പ്രസിഡന്റ് ട്രംപും അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യയുടെ കാർഷിക മേഖലയിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയാണെന്നും പക്ഷേ, ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പിടില്ലെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. അത് ഇന്ത്യയിലെ കർഷകർക്ക് ഒരു ദുരന്തമായിരിക്കും. അതിനാൽ, അത്തരമൊരു ദുരന്തം സംഭവിക്കാൻ താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം വെളിച്ചത്തുവന്നതോടെ, ‘ഗോദി മീഡിയ’ എന്ന് വിളിപ്പേരുള്ള മുഖ്യധാര കുത്തക നിയന്ത്രിത മാധ്യമങ്ങൾക്ക് ഹരം കയറി. രാജ്യമെമ്പാടുമുള്ള ഹിന്ദുത്വ പ്രവർത്തകരുടെ ആഹ്ലാദനൃത്തം അവർ വിളംബരം ചെയ്തു. അവർ അഭിമാനത്തോടെ പറയുകയാണ്, “നോക്കൂ, മോദിജി എത്ര ധീരനാണ്! പറ്റില്ല എന്ന് ട്രംപിനോട് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്! ഇതാണ് യഥാർത്ഥ ദേശസ്നേഹം! ഇത് കാരണം, 8 കോടി ക്ഷീരകർഷകർ രക്ഷിക്കപ്പെട്ടു. ബലെ ഭേഷ് മോദിജി!”
ഇത്രയേറെ പ്രചാരണങ്ങളും ‘ഗോദി മീഡിയ’യുടെ കോലാഹലങ്ങളുമുണ്ടായെങ്കിലും ചോദ്യങ്ങൾ അവശേഷിക്കുകയാണ്. ഈ ചോദ്യങ്ങളെ അപവാദപ്രചാരണങ്ങളായി കാവിപ്പടയുടെ വക്താക്കൾക്ക് തള്ളിക്കളയാനാവില്ല. കാരണം ഈ ചോദ്യങ്ങൾക്ക് ശക്തമായ അടിത്തറയുണ്ട്. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സർക്കാരും അധികാരത്തിൽ വന്നനാൾ മുതൽ രാജ്യത്തെ കാർഷിക മേഖലയിലേക്ക് ആഭ്യന്തര, വിദേശ കുത്തക മൂലധനത്തിന്റെ പ്രവാഹത്തിന് വഴി തുറന്നുകൊടുത്തു തുടങ്ങി എന്നതാണ് ആദ്യത്തെ കാര്യം. ഇത് അവരുടെ മുൻഗാമികളായ കോൺഗ്രസ് സർക്കാർ ചെയ്തതിന്റെ കൃത്യമായ തുടർച്ചയാണ്. വളം, വിത്ത്, കീടനാശിനികൾ തുടങ്ങിയവയുടെ ഉത്പാദനവും വിപണനവും മൊൺസാന്റോ, കോർടേവ അഗ്രിസയൻസ്, എഫ്എംസി കോർപ്പറേഷൻ, ഗോവൻ കമ്പനി തുടങ്ങിയ അമേരിക്കൻ ബഹുരാഷ്ട്ര ഭീമൻ കുത്തകകൾക്ക് ഇതിനകം അവർ കൈമാറിക്കഴിഞ്ഞു.
വനഭൂമിയും ജലസ്രോതസ്സുകളും പോലും അവർക്കായി കൊടുത്തിട്ടുണ്ട്. അത് മാത്രമല്ല, കാർഷികോൽപ്പന്നങ്ങളുടെ സംഭരണം മുതൽ വിതരണവും വിൽപ്പനയും വരെയുള്ള എല്ലാ മാർക്കറ്റിംഗ് സംവിധാനവും നിയന്ത്രിക്കാൻ ഈ കാർഷിക ഭീമന്മാർക്ക് അനുമതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ, പ്രധാനമന്ത്രി മോദി സാമ്രാജ്യത്വ ബ്രിട്ടനുമായി ഒരു ‘ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിൽ (CETA)’ ഒപ്പുവെച്ചു. ഈ കരാർ പ്രകാരം, ഇന്ത്യ അതിന്റെ 90% താരിഫ് ഇനങ്ങളിലെ നികുതികൾ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യാൻ സമ്മതിച്ചു. ഇത് യുകെയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 92% ഉൾക്കൊള്ളുന്നതാണ്. അതിന്റെ ഫലമായി, ബ്രിട്ടീഷ് കാർഷികോൽപ്പന്നങ്ങൾ കൊണ്ടിറക്കാവുന്ന ഒരു വലിയ കേന്ദ്രമായി ഇന്ത്യ മാറും.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മൂന്ന് കർഷകവിരുദ്ധ കരിനിയമങ്ങൾ എങ്ങനെയാണ് ആവിഷ്‌കരിച്ചതെന്ന് ഏവർക്കുമറിയാം. അത് കർഷകരുടെ താൽപ്പര്യങ്ങൾക്ക് തികച്ചും ദോഷകരവും പ്രകടമായും കുത്തകകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും അനുകൂലവുമായിരുന്നു. ഈ കരിനിയമങ്ങളെ ചെറുക്കാൻ ദശലക്ഷക്കണക്കിന് കർഷകർ ഒരു വർഷത്തിലധികം ഡൽഹി അതിർത്തിയിൽ പോരാടി, ആയിരത്തോളം പേർ ജീവൻ ബലികഴിച്ചു. ഒടുവിൽ, അത്തരത്തിലുള്ള ശക്തമായ പ്രസ്ഥാനത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി, പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും അവ പിൻവലിക്കേണ്ടി വന്നു.
എന്നാൽ, ആ നിയമനിർമ്മാണങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നു. എന്നിട്ടും കർഷകരുടെ താൽപ്പര്യം പ്രധാനമന്ത്രി മോദി സംരക്ഷിക്കുമെന്ന് നമ്മൾ വിശ്വസിക്കണം! അങ്ങേയറ്റം അസംബന്ധം! ദരിദ്രരായ കർഷകരോട് പ്രധാനമന്ത്രി മോദിക്ക് തരിമ്പെങ്കിലും സഹതാപമുണ്ടായിരുന്നെങ്കിൽ, കർഷകർക്ക് അവരുടെ വിളകൾക്ക് ആദായകരമായ വില ലഭിക്കുന്നതിനായി, C2+50% ഫോർമുല അടിസ്ഥാനമാക്കി കാർഷികോൽപ്പന്നങ്ങളുടെ മിനിമം താങ്ങുവില (MSP) നിയമപരമായി ഉറപ്പുനൽകിയേനെ. കർഷകരുടെ എല്ലാ കാർഷിക വായ്പകളും എഴുതിത്തള്ളാനും കർഷക തൊഴിലാളികൾക്ക് വർഷം മുഴുവനും ജോലി ഏർപ്പാടക്കാനും കഴിയേണ്ടതായിരുന്നു.
ഇതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്റെ സർക്കാരോ ചിന്തിക്കുന്നു പോലുമില്ല. പകരം, ഈ ഭരണത്തിൻ കീഴിൽ, കർഷകർക്ക് വീടും, വിളവും, ഭൂമിയും ഉൾപ്പെടെ എല്ലാം നഷ്ടപ്പെടുകയും ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ കാർഷിക മേഖലയിൽ 1,12,000ത്തിലധികം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെ മോദിജിക്ക് കർഷകരുടെ ക്ഷേമത്തിൽ ഒട്ടും ആശങ്കയില്ലെന്ന് വ്യക്തമാണ്. മറിച്ച്, അദ്ദേഹം അതിന് വിപരീത ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് കാണാം. ഇതാണ് അദ്ദേഹത്തിന്റെ ദുർഭരണത്തിൽ കർഷകർക്കുണ്ടായ കയ്പേറിയ അനുഭവം. അതിനാൽ, കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നുള്ള സംസാരം ഒരു തട്ടിപ്പാണ്. പിന്നെ ട്രംപിനെതിരായ മുറവിളിക്ക് കാരണമെന്താണ്? നമുക്ക് ആ വിഷയത്തിലേക്ക് വരാം.
യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി കുറയാൻ തുടങ്ങി. അതിന്റെ ഫലമായി, എണ്ണ വിൽക്കുന്നതിനായി റഷ്യ പുതിയ ഉപഭോക്താക്കളെ തേടിത്തുടങ്ങി. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, അവർ അന്താരാഷ്ട്ര മാർക്കറ്റിലെ അസംസ്‌കൃത എണ്ണവിലയെക്കാൾ കുറഞ്ഞ വിലക്ക് എണ്ണ നൽകി. ഒരു ബാരലിന് 5 മുതൽ 30 ഡോളർ വരെ അങ്ങനെ കുറച്ചു നൽകി. ചൈന, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങൾ ഈ അവസരം മുതലെടുത്തു.
ഇന്ത്യ എന്നാൽ ഇന്ത്യൻ ഗവൺമെന്റ് മാത്രമല്ല, ഇന്ത്യൻ ബഹുരാഷ്ട്ര കോർപ്പറേഷനുകൾ കൂടിയാണ്—പ്രത്യേകിച്ച് ഇക്കാര്യത്തിൽ അംബാനിയുടെ റിലയൻസ് മൊബിലിറ്റി. ഇത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും(RIL) ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ബിപിയും തമ്മിലുള്ള ഒരു സംയുക്ത സംരംഭമാണ്. ജിയോ-ബിപി ബ്രാൻഡിന് കീഴിലുള്ള ഈ കമ്പനി റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുകയും, തങ്ങളുടെ ഇന്ത്യൻ റിഫൈനറികളിൽവെച്ച് അത് ശുദ്ധീകരിക്കുകയും, പിന്നീട് യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. റഷ്യയിൽ നിന്ന് ഇറക്കുമതിചെയ്ത എണ്ണ കഴിഞ്ഞ വർഷം ഗുജറാത്തിലെ ജാംനഗർ റിലയൻസ് റിഫൈനറിയിൽ വെച്ച് ശുദ്ധീകരിക്കുകയും ഏകദേശം 2 ബില്യൺ ഡോളറിന് അമേരിക്കയ്ക്ക് വിൽക്കുകയും ചെയ്തു. ഈ പ്രക്രിയയിലൂടെ അംബാനിയുടെ സംയുക്ത സംരംഭം കഴിഞ്ഞ വർഷം 6,850 കോടി രൂപയുടെ ലാഭമുണ്ടാക്കി.(ദി ഹിന്ദു, 18-03-25) അങ്ങനെയെങ്കിൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ ആർക്കായിരിക്കും നഷ്ടം സംഭവിക്കുക? പ്രധാനമന്ത്രി മോദിയുമായി അടുപ്പമുള്ള അംബാനിമാർക്കായിരിക്കും നഷ്ടം. അതിനാൽ ഈ ഏർപ്പാട് വേണ്ടെന്നുവെക്കാൻ മോദിജിക്ക് കഴിയുമോ?
സന്ദർഭവശാൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. 2022 മുതൽ തന്നെ റഷ്യയിൽ നിന്നുള്ള വില കുറഞ്ഞ എണ്ണയുടെ ഇറക്കുമതി ആരംഭിച്ചിരുന്നു. എന്നാൽ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞോ? ഇല്ല, അത് കുറഞ്ഞില്ല. എന്നു മാത്രമല്ല, അത് പല മടങ്ങായി വർദ്ധിക്കുകയും ചെയ്തു. അതുകൊണ്ട്, റഷ്യയിൽ നിന്നുള്ള വില കുറഞ്ഞ എണ്ണയുടെ ഇറക്കുമതിക്ക് നമ്മുടെ രാജ്യത്തെ കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ താൽപ്പര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. പെരുകുന്ന ലാഭത്തിന്റെ എല്ലാ നേട്ടങ്ങളും അംബാനിയും മറ്റ് വൻകിട എണ്ണക്കമ്പനികളുമാണ് കൈയടക്കുന്നത്. അതിനാൽ, റഷ്യൻ എണ്ണയുടെ ഇറക്കുമതി നിലച്ചാൽ, അത് കർഷകരെയല്ല, മറിച്ച് അംബാനിയെപ്പോലുള്ള ഇന്ത്യൻ ബഹുരാഷ്ട്ര കോർപ്പറേഷനുകളെയും എണ്ണ വിപണന കമ്പനികളെയുമായിരിക്കും ബാധിക്കുക. പ്രധാനമന്ത്രി മോദിക്ക് ഇത് സ്വപ്നത്തിൽ പോലും അനുവദിക്കാൻ കഴിയുമോ? അതിനാൽ, ഈ വിഷയത്തിലുള്ള കോലാഹലം കർഷകർക്കുവേണ്ടിയുള്ളതല്ല. ട്രംപ് വിരുദ്ധ ജിഹാദ് എന്ന തരത്തിലുള്ള തട്ടുപൊളിപ്പൻ പ്രകടനങ്ങളെല്ലാം കുത്തക ഭീമന്മാരുടെ താൽപ്പര്യത്തിന് വേണ്ടി മാത്രമുള്ളതാണ്.
വാസ്തവത്തിൽ, ട്രംപ് ലോകമെമ്പാടും കച്ചവടയുദ്ധം നടത്തുകയാണ്. പ്രതിസന്ധിയിലായ അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉയർന്ന താരിഫുകൾ ചുമത്തുന്നു. അതുപോലെ, പ്രതിസന്ധിഗ്രസ്തമായ, ഭരണവർഗ്ഗമായ ഇന്ത്യൻ കുത്തകകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മോദിയും എല്ലാ വാതിലും മുട്ടുന്നു. കൊള്ളയടിക്കാനായി അന്തർദ്ദേശീയ കമ്പോളം പങ്കിട്ടെടുക്കുന്ന സാമ്രാജ്യത്വശക്തികളുടെ വിളയാട്ടമാണിത്. കവർച്ചസംഘങ്ങൾ തമ്മിലുള്ള ഒരു കൈയാങ്കളി മാത്രം. ഈ വാൾപ്പയറ്റിന് നമ്മുടെ രാജ്യത്തെ കർഷകരുടെ താൽപ്പര്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല തന്നെ.
