സംസ്ഥാന സർക്കാരിന്റെ ‘വികസന’ പരിപാടികളിൽ ഒന്നായ ‘ബ്ലൂ ഇക്കോണമി’(സമുദ്ര സമ്പദ്‌വ്യവസ്ഥ)യുടെ ഭാഗമായി 2025 സെപ്റ്റംബർ 18, 19 തീയതികളിൽ കോവളം ലീലാ റാവിസ് ഹോട്ടലിൽ വച്ച് ‘ബ്ലൂ റ്റൈഡ്സ്’ എന്ന പേരിൽ ഒരു കോൺക്ലേവ് നടക്കുകയുണ്ടായി. കേരള സർക്കാരും കേന്ദ്രസർക്കാരും യൂറോപ്യൻ യൂണിയനും യോജിച്ചുകൊണ്ടുള്ള ഒരു അന്തർദേശീയ സംയുക്ത സംരംഭം ആയിട്ടാണ് “രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട്” സന്ദേശം പറഞ്ഞുകൊണ്ട് ഈ കോൺക്ലേവ് നടന്നിട്ടുള്ളത്. സംസ്ഥാന ഫിഷറിസ് വകുപ്പാണ് ഇതിന്റെ സംഘാടനം നിർവഹിച്ചിട്ടുള്ളത്. വ്യവസായ പ്രമുഖർ, നയതന്ത്ര പ്രതിനിധികൾ, അക്കാദമിക് പണ്ഡിതർ, ഇന്ത്യയിലെയും യൂറോപ്യൻ യൂണിയനിലെയും തല്പരകക്ഷികൾ ഒക്കെയാണ് കോൺക്ലേവിലേക്ക് ക്ഷണിക്കപ്പെട്ടവർ. കേരളത്തിൽ നിന്നുള്ള ട്രേഡ് യൂണിയൻ പ്രതിനിധികളുടെ കൂട്ടത്തിൽ എഐയുറ്റിയുസിയും ക്ഷണിക്കപ്പെട്ടിരുന്നു.
കോടിക്കണക്കിന് രൂപ മുടക്കി സംഘടിപ്പിക്കപ്പെട്ട ഈ കോൺക്ലേവ്, സമുദ്ര സമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കോണമി) എന്നറിയപ്പെടുന്ന, കോർപ്പറേറ്റുകൾ സമുദ്രം പിടിച്ചടക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി രൂപകല്പന ചെയ്യപ്പെട്ട ഒന്നായിരുന്നു. മുൻകൂട്ടി നിശ്ചയിപ്പിക്കപ്പെട്ട സെഷനുകളും പാനലിസ്റ്റുകളും പൊതുവിൽ കോർപ്പറേറ്റ് താല്പര്യങ്ങളെ മുൻനിർത്തിയുള്ളതായിന്നു. ഓരോ സെഷന്റെയും ഒടുവിൽ ചോദ്യോത്തരം എന്ന പേരിൽ ഏതാനും മിനിറ്റുകളാണ് നീക്കിവെച്ചിരുന്നത്.
മത്സ്യവും ധാതുലവണങ്ങളും ഉൾപ്പെടെയുള്ള സമുദ്രസമ്പത്തിന്റെയും തീരത്തിന്റെയും തുറമുഖങ്ങളുടെയും ഒക്കെ സമ്പൂർണ അധികാരം കോർപ്പറേറ്റുകൾക്ക് ഉറപ്പാക്കുന്ന വിധം ബിസിനസ് നടത്തുന്നതിനുള്ള ഒരു മേളയായിരുന്നു കോൺക്ലേവ്. കോൺക്ലേവിൽ 7288 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണാപാത്രമായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ 28 നിക്ഷേപകർ ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചെന്നും പറയുന്നു. നിരോധനങ്ങളും വിലക്കുകളുംകൊണ്ട് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെയോ, കരിമണൽ ഖനനംമൂലം കിടപ്പാടം നഷ്ടപ്പെടുന്ന തീരനിവാസികളുടെയോ കോർപ്പറേറ്റുകളുടെ തുറമുഖ വികസനംകൊണ്ട് ജീവിതം വഴിമുട്ടിയ ജനങ്ങളുടെയോ പ്രശ്നങ്ങൾ ഇത്തരം ബിസിനസ് മേളകളിൽ ചർച്ചയ്ക്കായി വരുന്നതേയില്ല. എന്നുമാത്രമല്ല, അവയൊക്കെ അധികരിപ്പിക്കാനുള്ള കരുനീക്കങ്ങളാണ് ഒരുങ്ങുന്നതും.
കോൺക്ലേവിൽ എഐയുറ്റിയുസി എഴുതി സമർപ്പിച്ച നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു:
ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകളിൽ ഒന്നെന്ന നിലയിലും, തികച്ചും തൊഴിലാളിവർഗ്ഗ കാഴ്ചപ്പാടിൽ എല്ലാ പ്രതിഭാസങ്ങളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുകയും സമീപിക്കുകയും ചെയ്യുന്ന വിപ്ലവ ട്രേഡ് യൂണിയൻ എന്ന നിലയിലും ഞങ്ങൾ മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഉത്തമ താല്പര്യങ്ങളെ മാത്രം മുൻനിർത്തിയുള്ള ആരോഗ്യകരമായ ചർച്ചയുടെ ഭാഗമായി പരിഗണിക്കണമെന്ന മുഖവുരയോടെ ഏതാനും പോയന്റുകൾ അവതരിപ്പിക്കട്ടെ.
1) ‘ബ്ലൂ ഇക്കണോമി’ ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളിൽനിന്നും വ്യക്തമാകുന്നത്, ലാഭതൃഷ്ണകൊണ്ട് കരയിലുള്ള പ്രകൃതിവിഭവങ്ങൾ അതിരുകളില്ലാതവിധം ചൂഷണം ചെയ്ത ഭരണകൂടങ്ങൾ ഇനി ഭൂഗോളത്തിൽ അവശേഷിച്ച കടലിലെയും തീരങ്ങളിലെയും സമ്പത്തിനെ (സമുദ്ര ആവാസ വ്യവസ്ഥയെ) വിഭവങ്ങളെന്ന് പേരിട്ട് ക്രമാതീതമായി ചൂഷണം ചെയ്യാനുള്ള ബൃഹത്‌പദ്ധതിയാണ് ഇത് എന്നാണ്.
2) പ്രാകൃത മനുഷ്യ സമുദായം തൊട്ടുതന്നെ മനുഷ്യൻ ജലജീവികളായ മത്സ്യങ്ങളെ പിടിച്ച് സ്വന്തം നിലനില്പിന് വേണ്ടി ഭക്ഷണത്തിനായി ഉപയോഗിച്ച് പോന്നിട്ടുണ്ടെന്ന് കാണാം. സമൂഹ പുരോഗതിക്കനുസരിച്ച് ഇതിന്റെ രീതിയും തോതും വികാസം പ്രാപിക്കുന്നുണ്ട്. എങ്കിലും ഏറിയപങ്കും ഭക്ഷണ – ആരോഗ്യ ആവശ്യങ്ങളിലാണ് ഇത് ഊന്നിയിരുന്നത്.
3) മനുഷ്യസമൂഹത്തിന്റെ പൊതുനന്മയ്ക്കും ആവശ്യങ്ങൾക്കുമായി പ്രകൃതിവിഭവങ്ങൾ സമൂഹം ഉപയോഗപ്പെടുത്തുക തന്നെ വേണം. എന്നാൽ, അത് അതിരില്ലാത്തതും നിയന്ത്രണമില്ലാത്തതുമാകാൻ പാടില്ലെന്ന വസ്തുത ആധുനിക ലോകം നിസ്തർക്കമായി അംഗീകരിച്ചതാണ്. ആവാസവ്യവസ്ഥയുടെ നിലനില്പിനും വരുംതലമുറയുടെ ആവശ്യങ്ങൾക്കുംവേണ്ടി ഏറ്റവും കരുതലോടെ മാത്രമേ പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ പാടുള്ളൂ എന്നതായിരിക്കണം ആധുനിക മനുഷ്യന്റെ സംസ്കാരം.
4) ഈ ആധുനിക ശാസ്ത്രീയ കാഴ്ചപ്പാടിന് നിരക്കുന്നതാണോ നീല സമ്പദ്‌വ്യവസ്ഥയുടെ ദർശനവും ദൗത്യവും എന്നത് പരിശോധിക്കപ്പെടണമെന്ന് ഒന്നാമതായി പറയേണ്ടി വരുന്നു. സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയുടെ നാശത്തിനും മലിനീകരണത്തിനും ഇടയാക്കുന്ന, തീരത്തേയും ആഴക്കടലിലേയും എണ്ണ – വാതക – ധാതു ഖനനവും വിപുലമായ തുറമുഖ വികസനങ്ങളും ടൂറിസ്റ്റ് പദ്ധതികളും നേർവിപരീത ദിശയിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്.
5) രണ്ടാമതായി, നൂറ്റാണ്ടുകളായി ജീവസന്ധാരണത്തിനായി കടലിനെ ആശ്രയിച്ച് തീരത്ത് അധിവസിച്ചു വരുന്ന തദ്ദേശവാസികളായ മനുഷ്യരുടെ ജീവിതം എത്രമാത്രം ഇതിൽ പരിഗണിക്കപ്പെടുന്നുണ്ട് എന്നതാണ്. ലോകമെങ്ങും കൂടുകൂട്ടുന്ന, വെട്ടിപ്പിടിക്കുന്ന, കോർപ്പറേറ്റുകളുടെ ലാഭാർത്തിയാണ് പദ്ധതിയുടെ പ്രഥമ പരിഗണനയെന്നും, ഇത് ‘സമുദ്രം പിടിച്ചെടുക്കൽ’ എന്ന തലത്തിലേക്ക് പോകുമെന്നും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.
6) കേരള സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും യൂറോപ്യൻ യൂണിയനുമായി ചേർന്നുകൊണ്ടുള്ള ഒരു അന്തർദേശീയ സഹകരണ (international collaboration) പരിപാടിയായ ഈ ‘ബ്ലൂ കോൺക്ലേവ്’, ഇന്ത്യയിലേയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക്, പ്രത്യേകിച്ച് കടലും കടൽത്തീരവുമായും ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മത്സ്യ തൊഴിലാളികൾക്ക്, എന്ത് തരം ക്ഷേമമാണ് പ്രദാനം ചെയ്യുന്നത് എന്നത് വ്യക്തമല്ല.
7) മറിച്ച്, അവരുടെ ജീവിതത്തെയും സമൂഹത്തെയാകെതന്നെയും പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ബ്ലൂ ഇക്കോണമിയിൽ കാണുന്നുമുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥിതി ശിഥിലമാക്കുന്ന വിധത്തിൽ സമൂഹത്തിന്റെ പൊതുസമ്പത്ത് സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് കൈമാറുന്ന വിധത്തിൽ ഇതിനകം തന്നെ കാര്യങ്ങൾ നീങ്ങുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണ്.
8) ദേശരാഷ്ട്രം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയിൽ നിർമ്മിച്ച് പരിപാലിച്ച് പോന്നിരുന്ന തുറമുഖങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾക്ക് (അതിന്റെ തന്നെ മറ്റൊരു രൂപമായ പിപിപി ആയും) കൈമാറുന്ന സ്ഥിതി രാജ്യത്ത് വ്യാപകമാകുകയാണ്. മാത്രമല്ല, ഇതേ കോർപ്പറേറ്റുകൾക്ക് പൊതുസമ്പത്ത് ഉപയോഗപ്പെടുത്തിക്കൊണ്ടുപോലും പുതിയ തുറമുഖങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കുന്നു. (ഇപ്രകാരം നിർമ്മിച്ച വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും തദ്ദേശീയ ജനതയുടെ ഉപജീവന പ്രശ്നങ്ങളും നമ്മുടെ മുമ്പിലുണ്ട്)
9) തലമുറകളായി തീരത്ത് അധിവസിച്ചുവരുന്ന മത്സ്യ തൊഴിലാളികളെയും അവരുടെ ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നതും പാരിസ്ഥിതിക സന്തുലനത്തിന് കോട്ടം സംഭവിക്കുന്നതുമായ തീരത്തെയും തീരക്കടലിലെയും ധാതുമണൽഖനനം ഭീതിയുളവാക്കുന്നതാണ്. (ആലപ്പുഴ തീരത്തെ കരിമണൽ ഖനനം സൃഷ്ടിച്ച ആഘാതം നമ്മുടെ കൺമുമ്പിലുണ്ട്)
10) മത്സ്യ തൊഴിലാളികളുടെ തൊഴിലിന് എല്ലാവിധ സഹായങ്ങളും അനുബന്ധ ഇളവുകളും ചെയ്തുകൊടുക്കുന്നതിന് പകരം, അവരുടെ തൊഴിലിന് തടയിടുന്ന തരത്തിലുള്ള അനേകം നിരോധനങ്ങളും നിയന്ത്രണങ്ങളുമാണ് അധികാരികൾ കൊണ്ടുവരുന്നത്.
11) നൂറ്റാണ്ടുകളായി തീരപ്രദേശത്ത് പ്രാദേശിക ജനസംസ്കൃതിയിൽ ജീവിച്ചു വരുന്ന പരമ്പരാഗതമത്സ്യത്തൊഴിലാളികളെയും ചെറുകിട മത്സ്യബന്ധനം, സംഭരണം, വിതരണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെയും പുതിയ തീരവികസനത്തിന്റെയും വ്യവസായബന്ധ പദ്ധതികളുടെയും അതിർത്തി തന്ത്ര പ്രാധാന്യത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും ഒക്കെ പേരിൽ അകലങ്ങളിലേക്കും ഫ്ലാറ്റ് മുറികളിലേക്കും പറിച്ചെറിയുന്നത് അങ്ങേയറ്റം ക്രൂരമാണ്. ഇന്ത്യയിൽ ഇതിനകം കൊണ്ടുവന്ന നീല സാമ്പത്തിക നയത്തിൽ സ്ത്രീകളെ ജോലികളിൽ നിന്നും ഒഴിവാക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.
12) അതേ സമയം, തീരപ്രദേശങ്ങളിൽ തീരവികസനത്തിന്റെയും ടൂറിസത്തിന്റെയും മറ്റും പേരിൽ വൻകിട സമുച്ചയങ്ങളും നിർമ്മിതികളും പണിതുയർത്താൻ വൻകിട മുതലാളിമാർക്ക് അനുമതി നൽകുകയും ചെയ്യുന്നുണ്ട്.
13) ബ്ലൂ ഇക്കോണമിയുടെ പേരിൽ കൊണ്ടുവരുന്ന ലോജിസ്റ്റിക് – കണക്ടിവിറ്റി, കോസ്റ്റൽ ഡെവലപ്മെന്റ്, സുസ്ഥിര മത്സ്യബന്ധനം, അക്വകൾച്ചർ വികസനം, ബ്ലൂ ഇൻവെസ്റ്റ്‌മെന്റ്, റിസർച്ച്, പുതിയ മൂലധന നിക്ഷേപം തുടങ്ങിയവയെല്ലാം വൻകിട കുത്തകകളുടെ മൂലധന താല്പര്യമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
14) രാജ്യത്തിന് പൊതുവിലും തദ്ദേശീയ ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ചും ഉണ്ടായിരുന്ന ഉടമസ്ഥതയും അധികാരങ്ങളും ഇല്ലായ്‌മ ചെയ്‌തുകൊണ്ടുള്ള നവലിബറൽ ആശയങ്ങളാണ് ഇവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ഇത് ജനാധിപത്യ ആശയങ്ങളിൽനിന്നുള്ള തിരിച്ചുപോക്കാണ്.
15) ഈ പദ്ധതി നടപ്പിലാക്കിയ രാജ്യങ്ങളിലെല്ലാം ജനങ്ങളുടെ പ്രത്യേകിച്ച്, തദ്ദേശീയ ജനവിഭാഗങ്ങളുടെ വമ്പിച്ച പ്രതിഷേധങ്ങളെ അതത് ഭരണകൂടങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നീണ്ടുനില്ക്കുന്ന പ്രതിരോധങ്ങൾ വളർന്നുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.
16) അതുകൊണ്ടുതന്നെ, ജനങ്ങളുടെ ജീവിതത്തെ, പ്രത്യേകിച്ച് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതും, രാജ്യത്തിന്റെ പൊതുസമ്പത്തിനും ജനാധിപത്യ സംവിധാനത്തിനും ഒട്ടും കോട്ടം തട്ടാത്തതും, പ്രാദേശിക ജനവിഭാഗങ്ങളുടെ സ്വാശ്രയത്വത്തിനും സംസ്കൃതിക്കും പ്രാമുഖ്യം നല്കുന്നതും, പാരിസ്ഥിതികാരോഗ്യത്തിനും സാമൂഹികതുല്യതയ്ക്കും പ്രാമുഖ്യം നല്കുന്നതുമായ ഒരു നയവും പദ്ധതിയുമാണ് രൂപം കൊള്ളേണ്ടത്. ഇതിനെ ഒരു ബദൽ കാഴ്ചപ്പാടായി ഞങ്ങൾ മുമ്പോട്ടുവയ്ക്കുകയാണ്.
