ബംഗാളി മുസ്ലീങ്ങളെ ദ്രോഹിക്കുന്നത് ജനങ്ങളെഭിന്നിപ്പിക്കാനുള്ള ബൂർഷ്വാ ഗൂഢാലോചനയുടെ ഭാഗം

migrant-660.webp
Share

 ഐകമത്യം മഹാബലം എന്നത് മർദ്ദിത ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അന്വർത്ഥമായ പഴമൊഴിയാണ്. മനുഷ്യൻ മനുഷ്യനെ ചൂഷണംചെയ്യുന്ന നമ്മുടേതുപോലൊരു വർഗ്ഗവിഭജിത സമൂഹത്തിൽ ഇതിന് സവിശേഷ പ്രാധാന്യമുണ്ട്. ഒരുപിടിവരുന്ന മുതലാളിമാർ ഉൽപ്പാദനോപാധികളുടെ ഉടമസ്ഥരായിക്കൊണ്ട് സമ്പദ്ഘടനയെയും അതുവഴി രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളെയൊന്നാകെയും നിയന്ത്രിക്കുന്നു. തങ്ങൾക്കെതിരെയുള്ള അമർഷം ഒരു ബഹുജനപ്രക്ഷോഭമായി വളരാതിരിക്കാൻ ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കാൻ അവർ സദാശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയുംപേരിൽ ഭിന്നിപ്പിച്ച്, തമ്മിലടിപ്പിച്ച് പഞ്ചതതന്ത്രം കഥയിലെ കുറുക്കനെപ്പോലെ രക്തം നുണയുകയാണിവർ.

ഇന്ന് ആർഎസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദികൾ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വത്തിന്റെ മുഖ്യഊന്നല്‍  മുസ്ലീങ്ങൾക്കെതിരായുള്ള വെറുപ്പാണ്. മാത്രവുമല്ല, മനുസ്മൃതി അനുശാസിക്കുന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ പ്രയോക്താക്കളാണ് ഈ ഹിന്ദുത്വവാദികൾ. ജാതി ശ്രേണിയിൽ താഴെക്കിടയിലുള്ളവരും സ്ത്രീകളും തങ്ങളെക്കാൾ താഴ്ന്നവരാണെന്ന് ഇക്കൂട്ടർ കരുതുന്നു. ഈ ബ്രാഹ്മണമേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രമാണ് മനുസ്മൃതിയിലൂടെ പുറത്തുവരുന്നത്.


മുസ്ലീംവിരോധത്തിന്റെ യഥാർത്ഥ ജനയിതാവ് 20-ാം നൂറ്റാണ്ടിലെ ഹിന്ദു മഹസഭാനേതാവായിരുന്ന വി.ഡി.സവർക്കറാണ്. പുതിയ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യത്തിൽ തങ്ങളുടെ വംശീയ ശുദ്ധിയുടെയും ജാത്യാഭിമാനത്തിന്റെയും സിദ്ധാന്തങ്ങൾ മാറ്റിവച്ച് എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾ ഒരൊറ്റമതമാണെന്ന സിദ്ധാന്തം സവർക്കർ മുന്നോട്ടുവച്ചു. സവർക്കറെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വ-അഥവാ ഹൈന്ദവദേശീയത- ഹിന്ദുമതത്തെക്കാൾ വിശാലമായ ഒന്നായിരുന്നു. ഭഗവത്‌ഗീതയെ ഹൈന്ദവ ഐക്യത്തിന്റെ ആഹ്വാനമായി സവർക്കർ വ്യാഖ്യാനിച്ചു. ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള അടിസ്ഥാന പ്രമാണമായിരുന്നു സവർക്കർക്ക് ഗീത. ബ്രിട്ടീഷുകാരും മുസ്ലീങ്ങളും പുറത്തുനിന്നുവന്ന അധിനിവേശക്കാരാണ്. യുദ്ധധർമ്മങ്ങൾ ലംഘിച്ചവരുമാണ്. അതിനാൽതന്നെ എന്ത് വിലകൊടുത്തും തങ്ങളുടെ നഷ്ടപ്പെട്ട അഭിമാനവും സ്വാതന്ത്ര്യവും വീണ്ടെടുക്കാന്‍ ഹിന്ദുക്കൾക്ക് അവകാശമുണ്ട്. പിന്നീട് എം.സ്.ഗോൾവാൾക്കർ ഹിന്ദുരാഷ്ട്രത്തെ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ എഴുതി, “ഹിന്ദുക്കൾ എന്നത് സ്വയം ഒരു ദേശവും ദേശീയതയുമാണ്. ഭൂമിശാസ്ത്രപരമായ അഖണ്ഡതയും പൊതുശത്രുവുമാണ് നമ്മുടെ രാഷ്ട്രസങ്കൽപ്പത്തെ ഇതുവരെ സ്വാധീനിച്ചത്. എന്നാൽ യഥാർത്ഥത്തിൽ നമ്മെ പ്രചോദിപ്പിക്കുന്ന ശരിയായ ഹിന്ദുരാഷ്ട്രത്തെ അറിയുന്നതിന് ഈ സങ്കൽപ്പങ്ങൾ തടസ്സമായി നിന്നു. നമ്മുടെ രാജ്യം എന്നാൽ ഹിന്ദുരാഷ്ട്രമാണ്, മറ്റൊന്നല്ല. വിദേശവംശജർ (അതായത് മുസ്ലീങ്ങളും കൃസ്ത്യാനികളും മറ്റും) ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും ശീലിക്കണം. ഹിന്ദുവംശത്തെയും സംസ്കാരത്തെയും പ്രകീർത്തിക്കാത്ത ഒരു ആശയത്തെ സ്വീകരിക്കരുത്. ഹിന്ദുരാഷ്ട്രത്തിന് അവർ പരിപൂർണമായും സമർപ്പിക്കണം. തങ്ങൾക്കുവേണ്ടി ഒരു സവിശേഷ ആനുകൂല്യങ്ങളോ പ്രത്യേക പരിഗണനയോ എന്തിന് പൗരാവകാശംപോലും അവർ പ്രതീക്ഷിക്കാൻ പാടില്ല.” വീണ്ടും പറയുന്നു, “തങ്ങളുടെ രാജ്യത്തിന്റെ സംസ്കാരവും വംശീയശുദ്ധിയും കാത്തുസൂക്ഷിക്കാൻ ജർമ്മനി അവരുടെയിടയിലെ സെമിറ്റിക് വിഭാഗമായ ജൂതന്മാരെ ഉന്മൂലനം ചെയ്യുകയുണ്ടായി. ലോകം അതുകണ്ട് ഞെട്ടിത്തരിച്ചെങ്കിലും വംശാഭിമാനത്തിന്റെ ഏറ്റവും ഉന്നതമായ രൂപമാണ് അവർ പ്രദർശിപ്പിക്കുന്നത്. മറ്റൊന്നുകൂടി അവർ നമുക്ക് കാണിച്ചുതന്നു. ആഴത്തിൽ വ്യത്യാസമുള്ള രണ്ട് ജനതയ്ക്കും സംസ്കാരങ്ങൾക്കും ഒരു രാഷ്ട്രമാകുക സാധ്യമല്ല. ഹിന്ദുസ്ഥാനിൽ നാം കണ്ടുപഠിക്കേണ്ട ഒരു മാതൃകയാണിത്.” സവർക്കർക്കും ഇതേ അഭിപ്രായമായിരുന്നു. ഇന്നത്തെ ബിജെപിയെയും ആർഎസ്എസിനെയും നയിക്കുന്നത് ഈ ആശയങ്ങളാണ്.
 ബിജെപിയുടെ മുസ്ലീം വിരോധത്തിന്റെ പ്രത്യയശാസ്ത്രം തുറന്നുകാണിക്കാനാണ് ഇത്രയും പറഞ്ഞത്. ഹിറ്റ്ലറും മുസ്സോളിനിയും അവരവരുടെ നാടുകളിലെ മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത ദാസന്മാരായിരുന്നു. അതേപോലെ ഇന്ന് ഇന്ത്യയിലെ കുത്തക മുതലാളിവർഗ്ഗത്തിന്റെ താൽപര്യങ്ങളാണ് ബിജെപിയും നടപ്പിലാക്കുന്നത്. ചൂഷിതരായ കോടിക്കണക്കിന് ഇന്ത്യക്കാർ ഈ ചൂഷകവർഗ്ഗത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതാനുള്ള സാധ്യത ഇല്ലാതാക്കാനാണ് അവരുടെ ശ്രമം.
സമീപകാലത്തായി അവരുടെ പകയുടെ മുന മുസ്ലീങ്ങൾക്കെതിരെ മാത്രമല്ല, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയും തിരിയുന്നതുകാണാം. ഒഡീഷയും മധ്യപ്രദേശും ഛത്തിസ്ഗഢും ഡൽഹിയുമടക്കം പല സംസ്ഥാനങ്ങളിലും ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ തിരഞ്ഞുപിടിച്ച്, അവർ ഇന്ത്യാക്കാരാണെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ഉണ്ടായിരുന്നിട്ടും അന്യായമായി തടങ്കലിൽ വക്കുകയും പലരെയും കൂട്ടമായി ബംഗ്ലാദേശിലേക്ക് നാടുകടത്തുകയും ചെയ്തു. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കാനെന്ന പേരിലാണ് ഈ നടപടികൾ. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഇത് ഭീതി വിതക്കുന്നു. ഭരണവർഗ്ഗം തിരഞ്ഞെടുത്ത ചില ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘പ്രത്യേക അവലോകനം’ എന്ന പരിപാടിയാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്നത്. ഇതിന്റെ പേരിൽത്തന്നെയാണ് ബീഹാറിൽ വോട്ടർ പട്ടിക പുതുക്കുന്നു എന്ന വ്യാജേന ലക്ഷക്കണക്കിനാളുകളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത്.
നാടും വീടുംവിട്ട് ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ പ്രധാന ഉന്നം. അത്തരക്കാരെ തിരഞ്ഞുപിടിച്ച് അവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമല്ല, മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നു. അത്ഭുതമെന്ന് പറയട്ടെ പാസ്പോർട്ട് എടുക്കുന്നതിനുപോലും തെളിവായി സ്വീകരിക്കുന്ന ആധാർകാർഡ് വോട്ടുചെയ്യാൻ മതിയായ രേഖയല്ല! ആധാർകാർഡും വോട്ടർ ഐഡി കാർഡും കൃത്രിമമാണെന്നാണ് ആക്ഷേപം. അങ്ങനെയാണെങ്കിൽ അത് ഗവൺമെന്റിന്റെ വീഴ്ചയല്ലേ? ഇങ്ങനെ കൃത്രിമം നടത്തുന്നവരെ കണ്ടെത്തിയിട്ടുണ്ടോ? അതിന്റെപേരിൽ സാധാരണ മനുഷ്യരെ ദ്രോഹിക്കുന്നതെന്തിന്? ഇലക്ഷൻ കമ്മീഷൻ തന്നെയാണ്, അപേക്ഷകളുടെ നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം വോട്ടർ ഐഡി കാർഡുകൾ നൽകുന്നത്. അത് ആധികാരിക രേഖയല്ലെന്നാണ് ഇപ്പോൾ കമ്മീഷൻ പറയുന്നത്. ഇത്രയും കാലം അവർ എന്തു ചെയ്യുകയായിരുന്നു?


പാവപ്പെട്ട മനുഷ്യർ പല കാരണങ്ങൾ കൊണ്ടും നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായേക്കാം. പ്രകൃതിദുരന്തങ്ങളും ഭരണകൂടം തന്നെ സൃഷ്ടിക്കുന്ന കലാപങ്ങളും മൂലം അവർ അഭയാർത്ഥികളായി മാറുന്നു. അത്തരം സന്ദർഭങ്ങളിൽ സുപ്രധാനമായ രേഖകൾ അവർക്ക് നഷ്ടപ്പെട്ടേക്കാം. അതിന് അവരാണോ കുറ്റക്കാർ? പ്രത്യേക അവലോകനത്തിന്റെ കാര്യം പറഞ്ഞ് പൊടുന്നനെ നടത്തുന്ന ഈ വ്യായാമം ജനങ്ങളിൽ ഭീതി വിതക്കാനും ശരിയായ വോട്ടർമാരെ നീക്കം ചെയ്യാനും വേണ്ടിയുള്ളതാണ്. പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ ബിഹാറിൽ 65 ലക്ഷത്തോളം പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിൽ.
പൗരത്വം തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനില്ല. ആഭ്യന്തര മന്ത്രാലയമാണ് അത് ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപരിധി ലംഘിച്ച്‌ പൗരത്വ വിഷയത്തിൽ ഇടപെടുമ്പോൾ ഗവൺമെന്റ് മൗനം പാലിക്കുന്നു.


ബംഗാളി മുസ്ലീങ്ങളെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തുന്നു


തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാർ സംവിധാനവും ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടുപിടിക്കാനുള്ള യജ്ഞം തുടങ്ങിയിരിക്കുകയാണ്. എങ്ങനെയാണവർ അത്തരക്കാരെ കണ്ടുപിടിക്കുന്നത്? ബംഗാളിനുപുറത്ത് ആരെങ്കിലും ബംഗാളി സംസാരിക്കുകയും അവർ മുസ്ലീം ആയിരിക്കുകയും ചെയ്താൽ ബംഗ്ലാദേശികളായി! ബംഗാളിൽനിന്ന് തൊഴിലിനായി വിവിധസംസ്ഥാനങ്ങളിലേക്കു പോകുന്ന തൊഴിലാളികളാണ് ഇവരുടെ ഇരകൾ. ഉദാഹരണത്തിന്, ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് ജയ്ഹിന്ദ് കോളനിയിൽ ഒട്ടനവധി ബംഗാളി തൊഴിലാളികൾ താമസിക്കുന്നു. ഡൽഹിയിലെ ബിജെപി സർക്കാർ അവരുടെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. ഗത്യന്തരമില്ലാതെ അവർ സ്വകാര്യ വാട്ടർ ടാങ്കറുകൾ വരുത്തിയപ്പോൾ ദ്രുതകർമ്മ സേന ഇടപെട്ട് അതും തടഞ്ഞു. ആ കോളനി ഒഴിപ്പിക്കാനുള്ള ഉത്തരവ് ഡൽഹിക്കോടതി തടഞ്ഞുവച്ചിരിക്കുകയാണ്. ബംഗാളി സംസാരിക്കുന്നു എന്നതിന്റെ പേരിൽ അവരെ ക്രിമിനലുകളായി കാണുന്നു. രാജസ്ഥാനിൽ ഏതാണ്ട് നാനൂറോളം ബംഗാളി തൊഴിലാളികളെ അറസ്റ്റു ചെയ്തിരിക്കുന്നു. ഗുജറാത്തിൽ ബംഗാളി തൊഴിലാളികളുടെ വീടുകളിൽ രാത്രി പോലീസ് അതിക്രമിച്ചു കയറി ബംഗ്ലാദേശികളെന്നു വിളിച്ച്‌ അവരെ തല്ലിച്ചതച്ചു. എന്തിനാണ് പാവപ്പെട്ട ബംഗാളി മുസ്ലീങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്? അവരെ ഭയപ്പെടുത്തുക, പ്രതിഷേധിക്കാൻ ശേഷി ഇല്ലാത്തവരായി മാറ്റുക- ഇതാണ് ഗവൺമെന്റിന്റെ ലക്ഷ്യം. മുൻ കാലങ്ങളിൽ വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിച്ചാണ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഭരണ സംവിധാനംതന്നെ ഉപയോഗിച്ച് അവരെ ഭീതിയിലാക്കുന്നു.


ഡൽഹി പോലീസ് ചാണക്യപുരിയിലുള്ള ‘വംഗഭവന്’ എഴുതിയ ഒരു കത്തിൽ ബംഗാളിയെ വിശേഷിപ്പിച്ചത് ‘ബംഗ്ലാദേശിഭാഷ’ എന്നാണ്. ബിജെപിയുടെ കുപ്രസിദ്ധമായ ഐടി സെല്ലിന്റെ മേധാവി അമിത് മാളവ്യ പറഞ്ഞത് ബംഗാളി എന്ന ഭാഷ തന്നെ ഇല്ലെന്നാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപെട്ട 22 ഭാഷകളിൽ ഒന്നാണ് ബംഗാളി. ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയും കൂടിയാണത്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെയും നവോത്ഥാനത്തിന്റെയും മുൻനിര നേതാക്കന്മാരായിരുന്ന സുഭാഷ്ചന്ദ്ര ബോസിനെയും രവീന്ദ്രനാഥ ടാഗോറിനെയും പോലുള്ള നിരവധി മഹാരഥന്മാരുടെ മാതൃഭാഷ!
ഇതൊന്നും ബിജെപിക്കോ ആർഎസ്എസിനോ അറിയാത്തതല്ല. ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും പേരിൽ ഭിന്നിപ്പിക്കാനുള്ള അവരുടെ തന്ത്രത്തിന്റെ ഭാഗമാണിത്. ഏതാനും വർഷങ്ങൾക്കുമുമ്പ് അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ പേരിൽ ഉണ്ടാക്കിയ കോലാഹലങ്ങൾ നാം മറന്നിട്ടില്ല. കോടികൾ ചെലവിട്ട് നടത്തിയ ആ പരിപാടിയുടെ ഉദ്ദേശ്യം എന്തായിരുന്നു? പാവപ്പെട്ട മുസ്ലീങ്ങളെ ബംഗ്ലാദേശികൾ എന്ന് ചാപ്പകുത്തുക, പലരെയും ക്രിമിനലുകൾ എന്നപോലെ തടങ്കലിലാക്കി, ചിലരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. അക്കൂട്ടത്തിൽ പലരുടെയും ഭൂമി കൈക്കലാക്കാൻ വമ്പൻ വ്യവസായികൾക്ക് അവസരം ഉണ്ടാക്കി. ഇന്നിപ്പോൾ ബംഗ്ലാദേശുമായുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശി വിരുദ്ധ വികാരം കുത്തിയിളക്കാനും പോലീസ് വേട്ടകൾ ഉപയോഗിക്കുന്നു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നതിനോടൊപ്പം ബംഗാളിൽ ബംഗാളികളുടെ വികാരം ആളിക്കത്തിക്കാനും ശ്രമിക്കുന്നുണ്ട്. അസമിലാകട്ടെ അസാമി വികാരം ആളിക്കത്തിക്കുന്നു. ഇങ്ങനെ ഭാഷയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. എസ്‌യുസിഐ(സി)യുടെ സ്ഥാപകനും സമുന്നത മാർക്സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്‌ദാസ് ഘോഷ് വളരെമുമ്പുതന്നെ ചൂണ്ടിക്കാണിച്ചു: “വിദേശ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന കാലത്ത് വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ ജനത, വിവിധ മതങ്ങളിൽ വിശ്വസിച്ച ഇന്ത്യൻ ജനത ഒരുമിച്ചുചേരുകയും രാഷ്ട്രീയമായി ഒന്നിക്കുകയും ചെയ്തു. എന്നാൽ സാമൂഹ്യമായും സാംസ്കാരികമായും ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും ഫ്യൂഡലിസത്തിനെതിരെ പൊരുതി സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിലും നമ്മുടെ ദേശീയപ്രസ്ഥാനം പരാജയപ്പെട്ടു. തൽഫലമായി ഇന്ത്യൻ ജനത ഇന്നും ഭാഷയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും മേഖലയിൽ ഭിന്നിച്ചിരിക്കുന്നു.”സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ ഭിന്നതകൾ ഇല്ലാതാക്കാനല്ല, മറിച്ച് അവ വർദ്ധിപ്പിക്കാനാണ് ഗവൺമെന്റുകൾ ശ്രമിച്ചത്.


നമ്മൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം ഭരണാധികാരികളും ഭരണവർഗ്ഗ പാർട്ടികളും ജനങ്ങളെ ഭിന്നിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോഴും സാധാരണ ജനങ്ങളിൽ ഭൂരിഭാഗവും പരസ്പര സഹകരണത്തിനും സഹവർത്തിത്വത്തിലും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നതാണ്. തങ്ങൾക്കിടയിൽ ഐക്യം തകരരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനാൽതന്നെ രാഷ്ട്രീയ പാർട്ടികളുടെ, വിശിഷ്യ ആർഎസ്എസിന്റെയും ബിജെപിയുടെയും കുതന്ത്രങ്ങൾ ജനങ്ങൾക്കുമുന്നിൽ തുറന്നു കാണിക്കേണ്ടതുണ്ട്. എന്നാൽ ഭരണവർഗത്തിന്റെ കുതന്ത്രങ്ങളും വർഗീയപ്രചാരണവും തടയാന്‍ കേവലം മുദ്രാവാക്യങ്ങൾ മതിയാവില്ല. ജാതി, മത, ഭാഷാഭേദമെന്യേ സർവ്വജനങ്ങളും ജീവൽപ്രധാനങ്ങളായ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച്, യോജിച്ച, കരുത്തുറ്റ ജനകീയപ്രക്ഷോഭങ്ങളിൽ അണിനിരന്നുകൊണ്ട് മാത്രമേ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാൻ സാധിക്കുകയുള്ളൂ. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരോടൊത്ത് പ്രക്ഷോഭത്തിൽ അണിനിരക്കാനും ഐക്യവും സമാധാനവും കാംക്ഷിക്കുന്ന മുഴുവൻ ജനങ്ങളും ഒത്തുചേരുമ്പോൾ മാത്രമേ ബിജെപിയുടെയും ആർഎസ്എസിന്റെയും ഈ ഹീന തന്ത്രങ്ങളെ പരാജയപ്പെടുത്താനും ആത്യന്തികമായി ഏകാധിപത്യ ഭരണത്തിന് അറുതി വരുത്താനും നമുക്ക് കഴിയൂ. അങ്ങനെ മാത്രമേ ജനങ്ങളുടെ യഥാർത്ഥ അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

Share this post

scroll to top