സർക്കാർ ജീവനക്കാരെ ആവർത്തിച്ച് വഞ്ചിക്കുന്ന പിണറായി സർക്കാർ

Kerala-government-employees-office.avif
Share

ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെൻഷൻകാര്‍ക്കും പുല്ലുവില പോലും കൽപ്പിക്കാത്ത സംസ്ഥാന ഗവൺമെന്റിന്റെ തൊഴിലാളിദ്രോഹ നടപടികൾ സർവ്വ സീമകളും ലംഘിച്ച് മുന്നേറുകയാണ്. ഈ കഴിഞ്ഞ പതിറ്റാണ്ട് ജീവനക്കാരെ സംബന്ധിച്ച് നഷ്ടങ്ങളുടെ മാത്രം കാലഘട്ടമാണ്. മാറ്റിവെക്കപ്പെട്ട വേതനം എന്ന് സുപ്രീംകോടതി പ്രഖാപിച്ച ‘സ്റ്റാറ്റ്യൂട്ടറി പെൻഷൻ’ നിഷേധിച്ചുകൊണ്ട് 2013 ഏപ്രിലിൽ ഉമ്മൻ ചാണ്ടി സർക്കാർ തുടക്കമിട്ട കൂലിക്കൊള്ള പിന്നീടുവന്ന പിണറായി സർക്കാരും നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ ജീവനക്കാർക്ക്, അടിസ്ഥാന ശമ്പളം ഒഴികെ ത്യാഗഭരിതമായ സമരങ്ങളിലൂടെ നേടിയ എല്ലാ അനുകൂല്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഡിഎ, ലീവ് സറണ്ടർ, ഹൗസ്‌ ബിൽഡിങ് അഡ്വാൻസ്, ചികിൽസ ആനുകൂല്യം, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങി നഷ്ടങ്ങളുടെ പട്ടിക നീളുന്നു.


മൂന്നു പതിറ്റാണ്ടിലധികമായി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണത്തിന്റെ ഭാഗമായ ഭരണ പരിഷ്കാരങ്ങൾ കേരളത്തിലും സിവിൽ സർവീസിനെ തകർച്ചയുടെ വക്കത്തെത്തിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക ഏജൻസികളുടെ നിർദ്ദേശ പ്രകാരം സർക്കാർ വകുപ്പുകളെ പഞ്ചായത്തുകൾക്ക് കീഴിലാക്കികൊണ്ട് ജനകീയാസൂത്രണമെന്ന പേരിൽ നടപ്പാക്കിയ പങ്കാളിത്ത വികസന പരിപാടിയിൽ തുടങ്ങിയ പരിഷ്ക്കാരങ്ങൾ ഇന്ന് സർക്കാർ വകുപ്പുകൾക്ക് സമാന്തരമായി മിഷനുകളും സൊസൈറ്റികളും രൂപീകരിച്ചുകൊണ്ടും പുറംതൊഴിൽ കരാർ നടപ്പാക്കിക്കൊണ്ടും സർക്കാർ വകുപ്പുകളെ അപ്രസക്തമാക്കികൊണ്ടിരിക്കുന്നു. ഈ മിഷനുകളിലും സൊസൈറ്റികളിലുംപൂർണ്ണമായും കരാർതൊഴിൽ മാത്രമാണുള്ളത്. ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ തുടങ്ങിയ പല പോസ്റ്റുകളും നിർത്തലാക്കിക്കൊണ്ടിരിക്കുന്നു. പരിഷ്ക്കരണങ്ങളുടെ പേരിൽ പല വകുപ്പുകളിലും തസ്തികകൾ വെട്ടിക്കുറക്കാൻ തീരുമാനം എടുത്തിരിക്കുന്നു. തസ്തിക പുനഃർനിർണ്ണയ ത്തിനായി എല്ലാ വകുപ്പുകളിലും കമ്മിറ്റികളെ നിയോഗിച്ചു കഴിഞ്ഞിരിക്കുന്നു.
രാജ്യത്തെ സാമ്പത്തിക നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന കൂലിക്കൊള്ള 80000 കോടി രൂപയായിരിക്കുന്നു! അതോടൊപ്പം വഷളൻ മുതലാളിത്ത മാനേജ്മെന്റ് തന്ത്രങ്ങൾ സർവ്വീസിൽ ഏർപ്പെടുത്തുക വഴി ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ജീവനക്കാരുടെ ജീവനെടുക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് വികസന നയമായ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് ‘ നടപ്പാക്കുന്നതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലും പിന്തള്ളി ഒന്നാം റാങ്ക് കേരളത്തിനു ലഭിച്ചിരിക്കുന്നത്, ഇത്തരത്തിൽ പണിയെടുക്കുന്നവരുടെ ശമ്പളവും അവകാശങ്ങളും ചവിട്ടിമെതിക്കുന്നതിനും അവക്കെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രതിഫലം എന്നനിലയിലാണ്
സാമ്പത്തിക വിപണിയെ വളർത്തുക എന്ന ഏക അജണ്ടയെ മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാർ, ജീവനക്കാരുടെ ആനുകൂല്യങ്ങളും സാമ്പത്തിക വിപണിയുടെ ദയാദാക്ഷണ്യത്തിന് വിധേയപ്പെട്ടുമാത്രമേ ലഭ്യമാക്കു എന്ന നയം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെൻഷനിൽ ജീവനക്കാരുടെ ശമ്പളത്തിന്റെ 10 ശതമാനത്തോടൊപ്പം സർക്കാരും 10 ശതമാനം മാച്ചിങ്ങ് ഫണ്ട് അടക്കേണ്ടിവരുമ്പോൾ സർക്കാരിന് യഥാർത്ഥത്തിൽ ലാഭം ഒന്നുമില്ല പക്ഷെ മുതലാളിത്ത താൽപര്യം മാത്രം പേറുന്ന സർക്കാർ ജനങ്ങളുടെ നികുതിപ്പണം പെൻഷന്റെ പേരിൽ ഷെയർമാർക്കറ്റിലേക്ക് ഒഴുക്കുന്നു. മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് നിർത്തലാക്കി ജീവനക്കാരുടെ പണം നിർബന്ധിതമായി പിടിച്ചെടുത്ത് ‘മെഡിസെപ്പ്’ എന്ന ചാപിള്ളയെ അവരോധിച്ചപ്പോഴും ഹൗസ്ബിൽഡിംങ്ങ് അഡ്വാൻസ് നിർത്തലാക്കി ബാങ്ക് വഴിനൽകും എന്ന പാഴ്‌വാഗ്ദാനം നൽകിയപ്പോഴും സർക്കാരിന്റെ വിപണി താൽപര്യമാണ് വെളിവാകുന്നത്.


കൊള്ളയടിച്ച 80,000 കോടി രൂപ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും തിരികെ കൊടുക്കുക


ജീവനക്കാരുടെ ഡിഎ, പെൻഷൻ പറ്റിയവരുടെ ഡി ആർ, 11-ാം ശമ്പള പരിഷ്കരണ കുടിശിക, 12-ാം ശമ്പള പരിഷ്കരണം നടപ്പാക്കതിരിക്കൽ, ലീവ് സറണ്ടർ, എൻപിഎസ്, മെഡിസെപ്പ്, ഹൗസ് ബിൽഡിങ്ങ് അഡ്വാൻസ്, സിസിഎ തുടങ്ങിയ ഇനങ്ങളിലായി 80,000 കോടിരൂപയാണ് ഈ സർക്കാർ, ജീവനക്കാരുടെ പക്കൽ നിന്നും കൊള്ളയടിച്ചിരിക്കുന്നത്. ശമ്പളവും- പെൻഷനും പൈസക്കണക്കിൽ വർദ്ധിക്കുന്നുണ്ടെങ്കിലും യഥാർത്ഥ വേതനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ശമ്പള പരിഷ്കരണങ്ങളിലൂടെ വെട്ടിക്കുറയ്ക്കപ്പെടുകയാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമൊക്കെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കവർന്നെടുക്കാനുള്ള അവസരമാക്കി ഉപയോഗിക്കുന്നു.
ഏറ്റവും വലിയ കൊള്ള ഡിഎയുടെ കാര്യത്തിലാണ് ഉണ്ടായിരിക്കുന്നത്. ഒരു നിശ്ചിത സമയത്തെ വിപണി വിലപ്പെരുപ്പം, പണപ്പെരുപ്പം, നാണയമൂല്യ ശോഷണം തുടങ്ങിയ സൂചകങ്ങളെ ആധാരമാക്കി ശാസ്ത്രീയമായി നിർണ്ണയിക്കുന്നതാണ് ക്ഷാമബത്ത അഥവാ ഡിഎ. അതാതു സമയത്ത് ക്ഷാമബത്ത പ്രഖ്യാപിക്കാതെയും അഥവാ കേന്ദ്രം പ്രഖ്യാപിച്ചാൽത്തന്നെ സംസ്ഥാനത്ത് അനുവദിക്കാതെയും ഇരിക്കുന്നത് വഴി ജീവനക്കാർ സാമ്പത്തികമായി എല്ലായ്പ്പോഴും ക്ഷാമത്തിലാകുന്നു. ഏതാണ്ട് 22019 കോടി രൂപയാണ് ഡിഎ കുടിശിക. സമാനമായി പെൻഷൻകാരുടെ ഡി ആർ കുടിശിക ഏതാണ്ട് 15286 കോടിയിൽ എത്തി നിൽക്കുന്നു. 2021 ജനുവരി മുതൽ തുടർച്ചയായി 39 മാസം ഡിഎ അനുവദിക്കാതിരുന്നതിനെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധം ശക്തമായപ്പോൾ പ്രതിവർഷം രണ്ടു ഗഡു ഡിഎ നൽകും എന്ന് 2024 ജൂലൈ 10 ന് മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ച് നിയമസഭയിൽ പ്രസ്താവിച്ചു. എന്നാൽ ഓരോ വർഷവും ജനുവരിയിലും ജൂലൈയിലും പുതുക്കി പ്രഖാപിക്കു ന്നതിനാൽ എല്ലായിപ്പോഴും 6 ഗഡു ഡിഎ കുടിശിക ഉണ്ടാകും എന്ന് സർക്കാർ ഉറപ്പാക്കിയിരിക്കുന്നു.


ഡിഎ ഉത്തരവ് ഇറങ്ങിയപ്പോൾ എന്നു മുതലുള്ള ഗഡുവാണെന്നു വ്യക്തമാക്കാതെയും കുടിശിക നൽകുന്നതിനെ കുറിച്ച് പരാമർശിക്കാതെയും ഇരുന്നതുവഴി വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

2021 ജനുവരി – 2024 മാർച്ച് – 39 മാസം

2021 ജൂലൈ – 2024 സെപ്റ്റം. – 39 മാസം

2022 ജനുവരി – 2025 മാർച്ച് – 39 മാസം

2022 ജൂലൈ – 2025 ജൂലൈ – 36 മാസം


എന്ന നിലയിൽ ഡിഎ കുടിശിക നഷ്ടമായി.സർക്കാരിന്റെ തന്നെ അഭിപ്രായത്തിൽ 3% ഡിഎ നൽകുമ്പോൾ പ്രതിവർഷ൦ 2000 കോടി ചെലവുവരു൦. അങ്ങനെയെങ്കിൽ പിണറായി സർക്കാർ കഴിഞ്ഞ 4 ഡിഎ ഉത്തരവുകളിലുംകൂടി 11 ശതമാനം ഡിഎ കുടിശിക നിഷേധിച്ചത് വഴി ജീവനക്കാർക്കു൦ പെൻഷൻകാർക്കു൦ 24000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഏതാണ്ട് രണ്ടുമാസത്തെ ശമ്പളം/പെൻഷനു തുല്യമായ തുകയാണ് ഒരോ ജീവനക്കാരുടെ/പെൻഷൻകാരുടെ പക്കൽനിന്നു൦ കൊള്ളയടിക്കപ്പെടുന്നത്. ലഭിക്കേണ്ടുന്ന ശമ്പളത്തിന്റെ/പെൻഷന്റെ ഏതാണ്ട് അഞ്ചിൽ നാലു മാത്രമാണ് ഓരോ ജീവനക്കാരും പെൻഷൻകാരും കൈപ്പറ്റുന്നത്.
2021 വരെയുള്ള ഡിഎ ഉത്തരവുകളിൽ കേന്ദ്ര ഗവൺമെന്റ് ഡിഎ അനുവദിക്കുന്ന ഉത്തരവു പരാമർശ്ശിച്ചുകൊണ്ടാണ് സംസ്ഥാന ഗവൺമെന്റ് ഡിഎ ഉത്തരവുകൾ ഇറക്കിയിരുന്നത്. കൂടാതെ ഈ ഉത്തരവുകളിൽ കേന്ദ്ര ഗവൺമെന്റ് ഡിഎ അനുവദിക്കുന്ന തീയതി മുതലുള്ള കുടിശിക കേരളത്തിലെ ജീവനക്കാർക്ക്/പെൻഷൻകാർക്ക് നൽകുന്നതിനുള്ള സമയബന്ധിതമായ നടപടിക്രമങ്ങളും ഉണ്ടായിരുന്നു. പിണറായി സർക്കാരിന്റെ ഡിഎ കുടിശിക സ൦ബന്ധിച്ച നയ൦ കഴിഞ്ഞകാല സർക്കാരുകൾ പാലിച്ചു പോന്ന വ്യവസ്ഥാപിത കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണ്.


ശമ്പള പരിഷ്കരണം


ശമ്പള പരിഷ്കരണത്തിലും വലിയ തട്ടിപ്പാണ് നടക്കുന്നത്. 2019ൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 27000 രൂപയെങ്കിലും ആവേണ്ടിയിരുന്നത് രണ്ടുകൊല്ലങ്ങൾക്കു ശേഷംനടന്ന പരിഷ്കരണത്തില്‍ 23000 മായി കുറഞ്ഞു. അതിനകം രാജ്യത്തിന്റെ ആഭ്യന്തര പൊതുവിപണിവില സൂചികകൾ എത്രയോതവണ ഉയർന്നത് ശമ്പള പരിഷ്കരണ കമ്മീഷൻ തന്ത്രപൂർവ്വം മറച്ചുവെച്ചു. പണത്തിന്റെ കണക്കിൽ വർദ്ധനവ് കാണിച്ച് യഥാർത്ഥ വേതനം വെട്ടിക്കുറയ്ക്കുന്ന വിദ്യയാണ് ഏതാനും പരിഷ്കരണങ്ങളിലായി ശമ്പളക്കമ്മീഷനുകൾ പയറ്റുന്നത്.


കാലാകാലങ്ങളായി നിലനിൽക്കുന്ന, അഞ്ചുവർഷ കാലയളവിൽ ശമ്പള പരിഷ്കരണം എന്ന കീഴ്‌വഴക്ക പ്രകാരം കേരള സർക്കാർ സർവീസിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളം 2024 ജൂലൈയിൽ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ നാളിതുവരെയായി ശമ്പളകമ്മീഷനെ നിയമിക്കാനുള്ള നീക്കം പോലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 2019ൽ നടപ്പാക്കേണ്ടിയിരുന്ന പതിനൊന്നാം ശമ്പള പരിഷ്കരണം രണ്ടുകൊല്ലം വൈകി 2021ൽ നടപ്പാക്കിയപ്പോൾ അരിയറുകൾ അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയ വ്യവസ്ഥകൾ പാലിക്കപ്പെടുകയുണ്ടായില്ല. ആറ് കൊല്ലങ്ങൾ പിന്നിട്ട് ഈ അടുത്ത നാളുകളിൽ അവ പിഎഫിൽ ലയിപ്പിക്കാൻ ഉത്തരവിറക്കിയപ്പോഴാകട്ടേ അരിയർ തുകകൾ പിൻവലിക്കാൻ 2026 വരെ കാത്തിരിക്കേണ്ട നിബന്ധനകൾ എഴുതിച്ചേർത്തു. ആയതിനാൽ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ സാമ്പത്തികഗുണം ഇന്നേവരെ പൂർണ്ണമായി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല.
മിനിമം വേതനം സംബന്ധിച്ച് ഇന്ത്യൻ ലേബർ കോൺഫറൻസുകൾ പ്രഖാപിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം പരിശോധിച്ചാൽ 38500 രൂപ മിനിമം ശമ്പളം ലഭിക്കേണ്ടതാണ്. പതിനൊന്നാം ശമ്പള പരിഷ്കരണം നടത്തിയപ്പോൾ ആകെ ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് ലഭിച്ചത്. മാത്രമല്ല സർവീസ് വെയ്റ്റേജ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു. കൂടാതെ 2021 ജനുവരി മുതലുള്ള ഡിഎ നിഷേധിക്കപ്പെട്ടതിനാൽ ശമ്പള പരിഷ്ക്കരണത്തിന്റെ ഒരുഗുണവും ജീവനക്കാർക്ക് ലഭിച്ചില്ല.
നഷ്ടം: 11-ാം ശമ്പള പരിഷ്ക്കരണ അരിയർ-3000 കോടി, 12-ാം ശമ്പള പരിഷ്ക്കരണം നടത്തിയില്ല- 9100 കോടി, പെൻഷൻ പരിഷ്ക്കരണ അരിയർ- 500കോടി, പെൻഷൻ പരിഷ്കരണം നടത്തിയില്ല-4000 കോടി


കേരളത്തിൽ 2013 ഏപ്രിൽ 1ന് യുഡിഎഫ് സർക്കാർ എൻപിഎസ് നടപ്പാക്കി. ജീവനക്കാരുടെ ഇടയിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായത് പരിഗണിച്ച് 2016ൽ തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കും എന്നു വാഗ്ദാനം നൽകി എൽഡിഎഫ് തിരഞ്ഞടുപ്പിനെ നേരിട്ടു. ഈ വാഗ്ദാനം കേരളത്തിലെ ജീവനക്കാർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ, അധികാരത്തിൽവന്ന ഇടതുപക്ഷ സർക്കാർ എൻപിഎസിന് നിയമപ്രാബല്യം സിദ്ധിക്കാൻ 2020 മെയ് 13ന് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കുന്നതാണു നാം പിന്നീട് കണ്ടത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് 2018 നവ൦ബറിൽ നിയമിച്ച സർക്കാരിന്റെ പുനഃപരിശോധനാ കമ്മിറ്റി എൻപിഎസ് പിൻവലിക്കുന്നതിന് നിയമതടസ്സം ഇല്ലെന്ന് റിപ്പോർട്ട് നൽകി. പക്ഷേ പഠനത്തിന് മേൽ പഠനവുമായി തിരുമാനം അനന്തമായി നീളുന്നു. എന്നാൽ എൻപിഎസിൽ നിന്നു പിൻമാറില്ലെന്ന ഗ്യാരണ്ടി നൽകി കേന്ദ്ര ഗവൺമെന്റിൽനിന്ന് എല്ലാ വർഷവും വായ്പ എടുത്തുകൊണ്ടിരിക്കുകയുമാണ് ഈ ഗവൺമെന്റ്. കഴിഞ്ഞ 9 വർഷമായി ജീവനക്കാരുടെ ശമ്പള വിഹിതവും നികുതിപണവും ഓഹിരി വിപണിയിൽ എത്തിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഈ സർക്കാരിനാണ്.


എൻപിഎസിൽ രാജ്യത്ത് ഏറ്റവും അധികം ചൂഷണം നേരിടുന്നത് കേരളത്തിലെ ജീവനക്കാർ


രാജ്യത്ത് പശ്ചിമ ബംഗാൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും എൻപിഎസ് നടപ്പാക്കി. അവിടങ്ങളിലെല്ലാം ജീവനക്കാർ വിരമിക്കുമ്പോൾ ഡിസിആർജി (ഗ്രാറ്റുവിറ്റി) നൽകുന്നുണ്ട്. എന്തിന് സ്വകാര്യ സ്ഥാപനങ്ങൾപോലും അവരുടെ തൊഴിലാളികൾ വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റി നൽകുന്നു. എന്നാൽ കേരളത്തിലെ എൻപിഎസ് പദ്ധതിയിൽ പെട്ട ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നിഷേധിച്ചിരിക്കുന്നു. അതോടൊപ്പം മറ്റൊരു വിവേചനം എൻപിഎസിലേക്കുള്ള സർക്കാർ വിഹിതത്തിന്റെ കാര്യത്തിലാണ്. കേന്ദ്രഗവൺമെന്റും മറ്റ് എല്ലാ സംസ്ഥാനങ്ങളും തൊഴിലുടമ വിഹിതമായി ശമ്പളത്തിന്റെ 14% അടക്കുമ്പോൾ കേരളത്തിൽ അത് 10% മാത്രമാണ്.
പ്രക്ഷോഭ ചൂടിൽ സംസ്ഥാനങ്ങൾ എൻപിഎസ് പിൻവലിക്കുമ്പോൾ കേരളത്തിന് കേന്ദ്രത്തിന്റെ അതേ നിലപാട്


എൻപിഎസിനെതിരെ ഉയർന്നുവന്ന വമ്പൻ പ്രക്ഷോഭത്തെ തുടർന്ന് രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങി പല സ൦സ്ഥാനങ്ങളു൦ പദ്ധതിയിൽനിന്ന് പുറത്തുവന്നുകഴിഞ്ഞു. ഇനിയും ചില സ൦സ്ഥാന സർക്കാരുകൾ ഈ നെറികെട്ട പദ്ധതി പിൻവലിക്കു൦ എന്നറിയിച്ചു കഴിഞ്ഞു. എന്നാൽ കേരളത്തിലെ ഗവൺമെന്റ്, ജീവനക്കാരുടെ വർദ്ധിച്ചു വരുന്ന പ്രതിഷേധത്തെ ഭയപ്പടുന്നുണ്ടെങ്കിലും ഈ ആവശ്യം കേട്ടതായിപോലും നടിക്കുന്നില്ല. മാത്രമല്ല, ഭരണാനുകൂല സംഘടനയെ ഉപയോഗിച്ച് പിഎഫ്ആർഡിഎ പിൻവലിച്ചെങ്കിൽ മാത്രമേ എൻപിഎസ് പിൻവലിക്കാൻ കഴിയു എന്നു൦ ജീവനക്കാർ എൻപിഎസിലേക്ക് അടച്ചപണ൦ തിരികെകിട്ടില്ല എന്നുമുള്ള പ്രചാരണം അഴിച്ചുവിട്ട് ജീവനക്കാരുടെ ഇടയിൽ ആശയക്കുഴപ്പവു൦ അഭിപ്രായ ഭിന്നതയുമുണ്ടാക്കാൻ ശ്രമം നടത്തികൊണ്ടിരിക്കുന്നു. പിഎഫ്ആർഡിഎ പിൻവലിക്കണമെന്നകാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ അത് കേന്ദ്രനിയമമാണ്, പിൻവലിക്കേണ്ടത് കേന്ദ്ര സർക്കാരു൦. അതുപിൻവലിക്കാനായി അഖിലേന്ത്യാ തലത്തിൽ ജീവനക്കാരുടേയും തൊഴിലാളികളുടേയും ഐക്യ൦ രൂപപ്പെടുത്തി വലിയ സമരം കെട്ടിപ്പടുക്കേണ്ടതുണ്ട്. എന്നാൽ നയപരമായിത്തന്നെ എൻപിഎസിനോട് വിയോജിപ്പുണ്ട് എന്നവകാശപ്പെടുന്ന കേരള സർക്കാർ ഇവിടെ എൻപിഎസ് പിൻവലിച്ചാൽ രാജ്യമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് അത് കരുത്തുപകരുകയു൦ കേന്ദ്രം പിഎഫ്ആർഡിഎ തന്നെ പിൻവലിക്കാൻ നിർബന്ധിതമാകുകയു൦ ചെയ്യും എന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുന്നു.
സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരാൻ തുടങ്ങിയതോടെ, കോർപ്പറേറ്റുകൾക്ക് ൈകയാളാൻ കിട്ടിയ 12 ലക്ഷം കോടിയിൽപ്പരം രൂപ നഷ്ടപ്പെട്ടേക്കുമെന്ന ഭയത്താൽ കേന്ദ്രഗവൺമെന്റ് കഴിഞ്ഞ ബഡ്ജറ്റിൽ അഷ്വേഡ് പെൻഷൻ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നതിനു ആസൂത്രണം ചെയ്തുകൊണ്ട് ഒരു കമ്മിറ്റിയെ നിയോഗിച്ചു. അതേ മാതൃകയിൽ പിണറായി സർക്കാരും അഷ്വേഡ് പെൻഷൻ നടപ്പാക്കും എന്ന് പ്രഖാപിക്കുകയും ‘ജീവാനന്ദം’ എന്ന പേരിൽ സമാന പദ്ധതി നടപ്പാൻ ശ്രമം തുടങ്ങുകയും ചെയ്തു.
തുടർന്ന് കേന്ദ്രസർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ ഓഹരി വിപണിയെ അടിസ്ഥാനപ്പെടുത്തി തന്നെയുള്ള പുതിയ പദ്ധതി 2024 ആഗസ്റ്റിൽ പ്രഖാപിച്ചു. യുപിഎസും പങ്കാളിത്ത പെൻഷൻ പദ്ധതി തന്നെയാണ്. 2003 ജനുവരിയിൽ റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ദ്ധസമിതി സംസ്ഥാനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്ത മൂന്ന് പെന്‍ഷൻ പദ്ധതികളിൽ ഒന്നാണിത്.


ദുരിതത്തിലായ എൻപിഎസ് പെൻഷൻകാർ


സംസ്ഥാനത്ത് എൻപിഎസ് ഏർപ്പെടുത്തിയിട്ട് 12 വർഷം കഴിഞ്ഞ ഈ കാലയളവിൽ ആയിരക്കണക്കിന് ജീവനക്കാർ എൻപിഎസ് വഴി റിട്ടയറാകുകയും, പെൻഷൻ നിഷേധിക്കപ്പെട്ട്, വാർദ്ധക്യത്തിന്റെ നാളുകളിൽ ദാരിദ്രത്തിലേക്ക് തള്ളി വിടപ്പെടുകയും ചെയ്തിരിക്കുന്നു. ഇതിൽ ബഹുഭൂരിപക്ഷവും സ്പെഷ്യൽ റൂൾവഴി നിയമനം ലഭിച്ച അംഗപരിമിതരായവരാണ്. കൂടാതെ, താൽക്കാലിക ജോലികളിൽനിന്നും അംഗൻവാടി ജീവനക്കാരിൽനിന്നും മറ്റും കുറഞ്ഞകാലത്തേക്ക് സ്ഥിരനിയമനം ലഭിച്ച ഏറ്റവും സാധാരണക്കാരായ ജീവനക്കാരാണ് റിട്ടയറായതോടെ ഒരു വരുമാനവുമില്ലാത്തവരായി മാറിയിരിക്കുന്നത്. കുറഞ്ഞകാലത്തെ സർവ്വീസുമാത്രമുള്ള ഈ ജീവനക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീമിലായിരുന്നു എങ്കിൽ അവരുടെ സർവ്വീസ് അനുസരിച്ച് 3550 രൂപ മുതൽ 11000 രൂപ വരെ പെൻഷന് അർഹരാകുമായിരുന്നു. കൂടാതെ മെഡിക്കൽ അലവൻസ്, ഡിയർനസ് റിലീഫ്, ഫാമിലി പെൻഷൻ, അഞ്ചുവർഷം സർവ്വീസുള്ളവർക്ക് ഡിസിആർജി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. എന്നാൽ സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന ശമ്പളത്തിന്റെ 10 ശതമാനം പെൻഷൻ ഫണ്ടിലേക്കടച്ച എൻപിഎസ് ജീവനക്കാർ റിട്ടയർചെയ്തപ്പോൾ വഴിയാധാരമായിരിക്കുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനം മാത്രം യോഗ്യതയായുള്ള, നിശ്ചിതകാലത്തേക്ക് നിയമനം ലഭിക്കുന്ന മന്ത്രിമാരുടെയും മറ്റും പേഴ്സണൽ സ്റ്റാഫിന് മേൽ പറഞ്ഞ സ്റ്റാറ്റ്യൂട്ടറി പെൻഷന്റെ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുന്നു എന്നത് തുല്യ നീതിയുടെ ലംഘനമായി നിലകൊള്ളുന്നു.


അമിതജോലിഭാരവും അധിക്ഷേപങ്ങളും ജീവനക്കാരുടെ ജീവനെടുക്കുന്നു
നിയമന നിരോധനം, പ്രമോഷൻ നിഷേധം, അമിത ടാർജറ്റുകൾ, പീഡനമാകുന്ന റിവ്യുമീറ്റിങ്ങുകൾ, പല ഓഫീസുകളുടെ ചാർജ്ജ് ഒരേ സമയം എടുക്കേണ്ടി വരിക, അധികാരസ്ഥാനങ്ങളിൽനിന്നുള്ള അധിക്ഷേപം തുടങ്ങിയ വഷളൻ മുതലാളിത്ത മാനേജ്മെന്റ് തന്ത്രങ്ങൾ വഴി ഉണ്ടാകുന്ന മാനസ്സിക സമ്മർദ്ദം- ഇവയെല്ലാം ഇതിനകം തന്നെ സംസ്ഥാനത്ത് നിരവധി ജീവനക്കാരുടെ ജീവനെടുത്തിക്കുകയാണ്. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായ അവഹേളനത്തെ തുടർന്നായിരുന്നു. ജീവനക്കാരെ ആർക്കും യാതൊരു അടിസ്ഥാനവുമില്ലാതെ എവിടെവച്ചും അവഹേളിക്കാം വ്യക്തിഹത്യ നടത്താം എന്നൊരു സ്ഥിതി ഇന്ന് കേരളത്തിൽ നിലനിൽക്കുന്നു. അതിന്റെ പരിണിതഫലമാണ് ഈ വ്യക്തിഹത്യയും ആത്മഹത്യയും.
സര്‍ക്കാര്‍ വകുപ്പുകളില്‍ പലതും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടര്‍ന്നു വരുന്നത്. കാലാനുസൃതമായി വര്‍ദ്ധിച്ച ജോലിഭാരത്തിന് ആനുപാതികമായി തസ്തികകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുപകരം ആഗോളവൽക്കരണ പരിഷ്കരണ നടപടികളുടെ ഭാഗമായി നിയമന നിരോധനവും തസ്തിക വെട്ടിച്ചുരുക്കലുമാണ് ഇവിടെ നടക്കുന്നത്. കനത്ത ജോലി ഭാരം മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ മാനസിക സമ്മർദ്ദവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിരിക്കുന്നതുവഴി ലോണടവ് മുടങ്ങുന്നതും കടക്കെണിയിലാകുന്നതും സാധാരണക്കാരായ ജീവനക്കാര്‍ക്ക് താങ്ങാനാവുന്നതല്ല. വിദ്യാഭ്യാസ വകുപ്പിലെ ഒരു സീനിയർ സൂപ്രണ്ട് പല ഓഫീസുകളുടെ ഉത്തരവാദിത്വങ്ങൾ ഒരേ സമയ൦ നിറവേറ്റേണ്ടുന്ന അവസ്ഥ ഉണ്ടായതിനാൽ വന്ന ജോലി സമ്മർദ്ദത്താൽ ആത്മഹത്യചെയ്ത സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. 90 പോലീസുദ്യോഗസ്ഥർ ജോലി സമ്മർദ്ദം മൂലം സംസ്ഥാനത്ത് ആത്മഹത്യചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. റിവ്യുമീറ്റിങ്ങിൽ ജീവനക്കാരി കുഴഞ്ഞുവീണതിനെ തുടർന്ന് ഇത്തരം മീറ്റിങ്ങുകൾ ജീവനക്കാരടെ പീഡന കേന്ദ്രങ്ങളാകരുതെന്ന് തദ്ദേശസ്വയം ഭരണ വകുപ്പിന് സർക്കുലർ ഇറക്കേണ്ടി വന്നിരിക്കുന്നു. പോലീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, സർക്കാർ ആശുപത്രികള്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ ജീവനക്കാർ ജോലിഭാരം മൂലം ആത്മഹത്യയുടെ വക്കത്താണ്.


മെഡിസെപ്പ് പ്രീമിയം വർധിപ്പിച്ച് ജീവനക്കാരെ വീണ്ടും പിഴിയുന്നു


500 രൂപ പ്രതിമാസ പ്രീമിയം ഈടാക്കി 2022 ജൂലൈ 1 മുതൽ നടപ്പാക്കിവരുന്ന മെഡിസെപ്പ്, പ്രീമിയം 750 രൂപയായി വർധിപ്പിച്ച് രണ്ടു വർഷം(രണ്ടാം വർഷം പ്രീമിയം ഇനിയും വർധിപ്പിക്കും) കൂടി തുടരുവാനുള്ള ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാത്തതിനാൽ ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നടപടി. ജീവനക്കാരുടെ പക്കൽ നിന്ന് ഒരു വിഹിതവും പിരിക്കാതെ പ്രതിവർഷം ലഭിച്ചുകൊണ്ടിരുന്ന 200 കോടിയിലധികം രൂപയുടെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റും പെൻഷൻകാരുടെ 500 രൂപ പ്രതിമാസ മെഡിക്കൽ അലവൻസും ഇല്ലാതാക്കികൊണ്ടു നടപ്പാക്കിയ മെഡിസെപ്പിനു വേണ്ടി 2000 കോടിരൂപയിലധികം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സർക്കാർ കൊള്ളയടിച്ചു. ഈ കൊള്ളയിൽ 50 ശതമാനം വർധനവ് നടത്താനാണ് മന്ത്രി സഭതീരുമാനിച്ചിരിക്കുന്നത്. ഇനി വർഷം തോറും ഈ കൊള്ള വർധിച്ചുകൊണ്ടുമിരിക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടി ചില്ലറ പരിഷ്ക്കാരങ്ങൾ വരുത്തി പ്രീമിയം ഭീമമായി വർദ്ധിപ്പിച്ചെടുത്ത് ഇൻഷ്വറൻസ് കമ്പനിക്ക് ലാഭം പെരുപ്പിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം.


പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ അതുകൊണ്ട് ചികിത്സ ലഭിക്കില്ല. ക്ലയിം പാക്കേജിൽ നിലനിൽക്കുന്ന അപാകതയും പ്രധാന പല ആശുപത്രികളും മെഡിസെപ്പ് സ്വീകരിക്കാത്തതുമാണ് പദ്ധതിയുടെ പരാജയത്തിന് പ്രധാന കാരണം. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ ചികിത്സാചെലവ് ഈടാക്കുന്നകാര്യത്തിൽ സർക്കാർ ഒരു റെഗുലേഷനും ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ തന്നെ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ പാക്കേജുകളുടെ നിരക്ക് വളരെ ഉയർന്നതാണ്. ഈ വൈരുധ്യവും ക്ലെയിം അനുവദിക്കുന്നതിന് കമ്പനി താമസം വരുത്തുന്നതും രോഗി-ആശുപത്രി സംഘർഷം ഉണ്ടാക്കുകയും ക്ലെയിം ലഭിക്കുന്നത് നിയമ കുരുക്കിലേക്ക് നീളുകയും ചെയ്യുന്നു. ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചതായി ഉത്തരവിൽ പറയുന്നില്ല. ഗവൺമെന്റ് ആശുപത്രികളിലും ഏതാനും സ്വകാര്യ ആശുപത്രികളിലും മാത്രമാണ് മെഡിസെപ്പ് ലഭ്യമാകുന്നത്. മെഡിസെപ്പ് വരുന്നതിനുമുമ്പ് ഗവൺമെന്റ് ആശുപത്രികളിൽ എല്ലാ ചികിത്സക്കും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ വ്യവസ്ഥകൾക്കു വിധേയമായും മെഡിക്കൽ റീഇമ്പേഴ്സ്‌മെന്റ് ആനുകൂല്യം, ഒരു പ്രീമിയവും അടക്കാതെതന്നെ, ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്നതാണ്. അതിനാൽ തന്നെ മെഡിസെപ്പിലൂടെ പെരുപ്പിച്ചു കാട്ടുന്ന ആനുകൂല്യ വിതരണ കണക്കുകൾ പോലും യാഥാർഥ്യത്തിന് നിരക്കുന്നതല്ല. 2019ൽ ഈ പദ്ധതിയെപ്പറ്റി ആലോചന വന്ന കാലത്തുതന്നെ പദ്ധതി പരാജയപ്പെടുമെന്നും ഇതുവഴി ജീവനക്കാർക്കും പെൻഷൻകാർക്കും കാര്യമായ പ്രയോജനം ഉണ്ടാവില്ലെന്നും ജെപിഎ പോലുള്ള സംഘടനകൾ ചൂണ്ടിക്കാണിച്ചതാണ്.
ഇൻഷ്വറൻസ് കമ്പനികൾക്ക് ലാഭമുണ്ടാക്കുന്നതിനായി നടപ്പാക്കുന്ന മെഡിസെപ്പ് പിൻവലിച്ച് 1960ലെ മെഡിക്കല്‍ അറ്റന്‍ഡന്റസ് റൂള്‍ ഉറപ്പു നല്‍കുന്ന സൗജന്യവും, പുതിയ കാലത്തിനനുസരിച്ച് ക്യാഷ് ലെസ് ട്രീറ്റ്മെന്റ് എന്ന രൂപത്തിലുള്ളതുമായ ആരോഗ്യ പരിരക്ഷ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിനുവേണ്ടി അലോട്ട്മെന്റ് അനുവദിച്ചും നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കിയും മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് പുനരുജ്ജീവിപ്പിക്കുകയും അവശ്യകതക്കനുസരിച്ച് പലിശ രഹിത ചികില്‍സാ അഡ്വാന്‍സ് അനുവദിക്കുകയും ചെയ്യണം. എൻപിഎസ് പെന്‍ഷന്‍കാര്‍ ഉൾപ്പെടെ എല്ലാ വിഭാഗം പെന്‍ഷന്‍കാര്‍ക്കും പ്രതിമാസം മെഡിക്കല്‍ അലവന്‍സ് നൽകുകയും മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് അനുവദിക്കുകയും ചെയ്യണം
സർക്കാർ ജീവനക്കാരെ കൊള്ളയടിക്കാൻ മാത്രം സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറയുന്നു പ്രതിസന്ധി എങ്ങനെയുണ്ടായി?

വായ്പാധിഷ്ഠിത വികസനം’ എന്ന ജ്വരം ബാധിച്ചവരാണ് കേരളം ഭരിക്കുന്നത്.


1999 -2000 വർഷത്തിൽ 20176 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ പൊതുകടം ഇന്നിപ്പോൾ അഞ്ച് ലക്ഷം കോടിയിലേക്ക് അടുക്കുന്നു. പശ്ചാത്തല വികസനം എന്ന് വിളിക്കപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുവേണ്ടിയാണ് ഈ കടമെല്ലാം വാങ്ങിക്കൂട്ടിയത്. എഡിബി, ലോക ബാങ്ക് പോലുള്ള ആഗോള വായ്പ ഏജൻസികളിൽ നിന്നും കടം വാങ്ങി അവരുടെ ക്രൂരമായ നിബന്ധനകൾക്ക് അനുസരിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് കേരളത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള സകല രംഗങ്ങളെയും തകർത്തത്. അതിൽനിന്ന് കിട്ടുന്ന അന്തം വിടുന്ന കമ്മീഷൻ ആണ് ഒരു പ്രധാന ആകർഷണം. നാടിന്റെ വികസനം എന്ന പേരിൽ നടപ്പിലാക്കുന്ന ഈ വൻകിട നിർമാണ പദ്ധതികൾ അദാനി, ഊരാളുങ്കൽ തുടങ്ങിയ ഒരു കൂട്ടം കോർപ്പറേറ്റ് ശക്തികളുടെ ആസ്തി പെരുപ്പിക്കാൻ മാത്രം ഉതകുന്ന പദ്ധതികളാണ്. ഇതിനോടകം 10000 കോടിയിലധികം രൂപയാണ് അദാനി എന്ന കുത്തക ഭീമന് വിഴിഞ്ഞം പദ്ധതിയിലൂടെ മാത്രം കേരളം സർക്കാർ ഒഴുക്കിയത്. ഇതിനൊക്കെവേണ്ടി വാങ്ങിക്കൂട്ടുന്ന കടത്തിന്റെ പലിശയുടെയും തിരിച്ചടവിന്റെയും ഭാരം ഏറ്റുവാങ്ങുന്നത് നിരപരാധികളായ ജനങ്ങളാണെന്നതാണ് സത്യം.
2023-24 ബഡ്ജറ്റിൽ വകയിരുത്തിയതിൽ ശമ്പളത്തിന്റെ വിഹിതം 1864 കോടി രൂപ കുറച്ചാണ് ചെലവഴിച്ചത്. പെൻഷൻ ഇനത്തിൽ 2057 കോടി രൂപ കുറച്ചാണ് നൽകിയത്. അതേസമയം പലിശയിനത്തിൽ 597 കോടി രൂപ അധികം നൽകിയിരിക്കുന്നു. ശമ്പളത്തിനും പെൻഷനും വേണ്ടിവരുന്ന തുക അടിച്ചുമാറ്റി പലിശ നൽകുകയാണ് എന്ന് ഇത് വ്യക്തമാക്കുന്നു. ആകെ റവന്യു വരുമാനത്തിന്റെ 21 ശതമാനമാണ് ഇന്ന് പലിശ നൽകാൻ വേണ്ടി വരുന്നത്. ഓരോ വർഷവും കടമെടുക്കുന്നത് പലിശ നൽകാൻ തികയാത്ത കടക്കെണിയുടെ അവസ്ഥയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ എട്ടുവർഷംകൊണ്ട് പലിശയിനത്തിൽ 116% വർദ്ധനവാണ് ഉണ്ടായത്. ശമ്പളയിനത്തിലെ വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1999-20ൽ റവന്യൂ വരുമാനത്തിന്റെ 56.7 ശതമാനം ആയിരുന്നെങ്കിൽ 2024-25ൽ അത് 27 ശതമാനമായി കുറഞ്ഞു.


ഭരണഘടനയുടെ നിർദ്ദേശാത്മക തത്വങ്ങളും പതിനഞ്ചാം ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ച മാനദണ്ഡവും പ്രകാരം കണക്കാക്കുകയാണെങ്കിൽ മിനിമം വേതനമായി 2024 ൽ ഒരു തൊഴിലാളിക്ക് 39000 രൂപയും ഫെയർവേജ് തത്വം അടിസ്ഥാനത്തിലാണെങ്കിൽ 53050 രൂപയും നൽകണം. പക്ഷേ കേരളത്തിലെ ക്ലാസ് 4, 3 സർക്കാർ ജീവനക്കാരന് യഥാക്രമം 23,000 രൂപയും 26,500 രൂപയുമാണ് അടിസ്ഥാന ശമ്പളം. സർക്കാർ ജോലി ചെയ്യുന്ന ആശാ ഹെൽത്ത് വർക്കേഴ്സിന് 7000 രൂപ മാത്രമാണ് പ്രതിമാസഓണറേറിയമായി നൽകുന്നത്.
ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യം വരുമ്പോൾ സർക്കാർ ഖജനാവ് കാലി എന്നു പറയുന്നു. പക്ഷേ, അന്തമില്ലാത്ത ധൂർത്ത് നടത്തുന്നതിൽ ഒരു കുറവുമില്ല. ‘മാനവീയം’ ‘നവോത്ഥാന യാത്ര’ എന്നൊക്കെ പേരിട്ട് സർക്കാരിന്റെ ഇമേജ് വർദ്ധിപ്പിക്കാനും വോട്ട് ലക്ഷ്യംവച്ചും നടത്തുന്ന കെട്ടുകാഴ്ചകൾ ഘോഷയാത്രകളാണ്. ഭരണകക്ഷി എംഎൽഎമാരുടെ നാലിലൊന്നും മന്ത്രിമാരോ, മന്ത്രി പദവി വഹിക്കുന്നവരോ ആണ്. അവരുടെ പേഴ്സണൽ സ്റ്റാഫ് 750 ഓളം പേരുണ്ട്. അതുപോലെ പെരുത്ത ശമ്പളം കൈപ്പറ്റുന്ന 21 പിഎസ്‌സി അംഗങ്ങൾ. റിട്ടയർ ചെയ്തതിനുശേഷം ഉപകാരസ്മരണപോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ദാനംചെയ്യുന്ന ഉന്നത പദവികൾ. അങ്ങനെ, ഒഴിവാക്കാവുന്ന ചെലവുകൾക്ക് ഒരു കുറവും വരുത്തുന്നില്ല. ഇങ്ങനെയായിരിക്കെ, സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായത് എന്ന് പറയുന്നത് എന്ത് മാനദണ്ഡം വെച്ചിട്ടാണ്?

Share this post

scroll to top