുതലാളിത്ത ചൂഷണത്തിന്റെ പിടിയിൽ നിന്ന് മോചിതരാകാൻ തൊഴിലാളിവർഗ്ഗം ആഗ്രഹിക്കുന്നുവെങ്കിൽ, ശരിയായ വിപ്ലവകരമായ നേതൃത്വത്തിന്റെ കീഴിൽ വർഗ്ഗ-ബഹുജന സമരങ്ങൾ വികസിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെ അടിച്ചമർത്തുന്ന മുതലാളിത്ത വ്യവസ്ഥയെ അട്ടിമറിക്കാനും, നിർദ്ദയമായ ചൂഷണത്തിൽ നിന്ന് അവരുടെ വിമോചനം നേടാനും സാധിക്കും.
