പ്രബുദ്ധമായ കേരളീയ സമൂഹത്തിന് അഭിമാനവും ആത്മവിശ്വാസവും നല്കിക്കൊണ്ട്, ഐതിഹാസികമായ ചെങ്ങറ ഭൂസമരം വിജയത്തിലേക്ക് നീങ്ങുന്നു. കേരളത്തിലെ ഏറ്റവും പാവപ്പെട്ട മനുഷ്യർ കഴിഞ്ഞ 18 വർഷക്കാലമായി നടത്തിക്കൊണ്ടിരുന്ന, നീതിക്കുവേണ്ടിയുള്ള ഈ പ്രക്ഷോഭത്തിനുനേരേ കൊട്ടിയടയ്ക്കപ്പെട്ടിരുന്ന അധികാരകേന്ദ്രങ്ങളുടെ വാതിലുകളാണ് ഇന്ന് പ്രതീക്ഷയുടെ പ്രകാശം പരത്തിക്കൊണ്ട് പതുക്കെ തുറക്കുന്നത്. ഇതഃപര്യന്തം സമരത്തോട് ശത്രുത പുലർത്തി വന്നിരുന്ന സർക്കാർ, നിലപാട് മാറ്റി അനുഭാവസൂചകമായ നടപടികളുമായി മുന്നോട്ടുവരാൻ നിർബന്ധിതമായിരിക്കുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചെങ്ങറ സമരഭൂമിയിൽ നേരിട്ടെത്തി. അവിടെ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും മഞ്ഞ ബിപിഎൽ റേഷൻ കാർഡും ഓണക്കിറ്റും വിതരണം ചെയ്തു. വരുംനാളുകളിൽ റേഷൻ വിതരണത്തിനായി, സഞ്ചരിക്കുന്ന റേഷൻ കടയും ചെങ്ങറ സമരഭൂമിയിൽ എത്തുമെന്ന് പ്രഖ്യാപിച്ചു. ഡീസൽ വിളക്കിന്റെ വെട്ടത്തിൽ പഠിച്ചിരുന്ന അവിടുത്തെ കുഞ്ഞുങ്ങൾക്ക് ഇനി മണ്ണെണ്ണ വിളക്ക് ഉപയോഗിക്കാൻ കഴിയത്തക്കവിധം ഓരോ കുടുംബത്തിനും ആറ് ലിറ്റർ മണ്ണെണ്ണ വീതം ലഭിക്കുമത്രെ.
ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന സ്ഥലം എംഎൽഎ ജിനീഷ് കുമാർ പറഞ്ഞത്, “ചെങ്ങറയിൽ ഇതുവരെ ഉദ്യോഗസ്ഥരും പോലീസുകാരും എത്തിയത് നിങ്ങളെ ഒഴിപ്പിക്കാൻ ആയിരുന്നെങ്കിൽ, ഇനി അവർ വരുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായിരിക്കും” എന്നാണ്. എൽഡിഎഫ് സർക്കാർ അടക്കം ഇക്കാലമത്രയും ശ്രമിച്ചത് ചെങ്ങറയുടെ ജീവന്മരണ പോരാട്ടത്തെ തല്ലിക്കെടുത്താനായിരുന്നു എന്ന് അവർക്ക് കുമ്പസരിക്കേണ്ടി വന്നിരിക്കുന്നു.
സെപ്റ്റംബർ 1ന് വാട്ടർ അതോറിറ്റിയുടെയും വനം വകുപ്പിന്റെയും ഉദ്യോഗസ്ഥർ ചെങ്ങറ സമരഭൂമി സന്ദർശിച്ചു. മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറി സമരഭൂമിയിലെത്തി തൊഴിലുറപ്പ് പദ്ധതിയിൽ ആളുകളെ ചേർക്കുന്നതിനും ക്ഷേമപെൻഷൻ നൽകുന്നതിനും തീരുമാനമായിട്ടുണ്ട് എന്ന് അറിയിച്ചു. വൈദ്യുതി നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതായി ആഗസ്റ്റ് 29ന് മന്ത്രിതന്നെ അറിയിച്ചിരുന്നു.
വൈദ്യുതി ഇല്ലാതെ ആധുനിക മനുഷ്യജീവിതം ഏതാണ്ട് അസാദ്ധ്യമാണ്. ഇക്കാലമത്രയും അവർക്കത് നിഷേധിക്കപ്പെട്ടിരുന്നു. മണ്ണിൽ കെട്ടിപ്പൊക്കിയ ചെറിയ കുടിലും ഡീസൽ വിളക്കും! ആനയും കുറുക്കനും കാട്ടു പന്നിയും പെരുമ്പാമ്പും ഒക്കെ കയറിയിറങ്ങുന്ന ഒരു പ്രാകൃത ജീവിതം..! ഇതാണ് ഇതുവരെ ചെങ്ങറയിലുണ്ടായിരുന്നത്. സ്വന്തമായി ഒരു തുണ്ട് കൃഷി ഭൂമി എന്ന സ്വപ്നമാണ് ഏഴായിരത്തോളം വരുന്ന സമരക്കാരെ, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ഈ ദുരിത ജീവിതത്തിന് നിർബന്ധിതരാക്കിയത്.
വോട്ടർ കാർഡും റേഷൻ കാർഡും മാത്രമല്ല, വൈദ്യുതിയും കുടിവെള്ളവും പാചക വാതകവും റോഡും ചികിത്സാസൗകര്യങ്ങളും പോലുമില്ലാതെ ഏറ്റവും പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന സമരഭൂമിയിലെ കുടുംബങ്ങൾക്ക് സർക്കാരിൽനിന്ന് പിടിച്ചുപറ്റാനായത് മേൽപ്പറഞ്ഞ സൗകര്യങ്ങൾ മാത്രമല്ല നിതാന്തജാഗ്രതയോടെ അവർ പരിപാലിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനുള്ള ചരിത്രപരമായ അംഗീകാരം കൂടിയാണ്. സുദീർഘമായ 18 വർഷക്കാലം പ്രക്ഷുബ്ധമായ പല വൈതരണികളെയും നേരിട്ട്, ഒഴുക്കിനെതിരെ നീന്തിയ, വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ പ്രക്ഷോഭമാണ് ഇന്ന് വിജയതീരത്തേക്ക് അണയുന്നത്. 18 വർഷം പിന്നിടുന്ന സമര ജീവിതത്തിന്റെയും അത് സൃഷ്ടിച്ച നേട്ടങ്ങളുടെയും പാഠങ്ങളുടെയും ചരിത്രമൂല്യം വളരെ വലുതാണ്.

ളാഹ ഗോപാലൻ
ജനാധിപത്യ സമരചരിത്രത്തിലെ ഉജ്ജ്വലമായ ഒരു ഏട്
ആദരണീയനായ ളാഹ ഗോപാലന്റെ നേതൃത്വത്തിൽ 2007 ആഗസ്റ്റ് നാലിന് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ അതുമ്പുംകുളത്തിന് അടുത്തുള്ള ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുറുമ്പറ്റി ഡിവിഷനിൽ കുടിലുകെട്ടി താമസിച്ചു കൊണ്ട് ആരംഭിച്ച ഭൂസമരം. ഏഴായിരത്തോളം കുടുംബങ്ങൾ! സമാനതകളില്ലാത്ത പ്രതികൂലാവസ്ഥകളെയാണ് സമരം അതിജീവിച്ചത്.
പരമ്പരാഗതമായി മണ്ണിൽ പണിയെടുത്തുവരുന്ന ഭൂരഹിത കർഷകരായ തങ്ങൾക്ക് കൃഷിചെയ്ത് ജീവിക്കുവാൻ അഞ്ച് ഏക്കർ ഭൂമി വീതം നൽകണം എന്നതായിരുന്നു സമരത്തിന്റെ ഡിമാന്റ്. ചെങ്ങറയിലെ എസ്റ്റേറ്റ് ഭൂമി തന്നെ വേണം എന്നല്ല അവർ ആവശ്യപ്പെട്ടത്, മറിച്ച് കേരളത്തിൽ എവിടെയെങ്കിലും കൃഷിക്ക് യോഗ്യമായ ഭൂമി നൽകുക എന്നതായിരുന്നു.
സമരരീതികൊണ്ടും ഡിമാന്റിന്റെ ന്യായയുക്തതകൊണ്ടും സമരക്കാരുടെ അചഞ്ചലമായ ഇച്ഛാശക്തി, അക്ഷോഭ്യത, സ്ഥിരത ഇവകൊണ്ടുമൊക്കെ കേരളത്തിന്റെ ജനാധിപത്യ സമര ചരിത്രത്തിൽ അസാധാരണമായ സ്ഥാനമാണ് ചെങ്ങറ ഭൂസമരം നേടിയെടുത്തത്. ചെങ്ങറയിൽ കുടിൽകെട്ടി പാർത്തുകൊണ്ടുള്ള സമരം ആരംഭിക്കുന്നതിനും ആറു വർഷങ്ങൾക്കുമുൻപേ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങൾ സാധുജന വിമോചന സംയുക്ത വേദി ആരംഭിച്ചിരുന്നു. അതായത്, ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ആ സംഘടന രൂപീകരിക്കപ്പെട്ട നാൾ മുതൽ.
നിവേദനങ്ങളും മാർച്ചുകളും ധർണ്ണകളുമൊക്കെ ഫലം കാണാതെ വന്നപ്പോഴാണ് കുറച്ചു സാഹസികവും അസാധാരണവുമായ കുടിൽകെട്ടി താമസിച്ചുള്ള സമരത്തിലേയ്ക്ക് അവർ കടന്നത്. അതിനായി അവർ തിരഞ്ഞെടുത്ത ചെങ്ങറ എസ്റ്റേറ്റ് ഭൂമി, സർക്കാരിന് അവകാശപ്പെട്ടതും രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ഹാരിസൺ മലയാളം പ്ലാന്റഷൻസ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നതുമായ, ടാപ്പിംഗ് കഴിഞ്ഞ് റബ്ബർമരങ്ങൾ വെട്ടി മാറ്റി റീ പ്ലാന്റ് ചെയ്യാനായി നിർത്തിയിരുന്ന തോട്ടമായിരുന്നു. ഈ ബ്രിട്ടീഷ് കമ്പനി 100 ലേറെ വർഷങ്ങൾക്കുമുമ്പ് സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത് 1985ൽ പാട്ടക്കാലാവധി പൂർത്തിയായ തോട്ടമായിരുന്നു അത്. ആ അർത്ഥത്തിൽ നൂറുശതമാനവും ന്യായമായ ഒരു ഡിമാന്റും സമരവുമായിരുന്നു ചെങ്ങറ സമരം.

സമരം ആരംഭിച്ചപ്പോൾ കേരളം ഭരിച്ചിരുന്നത് സഖാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഗവൺമെന്റ് ആണ്. കേരളത്തിലെ ഭൂരഹിതരും പരമ ദരിദ്രരുമായ മനുഷ്യർ, വിശേഷിച്ച്, ബഹുഭൂരിപക്ഷവും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ, ഇത്തരത്തിൽ ഒരു അടിസ്ഥാന ആവശ്യം ഉന്നയിച്ചുകൊണ്ട് സമരം ആരംഭിച്ചപ്പോൾ അതിന്റെ ന്യായയുക്തത തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങൾ അനുതാപപൂർവ്വം അംഗീകരിക്കുവാൻ ആ സർക്കാർ തയ്യാറായില്ല. എന്നുമാത്രമല്ല, വളരെ നിഷേധാത്മകവും ശത്രുതാപരവുമായ നിലപാടാണ് ആ ഗവൺമെന്റ് സമരത്തോട് സ്വീകരിച്ചത്. നൂറു വർഷങ്ങൾക്കു മുമ്പ് അയ്യങ്കാളി പ്രജാസഭയിൽ സമാനമായ ആവശ്യം ഉന്നയിച്ചപ്പോൾ തുറന്ന മനസ്സോടെ അംഗീകരിക്കുവാൻ അന്നത്തെ രാജഭരണംപോലും തയ്യാറായി എന്നത് മനസ്സിലാക്കുമ്പോഴാണ് ഒരു വിദേശ കുത്തകയ്ക്കുവേണ്ടി ജനാധിപത്യ ഭരണക്രമത്തിൽ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു ഗവൺമെന്റ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതിന്റെ പിന്നിലെ മനുഷ്യത്വവിരുദ്ധത തിരിച്ചറിയുന്നത്.
പാവപ്പെട്ട മനുഷ്യരുടെ എല്ലാ ജനാധിപത്യ സമരങ്ങളുടെയും നേരെ മൂലധനശക്തികളുടെ പക്ഷത്തുനിന്നുകൊണ്ട് സിപിഐ (എം) സ്വീകരിക്കാറുള്ള നിലപാടുതന്നെ ഈ സമരത്തിലും അവർ അനുവർത്തിച്ചു. സമരം ചെയ്യുന്നവരെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ ആക്ഷേപിക്കുക എന്നതായിരുന്നു സമരത്തെ നേരിടാൻ പതിവുപോലെ അവർ സ്വീകരിച്ച ആദ്യത്തെ തന്ത്രം! “അന്യന്റെ മുതൽ മോഷ്ടിക്കുന്നവർ, റബ്ബർപാൽ മോഷ്ടിച്ച് വിറ്റ്തിന്നു സുഖിച്ചു കഴിയുന്നവർ” എന്നൊക്കെയുള്ള ആക്ഷേപങ്ങൾ ആ സമരത്തിന് നേരെ അവർ ഉന്നയിച്ചു. “മര്യാദയ്ക്ക് ഇറങ്ങിപ്പോയില്ലെങ്കിൽ കൊമ്പുംമുള്ളും ഉള്ള പോലീസിനെ നേരിടേണ്ടി വരും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സമരത്തിന് പിന്നിൽ തീവ്രവാദികൾ ആണ് എന്ന ആക്ഷേപവും ഉന്നയിച്ചു. അങ്ങനെ പല വിധത്തിൽ സമരത്തെ ഒറ്റപ്പെടുത്തുവാനുള്ള ശ്രമങ്ങളും നടത്തി. സമരക്കാർ ഒരു ഭീഷണിക്കുമുന്നിലും വഴങ്ങിയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം സംഘടനകൾ അവിടെ സമരക്കാർക്കുവേണ്ടി ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും മറ്റും എത്തിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം പ്രഭാതത്തിൽ വെളിച്ചം വീഴുന്നതിനുമുമ്പ് ആയിരക്കണക്കിന് പോലീസുകാർ ചെങ്ങറ സമരഭൂമിയുടെ വിവിധ പ്രദേശങ്ങൾ വളഞ്ഞു. സമരക്കാരെ ബലം പ്രയോഗിച്ച് അടിച്ചിറക്കുമ്പോൾ ഉണ്ടാകുന്ന അത്യാഹിതങ്ങളെ നേരിടുവാൻ ആംബുലൻസുകളിൽ മെഡിക്കൽ സംവിധാനം അണിനിരന്നു. സമരസ്ഥലത്ത് മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മാഹൂതി ചെയ്യാൻ ശ്രമിക്കുന്നത് തടയുവാൻ ഹെലികോപ്റ്ററുകൾ വെള്ളവുമായി സമര ഭൂമിക്കു മുകളിൽ പറന്നു.
എന്നാൽ മികച്ച സമരതന്ത്രജ്ഞൻ ആയിരുന്ന ളാഹ ഗോപാലന്റെ നേതൃത്വവും സമര ഭൂമിയിലെ പോരാളികളുടെ സമർപ്പിതമായ നിലപാടും സർക്കാരിന്റെ നീക്കത്തെ പരാജയപ്പെടുത്തി. നിരവധി പേർ റബ്ബർ മരങ്ങളിൽ കയറി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യക്ക് തയ്യാറായിനിന്നു. സമര ഭൂമിയിലെ ആബാലവൃദ്ധം ജനങ്ങളും ഒരുമിച്ച് പോലീസ് നടപടിയെ നേരിടാൻ തയ്യാറായിരുന്നു. നിവൃത്തിയില്ലാതെ അച്യുതാനന്ദൻ സർക്കാരിന് കീഴടങ്ങി പിന്മാറേണ്ടിവന്നു. ഒടുവിൽ, സമരക്കാരെ വഞ്ചിക്കുന്നതിനുവേണ്ടി ഗവൺമെന്റ് ഒരു വ്യാജ പാക്കേജ് പ്രഖ്യാപിച്ച് രംഗത്തുവന്നു. അതിലെ വ്യവസ്ഥകൾ ഒന്നും സ്വീകാര്യമല്ലാതിരുന്നതിനാൽ സമര സമിതി അതിനോട് വിയോജിച്ചു. ഗവൺമെന്റിന്റെ വാഗ്ദാനം വിശ്വസിച്ച് ഭൂമി സ്വീകരിക്കാൻ പോയവരെല്ലാം വഞ്ചിതരായി മടങ്ങേണ്ടിവന്നു. ഒട്ടും കൃഷിയോഗ്യമല്ലാത്ത പാറകളാണ് ഗവൺമെന്റ് വച്ചുനീട്ടിയത്.
പോലീസ് നടപടിയിലൂടെ സമരത്തെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ സിപിഐ(എം) നേതൃത്വം ഹീനമായ ഒരു ഫാഷിസ്റ്റ് തന്ത്രവുമായി രംഗത്തെത്തി. ‘സമരത്തിനെതിരെ സമരം’!!! സമരക്കാർമൂലം തൊഴിൽ നഷ്ടപ്പെട്ട ടാപ്പിംഗ് തൊഴിലാളികൾ എന്ന വ്യാജേന കുറച്ച് ഗുണ്ടകളെ തെരുവിൽ അണിനിരത്തിക്കൊണ്ട് ചെങ്ങറ സമരക്കാർക്കെതിരെ സമരം എന്നപേരിൽ ആക്രമണങ്ങൾ ആരംഭിച്ചു. സമരഭൂമിയിലേക്കു പോവുകയും സമരഭൂമിയിൽനിന്ന് പുറത്തേക്ക് വരികയും ചെയ്യുന്നവർക്കെതിരെ ഉപരോധം ആരംഭിച്ചു. വഴിയുടെ ഓരത്ത് പന്തൽ കെട്ടി സിഐടിയുവിന്റെ നേതൃത്വത്തിൽ എല്ലാ തൊഴിലാളി സംഘടനകളുടെയും പേരിൽ അവർ അവിടെ രാപകൽ കാവലിരുന്നു. സ്ത്രീകളായാലും കുട്ടികളായാലും വൃദ്ധരായാലും സമരഭൂമിയിലുള്ളവരെ എവിടെ കണ്ടാലും തല്ലിച്ചതയ്ക്കുവാൻ തുടങ്ങി. സമരത്തോടുള്ള അനുഭാവംകൊണ്ട് സമരഭൂമിയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി എത്തുന്നവരെയും സമരത്തെ പിന്തുണച്ചെത്തുന്ന പ്രമുഖ വ്യക്തികളെയും അവർ സഞ്ചരിച്ച വാഹനങ്ങളെയുമെല്ലാം ആക്രമിച്ചു. പോലീസും നിയമ സംവിധാനവും പരിപൂർണ്ണമായും ഈ അക്രമപ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു. മാധ്യമങ്ങൾ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യാതെയായി. ചെങ്ങറയിൽ നടക്കുന്ന കൊടുംക്രൂരതകൾ ലോകം അറിഞ്ഞില്ല. ഈ സാഹചര്യത്തിൽ സമരഭൂമിയിലുള്ളവർക്ക് പുറത്തുപോയി ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാനും ഭക്ഷണം ഉറപ്പാക്കാനും കഴിയാതെവന്നു. കൊടും പട്ടിണി! രോഗ ബാധിതരാകുന്നവരെ പുറത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ പറ്റാതായി. പട്ടിണിയും രോഗങ്ങളും മൂലം 11 പേർ ക്രൂരമായ ആ ഉപരോധത്തിന്റെ നാളുകളിൽ ചെങ്ങറ സമര ഭൂമിയിൽ മരിച്ചുവീണു. ഒരു വർഷത്തിലേറെക്കാലം ഉപരോധം എന്ന പേരിലുള്ള ഈ അതിക്രമങ്ങൾ സർക്കാർ ഒത്താശയോടെ അവിടെ അരങ്ങേറി.
ഈയൊരു പ്രതിസന്ധിയുടെ ഘട്ടത്തിൽ ചെങ്ങറയിൽ സിപിഐ(എം)ന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊള്ളരുതായ്മകളും പൊതുസമൂഹത്തെ അറിയിക്കേണ്ടത് അനിവാര്യമായി. അതിനുവേണ്ടി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും ചെങ്ങറസമര സഹായ സമിതിയുടെയും നേതൃത്വത്തിൽ കേരളമെമ്പാടും സമരനായകൻ ളാഹ ഗോപാലന് സ്വീകരണം നൽകുന്ന വലിയ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. എല്ലാ സമ്മേളനങ്ങളിലും ളാഹ ഗോപാലനോടൊപ്പം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും സമരസഹായ സമിതി കൺവീനറുമായ സഖാവ് എസ്.രാജീവനും പങ്കെടുത്തു. കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളെല്ലാം ആ വേദികളിൽ അണിനിരന്നു. ആയിരക്കണക്കിന് ആളുകൾ കേരളമെമ്പാടുമുള്ള ആ യോഗങ്ങളുടെ ശ്രോതാക്കളായി. അങ്ങനെ ചെങ്ങറയിൽ നടക്കുന്ന സംഭവവികാസങ്ങളും സിപിഐ(എം) നടത്തുന്ന നുണപ്രചാരണങ്ങളും കേരള സമൂഹത്തിന്റെ മുന്നിൽ ആനാവരണം ചെയ്യപ്പെട്ടു. കേരള മനഃസാക്ഷി സമരത്തോടൊപ്പം നിലയുറപ്പിച്ചു.
സിപിഐ(എം)ന്റെയും സിഐടിയുവിന്റെയും ആക്രമണങ്ങൾ മൂലം സമര ഭൂമിയിലെ കുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അതിനെ തുടർന്ന് മുഴുവൻ കുട്ടികളെയും വനത്തിലെ ദുർഘടമായ വഴികളിലൂടെ സമരഭൂമിക്ക് പുറത്തെത്തിച്ച് എരുമേലി മുട്ടപ്പള്ളിയിലെ സർക്കാർ സ്കൂളിൽ ചേർത്ത്, അവിടെ താമസസൗകര്യം ഒരുക്കി പഠനം ഉറപ്പാക്കുന്നതിന് സമര സഹായ സമിതി നേതൃത്വം നൽകി.

ഒരു വർഷക്കാലം നീണ്ടുനിന്ന ആ ഗുണ്ടാ ഉപരോധത്തെ സമരഭൂമിയിലെ ജനങ്ങൾ തികഞ്ഞ സമചിത്തതയോടെ നേരിട്ടു. ഒരിടത്തും ഒരു ചെറിയ അക്രമസംഭവംപോലും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഒടുവിൽ സിപിഐ(എം)ന് ഉപരോധം എന്ന വ്യാജസമരവും പിൻവലിക്കേണ്ടിവന്നു. സമരസ്ഥലത്തുനിന്നും അവരെ പുറത്താക്കാനുള്ള എല്ലാ വഴികളും അടഞ്ഞ് സിപിഐ(എം)ഉം സർക്കാരും നിരായുധരായി. അവിടെ സ്വന്തംപേരിൽ ഭൂമി ലഭിക്കാത്തതിനെ തുടർന്ന്, റേഷൻ കാർഡും വോട്ടർ കാർഡും അടക്കമുള്ള യാതൊരു ഔദ്യോഗിക രേഖകളും ഇല്ലാതെ സർക്കാരിന്റെ യാതൊരു ഔദാര്യവുമില്ലാതെ അവർ അവിടെ സമരജീവിതം തുടർന്നു. അചഞ്ചലമായി തുടർന്നുവന്ന അവരുടെ സമരം വിജയകരമായി പര്യവസാനിക്കുന്ന സാഹചര്യമാണ് സർക്കാരിന്റെ പുതിയ നടപടികളിലൂടെ ഉണ്ടായിരിക്കുന്നത്. സിപിഐ(എം)ന് മറ്റൊരു ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്നിൽക്കൂടി അടിയറവ് പറയേണ്ടി വന്നിരിക്കുന്നു.
പട്ടികജാതി, പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെയും ഇതര അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ഒരേയൊരു മാർഗ്ഗം സമരം മാത്രമാണെന്ന് തെളിയിക്കുകയാണ് ചെങ്ങറ സമരം. ന്യായമായ ഡിമാന്റ് ഉയർത്തി ഇച്ഛാശക്തിയോടെ, ഐക്യത്തോടെ ചൂഷിത ജനവിഭാഗങ്ങൾ അണിനിരന്നാൽ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയും എന്നുമാത്രമല്ല, അതുവഴി ആത്യന്തികമായി സാമൂഹ്യ സാഹചര്യത്തെ തന്നെ പരിവർത്തനപ്പെടുത്താനും കഴിയും എന്നതാണ് മാനവസമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം നൽകുന്ന പാഠം.
സമൂഹത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾ നടത്തിയ ഈ സമരത്തെ അതിന്റെ തുടക്കം മുതൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നിരുപാധികമായി പിന്തുണച്ചിരുന്നു. സമരത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാർട്ടിയുടെ ശക്തമായ സാന്നിധ്യവും ഇടപെടലും ഈ പ്രക്ഷോഭത്തിന് ബലം പകർന്നു. കമ്മ്യൂണിസത്തെ എപ്പോഴും എതിർത്തിരുന്ന ഒരാളായിരുന്നിട്ടും ളാഹ ഗോപാലൻ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയെ ഈ സമരത്തിന്റെ ഏറ്റവും അടുത്ത മിത്രമായി സ്വീകരിച്ചു. പാർട്ടിയെ സ്വന്തം ജീവനെപ്പോലെ അദ്ദേഹം സ്നേഹിച്ചു; വിശ്വസിച്ചു. ഒരിക്കൽ, ‘പച്ചക്കുതിര’ എന്ന മാസികയിൽ ളാഹ ഗോപാലൻ നൽകിയ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞു, “എനിക്ക് ഈ പാർട്ടിയെ വെറുപ്പായിരുന്നു. പത്തനംതിട്ട നഗരത്തിൽ പാട്ടയുമായി നടക്കുന്ന ഇവരെ കാണുമ്പോൾ എനിക്ക് പുച്ഛമായിരുന്നു. മറ്റെല്ലാവരെയും പോലെ സമരഭൂമിയിലേക്ക് വന്ന ഇവരെയും ഞാൻ ആദ്യമാദ്യം അകറ്റി നിർത്തി. എന്നാൽ പിന്നീട് സാവധാനം ഈ പാർട്ടിയെ ഞാൻ തിരിച്ചറിഞ്ഞു. ഈ പാർട്ടി ഇല്ലാതെ എനിക്ക് ഇന്ന് ജീവിക്കാൻ കഴിയില്ല. ഇത് എന്റെ രക്തത്തിന്റെ ഭാഗമായിരിക്കുന്നു.”ഹരിപ്പാട് മുട്ടത്ത് നേതാജി സാമൂഹ്യ-സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടന സമ്മേളനവേളയിലും അദ്ദേഹം ഇതേവാക്കുകൾ ആവർത്തിച്ചു.

രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എന്തൊക്കെ ഭിന്നതകൾ ഉണ്ടെങ്കിലും കഷ്ടപ്പെടുന്നവരുടെയും യാതന അനുഭവിക്കുന്നവരുടെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നവർക്ക് പരസ്പരം തിരിച്ചറിയാതിരിക്കാനും സാഹോദര്യം അനുഭവിക്കാതിരിക്കാനും കഴിയില്ല. സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവർക്കിടയിൽ ഉണ്ടാകുന്ന സഹജാവബോധമാണ് ഇതിന് കാരണം. കഴിഞ്ഞ 18 വർഷക്കാലം ചെങ്ങറയിലെ പോരാളികൾ നടത്തിയ പോരാട്ടത്തോടൊപ്പം ചേർന്നുനിന്ന്, അതിന്റെ ചൂരും ചൂടും വേദനയും സംഘർഷവും അനുഭവിച്ച എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രസ്ഥാനം ചെങ്ങറയിലെ പോരാളികളുടെ ഈ വിജയം അങ്ങേയറ്റം അഭിമാനകരമായ നേട്ടമായി കാണുന്നു. ചെങ്ങറ സമര ഭൂമിയിലെ പോരാളികളെയും, ആ സമരത്തെ പിന്തുണച്ച കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയും അവർക്കുവേണ്ടി അണിനിരന്ന് കഷ്ടനഷ്ടങ്ങൾ ഏറ്റുവാങ്ങിയ ജനകീയ നേതാക്കളെയും ഹൃദയപൂർവ്വം ഈ അവസരത്തിൽ അഭിവാദ്യം ചെയ്യുന്നു.
ഇതോടൊപ്പം ഒരു യാഥാർത്ഥ്യംകൂടി ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഇടതെന്ന് അവകാശപ്പെടുന്ന ഗവൺമെന്റുകളുടെയും കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന പാർട്ടികളുടെയും അപചയം അവരെ സമരവിരുദ്ധരും മൂലധന സേവകരും മാത്രമല്ല സരമങ്ങളെ നിർദ്ദയമായി അടിച്ചമർത്തുന്നവരുകൂടിയാക്കി മാറ്റിയിരിക്കുന്നു. പണിയെടുക്കുന്നവരുടെയും ജനാധിപത്യ അവകാശങ്ങൾ അഭിലഷിക്കുന്നവരുടെയും വീറുറ്റ പോരാട്ടങ്ങൾകൊണ്ടല്ലാതെ ഈ പിന്തിരിപ്പൻ സാഹചര്യത്തെ നമുക്ക് മറികടക്കാനാവില്ല. അത്തരം പോരാട്ടങ്ങൾക്കായി സജ്ജരാകാൻ ചെങ്ങറ സമരം നമ്മെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കും.
