പിണറായി ഭരണത്തിൽ  ക്രിമിനൽ സംഘമാകുന്ന പോലീസ് 

Police-Slug.jpg
Share

2023 ഏപ്രിൽ 5-ാംതീയതി യൂത്ത് കോൺഗ്രസ് തൃശൂർ, ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ അനുഭവിക്കേണ്ടിവന്ന അതിക്രൂരമായ മർദ്ദനത്തിന്റെ വീഡിയോ ദൃശ്യം കണ്ട് കേരളം ഞെട്ടുകയുണ്ടായി. രണ്ടരവർഷങ്ങൾക്കുശേഷം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഈ  കുറ്റകൃത്യം പുറംലോകം അറിഞ്ഞത്. നീണ്ട നിയമയുദ്ധത്തിനൊടുവിൽ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്.

സംഭവദിവസം രാത്രിയിൽ വഴിയരികിൽ നിൽക്കുകയായിരുന്ന ഏതാനും ചെറുപ്പക്കാരുമായി പോലീസ്  വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടപ്പോൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള ഇടപെടലാണ് സുജിത് നടത്തിയത്. അധികാരഗർവ്വിന് ക്ഷതമേറ്റ പോ ലീസ് ഉദ്യോഗസ്ഥർ സുജിത്തിനെ കസ്റ്റഡിയിൽ എടുക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കി, ഔ ദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ വ്യാജമായിചേർത്ത് കേസ് എടുക്കുകയും പോ ലീസ് സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ സിസിടിവി ഇല്ലാത്ത ഭാഗത്തുവച്ചാണത്രേ കൊടിയ മർദ്ദനങ്ങൾ നടന്നത്. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യപിച്ചിട്ടില്ല എന്നു തെളിഞ്ഞു. കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ എസ്ഐ ഉൾപ്പെടെ നാലുപോലീസുകാർക്കെതിരെ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ െചയ്യാൻ പോലീസ് തയ്യാറായില്ല. ഒടുവിൽ കോടതി ഇടപെടലിനെത്തുടർന്നാണ് കേസ് എടുത്തത്. സിസിടിവി ദൃശ്യങ്ങൾ തെളിവായിട്ടുണ്ടെങ്കിലും സ്ഥലംമാറ്റം എന്ന നിസ്സാരനടപടിയിലൊതുക്കി പോലീസുകാരെ സംരക്ഷിക്കുന്ന സമീപനമാണ് വകുപ്പ് സ്വീകരിച്ചത്. പോലീസിന്റെ ഭീഷണിയിലും ഒത്തുതീർപ്പ് നീക്കങ്ങളിലും വീഴാതെ ഇച്ഛാശക്തിയോടെ പിടിച്ചുനിന്ന് പൊരുതി എന്നതുകൊണ്ടുമാത്രമാണ് ഈ സംഭവം ഇപ്പോൾ പുറംലോകമറിയാൻ ഇടയായത്. ഒരു പൊതുപ്രവർത്തകന്റെ സ്ഥിതിയിതാണെ ങ്കിൽ സാധാരണക്കാരുടെ സ്ഥിതിയെന്തായിരിക്കും എന്നതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്.

പീച്ചിയിൽനിന്നും സമാനമായൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. അതുനടന്നതും 2023ൽ. ഹോട്ടലുടമയ്ക്കും മകനും ജീവനക്കാരനുമാണ് പോലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനമേൽക്കേണ്ടിവന്നത്. ഈ കേസിലും നീണ്ട നിയമയുദ്ധത്തിനുശേഷമാണ് സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്. കുന്നംകുളം വാർത്ത പുറത്തുവന്ന സമയത്തുതന്നെയാണ് തിരുവല്ലയിൽ എഐജിയുടെ വാഹനം ഇടിച്ച് പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിക്കെതിരെ കേസെടുത്ത സംഭവം ഉണ്ടായതും. എഐജി വാഹനത്തിലിരിക്കെ നടന്ന അപകടമായിട്ടുപോലും പരിക്കേറ്റ തൊഴിലാളിക്കെതിരെ കേസെടുത്തു എന്നത് അങ്ങേയറ്റം നിയമവിരുദ്ധമാണ്. മാപ്പർഹിക്കാത്ത അപരാധമാണ്. തൽസ്ഥാനത്തുതുടരാൻ എഐജി അക്കാരണത്താൽത്തന്നെ അയോഗ്യനാണ്.  

‘പോലീസ് അല്ലെങ്കിൽ പിന്നെ എന്റെ മകനെ കൊന്നതാരാണ്’ എന്ന ചോദ്യം ചാട്ടുളിപോലെ കേരള മനസ്സാക്ഷിക്കുമുന്നിലേക്കിട്ടത് എഴുപതുപിന്നിട്ടൊരമ്മയാണ്. ഇരുപതുവർഷംമുമ്പാണ് അവരുടെ മകൻ ഉദയകുമാർ പോലീസ് സ്റ്റേഷനിൽ കൊലചെയ്യപ്പെട്ടത്. പ്രതികളായ പോലീസുകാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനുള്ള ശക്തി കുറ്റപത്രത്തിനുണ്ടാ യിരുന്നില്ല.  പോലീസുകാർ പ്രതികളാകുന്ന കേസുകളിൽ അന്വേഷണം നടത്തുന്നതും എഫ്ഐആർ തയ്യാറാക്കുന്നതും തെളിവും സാക്ഷിമൊഴിയും ശേഖരിക്കുന്നതുമെല്ലാം പോലീസ് തന്നെയാകുമ്പോൾ  അന്വേഷണം വെറും പ്രഹസനമാകും.

സ്വർണ്ണമാല കാണാതായതിന്റെ േപരിൽ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് ഒരു പകലും രാത്രിയും പോലീസ് സ്റ്റേഷനിൽ ഇരുത്തി പീഡിപ്പിച്ച സംഭവം നടന്നതും സമീപകാലത്താണ്. അറസ്റ്റുചെയ്യപ്പെട്ട സ്ത്രീയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തുനടപടിയാണ് സ്വീകരിച്ചത്? സ്ഥലംമാറ്റമോ സസ്പെൻഷനോപോലുള്ള താരതമ്യേന ചെറിയ നടപടികളിൽ ഏതു പ്രമാദമായ കേസും ഒതുങ്ങും എന്നതാണ് ഇത്തരം ക്രിമിനലുകളുടെ ധൈര്യം. സിപിഐ(എം) കണ്ണനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി തനിക്ക് നേരിട്ട പോലീസ് മർദ്ദനം വെളിപ്പെടുത്തുമ്പോൾ, ഭരണകക്ഷിയിൽപ്പെട്ട ആളായാലും സാധാരണക്കാരനായാലും രക്ഷയില്ല എന്നതാണ് വെളിവാകുന്നത്. എന്തായാലും പോലീസ് മർദ്ദന പരാതികളുടെ പ്രളയമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയും പുറത്ത് വരാതെ പോയ എത്രയോ സംഭവങ്ങൾ ഉണ്ടാകാം എന്നതും തീർച്ചയാണ്.

ജനകീയ സമരങ്ങളോടുള്ള പോലീസിന്റെ പക കെറെയിൽ സിൽവർലൈൻ വിരുദ്ധ സമരത്തിൽ നമ്മൾ കണ്ടതാണ്. അങ്ങേയറ്റം സമാധാനപരമായി സമരംചെയ്ത ജനങ്ങൾക്കുമേൽ സംസ്ഥാനത്തുടനീളം അഴിഞ്ഞാടുന്ന പോലീസിനെയാണ് കേരളം കണ്ടത്. എല്ലാത്തരം മര്യാദകളും മനുഷ്യാവകാശങ്ങളും ലംഘിച്ച് സ്ത്രീകളെപ്പോലും തെരുവിൽ വലിച്ചിഴച്ചു, അപമര്യാദയായി പെരുമാറി. പൊതുകാര്യങ്ങളിൽ ഇടപെടാൻ നിൽക്കാതെ അടുക്കളയിലേക്കുമടങ്ങാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർപോലും സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നു. ആലപ്പുഴ തോട്ടപ്പള്ളിയിൽ, കരിമണൽ ഖനനത്തിെനതിരെ സമരം ചെയ്യുന്നവരെയും നിഷ്ഠൂരമായി തല്ലിച്ചതച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ഹെൽമെറ്റും ചെടിച്ചട്ടിയുമുപയോഗിച്ച് തലതല്ലിപ്പൊളിച്ചത്. ഇതിനെ രക്ഷാപ്രവർത്തനം എന്നുവിളിച്ച് പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തരമന്ത്രികൂടെയായ മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ജനാധിപത്യവിരുദ്ധ സമീപനവുമാണ് സമാന സംഭവങ്ങൾ വർദ്ധിക്കുന്നതിന് സാഹചര്യമൊരുക്കുന്നത്. എന്ത് അതിക്രമത്തിനും ആഭ്യന്തരമന്ത്രിയുടെയും സിസ്റ്റത്തിന്റെയും പിന്തുണയുണ്ട് എന്ന ഹുങ്കാണ് പോലീസിന്റെ ക്രൗര്യം വർദ്ധിപ്പിക്കുന്നത്.  

പോലീസിന്റെ ആത്മവീര്യം തകരാതെ സദാ ജാഗരൂകനായിരിക്കുന്ന മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. നൂറുകണക്കിന് ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ നിത്യേന പുറത്തുവരുന്നു. സ്റ്റേഷനുള്ളിലും നിരത്തിലും എന്നുവേണ്ട എവിടെയും പോലീസിന്റെ വിളയാട്ടമാണ് നടക്കുന്നത്.   മൂന്നാംമുറ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച പീഡനമുറകളെപോലും കവച്ചുവയ്ക്കുന്ന ക്രൂരതകളാണ് അരങ്ങേറുന്നത്. സാധാരണക്കാരന് നേരിട്ട് ഒരു പരാതി നൽകാൻ പോയിട്ട്, ഒരു സഹായത്തിനായി പൊതുപ്രവർത്തകരെപ്പോലും കൂടെക്കൂട്ടാൻ സാധിക്കാത്ത അവസ്ഥയാണിന്നുള്ളത്. 

അഴിമതി, ലഹരി ഇടപാടുകൾ, സ്വർണം കള്ളക്കടത്ത്,  മദ്യപിച്ച് പൊതുനിരത്തിൽ അഭ്യാസം നടത്തുകയും  അപകടകരമാംവിധം വാഹനമോടിക്കുകയും ചെയ്യുന്നതടക്കമുള്ള പ്രവൃത്തികൾ, അനധികൃത നിർമ്മാണങ്ങൾ, അനധികൃത ഖനനങ്ങൾ തുടങ്ങി ഏതാണ്ട് എല്ലാ കുറ്റകൃത്യങ്ങളിലും പോലീസിന്റെ സജീവമായ പങ്കുണ്ട്. എല്ലാത്തരം മാഫിയകളുടെയും സംരക്ഷകരായി, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരായി വർത്തിക്കുകയെന്നതാണ്പോലീസിന്റെ പണി. സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ എഡിജിപിക്കെതിരെ ഉയർന്നത് അഴിമതിയുൾപ്പെടെ ഒന്നിലേറെ ഗുരുതരമായ ആരോപണങ്ങളാണ്. മതിയായ തെളിവുകളുണ്ടായിട്ടും ഇയാൾക്ക് ഒരു പോറൽപോലുമേറ്റില്ല, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ക്ലീൻ ചിറ്റ് ഉറപ്പാക്കുന്നതാണ് നാം കണ്ടത്. 

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകൾക്ക് ഏറ്റവും മാതൃകാപരമായ ശിക്ഷതന്നെ നൽകണം. വകുപ്പുതല അന്വേഷണവും ശിക്ഷാ നടപടികളുമല്ല, നിയമപരമായ ശിക്ഷ ഉറപ്പാക്കപ്പെടണം. പോലീസ് സേനയുടെ ജനാധിപത്യവത്ക്കരണം അല്പംപോലും അമാന്തിക്കരുത് എന്നാണ് ഓരോ സംഭവവും ചൂണ്ടിക്കാണിക്കുന്നത്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് നിരക്കുന്ന പരിഷ്കൃതമായ പരിശീലനമല്ല പോലീസിന് ഇന്നുള്ളത്. മനുഷ്യാവകാശങ്ങൾ തെല്ലും പരിഗണിക്കാത്ത, ഫ്യൂഡൽ മൂല്യബോധമോ അതിലും പിന്നാക്കം നിൽക്കുന്ന ബോധ്യങ്ങളോ പേറുന്ന, പൗരാവകാശങ്ങൾക്കുമുകളിൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള ക്രിമിനൽ സംഘമായി തരംതാണിരിക്കുന്നു ഇന്ന് പോലീസ്.   ക്രിമിനലുകളായ ഏതാനും പോലീസുകാരുടെ പ്രശ്നമല്ലിത്.  ക്രിമിനലുകളായ പോലീസുകാരെ വാർത്തെടുക്കുന്ന ഒരു വ്യവസ്ഥയാണ് നിലവിലുള്ളത്. 

2011ലെ കേരള പോലീസ് ആക്ട് പ്രകാരം ഓരോ പൗരന്റെയും ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനും മനുഷ്യാവകാശങ്ങൾക്കും ഭരണഘടനാപരമായ പരിഗണന നൽകി യഥാവിധിയുള്ള സുതാര്യതയോടുകൂടിയ നിയമവാഴ്ച ഉറപ്പാക്കുകയാണ് പോലീസിന്റെ ധർമ്മം. ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ്  ഉദ്യോഗസ്ഥരും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും  സഹാനുഭൂതിയും പ്രകടിപ്പിക്കണമെന്നും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കണമെന്നും പോലീസ് മാന്വൽനിർദ്ദേശിക്കുന്നു. കസ്റ്റഡിയിലുള്ളവരോട് മോശമായി പെരുമാറുകയോ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. കസ്റ്റഡിയിലായിരിക്കുന്ന ആളെ അയാൾ പതിവായി ധരിക്കുന്ന വേഷം ഉപയോഗിക്കാൻ അനുവദിക്കേണ്ടതാണെന്നും മാന്വൽനിഷ്ക്കർഷിക്കുന്നു. 

ഇതൊക്കെ മതിയാകാതെ സമയാസമയങ്ങളിൽ പോലീസ് മേധാവിയുടെ സാരോപദേശങ്ങളടങ്ങിയ സർക്കുലറുകളും ഇറങ്ങാറുണ്ട്. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികളെന്ന നിലയിൽ കോടതിയെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമുള്ള കടലാസ്സുകഷണങ്ങൾ മാത്രമാണ് സർക്കുലറുകൾ. ഇവ പോലീസ് േസ്റ്റഷന്റെ ഭിത്തിയിൽ പതിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുന്ന മേലധികാരികൾ, പോലീസിന്റെ ആഭ്യന്തരയോഗങ്ങളിൽ കുറ്റം തെളിയിക്കാൻ മൂന്നാംമുറ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. ആരെയെങ്കിലും പ്രതിയാക്കി കാര്യക്ഷമത പ്രദർശിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും. പോലീസ് മാന്വലും ചട്ടങ്ങളും അനുശാസിക്കുന്ന നടപടിക്രമം പാലിക്കാത്തവരെ ഒരു നിമിഷനേരത്തേക്കുപോലും പോലീസിൽവച്ചുപൊറുപ്പിക്കില്ല എന്ന കർശനമുന്നറിയിപ്പ് ആന്തരികമായി നൽകില്ല. മാധ്യമങ്ങളിലൂടെയോ കോടതിനടപടികളിലൂടെയോ അതിക്രമത്തിന്റെ വാർത്ത  പുറത്തുവരുന്ന സന്ദർഭങ്ങളിൽ, മറ്റ് മാർഗ്ഗമില്ലാത്തതിനാൽ മാത്രം പോലീസുകാരെ പ്രതിയാക്കുകയല്ലാതെ, സത്യസന്ധമായ അന്വേഷണത്തിലൂടെ കുറ്റവാളികളായ പോലീസുകാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നത് അത്യപൂർവ്വമാണ്. എന്തെങ്കിലും സാഹചര്യത്തിൽ പ്രതിയാക്കപ്പെട്ടാൽ, പരമാവധി പഴുതുകളോടെ കേസ് രജിസ്റ്റർ  ചെയ്ത് സഹപ്രവർത്തകരെ രക്ഷിക്കും. കേസ് നടത്തിപ്പിനായി പോലീസിനുള്ളിൽ പണം പിരിക്കും. ഇതിനെല്ലാം നേതൃത്വം നൽകിക്കൊണ്ട് പോലീസ് അസോസിയേഷൻ പ്രവർത്തിക്കും. അങ്ങിനെ  പോലീസിന്റെ കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ, പോലീസ് ക്രിമിനലുകളെ രക്ഷിക്കാൻ അടിമുടി സജ്ജമായ ഒരു ക്രിമിനൽ സംവിധാനം പോലീസിനുള്ളിൽ പ്രവർത്തിക്കുന്നു. ഇക്കാരണങ്ങളാൽ പോലീസ് അക്രമങ്ങളും ലോക്കപ്പ് മർദ്ദനവും കസ്റ്റഡി മരണവും അന്തമില്ലാതെ തുടരുകതന്നെ ചെയ്യും. ഈ ക്രിമിനൽ സംവിധാനത്തോട് ഏറ്റുമുട്ടാൻ ഒരു സാധാരണ പൗരന് എങ്ങനെ കഴിയും?  രാഷ്ട്രീയനേതൃത്വമാകട്ടെ, ഇതിനൊക്കെ അറുതിവരുത്താൻ തീരുമാനിക്കുകയുമില്ല. രാഷ്ട്രീയ എതിരാളികളെ വകവരുത്താനും തുറുങ്കിലടയ്ക്കാനും കഴിയണമെങ്കിൽ കുറ്റവാളികളുടെ സംഘമായി പൊലീസ് നിലനിൽക്കുക തന്നെ വേണം. ഓരോ കസ്റ്റഡി മരണവും തെരഞ്ഞെടുപ്പ് പ്രചാരണവിഷയമായി ഒടുങ്ങും. രാജന്റെയും ഉദയകുമാറിന്റെയും ശ്രീജിത്തിന്റെയും അച്ഛനമ്മമാരുടെ നിലവിളികൾക്ക് അവസാനമുണ്ടാവില്ല. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു  പ്രകാരം 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 16 കസ്റ്റഡി മരണങ്ങളാണ് നടന്നിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കണക്കാണിത്.  മുഖ്യമന്ത്രി നിയമസഭയിലും ഇത് സമ്മതിച്ചിട്ടുള്ള വസ്തുതയാണ്. 

സർക്കാർ ഏതു മുന്നണിയുടേതായാലും പോലീസ് സേന സംസ്ഥാനത്ത് ഒരു കുറ്റവാളിസംഘം മാത്രമാണെന്നത് തികച്ചുംവസ്തുതയാണ്. എന്നാൽ സിപിഐ(എം) നയിക്കുന്ന നിലവിലുള്ള സർക്കാർ  പോലീസ് സേനയുടെ ജനാധിപത്യ വിരുദ്ധ ചെയ്തികളുടെ റെക്കാർഡ് ഇന്ന് ഭേദിക്കുകയാണ്. സേനയുടെ ജനാധിപത്യസ്വഭാവത്തിന്റെ അവസാനഅംശങ്ങളെയും പിണറായി  ഭരണം കുഴിച്ചുമൂടി. പോലീസിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് പിണറായി സർക്കാർ കൈക്കൊണ്ടിട്ടുള്ള സമീപനം ഏറ്റവും ആപൽക്കരവും ഇടതുപക്ഷ നിലപാടിന് കടകവിരുദ്ധവുമായ ഒന്നാണ്. നിയമവാഴ്ച ഇത്രമേൽ ചോദ്യംചെയ്യപ്പെട്ടിട്ടുള്ള ഒരു സാഹചര്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. തടവ് ശിക്ഷ അനുഭവിക്കുന്ന സിപിഐ(എം) കുറ്റവാളികളുടെ അധികാരവാഴ്ചയാണ് ജയിലുകളിൽ. യഥേഷ്ടം പരോൾ വാങ്ങി, അവർ ആരെയും ഭയപ്പെടാതെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. സിപിഐ(എം) അനുവർത്തിക്കുന്ന നീചരാഷ്ട്രീയത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പോലീസ് സേന ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നിരത്താം. പൗരന്റെ മേൽ അതിക്രമങ്ങൾ അഴിച്ചുവിടാൻ സർവ്വാനുമതിയും വാങ്ങിയാണ് പോലീസ് പ്രവർത്തിക്കുന്നത്. പോലീസിലെ അഴിമതിയാകട്ടെ ഞെട്ടിപ്പിക്കുന്ന മാനം കൈവരിച്ചിരിക്കുന്നു.

ഉപദേശനിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴും ഭരണകൂടത്തിന്റെ നേരിട്ടുള്ള മർദ്ദനോപാധിയെന്ന നിലയിൽ പൗരവാകാശങ്ങൾ അടിച്ചമർത്താനുള്ള പ്രവണതയാണ് പോലീസ് എല്ലായ്പോഴും പ്രകടിപ്പി ക്കുന്നത് എന്നതാണ് സത്യം. എന്നാൽ ഒരു ജനാധിപത്യ രാഷ്ട്രീയ ഘടനയ്ക്കുള്ളിൽ പൊതുജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുതന്നെയാകണം മേൽക്കൈ. ജനാധിപത്യക്രമത്തിൽ നിയമവാഴ്ചയും പൗരാവകാശങ്ങളും ഉറപ്പാക്കപ്പെടണം. ഒരു പൗരസമൂഹത്തിന്റെ പൊതുവായ ചട്ടക്കൂടും ക്രമസമാധാനവും പാലിക്കപ്പെട്ടുപോകുന്നു എന്നുറപ്പാക്കുന്ന പലഘടകങ്ങളിൽ ഒന്നുമാത്രമാണ് പോലീസ്. പൊതുസമൂഹത്തിനുംമേലെയാണ് പോലീസ് എന്ന ഭരണവർഗ്ഗ ധാരണ തിരുത്തിക്കൊണ്ട്, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനുളള ഉത്തരവാദിത്തം ജനങ്ങൾ ചുമലിലേറ്റുകയേ മാർഗ്ഗമുള്ളൂ എന്നാണ് ഇന്നത്തെ അവസ്ഥ. 

രാജ്യത്തെ ഏറ്റവും സംഘടിതമായ ക്രിമിനൽകൂട്ടമാണ് പോലീസ് സേന എന്ന് ഒരിക്കൽ ജസ്റ്റിസ് മുള്ള അഭിപ്രായപ്പെടുകയുണ്ടായി. നിയമപരിരക്ഷയ്ക്കായി, അതുറപ്പാക്കാൻ ബാധ്യതപ്പെട്ട പോലീസുതന്നെ അതിന്റെ അന്തകരായി മാറിയാൽ അതുസൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതം ഗുരുതരമായിരിക്കും. സാധാരണക്കാരന് നീതി ഉറപ്പാക്കുകയും ചൂഷണവ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുന്ന ഒരു സമൂഹത്തെ ലക്ഷ്യംവച്ചുള്ള ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നതിന് തടയിടാനും ഇടതുഭരണത്തിൻകീഴിൽ കഴിയണം. വലതുപക്ഷ ഭരണത്തെപ്പോലും ലജ്ജിപ്പിക്കുംവിധം പോലീസ് താണ്ഡവമാടുമ്പോൾ ജനകീയ മുന്നേറ്റങ്ങളെ അമർച്ച ചെയ്യുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യത്തിനുതന്നെ കനത്ത പ്രഹരമേൽക്കു കയാണ്. എസ് ഐടി, സിബിഐ തുടങ്ങിയ കേന്ദ്രഅന്വേഷണ ഏജൻസികൾ ദുർബലമായ കുറ്റപത്രങ്ങളിലൂടെ കുറ്റവാളികളെ സംരക്ഷിക്കുകയും ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രതിയോഗികളോട് പ്രതികാരം ചെയ്യുകയും കോടതികളെ നോക്കുകുത്തികളാക്കി നീതി നിഷേധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേന്ദ്രബിജെപി ഭരണത്തിൽ രാജ്യം ദർശിക്കുന്നത്.  അതിനെതിരെ രാജ്യവ്യാപകമായ പൗരാവകാശ പ്രക്ഷോഭണങ്ങൾ ഉയർന്നുവരേണ്ട സന്ദർഭത്തിൽ ഇടതു ഭരണത്തിൽ  ജനാധിപത്യാവകാശങ്ങൾ ഹനിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തിനാണ് നേട്ടമാകുക.  അക്രമങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനംകണ്ട ഏറ്റവും കുപ്രസിദ്ധനായ ആഭ്യന്തരമന്ത്രിയായി മാറുകയാണ് പിണറായി വിജയൻ. 

പോലീസിനെ ജനാധിപത്യവൽക്കരിക്കുക എന്ന മുദ്രാവാക്യമു യർത്തി ജനാധിപത്യശക്തികളെ മുഴുവൻ ഒരുമിപ്പിച്ചുകൊണ്ട് അതിവിപുലമായ ഒരു മുന്നേറ്റം അടിയന്തരമായി പിറവിയെടുക്കണം. പൗരന് അനുകൂലമായ ചട്ടങ്ങളും നിയമവാഴ്ചയും അനുശാസിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കുന്ന ശക്തിയായി അത് ഉയർന്നുവരണം. സ്വന്തം നിലയിൽ എന്തെങ്കിലും തിരുത്തൽ സർക്കാർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാനേ ആവില്ല. അതീവഗുരുതരമായ വീഴ്ചകൾ തുറന്ന് അംഗീകരിക്കാനുള്ള ജനാധിപത്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത സർക്കാരാണിത് എന്നതാണ് അതിനു കാരണം. ജനങ്ങളുടെ മുമ്പിൽ പ്രക്ഷോഭത്തിന്റെ മാർഗ്ഗം മാത്രമേ ഉള്ളൂ.

Share this post

scroll to top