മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനദ്രോഹ – കുത്തകാനുകൂല ലേബർ കോഡുകൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്ത വേദി ആഹ്വാനം ചെയ്ത, ഫെബ്രുവരി 12 അഖിലേന്ത്യ പൊതുപണിമുടക്ക് വിജയിപ്പിക്കുക

Share

രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ഒന്നടങ്കമുള്ള  എതിർപ്പുകളെ അവഗണിച്ചുകൊണ്ട്, അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ രീതിയിൽ മോദി സർക്കാർ നാല് ലേബർ കോഡുകൾ 2025 നവംബർ 21മുതൽ നടപ്പിലാക്കാൻ  വിജ്ഞാപനം ചെയ്തിരിക്കുകയാണ്. ഇതിലൂടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന 29 സുപ്രധാന തൊഴിൽ നിയമങ്ങൾ അസാധുവാക്കപ്പെട്ടിരിക്കുന്നു.

ബ്രിട്ടീഷ് വാഴ്ചക്കാലം മുതൽ നമ്മുടെ രാജ്യത്തെ തൊഴിലാളിവർഗ്ഗം അനേകം കഠിന സമരങ്ങളിലൂടെ സ്ഥാപിച്ചെടുത്ത തൊഴിൽ നിയമങ്ങളാണ് ഇന്ന് കേന്ദ്ര സർക്കാർ ലേബർ കോഡുകളിലൂടെ കവർന്നെടുത്തിരിക്കുന്നത്. ഈ തൊഴിൽ നിയമങ്ങൾ ഒരോന്നും  നിലവിൽ വന്നതിനു പിന്നിൽ സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും നടത്തിയ നിരന്തര തൊഴിലാളി പ്രക്ഷോഭണങ്ങളുടെ ചരിത്രമുണ്ട്. ചരിത്രത്തെ കുഴിച്ചുമൂടുകയും വളച്ചൊടിക്കുകയും ചെയ്യുന്ന മോദി സർക്കാർ രാജ്യത്തിന്റെ തൊഴിലാളി സമര ചരിത്രത്തെയും ചവറ്റുകൊട്ടയിലേയ്ക്ക് എറിഞ്ഞു.


ലേബർ കോഡുകളനുസരിച്ച് തൊഴിലെന്നാൽ അടിമപ്പണിയ്ക്ക് സമാനമായ ഒന്നായിരിക്കും. സ്ഥിരം തൊഴിലിന്റെ സ്ഥാനത്തു നിശ്ചിതകാല തൊഴിലും (Fixed Term Employment) കരാർ തൊഴിലും (Contract Labour) മാത്രമായിരിക്കും. ലേബർ കോഡുകളിലൂടെ ഇത് നിയമപരമാക്കിയിരിക്കുന്നു. ഇനി മുതൽ സ്ഥിരം തൊഴിലുകൾ ഉണ്ടായിരിക്കുകയില്ലെന്ന കോഡുകളുടെ പ്രഖ്യാപനം  തൊഴിലാളികളെ മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് വരുന്ന യുവതലമുറയെക്കൂടി ഗുരുതരമായി ബാധിക്കും.
മുന്നൂറോ അതിൽ താഴെയോ എണ്ണം തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു ഇനിമുതൽ സർക്കാരിന്റെ മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് വ്യവസായബന്ധ കോഡിൽ പറയുന്നു. ഇത് രാജ്യത്തെ മഹാഭൂരിപക്ഷം ഫാക്ടറികളിലും സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളെ തൊഴിൽ നിയമങ്ങളുടെ സംരക്ഷണത്തിൽ നിന്നും വെളിയിലാക്കുന്നു. ഒപ്പം, ചാരിറ്റി എന്ന പേരിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങൾക്കും തൊഴിൽ നിയമങ്ങൾ ബാധകമല്ലെന്ന് കോഡ് പറയുന്നു.
മഹത്തായ മെയ്‌ദിന പോരാട്ടത്തിന്റെ അനശ്വര രക്തസാക്ഷിത്വത്തിലൂടെ സ്ഥാപിക്കപ്പെട്ട 8 മണിക്കൂർ തൊഴിൽ എന്ന സാർവ്വദേശീയ തൊഴിലവകാശവും കോഡുകൾ നിർദാക്ഷിണ്യം കവർന്നെടുത്തു. 12 മുതൽ 16 മണിക്കൂർ വരെ തൊഴിലാളിയെക്കൊണ്ട് നിയമപരമായി  പണിയെടുപ്പിക്കാമെന്നാണ് കോഡുകൾ കോർപ്പറേറ്റുകൾക്ക് നൽകുന്ന ഉറപ്പ്. തൊഴിലാളികൾ നാടിന്റെ വികസനത്തിനായി ആഴ്ചയിൽ 90-100 മണിക്കൂർ പണിയെടുക്കാൻ തയ്യാറാകണമെന്ന കോർപ്പറേറ്റ് മേധാവികളുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ സർക്കാരിനുള്ള  ദിശാസൂചകമാണ്. മിനിമം കൂലിയെന്ന അവകാശംതന്നെ എടുത്ത് കളഞ്ഞുകൊണ്ട് തറക്കൂലി (Floor Wage) എന്ന പേരിൽ കേന്ദ്രം തീരുമാനിക്കുന്ന അടിമക്കൂലി നടപ്പിലാക്കാൻ കോഡിൽ വ്യവസ്ഥയുണ്ട്. 178 രൂപയാണ് ഇതിനകം പ്രഖ്യാപിക്കപ്പെട്ട ഫ്ലോർ വേജ് എന്നു കൂടി അറിയണം.


പണിമുടക്കാനും അവകാശങ്ങൾ പിടിച്ചുപറ്റാനുമുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശവും കോഡുകൾ ഇല്ലാതാക്കുന്നു. പണിമുടക്കാൻ, അവശ്യ സേവന മേഖലകളിൽ മാത്രം ബാധകമായിരുന്ന പതിന്നാല് ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ എല്ലാ തൊഴിൽ മേഖലയിലും ബാധകമാക്കിയിരിക്കുന്നു. ഒപ്പം കൺസിലിയേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞാൽ പണിമുടക്കാൻ പാടില്ലെന്നുമുണ്ട്. ഇതിന് വിരുദ്ധമായി പണിമുടക്കുന്നവരും പണിമുടക്കിനെ പിന്തുണയ്ക്കുന്നവരും കടുത്ത ശിക്ഷകൾ നേരിടേണ്ടി വരും. അതേ സമയം, ഫാക്ടറികളിലും സ്ഥാപനങ്ങളിലും നടക്കുന്ന നിയമലംഘനങ്ങൾക്ക് തൊഴിലുടമകൾ നേരിടേണ്ടിയിരുന്ന തടവുശിക്ഷകൾ ഒഴിവാക്കുകയും കേവലം ചില പിഴശിക്ഷ മാത്രമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താൻ നിലവിലുണ്ടായിരുന്ന എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തെ പൂർണമായും നിർവീര്യമാക്കിയിരിക്കുകയാണ് കോഡുകൾ. ഫാക്ടറി ഇൻസ്‌പെക്ടർമാർ ഇനി മുതൽ തൊഴിലുടമകൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പ്രദാനം ചെയ്യുന്ന ഫെസിലിറ്റേറ്റർമാരായി മാറും. ഫാക്ടറികളിലെ നേരിട്ടുള്ള പരിശോധനകൾ അവസാനിപ്പിച്ച് തൊഴിലുടമകൾ ഓൺലൈനായി നൽകുന്ന രേഖകൾ അംഗീകരിക്കുക എന്നതാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഇനിയുള്ള പ്രധാന ചുമതല.


ലേബർ കോഡ് അനുസരിച്ച് പുതിയ ട്രേഡ് യൂണിയനുകൾ രൂപീകരിക്കാൻ സ്ഥാപനത്തിലെ ആകെയുള്ള തൊഴിലാളികളുടെ 10% അല്ലെങ്കിൽ 100 പേർ വേണമെന്നാണ് വ്യവസ്ഥ. ഇതിലൂടെ ട്രേഡ് യൂണിയൻ രൂപീകരണം ഇനി അസാധ്യമായിത്തീരും. സ്ഥാപനത്തിന് പുറത്തു നിന്നുള്ള ട്രേഡ് യൂണിയൻ ഭാരവാഹികളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. അസംഘടിത തൊഴിൽ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന  തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപം കൊണ്ട തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനവും കോഡുകൾ തടസ്സപ്പെടുത്തിയിരിക്കുന്നു.  നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അസാധ്യമാക്കും വിധം സെസ്സ് പിരിവിന് തടസ്സമാകുന്ന വ്യവസ്‌തകളാണ് സാമൂഹ്യ സുരക്ഷ കോഡിലുള്ളത്.
ഗിഗ് – പ്ലാറ്റുഫോം തൊഴിലാളികൾക്ക് ധാരാളം കാര്യങ്ങൾ എർപ്പെടുത്തിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും തൊഴിലാളി എന്ന നിർവചനത്തിൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് മറച്ചുപിടിക്കുകയാണ്. തൊഴിലുടമയ്ക്കോ സർക്കാരിനോ ഇവരുടെ കാര്യത്തിൽ ഒരു ബാധ്യതയും വരാത്ത സമീപനമാണ് ലേബർ കോഡിലുള്ളത്.
കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച് പ്രചരിപ്പിക്കുന്ന ഒരു വർഷം സേവനകാലാവധിയുള്ളവർക്കും ഗ്രാറ്റുവിറ്റി നൽകുമെന്ന പ്രചരണം യഥാർത്ഥത്തിൽ ഒരു തട്ടിപ്പാണ്.  തൊഴിലാളിയുടെ മരണം, അല്ലെങ്കിൽ ഒരു വർഷത്തേയ്ക്കുള്ള നിശ്ചിത കാല തൊഴിൽ പ്രകാരമുള്ള നിയമനം എന്നീ സന്ദർഭങ്ങളിൽ മാത്രമേ ഇപ്രകാരം ഗ്രാറ്റുവിറ്റി ലഭിക്കുകയുള്ളൂ എന്നാണ് കോഡിൽ പറയുന്നത്. സ്ഥിരം ജോലി തന്നെ ഇല്ലായ്മ ചെയ്തിട്ട് ഗ്രാറ്റുവിറ്റിയെക്കുറിച്ച് പറയുന്നത് ക്രൂരമായ തമാശയായിട്ടേ കാണാൻ കഴിയൂ.


‘ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്സ്’ എന്ന കോർപ്പറേറ്റ് പദ്ധതി രാജ്യത്തെ തൊഴിൽ മേഖലയിൽ നടപ്പിലാക്കി മുതലാളിമാർക്ക് പരമാവധി ലാഭം ഉറപ്പാക്കുകയാണ് ലേബർകോഡുകളിലൂടെ. മുതലാളിവർഗ്ഗ താല്പര്യമാണ് ഇതിലൂടെ ഭരണകൂടം ലക്ഷ്യം വെക്കുന്നത്. ഈ വർഗ്ഗ താല്പര്യത്തിന് നിലകൊള്ളുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് പദ്ധതിയുടെ ഭാഗമാണ് ലേബർ കോഡുകൾ.
തൊഴിൽ എന്നത് കൺകറന്റ് ലിസ്റ്റിൽ പെട്ടതാണെങ്കിലും  ഇന്ത്യയിലെ 32 സംസ്ഥാനങ്ങൾ ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനുവേണ്ടി സംസ്ഥാന റൂളുകൾ ഉണ്ടാക്കാനുള്ള ശ്രമം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളും ഇക്കുട്ടത്തിലുണ്ട് എന്നത് ദുഖകരമാണ്. ഏറ്റവും പരിതാപകരമായ കാര്യം, ഈ കോഡുകളുടെ വർഗ്ഗ താല്പര്യത്തെ തുറന്നു കാട്ടിക്കൊണ്ടും തൊഴിലാളികളെയും മറ്റ് ജനവിഭാഗങ്ങളെയും അണിനിരത്തിക്കൊണ്ടും ശക്തമായ തൊഴിലാളി-ബഹുജന പ്രക്ഷോഭണം കെട്ടിപ്പടുക്കാൻ ബാദ്ധ്യതപ്പെട്ട ഇടതുപക്ഷ ശക്തികൾ ഭരണത്തിലിരിക്കുന്ന കേരളമാണ് കോഡുകൾക്ക്‌ സംസ്ഥാന ചട്ടങ്ങൾ തയ്യാറാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്നതാണ്! കോഡുകൾക്ക് രാജ്യത്ത് ആദ്യമായി കരട് ചട്ടങ്ങൾ തയ്യാറാക്കിയ കേരളത്തിലെ സിപിഐ(എം) ഗവണ്മെന്റ് സംസ്ഥാനത്തെ പല തൊഴിൽ മേഖലകളിലും നിശ്ചിതകാല തൊഴിൽ, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി, തൊഴിലിന്റെ കരാർവൽക്കരണം, തൊഴിൽ എൻഫോഴ്‌സ് മെന്റിനെ ശിഥിലമാക്കൽ തുങ്ങിയ ലേബർ കോഡ് വ്യവസ്ഥകൾ പലതും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ലേബർ കോഡിന്റെ അന്തസത്തയെന്ന് കേന്ദ്ര സർക്കാർ തന്നെ പറയുന്ന ‘ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്’ രാജ്യത്ത്  ഏറ്റവും നല്ലനിലയിൽ നടപ്പിലാക്കിയതിനുള്ള കേന്ദ്രസർക്കാർ അംഗീകാരം തുടർച്ചയായി രണ്ടാം തവണയും കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളം എന്നതും തൊഴിലാളികളെയും സമരശക്തികളെയും ഗുരുതരമായി ആശങ്കപ്പെടുത്തുന്നുണ്ട്.

സംഘടിതമായ ചെറുത്തുനിൽപ്പ് മാത്രമാണ് ഈ സന്ദർഭത്തിൽ തൊഴിലാളിൾക്ക് മുന്നിൽ അവശേഷിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഫെബ്രുവരി 12ന്റെ അഖിലേന്ത്യ പൊതുപണിമുടക്ക് എല്ലാ വിഭാഗീയതകൾക്കും അതീതമായ തൊഴിലാളികളുടെ ഐക്യവും മുന്നേറ്റവും വിളംബരം ചെയ്യുന്ന ഒന്നായി മാറേണ്ടതുണ്ട്. ലേബർ കോഡുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിനു ശേഷം 5 അഖിലേന്ത്യാ പൊതുപണിമുടക്കുകൾ ഉൾപ്പെടെ ഒട്ടേറെ സമരങ്ങൾ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്നു കഴിഞ്ഞു. ഈ തൊഴിലാളി പ്രക്ഷോഭണത്തിന്റെ വിജയത്തിനായി ഇന്ത്യയിലുടനീളം ശക്തമായി പ്രവർത്തിക്കുന്ന കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനയായ എഐയുടിയുസി ഫെബ്രുവരി 12ന്റെ പൊതുപണിമുടക്ക് വൻ വിജയമാക്കാൻ എല്ലാ തൊഴിലാളികളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

Share this post

scroll to top