ലോകത്തെ പ്രമുഖ സാമ്പത്തികവിദഗ്ദ്ധരും വ്യവസായികളും രാഷ്ട്രനേതാക്കളുമൊക്കെ, ഇക്കഴിഞ്ഞ 30 വർഷത്തെ കാലയളവിനെ, ആഗോളവൽക്കരണത്തിന്റെ യുഗമായാണ് വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. അന്താരാഷ്ട്ര വാണിജ്യത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കി, രാജ്യങ്ങളുടെ ആഭ്യന്തര വിപണികൾ തുറന്നുകൊടുത്ത്, ആഗോള മൂലധനത്തിന് വിവിധ രാജ്യങ്ങളിലൂടെയുള്ള സുഗമസഞ്ചാരത്തിനുള്ള വഴിയൊരുക്കുന്നതിലൂടെ, ലോകത്ത് വികസനവും, സമ്പത്തും സമാധാനവും കാര്യശേഷിയും കൈവരുമെന്നാണ് നിയോലിബറൽ പണ്ഡിതർ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും സുഗമമായ സഞ്ചാരം ലോകത്തെമുഴുവൻ ഒറ്റഗ്രാമംപോലെ മാറ്റിത്തീർക്കുമെന്നും രാജ്യാതിർത്തികൾതന്നെ അർത്ഥശൂന്യമാവുമെന്നുമൊക്കെയായിരുന്നു അവകാശവാദം. കമ്പോളശക്തികൾക്കായി വിപണികൾ തുറന്നുകൊടുത്ത്, നിയമങ്ങളിൽ ഇളവുകൊടുത്ത്, സ്വകാര്യവൽക്കരണത്തിലൂടെയും ഉദാരവൽക്കരണത്തിലൂടെയും വിദ്യാഭ്യാസവും ആരോഗ്യവുമടക്കമുള്ള മേഖലകൾ സ്വകാര്യ ലാഭശക്തികൾക്കായി കൈമാറി സർക്കാരുകൾ പിന്മാറിയതും ഇതിന്റെ ഭാഗമായാണ്. വികസനവും വളർച്ചയും എത്രത്തോളം ലോകത്തിലെ സാധാരണക്കാരനിലെത്തി? ആരൊക്കെയാണ് ആഗോളവൽക്കരണത്തിലൂടെ യഥാർത്ഥത്തിൽ വളർന്നത്? എന്താണ് യഥാർത്ഥത്തിൽ ആഗോളവൽക്കരണത്തിന്റെ അനന്തരഫലങ്ങൾ? തുടങ്ങിയ കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. എന്നാൽ ഇക്കാലമത്രയും കൊട്ടിഘോഷിച്ച വാഴ്ത്തുപാട്ടുകൾക്കപ്പുറം, ആഗോളവൽക്കരണത്തിന് മുതലാളിത്ത പ്രതിസന്ധി പരിഹരിക്കാനായില്ല എന്ന് ഇന്ന് പറയാതെ പറയുന്നത് സാമ്രാജ്യത്വ-മുതലാളിത്ത ലോകം തന്നെയാണ്. അനുദിനം രൂക്ഷമാകുന്ന വ്യാപാരയുദ്ധവും താരിഫ് ഭീഷണികളും കുടിയേറ്റത്തിനെതിരെയും ഇറക്കുമതിക്കെതിരെയും മൂലധന കയറ്റുമതിക്കെതിരെയും അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും ഇന്ന് കടുത്ത നടപടികളിലേക്കു നീങ്ങുന്നതും ഇതിന്റെ കൃത്യമായ സൂചനയാണ്. അതിലുപരി, ആഗോളതലത്തിൽ മുതലാളിത്തം നേരിടുന്ന പ്രതിസന്ധി അപരിഹാര്യമാംവിധം രൂക്ഷമായിരിക്കുന്നു എന്നും ഇത് കാട്ടിത്തരുന്നു. ലോകത്തിന്റെ പല ഭാഗത്തും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും യുദ്ധസാഹചര്യങ്ങളും, അതുപോലെ ചില രാജ്യങ്ങളിൽ ഉയർന്നുവന്ന തീവ്രവലതുപക്ഷ നേതാക്കളുമാണ് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചത് എന്ന് ചിലർ വാദിക്കുന്നു. എന്നാൽ വാസ്തവത്തിൽ രൂക്ഷമാകുന്ന മുതലാളിത്ത പ്രതിസന്ധി തന്നെയാണ് ഇത്തരം യുദ്ധങ്ങൾക്കും, ലോകത്തിന്റെ പല ഭാഗങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്ന വംശീയതയ്ക്കും വിദേശീയരോടുള്ള വിദ്വേഷത്തിനും തീവ്രദേശീയവാദത്തിനും, ശക്തമാകുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയശക്തികൾക്കും വഴിവെയ്ക്കുന്നത് എന്നതാണ് യാഥാർത്ഥ്യമെന്ന് സാമാന്യയുക്തി ഉപയോഗിച്ചു ചിന്തിച്ചാൽ നമുക്ക് മനസ്സിലാക്കാം. ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും, മുതലാളിത്തത്തിന്റെ സമസ്ത പ്രതിസന്ധികൾക്കും പരിഹാരമായി ഉയർത്തിക്കാട്ടിയ ആഗോളവൽക്കരണത്തിന്റെ അവകാശവാദങ്ങൾ ദയനീയമായി തകർന്നടിയുന്ന ചിത്രമാണ് ഇതിലൂടെ നാം കാണുന്നത്.
ആഗോളവൽക്കരണം: സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ കപടമുഖം
സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം ഏറക്കുറെ ഏകധ്രുവ ലോകമായി മാറിയ കാലഘട്ടത്തിലാണ്, പ്രധാനമായും അമേരിക്കയുടെ മൂലധന താത്പര്യങ്ങൾക്കനുസരിച്ച് നയങ്ങൾ ചിട്ടപ്പെടുത്തിയ ലോകബാങ്കിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എന്ന ഐഎംഎഫിന്റെയും കടന്നുകയറ്റം ലോകത്തിന്റെ സാമ്പത്തികഘടനയിൽ ശക്തമാകുന്നത്. സാമ്രാജ്യത്വ മൂലധനത്തിന്റെ താത്പര്യത്തിനനുസരിച്ച് വികസ്വര രാജ്യങ്ങൾക്ക് വായ്പകൾ നൽകി, പകരം അവരുടെ സമ്പദ്ഘടനയിൽ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ആഗോളവൽക്കരണത്തിന്റെ നടത്തിപ്പുകാരായ ഈ സ്ഥാപനങ്ങളാണ് മുൻകൈയെടുത്തത്. കൂടാതെ, സേവനങ്ങളിലും കാർഷികമേഖലയിലുമടക്കം തുറന്ന വിപണിയ്ക്കായി നിലവിൽവന്ന ലോകവ്യാപാരസംഘടനയുടെ പ്രവർത്തനങ്ങൾ, പുതുക്കിയ ഗാട്ട് അടക്കമുള്ള കരാറുകൾ എന്നിവയിലൂടെ ലോകത്തിന്റെ ഓരോ കോണും സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ അജണ്ടയിലേക്ക് കണ്ണിചേർക്കപ്പെടുകയായിരുന്നു. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ചയാണ് സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ഈ കുതിച്ചു കയറ്റത്തിനു വഴിവെച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സർക്കാരുകൾ വികസനമന്ത്രം പാടി ഇതിനനുസൃതമായി നയങ്ങൾ പൊളിച്ചെഴുതി.
നവലിബറൽ സിദ്ധാന്തങ്ങൾക്കനുസരിച്ച് സാമ്പത്തികനയങ്ങൾ മാത്രമല്ല മാറ്റിയെഴുതിയത്. സേവനമേഖലകളടക്കം കച്ചവടത്തിനായി തീറെഴുതി കൊടുത്തപ്പോൾ, ഇന്ത്യയിലടക്കം ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം എന്നീ മേഖലകളുൾപ്പെടെ സ്വകാര്യ മൂലധനത്തിനായി തുറന്നിടപ്പെട്ടു. ഈ മേഖലകളിൽനിന്നും സർക്കാരിന്റെ പിന്മാറ്റം ഉറപ്പാക്കി, പൊതുമേഖലയെ തകർത്ത്, സ്വകാര്യമൂലധനത്തെ കുത്തകയാക്കി വളർത്തുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ സർക്കാരുകൾ നടപ്പാക്കി. അതിന്നും ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ തുടർന്നു കൊണ്ടിരിക്കുന്നു. കേരളത്തിൽ നടപ്പാക്കിയ ഡിപിഇപിയിൽ തുടങ്ങി, ഇന്നെത്തി നിൽക്കുന്ന എൻഇപി വരെയുള്ള പൊതുവിദ്യാഭ്യാസ നശീകരണ പദ്ധതികളിലെല്ലാംതന്നെ ലോകബാങ്കിന്റെ ൈകയൊപ്പു കാണാം. പൊതുസംവിധാനങ്ങളെ ഘടനാപരമായി പൊളിച്ചെഴുതി, സേവനമേഖലകളെ ക്രമേണ ലാഭമേഖലകളാക്കി സ്വകാര്യമൂലധനത്തെ ഏൽപ്പിക്കുന്ന വിശാലദൗത്യത്തിന്റെ ഭാഗമായ പങ്കാളിത്തവികസനമാതൃകയും ലോകബാങ്കുവഴി മുന്നോട്ടുവെച്ച നവലിബറൽ ആശയമാണ്. ഇന്ത്യയിലെ അതിന്റെ പരീക്ഷണശാലയാക്കി കേരളത്തെ മാറ്റിയത് ഇടതുപക്ഷമെന്ന ലേബലിൽ ഇവിടെ ഭരിച്ച സിപിഐ(എം)ഉം കൂട്ടാളികളുമാണ് എന്നതിൽ നിന്നുതന്നെ, ആഗോളവൽക്കരണ – നവലിബറൽ മേലങ്കിയണിഞ്ഞ സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ നീരാളിക്കൈകൾ എത്ര ആഴത്തിലെത്തിയിരുന്നു എന്നു നമുക്കു മനസ്സിലാക്കാം.
കമ്പോളങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയാൽ നിർബന്ധിതരായി മുതലാളിത്തം “ഭൂഗോളത്തിലാകെ ഓടിപ്പാഞ്ഞുനടക്കുന്നു” എന്ന് കാൾ മാർക്സ് നിരീക്ഷിച്ചതിന്റെ പ്രത്യക്ഷ അനുഭവമായി ആഗോളവൽക്കരണത്തെ കണക്കാക്കാവുന്നതാണ്. ശീതയുദ്ധാനന്തര ദശകങ്ങൾ, ലോക വ്യാപാര സംഘടനയുടെ ഉയർച്ച, വികസിച്ച ആഗോള കമ്പോള ശൃംഖലകൾ, മൂലധനത്തിന്റെ അഭൂതപൂർവമായ ചലനാത്മകത എന്നിവയാൽ അത് അടയാളപ്പെടുത്തി. മുതലാളിത്ത വികാസത്തിന്റെ ചരിത്രപരമായ ഒരു ഘട്ടത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ വിലകുറഞ്ഞ അധ്വാനശക്തിയും സാമ്പത്തിക ഉദാരവൽക്കരണവും, സാമ്രാജ്യത്വസ്വഭാവമാർജ്ജിച്ച മൂലധനത്തെ പുതിയ പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറാനും, ഉൽപ്പാദനം പുനഃക്രമീകരിക്കാനും, കൊള്ളലാഭം കവർന്നെടുക്കാനും അനുവദിച്ചു. ഇന്ത്യയടക്കം അധ്വാനശക്തിക്ക് വില കുറവുള്ളയിടങ്ങ ളിലേക്ക് ഔട്ട്സോഴ്സിങ്ങ് എന്ന പേരിൽ സേവനവ്യവസായം വ്യാപിച്ചു. വിശേഷിച്ചും വിവരസാങ്കേതികവിദ്യയിലെ സാങ്കേതികവളർച്ചയുടെ സാഹചര്യം ഇതിനുള്ള അവസരമൊരുക്കി. വിവരസാങ്കേതികവിദ്യയുടെ ഈ വികാസഘട്ടത്തിൽ, ഇംഗ്ലീഷ് ഭാഷയിലും സാങ്കേതികവിദ്യയിലും പ്രാവീണ്യമുള്ളവരുടെ ആവശ്യകത വൻതോതിലുണ്ടായി. കുറഞ്ഞ ചെലവിൽ ഇത് നൽകാനായ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലേക്ക് ഇത്തരം ജോലികൾ പ്രവഹിച്ചു. ഇതിന് ഇടനില നിന്നുകൊണ്ട് ഇത്തരം സേവനമേഖലകളിൽ പ്രവർത്തിച്ച ഈ രാജ്യങ്ങളിലെ ദേശീയ കോർപ്പറേറ്റുകൾക്കും പെട്ടെന്ന് വളർച്ച കൈവരിക്കാനായി. അതേപോലെതന്നെ ഉത്പാദനരംഗത്തും, കുറഞ്ഞ ചെലവിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുതരാനാകുന്ന ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അത്തരം വ്യവസായിക അവശ്യകതകളും പ്രവഹിച്ചു. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണത്തിൽ ചൈന, ദക്ഷിണ കൊറിയ, തയ്വാൻ പോലെയുള്ള രാജ്യങ്ങളും, മരുന്നുൽപ്പാദനം പോലെയുള്ള കാര്യങ്ങളിൽ ഇന്ത്യയും, തുണിത്തരങ്ങളിൽ ഇന്ത്യയും ബംഗ്ലാദേശും, അങ്ങനെ വിവിധ വികസ്വര രാജ്യങ്ങളിലേക്ക്, തുടക്കത്തിൽ ആഗോളവൽക്കരണത്തിന്റെ ഭാഗമായുള്ള ഗുണഫലങ്ങൾ എത്തിത്തുടങ്ങി. ഇതിലൂടെ ശാക്തീകരിക്കപ്പെട്ട അതത് രാജ്യങ്ങളിലെ ദേശീയ മൂലധനം, ക്രമേണ വിവിധ മേഖലകളിൽ ആഗോളതലത്തിൽ തന്നെ മത്സരക്ഷമത നേടി. ആ രാജ്യങ്ങളിലെ വികസിച്ച വിപണികൾ ലക്ഷ്യമാക്കി വിദേശ മൂലധനവും ഒഴുകിയെത്തിത്തുടങ്ങി. എവിടെ ലാഭമുണ്ടോ അവിടെ ദേശാതിർത്തികൾ കടന്ന് മൂലധനം ഇങ്ങനെ കടന്നെത്തുന്നതിനും തിരികെ പോകുന്നതിനും സുഗമമായ അവസ്ഥ ആഗോളവൽക്കരണം സൃഷ്ടിച്ചു. ഒപ്പം, അമേരിക്കയടക്കമുള്ള വികസിതവും എന്നാൽ അധ്വാനശക്തി ആവശ്യമുള്ളതുമായ രാജ്യങ്ങളിലേക്ക് പ്രാവീണ്യമുള്ളവരുടെ കുടിയേറ്റവും വലിയ അളവിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു.
എന്നാൽ, 2008ൽ അമേരിക്കയിൽ ആരംഭിച്ച മുതലാളിത്ത സാമ്പത്തികത്തകർച്ച ആഗോളതലത്തിൽ കണ്ണിചേർക്കപ്പെട്ട എല്ലാ രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിച്ചു. 2019-20ലെ കോവിഡ് മഹാമാരിയും അടച്ചുപൂട്ടലുകളും ഈ പ്രതിസന്ധിയും ആഗോള മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള് മൂർച്ഛിപ്പിച്ചു. ആഗോളവൽക്കരണം നടപ്പാക്കിയ മാറിയ കമ്പോള സാഹചര്യങ്ങൾ ആവശ്യപ്പെട്ട ശേഷികൾ കൈവരിക്കാൻ സാധിച്ച ഒരു വിഭാഗം ആളുകൾക്കും, പുതിയ കമ്പോളത്തിന്റെ സാധ്യതകള് ചൂഷണംചെയ്ത് വളരാൻ സാധിച്ച ഒരുവിഭാഗം പ്രാദേശിക മുതലാളിത്തത്തിനും കുറച്ചു നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം. പൊതുവിൽ സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെയും, സവിശേഷമായി ആഗോള കോർപ്പറേറ്റുകളുടെയും, വികസ്വര രാജ്യങ്ങളിൽനിന്നും ആഗോളവൽക്കരണത്തിന്റെ ഗുണഫലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കരുത്താർജ്ജിച്ച ദേശീയ കുത്തകകളുടെയും മാത്രം താത്പര്യങ്ങളാണ് ആത്യന്തികമായി സംരക്ഷിക്കപ്പെട്ടത്. വികസനം എന്നപേരിൽ ഈ രാജ്യങ്ങളിലെ ഭരണവർഗം അവതരിപ്പിച്ചു നടപ്പാക്കിയ വമ്പിച്ച നിർമ്മാണപ്രവർത്തനങ്ങൾ, സാങ്കേതികവിദ്യയിലെ വികാസം എന്നിവയിലൂടെ ചില പുതിയ തൊഴിൽ മേഖലകൾ തുറക്കപ്പെട്ടു. പക്ഷേ, മറുവശത്ത്, ഭീകരമാംവിധം സാമ്പത്തിക അസമത്വം വളരുകയായിരുന്നു. ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾ തകിടംമറിക്കപ്പെട്ട രാജ്യങ്ങളിൽ, അടിസ്ഥാന ആവശ്യങ്ങൾപോലും സാധാരണക്കാർക്ക് കിട്ടാക്കനിയായി. കുറ്റകൃത്യങ്ങൾ ഏറി. ജീവിതങ്ങൾ അനിശ്ചിതത്വത്തിലായി. തൊഴിലില്ലായ്മ സാർവത്രികമായി. ഇതോടൊപ്പം, മുതലാളിത്തം അതിന്റെ താത്പര്യസംരക്ഷണത്തിനായി വളർത്തിക്കൊണ്ടുവന്ന അഴിമതിയും സ്വജനപക്ഷപാതവും വളരെ സാർവത്രികവും സാധാരണക്കാരന്റെ ജീവിതദുരിതങ്ങളെ വർദ്ധിപ്പിക്കുന്നതുമായി. ഇതൊക്കെ സാധാരണ ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി സൃഷ്ടിച്ചു. ഈ അസംതൃപ്തി, വ്യവസ്ഥിതിയിലെ ചൂഷണത്തിനെതിരെ തിരിഞ്ഞാൽ അത് തങ്ങളുടെ അന്ത്യംകുറിയ്ക്കുമെന്നു മനസ്സിലാക്കിയ മുതലാളിവർഗ്ഗം, അതുകൊണ്ടുതന്നെ, ജനങ്ങൾക്കിടയിൽ മതപരവും വംശീയവും പ്രാദേശികവും ഭാഷാപരവുമൊക്കെയായ വിഭജനങ്ങൾ ആളിക്കത്തിച്ച് ഐക്യത്തിനു വിഘാതം സൃഷ്ടിക്കാൻ കരുക്കൾ നീക്കി. 1929ലെ സാമ്പത്തികത്തകർച്ചയുടെ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, വിവിധ രാജ്യങ്ങളിൽ തീവ്രവലതുപക്ഷ രാഷ്ട്രീയശക്തികൾ കരുത്താർജ്ജിക്കുന്ന കാഴ്ച്ചയാണ് ആഗോളവൽക്കരണത്തിന്റെ ഇക്കഴിഞ്ഞ അവസാനദശകത്തിൽ കാണുന്നത്. സാങ്കേതികവിദ്യയിലെ വളർച്ചയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുകയും മുതലാളിത്ത കുത്തകകളുടെ മേൽനോട്ടത്തിൽ പടർന്നുപന്തലിക്കുകയുംചെയ്ത സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഇത്തരം പ്രവണതകൾ ഓരോ രാജ്യത്തും ശക്തിപ്പെട്ടത് മുതലാളിവർഗ്ഗത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു. തീവ്രദേശീയവാദം ഉയർത്തിപ്പിടിക്കുന്ന വലതുശക്തികളും നവഫാസിസ്റ്റുകളും പല രാജ്യങ്ങളിലും അധികാരം ൈകയടക്കി. ട്രംപും എർദോഗനും നെതന്യാഹുവും മോദിയുമൊക്കെ ഒരേ വർഗ്ഗതാത്പര്യങ്ങളുടെ വിവിധ മുഖങ്ങളായി അധികാരമേറി. സർക്കാരുകൾ കൂടുതൽ ഏകാധിപത്യസ്വഭാവം പുലർത്തിത്തുടങ്ങി. ബൂർഷ്വാ ജനാധിപത്യത്തിന്റെയും മാനവവാദത്തിന്റെയും പുരോഗമനപരമായ വശങ്ങളും മറയില്ലാതെ ൈകയൊഴിഞ്ഞുതുടങ്ങി. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഇടയിൽ ജീവിതദുരിതങ്ങളിൽ നിന്നുയർന്നുവന്ന അസംതൃപ്തിയെ വെറുപ്പിന്റെ രാഷ്ട്രീയം പടർത്തി ഇക്കൂട്ടർ വഴിതിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ടേയി രിക്കുന്നു. വർദ്ധിക്കുന്ന മുതലാളിത്ത പ്രതിസന്ധിയെ മറികടക്കാനും മറച്ചുവെയ്ക്കാനും അതുകൊണ്ടൊന്നും മതിയാകാതെ വന്നപ്പോൾ വ്യാപാരയുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.
താരിഫ് യുദ്ധങ്ങളുടെയും, സാങ്കേതിക ഉപരോധങ്ങളുടെയും, ഭൗമരാഷ്ട്രീയ മത്സരങ്ങളുടെയും പുനരുജ്ജീവനം ആഗോളവൽക്കരണത്തിന്റെ പരിമിതികളെ വ്യക്തമായി തുറന്നുകാട്ടുന്നു. ഇതോടൊപ്പം ആഗോളതലത്തിൽ പൊതുകടം വർദ്ധിക്കുകയാണ്. വികസ്വര രാജ്യങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. മാർക്സിസ്റ്റ് വീക്ഷണകോണിൽ, ഈ സംഭവവികാസങ്ങൾ അസാധാരണത്വങ്ങളല്ല, മറിച്ച് മുതലാളിത്തത്തി ന്റെതന്നെ ആന്തരിക വൈരുദ്ധ്യങ്ങളുടെ യുക്തിസഹമായ ഫലമാണ്. വ്യാപാരയുദ്ധം പ്രതിസന്ധിയുടെ കാരണമല്ല; അത് ഒരു ലക്ഷണമാണ് – അടിസ്ഥാനപരമായി പരാജയപ്പെടുന്ന ഒരു ആഗോള വ്യവസ്ഥയുടെ ആന്തരിക വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി, മത്സരിക്കുന്ന ദേശീയ ബൂർഷ്വാസികൾ പയറ്റുന്ന നിരാശാജനകവും പ്രതിപ്രവർത്തനപരവുമായ തന്ത്രം. ഒപ്പം, എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമായി സാമ്രാജ്യത്വ-മുതലാളിത്തം മുന്നോട്ടുവെച്ച ആഗോളവൽക്കരണ പദ്ധതിയുടെ ദയനീയ പരാജയം കൂടി ഇത് ചൂണ്ടിക്കാട്ടുന്നു.
മുതലാളിത്ത ആഗോളവൽക്കരണത്തിലെ വൈരുദ്ധ്യങ്ങൾ
മുതലാളിത്തവ്യവസ്ഥ അതിലെ മുഖ്യവൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്നതുകൊണ്ടുതന്നെ പ്രതിസന്ധികളാൽ മരണാസന്നമായ ഒന്നാണ്. മൂലധനവും അദ്ധ്വാനവും തമ്മിലും ഉത്പാദനവും ഉപഭോഗവും തമ്മിലും, മുതലാളിത്ത രാഷ്ട്രങ്ങൾ തമ്മില് തമ്മിലുമുള്ള വൈരുദ്ധ്യങ്ങള് പരിഹരിക്കാനോ കുറക്കാനോ ആഗോളവൽക്കരണത്തിനായോ? ആയിട്ടില്ലെന്നു മാത്രമല്ല, വർദ്ധിപ്പിക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ എന്നാണ് വ്യക്തമാകുന്നത്. ഉത്പാദനത്തെ അത് ആഗോളവത്ക്കരിച്ചു. ഉദാഹരണത്തിന്, ഒരു യൂറോപ്യൻ കമ്പനിക്ക് മൊബൈൽ ഫോൺ നിർമ്മിക്കുന്നതിനുള്ള ഘടകങ്ങൾ യൂറോപ്പിൽനിന്നും ചൈനയിൽനിന്നും, അതിനു വേണ്ട സോഫ്റ്റ്വെയർ യുഎസിൽ നിന്നുമാകും എത്തുക. ഇവ സംയോജിപ്പിച്ച് ഫോൺ നിർമ്മിക്കുന്നത് ഇന്ത്യയിലാകും. അവിടെനിന്ന് അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്നു. ഇങ്ങനെ, ഉത്പാദനശക്തികൾ – സാങ്കേതികവിദ്യ, വിതരണശൃംഖല, അദ്ധ്വാനം തുടങ്ങിയവ ആഗോളവൽക്കരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഇതിന്റെ ഉടമസ്ഥതയും അതുപോലെ മിച്ചമൂല്യം കൈവശപ്പെടുത്തുന്നതും ദേശീയതലത്തിലാണ്. ആഫ്രിക്കയിൽ ഖനനം നടത്തി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കോർപ്പറേറ്റ് കമ്പനി, അതിലൂടെ ഉണ്ടാക്കുന്ന ലാഭം ആഫ്രിക്കയിൽ ചെലവഴിക്കുന്നില്ല. ഇന്ത്യയിലേക്കുതന്നെയാണ് അയക്കുന്നത്. ആഫ്രിക്കൻ രാജ്യത്തിന് അതിൽനിന്നുള്ള താത്ക്കാലിക നേട്ടങ്ങൾ മാത്രം. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളായാലും അവർ ഏതെങ്കിലും ഒരു രാജ്യത്ത് കേന്ദ്രമായി പ്രവർത്തിക്കുന്നവരും അവിടത്തെ ദേശീയ മുതലാളിവർഗ്ഗ താത്പര്യം സംരക്ഷിക്കുന്നവരുമായിരിക്കും. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അതത് മുതലാളിത്ത രാഷ്ട്രങ്ങളുടെ രാഷ്ട്രീയ-സൈനിക ശക്തി ഒപ്പം നിൽക്കുന്നു. അതായത്, ഈ വ്യവസ്ഥയുടെ പ്രവർത്തനം ആഗോളതലത്തിലായെങ്കിലും അതിലെ ഘടകങ്ങൾ അതത് ദേശീയ മുതലാളിത്തത്തിന്റെ ഭാഗമായിത്തന്നെ നിലകൊള്ളുകയും മേധാവിത്വത്തിന് പരസ്പരം പോരടിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ഈ വൈരുദ്ധ്യത്തെ ഇല്ലാതാക്കാനല്ല, രൂക്ഷമാക്കാനേ ആഗോളവൽക്കരണം സഹായിച്ചിട്ടുള്ളൂ എന്നതാണ് അനുഭവത്തിൽ വന്ന യാഥാർത്ഥ്യം. മുതലാളിത്ത രാഷ്ട്രങ്ങൾക്കിടയിലെ വൈരുദ്ധ്യം മൂർച്ഛിക്കുന്നതാണ് വ്യാപാരയുദ്ധത്തിന്റെ രൂപത്തിൽ നാമിന്നു കാണുന്നത്.
ആഗോളവൽക്കരണത്തിന്റെ തുടക്കകാലത്ത്, കൂലി കുറവുള്ള ചൈനയിലെയും ഇന്ത്യയിലെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയും അദ്ധ്വാനശേഷിയെ ചൂഷണം ചെയ്തുകൊണ്ട്, ആഗോള മുതലാളിത്തത്തിന് മിച്ചമൂല്യം വർദ്ധിപ്പിച്ച് ലാഭം കൂട്ടാനായി. അതുപോലെതന്നെ, വികസിതമായ മുതലാളിത്തരാജ്യങ്ങളിലെ പരിസ്ഥിതി- തൊഴിൽ നിയമങ്ങളുടെ കാർക്കശ്യമോ അധികച്ചെലവുകളോ ഈ രാജ്യങ്ങളിൽ ബാധകമായിരുന്നില്ല എന്നതുകൊണ്ടുതന്നെ മൂലധനം ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് ഉത്പാദനം അവിടേക്ക് മാറ്റി കൂടുതൽ ലാഭം കണ്ടെത്തി. കൂടാതെ, നേരത്തേ അടഞ്ഞുകിടന്ന ഈ രാജ്യങ്ങളിലെയും അതുപോലെ പഴയ സോഷ്യലിസ്റ്റ് ചേരിയിലുണ്ടായിരുന്ന രാജ്യങ്ങളിലെയും കമ്പോളങ്ങൾകൂടി ആഗോള കമ്പോളത്തിലേക്ക് കണ്ണിചേർക്കപ്പെട്ടു. തുടക്കത്തിൽ വൻലാഭം കൈയടക്കാനും അതിവേഗത്തിൽ വളർച്ച കാണിക്കാനും ഇതെല്ലാം മുതലാളിത്തത്തെ സഹായിച്ചു. എന്നാൽ കാലക്രമത്തിൽ സാഹചര്യം മാറി. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളിലെ ദേശീയ മുതലാളിത്തം കരുത്താർജ്ജിച്ചു. വിവിധ മേഖലകളിൽ ആഗോളകുത്തകകളോട് മത്സരിക്കാനും ജയിക്കാനുമുള്ള ശേഷി ഈ രാജ്യങ്ങളിലെ ദേശീയകുത്തകകളും നേടിയെടുത്തുകൊണ്ട് അവയും സാമ്രാജ്യത്വസ്വഭാവം കൈക്കൊണ്ടു. വിവിധ മുതലാളിത്ത രാഷ്ട്രങ്ങൾക്കിടയിലെ വൈരുദ്ധ്യം, ഇങ്ങനെ പുതിയ സാമ്രാജ്യത്വശക്തികളുടെകൂടി കടന്നുവരവോടെ കൂടുതൽ രൂക്ഷമായി. ചൈനയുടെ അതിവേഗത്തിലുണ്ടായ വളർച്ച, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധീശത്വത്തിന് വെല്ലുവിളിയായി. ലോകചേരികൾ മാറിമറിയുകയും രാഷ്ട്രങ്ങൾക്കിടയിലെ ബലാബലം പുതിയ മാനങ്ങൾ തേടുകയും ചെയ്തു. കോവിഡാനന്തരം മുതലാളിത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമായപ്പോൾ പലയിടത്തും തുറന്ന യുദ്ധങ്ങൾതന്നെ പൊട്ടിപ്പുറപ്പെടുന്നതും നമ്മൾ കാണുന്നു.
അതേസമയംതന്നെ അതിരൂക്ഷമായി ലോകമെങ്ങും സാമ്പത്തിക അസമത്വം വ്യാപിക്കുന്നതാണ് ഇക്കഴിഞ്ഞ 30 വർഷങ്ങളിൽ നാം കാണുന്നത്. ലോകജനസംഖ്യയിൽ 50%, അതായത്, സാമ്പത്തികമായി പിന്നാക്കമായ ലോകത്തെ പകുതിയോളം ജനങ്ങൾക്കുംകൂടി, ലോകത്തിലെ സമ്പത്തിന്റെ 2 ശതമാനമേ സ്വന്തമായുള്ളൂ. ഏറ്റവും സമ്പന്നരായ 10 ശതമാനമാകട്ടെ, ലോകസമ്പത്തിന്റെ 76% കൈയടക്കിയിരിക്കുന്നു. എല്ലാ രാജ്യങ്ങളിലും സമ്പത്ത് കുറച്ചുപേരിലേക്ക് ചുരുങ്ങുകയും, ഭൂരിഭാഗവും ദാരിദ്ര്യത്തിലും ജീവിതദുരിതങ്ങളിലും പെട്ടുഴലുകയും ചെയ്യുന്നു. ആഗോളവൽക്കരണത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം പല മേഖലകളിലുമുണ്ടാകുന്ന തൊഴിൽനഷ്ടമാണ്. തുടക്കത്തിലെ വളർച്ചയുടെ കാലത്തിനുശേഷം, പുതിയ തൊഴിലുകൾ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, പല മേഖലകളിലും അനവധിപേര്ക്ക് തൊഴിലില്ലാതാകുന്നു. പല വികസ്വര രാജ്യങ്ങളിലെയും കർഷകർക്ക് ആഗോളഭീമന്മാരുടെ കടന്നുവരവോടെ ജീവിതം വഴിമുട്ടി. പരമ്പരാഗത-ചെറുകിട വ്യവസായങ്ങൾ പലതും നാമാവശേഷമായി. വികസിതരാജ്യങ്ങളിൽപോലും ഔട്ട്സോഴ്സിങ് പല മേഖലകളിലെയും തൊഴിൽ ഇല്ലാതാക്കി. അമേരിക്കയിലെ വാഹനവ്യവസായത്തിനുണ്ടായ തളർച്ചയും, ഡെട്രോയിറ്റ് നഗരം തന്നെ നിശ്ചലമാകുന്നതും ഓർക്കുക. കൂടുതൽപേർക്ക് തൊഴിലും വരുമാനവും നഷ്ടമായതും തൊഴിലില്ലായ്മ വർദ്ധിച്ചതും കമ്പോളപ്രതിസന്ധി രൂക്ഷമാക്കി. ആഗോളവൽക്കരണത്തിന്റെ ചങ്ങലക്കണ്ണികളിൽ കൊരുത്തിടപ്പെട്ടതു മൂലം, ഒരു രാജ്യത്തിലെ പ്രതിസന്ധി അടുത്ത രാജ്യത്തെയും ബാധിക്കുന്ന ഒന്നായി, ആർക്കും രക്ഷയില്ലാതായി.
വ്യാപാരയുദ്ധം വെളിവാക്കുന്ന മുതലാളിത്ത പ്രതിസന്ധി
ഇന്നു നാം കാണുന്ന വ്യാപാരയുദ്ധവും ചുങ്കഭീഷണികളും വാസ്തവത്തിൽ രാഷ്ട്രങ്ങൾക്കിടയിലെ ബലാബലമല്ല, ദേശീയ മുതലാളിത്തങ്ങൾ തമ്മിലുള്ള മത്സരമാണെന്നു കാണണം. മറ്റൊരർത്ഥത്തിൽ മുതലാളിത്തത്തിന്റെ അപരിഹാര്യമായ പ്രതിസന്ധി തന്നെയാണ് വീണ്ടും വീണ്ടും ഉയർന്നുവരുന്നത്. വ്യാപാരയുദ്ധവും താരിഫുകൾ ഉയർത്തിയുള്ള വെല്ലുവിളിയും വെളിവാക്കുന്നത് ഈ പ്രതിസന്ധിയാണ്. ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ്ഗത്തിന്റെ അദ്ധ്വാനഫലമായുണ്ടാകുന്ന മിച്ചമൂല്യം കൈയടക്കുന്നതുമായി ബന്ധപ്പെട്ട മത്സരമാണിത് എന്നതാണ് കൗതുകകരം. ഒപ്പം, സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചു ചാട്ടത്തിന്റെ ഫലമായി തുറന്നുവന്ന വിവരസാങ്കേതികവിദ്യ, ഡാറ്റ അനലിറ്റിക്സ്, നിർമ്മിതബുദ്ധി തുടങ്ങിയ പുതിയ മേഖലകളിലെ മേൽക്കൈക്കുവേണ്ടിയും തീക്ഷ്ണമായ മത്സരമുണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കൈമാറ്റങ്ങൾക്കും കയറ്റുമതികൾക്കും വിലക്കുണ്ടാകുന്നു. ലോകവ്യാപാര സംഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് ഏകപക്ഷീയമായി ചുങ്കങ്ങളും വിലക്കുകളും അടിച്ചേൽപ്പിക്കുന്നു. ഇതൊക്കെ മരണാസന്ന മുതലാളിത്തത്തിന്റെ നിവൃത്തിയില്ലായ്മയല്ലാതെ മറ്റൊന്നുമല്ല. ഇത്തരം നടപടികളാകട്ടെ ലോകമുതലാളിത്ത സമ്പദ്ഘടനയെ കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, തന്താങ്ങളുടെ കാർഷികമേഖലയിലും വ്യവസായത്തിലും, ആഗോളവൽക്കരണത്തിന്റെ അന്തഃസത്തയെതന്നെ ചോദ്യം ചെയ്യുന്നവിധം ദേശീയ മുതലാളിത്ത ഭരണകൂടങ്ങൾ സബ്സിഡികളും സംരക്ഷണവും ആഭ്യന്തരമായി നൽകുന്നു. തൊഴിലാളികളെയും പരിസ്ഥിതിയെയും ദുർബലവിഭാഗങ്ങളെയും ചൂഷണം ചെയ്യുന്ന കാര്യത്തിലാകട്ടെ ഇവരെല്ലാം ഒറ്റക്കെട്ടാണുതാനും. സോവിയറ്റ് യൂണിയനെ പോലെയൊരു ബദൽശക്തിയുടെ അഭാവം ലോകത്തിന്ന് കൂടുതൽ പ്രകടമാകുന്നു. കാരണം, ഇന്നത്തെ ഈ വ്യാപാരയുദ്ധത്തിനു പിന്നിലെ ശീതയുദ്ധം, ഒരു സോഷ്യലിസ്റ്റ് ചേരിയും മുതലാളിത്ത ചേരിയും തമ്മിലല്ല; വിവിധ മുതലാളിത്ത താത്പര്യങ്ങൾ തമ്മിലാണ്. അതുതന്നെ, ലോകമുതലാളിത്തം നേരിടുന്ന അന്തമില്ലാത്ത പ്രതിസന്ധിയുടെ സാക്ഷ്യമാണ്.
ആഗോളതലത്തിലെ തുറന്ന വ്യാപാരവും സഹകരണവുമെന്നത്, ചില രാജ്യങ്ങളുടെയോ രണ്ടു രാജ്യങ്ങളുടെയോ മാത്രം ഇടയിലെ കരാറുകളിലൂടെയുള്ള സ്വതന്ത്രവ്യാപാരമായി രൂപാന്തരപ്പെടുകയാണ്. ആഗോളവൽക്കരണത്തിന്റെ പരാജയത്തെ തന്നെയാണിത് കുറിക്കുന്നത്. എന്നുതന്നെയുമല്ല, ലോകരാജ്യങ്ങളെ വിവിധ ചേരികളിലായി വിഭജിക്കാനും, ഈ ചേരികൾക്കിടയിലെ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും കാലാന്തരത്തിൽ വർദ്ധിക്കാനുമാകും അത് വഴിതെളിക്കുക. ആഗോളതലത്തിലെ വർദ്ധിച്ച ആവശ്യകതയ്ക്കും ഉത്പാദനശേഷിക്കും അനുസൃതമായി ഉത്പാദനം വർദ്ധിപ്പിക്കാന് സാധിക്കാതെ വരിക, ഉത്പാദനത്തിനനുസൃതമായി വിപണി കണ്ടെത്താന് പറ്റാതെ വരിക, ലഭ്യമായ വിപണികളിൽതന്നെ, ജനം കൂടുതൽ പാപ്പാരാകുന്നതുമൂലം ക്രയശേഷി കുറയുകയും വിൽപ്പന നടക്കാതിരിക്കുകയും ചെയ്യുക, അതിലൂടെ കമ്പോളം കൂടുതൽ ചുരുങ്ങുക – ഇതാണ് സംഭവിക്കുക എന്ന് വ്യക്തം. ആഗോളവൽക്കരണം എന്ത് ലക്ഷ്യം വെച്ചോ അതിനു നേരേ വിപരീതദിശയിൽ കാര്യങ്ങൾ എത്തിയെന്നു മാത്രമല്ല, കാൾ മാർക്സ് ചൂണ്ടിക്കാട്ടിയ പാഠങ്ങൾ വീണ്ടും സാധൂകരിക്കപ്പെടുകയാണ്.
ഇതോടൊപ്പം തന്നെ കുടിയേറ്റത്തോടുള്ള സമീപനവും നമ്മൾ കണക്കിലെടുക്കണം. ആഗോളവൽക്കരണത്തിന്റെ തുടക്കകാലത്ത് വികസിതരാജ്യങ്ങളെല്ലാം വൻതോതിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് അതിർത്തികൾ അടക്കാൻ രാജ്യങ്ങൾ മത്സരിക്കുകയാണ്. ജോലിക്കായുള്ള നിയമാനുസൃതവും അല്ലാതെയുമുള്ള കുടിയേറ്റം മാത്രമല്ല, യുദ്ധങ്ങളും ദാരിദ്ര്യവും പ്രകൃതിദുരന്ത ങ്ങളുമെല്ലാം സൃഷ്ടിക്കുന്ന അഭയാർത്ഥികളും പല വികസിത രാജ്യങ്ങളുടേയും വാതിലിൽ മുട്ടിവിളിക്കുകയാണ്. എന്നാൽ, യഥാർത്ഥത്തിൽ ഈ സമ്പദ്ഘടനകളൊക്കെ വികസിക്കുകയല്ല ചുരുങ്ങുകയാണ് എന്ന വസ്തുതമൂലം, രാജ്യത്തുള്ളവർക്കുതന്നെ മതിയായ തൊഴിലോ വിഭവങ്ങളോ പഴയതുപോലെ നൽകാൻ ഈ രാജ്യങ്ങൾ അശക്തരായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അത് മറച്ചുവെക്കാനായി, പുറമേനിന്നുള്ളവർക്കുനേരേ, വാതിലുകൾ കൊട്ടിയടക്കാനാണ് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. അത് മറച്ചുവെക്കാനായി അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമെതിരേ വെറുപ്പിന്റെ രാഷ്ട്രീയവും ഇവിടങ്ങളിലെ തീവ്രവലതുപക്ഷം ഉയർത്തുന്നു, ജനത്തെ വഞ്ചിക്കുന്നു. ജീവിതദുരിതങ്ങൾകൊണ്ടു പൊറുതിമുട്ടുന്ന ഈ നാടുകളിലെ സാധാരണക്കാർ പലപ്പോഴും ഇത്തരം പ്രചാരണങ്ങളിൽ വീണുപോകുന്നു. ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇത് പ്രോത്സാഹിപ്പിച്ച് ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ കൂട്ടുനിൽക്കുന്നു. ഇതും ആഗോളവൽക്കരണത്തിന്റെ അവകാശവാദങ്ങളുടെ പരാജയം തന്നെയാണ്.
വ്യാപാരയുദ്ധത്തെ മുതലാളിത്തത്തിന്റെ സാധാരണപ്രവർത്തനത്തിൽനിന്നൊരു വ്യതിചലനമായി കാണാനാകില്ല. അത് മുതലാളിത്ത പ്രതിസന്ധിയുടെ ഒരു ഘട്ടം മാത്രമാണ്. പ്രതിസന്ധിയിൽനിന്നു കരകയറാൻ മുതലാളിത്തം ആവിഷ്കരിച്ചു നടപ്പാക്കിയ ഒറ്റമൂലി രോഗത്തെ മൂര്ച്ഛി പ്പിക്കുമ്പോൾ, മുതലാളിവർഗ്ഗ സർവ്വാധിപത്യത്തിൽ അധിഷ്ഠിതമായ, മരണാസന്നമായ ഈ ചൂഷണവ്യവസ്ഥിതിയെ തകർത്തെറിഞ്ഞ്, അവിടെ തൊഴിലാളിവർഗ്ഗത്തിന്റെ ഭരണകൂടം സാധ്യമാക്കുമ്പോൾ മാത്രമേ ജനങ്ങൾക്ക് എല്ലാ ദുരിതങ്ങളിൽ നിന്നും വിമോചനം കൈവരികയുള്ളൂ. കഴിഞ്ഞ മൂന്നു ദശകങ്ങളായി നമുക്കുമേൽ അടിച്ചേൽപ്പിച്ച നവലിബറൽ നയങ്ങൾക്കും ആഗോളവൽക്കരണത്തിനും പിന്നിലെ പൊള്ളത്തരവും വഞ്ചനയും തിരിച്ചറിഞ്ഞുകൊണ്ട് തൊഴിലാളിവർഗ്ഗമുന്നേറ്റങ്ങളും ബഹുജനപ്രക്ഷോഭങ്ങളും കെട്ടിപ്പടുക്കുക എന്നതാണ് നാം ഇപ്പോൾ ചെയ്യേണ്ടത്. മരണാസന്നമായ സാമ്രാജ്യത്വമുതലാളിത്തത്തെയും അതിന്റെ മാനസസന്തതിയായ ആഗോളവൽക്കരണത്തെയും ഇനിയും ചുമന്നാൽ അത് സാധാരണക്കാരുടെ ജീവിതങ്ങളെ കൂടുതൽ നാശോന്മുഖമാക്കും എന്നും നാം തിരിച്ചറിയണം.
