മുതലാളിത്ത വികസനത്തെ മാത്രം ലക്ഷ്യമിടുന്ന യുദ്ധം

Gaza-scaled.jpg

TOPSHOT - Palestinians evacuate the area following an Israeli airstrike on the Sousi mosque in Gaza City on October 9, 2023. Israel continued to battle Hamas fighters on October 9 and massed tens of thousands of troops and heavy armour around the Gaza Strip after vowing a massive blow over the Palestinian militants' surprise attack. (Photo by Mahmud HAMS / AFP) (Photo by MAHMUD HAMS/AFP via Getty Images)

Share

മനുഷ്യന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായി വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുക എന്നതാണ് ഒരു സമ്പദ്ഘടന ലക്ഷ്യമാക്കേണ്ടതെങ്കിൽ, ആഗോള ആയുധക്കച്ചവടം അതിന്റെ മാരകത വെളിപ്പെടുത്തുന്ന മറുവശമാണ്. ഇത് ഭൂമിശാസ്ത്രപരമായ ഭയപ്പാടുകളെ ഡിമാന്റായും മനുഷ്യന്റെ വേദനകളെ ലാഭമായും സമർത്ഥമായി തിരുത്തിയെഴുതുന്ന ഒരു സംവിധാനമാണ്. അഭിവൃദ്ധിയല്ല, മറിച്ച് വിനാശമാണ് ഇതിന്റെ ഫലം. ഫലസൂചകങ്ങൾ ഉൽപ്പാദനക്ഷമതയിലെ വർദ്ധനവല്ല, മറിച്ച് വർദ്ധിക്കുന്ന അത്യാഹിതങ്ങളാണ്. ഗസയിലും യുക്രൈനിലും സംഘർഷം രൂക്ഷമാകുമ്പോൾ ലോകത്തിലെ മുൻനിര ആയുധ നിർമ്മാതാക്കളുടെ വരുമാനം കുതിച്ചുയരുന്നതിന്റെ ത്രൈമാസ റിപ്പോർട്ടുകൾ വരുന്നു. ഈ മരണവ്യാപാരികളെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ അശാന്തിയിലാണ് അവരുടെ വളർച്ച കുടികൊള്ളുന്നത്.

മനുഷ്യജീവന് വിലയിടുന്നത് എല്ലായിടത്തും ഒന്നുപോലെയാണ്. ഗസയിൽ ഇതിനകം 60,000ലധികം ആളുകൾ കൊല്ലപ്പെട്ടു. സുഡാനിൽ ഒരു കോടിയിലധികം ആളുകൾ അഭയാർത്ഥികളായി. ഏതാനും വർഷങ്ങളായി യുക്രൈനിൽ ബങ്കറുകളാണ് കുഞ്ഞുങ്ങളുടെ സ്കൂളുകൾ. എന്നാൽ അമേരിക്കയിലെയും ബ്രിട്ടനിെലയും റഷ്യയിലെയും സാമ്രാജ്യത്വ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദുരന്തങ്ങൾ  അവരുടെ സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധികൾ മാത്രമാണ്. സ്റ്റോക് ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം ലോകത്തിലെ മുൻനിരക്കാരായ നൂറ് ആയുധക്കമ്പനികളുടെ വളർച്ചാ നിരക്ക് 2023ൽ 4.2ശതമാനമായി ഉയർന്നു. 632 ബില്യൺ ഡോളറിന്റെ വളർച്ച, അതായത് ഏകദേശം 62,45,600 കോടി രൂപ. ഇത് കേവലം വിപണിയിലെ കയറ്റിറക്കങ്ങളുടെ ഭാഗമായി സംഭവിച്ചതല്ല, ‘ദൈവേച്ഛ’കൊണ്ട് സംഭവിക്കുന്നതുമല്ല.  കൃത്യമായ കണക്കുകൂട്ടലുകൾ ഇതിന്റെ പിന്നിലുണ്ട്.  മുതലാളിത്ത സാമൂഹ്യക്രമത്തിന്റെ അനിവാര്യ നിയമങ്ങൾമൂലം ദിനംപ്രതി ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് ആവശ്യം കുറഞ്ഞു വരുമ്പോൾ, പരമാവധി ലാഭം എന്ന ഒരേയൊരു മന്ത്രത്താൽ നയിക്കപ്പെടുന്ന കുത്തക മുതലാളിമാരെയും ബിസിനസ് രംഗത്തെ വമ്പൻ സ്രാവുകളെയും സംബന്ധിച്ചിടത്തോളം യുദ്ധം കച്ചവടത്തിന് ഗുണം ചെയ്യും.
യുദ്ധത്തിൽ ഒളിഞ്ഞോ തെളിഞ്ഞോ ഇടപെട്ടുപോരുന്ന മുതലാളിത്ത, സാമ്രാജ്യത്വ രാജ്യങ്ങളിലെ ഭരണാധികാരികളാണ് യുദ്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണഭോക്താക്കൾ. യുക്രൈൻ യുദ്ധത്തെത്തുടർന്ന് റഷ്യയിലെ ആയുധക്കമ്പനികളുടെ വളർച്ചാനിരക്ക് 2023ൽ 40 ശതമാനമായി. ഗസ യുദ്ധത്തെത്തുടർന്ന് ഇസ്രയേലി ആയുധക്കമ്പനികൾ റിക്കോർഡ് വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  യുക്രൈൻ യുദ്ധത്തിൽ തുർക്കിയിലെ ആയുധ കമ്പനികളും 24ശതമാനം വരുമാന വർദ്ധനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടു ലോകമഹായുദ്ധങ്ങളിലും ആയുധം വിറ്റഴിച്ചതുവഴി യഥാക്രമം ബ്രിട്ടീഷ്, ജർമ്മൻ ആയുധ വ്യാപാരികളായിരുന്ന വിക്കേഴ്സിന്റെയും ക്രുപ്പിന്റെയും ലാഭം എല്ലാ കണക്കുകൂട്ടലുകളെയും കവച്ചുവച്ച് കുതിച്ചുയർന്നത് നാം കണ്ടതാണ്. 1902ലെ പേറ്റന്റ് കരാറിൽ ഒരു വിചിത്രമായ കാര്യമുണ്ടായിരുന്നു. ബ്രിട്ടീഷ് വിക്കേഴ്സ് കമ്പനിയുടെ ഫ്യൂസ് ജർമ്മൻ ക്രുപ്പിന്റെ  പീരങ്കികളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകി.  ഈ ബന്ധം ഒന്നാംലോകമഹായുദ്ധത്തിനപ്പുറം നീണ്ടുനിന്നില്ല. നമ്പർ 80 എന്നറിയപ്പെട്ടിരുന്ന ഫ്യൂസിന്റെ വിൽപ്പനയിലൂടെ മാത്രം വിക്കേഴ്സ് കൊയ്തത് 1,07,64,000 പൗണ്ടാണ്. ക്രുപ്പിന്റെയും ലാഭം ഒട്ടും കുറവായിരുന്നില്ല.


ആയുധക്കച്ചവടരംഗത്ത് അമേരിക്കൻ കമ്പനികൾക്കാണ് ഇപ്പോൾ ആധിപത്യം. ലോക്ഹീഡ് മാർട്ടിൻ, ആർറ്റിഎക്സ്(മുമ്പ് റേതിയോൺ), നോർട്രോപ് ഗ്രുമ്മൻ, ബോയിംഗ്, ജനറൽ ഡൈനാമിക്സ് എന്നീ അമേരിക്കൻ കമ്പനികളാണ് ആഗോളതലത്തിലെ ആദ്യത്തെ അഞ്ചു സ്ഥാനക്കാർ. പെന്റഗണിന്റെ 2024ലെ മിലിട്ടറി ബജറ്റ് 997ബില്യൺ ഡോളറായിരുന്നു. ലോകത്താകെ മിലിട്ടറിക്കുവേണ്ടി ചെലവാക്കിയതിന്റെ 37 ശതമാനമായിരുന്നു അത്. എന്നുമാത്രമല്ല, മുൻവർഷത്തെക്കാൾ 5.7 ശതമാനം വർദ്ധനവും. നമ്മുടെ രാജ്യത്തിന്റെ  പ്രതിരോധ വ്യവസായ അടിത്തറ നമ്മുടെ ദേശീയ ശക്തിയുടെ വളരെ സവിശേഷവും നിർണായകവുമായ ഘടകമാണ് എന്നാണ് ഒരു മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടത്. യുദ്ധങ്ങളിലൂടെയോ നിഴൽയുദ്ധങ്ങളിലൂടെയോ  ആയുധവ്യവസായത്തിന്റെ നിരന്തരമായ വളർച്ച  ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. യുദ്ധം ഇല്ലാതെയാകുക എന്നത് അമേരിക്കൻ സമ്പദ് ഘടനയ്ക്കുനേരെയുള്ള യുദ്ധമായി  പരിണമിക്കും.
ഭരണകൂട-ആയുധ വ്യാപാരി സഹവർത്തിത്വം മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളിലും ഇതുപോലെ ആവർത്തിക്കപ്പെടുന്നു. ബ്രിട്ടനിൽ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ ഡിഫൻസ് എയറോസ്പേസ് സെക്യൂരിറ്റി കമ്പനി ബിഎഇ സിസ്റ്റത്തിന്റെ വാല്യക്കാരനെപ്പോലെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കമ്പനിയുടെ ആയുധ വരുമാനം 28.8 ബില്യൺ ഡോളറായി ഉയർന്നു. അതേസമയം 2025 ജൂൺ 30ന് അവസാനിച്ച ആറുമാസത്തെ, നികുതിക്കുമുമ്പുള്ള ലാഭം 2.2ശതമാനം വർദ്ധിച്ച് 1.19ബില്യൺ പൗണ്ടാണ്. മുൻവർഷം 1.1ബില്യൺ ആയിരുന്നു.
മന്ത്രിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ആയുധലോബിയുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് വൈറ്റ് ഹാൾ മീറ്റിങ്ങുകൾ(ലണ്ടനിലെ വൈറ്റ് ഹാൾ സ്ട്രീറ്റിൽ നടക്കുന്ന ബ്രിട്ടീഷ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളുടെ യോഗം) വിലയിരുത്തിയാൽ  മനസ്സിലാകും. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പ്രതിദിനം 1.64 തവണ എന്ന നിരക്കിലാണ് കൂടിക്കാഴ്ച. പ്രതിരോധ മന്ത്രാലയത്തിലെ 40ശതമാനം ഉദ്യോഗസ്ഥരും ആയുധ-സുരക്ഷാ മേഖലയിലേയ്ക്ക് കുടിയേറുന്നു.
ഇത് പലപ്പോഴും ഭരണകുത്തകകളുടെയും കോർപ്പറേറ്റുകളുടെയും താൽപര്യങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്തതും അഴിമതി നിറഞ്ഞതുമായ നയരൂപീകരണത്തിലേയ്ക്ക് നയിക്കുന്നു. ബിഎഇ സിസ്റ്റവും സൗദിയുമായി നടന്ന ഒരു ഇടപാടിനെക്കുറിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം റദ്ദാക്കിയ നടപടി ഇതിന് ഉത്തമഉദാഹരണമാണ്. ആയുധ വിൽപ്പനയെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയതിനും തെറ്റായ കണക്കുകൾ നൽകിയതിനും 2010ൽ ബിഎഇ സിസ്റ്റത്തിനെതിരെ അമേരിക്കൻ കോടതി കുറ്റം ചുമത്തി. എന്നാൽ സൗദി, ബ്രിട്ടീഷ് സർക്കാരുകളുടെ സമ്മർദ്ദത്തെത്തുടർന്ന് അന്വേഷണം നിർത്തിവയ്ക്കേണ്ടിവന്നു. ചുരുക്കിപ്പറഞ്ഞാൽ ആയുധ കച്ചവടം അഴിമതി മുക്തമല്ല. മുതലാളിത്ത സാമ്രാജ്യത്വ ഭരണകൂടങ്ങളുടെയും കൂട്ടാളികളുടെയും യഥേഷ്ടമായ പിന്തുണയോടെയാണ് ഇത് നടത്തപ്പെടുന്നത്. ബോഫോഴ്സ്, ശവപ്പെട്ടി, റാഫേൽ തുടങ്ങിയ അഴിമതി നിറഞ്ഞ പ്രതിരോധ ഇടപാടുകളിൽ ഇന്ത്യാഗവൺമെന്റ് പങ്കാളിയാണ്.


ഏഷ്യയിലെ ആയുധ സമ്പദ്‌വ്യവസ്ഥയുടെ പുതിയ അതിരുകൾ


പ്രതിവിപ്ലവാനന്തരം സാമ്രാജ്യത്വ രാജ്യമായി പരിണമിച്ച ചൈന ആയുധവ്യാപാരത്തിൽ അമേരിക്കയുടെ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ്. സർക്കാർ നിയന്ത്രിതമായ ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ മാതൃകയായാണ് അത് പ്രവർത്തിക്കുന്നത്. നോറിൻകോ ഗ്രൂപ്പ്, ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന(എവിഐസി), ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ (സിഎസ്എസ് സി) തുടങ്ങിയ ആയുധകമ്പനികളെല്ലാം സർക്കാർ  ഉടമസ്ഥതയിലുള്ള സംരംഭങ്ങളാണ്. ചെറിയ ചില കമ്പനികൾ പ്രതിരോധാവശ്യങ്ങൾക്കുള്ള ചെറിയ ഘടകങ്ങളുടെ ഉൽപ്പാദനത്തിലും ഏർപ്പെട്ടിരിക്കുന്നു.
മറ്റൊരു സാമ്രാജ്യത്വ രാജ്യമായ ഇന്ത്യയും ഈരംഗത്ത് ഒരു ശക്തികേന്ദ്രമായി ഉയർന്നുവരുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 74 ബില്യൺ ഡോളറിലധികമായി. ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്(റ്റിഎഎസ്എൽ), ലാർസൺ ആന്റ് ടുബ്രോ(എൽആന്റ്റ്റി), മഹീന്ദ്ര ഡിഫൻസ് സിസ്റ്റം, ഭാരത് ഫോർജ്(കല്യാണി ഗ്രൂപ്പ്), പാരസ് ഡിഫൻസ് ആന്റ് സ്പേസ് ടെക്നോളജീസ് എന്നിവയാണ് മുൻനിര ഇന്ത്യൻ ആയുധ കമ്പനികൾ. അവയിൽ ചിലതിന് യുഎസ് പ്രതിരോധ ഭീമന്മാരായ ലോക്ഹീഡ് മാർട്ടിൻ, ഷീൽഡ് എഐ, ജനറൽ ആറ്റോമിക്സ്, ബോയിംഗ്, സ്കൈഡിയോ, എംഎ ജനറൽ എന്നിവയുമായി സംയുക്ത സംരംഭങ്ങളുണ്ട്. തദ്ദേശീയമായ ആയുധ നിർമ്മാണത്തിലും ആയുധ കയറ്റുമതിയിലും ഭരണകൂടം കാണിക്കുന്ന ഔത്സുക്യംമൂലം  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎൽ), ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളും വളർച്ചയുടെ പാതയിലാണ്.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ യുദ്ധരംഗം എന്നീ മേഖലകളിലെ നവീകരണം പ്രോത്സാഹിപ്പിക്കുന്ന ഐഡിഇഎക്സ് പദ്ധതി സ്വകാര്യ പ്രതിരോധ മേഖലയെ പുതിയൊരു സാങ്കേതിക യുഗത്തിലേയ്ക്കുയർത്തുമെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിലെ  ഉദ്യോഗസ്ഥൻ സമീപകാലത്ത് വീമ്പുപറയുകയുണ്ടായി. നവീകരണമെന്നും പരമാധികാരമെന്നുമാണ് പറയുന്നതെങ്കിലും യുദ്ധത്തിലൂടെയുള്ള സാമ്പത്തികകുത്തിപ്പാണ് യഥാർത്ഥ ഉള്ളടക്കം. ആഗോള ആയുധ ഭീമന്മാരുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥർ കോർപ്പറേറ്റ് തന്ത്രമെന്ന നിലയിൽ രക്തരഹിതമായ ഭാഷയിലാണ് സംസാരിക്കുന്നത്. ലോക്ഹീഡ് മാർട്ടിന്റെ വക്താവിന്റെ അഭിപ്രായത്തിൽ വർദ്ധിക്കുന്ന ഭീഷണമായ സാഹചര്യങ്ങളുടെ വർദ്ധനവ് പ്രതിരോധത്തിലൂന്നിയ ധനകാര്യക്രമീകരണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ആഗോളതലത്തിൽ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനാൽ ബഹിരാകാശ മിസൈൽ ഉൽപ്പന്നങ്ങളുടെ വളർച്ച അനിവാര്യമാണെന്ന് ആർടിഎക്സ് പ്രസ്താവന വിരൽ ചൂണ്ടുന്നു. ഭീഷണമായ പരിതസ്ഥിതി എന്നാൽ യുദ്ധപ്രവണതയെന്നും ആവശ്യകത എന്നാൽ വംശഹത്യയും കൂട്ടക്കൊലയുമെന്നുമാണ് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്. മാരകായുധങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന യുദ്ധക്കൊതിയന്മാർ വാക്കുകൾ പൊതിഞ്ഞ് ഉപയോഗിക്കുന്നുവെന്നുമാത്രം.


ഇത് ആസൂത്രിതമായ കുറ്റകൃത്യമാണ്, അങ്ങേയറ്റം അധാർമ്മികമാണ്. യുദ്ധാവശ്യങ്ങൾക്കായി ആഗോളതലത്തിൽ ചെലവഴിക്കുന്ന തുകയുടെ 3ശതമാനമുണ്ടെങ്കിൽ ലോകംമുഴുവനുമുള്ള കുഞ്ഞുങ്ങൾക്ക് പ്രൈമറി, സെക്കണ്ടറിതല വിദ്യാഭ്യാസം നൽകാം എന്നത് യുണൈറ്റഡ് നേഷൻസിന്റെ കണക്കാണ്. ഒരു എഫ്-35 യുദ്ധവിമാനത്തിന്റെ വിലയായ 80മില്യൺ ഡോളർ 2,00,000 കുഞ്ഞുങ്ങളുടെ ഒരു വർഷത്തെ വിദ്യാഭ്യാസത്തിന് ആവശ്യമായി വരുന്ന തുകയ്ക്ക് തുല്യമാണ്. 26 യുദ്ധവിമാനങ്ങൾക്കുവേണ്ടി ഫ്രാൻസിലെ റാഫേൽ കമ്പനിയുമായി ഇന്ത്യാഗവൺമെന്റ് ഉണ്ടാക്കിയ കരാറനുസരിച്ച് ചെലവ് 63,000 കോടിരൂപയാണെങ്കിൽ, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം രാജ്യത്തെ പാവങ്ങൾക്ക് നൽകേണ്ടത് 86,000കോടി രൂപ മാത്രമാണ്. പ്രതിരോധ കരാറുകളുടെ പിൻബലത്തിൽ രാഷ്ട്രീയാധികാരം ഉറപ്പിച്ചെടുക്കുകയും ആയുധകയറ്റുമതിയിൽ ദേശീയ അന്തസ്സ് അളക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ ഈ കണക്കുകൾക്കൊന്നും സ്ഥാനമില്ലതന്നെ. ഈ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്ന യുണൈറ്റഡ് നേഷൻസിന്റെ സെക്യൂരിറ്റി കൗൺസിൽ ലോകത്തെ മുൻനിര ആയുധവ്യാപാരികളായ അതിന്റെ സ്ഥിരാംഗങ്ങൾ ഉയർത്തുന്ന വീറ്റോ പവറിനുമുന്നിൽ മുട്ടുമടക്കുകയാണ്. യുഎന്നിന്റെ നയതന്ത്ര തന്ത്രങ്ങളുടെ ഊന്നൽ പലപ്പോഴും സമാധാനത്തിനല്ല, മറിച്ച് വാണിജ്യബന്ധങ്ങൾ ഉലയാതെ കാക്കുന്നതിനാണ്.  


ഈ ആയുധഭ്രാന്തിന് കാരണമെന്താണ്? എന്തുകൊണ്ടാണ് സാമ്രാജ്യത്വശക്തികൾക്ക് ഇത്ര യുദ്ധാവേശം? ജനങ്ങൾ യുദ്ധഭീതിയിലുഴലുമ്പോഴും ബന്ധുജനങ്ങളുടെ നാശത്തിൽ വേദനിക്കുമ്പോഴും  പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളെ വട്ടം ചുറ്റിക്കുമ്പോഴും, വിദ്യാഭ്യാസ, ആരോഗ്യ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും എന്തുകൊണ്ടാണ് സാമ്രാജ്യത്വശക്തികളുടെ കണ്ണ്  ആയുധവ്യാപാരത്തിലൂടെ പെരുക്കുന്ന ലാഭത്തിൽമാത്രം കുടുങ്ങിയിരിക്കുന്നത്? പോയ യുദ്ധങ്ങളിലൂടെ മനുഷ്യവിനാശമടക്കം യുദ്ധക്കെടുതികളുടെ പാരമ്യം കണ്ടിട്ടും സമാധാനത്തിനുവേണ്ടി പണം ചെലവഴിക്കുന്നതിൽ വിമുഖതയുടെ കാരണമെന്താണ്? എല്ലാ മുതലാളിത്ത രാജ്യങ്ങൾക്കും – വികസിതമോ അവികസിതമോ ആകട്ടെ, സമ്പദ്ഘടനയെ സൈനികവത്ക്കരിച്ചുകൊണ്ടുമാത്രമേ പിടിച്ചുനിൽക്കാനാകൂ എന്ന നഗ്നയാഥാർത്ഥ്യമാണ് ഇതിന്റെ ഒരേയൊരു കാരണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപക ജനറൽ സെക്രട്ടറി സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചു. “സമ്പദ്ഘടനയെ സൈനികവത്ക്കരിച്ചുകൊണ്ടും യുദ്ധസജ്ജീകരണങ്ങൾ ഇടതടവില്ലാതെ നടത്തിക്കൊണ്ടും പ്രതിസന്ധി മറികടക്കാനാണ് സാമ്രാജ്യത്വശക്തികൾ പരിശ്രമിക്കുന്നത്. പ്രതിസന്ധിമൂലം മാന്ദ്യത്തിലാകുന്ന കമ്പോളം കൃത്രിമമായി ഉത്തേജിപ്പിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് ആയുധങ്ങൾവാങ്ങുന്ന ഉപഭോക്താവായി സർക്കാർതന്നെ ആയുധകമ്പോളത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നാണിതിനർത്ഥം. അവ എന്തിന് ഉപയോഗിക്കും? ആയതിനാൽ സൈനിക ശേഷി വർദ്ധിപ്പിക്കുക, അവിടെയും ഇവിടെയും യുദ്ധമാരംഭിക്കുക എന്നതാണ് സർക്കാർ ചെയ്യുന്നത്. യുദ്ധസാമഗ്രികൾ നിർമ്മിച്ചുകൊണ്ടേയിരിക്കും, സൈനിക ശേഷി വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും, പ്രതിരോധ വ്യവസായങ്ങൾ കെട്ടിയുയർത്തും. സമ്പദ്ഘടന ഇത്തരത്തിൽ സൈനികവത്ക്കരിക്കുന്നതിലൂടെ ഉൽപ്പാദനം സൈനിക ആവശ്യങ്ങളെ മുൻനിർത്തിയുള്ളതാകുമ്പോൾ വ്യവസായങ്ങളും സൈനികവത്ക്കരിക്കപ്പടുന്നു. ഈ സൈനികവത്ക്കരണം മുതലാളിത്ത വൈരുദ്ധ്യങ്ങൾ മൂർച്ഛിപ്പിക്കും, പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. പ്രതിസന്ധി രൂക്ഷമാകുന്നതിനനുസരിച്ച് സമ്പദ്ഘടന കൂടുതൽ സൈനികവത്ക്കരിക്കപ്പെടും. ഇതിങ്ങനെ ഒരു ദൂഷിതവലയമായി തുടരും. അന്തമില്ലാത്ത ആയുധ മത്സരത്തിലേക്ക് നയിക്കും.” (Selected Works, Vol 2, Page 45-46, Vol 4, Page 563-64)


സമ്പദ്ഘടന കൂടുതൽ കൂടുതൽ സൈനികവത്ക്കരിക്കുകയെന്നാൽ ആയുധങ്ങൾ കുന്നുകൂട്ടുക എന്നാണർത്ഥം. കുന്നുകൂട്ടുന്ന  ആയുധങ്ങൾ ചെലവഴിക്കണമെങ്കിൽ സാമ്രാജ്യത്വശക്തികൾക്ക് യുദ്ധം കൂടിയേ തീരൂ. യുദ്ധങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് ആയുധങ്ങൾക്കുള്ള ഡിമാന്റ് വർദ്ധിക്കും, അത് പ്രതിരോധ വ്യവസായത്തിന് വളമാകും. യുദ്ധം ആദായകരമായ പ്രവൃത്തിയാക്കുന്ന സാമ്പത്തിക പ്രേരണകളും രാഷ്ട്രീയ സംവിധാനങ്ങളും  ഒരു ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഇക്കാര്യങ്ങളാണ് വെളിപ്പെടുക.

Share this post

scroll to top