മതിലുകളില്ലാത്ത, സ്നേഹ സൗഹാർദ്ദങ്ങൾക്കതിരുകളില്ലാത്ത ഇടമായിരുന്നു ചൂരൽമലയെന്ന് ദുരന്തം ബാക്കിവച്ച ജീവിതങ്ങൾ ഗൃഹാതുരതയോടെ ഓർമ്മിക്കുന്നു. ഉത്സവവും പെരുന്നാളും നോമ്പുതുറയും ഒരുപോലെ ആഘോഷമാക്കിയിരുന്ന, അത്രമേൽ ഒരു കുടുംബംപോലെ കഴിഞ്ഞുവന്നിരുന്ന ചൂരൽമല നിവാസികൾ ചിന്നിച്ചിതറി തെറിച്ചുപോയതിന്റെ നൊമ്പരവും നീറ്റലും വർഷമൊന്നു പിന്നിട്ടിട്ടും തെല്ലും കുറയുന്നില്ല. കൽപ്പറ്റയിലും മേപ്പാടിയിലും മറ്റെവിടേയ്ക്കൊക്കെയോ ചിതറിപ്പോയ ജീവിതം തുന്നിക്കൂട്ടാനുള്ള കഠിന പരിശ്രമത്തിലാണ് അതിജീവിതർ. ദുരന്തവാർഷികത്തിൽ മേപ്പാടിയും ചൂരൽമലയും സന്ദർശിച്ച യൂണിറ്റി മീഡിയ ടീമിന് കാണാനായ സങ്കടക്കാഴ്ചകളേറെയും അധികാരികളുടെ നിരുത്തരവാദ നിലപാടുകളുടെ അനന്തരഫലങ്ങളായിരുന്നു. ചൂരൽമലയിലും മേപ്പാടിയിലും കൽപ്പറ്റയിലുമായി അതിജീവിതരെ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തതിൽനിന്ന് വ്യക്തമായ ചില കാര്യങ്ങളാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നീ മൂന്നുഗ്രാമങ്ങളെത്തന്നെ തുടച്ചുനീക്കിയ 2024ജൂലൈ 30ന്റെ ഉരുൾപൊട്ടൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമാണ്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളാണിവ. മുണ്ടക്കൈ പതിനൊന്നാം വാർഡും ചൂരൽമല പന്ത്രണ്ടാം വാർഡുമാണ്. 403 പേരുടെ മരണം സ്ഥിരീകരിക്കപ്പെട്ടു. 150പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തേയിലത്തോട്ടങ്ങളിൽ പണിയെടുത്തിരുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾ എത്രയെന്നോ അവരിൽ എത്രപേർ മരണപ്പെട്ടു എന്നോ കണക്കില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം 1555ലധികം വീടുകൾ, സ്കൂളുകൾ, ഒരു ഡിസ്പെൻസറി, പഞ്ചായത്ത് ഭവൻ, വൈദ്യുതി ബോർഡ് ഓഫീസ്, മൂന്ന് പാലങ്ങൾ, 300ഓളം കടമുറികൾ, കിലോമീറ്ററുകളോളം ഗ്രാമീണ റോഡുകൾ എന്നിവ ഇല്ലാതെയായി. 1500 ഏക്കർ ഭൂമി ഒലിച്ചുപോയി. ഇതിൽ 700 ഏക്കറോളം കൃഷിഭൂമി ആയിരുന്നു. ചൂരൽമലയിലും മുണ്ടക്കൈയിലും അവശേഷിച്ചിരുന്ന കടകളും അടച്ചുപൂട്ടി. ചെറുകിട വ്യാപാരമേഖലയിൽ മാത്രം 25 കോടിയിലേറെ നഷ്ടമുണ്ടായതായാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്കുകൾ പറയുന്നത്.
രേഖപ്പെടുത്തപ്പെട്ട കണക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ ദുരന്തത്തിന്റെ വ്യാപ്തി? ഈ കണക്കുകൾക്കും എത്രയോ മേലെയാണ് ദുരന്തത്തിന്റെ പ്രത്യാഘാതം. രേഖപ്പെടുത്തപ്പെട്ട കണക്കുകൾതന്നെ കൃത്യമാണോ? സമാനതകളില്ലാത്ത ദുരിതമാണ് 2024 ജൂലൈ 30ന് സംഭവിച്ച ഉരുൾപൊട്ടൽ ബാക്കിവച്ചത്. ഉരുളു ബാക്കിവെച്ച മനുഷ്യരുടെയോ പ്രകൃതിയുടെയോ മുറിവുണങ്ങിത്തുടങ്ങിയിട്ടില്ല. മേപ്പാടിമുതൽ മുണ്ടക്കൈവരെയുള്ള സ്ഥലത്ത് പതിറ്റാണ്ടുകളായി ജീവിച്ചുവന്നിരുന്ന ഒരു ജനസമൂഹം പ്രകൃതിശക്തികളോടും വന്യമൃഗങ്ങളോടും പടവെട്ടി സൃഷ്ടിച്ചെടുത്തൊരു ആവാസവ്യവസ്ഥയും ജീവിതതാളവുമാണ് അമ്പേ തകർന്നുതരിപ്പണമായത്. പ്രധാനമായും കാർഷികവൃത്തിയെ ആശ്രയിച്ചുകഴിഞ്ഞുപോന്നിരുന്ന ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശത്ത് ജീവിതം പുനരാരംഭിക്കുക മരണത്തെ അതിജീവിച്ചവർക്കും അത്ര എളുപ്പമല്ല. കാർഷികവൃത്തിയിലും അനുബന്ധ പണികളിലും ഏർപ്പെട്ടിരുന്നവരായിരുന്നു മഹാഭൂരിപക്ഷവും. ഇല്ലായ്മകളിലും സങ്കടങ്ങളിലും പരസ്പരം ചേർത്തുനിർത്തി ആശ്വസിപ്പിക്കാനുള്ള മനുഷ്യത്വം ദുരന്തബാധിതർ കാണിക്കുമ്പോഴും സാങ്കേതികമായി മാത്രം നഷ്ടങ്ങളുടെ കണക്കെടുത്ത് മരണമടഞ്ഞവരെ സംസ്കരിച്ചതടക്കമുള്ളതിന്റെ ചെലവുകൾ പർവ്വതീകരിച്ചുകാണിച്ച് പിആർ വർക്ക് നടത്തി തൃപ്തിയടയുകയാണ് സർക്കാർ. അല്ലെങ്കിൽത്തന്നെ ചൂരൽമലയിലെ ദുരിതാശ്വാസപ്രവർത്തനത്തിന് സർക്കാർ ചെലവഴിച്ച തുകയിനങ്ങൾകണ്ട് ജനം മൂക്കത്ത് വിരലുവച്ച് നിൽക്കുകയാണ്. പുഴയിലെ മണൽ നീക്കാനും പാലം പണിയാനും കോടികളാണത്രേ ഇതിനകം ചെലവാക്കിയത്. പുഴ നന്നാക്കാനെന്ന പേരിൽ കോരി ഇരുവശത്തും വച്ച മണലാകട്ടെ അടുത്ത മഴയ്ക്ക് ഒഴുകി പുഴയിൽതന്നെ വീഴുകയും ചെയ്തു. ചൂരൽമലയിൽ തളംകെട്ടിനിൽക്കുന്ന മൂകതയും ജനങ്ങളുടെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും മറികടക്കണമെങ്കിൽ ആ പ്രദേശത്തെ മുഴുവനാളുകൾക്കും ജീവിതം തിരിച്ചുപിടിക്കാനാവശ്യമായതെന്തൊക്കയാണോ അതെല്ലാം കൊടുക്കുക തന്നെവേണം.
ചൂരൽമല നിവാസികളുടെ ഇപ്പോഴത്തെ സ്ഥിതി
കൽപ്പറ്റയിൽ 410 വീടുകളുടെ നിർമ്മാണം നടക്കുന്നതൊഴിച്ചാൽ പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഭാഗികമായും പൂർണമായും വീടുനഷ്ടപ്പെട്ടവർ, ഭൂമി നഷ്ടപ്പെട്ടവർ, കൃഷി നഷ്ടപ്പെട്ടവർ, കാപ്പിയും കുരുമുളകുമടക്കം കൊയ്തെടുത്ത വിളവ് നഷ്ടമായവർ, കടമുറികൾ നഷ്ടപ്പെട്ടവർ, വാടകയ്ക്കെടുത്ത കടമുറികൾ നഷ്ടമായവർ, വാഹനങ്ങൾ നഷ്ടമായവർ, ഒരായുസ്സിന്റെ മുഴുവൻ സമ്പാദ്യവും നഷ്ടമായവർ തുടങ്ങി നിത്യജീവനോപാധികളെല്ലാം കൈവിട്ടുപോയവരാണ് പ്രദേശവാസികൾ. തുടർചികിത്സയും അതിനാവശ്യമായ പണവും ജനങ്ങൾക്ക് ബാലികേറാമലയാണ്. പലർക്കും ചികിത്സ നീട്ടിവയ്ക്കേണ്ടിവരുന്നു, അല്ലെങ്കിൽ മറ്റുള്ളവരുടെ കാരുണ്യത്തിന് കൈനീട്ടേണ്ടിവരുന്നു. ഇതിനൊക്കെപ്പുറമേയാണ് ജനങ്ങൾ അനുഭവിക്കുന്ന തൊഴിലില്ലായ്മ. ആവാസഭൂമിയിൽനിന്ന് പറിച്ചുമാറ്റപ്പെട്ടതിനാൽ ബഹുഭൂരിപക്ഷത്തിനും ചെയ്തുവന്ന ജോലി തുടരാനാകുന്നില്ല, നിത്യവൃത്തി അനിശ്ചിതത്വത്തിലാണ്. നിലയില്ലാത്ത അനിശ്ചിതത്വത്തിലേയ്ക്കാണവർ എടുത്തെറിയപ്പെട്ടിരിക്കുന്നത്. മരിച്ചവർ ഭാഗ്യവാന്മാർ എന്നുപോലും അവർ പറഞ്ഞുതുടങ്ങിയിരിക്കുന്നു.
വായ്പാക്കെണിയാണ് ഏറെ ആളുകളുടെയും മുന്നിലുള്ള മറ്റൊരു പ്രശ്നം. കേരള ബാങ്കുൾപ്പെടെ പൊതുമേഖലാ ബാങ്കുകളിൽനിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തവർ, വായ്പയെടുത്ത് വീടുവച്ചവർ, വാഹനമെടുത്തവർ, കാർഷികവായ്പയെടുത്തവർ, വിദ്യാഭ്യാസ വായ്പയെടുത്തവർ എല്ലാം ഇക്കൂട്ടത്തിൽപെടും. വായ്പ എഴുതിത്തള്ളും എന്ന പ്രഖ്യാപനം വന്നിരുന്നുവെങ്കിലും നടപടികൾ എന്തെങ്കിലും നീങ്ങിയതായി അറിയില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്, വായ്പ എഴുതിത്തള്ളിയതിന്റെ രേഖകളൊന്നും ഒരു ബാങ്കും കൈമാറിയിട്ടില്ല. ജോൺ മത്തായി കമ്മീഷന്റെ തിട്ടൂരപ്രകാരം അതിരുതിരിച്ച് കല്ലിട്ടിരിക്കുന്നതിനും പുറത്ത് ചൂരൽമലയിൽ താമസിക്കുന്ന ആളുകൾക്ക് ബാങ്കുകൾ വായ്പനൽകുന്നില്ല എന്ന ഒരു പുതിയ പ്രശ്നവും ജനങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നു. വന്യമൃഗഭീഷണിയാണ് ചൂരൽമലക്കാർ ഇപ്പോൾ അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നം. പ്രദേശത്തുനിന്ന് ആൾപ്പാർപ്പൊഴിഞ്ഞപ്പോൾ ആനയും പുലിയുമടക്കം കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങിത്തുടങ്ങിയിരിക്കുന്നു.
പുനഃരധിവാസ പദ്ധതി പൂർത്തിയാകു ന്നതുവരെ പ്രതിമാസം 6000 രൂപ വീട്ടുവാടക ഇനത്തിൽ നൽകും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് ലഭിക്കുന്നില്ല, വീടിനുള്ള ലിസ്റ്റിൽ പേരുവന്നിരിക്കുന്നവർക്ക് പ്രത്യേകിച്ചും. ഒട്ടുമിക്ക വാടകവീടുകൾക്കും ആറായിരം രൂപയ്ക്കുമേലെയാണ് പ്രതിമാസ വാടക. ഈ അധിക തുക കണ്ടെത്തുക എന്നതും നിത്യേന തൊഴിൽ ഉറപ്പല്ലാത്ത ജനങ്ങൾക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ആവശ്യക്കാരായിരിക്കുന്ന ആളുകളിൽ മൂന്നിലൊന്നുപോലും മാതൃകാഭവന പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. ഒന്നിലേറെ കുടുംബങ്ങൾ ഒരു വീട്ടിൽ താമസിച്ചിരുന്നതിൽ എല്ലാ കുടുംബങ്ങളും ലിസ്റ്റിൽ ഇല്ല, വാടകയ്ക്ക് താമസിച്ചിരുന്നവർ ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. ഉപജീവനമാർഗ്ഗമായിരുന്ന വാഹനങ്ങൾ നഷ്ടപ്പെട്ടവരിൽ ചിലർക്കെങ്കിലും വാഹനം തിരികെ ലഭിച്ചത് സർക്കാർ സഹായംകൊണ്ടല്ല, സന്നദ്ധസംഘടനകളുടെയോ സുമനസ്സുകളുടെയോ ഉദാരമനസ്സുകൊണ്ടാണ്. വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരുടെയും സ്ഥിതി വ്യത്യസ്തമല്ല. ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നും പറിച്ചെറിയപ്പെട്ടെങ്കിലും ചിലർക്കെങ്കിലും മേപ്പാടിയിലും പരിസരത്തും വ്യാപാരസ്ഥാപനങ്ങൾ പുനരാരംഭിക്കാനായതും വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സഹായംകൊണ്ടാണ്. സ്ത്രീകളുടെ ചെറിയ സംഘങ്ങൾ സ്വയംതൊഴിൽ ആരംഭിച്ചിരിക്കുന്നതും ഇങ്ങനെതന്നെ. നിത്യജീവിതത്തിന് വകകണ്ടെത്താൻ ക്ലേശിക്കുന്ന ജനങ്ങൾ ഇപ്പോൾ ഏറെ സമയവും ചെലവഴിക്കുന്നത് പരാതികൊടുക്കാൻ കളക്ട്രേറ്റുും സർക്കാർ ഓഫീസും കയറിയിറങ്ങാനാണ്. ഈ സ്ഥിതിയിലും പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ദുരന്തബാധിതർ സമരത്തിനിറങ്ങേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടുമാത്രമാണ്.
ജനങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് എവിടെയും ചർച്ചചെയ്യപ്പെടാതെ പോകുന്നത്. ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും കുട്ടികൾപോലും ഇനിയും കരകയറിയിട്ടില്ല. ഒറ്റരാത്രികൊണ്ട് അവർക്ക് നഷ്ടമായത് നിരവധി കൂട്ടുകാരെയാണ്. വെള്ളാർമല സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് മേപ്പാടിയിലാണെങ്കിലും വെള്ളാർമല സ്കൂൾ എന്നപേരിൽ പ്രത്യേക ബ്ലോക്കായിട്ടാണ് പ്രവർത്തിക്കുന്നത്, അങ്ങനെയേ അവർക്കത് ഉൾക്കൊള്ളാനാകൂ. ദുരന്തമുണ്ടാക്കിയ ആഘാതം പെരുമാറ്റവൈകല്യങ്ങളായി, രോഗാവസ്ഥകളായി പുറത്തുവരുന്നു. മഴക്കാറും ഇരുട്ടും രാത്രിയും അവരെ ഭയപ്പെടുത്തുന്നു. വീടിനുമുകളിലെ ടാങ്കിൽ വെള്ളം നിറഞ്ഞുകവിയുമ്പോഴുണ്ടാകുന്ന ശബ്ദംപോലും പലരെയും ഭയപ്പെടുത്തുന്നു. കുട്ടികൾ ഒരുപക്ഷേ കാലവിളംബമില്ലാതെ ആരോഗ്യസ്ഥിതി വീണ്ടെടുത്തേക്കാം. എന്നാൽ മക്കളെയും അയൽക്കാരെയും ബന്ധുക്കളിൽ ഒട്ടുമിക്കവരെയും നഷ്ടമായ മുതിർന്നവർക്ക് കണ്ണീർ ഇനിയും തോർന്നിട്ടില്ല. ഒരുനിമിഷത്തേയ്ക്കുപോലും ആ രാത്രിയും ഒറ്റരാത്രികൊണ്ട് എന്നേക്കുമായി മറഞ്ഞുപോയ മുഖങ്ങളും മനസ്സിൽനിന്ന് മായുന്നില്ല. തങ്ങളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയവർ പലരും ഇന്നില്ല എന്നവർ വേദനയോടെ ഓർമ്മിക്കുന്നു. അവരെല്ലാം തങ്ങളെ വിട്ടുപോയെന്ന് ഇനിയും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന പ്രശ്നം അഭിമുഖീകരിക്കുന്നവരും ഏറെയാണ്. അവരുടെ ശബ്ദം കേൾക്കുന്നതായും ആൾക്കൂട്ടത്തിൽ അവരുടെ മുഖം മിന്നിമായുന്നതു കാണുന്നതായും പറയുമ്പോൾ പലർക്കും കണ്ണീരടങ്ങുന്നില്ല. വിധവകളായിപ്പോയവർ, ദുരന്തമുഖത്ത് മക്കളോ മാതാപിതാക്കളോ കൈയിൽനിന്ന് ഊർന്നുപോയവർ, കുടുംബാംഗങ്ങളെയെല്ലാം നഷ്ടമായവർ, അട്ടിയട്ടിയായി വൻമരങ്ങൾ വീണടിഞ്ഞിരിക്കുന്ന താഴ് വാരങ്ങളിൽ മണ്ണിനടിയിൽ ഇപ്പോഴും വേണ്ടപ്പെട്ടവരുണ്ടെന്ന് കരുതി നിത്യേന സന്ദർശനം നടത്തുന്നവർ, ഹൃദയഭൂമി നിത്യേന സന്ദർശിച്ച് എല്ലാ കുഴിമാടങ്ങളും സന്ദർശിക്കുന്നവർ, മക്കൾ കൈവിട്ടുപോയി എന്ന സത്യം അംഗീകരിക്കാനാകാതെ അവരുടെ കളിപ്പാട്ടങ്ങളും ചിത്രങ്ങളുമൊരുക്കി വീടലങ്കരിക്കുന്ന മാതാപിതാക്കൾ എന്നിങ്ങനെ നൊമ്പരക്കാഴ്ചകൾക്ക് പഞ്ഞമില്ല, മേപ്പാടിയിലും ചൂരൽമലയിലും പരിസരപ്രദേശങ്ങളിലും. അവരെ ചേർത്തു നിർത്തുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനം. ഒരുപരിധിവരെ അതു സാധിക്കുന്നത് ജീവനോപാധികൾ തിരികെ ലഭിക്കുമ്പോഴാണ്. ഈ സാഹചര്യമാണ് അധികാരികൾ മനസ്സിലാക്കേണ്ടത്. ഭൂമിയിലെ സ്വർഗ്ഗം അതായിരുന്നു ചൂരൽമലക്കാർക്ക് സ്വന്തം നാട്. അത് തിരികെക്കൊടുത്തുകൊണ്ടല്ലാതെ പുനഃരധിവാസ പ്രവർത്തനങ്ങൾ പൂർണ്ണമാകില്ല.
ദുരന്തത്തിൽ തകർന്നുപോയിട്ടില്ലെങ്കിലും മോഹിച്ച് പണികഴിപ്പിച്ച വീടുകൾ ദുരന്തമേഖലയിലായതിനാൽ വിട്ടുപേക്ഷിച്ചുപോരേണ്ടിവന്നവരുമുണ്ട്. ദുരന്തത്തിനു ശേഷം പ്രദേശം സന്ദർശിച്ച ജോൺ മത്തായി കമ്മീഷൻ, അപകടസാദ്ധ്യതയുടെ തീവ്രത അളന്ന് പുഴയോരത്തുനിന്നും മുപ്പുതമീറ്റർ ബഫർസോണായി പ്രഖ്യാപിച്ചിരിക്കു കയാണ്. ബഫർസോണിന് തൊട്ടുചേർന്നു കിടക്കുന്ന വീടുകളും ദുരന്തമുക്തമല്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടെ രണ്ടു പ്രശ്നങ്ങൾ ഉണ്ട്. ബഫർസോണിൽ അകപ്പെട്ട വീടുകളിലെ ആളുകളുടെ പുനരധിവാസത്തിന്റെ സ്ഥിതി എന്താണ്. ബഫർസോണിനു പുറത്ത് അവശേഷിക്കുന്ന വീടുകളിൽ താമസിക്കാൻ നിർബന്ധിതരായിരിക്കുന്ന ആളുകൾ ദുരന്തഭീതിയിൽ കഴിയേണ്ടിവരും. അവരുടെ ഉപജീവനമടക്കം പ്രതിസന്ധിയിലാകും. ഉദാഹരണത്തിന് പടവെട്ടിക്കുന്നിൽ ഇപ്പോൾ അവശേഷിക്കുന്നത് 37 കുടുംബങ്ങളാണ്. അവരുടെ ഭാവി അനിശ്ചിതത്വത്തിലാകും എന്നവർ ഭയപ്പെടുന്നു.
പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുക
ദുരന്തത്തിനിരയായവരുടെ സാമ്പത്തിക ഭൗതിക നഷ്ടങ്ങൾ പരിഹരിക്കാൻ മതിയായ തുക ജനങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ കസ്റ്റോഡിയൻ മാത്രമാണ് സർക്കാർ. അതു യഥാസമയം വിനിയോഗിച്ചു കഷ്ടനഷ്ടങ്ങൾ പരിഹരിക്കാതിരിക്കുന്നതുവഴി ഒരു സർക്കാരിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ക്ഷമിക്കാനാവാത്ത വിധം പരാജയപ്പെട്ടിരിക്കുകയാണ് പിണറായി സർക്കാർ. പുനഃരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് സർക്കാർ ചെയ്യണ്ടത്. അത് ഔദാര്യമല്ല, അവരുടെ അവകാശമാണ്. വൈകിയെത്തുന്ന നീതി, നീതി നിഷേധം തന്നെയാണ് എന്നത് മറക്കാതിരിക്കുക.
പ്രദേശത്തെ ആളുകളുടെ ജീവിതം തിരിച്ചുപിടിക്കാൻ സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്. ആവശ്യക്കാരായ മുഴുവൻ ആളുകൾക്കും ദുരന്തസാധ്യതയുള്ള മേഖലകളില്‍ അവശേഷിക്കുന്നവരുള്‍പ്പെടെ, വീട് നിർമ്മിച്ചുനൽകണം. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കി എത്രയുംവേഗം അതിനുള്ള സ്ഥലം കണ്ടെത്തണം. വീടുപണി പൂർത്തിയാകുന്ന തുവരെ പ്രതിമാസ വാടക ഉറപ്പാക്കണം. നിത്യജീവിതം കരുപ്പിടിക്കാൻ തൊഴിൽ ഉറപ്പാകുംവരെ സഹായധനം നൽകണം. കൃഷിഭൂമി, വിളകൾ, വാഹനങ്ങൾ, കടമുറികൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ നഷ്ടപ്പെട്ടവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം. എല്ലാവിധ വായ്പാകുടിശകകളും സർക്കാർ ഏറ്റെടുക്കണം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ സർക്കാർ ആശുപത്രി മേപ്പാടിയിൽ ഉടൻ ആരംഭിക്കണം. ഉരുൾപൊട്ടലിൽ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കണം. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളെക്കുറിച്ച് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണം. ഇതെല്ലാമുൾക്കൊള്ളുന്നതാണ് പുനരധിവാസം എന്ന് സർക്കാരുകൾ തിരിച്ചറിഞ്ഞേ മതിയാകൂ.
