അവകാശസമരചരിത്രത്തിലെ അനിതരസാധാരണമായ അദ്ധ്യായമായി
രചിക്കപ്പെട്ട ഒരു തൊഴിലാളി സമരത്തിന് കഴിഞ്ഞ ആറുമാസമായി കേരളം സാക്ഷ്യം വഹിക്കുകയാണ്. അവകാശലംഘനങ്ങളാൽ അപമാനിതരാകുന്ന മുഴുവൻ മനുഷ്യർക്കും ശിരസ്സുയർത്തി നിലകൊള്ളാൻ ആത്മവിശ്വാസം നൽകിയ ആശാസമരമാണത്. ആശാസമരത്തിന്റെ വിജയം, പിറവികൊള്ളാനിരിക്കുന്ന മുഴുവൻ തൊഴിലാളിസമരങ്ങൾക്കും ഊർജ്ജസ്രോതസ്സായി മാറുമെന്ന് നമ്മുടെ രാജ്യത്തെ പണിയെടുക്കുന്നവരൊന്നാകെ ദൃഢമായി വിശ്വസിക്കുന്നു. അതിനാൽ അവരൊന്നാകെ ആശാസമരത്തിന്റെ വിജയം അഭിലഷിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളികൾ ആശാസമരത്തിന് നൽകുന്ന അളവറ്റ പിന്തുണ ഈ അഭിലാഷത്തിന്റെ
പ്രതിഫലനമാണ്.
ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക, ഓണറേറിയം നിശ്ചയിക്കുന്നതിനായുള്ള മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, 62 വയസ് പൂർത്തിയാക്കുന്ന ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റ് പടിക്കൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആരംഭിച്ച സമരമാണ് കേരളത്തിൽ പുതിയ സമര ചരിത്രമെഴുതി മുന്നേറുന്നത്. ജനുവരി 25ന് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സൂചന സമരത്തിൽ സംസ്ഥാനത്തിന്റെ വാർഷിക ബജറ്റിൽ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ആനുകൂല്യം പ്രഖ്യാപിക്കണ മെന്നും ഇല്ലെങ്കിൽ രാപകൽ സമരത്തിലേക്ക് കടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആശാവർക്കർമാരെ തീർത്തും അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് സമരം തുടങ്ങിയത്. കൂലിയും അർഹതപ്പെട്ട അവകാശങ്ങളും നിർദ്ദാക്ഷിണ്യം നിഷേധിക്കപ്പെടുമ്പോൾ ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകാതെ കീഴടങ്ങുന്ന തൊഴിലാളിപ്രസ്ഥാനങ്ങളുടെ സ്ഥാനത്ത് പതറാത്ത ഇഛാശക്തിയുടെയും വീറിന്റെയും വിളംബരമായി ഈ സ്ത്രീ തൊഴിലാളി സമരം മാറി. ആദ്യദിവസം മുതൽതന്നെ അധിക്ഷേപങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടിവന്ന ആശമാർ പിന്തിരിയുകയല്ല, കൂടുതൽ ശക്തമായി മുന്നോട്ടു വരികയാണ് ചെയ്തത്. മുന്നിലുയർന്ന ഒരു പ്രതിബന്ധത്തെ യും അവർ ഗണിച്ചില്ല. രോഗികളും നിരാശ്രയരുമായ ഉറ്റവരെ വീടുകളിൽ തനിച്ചാക്കി അവർ സമരപ്പന്തലിലെത്തി. പരമതുഛമായ കൂലി മാത്രമുള്ള നിസ്വരായ ഈ സ്ത്രീത്തൊഴി ലാളികൾ, വിവരണാതീതമായ സാമ്പത്തികവിഷമങ്ങൾ നേരിട്ട് ഈ ഇരുനൂറാം ദിനത്തിലും സെക്രട്ടേറിയറ്റ് നടയിലെത്തുന്നു. ഒരു ദിവസമല്ല, ഒരാഴ്ചയല്ല, എത്രയോ മാസങ്ങളായി സമരകേന്ദ്രത്തിലെ കഞ്ഞിയും കുടിച്ച് തെരുവിലുറങ്ങുന്നു. ഒന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. വിവിധ ട്രേഡ് യൂണിയനുകളിൽ അംഗമായിരുന്ന ആശമാർപോലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന അസോസിയേഷനൊപ്പം അണിനിരന്നു. കക്ഷിരാഷ്ട്രീയത്തിന്റെ സ്ഥാപിത താൽപ്പര്യങ്ങൾക്കുപരിയായി സ്ത്രീത്തൊഴിലാളികൾ വളർത്തിയെടുത്ത ഐക്യം അവരെ ഒരൊറ്റ ശിലയാക്കി മാറ്റി. ഈ തൊഴിലാളി സമരത്തിന്റെ പരമപ്രധാനമായ സവിശേഷതയായി അത് രേഖപ്പെടുത്തപ്പെട്ടു. സമരപോരാളികളായ ആയിരങ്ങൾക്കിടയിലെ അസാധാരണമായ കെട്ടുറപ്പും ഐക്യവും ഏവരെയും അത്ഭുതപ്പെടുത്തി. സാംസ്കാരികരംഗത്തെ പ്രമുഖരുടെ അനിഷേധ്യമായ പിന്തുണ ഉൾച്ചേർത്തുകൊണ്ട്, യോജിപ്പിക്കാവുന്ന മുഴുവൻ ശക്തികളെയും കോർത്തിണക്കി, സമരത്തിന്റെ മുന്നിലുയർത്തപ്പെട്ട എല്ലാവിധ സങ്കീർണ്ണതകളെയും ഇഴയഴിച്ചുകൊണ്ട് ഒരു വീഴ്ചയുംകൂടാതെ ഐതിഹാസികമായ ഈ സമരത്തെ നയിക്കുന്ന ഒരു പ്രഗൽഭനേതൃത്വവും ആശമാരിൽ നിന്നുൾപ്പടെ ഉയർന്നുവന്നു. അങ്ങിനെ കേരളത്തിൽ തൊഴിലാളികൾക്കും സാധാരണമനുഷ്യർക്കും അചഞ്ചലമായ ഒരു പ്രക്ഷോഭത്തിന്റെ ഒട്ടേറെ വിലപ്പെട്ട പാഠങ്ങൾ പകർന്നുനൽകിയാണ് ആശാസമരം ഇരുനൂറ് ദിനരാത്രങ്ങൾ പിന്നിടുന്നത്.
ലജ്ജാകരമാംവിധം താഴ്ന്നകൂലിക്ക്, താങ്ങാനാകാത്ത ജോലിഭാരവും വഹിച്ച് പണിയെടുക്കുന്ന ആശമാരോട് പൊതുസമൂഹവും ഒന്നടങ്കം ഐക്യപ്പെടുന്ന കാഴ്ച അനിതരസാധാരണമായ ഒരനുഭവമായി മാറി. മറ്റൊരു തൊഴിലാളി സമരത്തിലും മുമ്പ് കണ്ടിട്ടില്ലാത്ത വിധം കേരളമെമ്പാടും രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ സമരത്തിന്റെ ന്യായയുക്തയുടെ പക്ഷത്ത് അടിയുറച്ചുനിന്നു. സമരത്തെ പിന്തുണച്ചു. നാൾക്കുനാൾ പിന്തുണ ഏറി വന്നു. നൂറ്റി എഴുപതോളം സംഘടനകളും ഒട്ടനവധി നേതാക്കളും സാധാരണക്കാരായ തൊഴിലാളികളും വീട്ടമ്മമാരുംവരെ ദിനംപ്രതി സമരപ്പന്തലിലേക്ക് അഭിവാദ്യമർപ്പിച്ച് ഒഴുകിയെത്തി. സാഹിത്യ-സാംസ്കാരിക-സിനിമമേഖലയിലെ നിരവധി വ്യക്തിത്വങ്ങൾ പിന്തുണയുമായി സമരപന്തലിൽ എത്തി. റോഡുവക്കിൽ സമരം ആരംഭിച്ച ആശമാർ മഴയെ നേരിടാൻ, തലയ്ക്കു മുകളിൽ പിടിച്ച ടാർപോളിൻ മാറ്റാൻ പോലീസ് നൽകിയ നിർദ്ദേശം മുതൽ സമരക്കാരെ അടിച്ചമർത്താനും ബുദ്ധിമുട്ടിക്കാനും എല്ലാവിധ ശ്രമങ്ങളും നടന്നു. എന്നാൽ മഴ നനഞ്ഞും കുടപിടിച്ചും പെൺപോരാളികൾ സമരം തുടർന്നു. മഴ നനയുന്ന ആശ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് കുടയുമായെത്തിയ കേന്ദ്രമന്ത്രിയുടെ പ്രവൃത്തിയെപ്പറ്റി അശ്ലീല ചുവയോടെ സർക്കാർ അനുകൂലികൾ പ്രചരിപ്പിച്ചപ്പോൾ സമൂഹ മനസ്സാക്ഷി അവരെ ഒറ്റപ്പെടുത്തുന്നത് കേരളം കണ്ടു.
വീറുറ്റ സമരത്തിന്റെ ഉയർന്ന ഘട്ടങ്ങളും നിരവധി സമരമുറകളും പിന്നിട്ട ആശാസമരം രാജ്യത്തിനുപുറത്തുപോലും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ മുഴുവൻ ആശാവർക്കർമാരുടെയും സമീപരാജ്യങ്ങളിലെ ഉൾപ്പെടെ അടിസ്ഥാന ആരോഗ്യ പ്രവർത്തകരുടെയും തൊഴിലും വരുമാനവും ആനുകൂല്യങ്ങളും സംബന്ധിച്ച് വലിയ ചർച്ച ഉയർത്തിയാണ് സംസ്ഥാനത്ത് ആരംഭിച്ച സമരം ചരിത്രത്തിൽ ഇടം നേടുന്നത്. കേരളത്തിലെ ആശാസമരത്തിന്റെ അലയൊലികൾ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി ഉയർന്നു വന്നു. സംസ്ഥാനത്തു നിന്നുള്ള ഒൻപത് എംപിമാരാണ് ആശമാർ നേരിടുന്ന മനുഷ്യത്വരഹിതമായ ചൂഷണം ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നുകൊണ്ട് വിഷയം അവതരിപ്പിച്ചത്. തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര സർക്കാർ ഉടൻ തന്നെ ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് രാജ്യസഭയിൽ പ്രസ്താവിക്കുകയു ണ്ടായി. ഇപ്പോൾ പാർലമെന്റിലെ ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയിൽ പുറത്തുവന്നിട്ടുള്ള വസ്തുത കഴിഞ്ഞ ഏപ്രിൽ മാസം തന്നെ ദേശീയ ആരോഗ്യ മിഷന്റെ ഉന്നതയോഗം ആശമാരുടെ ഇൻസെന്റീവ് 1500 രൂപയായും വിരമിക്കൽ ആനുകൂല്യം മുപ്പതിനായിരം രൂപ വർദ്ധിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു എന്നതാണ്. അതായത് രാജ്യമെമ്പാടുമുള്ള പത്തുലക്ഷം ആശാപ്രവർത്തകരുടെ പ്രതിമാസ പ്രതിഫലം വർദ്ധിപ്പിക്കാനും അവർക്ക് അമ്പതിനായിരം രൂപ വിരമിക്കൽ ആനുകൂല്യം ലഭ്യമാക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ആശാസമരത്തിന്റെ അഭിമാനകരമായ വിജയമാണ്. ഇത്തരമൊരു നേട്ടമേ ഉണ്ടായിട്ടില്ല എന്ന് പ്രചരിപ്പിക്കുന്ന സർക്കാർ അനൂകൂലസംഘടനകൾ, പൊരുതി നേടിയെടുത്ത അവകാശങ്ങൾ പോലും നിഷേധിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് കൂട്ടുനിൽക്കുകയാണ്.
ആരോഗ്യ മേഖലയെ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പോലീസും തുടങ്ങി ഏതൊരാളും ഏൽപ്പിക്കുന്ന ജോലികൾ അനുസരണയോടെ ചെയ്തുതീർക്കണം എന്ന അലിഖിത നിയമം തകർത്ത് സ്വന്തം ജോലി തിരിച്ചറിയാനും അത് കൃത്യമായി ചെയ്യാനും സമരമുഖത്തുനിന്ന് ആശമാർ പഠിച്ചു. മാത്രമല്ല, അത് അധികാരികളെക്കൊണ്ട് അംഗീകരിപ്പിക്കാനും സമരത്തിന് കഴിഞ്ഞു. സന്നദ്ധ സേവകർ എന്ന വിശേഷണം നൽകി, 2008ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ തുച്ഛമായ കൂലി നൽകിയും നൽകാതെയും ഏൽപ്പിച്ചിരുന്ന ജോലികളിൽ തങ്ങളുടെ ഉത്തരവാദിത്തത്തിൽ അല്ലാത്തത് ചെയ്യില്ല എന്ന് ഉറപ്പിച്ചു പറയാൻ ആശമാരെ സമരം പ്രാപ്തമാക്കി. എത്ര വലിയ തൊഴിൽ ചൂഷണമാണ് ആശമാർ ഉൾപ്പടെയുള്ള സ്ത്രീത്തൊഴിലാളികൾ നേരിട്ടിരുന്നതെന്ന് പുറംലോകത്തിന് അറിയാനും അത് അടിയന്തിരമായി പരിഹരികകക്കേണ്ടതാണെന്ന് അധികാരഘടനയെ ബോധ്യപ്പെടുത്താനും ഇട നൽകിയത് ആശാ സമരമാണ്. യാതൊരു ആനുകൂല്യവും ഇല്ലാതെ 62 വയസ്സ് പൂർത്തിയായവർ പിരിഞ്ഞു പോകണം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക, അനാവശ്യ ജോലികളിൽനിന്ന് ഒഴിവാക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും പിൻവലിക്കുക, ഓണറേറിയം എന്നെങ്കിലും ലഭിക്കുക എന്ന പതിവ് രീതി വിട്ട് മാസാമാസം കൃത്യമായി ലഭിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ നേടിയാണ് അശവർക്കർമാർ സമരം തുടരുന്നത്.
കേരളത്തിൽ നടന്ന സമരത്തിന്റെ ഫലമായി കേന്ദ്രസർക്കാർ രാജ്യമാകെയുള്ള ആശമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടൊപ്പം വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് പ്രഖ്യാപിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആശമാരും സംഘടനകളും അറിഞ്ഞതും സമീപകാലത്താണ്. വർഷങ്ങളായി നിലവിലുള്ള 20,000 രൂപ വിരമിക്കൽ തുകയുൾപ്പടെ ഒട്ടനവധി ആനുകൂല്യങ്ങൾ സംസ്ഥാനത്ത് ഒരൊറ്റ ആശാ പ്രവർത്തകക്കുപോലും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറിയില്ല എന്ന വസ്തുതയും ഇപ്പോൾ ആശാ സമരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
സമരത്തെത്തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി ആശമാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് പഠനം നടത്തുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ യൂണിയനുകളുടെയും അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ ആശമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമഗ്രമായി പഠിച്ചുകൊണ്ട് തയ്യാറാക്കിയ, 27 ഇന ആവശ്യങ്ങളടങ്ങിയ സബ്മിഷൻ കമ്മീഷന് സമർപ്പിച്ചിരുന്നു. സമിതിക്ക് മുമ്പാകെ എല്ലാ ട്രേഡ് യൂണിയനുകളും ഓണറേറിയം വർദ്ധിപ്പിക്കുക എന്ന ആവശ്യം മുന്നോട്ടു വച്ചതും അതു നൽകേണ്ടത് സംസ്ഥാനസർക്കാരാണെന്ന് അസന്നിഗ്ദമായി വ്യക്തമാക്കിയതും ഈ സമരം ഉയർത്തിയ ആവശ്യങ്ങളുടെ ന്യായയുക്തത വെളിവാക്കുന്നതായിരുന്നു. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതായി ഇപ്പോൾ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ ശരിയെങ്കിൽ, ആശമാർ ഉയർത്തുന്ന ഏറ്റവും ന്യായമായ ആവശ്യങ്ങളെ ഉൾക്കൊള്ളുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു എന്ന് വിലയിരുത്താം. കേന്ദ്ര സർക്കാർ ഇൻസെന്റീവ് വർദ്ധിപ്പിച്ചാൽ സംസ്ഥാനം ഓണറേറിയം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാൻ ഏറ്റവും ഉചിതമായ സന്ദർഭമെന്ന നിലയിൽ കമ്മീഷൻ റിപ്പോർട്ടുകൂടി വന്നിരിക്കുന്ന സാഹചര്യത്തിൽ, കണികയെങ്കിലും ഇടതുപക്ഷ സമീപനം അവശേഷിക്കുന്നുവെങ്കിൽ ആശാ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
നിരവധി ആവശ്യങ്ങൾ നേടിയെടുത്ത് അഭിമാനത്തോടെയാണ് ഐതിഹാസികമായ ആശാ സമരം ഇരുന്നൂറാം ദിവസത്തിലേക്ക് എത്തുന്നത്. എത്ര ദിവസങ്ങൾ പിന്നിട്ടാലും എത്രയാതനകൾ സഹിക്കേണ്ടിവന്നാലും ഓണറേറിയ വർദ്ധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ നേടുന്നതുവരെ സമരം ശക്തമായി തുടരുമെന്ന തീരുമാനത്തിൽ അടിയുറച്ചു നിൽക്കുകയാണ് സ്ത്രീതൊഴിലാളികൾ. സമരങ്ങളിലൂടെ ഒന്നും നേടാൻ കഴിയില്ല എന്ന പൊതുബോധം ഏറെ ശക്തമായിരിക്കുന്ന കാലഘട്ടത്തിലാണ് ഡിമാന്റുകൾ പലതും നേടിയെടുത്തുകൊണ്ട് ആശാസമരം മുന്നേറുന്നത്. ഇടതുപക്ഷമെന്ന് അകാശപ്പെടുന്നവരുടെ ഭരണം ഒരു പതിറ്റാണ്ടാകുമ്പോൾ കേരളം സമരരഹിതമായിരിക്കുന്നു. വിവരണാതീതമായ ജീവിത ദുരിതങ്ങളും ബുദ്ധിമുട്ടുകളും തൊഴിലവകാശ നിഷേധങ്ങളും ഉണ്ടായിട്ടും ചെറുത്തു നിൽപ്പിന്റേതായ പ്രതിഷേധത്തിന്റേ തായ ഒരു സൂചനയും സംഘടിത മേഖലകളിൽ നിന്നുപോലും ഉണ്ടാകുന്നില്ല. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും ജനങ്ങളെ കൈയൊഴിയുന്നു. സമരത്തെകുറിച്ച് ചിന്തിക്കാൻപോലും കഴിയുന്നില്ല. അക്ഷരാർത്ഥത്തിൽ നിരാലംബരാക്കപ്പെട്ടവർ – പിടിച്ചു നിൽക്കാൻ കഴിയാതെ ആത്മഹത്യയിൽ അഭയം തേടുന്ന ഭയാനകമായ, വേദനാജനകമായ വാർത്തകളാണ് എന്നും കേൾക്കുന്നത്. സംഘടിത പോരാട്ടത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അവിടെയാണ് സ്ത്രീതൊഴിലാളികൾ പർവ്വതസമാനമായ ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് പ്രതീക്ഷയറ്റവരുടെ മുന്നിൽ പ്രകാശഗോപുരംപോലെ ആശാസമരം ആറു മാസം പിന്നിടുന്നത്. ആ പ്രതീക്ഷയാണ് അപരാജിതമായി ആശാസമരം നിലനിൽക്കാൻ പ്രചോദനമാകുന്നത്.
