റഷ്യൻ എണ്ണയുടെ ഇറക്കുമതി: നേട്ടം കുത്തകകൾക്കുമാത്രം

Oil-1.jpg
Share

റഷ്യയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയുടെ കയറ്റുമതി ഉൽപന്നങ്ങൾക്കുമേൽ അമേരിക്ക 50 ശതമാനം നികുതി ചുമത്തിയിരിക്കുക യണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കുമേൽ ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണം മറികടന്ന് ഇന്ത്യ റഷ്യയിൽനിന്നും കുറഞ്ഞ വിലയ്ക്ക്  ക്രൂഡ് ഓയിൽ വാങ്ങുന്നതുകൊണ്ടാണത്രേ ഈ അധിക ചുങ്കം.
ഇറാക്ക്, സൗദി അറേബ്യ, യുഎഇ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യയിലേയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്.
അന്താരാഷ്ട്രാമാർക്കറ്റിലുള്ള നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിലൂടെ നേട്ടം കൊയ്യുന്നത് ആരാണ്? റഷ്യൻ സീബോൺ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ പ്രമുഖ ഇറക്കുമതി കമ്പനി അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്(ആർഐഎൽ) ആണ്. റഷ്യൻ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള റോസ്നെഫ്റ്റ് എന്ന കമ്പനിക്ക് ഏതാണ്ട് 50ശതമാനം ഷെയർ ഉള്ള നയാര എനർജിയാണ്  രണ്ടാം സ്ഥാനത്ത്.
2021വരെ ആർഐഎല്ലിന്റെ ജാംനഗർ റിഫൈനറിയിൽ എത്തിച്ചേർന്നിരുന്ന റഷ്യൻ ക്രൂഡ് ആകെയുള്ളതിന്റെ മൂന്ന് ശതമാനമായിരുന്നുെവങ്കിൽ 2025ആയപ്പോൾ അത്  50ശതമാനമായി വർദ്ധിച്ചെന്ന് ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് ഓൺ എനർജി ആന്റ് ക്ലീൻ എയർ(സിആർഇഎ) റിപ്പോർട്ട് ചെയ്യുന്നു. നയാരയുടെ വാദിനാർ റിഫൈനറിയിൽ 66 ശതമാനവും റഷ്യൻ ക്രൂഡ് ആണ്.  ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022-24വരെയുള്ള സമയംകൊണ്ട് ഇറക്കുമതി ചെയ്ത റഷ്യൻ ക്രൂഡ് 10.38മില്യൺ ടൺ ആണെങ്കിൽ, 2025ലെ ആദ്യ ഏഴുമാസംകൊണ്ടുതന്നെ 18.3 മില്യൺ ടൺ ക്രൂഡ് ഓയിൽ ആർഐഎൽ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തു. ഒരു വർഷത്തിനുള്ളിൽ 64 ശതമാനത്തിന്റെ വർദ്ധനവ്!


റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കണക്കു പ്രകാരം അവരുടെ 2021-22ലെ ലാഭം 67,845 കോടിയാണ്. തുടർന്നുള്ള വർഷങ്ങളിൽ, 22 -23ൽ 73,670 കോടി, 23-24ൽ 79,020 കോടി, 24-25ൽ 813,09 എന്നിങ്ങനെ അത് വർദ്ധിച്ചുവന്നു. 2019-20ൽ 39,880 കോടി രൂപയായിരുന്ന ലാഭം 2025 ആയപ്പോഴേക്കും ഇരട്ടിലധികമായി വർദ്ധിച്ചു!
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും ഇപ്പോൾ റഷ്യൻ ക്രൂഡ് ഓയിലിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഈ മൂന്നുകമ്പനികളും കൂടെ 2023-24 വർഷങ്ങളിലുണ്ടാക്കിയ ലാഭം 86,000കോടിരൂപയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാത്രം ലാഭംനോക്കിയാൽ മുൻവർഷം 8,242 ആയിരുന്നത് 23-24 വർഷങ്ങളിൽ 39,619 കോടിയായി ഉയർന്നു. 381 ശതമാനം വർദ്ധനവ്! ഭാരത് പെട്രോളിയം കോർപ്പറേഷന്റെ 23-24 വർഷങ്ങളിലെ ലാഭം 26,674 കോടിയാണ്, മുൻവർഷം കേവലം 1,870 കോടി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനാകട്ടെ 23-24വർഷങ്ങളിൽ ലാഭം 14,694 കോടിയാണ്, മുൻവർഷം 8,974 കോടിയും.(കെബിഎസ് ക്രോണിക്കിൾ)
ആർഐഎല്ലിന്റെ ജാം നഗർ റിഫൈനറിയിലും നയാരയുടെ വദിനാർ (ഗുജറാത്ത്) റിഫൈനറിയിലുമായി സംസ്കരിക്കുന്ന റഷ്യൻ ക്രൂഡോയിലിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ റഷ്യയുടെമേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച യൂറോപ്യൻ യൂണിയനും
റഷ്യൻ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ താരിഫ് ചുമത്തുന്ന അമേരിക്കയുമാണ്. 2025 ജൂലൈവരെയുള്ള കാലയളവുകൊണ്ട് അമേരിക്ക റിലയൻസിൽനിന്നും 8.4 മില്യൺ ടൺ പെട്രോളിയം ഉൽപ്പന്നങ്ങളാണ് വാങ്ങിയിരിക്കുന്നത്. 14 ശതമാനത്തിന്റെ വർദ്ധനവ്.
കഴിഞ്ഞ രണ്ടുവർഷമായി അന്താരാഷ്ട്ര മാർക്കറ്റ് വിലയിൽനിന്നും  15 മുതൽ 25ശതമാനം കിഴിവിലാണ് ഇന്ത്യൻ കമ്പനികൾ ക്രൂഡ് ഓയിൽ റഷ്യയിൽനിന്നും ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തും കുറഞ്ഞ നിരക്കിൽ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്തും എണ്ണക്കമ്പനികൾ ലാഭം കുന്നുകൂട്ടുമ്പോഴും എക്സൈസ് ഡ്യൂട്ടിയിലൂടെയും വാറ്റിലൂടെയും സർക്കാരുകൾ വരുമാനം വർദ്ധിപ്പിക്കുമ്പോഴും പെട്രോളിന്റെയോ ഡീസലിന്റെയോ ആഭ്യന്തര വിലയിൽ അത് പ്രതിഫലിക്കുന്നില്ല, സാധാരണ ജനങ്ങൾക്ക് വിലകുറവിന്റെ ആനുകൂല്യം നൽകുന്നില്ല. ജനങ്ങളുടെ മേലുള്ള പകൽകൊള്ള അനസ്യൂതം തുടരുകയാണ്.

Share this post

scroll to top