ഉദാരതാവാദത്തെ ചെറുക്കുക – മാവോ സേ തുങ്

Mao-Zedong.webp
Share

സൈദ്ധാന്തിക പാഠങ്ങൾ

സജീവമായ പ്രത്യയശാസ്ത്ര സമരത്തിനുവേണ്ടി നമ്മൾ നിലകൊള്ളുന്നു. കാരണം, നമ്മുടെ ലക്ഷ്യം നേടിയെടുക്കുന്നതിനായി, നമ്മുടെ പാർട്ടിയിലെയും വിപ്ലവസംഘടനകളിലെയും ഐക്യം ഉറപ്പാക്കുന്നതിനുള്ള ആയുധമാണത്. എല്ലാ കമ്മ്യൂണിസ്റ്റുകളും വിപ്ലവകാരികളും ഈ ആയുധമെടുക്കേണ്ടതുണ്ട്.
എന്നാൽ ഉദാരതാവാദം(Liberalism) പ്രത്യയശാസ്ത്ര സമരത്തെ നിരാകരിക്കുകയും തത്വദീക്ഷയില്ലാത്ത ശാന്തതയ്ക്കായി നിലകൊള്ളുകയും അതുവഴി, ജീർണ്ണവും സംസ്കാരവിരുദ്ധവുമായ (Philistine) മനോഘടനയ്ക്ക് ജന്മം നൽകുകയും പാർട്ടിയിലെയും വിപ്ലവസംഘടനകളിലെയും ഘടകങ്ങളിലും അംഗങ്ങളിലും രാഷ്ട്രീയജീർണ്ണത നിറയ്ക്കുകയും ചെയ്യുന്നു.
ഉദാരതാവാദം വിഭിന്നങ്ങളായ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
ഒരു വ്യക്തി സ്പഷ്ടമായും തെറ്റിന്റെ ഭാഗത്തേക്കു പോകുമ്പോൾ, അദ്ദേഹം പഴയ പരിചയക്കാരനോ നാട്ടുകാരനോ സഹപാഠിയോ ഉറ്റസുഹൃത്തോ സ്നേഹഭാജനമോ പഴയ സഹപ്രവർത്തകരിലൊരാളോ കീഴ്ജീവനക്കാരനോ ആണെന്നൊക്കെയുള്ള പരിഗണനയിൽ, പ്രശ്നമൊന്നുമുണ്ടാക്കണ്ട എന്നു കരുതി, തത്വദീക്ഷയോടെയുള്ള വാദപ്രതിവാദങ്ങളിൽ നിന്നൊഴിഞ്ഞു മാറി കാര്യങ്ങളെ അതിന്റെ വഴിക്കു വിടുക, അല്ലെങ്കിൽ നല്ല ബന്ധം നിലനിർത്താൻ പ്രശ്നത്തിന്റെ ആഴത്തിലേക്കു കടക്കാതെ മൃദുവായി തൊട്ടുപോകുക മാത്രം ചെയ്യുക എന്ന സമീപനമെടുക്കുന്നു. വ്യക്തിക്കും സംഘടനയ്ക്കും പരിക്കേൽക്കുന്നു എന്നതാണിതിന്റെ പരിണതഫലം. ഇതാ ണ് ഒരു തരം ഉദാരതാവാദം.


സ്വന്തം നിർദ്ദേശങ്ങൾ സജീവമായി സംഘടനയ്ക്കു മുമ്പിൽ അവതരിപ്പിക്കുന്നതിനു പകരം സ്വകാര്യമായി, നിരുത്തരവാദപരമായ വിമർശനങ്ങൾ ഉന്നയിക്കുക, ആളുകളുടെ മുഖത്തു നോക്കിപ്പറയാതെ പിന്നിൽനിന്ന് ഏഷണി പറയുക, അല്ലെങ്കിൽ യോഗത്തിൽവെച്ച് ഒന്നും പറയാതെ പിന്നീട് അപവാദം പറയുക, കൂട്ടായ ജീവിതത്തിന്റെ തത്വങ്ങൾക്ക് യാതൊരു വിലയും കൊടുക്കാതെ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുക. ഇതാണ് രണ്ടാമത്തെ തരം ഉദാരതാവാദം.
വ്യക്തിപരമായി തന്നെ ബാധിക്കുന്നില്ലെങ്കിൽ കാര്യങ്ങളെ അതിന്റെ വഴിക്കുവിടുക; എന്താണ് തെറ്റെന്നറിയാമെങ്കിലും കഴിയുന്നത്ര കുറച്ചുമാത്രം സംസാരിക്കുകയും പ്രായോഗികമിതത്വം കാണിച്ച് സുരക്ഷിതമായിരിക്കാൻ ശ്രമിക്കുകയും കുറ്റപ്പെടുത്തലുകളിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുക. ഇതാണ് മൂന്നാമത്തെ തരം.
ഉത്തരവുകൾ അനുസരിക്കാതിരിക്കുകയും സ്വന്തം അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുക. സംഘടനയിൽനിന്നു പ്രത്യേക പരിഗണന ആവശ്യപ്പെടുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുക. ഇതാണ് നാലാമത്തേത്.


ഐക്യത്തിനും പുരോഗതിക്കുംവേണ്ടി, പ്രവൃത്തികൾ ശരിയായി പൂർത്തീകരിക്കുന്നതിനും തെറ്റായ വീക്ഷണങ്ങൾക്കെതിരെ വാദിക്കുകയും പോരാടുകയും  ചെയ്യുന്നതിനും പകരം, വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയും വഴക്കിനുള്ള കാരണങ്ങൾ കണ്ടെത്തുകയും വ്യക്തിപരമായ വിദ്വേഷം പടർത്തി പ്രതികാരത്തിനൊരുങ്ങുകയും ചെയ്യുക എന്നതാണ് അഞ്ചാമത്തെ തരം ഉദാരതാവാദം.
തെറ്റായ വീക്ഷണഗതികളെ ചെറുക്കാതെ സ്വീകരിക്കുക, വിപ്ലവവിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾക്കുപോലും ചെവികൊടുക്കുകയും അവ റിപ്പോർട്ടു ചെയ്യാതിരിക്കുകയും അവയെ ഗൗരവത്തിലെടുക്കാതെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ശാന്തമായി സ്വീകരിക്കുകയും ചെയ്യുക. ഇതാണ് ആറാമത്തേത്.
ജനങ്ങൾക്കിടയിലിരിക്കുമ്പോഴും പ്രചാരണപ്രവർത്തനങ്ങളും പ്രക്ഷോഭണങ്ങളും നടത്താതിരിക്കുകയും യോഗങ്ങളിൽ സംസാരിക്കാതിരിക്കുകയും ജനങ്ങൾക്കിടയിൽ നിരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്താതിരിക്കുകയും പകരം അവരോട് നിസ്സംഗത പുലർത്തുകയും അവരുടെ ക്ഷേമത്തിൽ ഒരു താല്പര്യവും കാണിക്കാതിരിക്കുകയും കമ്മ്യൂണിസ്റ്റാണെന്ന കാര്യം മറന്ന് ഒരു സാധാരണ കമ്മ്യൂണിസ്റ്റിതരവ്യക്തിയെപ്പോലെ പെരുമാറുകയും ചെയ്യുക. ഇതാണ് ഏഴാമത്തെ തരം.
ഒരാൾ ജനതാല്പര്യത്തിനു ക്ഷതംവരുത്തുന്നതു കണ്ടിട്ടും അതിൽ ധാർമ്മികരോഷം ഉണ്ടാകാതിരിക്കുകയും അയാളെ അതിൽനിന്നു പിന്തിരിപ്പിക്കാനോ തടയാനോ ശ്രമിക്കാതെ അതു തുടരാനുവദിക്കുകയും ചെയ്യുക. ഇതാണ് എട്ടാമത്തെ തരം.
വ്യക്തമായ ഒരു പദ്ധതിയോ ദിശയോ ഇല്ലാതെ പകുതി മനസ്സോടെ പ്രവർത്തനങ്ങളിലേർ പ്പെടുകയും “സന്യാസിയായിരിക്കുന്നിടത്തോളം കാലം മണിയടിക്കണമല്ലോ” എന്ന മട്ടിൽ അലസമായിരിക്കുകയും ചെയ്യുക. ഇതാണ് ഒമ്പതാമത്തേത്.
വിപ്ലവത്തിനു വലിയ സേവനങ്ങൾ ചെയ്തയാളെന്നു സ്വയം കരുതുകയും മുതിർന്ന നേതാവിനെപ്പോലെ പെരുമാറുകയും പ്രധാന ഉത്തരവാദിത്തങ്ങൾ  ഏറ്റെടുക്കാൻ ശേഷിയില്ലാതിരിക്കെത്തന്നെ ചെറിയ ജോലികൾ ഏറ്റെടുക്കാൻ വിസമ്മതിക്കുകയും പ്രവർത്തനങ്ങളിൽ അശ്രദ്ധമായി ഇടപെടുകയും പഠനങ്ങളിൽ ഉദാസീനത കാണിക്കുകയും ചെയ്യുക. ഇതാണ് പത്താമത്തെ തരം ഉദാരതാവാദം.
സ്വന്തം തെറ്റുകളെക്കുറിച്ചു ബോധമുണ്ടെങ്കിലും അവ പരിഹരിക്കാൻ യാതൊരു ശ്രമവും നടത്താതിരിക്കുകയും തന്നോടുതന്നെ ഉദാരസമീപനം കൈക്കൊള്ളുകയും ചെയ്യുക. ഇതാണ് പതിനൊന്നാമത്തെ തരം.


ഇനിയും നമുക്കിതു കൂട്ടാം. എന്നാൽ ഈ പതിനൊന്നെണ്ണമാണ് പ്രധാനപ്പെട്ടവ.
ഉദാരതാവാദത്തിന്റെ പ്രകടിതരൂപങ്ങളാണിവയെല്ലാം. ഒരു വിപ്ലവക്കൂട്ടായ്മയിൽ ഉദാരതാവാദം അങ്ങേയറ്റം ഹാനികരമാണ്.
ഐക്യത്തെ കാർന്നുതിന്നുന്നതും പരസ്പരബന്ധത്തെ തകർക്കുന്നതും താല്പര്യമില്ലായ്മയും അനൈക്യവും വളർത്തുന്നതുമാണിത്. വിപ്ലവഅണികളിൽനിന്ന് അതിന്റെ ഉറച്ച സംഘടനയെയും കർശനമായ അച്ചടക്കത്തെയും അപഹരിക്കുകയും നയങ്ങൾ നടപ്പാക്കുന്നതിനെ തടയുകയും പാർട്ടിസംഘടനയെ അതു നയിക്കുന്ന ജനങ്ങളിൽ നിന്നൊറ്റപ്പെടുത്തുകയും ചെയ്യുന്നതാണിത്. അങ്ങേയറ്റം മോശമായ പ്രവണതയാണിത്.
പെറ്റിബൂർഷ്വാ സ്വാർത്ഥതയിൽനിന്നാണ് ഉദാരതാവാദം ഉടലെടുക്കുന്നത്. അത് വ്യക്തിതാല്പര്യത്തെ മുന്നിൽ പ്രതിഷ്ഠി ക്കുകയും വിപ്ലവതാല്പര്യത്തെ രണ്ടാമതായി കണക്കാക്കുകയും ചെയ്യും. അങ്ങനെ അത് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ ഉദാരതാവാദത്തിനു ജന്മംനൽകുന്നു.
ഉദാരതാവാദികൾ മാർക്സിസത്തിന്റെ തത്വങ്ങളെ വെറും വരട്ടുതത്വങ്ങളായി കാണുന്നു. അവർ മാർക്സിസത്തെ ശരിവയ്ക്കുന്നു. പക്ഷേ, അതു പ്രയോഗിക്കുന്നതിന്, സമ്പൂർണ്ണമായി പ്രയോഗിക്കുന്നതിന് തയ്യാറല്ല. തങ്ങളുടെ ഉദാരതാവാദസമീപനത്തിനു പകരം മാർക്സിസത്തെ സ്ഥാപിക്കാൻ അവർ തയ്യാറല്ല. അവർക്ക് അവരുടേതായ മാർക്സിസമുണ്ട്. അതോടൊപ്പം അവരുടെ ഉദാരതാവാദവുമുണ്ട്. അവർ മാർക്സിസം പറയുകയും ഉദാരതാവാദം പ്രവർത്തിക്കു കയും ചെയ്യും. മറ്റുള്ളവരിൽ മാർക്സിസം പ്രയോഗിക്കും സ്വന്തം കാര്യത്തിൽ ഉദാരതാവാദവും. രണ്ടും അവർ കൈവശം വയ്ക്കും. രണ്ടിനും ഉപയോഗം കണ്ടെത്തുകയും ചെയ്യും. ഇങ്ങനെയാണു ചിലരുടെ മനസ്സു പ്രവർത്തിക്കുന്നത്.
ഉദാരതാവാദം അവസരവാദത്തിന്റെ പ്രകടിതരൂപമാണ്. അത് അടിസ്ഥാനപരമായി മാർക്സിസത്തിനെതിരാണ്. അതു നിഷേധാത്മകവും വസ്തുനിഷ്ഠമായി ശത്രുവിനെ സഹായിക്കുന്ന ഫലമുള്ളതുമാണ്. അതുകൊണ്ടാണ് നമ്മുടെ മനസ്സുകളിൽ അതു നിലനിർത്തുന്നതിനെ ശത്രുക്കൾ സ്വാഗതം ചെയ്യുന്നത്. ഇതാണതിന്റെ സ്വഭാവമെന്നിരിക്കെ വിപ്ലവത്തിന്റെ അണികളിൽ അതിനു യാതൊരു സ്ഥാനവുമുണ്ടാകാൻ പാടില്ല.


നിഷേധാത്മകമായ ഉദാരതാവാദത്തെ മറികടക്കുന്നതിന് നാം വിപ്ലവചൈതന്യത്തെ ഉദ്ദീപിപ്പിക്കുന്ന മാർക്സിസത്തെ ഉപയോഗിക്കണം. കമ്മ്യൂണിസ്റ്റുകൾക്ക് ഹൃദയവിശാലത വേണം. അയാൾ സജീവമായി ദൃഢതയോടെ നിലകൊള്ളുകയും വേണം. വിപ്ലവത്തിന്റെ താല്പര്യം സ്വന്തം ജീവിതചര്യയായി കണക്കാക്കി, സ്വന്തം താല്പര്യം വിപ്ലവത്തിന്റെ താല്പര്യങ്ങൾക്കു താഴെ പ്രതിഷ്ഠിക്കുകയും പാർട്ടിയുടെ സാമൂഹികജീവിതത്തെ ശക്തിപ്പെടുത്താനും പാർട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും എവിടെയും എല്ലായ്പ്പോഴും തത്വാധിഷ്ഠിതമായി നിലകൊള്ളുകയും തെറ്റായ ധാരണകൾക്കും പ്രവൃത്തികൾക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമരം നടത്തുകയും വേണം. ഏതെങ്കിലുമൊരു വ്യക്തിയേക്കാൾ പാർട്ടിയെയും ബഹുജനങ്ങളെയും സ്വന്തം താല്പര്യങ്ങളേക്കാൾ മറ്റുള്ളവരുടെ താല്പര്യങ്ങളെയും അദ്ദേഹം കൂടുതലായി പരിഗണിക്കണം. അപ്പോൾ മാത്രമേ അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റായി കരുതാനാകൂ.
നമുക്കിടയിലെ ചിലർ പ്രദർശിപ്പിക്കുന്ന ഉദാരതാവാദസമീപനത്തെ ചെറുക്കാനും അവരെ നേർവഴിക്കു കൊണ്ടുവരാനും, പാർട്ടിയോടു കൂറുള്ള സത്യസന്ധരും സജീവമായി പ്രവർത്തിക്കു ന്നവരുമായ എല്ലാ കമ്മ്യൂണിസ്റ്റുകളും ഒന്നിക്കേണ്ടതാണ്. പ്രത്യയ ശാസ്ത്ര മേഖലയിലെ ഉത്തരവാദിത്തങ്ങളിൽ പ്രധാനപ്പെട്ടതാണിത്.
(7 സെപ്തംബർ 1937,Collected Works, Vol. 1)

Share this post

scroll to top